മൂലമ്പിള്ളി – ദുരിതകാലത്തിന്റെ പത്താണ്ടുകള്‍

മൂലമ്പിള്ളി – ദുരിതകാലത്തിന്റെ പത്താണ്ടുകള്‍

ഡല്‍ഹിയുടെ പശ്ചിമ അതിര്‍ത്തിഗ്രാമമായിരുന്ന കട്പുത്‌ലിയും എറണാകുളത്തെ മൂലമ്പിള്ളിയും തമ്മില്‍ ചില സാദൃശ്യങ്ങളുണ്ട്. രാജസ്ഥാനിലെ പാരമ്പര്യ പാവനിര്‍മാതാക്കളും പാവക്കൂത്തുകാരും, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, പശ്ചിമബംഗാള്‍ എന്നിവിടങ്ങളിലെ ഗ്രാമീണ കലാകാരന്മാരും ഒരു നൂറ്റാണ്ടുമുമ്പ് കുടിയേറിപ്പാര്‍ത്ത് കലയും ജീവിതവും പരസ്പരപൂരകങ്ങളാക്കി തീര്‍ത്ത സ്ഥലമാണ് കട്പുത്‌ലി കോളനി. ലോകത്തിലെ ഏറ്റവും വലിയ തെരുവു കലാഗ്രാമങ്ങളിലാന്നായിരുന്നു ഇത്. തലസ്ഥാന നഗരം മോടികൂട്ടാനായി 5.2 ഹെക്ടര്‍ സ്ഥലം സര്‍ക്കാര്‍ ഏറ്റെടുത്തപ്പോള്‍ കട്പുത്‌ലിയും അതിലുള്‍പ്പെട്ടു. 2017ല്‍ കലാകാരന്മാരെയും കുടുംബങ്ങളെയും സര്‍ക്കാര്‍ പടിയടച്ച് പിണ്ഡംവച്ചു.
മൂലമ്പിള്ളി കളിമണ്‍പാത്രങ്ങള്‍ ഒരുകാലത്ത് പ്രശസ്തമായിരുന്നു. ആ പാത്രങ്ങളുടെ ഭംഗിയും ഉറപ്പും തേടി ദൂരദേശങ്ങളില്‍ നിന്നുപോലും ആളെത്തിയിരുന്നു. ഒരു ദശാബ്ദം മുമ്പ് മൂലമ്പിള്ളിയിലും വികസനത്തിന്റെ പേരില്‍ ബലമായ ഒരു കുടിയൊഴിപ്പിക്കല്‍ അരങ്ങേറി. ഉടഞ്ഞ മണ്‍പാത്രങ്ങള്‍ പോലെ സ്വപ്‌നങ്ങള്‍ തകര്‍ന്ന ഒരു ജനതയായി അവര്‍ മാറി…

* 2008 ഫെബ്രുവരി 6നാണ് വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനലിലേക്കുള്ള പാതയ്ക്കായി 316 കുടുംബങ്ങളെ കുടിയൊഴിപ്പിച്ചത്.

* 2008 മാര്‍ച്ച് 19ന് പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ചു.

* അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ലാത്ത ചതുപ്പ്‌നിലങ്ങളായിരുന്നു ഭൂരിഭാഗം പേര്‍ക്കും വീടുവയ്ക്കാനായി ലഭിച്ചത്.

* വീട് നിര്‍മാണത്തിന് തീരദേശ പരിപാലന വിജ്ഞാപനമടക്കം നിരവധി പ്രതിബന്ധങ്ങള്‍

* നിര്‍മിച്ച വീടുകള്‍ പലതും തകര്‍ച്ചയില്‍

* ഒഴിപ്പിക്കപ്പെട്ട കുടുംബത്തിലെ ഒരംഗത്തിനെങ്കിലും വല്ലാര്‍പാടം പദ്ധതിയില്‍ തൊഴില്‍വാഗ്ദാനം ചെയ്‌തെങ്കിലും നടപ്പായില്ല.

* പുനരധിവാസത്തിന്റെ ആനുകൂല്യങ്ങള്‍ ലഭിക്കാതെ 46 പേര്‍ മരിച്ചു

* മാനസികസമ്മര്‍ദ്ദം താങ്ങാനാകാതെ രോഗികളായവരും നിരവധി

* ഭൂരിഭാഗം പേരും ഇപ്പോഴും വാടകവീടുകളിലും, താല്‍ക്കാലിക ഷെഡുകളിലും കഴിയുന്നു.

ജൂസ ജോസഫ് മഠത്തിപ്പറമ്പില്‍ മരിച്ചിട്ട് ആറു മാസമാകുന്നു. പക്ഷേ ജൂസയുടെ പേരില്‍ കഴിഞ്ഞ ദിവസം ഒരു ജപ്തിനോട്ടീസെത്തി. വീട്ടുകരം അടയ്ക്കാത്തതിന്റെ പേരില്‍ എറണാകുളം ജില്ലയിലെ കടമക്കുടി ഗ്രാമപഞ്ചായത്തില്‍ നിന്നുമായിരുന്നു ജപ്തിനോട്ടീസ്. പത്തു വര്‍ഷം മുമ്പ് വല്ലാര്‍പാടം കണ്ടെയ്‌നര്‍ റോഡിനായി ജൂസയില്‍ നിന്ന് സര്‍ക്കാര്‍ ഏറ്റെടുത്തത് 22 സെന്റ് സ്ഥലവും താമസിച്ചിരുന്ന വീടും. ശേഷിച്ച അഞ്ചു സെന്റ്സ്ഥലത്താണ് ജൂസ വീണ്ടും വീടുപണിതത്. പക്ഷേ വീടിന് നമ്പറിട്ടു കൊടുക്കുവാന്‍ പഞ്ചായത്ത് അധികൃതര്‍ തയ്യാറായില്ല. തീരദേശ വിജ്ഞാപന നിയമത്തിന്റെ പരിധിയില്‍ വരുന്ന സ്ഥലമാണതെന്നായിരുന്നു വാദം. പുനരധിവാസ പാക്കേജ് നിയമമനുസരിച്ച് തീരദേശ വിജ്ഞാപന നിയമത്തിന്റെ പരിധിയില്‍ നിന്ന് വികസനത്തിന്റെ ഇരകളായവരെ ഒഴിവാക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശവും കോടതി ഉത്തരവുമെല്ലാം കാണിച്ചുവെങ്കിലും ഒരു ഫലവുണ്ടായില്ല. ഒടുവില്‍ വ്യാവസായികാവശ്യത്തിനെന്ന പേരില്‍ താല്‍ക്കാലികമായ നമ്പര്‍ (യു/എ) നല്‍കി. താമസിയാതെ പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്നായിരുന്നു  അധികൃതരും പ്രാദേശിക രാഷ്ട്രീയനേതൃത്വവും നല്‍കിയ ഉറപ്പ്. അര്‍ബുദബാധിതനായ ജൂസ ശസ്ത്രക്രിയക്കു ശേഷം കിടപ്പിലായി. ഈ സമയത്താണ് ആദ്യത്തെ ജപ്തി നോട്ടീസ് ഗ്രാമപഞ്ചായത്ത് അയക്കുന്നത്. പലരും ഇടപെട്ട് ആ നോട്ടീസ് മരവിപ്പിച്ചു. പക്ഷേ മരണം പിടികൂടിയിട്ടും സ്വന്തം സ്ഥലം വികസനത്തിനായി വിട്ടുകൊടുത്തതിന്റെ പേരില്‍ സര്‍ക്കാരിന് കടക്കാരനാനാണ് ജൂസ ജോസെഫന്ന് വീണ്ടുമൊരു ജപ്തി നോട്ടീസ് കൂടി അയച്ച് ഭരണകൂടം ഉറപ്പുവരുത്തുകയാണ്.

ഫാക്ട് സ്‌കൂളിലെ പ്രധാന അദ്ധ്യാപകനും പഞ്ചായത്ത് പ്രസിഡന്റുമൊക്കെയായിരുന്ന പി. ജെ സെലസ്റ്റിന്‍ മാഷെ അറിയാത്തവര്‍ ഈ പ്രദേശത്ത് ചുരുക്കം. തികഞ്ഞ ഗാന്ധിയന്‍. എന്നാല്‍ വികസനത്തിന് എതിരുമല്ല. രാജീവ്ഗാന്ധി പ്രധാനമന്ത്രിയായിരിക്കെ സെലസ്റ്റിന്‍ മാഷിന്റെ നേതൃത്വത്തില്‍  പ്രധാനമന്ത്രിക്ക് ഒരു നിവേദനം നല്‍കി. വല്ലാര്‍പാടത്ത് ഒരു തുറമുഖം സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു നിവേദനം. വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍ വരാന്‍ പിന്നെയും കുറേ സമയമെടുത്തു. അതിനുവേണ്ടി 2008 ഫെബ്രുവരി 6ന് മൂലമ്പിള്ളി ഗ്രാമത്തില്‍ അതിഭീകരമായി നടന്ന കുടിയൊഴിപ്പിക്കലിന് സെലസ്റ്റിന്‍മാഷും ഇരയായെന്നത് വിധിവൈപരീത്യം. അദ്ദേഹത്തിന്റെ വീടും സ്ഥലവും നഷ്ടമായി. ഇതുവരെ പുനരധിവാസം നടപ്പായിട്ടില്ല. പുനരധിവാസം നടപ്പാക്കുന്നതുവരെ മാസം അയ്യായിരം രൂപ വാടകവീടിന് നല്‍കണമെന്ന നിബന്ധനയും പാലിക്കപ്പെട്ടിട്ടില്ല.

വികസനത്തിന് ഇരയായവരുടെ പുനരധിവാസം മരണാനന്തര ബഹുമതിയായിപ്പോലും ലഭിക്കാത്ത സാഹചര്യമാണ് മൂലമ്പിള്ളിയിലുള്ളത്. 2018 മാര്‍ച്ച് 19ന് മൂലമ്പിള്ളി പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ചിട്ട് 10 വര്‍ഷം തികയുമ്പോള്‍ അതിന്റെ ആനുകൂല്യം ലഭിക്കാതെ ഈ ലോകത്തു നിന്നും വേര്‍പെട്ടുപോയ ഗൃഹനാഥന്മാരുടെ എണ്ണം 44. ഇതില്‍ രണ്ടുപേര്‍ ആത്മഹത്യയില്‍ അഭയം തേടുകയായിരുന്നു. കുടിയൊഴിപ്പിക്കലിന്റെ സമ്മര്‍ദ്ദം താങ്ങാനാകാതെ രോഗികളായവര്‍ നിരവധിയാണ്. അതേസമയം ഒരു കരിക്കുറി ബുധനാഴ്ച നടന്ന ഇടിച്ചുനിരത്തലില്‍  പങ്കെടുത്ത നൂറിലധികം ഉദ്യോഗസ്ഥര്‍ക്ക് ഗുഡ് സര്‍വീസ് എന്‍ട്രിയും പ്രമോഷനും നല്‍കിയാണ് സര്‍ക്കാര്‍ ആദരിച്ചത്. ഈ ഉദ്യോഗസ്ഥര്‍ക്കെതിരെ ഇടിച്ചുനിരത്തിലിന്റെ പേരില്‍ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടതിന് പുല്ലുവിലപോലും കല്‍പ്പിച്ചില്ല.

വല്ലാര്‍പാടം തുറമുഖത്തേക്ക് വാഹനങ്ങളെത്തുന്നതിനുള്ള പുതിയ റോഡും അനുബന്ധ പാലങ്ങളും നിര്‍മിക്കുന്നതിനായി ഏഴു വില്ലേജുകളില്‍ നിന്നായി 316 കുടുംബങ്ങളെയാണ് കുടിയൊഴിപ്പിച്ചത്. നോട്ടീസ് നല്‍കിയിട്ടും കിടപ്പാടം വിട്ടുപോകാന്‍ വിസമ്മതിച്ചവരുടെ വീടുകള്‍ കൂറ്റന്‍ചുറ്റികകള്‍ കൊണ്ടും ബുള്‍ഡോസര്‍ ഉപയോഗിച്ചും തകര്‍ത്തെറിഞ്ഞു. മുളവുകാട്, കടമക്കുടി, ചേരാനല്ലൂര്‍, ഇടപ്പള്ളിനോര്‍ത്ത്, ഇടപ്പള്ളിസൗത്ത്, ഏലൂര്‍, കടുങ്ങല്ലൂര്‍, മഞ്ഞുമ്മല്‍, കോതാട്, ഏലൂര്‍, കളമശേരി, വടുതല എന്നിങ്ങനെ വിവിധ സ്ഥലങ്ങളിലാണ് കുടിയൊഴിപ്പിക്കല്‍ നടന്നത്.

പാവങ്ങളുടെ പടത്തലവനായി വാഴ്ത്തുന്ന വി. എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ് വികസനത്തിന്റെ പേരില്‍ ക്രൂരമായ മനുഷ്യാവകാശധ്വംസനം നടന്നത്. തുടര്‍ന്നു വന്ന കോണ്‍ഗ്രസ് മന്ത്രിസഭയെ നയിച്ചിരുന്നത് എന്നും ജനപക്ഷത്താണെന്ന് അവകാശപ്പെട്ട ഉമ്മന്‍ ചാണ്ടിയാണ്. അദ്ധ്വാനിക്കുന്നവരുടെയും ഭാരം ചുമക്കുന്നവരുടെയും സകല വിഷമതകളും പരിഹരിക്കുമെന്ന് പ്രഖ്യാപിച്ച് അധികാരത്തിലേറിയ പിണറായി വിജയന്റെ ഭരണം ഒന്നര വര്‍ഷം പിന്നിടുന്നു. മൂന്നു മുഖ്യമന്ത്രിമാര്‍, നാലു റവന്യൂമന്ത്രിമാര്‍, അഞ്ചു കളക്ടര്‍മാര്‍, നൂറു കണക്കിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍… ഇവരുടെ കണ്‍മുമ്പിലൂടെയാണ് കാലം മൂലമ്പിള്ളിയെ ഗൗനിക്കാതെ കടന്നുപോയത്.

കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്കായി വി. എസ് അച്യുതാനന്ദന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പാക്കേജ് അപൂര്‍ണവും അപര്യാപ്തവുമായിരുന്നു. പിന്നീട് അധികാരത്തില്‍ വന്ന യുഡിഎഫ് സര്‍ക്കാര്‍ പാക്കേജ് പരിഷ്‌കരിച്ചെന്നു വരുത്തിയെങ്കിലും ഇര

കള്‍ക്ക് കാര്യമായ പ്രയോജനമൊന്നും ലഭിച്ചില്ല. രണ്ടു സര്‍ക്കാരുകളുടെ കാലത്തും പഠനസമിതികള്‍ പലതുണ്ടായതാണ് മെച്ചം.

വികസനത്തിനായി ഏറ്റെടുത്ത ഭൂമിക്കു പകരം ഏഴു മേഖലകളിലായി ഭൂമി അനുവദിച്ചു. മിക്കവാറും ചതുപ്പുനിലമായിരുന്നുവെന്നു മാത്രം. കാക്കനാട് തുതിയൂരില്‍ സെന്റ് മേരീസ് പള്ളിക്കു സമീപം മുട്ടുങ്കല്‍ റോഡിനു സമീപത്തായി 56 പേര്‍ക്ക് സ്ഥലമനുവദിച്ചു. വ്യവസായമേഖലയിലെ മലിനജലം കെട്ടിക്കിടക്കുന്ന ഇവിടെ വീടുവയ്ക്കാന്‍ സ്ഥലം കിട്ടിയവര്‍ മടിച്ചു. രണ്ടും കല്‍പിച്ച് രണ്ടു പേര്‍ വീടുവച്ചു. രണ്ടു വീടുകളും ചതുപ്പില്‍ താണനിലയിലായി. കഴിഞ്ഞ ദിവസം പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തക മേധാ പട്കര്‍ സന്ദര്‍ശിച്ചത് ഈ സ്ഥലമാണ്. ഇന്ദിരാനഗര്‍ കോളനിക്കു സമീപമാണ് കൂടുതല്‍ പ്ലോട്ടുകള്‍ അനുവദിച്ചത്. 102 പേര്‍ക്ക്. ചിത്രപ്പുഴയുടെ തീരത്തുള്ള ചതുപ്പുനിലം തന്നെ ഇതും. വീടുവയ്ക്കാന്‍ ധൈര്യം കാണിച്ചത് ഒരാള്‍ മാത്രം. ഈ വീടിന്റെ ചുമരുകളില്‍ വിള്ളലുകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി.

മുളവുകാട് പൊലീസ് സ്റ്റേഷനുസമീപമുള്ള ചതുപ്പുസ്ഥം 14 പേര്‍ക്ക് നല്‍കിയതാണ്. വീടുവയ്ക്കാന്‍ ആരും തയ്യാറായിട്ടില്ല. മൂലമ്പിള്ളിയില്‍ 13 വീടുകള്‍ക്ക് സ്ഥലമനുവദിച്ചു. 5 പേര്‍ വീടു നിര്‍മിച്ചു. ഇതില്‍ മൂന്നെണ്ണം തകര്‍ച്ചയുടെ വക്കിലാണ്. കോതാട് അനുവദിച്ചതും നികത്തുനിലം തന്നെ. 15 പേരില്‍ മൂന്നു പേര്‍ മാത്രമാണ് വീടുനിര്‍മിച്ചിട്ടുള്ളത്. വടുതലയില്‍ 88 പ്ലോട്ടുകളുണ്ട്. പുനരധിവാസത്തിന് അനുവദിച്ചിടത്ത് ഏറ്റവും കൂടുതല്‍ പേര്‍ വീടുകള്‍ പണിതത് ഇവിടെയാണ് 32 വീടുകള്‍. ഈ വീടുകളെല്ലാം അപകടാവസ്ഥയില്‍ തന്നെ. ഒരു പ്ലോട്ട് ഇപ്പോഴും പൂര്‍ണമായും വെള്ളം കയറിയ നിലയിലാണ്. വീടു നിര്‍മിക്കാന്‍ കരഭൂമി നല്‍കിയ ഏക മേഖല ചേരാനല്ലൂര്‍ തൈക്കാവിലാണ്. ഇവിടെ 6 വീടുകള്‍ പണിതിട്ടുണ്ട്.

316 പേര്‍ കുടിയൊഴിപ്പിക്കപ്പെട്ടപ്പോള്‍ 10 വര്‍ഷത്തിനിടയില്‍ വീടുനിര്‍മിക്കാന്‍ സാധിച്ചത് 50ല്‍ താഴെ പേര്‍ക്കു മാത്രം. ശേഷിച്ചവര്‍ ഇപ്പോഴും വാടകവീടുകളിലും ബന്ധുവീടുകളിലുമായി കഴിഞ്ഞുകൂടുന്നു.  ഷെഡുകള്‍ കെട്ടി താമസിക്കുന്നവരുമുണ്ട്.

ഏലൂര്‍ മഞ്ഞുമ്മലില്‍ നിന്നും കുടിയൊഴിപ്പിക്കപ്പെട്ട ദേവു കുറുമ്പയെന്ന 70 കാരി മകനും മകന്റെ കുടുംബവുമായി ഒന്നര സെന്റില്‍ വച്ചുകെട്ടിയ കൂരയിലാണ് താമസിക്കുന്നത്. കടമക്കുടിയില്‍ സ്ഥലം അനുവദിച്ചെങ്കിലും തീരദേശ നിയന്ത്രണ വിജ്ഞാപന നിയമത്തിന്റെ പേരില്‍ വീടു നിര്‍മിക്കുവാന്‍ പഞ്ചായത്ത് അനുമതി നല്‍കാത്തതാണ് കാരണം. പുനരധിവാസത്തിന് ഭൂമി അനുവദിച്ചിട്ട് 9 വര്‍ഷമാകുമ്പോഴും പുനരധിവാസ നിയമങ്ങളൊന്നും അധികൃതര്‍ പാലിച്ചിട്ടില്ല. മിക്കവാറും ഭൂമി ചതുപ്പുനിലമാണ്. ഇവിടെ പൈലിംഗ് നടത്താന്‍ അനുവദിച്ചിരിക്കുന്നത് നാമമാത്രമായ തുകയാണ്. രണ്ടു നില കെട്ടിടം പണിയാന്‍ പര്യാപ്തമായിരിക്കണം ഈ ഭൂമിയെന്ന് നിയമത്തില്‍ അനുശാസിച്ചിട്ടുണ്ടെങ്കിലും ഒരു നില മാത്രം പണിത വീടുകള്‍ തന്നെ അപകടാവസ്ഥയിലാണ്. പല പ്ലോട്ടുകളിലും വൈദ്യുതി ലഭിക്കാനുള്ള സാധ്യത കുറവാണ്. മിക്കവാറും സ്ഥലങ്ങളില്‍ കുടിവെള്ളവും ഇല്ല.

ഏതു കാലാവസ്ഥയിലും വെള്ളക്കെട്ടുള്ള സ്ഥലങ്ങളാണ് മിക്കവാറും നല്‍കിയിരിക്കുന്നത്. ലക്ഷക്കണക്കിനു രൂപ മുതല്‍മുടക്കിയാലേ വെള്ളക്കെട്ട് മാറ്റിയെടുക്കുവാന്‍ കഴിയൂ. വീടിന് അടിസ്ഥാനം നിര്‍മിക്കുവാന്‍ മൂലമ്പിള്ളി കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി രണ്ടു ലക്ഷം രൂപ വീതം ആവശ്യപ്പെട്ടെങ്കിലും സര്‍ക്കാര്‍ അനുവദിച്ചത് 75,000 രൂപ മാത്രം. ഇതും പലര്‍ക്കും ഇതുവരെ ലഭിച്ചിട്ടില്ല. വീടു കെട്ടണമെങ്കില്‍ പിന്നെയും വേണം ലക്ഷങ്ങള്‍. പുനരധിവാസത്തിനായി ഭൂരിപക്ഷം പേര്‍ക്കും കിട്ടിയിരിക്കുന്നത് പുറമ്പോക്ക് പട്ടയമാണ്. ഇത് വായ്പക്കായി ഈടുവെയ്ക്കാന്‍ പോലും സാധിക്കാത്ത സ്ഥിതി. നഷ്ടപരിഹാരം ലഭിച്ചപ്പോള്‍ 12 ശതമാനം കേന്ദ്രവരുമാന നികുതിയായി ഈടാക്കി. പിച്ചച്ചട്ടിയില്‍ നിന്നും കയ്യിട്ടുവാരുന്ന ഇടപാട്.

നല്‍കിയ ഭൂമി കൃത്യമായി അളന്ന് തിട്ടപ്പെടുത്തിയിട്ടില്ല. തന്മൂലം പലയിടത്തും പോക്കുവരവു നടത്താനോ, നമ്പറിടാനോ കഴിയുന്നില്ല. തീരദേശ പരിപാലന നിയമത്തിന്റെ കുരുക്കുകള്‍ക്കു പുറമെ ഭൂമിയില്‍ ഉടമസ്ഥാവകാശ തര്‍ക്കവും നിലനില്‍ക്കുന്നുണ്ട്. ഭൂമി കെട്ടിടം നിര്‍മിക്കുന്നതിന് അനുയോജ്യമല്ലെന്ന പിഡബ്ല്യുഡിയുടെ റിപ്പോര്‍ട്ടുകളും നിലവിലുണ്ട്. കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങളിലെ ഒരംഗത്തിന് വീതം പുനരധിവാസ പാക്കേജില്‍ വല്ലാര്‍പാടം ടെര്‍മിനലില്‍ ജോലി നല്‍കുമെന്ന് വാഗ്ദാനം നല്‍കിയിരുന്നെങ്കിലും അതും പാലിക്കപ്പെട്ടില്ല. കൊച്ചി മെട്രോ റെയില്‍ പദ്ധതിയില്‍ പരിഗണിക്കണമെന്ന ആവശ്യം ഇതുവരെ നടപ്പായിട്ടുമില്ല. വീടു നിര്‍മിക്കുന്നതുവരെ വാടകയിനത്തില്‍ അയ്യായിരം രൂപ നല്‍കുമെന്ന് പറഞ്ഞിരുന്നുവെങ്കിലും പലര്‍ക്കും ഇതും കൃത്യമായി ലഭിക്കുന്നില്ല.

കുടിയൊഴിപ്പിക്കപ്പെട്ടവരുടെ പ്രശ്‌നങ്ങള്‍ പഠിച്ച് നിശ്ചിത കാലങ്ങളില്‍ റവന്യൂമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദേശമെങ്കിലും കളക്ടറുടെ നേതൃത്വത്തിലുള്ള മോണിറ്ററിംഗ് കമ്മിറ്റി കൃത്യമായി ചേരാറില്ല. കുടിയൊഴിപ്പിക്കലിന്റെ ചുമതലയുള്ള കളക്ടര്‍മാരുടെ നേതൃത്വത്തില്‍ തന്നെയാണ് ഇത്തരം പുനരധിവാസ പ്രക്രിയകളും നടക്കേണ്ടത്.

കക്ഷിരാഷ്ട്രീയത്തിനതീതമായാണ് മൂലമ്പിള്ളി കുടിയൊഴിപ്പിക്കലിനെതിരെ പ്രക്ഷോഭങ്ങള്‍ നടന്നത്. മൂലമ്പിള്ളി കോ-ഓര്‍ഡിനേഷന്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ വിവിധ സമരപരിപാടികളില്‍ നിരവധി പ്രമുഖര്‍ പങ്കെടുത്തിട്ടുണ്ടെന്ന് ജനറല്‍ സെക്രട്ടറി ഫ്രാന്‍സിസ് കളത്തിങ്കല്‍ പറഞ്ഞു. ഇപ്പോഴത്തെ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു സമരപന്തലിലെത്തി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത് വല്ലാര്‍പാടം പദ്ധതി അന്നത്തെ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് കമ്മീഷന്‍ ചെയ്ത ദിവസം തന്നെയായിരുന്നു. അന്തരിച്ച ജ്ഞാനപീഠ ജേത്രി മഹാശ്വേതദേവി, മേധാപട്കര്‍, വി. ആര്‍ കൃഷ്ണയ്യര്‍, ഡോ. സുകുമാര്‍ അഴീക്കോട്, എം. കെ സാനു മാസ്റ്റര്‍, മതമേലധ്യക്ഷന്മാര്‍, സമുദായ നേതാക്കള്‍ തുടങ്ങി നിരവധിപേര്‍ ഇരകളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മൂലമ്പിള്ളി സന്ദര്‍ശിച്ചവരാണ്.

മൂലമ്പിള്ളിയില്‍ കുടിയൊഴിപ്പിക്കപ്പെട്ടവരുടെ വിഷമതകള്‍ പോലും കണ്ടില്ലെന്നു നടിക്കുന്നവര്‍ അവിടെ നഷ്ടപ്പെട്ട ചെറുകിട വ്യവസായങ്ങള്‍, വ്യാപാരസ്ഥാപനങ്ങള്‍, തൊഴില്‍, പരിസ്ഥിതി നാശം ഇതിനെക്കുറിച്ചൊന്നും ചിന്തിച്ചിട്ടുപോലുമില്ല. വികസനത്തിന്റെ ഇരകള്‍ ഗതികിട്ടാത്ത പ്രേതങ്ങളെ പോലെ നാടെങ്ങും അലഞ്ഞുനടക്കുന്ന സ്ഥിതിയാണിന്ന്.  വികസനമെന്നത് ജനദ്രോഹപരമായൊരു അജണ്ടയായി മാറിക്കൊണ്ടിരിക്കുന്നുവെന്നാണ് മൂലമ്പിള്ളിയുടെ പത്തുവര്‍ഷത്തെ കണക്കുപുസ്തകം നമ്മോടു പറയുന്നത്. നൂറുകണക്കിനു പേരെ ബലിയാടാക്കി നടപ്പാക്കിയ വല്ലാര്‍പാടം പദ്ധതി സര്‍ക്കാരിന് വന്‍നഷ്ടമാണല്ലോ വരുത്തിവയ്ക്കുന്നത്.

മൂലമ്പിള്ളി പുനരധിവാസം സര്‍ക്കാരിന് വികസനപ്രക്രിയകളുടെ മാതൃകയാക്കി മാറ്റാവുന്ന പദ്ധതിയായിരുന്നു. വികസനത്തിനായി ത്യാഗം സഹിച്ചവരെ ഇനിയെങ്കിലും സര്‍ക്കാര്‍ മതിയായ പുനരധിവാസം നല്‍കി ആദരിക്കണം. വിഴിഞ്ഞം ഉള്‍െപ്പടെ ഭാവിയുടെ പദ്ധതികള്‍ പലതും പടിപ്പുറത്ത് ഒരുങ്ങുമ്പോള്‍ പത്തുവര്‍ഷത്തിന്റെ ദുരിതകാലത്തിന് അറുതിവരുത്തേണ്ടത് ഭരണകൂടത്തിന്റെ ഭാവിക്കും നല്ലതു തന്നെ.

 

ബിജോ സില്‍വേരി


Related Articles

ദേവസ്‌തവിളി സംഘങ്ങളെ ആശിര്‍വദിച്ച്‌ കൃപാസനം

ആലപ്പുഴ: മൂവായിരത്തി അഞ്ഞൂറ്‌ കൊല്ലത്തോളം പഴക്കമുള്ള ദേവസ്‌തവിളി സമ്പ്രദായം പ്രോത്സാഹിപ്പിക്കുന്നതിന്‌ ദേവസ്‌തവിളി സംഘങ്ങള്‍ക്ക്‌ ഈ വലിയ നോമ്പുകാലത്ത്‌ മരക്കുരിശും മണിയും വാഴ്‌ത്തി നല്‍കുന്ന ചടങ്ങ്‌ കലവൂര്‍ കൃപാസനം

പച്ച കുത്തലിലെ അപകടം

ശരീരഭാഗങ്ങളില്‍ പച്ചകുത്തുന്നത് യുവാക്കള്‍ക്കിടയില്‍ ഇപ്പോള്‍ വ്യാപകമാണ്. പെണ്‍കുട്ടികളും പച്ചകുത്തലില്‍ പിറകോട്ടല്ല. എന്നാല്‍ ശരീരത്തില്‍ പച്ചകുത്തുന്നത് ഭംഗിയാണെങ്കിലും അപകടം വിളിച്ചുവരുത്തും. അശാസ്ത്രീയമായ പച്ചകുത്തല്‍ ചര്‍മാര്‍ബുദ സാധ്യത വര്‍ധിപ്പിക്കുമെന്നറിയാവുന്നവര്‍ ചുരുക്കമാണ്.

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*