മെയ്: മറിയത്തിന്റെ മാധുര്യമുള്ള മാസം, ഭാഗം-2

മെയ്: മറിയത്തിന്റെ മാധുര്യമുള്ള മാസം, ഭാഗം-2
റവ. ഡോ. ഗ്രിംബാള്‍ഡ് ലന്തപ്പറമ്പില്‍
3.  കേരള കത്തോലിക്കാ വിശ്വാസികള്‍ക്കിടയില്‍ പൗരാണികകാലം മുതലേയുള്ള ഭക്താനുഷ്ഠാനമാണ് മെയ്മാസ ഭക്തി. മെയ്മാസം പരിശുദ്ധ മാതാവിന്റെ വണക്കമാസമായാണ് കേരളസഭ ആഘോഷിക്കുന്നത്. മാന്നാനത്ത് അച്ചടിച്ച ഫാ. കമില്‍ സിഎംഐയുടെ പ്രസ്താവനയോടുകൂടിയ ‘പരിശുദ്ധ മറിയത്തിന്റെ വണക്കമാസം’ എന്ന പുസ്തകത്തിലെ മെയ് ഒന്നാം തീയതി മുതല്‍ 31-ാം തീയതി വരെ ക്രമീകരിച്ചിട്ടുള്ള വായനകള്‍ മുടങ്ങാതെ വായിച്ചു ധ്യാനിക്കുന്നതാണ് പതിറ്റാണ്ടുകളായി കേരള ക്രൈസ്തവരുടെ മെയ്മാസാനുഷ്ഠാനം. ഈ കാലഘട്ടത്തില്‍ നമ്മുടെ ക്രിസ്തീയ കുടുംബങ്ങളില്‍ വണക്കമാസാചാരണത്തിന് പ്രാധാന്യം കുറഞ്ഞിട്ടുണ്ട് എന്നത് യാഥാര്‍ത്ഥ്യമാണ്. ഈ പാരമ്പര്യപ്രാര്‍ത്ഥന തുടര്‍ന്നുകൊണ്ടുപോകുന്നവര്‍ക്ക് അത് വിശ്വാസത്തിലും മരിയഭക്തിയിലും നവീകരിക്കപ്പെടുന്നതിന് ഏറെ സഹായകമാണ് എന്നത് നിസ്തര്‍ക്കമാണ്. ഏതൊരു സാധാരണ വിശ്വാസിക്കും മനസിലാകുന്ന രീതിയില്‍ മറിയത്തിന്റെ ജീവിതത്തില്‍ സംഭവിച്ച ദൈവിക ഇടപെടലുകളെയും സംഭവങ്ങളെയും മറിയത്തിന്റെ കാഴ്ചപാടുകളെയും പ്രതികരണങ്ങളെയും ആത്മീയ വളര്‍ച്ചകളെയും ധ്യാനവിഷയങ്ങളാക്കി ഇതില്‍ ക്രമീകരിച്ചിരിക്കുന്നു. തുടര്‍ന്ന് ഓരോ വിഷയത്തിനും ചേര്‍ന്ന വിശുദ്ധ വിശ്വാസസാക്ഷ്യങ്ങള്‍ ‘സംഭവം’ എന്ന പേരില്‍ ചേര്‍ത്തിരിക്കുന്നു. തുടര്‍ന്ന് ഒരു പ്രാര്‍ത്ഥനയും അതിനു ശേഷം ‘എത്രയും ദയയുള്ള മാതാവേ’ എന്ന വിശുദ്ധ ബര്‍ണദോസിന്റെ ജപവും മാതാവിന്റെ ലുത്തിനിയയും ചൊല്ലുന്നു. പരിശുദ്ധ മാതാവിനോടുള്ള അപേക്ഷയില്‍ തിരുസഭക്കുവേണ്ടിയും വിജാതിയര്‍ക്കുവേണ്ടിയും രാഷ്ട്രീയാധികാരികള്‍ക്കു വേണ്ടിയും  പാപ്പയ്ക്കുവേണ്ടിയും ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കള്‍ക്കുവേണ്ടിയും പ്രാര്‍ത്ഥിക്കുന്നു. അതിനുശേഷം ഒരു സുകൃതജപത്തോടെ അതതു ദിവസത്തെ ധ്യാനമവസാനിക്കുന്നു.
പരിശുദ്ധ കന്യകയുടെ നേരെയുള്ള ഭക്തിയുടെ പ്രാധാന്യം ധ്യാനിച്ചുകൊണ്ടാണ് ഒന്നാം ദിനത്തെ പ്രാര്‍ത്ഥന ആരംഭിക്കുന്നത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ മറിയത്തിന്റെ തിരഞ്ഞെടുപ്പ്, അവളുടെ  അമലോത്ഭവം, മറിയത്തിന്റെ പിറവി, അവളുടെ സമര്‍പ്പണം, എളിമ, വരപ്രസാദയോഗ്യത, സുകൃതങ്ങള്‍, വിവാഹം, മംഗളവാര്‍ത്ത എന്നിവ ധ്യാനവിഷയങ്ങളാകുന്നു. തുടര്‍ന്ന് ദൈവവചന ശ്രവണത്തില്‍ മറിയം നമ്മുടെ മാതൃക, മറിയത്തിന്റെ വിധേയത്വം, ദൈവമാതാവെന്ന സ്ഥാനം, ഏലീശ്വാ സന്ദര്‍ശനം, ബത്‌ലഹേം യാത്ര, തിരുപ്പിറവി, പരിശുദ്ധ കന്യകയുടെ ശുദ്ധീകരണം, അവളുടെ കന്യാത്വം, ഈജിപ്തിലേക്കുള്ള പലായനം, നഷ്ടപുത്രനെ കണ്ടെത്തല്‍, യേശുവിന്റെ പരസ്യജീവിതത്തില്‍ മറിയത്തിന്റെ പങ്ക്, സഹരക്ഷക പദവി, മറിയം നമ്മുടെ ആത്മീയ മാതാവ് എന്നീ വിഷയങ്ങളിലേക്ക് നാം ആഴപ്പെടുന്നു. അതിനുശേഷം പ്രാരംഭസഭയിലെ മറിയത്തിന്റെ സാന്നിധ്യം, മറിയത്തിന്റെ മരണം, സ്വര്‍ഗാരോപണം, മറിയം വരപ്രസാദ മദ്ധ്യസ്ഥ, പാപികളുടെ സങ്കേതം, യഥാര്‍ത്ഥ മരിയഭക്തി, മരിയ പ്രതിഷ്ഠ എന്നീ വിഷയങ്ങളിലൂടെ കടന്ന് വണക്കമാസത്തിന്റെ അവസാനദിനത്തില്‍ ആദ്ധ്യാത്മിക ജീവിതത്തില്‍ മറിയത്തിനുള്ള സ്ഥാനം ധ്യാനവിഷയമാക്കുന്നതോടെ വണക്കമാസാചരണം അവസാനിക്കുന്നു. ഈ തിരുമാസവണക്കം ഇടവകകളില്‍ വ്യത്യസ്ത രീതിയില്‍ കൊണ്ടാടുന്നു.
വണക്കമാസത്തിന്റെ ഈ പ്രാര്‍ത്ഥനകളിലൂടെ കടന്നുപോകുമ്പോള്‍ ഓരോ വിശ്വാസിക്കും മറിയത്തിന്റെ ജീവിതത്തെ ആഴത്തില്‍ തിരിച്ചറിയുന്നതിനും അവളുടെ ജീവിതത്തിലെ സുകൃതങ്ങള്‍ അനുകരിക്കുന്നതിനും അവളുടെ ജീവിതമൂല്യങ്ങളും വിശ്വാസആദര്‍ശങ്ങളും പഠിക്കുന്നതിനും സാധിക്കുന്നു. അവര്‍ കടന്നുപോയ ദുരൂഹമായ പീഢാനുഭവങ്ങളും സംഘര്‍ഷങ്ങളും അലച്ചിലുകളും ആകുലതകളും അവസാനം അവളുടെ ഹൃദയത്തിലൂടെ കടന്ന വാളും ജീവിതത്തിന്റെ സഹനപര്‍വങ്ങളില്‍ സധൈര്യം മുന്നേറാനും ദൈവത്തില്‍ അടിയുറച്ച വിശ്വാസത്തോടും പ്രത്യാശയോടും സ്‌നേഹത്തോടും ജീവിതദൗത്യം പൂര്‍ത്തിയാക്കാനും വിശ്വാസിയെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കും.
ഉണ്ണിയേശുവില്‍ ഔന്നത്യമാര്‍ന്ന മനുഷ്യസ്വഭാവത്തെ രൂപപ്പെടുത്തി ഉത്തമ മനുഷ്യനാക്കി തീര്‍ക്കുന്നതില്‍ അതിനിര്‍ണായകമായ പങ്കുവഹിച്ചവളാണ് മറിയം. യഹൂദ പശ്ചാത്തലത്തിലുള്ള തന്റെ സാമൂഹ്യ സാംസ്‌കാരിക മൂല്യങ്ങളും വിശ്വാസബോധ്യങ്ങളും പ്രാര്‍ത്ഥനാനുഭവങ്ങളും പകര്‍ന്നു നല്‍കിക്കൊണ്ടാണ് തീര്‍ച്ചയായും മറിയം തന്റെ ഓമനപുത്രനെ വളര്‍ത്തിയത്. ജീവിതത്തിന്റെ ഓരോ അവസ്ഥകളിലും അനുഭവങ്ങളിലും വിവേകത്തോടും നീതിയോടും സ്വാതന്ത്ര്യത്തോടും ആത്മധൈര്യത്തോടും സ്‌നേഹത്തോടും ക്ഷമയോടും കൂടെ ജീവിക്കുവാനുള്ള ‘വിശ്വാസപരിശീലന’മാണ് മറിയം യേശുവിന് പകര്‍ന്നുനല്‍കിയത്. ഈ വിശ്വാസപരിശീലനം തന്നെയാണ് മെയ്മാസ വണക്കത്തിലൂടെ ഓരോ വിശ്വാസിക്കും കരഗതമാകുന്നത്.
4. വണക്കമാസത്തിനും പരിശുദ്ധ മറിയത്തോടുള്ള വണക്കത്തിനും ഭക്താനുഷ്ഠാനങ്ങള്‍ക്കും ആത്മീയ വളര്‍ച്ചയ്ക്കുമൊപ്പം തന്നെ കാലികമായ സാമൂഹ്യ പ്രാധാന്യവുമുണ്ട്. അമലോത്ഭവയും നിത്യകന്യകയും ദൈവമാതാവും സ്വര്‍ഗാരോപിതയും സ്വര്‍ഗരാജ്ഞിയുമായ മറിയം മനുഷ്യവര്‍ഗത്തിന്റെ സ്വര്‍ഗത്തിലേക്കുയരുന്ന ആത്മചൈതന്യത്തിന്റെ അച്ചാരവും മാതൃകയുമാണ്. അതിനാല്‍ തന്നെ മനുഷ്യത്വത്തെ മാനിക്കാനും, മാതൃത്വത്തെ-സ്ത്രീത്വത്തെ ബഹുമാനിക്കാനും വിലമതിക്കാനും പരിശുദ്ധ മറിയത്തോടുള്ള ഭക്തി നമ്മെ പ്രചോദിപ്പിക്കണം.
സ്ത്രീകള്‍ക്കും പെണ്‍കുഞ്ഞുങ്ങള്‍ക്കുമെതിരെയുള്ള ആക്രമണങ്ങളും പീഡനങ്ങളും ദിനംപ്രതി വര്‍ദ്ധിച്ചുവരുന്ന ഒരു സമൂഹത്തിലും രാജ്യത്തുമാണ് നാം ജീവിക്കുന്നത്. മാധ്യമങ്ങളിലൂടെ പുറത്തുവരുന്ന സ്ത്രീത്വത്തിനെതിരെയുള്ള പീഡനസംഭവങ്ങള്‍ കടലിലെ മഞ്ഞുമലയുടെ മുകളില്‍ കാണുന്ന ചെറിയൊരഗ്രം മാത്രമാണ്. ആരാലും കാണാതെ, കേള്‍ക്കാതെ സ്ത്രീകള്‍ക്കും പെണ്‍കുഞ്ഞുങ്ങള്‍ക്കുമെതിരെയുള്ള ആയിരക്കണക്കിന് അതിക്രമങ്ങള്‍ നമുക്കു ചുറ്റും അരങ്ങേറുന്നുണ്ട്. പുരുഷമേധാവിത്വവും അജ്ഞതയും ഇടുങ്ങിയ മതനിയമങ്ങളും ദാരിദ്ര്യവും അക്രമരാഷ്ട്രീയവും ആകെക്കൂടി ഇവിടെ ജീവിതം ദുസഹവും അതിസങ്കീര്‍ണവുമായിക്കൊണ്ടിരിക്കുന്നു. ഈ ചരിത്രസന്ധിയില്‍ മരിയഭക്തിയിലൂടെ ഈ സമൂഹത്തില്‍ ഗുണപരവും ക്രിയാത്മകവുമായ മാറ്റങ്ങള്‍ ഉണ്ടാകണം. കന്യകയായും അമ്മയായും മറിയത്തെ വണങ്ങുമ്പോള്‍ സ്ത്രീകളുടെ അവകാശങ്ങളെയും സ്വാതന്ത്ര്യത്തെയും മാനിക്കാനും അവര്‍ക്കു നല്‍കേണ്ട മൂല്യവും ആദരവും നല്‍കാനും നാം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. മാതാവിന്റെ വണക്കമാസം അതിനുകൂടി നമുക്കു പ്രേരണ നല്‍കണം. 
കാമവും ക്രോധവും മാത്സര്യബുദ്ധിയും മനുഷ്യസഹജമാണ്. പക്ഷേ അവയെ വിവേകപൂര്‍വം നിയന്ത്രിക്കാന്‍ മനുഷ്യര്‍ പരിശീലിപ്പിക്കപ്പെടേണ്ടതുണ്ട്. മാതൃഭക്തി ഈ പരിശീലനത്തിന് അങ്ങേയറ്റം സഹായകരമാണ്. അപ്പോള്‍ മാത്രമേ സ്ത്രീകളെ അമ്മയെപ്പോലെയും പെണ്‍കുട്ടികളെ സഹോദരികളെപ്പോലെയും പെണ്‍കുഞ്ഞുങ്ങളെ സ്വന്തം മക്കളെപ്പോലെയും കാണാനും അവരോട് മാന്യമായി ഇടപഴകാനും ഈ തലമുറയ്ക്ക് സാധിക്കൂ.
മനുഷ്യജീവിതത്തിന്റെ ഭൗതികാതീതമായ മൂല്യം വണക്കമാസ ജപങ്ങളിലൂടെ വിശ്വാസികള്‍ അനുസ്മരിക്കുന്നു. ആത്മാവില്‍ ദൈവത്തിന്റെ ഛായയും സാദൃശ്യവും പേറുന്ന മനുഷ്യരെ-പ്രത്യേകിച്ച് സ്ത്രീകളെയും കുഞ്ഞുങ്ങളെയും, വാക്കുകള്‍ കൊണ്ട് അപമാനിച്ചും പരിഹസിച്ചും അവഗണിച്ചും മുറിപ്പെടുത്താതിരിക്കാന്‍ വിശ്വാസികള്‍ക്കു സാധിക്കണം. സ്ത്രീകളെയും കുഞ്ഞുങ്ങളെയും ദേഹോപദ്രവം ഏല്‍പ്പിക്കുന്നതും അവരെ ബഹുവിധ പീഡനങ്ങള്‍ക്ക്  വിധേയരാക്കുന്നതും ഘോരപാപമാണെന്ന് വിശ്വാസി തിരിച്ചറിയണം. കുറെക്കൂടി വിനീതരാവാനും സ്ത്രീത്വത്തെയും മാതൃത്വത്തെയും ബഹുമാനിക്കാനും ആദരിക്കാനും സമൂഹത്തിന്റെ കാപട്യങ്ങളെ തിരിച്ചറിഞ്ഞ് ജ്ഞാനത്തിലും സത്യത്തിലും വിശ്വാസത്തിലും വിശുദ്ധിയിലും ശക്തിപ്പെടാനും പരിശുദ്ധ ദൈവമാതാവിന്റെ  ഈ വണക്കമാസം നമ്മെ പ്രചോദിപ്പിക്കട്ടെ. അപ്പോള്‍ മാത്രമേ മെയ്മാസം മറിയത്തിന്റെ മാധുര്യമുള്ള മാസമായി തീരുകയുള്ളൂ.          (അവസാനിച്ചു)

Related Articles

സദ്‌വാര്‍ത്തയായ് ഒരു ക്രിസ്മസ് നക്ഷത്രമായ്

രക്ഷകനെ ആരെല്ലാം കണ്ടുമുട്ടിയിട്ടുണ്ടോ അവരുടെയെല്ലാം ജീവിതങ്ങള്‍ മാറ്റി മറിക്കപ്പെട്ടിട്ടുണ്ട്. അവരെല്ലാം പിന്നീട് ഒരു സദ്‌വാര്‍ത്തയായി മാറി. അനേകരെ രക്ഷയിലേക്ക് അടുപ്പിക്കുന്ന ഒരു സദ്‌വാര്‍ത്ത. വഴിതെളിക്കുന്ന ഒരു വെള്ളിനക്ഷത്രം.

ഫ്രീ ബര്‍മാ റേഞ്ചേഴ്‌സ്

ഐഎസ് ഭീകരര്‍ ഇറാഖില്‍ മരണം വിതച്ചുകൊണ്ടിരുന്ന കാലം. മൊസൂളില്‍ സംയുക്തസൈന്യവും ഭീകരരുമായി രൂക്ഷമായ പോരാട്ടം നടന്ന ഒരു ദിവസത്തിനൊടുവില്‍ യു.എസ് ആര്‍മി സ്‌പെഷ്യല്‍ ഫോഴ്‌സിലെ പഴയ അംഗമായിരുന്ന

സമാധാനത്തിനായി പുതുചരിത്രംകുറിച്ച് കെസിവൈഎം

കോട്ടയം: മതത്തിന്റെ പേരിലുള്ള അക്രമണങ്ങള്‍ക്കും ഭീകരവാദത്തിനും വര്‍ഗീയതയ്ക്കുമെതിരെ മതേതരത്വം സംരക്ഷിക്കാനും ലോക സമാധാനത്തിനുമായി കെസിവൈഎം സംസ്ഥാന സമിതിയുടെ നേതൃത്വത്തില്‍ ‘സമാധാന നടത്തം’ സംഘടിപ്പിച്ചു. കേരളത്തിലെ രണ്ടായിരത്തില്‍പരം കെസിവൈഎം

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*