മൃതസംസ്‌കാരവും കത്തോലിക്കാസഭയും

മൃതസംസ്‌കാരവും കത്തോലിക്കാസഭയും

റവ. ഡോ. ജോയ് പുത്തന്‍വീട്ടില്‍

മൃതരായവരെ മനുഷ്യമഹത്വത്തിനുതകുംവിധം സംസ്‌കരിക്കുന്നതും പ്രിയപ്പെട്ടവരുടെ വേര്‍പാടില്‍ ദുഃഖിക്കുന്നവരെ മുറിപ്പെടുത്താതെയും പൊതുസമൂഹത്തിന്റെ നന്മ ഉറപ്പുവരുത്തിക്കൊണ്ടും അതു നിര്‍വഹിക്കുന്നതും ഉന്നതമായ സംസ്‌കൃതിയുടെ ഒരു വെളിപ്പെടുത്തലാണ്. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ മൃതദേഹങ്ങള്‍ക്ക് അര്‍ഹിക്കുന്ന ആദരവ് ലഭിക്കാതെ വിവാദങ്ങളിലേയ്ക്ക് വലിച്ചിഴയ്ക്കപ്പട്ടിരുന്ന അതീവ സങ്കടകരവും തികച്ചും ദൗര്‍ഭാഗ്യകരവുമായ സാഹചര്യങ്ങള്‍ക്ക് മാധ്യമങ്ങളിലൂടെയും സാമൂഹ്യമാധ്യമങ്ങളിലൂടെയും നമ്മള്‍ ഏതാനും മാസങ്ങള്‍ക്കുമുമ്പ് സാക്ഷ്യം വഹിച്ചതാണ്. ്രൈകസ്തവരുടെയിടയില്‍ പരമ്പരാഗതമായുള്ള മൃതസംസ്‌കാരരീതി കൊവിഡ് പ്രോട്ടോകോള്‍ പ്രകാരം നിര്‍വഹിക്കുന്നത് പ്രാദേശിക ഭൂപ്രകൃതി അസാധ്യമാക്കിയിരുന്നു എന്നതാണ് അതിനുപിന്നിലെ പ്രധാന കാരണം. അത്തരത്തിലുള്ള അന്തരീക്ഷം മാറി ഇപ്രകാരമുള്ള അസാധാരണ സാഹചര്യങ്ങളില്‍ സമാധാനപൂര്‍ണമായ മൃതസംസ്‌കാര രീതി കേരളത്തിനകത്തും പുറത്തുമുള്ള എല്ലാ രൂപതകളിലും തന്നെ കൈവന്നു എന്നത് സന്തോഷത്തിന് വക നല്‍കുന്നുണ്ട്. കൊവിഡ് മഹാമാരിമൂലം മരണമടയുന്ന വിശ്വാസികളുടെ മൃതദേഹങ്ങള്‍ അര്‍ഹിക്കുന്ന ആദരവോടെ ദഹിപ്പിച്ച് സംസ്‌കരിക്കാന്‍ ആലപ്പുഴ ബിഷപ് ഡോ. ജെയിംസ് ആനാപറമ്പില്‍ രൂപതയിലെ വൈദികഅല്‍മായ പ്രതിനിധികളുമായി മതിയായ ചര്‍ച്ചകള്‍ക്കുശേഷം തീരുമാനിച്ചത് കേരളജനതയ്ക്കു മാത്രമല്ല ഭാരതജനതയ്ക്കുതന്നെ ഇക്കാര്യത്തില്‍ വ്യക്തമായ ഒരു ദിശാബോധം കുറിച്ചുവെന്നുവേണം പറയാന്‍. 2020 ജൂലൈ 28ന് ചൊവ്വാഴ്ച അപ്രകാരം നടന്ന മൃതസംസ്‌കാരം സാംസ്‌കാരിക, രാഷ്ട്രീയ, സാമൂഹിക, മത രംഗങ്ങളിലുള്ള എല്ലാവരുടെയും ശ്രദ്ധ നേടുകയും മാധ്യമസാമൂഹ്യമാധ്യമ തലങ്ങളില്‍ വലിയ തരംഗം സൃഷ്ടിക്കുകയുമുണ്ടായി. മറ്റു രാഷ്ട്രങ്ങളില്‍ പ്രത്യേക സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ഇത് അനുവദിക്കാറുണ്ടെങ്കിലും കേരളത്തില്‍, ഒരുപക്ഷെ ഭാരതത്തില്‍ത്തന്നെയും, ഈ തീരുമാനം തികച്ചും കാലാനുസൃതവും ധീരവും മനുഷ്യത്വപൂര്‍ണവും സഭാപ്രബോധനാധിഷ്ഠിതവും സഭയുടെ കരുണയുടെയും കരുതലിന്റെയും മുഖം വ്യക്തമാക്കുന്നതും ആയിരുന്നു എന്നതാണ് ഈ തീരുമാനത്തിന്റെയും അതിന്റെ സ്വീകാര്യതയുടെയും പിന്നിലെ സത്യം.
കാര്യങ്ങള്‍ ഇപ്രകാരമൊക്കെയാണെങ്കിലും അഭിപ്രായവ്യത്യാസങ്ങള്‍ പല ദിശകളിലും നിന്ന് ഒളിഞ്ഞും തെളിഞ്ഞും ഉയരുന്നുണ്ട്. ഈ വിഷയം സംബന്ധിച്ചുള്ള സഭയുടെ ഔദ്യോഗിക പ്രബോധനം എന്തെന്ന് പരിചയപ്പെടുന്നത് ഒരുപക്ഷെ ഈ അഭിപ്രായവ്യത്യാസങ്ങളുടെ അകലം കുറയ്ക്കാനോ ഇല്ലാതാക്കാനോ ഉതകുമെന്നു തോന്നുന്നു.

മതബോധനഗ്രന്ഥവും കാനോന്‍നിയമവും പറയുന്നത്
രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ ചൈതന്യം ഉള്‍ക്കൊണ്ടുകൊണ്ടും 1985ലെ മെത്രാന്മാരുടെ സിനഡിന്റ ആഗ്രഹപ്രകാരവും ഒരു വിദഗ്ദ്ധസമിതി തയ്യാറാക്കി ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയുടെ അപ്പസ്തോലികാനുശാസനത്തോടുകൂടി 1992ല്‍ പ്രസിദ്ധീകരിച്ച കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥത്തിലെ 2301ാം ഖണ്ഡികയില്‍ ശവദാഹം സംബന്ധിച്ച് ഇപ്രകാരമാണ് പറയുന്നത്: ”ശരീരത്തിന്റെ ഉയിര്‍പ്പിലുള്ള വിശ്വാസത്തില്‍ സംശയം പ്രകടിപ്പിക്കുന്നില്ലെങ്കില്‍ സഭ ശവദാഹം അനുവദിക്കുന്നു.” രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ വെളിച്ചത്തില്‍ 1917ലെ കാനോന്‍ നിയമം പരിഷ്‌കരിച്ച് 1983 ജനുവരി 25ന് ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ വിളംബരംചെയ്ത ലത്തീന്‍ സഭയുടെ നിലവിലെ കാനോന്‍ നിയമ സംഹിതയിലെ 1176ാം നമ്പരിലെ മൂന്നാം അനുഛേദത്തിന്റെ വെളിച്ചത്തിലാണ് ഇതു പറയുന്നതെന്നുകൂടി വ്യക്തമാക്കുന്നുണ്ട്. അതിപ്രകാരമാണ്: ”മൃതശരീരം സംസ്‌കരിക്കുന്ന (Burrial, മറവുചെയ്യുന്ന) പരിപാവനമായ പാരമ്പര്യം നിലനിര്‍ത്തണമെന്ന് സഭ ശക്തമായി നിര്‍ദേശിക്കുന്നു. എന്നാല്‍, ക്രിസ്തീയപഠനത്തിനു വിരുദ്ധമായ കാരണങ്ങള്‍ക്കല്ലാത്തപക്ഷം, ദഹിപ്പിക്കല്‍ നിരോധിച്ചിട്ടില്ല.”

വിശ്വാസതിരുസംഘത്തിന്റെ മാര്‍ഗനിര്‍ദേശം
2016 ഓഗസ്റ്റ് 25ന് കര്‍ദിനാള്‍ ജറാര്‍ദ് ലുഡ്വിഗ് മ്യുള്ളറുടെ നേതൃത്വത്തിലുള്ള വത്തിക്കാനിലെ വിശ്വാസ തിരുസംഘം ‘ആദ് റെസുര്‍ജെന്ദും കും ക്രിസ്തോ’ (അറ ൃലൗെൃഴലിറൗാ രൗാ ഇവൃശേെീ, ക്രിസ്തുവിനോടൊത്ത് ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍) എന്ന മരണമടഞ്ഞവരെ സംസ്‌കരിക്കുന്നതു സംബന്ധിച്ചും ദഹിപ്പിക്കപ്പെടുന്നവരുടെ ചിതാഭസ്മം കാത്തുസൂക്ഷിക്കുന്നതു സംബന്ധിച്ചുമുള്ള മാര്‍ഗനിര്‍ദേശം  നല്‍കുകയുണ്ടായി. കര്‍ദിനാള്‍ ജറാര്‍ദ് മ്യുള്ളറുടെ നേതൃത്വത്തിലുള്ള ഒരു പാനലാണ് ഇത് തയ്യാറാക്കി അവതരിപ്പിച്ചത്. അന്താരാഷ്ട്ര ദൈവശാസ്ത്ര കമ്മീഷന്റെ സെക്രട്ടറിയായ മോണ്‍. സെര്‍ജ് തോമസ് ബൊണീനോ ഒ.പി,
വിശ്വാസ തിരുസംഘത്തിന്റെ ഉപദേഷ്ടാവായ മോണ്‍. എയ്ഞ്ചല്‍ റൊഡ്രീഗ്സ് ലൂഞ്ഞോ എന്നിവരായിരുന്നു പാനലിലെ മറ്റംഗങ്ങള്‍. ദൈവാരാധനയും കൂദാശകളും കൈകാര്യം ചെയ്യുന്ന തിരുസംഘം, പൊന്തിഫിക്കല്‍ കൗണ്‍സില്‍ ഫോര്‍ ലെജിസ്ലേറ്റിവ് ടെക്സ്റ്റ്സ്, വിവിധ മെത്രാന്‍ സമിതികള്‍, പൗരസ്ത്യസഭകളുടെ മെത്രാന്‍ സിനഡുകള്‍ എന്നിവരുമായി ചര്‍ച്ചചെയ്തശേഷമാണ് വിശ്വാസ തിരുസംഘം ഈ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചിട്ടുള്ളത്.

പുതിയ മാര്‍ഗനിര്‍ദേശത്തിന്റെ പശ്ചാത്തലം
മേല്‍ അവതരിപ്പിച്ച കാനന്‍ നിയമം 1176ന്റെ മൂന്നാം അനുഛേദത്തില്‍ പറയുന്ന കാര്യമാണ് കത്തോലിക്കാസഭയില്‍ മൃതദേഹങ്ങള്‍ ദഹിപ്പിക്കുന്നതു സംബന്ധിച്ചുള്ള അനുശാസനങ്ങളെ നയിക്കുന്നത് എന്ന് അവര്‍ പ്രഥമമായി വ്യക്തമാക്കുന്നു. ഇപ്രകാരമുള്ള ഇടപെടലിന് പ്രധാനമായി രണ്ടു കാര്യങ്ങളാണ് പശ്ചാത്തലമായി അവതരിപ്പിച്ചിട്ടുള്ളത്: 1. സാധാരണയായുള്ള സാഹചര്യങ്ങളില്‍ ”മൃതശരീരം സംസ്‌കരിക്കുന്ന (മറവുചെയ്യുന്ന) പരിപാവനമായ പാരമ്പര്യം നിലനിര്‍ത്തണമെന്ന് സഭ ശക്തമായി നിര്‍ദേശിക്കുന്നു” എന്ന് പറഞ്ഞിട്ടുണ്ടെങ്കിലും സാധാരണസാഹചര്യങ്ങളില്‍പ്പോലും മൃതദേഹങ്ങള്‍ ദഹിപ്പിക്കുന്ന പ്രവണത ഏറിവരുന്നു. 2.  ദഹിപ്പിച്ചശേഷമുള്ള ചാരം എപ്രകാരം കാത്തുസൂക്ഷിക്കണമെന്നതു സംബന്ധിച്ച് ഒരു പ്രത്യേക കാനന്‍നിയമവും നിലവിലില്ല. അതിനാല്‍, വിശുദ്ധഗ്രന്ഥം വെളിപ്പെടുത്തിത്തന്ന മനുഷ്യമഹത്വത്തിന് കളങ്കമുണ്ടാക്കുന്ന രീതിയില്‍ ചിതാഭസ്മം കൈകാര്യം ചെയ്യുന്ന നടപടികള്‍ ചില വിശ്വാസികള്‍ക്കിടയില്‍ ഉയര്‍ന്നുവരുന്നുമുണ്ട്. ഈ സാഹചര്യങ്ങള്‍ മനുഷ്യമഹത്വത്തിന് അനുഗുണമായി കൈകാര്യംചെയ്യാന്‍ വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങള്‍ തേടി പല മെത്രാന്‍ സമിതികളും വിശ്വാസ തിരുസംഘത്തെ സമീപിക്കുന്ന സാഹചര്യം.

മൃതസംസ്‌കാരം സാധാരണ സാഹചര്യങ്ങളില്‍
സാധാരണ സാഹചര്യങ്ങളില്‍ സഭ എന്തുകൊണ്ട് പരമ്പരാഗത മൃതസംസ്‌കാരരീതി അവലംബിക്കുന്നു എന്ന് തിരുസംഘം വ്യക്തമാക്കുന്നതിങ്ങനെയാണ്: ”നമ്മുടെ കര്‍ത്താവിന്റെ മരണം, മൃതസംസ്‌കാരം, ഉയിര്‍പ്പ് എന്നിവയെ അനുസ്മരുപ്പിക്കുമാറ് വിശ്വാസികളുടെ മൃതദേഹങ്ങള്‍ സാധാരണ  സാഹചര്യങ്ങളില്‍ സിമത്തേരിയിലോ മറ്റേതെങ്കിലും പരിപാവനമായ ഇടത്തിലോതന്നെ അടക്കംചെയ്യുന്നതാണ് ശരീരത്തിന്റെ ഉയിര്‍പ്പിലുള്ള വിശ്വാസവും പ്രത്യാശയും വ്യക്തമാക്കാന്‍ ഏറ്റവും ഉചിതമായത്.”’ സഭ ഇത് തുടര്‍ന്നും ശക്തമായിത്തന്നെ ശുപാര്‍ശചെയ്യുന്നു എന്ന് വിശ്വാസ തിരുസംഘം ഉദ്ബോധിപ്പിക്കുന്നു.
തുടര്‍ന്ന്, എവിടെയാണ് ഇപ്രകാരമുള്ള മൃതസംസ്‌കാരം നടത്തേണ്ടതെന്ന് തിരുസംഘം വ്യക്തമാക്കുന്നുണ്ട്: ”സിമിത്തേരിയിലോ മറ്റേതെങ്കിലും പരിപാവനമായ ഇടത്തിലോതന്നെ അടക്കംചെയ്യുന്നതാണ് മരണമടഞ്ഞ വിശ്വാസികളുടെ മൃതദേഹത്തിന് അര്‍ഹമായ ബഹുമാനവും ആദരവും ശരിയായി നല്‍കുന്ന രീതി.” ഇപ്രകാരമൊക്കെയുള്ള രീതികള്‍ അവലംബിച്ചുകൊണ്ട് മരണമടഞ്ഞവരുടെ ദേഹം സംരക്ഷിക്കുക വഴി സഭ ഒന്നാമതായി ”ഉയിര്‍പ്പിലുള്ള വിശ്വാസം സ്ഥിരീകരിക്കുന്നു.” രണ്ടാമതായി ”മരണത്തെ ഒരു വ്യക്തിയുടെ എന്നെന്നേയ്ക്കുമായുള്ള അന്ത്യമായോ, പുനര്‍ജന്മ ചക്രത്തിലെ ഒരു ഘട്ടത്തിന്റെ അവസാനമായോ പ്രപഞ്ചത്തില്‍ മനുഷ്യാത്മാവ് വിലയം പ്രാപിക്കുന്നതായോ കാണുന്ന മനോഭാവങ്ങളില്‍നിന്നും ആചാരങ്ങളില്‍നിന്നും വിശ്വാസികളെ അകറ്റിനിര്‍ത്തുന്നു.”

മൃതസംസ്‌കാരം അസാധാരണ സാഹചര്യങ്ങളില്‍
സാധാരണ സാഹചര്യങ്ങളിലെ മൃതസംസ്‌കാര രീതിയും സ്ഥലവും കാര്യകാരണസഹിതം വ്യക്തമാക്കിയശേഷം തിരുസംഘം കൊവിഡ് പോലുള്ള മഹാമാരികള്‍ സൃഷ്ടിക്കുന്ന അസാധാരണ സാഹചര്യങ്ങളില്‍ എപ്രകാരമാണ് മൃതശരീരം സംസ്‌കരിക്കേണ്ടതെന്നും എവിടെയാണ് അവശേഷിപ്പുകള്‍ സൂക്ഷിക്കേണ്ടതെന്നും എവിടെ അത് സൂക്ഷിക്കരുതെന്നും വ്യക്തമാക്കുന്നു: നിയമാനുസൃതമായ കാരണംമൂലം വിശ്വാസിയുടെ മൃതദേഹം ദഹിപ്പിക്കാന്‍ തീരുമാനിച്ചാല്‍ ചാരം പവിത്രമായ ഒരിടത്ത്, അതായത്, ഒരു സിമത്തേരിയിലോ ദൈവാലയത്തിലോ ഇതിനുവേണ്ടി മാത്രമായി നീക്കിവയ്ക്കപ്പെട്ട ഇടത്തോ കാത്തുസൂക്ഷിക്കേണ്ടതാണ്. ഭവനത്തില്‍ സൂക്ഷിക്കാന്‍ അനുവാദമില്ല. ഗൗരവമായതും അനിതരസാധാരണവുമായ സാഹചര്യത്തില്‍, മെത്രാന്‍ സമിതിയുടെയോ മെത്രാന്‍ സിനഡിന്റെയോ സമ്മതത്തോടെ, ഭവനാന്തരീക്ഷത്തില്‍ സൂക്ഷിക്കാന്‍ അനുവദിച്ചേക്കാം.”
”വായുവിലോ കരയിലോ വെള്ളത്തിലോ മറ്റേതെങ്കിലും രീതിയിലോ ചാരം വിതറാന്‍” അനുവദിക്കുന്നില്ല. കൂടാതെ, അനുസ്മരണാവസ്തുക്കളുടെ  രൂപത്തില്‍ ഭവനത്തില്‍ സൂക്ഷിക്കാനും” സഭ അനുവദിക്കുന്നില്ല. പ്രകൃതിശക്തികളെയും വസ്തുക്കളെയും പ്രകൃതിയെത്തന്നെയും ആരാധിക്കുന്ന രീതികളില്‍നിന്നും മതനിരാസത്തിന്റെയോ ധാര്‍മികതാനിരാസത്തിന്റെയോ തെറ്റിധാരണാജനകമായ രീതികളില്‍ നിന്നും വിശ്വാസികളെ അകറ്റിനിര്‍ത്തുക എന്ന നിയോഗത്തോടെയാണ് ഇപ്രകാരം ചെയ്യുന്നത് എന്ന് ഈ രേഖ വ്യക്തമാക്കുന്നു.
കൂടാതെ, ക്രിസ്തീയ വിശ്വാസികള്‍ ദൈവമക്കളാണ് എന്ന തങ്ങളുടെ മഹത്വം കൂടുതല്‍ തിരിച്ചറിയാന്‍ ഈ മാര്‍ഗരേഖ സഹായകമാകണം എന്ന് തിരുസംഘം പ്രത്യാശിച്ചുകൊണ്ട് ഇപ്രകാരം പറയുന്നു: ”മനുഷ്യന്‍ എന്നെന്നേയ്ക്കുമായി അപ്രത്യക്ഷനാകുന്ന ഒരു സൃഷ്ടിയല്ല” എന്ന് അംഗീകരിക്കുന്നതും ”ദൈവത്തെ അവന്റെ അസ്തിത്വത്തിന്റെ ആരംഭവും അന്ത്യവുമായി” അംഗീകരിക്കുന്നതും ഒരുമിച്ചുപോകുന്ന വസ്തുതയാണ്. ഒന്ന് മറ്റൊന്നിന്റെ ഏറ്റുപറച്ചിലാണെന്നു ചുരുക്കം. അഥവാ ആദ്യത്തേതിന്റെ നിഷേധം രണ്ടാമത്തേതിന്റേതുമാണ് എന്നര്‍ത്ഥം. അതിനാല്‍, വിശ്വാസിക്ക് ഇവ രണ്ടും ഒരു നാണയത്തിന്റെ രണ്ടു വശം പോലെയാണ്. അതിനാല്‍, മരണം എന്നെന്നേയ്ക്കുമായുള്ള അപ്രത്യക്ഷമാകലല്ല, മണ്ണില്‍നിന്ന് വന്ന നമ്മള്‍ മണ്ണിലേക്ക് മടങ്ങി ”നമ്മുടെ അന്ത്യമായ ക്രിസ്തുവിലുള്ള ഉയിര്‍പ്പു  കാത്തുകിടക്കുന്ന” അവസ്ഥയാണത്. ഈ സത്യത്തിന്റെ പ്രഖ്യാപനം കൂടുതല്‍ പ്രകടമാക്കുന്ന സംസ്‌കാരരീതിയാണ് സഭ നിര്‍ബന്ധിക്കുന്നത്, അത്യാവശ്യ സന്ദര്‍ഭത്തില്‍ ദഹിപ്പിക്കല്‍ തടസപ്പെടുത്താതെതന്നെ. ”നരവംശശാസ്ത്രപരമായും പ്രതീകാത്മകമായും നോക്കുമ്പോള്‍ സഭ അവലംബിക്കുന്ന പരമ്പരാഗതരീതിയായ മൃതശരീരം മറവുചെയ്യലില്‍ ഉത്ഥാനത്തിന്റെ രഹസ്യവും മനുഷ്യശരീരത്തിന്റെ മഹത്വം സംബന്ധിച്ച ക്രിസ്തീയ പ്രബോധനവും സമഞ്ജസമായി സമ്മേളിക്കുന്നുണ്ട്” എന്നാണ് പാനലംഗമായ മോണ്‍. ബൊണീനോ അദ്ദേഹത്തിന്റെ അവതരണത്തില്‍ വ്യക്തമാക്കുന്നത്.
ഉത്ഥാനത്തിനുമുമ്പുള്ള യേശുവിന്റെ ശരീരവും ഉത്ഥാനശേഷമുള്ള യേശുവിന്റെ ശരീരവും തമ്മിലുള്ള വ്യത്യാസവും സാമ്യവും പരമ്പരാഗത സംസ്‌കാരരീതി സാധാരണ സാഹചര്യങ്ങളില്‍ നടത്തണമെന്ന സഭയുടെ നിലപാടിനെ സാധൂകരിക്കുന്നതായി ഈ രേഖ വ്യക്തമാക്കുന്നു. ”ഉത്ഥാനംചെയ്ത യേശുവിനെ മഗ്ദലേന മറിയത്തിനോ ശിഷ്യന്മാര്‍ക്കോ തിരിച്ചറിയാനായില്ല” എന്നാല്‍, ”അവിടത്തെ ശരീരം കന്യകമറിയത്തില്‍നിന്ന് പിറന്നതും ക്രൂശിക്കപ്പെട്ടതും അടക്കംചെയ്യപ്പെട്ടതുമായ മുറിപ്പാടുള്ള ശരീരമായിരുന്നുതാനും.” അതുകൊണ്ട്, ”യേശുവിന്റെ അടക്കംചെയ്ത ശരീരവും ഉത്ഥാനംചെയ്ത ശരീരവും തമ്മിലുള്ള ബന്ധം അനിഷേധ്യമാണ്.” അതിനാല്‍,  യേശുക്രിസ്തുവിന്റെയും, അതുകൊണ്ട് അവിടന്നില്‍ വിശ്വസിക്കുന്നവരുടെയും ശരീരത്തിന്റെ ഈ തുടര്‍ച്ച ”ഒരു തമാശയായി കാണാനാവില്ല”’ എന്ന് നമ്മെ ഓര്‍മപ്പെടുത്തുന്നു. അതായത്, ”അന്ത്യനാളില്‍ അത് ഇല്ലായ്മചെയ്യപ്പെടുകയല്ല രൂപാന്തരപ്പെടുകയാണ് ചെയ്യുന്നത്.” ആത്മാവ് വ്യത്യസ്തമായ ഒരുശരീരത്തില്‍ പുനര്‍ജനിക്കുന്നതോ (ൃലശിരമൃിമശേീി) ഇല്ലായ്മയില്‍നിന്നുള്ള ഒരു പുനഃസൃഷ്ടിയോ (ലഃിശവശഹീ ൃലരൃലമശേീി) അല്ല ക്രിസ്തുവിശ്വാസിയുടെ ഉത്ഥാനം എന്നു സാരം. (1 കോറി 15,35 മുതലുള്ളവ വായിക്കുക). ” നമ്മള്‍ ഏതു ശരീരത്തോടെയാണോ ജീവിക്കുകയും മരിക്കുകയും ചെയ്യുന്നത് അതേശരീരം രൂപാന്തരപ്പെട്ടാണ് അന്ത്യദിനത്തില്‍ നമ്മള്‍ പുതുജീവന്‍ പ്രാപിക്കുന്നത് എന്ന സത്യം ഏറ്റുപറയുന്നതില്‍നിന്നും സഭ ഇതേവരെ വിരമിച്ചിട്ടില്ല. കൂടാതെ, ഇക്കാരണത്താലാണ് ആദിമക്രൈസ്തവരുടെ കാലം മുതല്‍ക്കേ വിശ്വാസികളുടെ സമൂഹമൊന്നാകെ പ്രകൃത്യതീതമായ വിശ്വാസാവബോധത്തില്‍ (ലെിൗെ െളശറലശ) വിശുദ്ധരുടെ തിരുശേഷിപ്പുകള്‍ വണങ്ങിപ്പോരുന്നത്. ”അവ ഷെല്‍ഫില്‍ സൂക്ഷിച്ചിരിക്കുന്ന വെറും അനുസ്മരണവസ്തുക്കള്‍ അല്ല, മറിച്ച് ഒരിക്കല്‍ പരിശുദ്ധാത്മാവിന്റെ ആലയമായിരുന്നതും ഉത്ഥാനം പ്രതീക്ഷിച്ചു കഴിയുന്നതുമായ വിശുദ്ധരുടെ തനതായസ്വത്വവുമായി ബന്ധപ്പെട്ടിരിക്കുന്നവതന്നെയാണ്.”
”ഈ ശരീരം ഒരിക്കല്‍ ജ്ഞാനസ്നാനത്തില്‍ കഴുകപ്പെട്ടതാണ്, രക്ഷാകരതൈലത്താല്‍ അഭിഷേകംചെയ്യപ്പെട്ടതാണ്, ജീവന്റെ അപ്പംകൊണ്ട് പരിപോഷിപ്പിക്കപ്പെട്ടതാണ്. പാവപ്പെട്ടവരെ വസ്ത്രം ധരിപ്പിച്ചതും ദുഃഖിതരെ ആശ്ലേഷിച്ചതുമായ കരങ്ങളുള്ള ശരീരമാണിത്. നിശ്ചയമായും മനുഷ്യശരീരത്തെ മാറ്റിനിര്‍ത്തിക്കൊണ്ട് ഒരുമനുഷ്യവ്യക്തിയെപ്പറ്റി ചിന്തിക്കാനാവാത്തവിധം മനുഷ്യശരീരം മനുഷ്യവ്യക്തിയുമായി കെട്ടുപിണഞ്ഞുകിടക്കുന്ന ഒന്നാണ്.”’ (Order of Chrtsiian Funerals [OCF]412).
എന്തുകൊണ്ടാണ് സഭ മൃതശരീരം മറവുചെയ്യുന്ന പരമ്പരാഗതരീതി അവലംബിക്കുന്നത് എന്നതിനു പിന്നിലെ വസ്തുതകളിലേയ്ക്കാണ് മേല്‍പ്പറഞ്ഞവയൊക്കെയും വെളിച്ചം വീശുന്നത്. എങ്കില്‍ത്തന്നെയും മുമ്പേ രേഖപ്പെടുത്തിയപോലെ, അസാധാരണ സാഹചര്യങ്ങളില്‍ സഭാവിശ്വാസത്തിന് വിരുദ്ധമല്ലാത്ത കാരണങ്ങളുണ്ടെങ്കില്‍ സഭ മൃതദേഹം ദഹിപ്പിക്കുന്നതിന് തടസ്സം നില്‍ക്കുന്നില്ല. ഇപ്രകാരം ”മൃതദേഹം ദഹിപ്പിക്കമ്പോള്‍ മരണവും ശരീരത്തിന്റെ ഉയിര്‍പ്പും തമ്മില്‍ ഭൗതികമായ തുടര്‍ച്ചയ്ക്ക് വിഘ്നം സംഭവിക്കുന്നുണ്ടെങ്കിലും, ദൈവം നമ്മുടെ അമര്‍ത്യമായ ആത്മാവില്‍നിന്ന് മാത്രമായി ശരീരത്തെ പുനഃസ്ഥാപിക്കാന്‍ പ്രാപ്തനാണ് എന്ന് നമുക്കറിയാമെന്നതാണ് നമ്മുടെ മരണത്തിന്റെയും ഉയിര്‍പ്പിന്റെയും നിമിഷങ്ങള്‍ക്കിടയിലെ നമ്മുടെ സ്വത്വത്തിന്റെ തുടര്‍ച്ചയുടെ ഉറപ്പ്.”
ദൈവം ആഗ്രഹിക്കുന്നതുപോലെ മനുഷ്യര്‍ പ്രവര്‍ത്തിക്കാന്‍ സാഹചര്യങ്ങള്‍ തടസം നില്‍ക്കുന്ന നിര്‍ണായക വേളകളില്‍ ദൈവത്തിന് ഇടപെടാനാവും എന്നതിന് വിശുദ്ധഗ്രന്ഥത്തില്‍ ഉദാഹരണങ്ങള്‍ നിരവധിയുണ്ട്. ലൂക്കാ 19,40ല്‍ യേശുവിന് ഓശാനപാടിയ തന്റെ ശിഷ്യന്മാരെ ശാസിക്കുക എന്നുപറഞ്ഞ ചില ഫരിസേയരോട് യേശു പറയുന്ന മറുപടിയില്‍നിന്ന് ഈ സത്യം വായിച്ചെടുക്കാനാവും: ”ഇവര്‍ മൗനം ഭജിച്ചാല്‍ ഈ കല്ലുകള്‍ ആര്‍ത്തുവിളിക്കുമെന്ന് ഞാന്‍ നിങ്ങളോടുപറയുന്നു.” അതായത് ശിഷ്യന്മാര്‍ ഇപ്പോള്‍ ഇത് ചെയ്യേണ്ടത് ന്യായവും യുക്തവും തന്നെയാണ്. ദൈവഹിതമാണ്. സാഹചര്യങ്ങള്‍ തടസം നിന്നാല്‍ ദൈവഹിതം നിറവേറ്റാന്‍ അവിടത്തേയ്ക്ക് മനുഷ്യന് അഗ്രാഹ്യമായ വഴികളുണ്ട് എന്നു വ്യക്തം. മത്താ 3,9ല്‍ സ്നാപകയോഹന്നാന്റെ വാക്കുകളില്‍ അസാധാരണ സാഹചര്യങ്ങളില്‍ ഇടപെടുന്ന ദൈവത്തിന്റെ സൃഷ്ടിപരമായ ശേഷിയിലുള്ള അദ്ദേഹത്തിന്റെ വിശ്വാസം അസന്ദിഗ്ദ്ധമായി പ്രഖ്യാപിക്കപ്പെടുന്നുണ്ട്: ”ഞങ്ങള്‍ക്ക് പിതാവായി അബ്രാഹം ഉണ്ട് എന്നുപറഞ്ഞ് അഭിമാനിക്കേണ്ടാ. ഈ കല്ലുകളില്‍നിന്ന് അബ്രാഹത്തിനു സന്താനങ്ങളെ പുറപ്പെടുവിക്കാന്‍ ദൈവത്തിന് കഴിയുമെന്ന് ഞാന്‍ നിങ്ങളോടു പറയുന്നു.” സാധാരണ സാഹചര്യങ്ങളില്‍ സാധാരണയായി നടക്കുന്നവതന്നെ നടക്കണം. എന്നാല്‍, അസാധാരണ സാഹചര്യങ്ങളില്‍ മനുഷ്യന് അഗ്രാഹ്യമായ ദൈവത്തിന്റെ ശക്തിയില്‍ ശരണമര്‍പ്പിച്ചുകൊണ്ട് സഭ വിഷമത്തോടെയാണെങ്കിലും മറ്റുചിലത് അനുവദിക്കുന്നു.

ഉപസംഹാരം
സാധാരണവും അസാധാരണവുമായ സന്ദര്‍ഭങ്ങളിലൂടെ കടന്നുപോയ സഭയുടെ നിത്യജീവനിലുള്ള വിശ്വാസത്തിലേയ്ക്കും അതിന്റെ വെളിച്ചത്തിലുള്ള അവരുടെ മനോഭാവത്തിലേയ്ക്കും പെരുമാറ്റത്തിലേയ്ക്കും വെളിച്ചംവീശുന്ന ചിലവകൂടി ഉപസംഹാരമായി കുറിക്കട്ടെ: രക്ഷകന്റെ വരവും കാത്ത് ഒടുങ്ങാത്ത പ്രത്യാശയോടെ കഴിഞ്ഞെങ്കിലും രക്ഷകനെ, സ്വന്തം കുറ്റംകൊണ്ടല്ലാതെ, കാണാനാവാതെ ഈ ലോകത്തില്‍നിന്ന് വിടപറയേണ്ടിവന്നവരുടെയും അവിടത്തെ വരവിനുശേഷം അവിടന്നാണ് ജീവനും പുനരുത്ഥാനവുമെന്ന് വിശ്വസിക്കുകയും ജീവിക്കുകയും ചെയ്ത് ഈ ലോകത്തില്‍നിന്ന് കടന്നുപോയവരില്‍ അസംഖ്യം പേരുടെയും മറവുചെയ്ത ശരീരത്തിന്റെ ഒരംശംപോലും കണ്ണുകള്‍ക്ക് ദൃശ്യമായി അവശേഷിച്ചിട്ടില്ല. ക്രിസ്തീയ വിശ്വാസിസമൂഹം രൂപംകൊണ്ട ആദ്യനൂറ്റാണ്ടുകളിലും പിന്നീടും ഈ നൂറ്റാണ്ടില്‍പ്പോലും വിശ്വാസത്തിന്റെ പേരില്‍ അഗ്നിക്കിരയായ ക്രിസ്തുസാക്ഷികളില്‍ അസംഖ്യംപേരുടെ ചാരംപോലും അവശേഷിച്ചിട്ടില്ല. ഇവിടെ ശ്രദ്ധേയമായ ഒരു കാര്യമുണ്ട്: ശരീരത്തിന്റെ അവശേഷിപ്പുകള്‍പോലുമില്ലാതെ ക്രിസ്താനികളെ നശിപ്പിച്ചിരുന്നപ്പോഴും ആദിമക്രൈസ്തവസമൂഹം അവരുടെ ശരീരത്തിന്റെ ഉയിര്‍പ്പ് തികഞ്ഞ വിശ്വാസത്തോടെ ഏറ്റുപറഞ്ഞുപോന്നു; അവരെ വിശുദ്ധിയുടെയും വിശ്വാസധീരസാക്ഷ്യത്തിന്റെയും മാതൃകകളായി വണങ്ങിയും പോന്നു. മണ്ണിലലിഞ്ഞു കണ്ണുകള്‍ക്ക് അദൃശ്യമായിക്കിടക്കുന്ന ഇരുമ്പുതരികളെ കാന്തം പ്രയോഗിച്ച് നമുക്ക് വാരിക്കൂട്ടാനാവുന്നതുപോലെ അന്ത്യവിധിയുടെ സമയത്ത് ദൈവാത്മാവിന്റെ കാന്തികശക്തിയില്‍ പ്രപഞ്ചത്തിന്റെ നാനാദിക്കിലും സമുദ്രത്തിന്റെ ആഴങ്ങളിലും കണ്ണുകള്‍ക്കദൃശ്യമായിക്കിടക്കുന്ന അവശേഷിപ്പുകളില്‍നിന്ന് ദൈവത്തിന് നമ്മുടെ ശരീരത്തെ ഉയിര്‍പ്പിക്കാന്‍ കഴിയും എന്നവര്‍ക്ക് തെല്ലും സംശയമില്ലായിരുന്നു എന്നു സാരം. അപ്പോഴും അതേ വിശ്വാസികള്‍ രക്തസാക്ഷികളുടെ തീരെ തുഛമായ അവശേഷിപ്പുകള്‍പോലും ശേഖരിച്ചു ഭദ്രമായി സൂക്ഷിച്ചുംപോന്നു എന്നതും ഓര്‍ക്കേണ്ടതുണ്ട്.

 


Tags assigned to this article:
funerallatin catholics

Related Articles

ലോകത്തിലെ ഏറ്റവും വലിയ മുസ്ലിം പള്ളിയിൽ ഫ്രാൻസിസ് പാപ്പാ

തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് പാപ്പായുടെ പ്രഥമ പരിപാടി ലോകത്തില്‍ വച്ച് ഏറ്റവും വലിയ മുസ്ലിം പള്ളികളില്‍ ഒന്നായ ഷെയ്ഖ് സായിദിന്റെ നാമത്തിലുള്ള പള്ളിസന്ദര്‍ശനമായിരുന്നു. 40,000 പേര്‍ക്ക് സ്ഥലസൗകര്യമുള്ള ഈ

ഇന്ത്യയും കൊറോണയുടെ ഇരുപതിനായിരം ക്ലബ്ബില്‍

*ലോകത്ത് കൊറോണ രോഗികള്‍ 2,558,951, മരണം 177,704 ന്യൂഡല്‍ഹി: ഇരുപതിനായിരം കൊവിഡ്-19 രോഗികളുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും സ്ഥാനംപിടിച്ചു. 20,225 രോഗികളാണ് ഇപ്പോള്‍ ഇന്ത്യയിലുള്ളത്. 655 പേരാണ്

പ്രതിപക്ഷ ശ്രമം പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ശോഭ കെടുത്താന്‍-കോടിയേരി

തിരുവനന്തപുരം: വിവരശേഖരണ വിഷയത്തില്‍ വലിയ പ്രചാരവേലയാണ് പ്രതിപക്ഷം നടത്തുന്നതെന്നും ഇതില്‍ ഒരടിസ്ഥാനവുമില്ലെന്നാണ് പാര്‍ട്ടിവിലയിരുത്തുന്നതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ജനങ്ങളുടെ ജീവന്‍ രക്ഷിക്കുക എന്നതിലുപരിയായി സര്‍ക്കാരിനേയും

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*