മൂന്നു ശതാബ്ദങ്ങളില്‍ ജീവിച്ച സമുദായ ആചാര്യന്

ബ്രിട്ടീഷുകാര്‍ കൊച്ചി അടക്കിവാണിരുന്ന കാലം. പേരുപോലും ബ്രിട്ടീഷ് കൊച്ചിയെന്നാണ്. ആ കൊച്ചിയിലെ ഒരു പ്രഭാതം ഉണര്‍ന്നത് ഒരു പുതിയ കാഴ്ചയുമായാണ്. അമരാവതി റോഡരികിലുള്ള പീടികയ്ക്ക് മുകളിലെ ഒഴിഞ്ഞ മുറിയില്‍ ഒരു പുതിയബോര്ഡ് സ്ഥാപിക്കപ്പെട്ടിരിക്കുന്നു. ഒരു തകര ബോര്‍ഡില്‍ കറുത്ത അക്ഷരങ്ങളില്‍ വന്ദേമാതരം ക്ലബ് എന്നാണ് എഴുതിയിട്ടുള്ളത്. വന്ദേമാതരവും ഗാന്ധിയുമൊക്കെ ബ്രിട്ടീഷുകാരെ ശുണ്ഠിപിടിപ്പിക്കുന്ന കാലം. സംഭവം വലിയ വാര്‍ത്തയായി. മലബാര്‍ എസ്.പിയുടെ നേതൃത്വത്തില്‍ വന്‍പൊലീസ് സംഘം സ്ഥലത്തെത്തി. ക്ലബിന്റെ ഓഫീസ് പൂട്ടി മുദ്രവച്ചു. വിശദാന്വേഷണത്തിന് കളക്ടര്‍ ഉത്തരവിട്ടു. പൊലീസിന്റെ ബഹളം കേട്ട് ജനങ്ങള്‍ തടിച്ചുകൂടി. കൂട്ടത്തില്‍ ഒരു പത്തൊന്പതുകാരനുമുണ്ടായിരുന്നു. എല്ലാം ചെയ്തിട്ടും ഒന്നും അറിയാത്തവനെപ്പോലെ ബോര്‍ഡ് സ്ഥാപിച്ച കെ.ജെ ബര്‍ലി.
ഫോര്‍ട്ടുകൊച്ചിയിലെ പ്രശസ്തമായ കുരിശിങ്കല്‍ തറവാട്ടില്‍ കെ.ബി ജേക്കബിന്റെയും സിസലിയയുടെയും മകനായി 1899 ഒക്ടോബര്‍ 29ന് ബര്‍ലി ജനിച്ചു. അനാരോഗ്യം മൂലം സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കാനാകാതെ പിതാവിന്റെ ബിസിനസിലും രാഷ്ട്രീയത്തിലും പങ്കാളിയായി. 1918ല്‍ സ്വാതന്ത്ര്യ സമരത്തിന്റെ കാഹളം ഉള്‍ക്കൊണ്ട് ‘വന്ദേമാതരം ക്ലബ്’ രൂപീകരിച്ചു. ബ്രിട്ടീഷ്പട്ടാളം വന്ദേമാതരം ക്ലബിന്റെ ബോര്‍ഡ് നശിപ്പിക്കുന്നത് 19കാരനായ ബര്‍ലിക്ക് നിസഹായതയോടെ നോക്കിനില്‍ക്കാനേ കഴിഞ്ഞുള്ളൂ. ഈ സംഭവം അദ്ദേഹത്തെ വല്ലാതെ വേദനിപ്പിച്ചു. ബര്‍ലി അടങ്ങിയിരുന്നില്ല. ചെറുപ്പക്കാരെ സംഘടിപ്പിച്ച് ഏഴു വര്‍ഷങ്ങള്‍ക്കുശേഷം കൊച്ചിയിലെ ആദ്യ കോണ്‍ഗ്രസ് കമ്മിറ്റി രൂപീകരിച്ചു. അതിന്റെ പ്രസിഡന്റുമായി. അപ്പോള്‍ പ്രായം 26. ഗാന്ധിജിയുടെ ആഹ്വാനം സ്വീകരിച്ച് സ്വാതന്ത്ര്യസമരത്തോടൊപ്പം കൊച്ചിയെ മദ്യവിമുക്തമാക്കാനും പകര്‍ച്ചവ്യാധികള്‍ അകറ്റാനുമുള്ള പ്രവര്‍ത്തനങ്ങള്‍ക്കും അദ്ദേഹം പ്രസിഡന്റായുള്ള കോണ്‍ഗ്രസ് കമ്മിറ്റി നേതൃത്വം കൊടുത്തു. അതുവഴി രാജ്യത്തെ ആദ്യത്തെ മദ്യവിമുക്ത പ്രദേശമായി കൊച്ചി മാറി.
ഈ വാര്‍ത്ത ഗാന്ധിജിയെ കൊച്ചി സന്ദര്‍ശിക്കാന്‍ പ്രേരിപ്പിച്ചു. 1927 ഒക്ടോബര്‍ 13-ന് ഫോര്‍ട്ടുകൊച്ചി ബീച്ചില്‍ വന്‍ജനാവലി പങ്കെടുത്ത യോഗത്തില്‍ മഹാത്മാഗാന്ധി പ്രസംഗിച്ചു. സ്വാതന്ത്ര്യസമരം ബ്രിട്ടീഷ്കൊച്ചിയില് സജീവമായി നിലനിര്‍ത്തിയത് കുരിശിങ്കല്‍ കുടുംബവും കെ.ജെ. ബര്ലിയുമാണ്. കുപിതരായ ബ്രിട്ടീഷുകാര്‍ കെ.ജെ ബര്‍ലിയുടെ സഹോദരങ്ങളെ ജയിലിലടച്ചു. അറസ്റ്റ്വാറണ്ട് പുറപ്പെടുവിച്ചുവെങ്കിലും പിടികൊടുക്കാതെ കെ.ജെ ബര്‍ലി ഒളിപ്രവര്‍ത്തനങ്ങള്‍ നടത്തി. അക്കാലത്ത് എ.കെ ഗോപാലന്, സി. അച്ചുതമേനോന് തുടങ്ങിയ മലബാറിലെ കോണ്‍ഗ്രസ് നേതാക്കളുടെ ഒളികേന്ദ്രമായിരുന്നു കുരിശിങ്കല്‍ തറവാട്.
1945ല്‍ ഐഎന്‍എയുടെ ഫണ്ട് ശേഖരണത്തിനായി ഫോര്ട്ടുകൊച്ചിയിലെത്തിയ ക്യാപറ്റന് ലക്ഷ്മിയെ അദ്ദേഹം സ്വീകരിച്ചു. സംഭാവനയും നല്കി. പത്തുവര്‍ഷക്കാലം ഫോര്‍ട്ടുകൊച്ചി മുനിസിപ്പില്‍ കൗണ്‍സിലറായിരുന്ന അദ്ദേഹം ചെയര്‍മാനായും സേവനമനുഷ്ഠിച്ചു. അദ്ദേഹത്തിന്റെ ഭാര്യ ആനിയും സ്വാതന്ത്ര്യസമരത്തില്‍ സജീവ പങ്കാളിയായി. 16 വര്‍ഷം മുനിസിപ്പില്‍ കൗണ്‍സിലറുമായിരുന്നു ചെല്ലാനം പള്ളിത്തോട് സാമ്പ്രിക്കല്‍ കുടുംബാംഗമായ ആനി. അദ്ദേഹത്തിന്റെ മക്കളായ ഡോ. കെ.ബി ജേക്കബ്, തോമസ് ബര്‍ലി, പ്രകാശ് ബര്‍ലി, സന്തോഷ് ബര്‍ലി എന്നിവരും ഏറെ പ്രശ്സതരാണ്. സിനിമാ പ്രവര്ത്തകന്, നടന് എന്നീ നിലകളില്‍ പ്രശസ്തനായ തോമസ് ബര്‍ലി ഹോളിവുഡ് സിനിമയിലും അഭിനയിച്ചിട്ടുണ്ട്. സന്തോഷ് ബര്‍ലി കൊച്ചിന് കോര്പ്പറേഷന് അംഗവും രാഷ്ട്രീയ നേതാവും ആണ്.
സാധാരണക്കാരായ ജനങ്ങളുടെ പ്രശ്നങ്ങളില്‍ ഇടപെടുന്നതില്‍ ഒരിക്കലും ബര്‍ലി മടികാണിച്ചിരുന്നില്ല. അധികാരികളെ കൗതുകത്തിലാഴ്ത്തിയ മറ്റൊരു സമരത്തിനും ബര്‍ലി നേതൃത്വം നല്കി. ഉലക്കയുമേന്തി സ്ത്രീകളും പുരുഷന്മാരും കൊച്ചിയില്‍ നടത്തിയ പ്രകടനമായിരുന്നു കൗതുകം പകര്‍ന്ന ആ സമരം. കൊച്ചിയില്‍ അരിയും ഗോതമ്പും പൊടിപ്പിക്കുന്നതിന് മില്ലുകള്‍ സ്ഥാപിക്കുന്നതിനെതിരെ ആയിരുന്നു ധാന്യങ്ങള്‍ പൊടിക്കുന്ന ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളികളുടെ ഉലക്കയേന്തിയ പ്രകടനം. ഇന്നോര്‍ക്കുമ്പോള്‍ കമ്പ്യൂട്ടറിനെതിരെ സമരം ചെയ്ത മലയാളികളുടെ പൂര്‍വ്വികര്‍ തന്നെയാണ് കൊച്ചിയിലെ യന്ത്രവത്ക്കരണത്തിനെതിരെ സമരം ചെയ്തവരും.
1947 ഓഗസ്റ്റ് 15ന്റെ സ്വാതന്ത്ര്യപുലരിയില്‍ ഫോര്‍ട്ടുകൊച്ചി പരേഡ്ഗ്രൗണ്ടില്‍ ആത്മാഭിമാനത്തോടെ കെ.ജെ ബര്‍ലി ദേശീയപതാക ഉയര്‍ത്തി. സ്വാതന്ത്ര്യലബ്ധിക്കുശേഷവും അദ്ദേഹം പൊതുപ്രവര്‍ത്തനം തുടര്‍ന്നു. മദര്‍ തെരേസയുടെ സേവനം കൊച്ചിയിലേക്ക് വ്യാപിക്കുവാന്‍ അദ്ദേഹം കാരണക്കാരനായി. 1972ല്‍ ലത്തീന്‍ കത്തോലിക്ക സമൂഹത്തിന്റെ വിമോചനത്തിനും വികസനത്തിനുമായി കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന് സ്ഥാപിച്ചു. കെഎല്‍സിഎയുടെ രൂപീകരണത്തിന്റെ ഭാഗമായി മൂന്നു ദിവസത്തെ വിപുലമായ പരിപാടികളാണ് കൊച്ചിയില്‍ നടന്നത്. അതില്‍ പ്രധാനപ്പെട്ട ഒന്ന് പള്ളുരുത്തിയില്‍ നിന്ന് ഫോര്‍ട്ടുകൊച്ചിയിലേക്ക് ജനസഹസ്രങ്ങള്‍ നടത്തിയ വര്‍ണ്ണശബളമായ റാലിയായിരുന്നു. നീണ്ട പതിമൂന്നുവര്ഷം അദ്ദേഹം കെ.എല്‍.സി.എ. പ്രസിഡന്റായി സേവനമനുഷ്ഠിച്ചു. 1964ല്‍ ജോണ്‍ ഇരുപത്തിമൂന്നാമന്‍ പാപ്പ ‘ബെനമെരേന്തി’ സമ്മാനിച്ചു. 1974ല്‍ ഷെവലിയര്‍ സ്ഥാനവും നല്കി കത്തോലിക്കാസഭ അദ്ദേഹത്തെ ആദരിച്ചു. മൂന്ന് ശതാബ്ദങ്ങള്‍ ദര്‍ശിച്ച ആ മഹല്നേതാവ് 2002 ഓഗസ്റ്റ് 11ന് തന്റെ 103-ാമത്തെ വയസ്സില്‍ അന്തരിച്ചു. രണ്ടായിരത്തില്‍ കൊച്ചിയില്‍ കോര്പ്പറേഷന് പുറത്തിറക്കിയ സ്മരണികയില്‍ കെ.ജെ ബര്‍ലിയെ കൊച്ചിയുടെ കാരണവര്‍ എന്നാണ് വിശേഷിപ്പിച്ചത്. അദ്ദേഹം ലത്തീന്‍ സമുദായത്തിന്റെയും ആചാര്യനായിരുന്നു.
നിരവധി ചരിത്ര മുഹൂര്‍ത്തങ്ങള്‍ക്കു സാക്ഷിയായ കുരിശിങ്കല്‍ തറവാട് 2016ല്‍ ഇലക്ട്രിക്കല്‍ സര്‍ക്യൂട്ടിലെ തകരാറുമൂലം അഗ്നിക്കിരയായി. കെ.ജെ ബര്‍ലിയുടെ ചരിത്രം നമ്മുടെ ഓര്‍മകളില്‍ നിന്നും മായരുത്. കാരണം അതൊരു സമുദായമുന്നേറ്റത്തിന്റെ ചരിത്രം തന്നെയാണ്.
Related
Related Articles
ഐക്യത്തിന്റെ നാളുകളിലേക്ക് വിരല്‍ചൂണ്ടി കര്‍ണാടക തിരഞ്ഞെടുപ്പ്
മാരത്തോണില്‍ ലോക റിക്കാര്‍ഡിനുടമയായ കെനിയയുടെ ഡെന്നീസ് കിര്പ്പുറ്റോ കിമോറ്റുവിന്റെ ശൈലിയിലാണ് ബിജെപി ഇത്തവണ കര്‍ണാടക തിരഞ്ഞെടുപ്പിനെ നേരിട്ടത്. പതിഞ്ഞ താളത്തില്‍ തുടക്കം. പിന്നീട് ഓരോ കടമ്പയും ഭേദിച്ച്
24 കോടി രൂപയുടെ കുടിശിക 108 ആംബുലന്‍സ് സര്‍വീസ് നിര്‍ത്തുമെന്ന് കമ്പനി
തിരുവനന്തപുരം: 108 ആംബുലന്‍സ് സര്‍വീസ് പ്രതിസന്ധിയില്‍. ഏപ്രില്‍ 25 ശനിയാഴ്ച മുതല്‍ ആംബുലന്‍സ് സര്‍വീസ് അവസാനിപ്പിക്കുമെന്ന് കരാര്‍ എടുത്തിരിക്കുന്ന കമ്പനി. 108 ആംബുലന്‍സിന്റെ മേല്‍നോട്ട ചുമതലയുള്ള
പുണ്യശ്ലോകനായ ദൈവദാസന് തിയോഫിനച്ചന്
വേദനിക്കുന്ന മനുഷ്യന്റെ തോളില്‍ കയ്യിട്ട് പുഞ്ചിരിയുടെ ദീപശിഖ ഉയര്‍ത്തിപ്പിടിച്ച കര്‍മയോഗിയാണ് തിയോഫിനച്ചന്. എറണാകുളം വൈറ്റില-പാലാരിവട്ടം റോഡില്‍ പൊന്നുരുന്നിയില്‍ വിശുദ്ധ പത്താം പീയൂസിന്റെ ദൈവാലയത്തിനു സമീപം സ്ഥിതിചെയ്യുന്ന കപ്പൂച്ചിന്‍