മൈക്കലാഞ്ചലോയുടെ പിയെത്ത (The Pietà)

മൈക്കലാഞ്ചലോയുടെ പിയെത്ത (The Pietà)

നവോത്ഥാന കാലഘട്ടത്തിലെ പ്രകാശഗോപുരമായി കലാലോകത്ത് വാഴ്ത്തപ്പെടുന്ന നാമമാണ് മൈക്കലാഞ്ചലോ ഡി ലോബോവികോ ബ്യൂനറോട്ടി സിമോണിയുടേത്. ഇറ്റലിയിലെ ഫ്‌ളോറന്‍സില്‍ 1475 മാര്‍ച്ച് ആറിന് ജനനം. 1564 ഫെബ്രുവരി 18ന് റോമില്‍ അന്തരിച്ചു. ശില്പി, ചിത്രകാരന്‍, ആര്‍ക്കിടെക്ട്, കവി എന്നീ നിലകളിലെല്ലാം സമാനതകളില്ലാത്ത സൃഷ്ടികള്‍ നിര്‍വഹിച്ചു എന്നതാണ് മൈക്കലാഞ്ചലോയുടെ സവിശേഷത. അദ്ദേഹത്തിന്റെ ഏറെ പ്രശസ്തമായ ശില്പമാണ് പിയെത്ത (The Pietà). 1972 മേയ് 21ന് പിയെത്ത ശില്പത്തിനുനേര്‍ക്ക് ഒരു യുവാവ് ആക്രമണം നടത്തിയിരുന്നു. അതറിഞ്ഞപ്പോള്‍ നമ്മുടെ പ്രിയ കവി ഒഎന്‍വി കുറുപ്പ് തന്റെ വേദന പകര്‍ത്തിയ കവിതയാണ് ‘മൈക്കലാഞ്ചലോ മാപ്പ്’. നൂറ്റാണ്ടുകള്‍ക്കു മുന്‍പ് നിര്‍മിച്ച ഈ വെണ്ണക്കല്‍ ശില്പത്തിന്റെ ചാരുത കാലങ്ങളും ദേശങ്ങളും പിന്നിട്ട് സഞ്ചരിക്കുന്നു എന്നതിന് ഉത്തമദൃഷ്ടാന്തമാണല്ലോ ഒഎന്‍വിയുടെ കവിത.
1498-99 കാലത്താണ് മൈക്കലാഞ്ചലോ പിയെത്തയുടെ സൃഷ്ടി നിര്‍വഹിച്ചത്. ഇപ്പോള്‍ വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലാണ് ശില്പം പ്രതിഷ്ഠിച്ചിരിക്കുന്നത്. ഫ്രഞ്ച് കര്‍ദിനാള്‍ ജോണ്‍ ഡി ബിലേറസാണ് ശില്പം അനാച്ഛാദനം ചെയ്തത്. മാര്‍ബിളില്‍ കൊത്തിയെടുത്ത ശില്പം പൂര്‍ത്തിയാകാന്‍ രണ്ടു വര്‍ഷത്തില്‍ താഴെ സമയമേ എടുത്തുള്ളൂ. ആ ശില്പം തന്റെ ശവകുടീരത്തിനു മുകളില്‍ വയ്ക്കണമെന്നായിരുന്നു കര്‍ദിനാള്‍ ജോണ്‍ ഡി ബിലേറസ് ആഗ്രഹിച്ചിരുന്നത്. അതിനുവേണ്ടി സെന്റ് പീറ്റേഴ്‌സിനു സമീപത്തുള്ള സാന്താ പെട്രോണില്ല ചാപ്പലിലാണ് ആദ്യം ശില്പം സൂക്ഷിച്ചത്.
‘ഡേവിഡ്’ പോലെ നിരവധി മറ്റു മനോഹര ശില്പങ്ങളും മൈക്കലാഞ്ചലോ മെനഞ്ഞിട്ടുണ്ടെങ്കിലും അദ്ദേഹം കയ്യൊപ്പ് ചാര്‍ത്തിയ ഏക കലാസൃഷ്ടി പിയെത്തയാണ്. ശില്പം പ്രദര്‍ശനത്തിനു വച്ചപ്പോള്‍ തന്നെ അതിന്റെ പ്രശസ്തി എങ്ങും വ്യാപിച്ചു. ധാരാളം പേര്‍ ശില്പം കാണാനായി എത്തിത്തുടങ്ങി. ഈ ശില്പം അക്കാലത്തെ പ്രശസ്ത ശില്പിയായ ക്രിസ്റ്റഫൊറോ സൊളാരിയുടേതാണെന്നു സന്ദര്‍ശകര്‍ പറയുന്നതായി മൈക്കലാഞ്ചലോ അറിഞ്ഞു. ഉടന്‍ തന്നെ ‘മൈക്കലോഞ്ചലോ ബ്യൂനറോട്ടി ഫ്‌ളോറന്റിന്‍ ഇതു നിര്‍മിച്ചു’ എന്നദ്ദേഹം ശില്പത്തില്‍ കയ്യൊപ്പ് ചാര്‍ത്തുകയായിരുന്നു. പക്ഷേ തന്റെ ചെയ്തിയില്‍ പിന്നീട് അദ്ദേഹം ദുഃഖിച്ചു. അത് സ്വാഭിമാനപ്രകടനമായിരുന്നു എന്നദ്ദേഹം തുറന്നുപറഞ്ഞു. പിന്നീട് ഒരു രചനയിലും കയ്യൊപ്പ് ചാര്‍ത്തിയില്ല.
കുരിശില്‍ മരിച്ച യേശുവിനെ കന്യകാമറിയം തന്റെ മടിയില്‍ വഹിച്ചിരിക്കുന്നതാണ് ശില്പത്തിന്റെ വിഷയം. ബൈബിളില്‍ പരാമര്‍ശിച്ചിട്ടുള്ള ഈ വസ്തുത മൈക്കലാഞ്ചലോയ്ക്കു മുമ്പും നിരവധി രാജ്യങ്ങളിലെ ശില്പികളും ചിത്രകാരന്മാരും തങ്ങളുടെ ഭാവനയില്‍ ചിത്രീകരിച്ചിട്ടുണ്ട്. എന്നാല്‍ അവയെയെല്ലാം നിഷ്പ്രഭമാക്കുന്ന ഒന്നായിരുന്നു മൈക്കലാഞ്ചലോയുടെ പിയെത്ത. പിരമിഡ് ഘടനയിലാണ് ശില്പം മെനഞ്ഞിരിക്കുന്നത്. മറിയത്തിന്റെ ശിരസില്‍ നിന്നാരംഭിച്ച് വസ്ത്രത്തിലെത്തുമ്പോള്‍ രൂപം വികാസം പ്രാപിക്കുന്നു. താഴെ ഗോല്‍ഗോത്തയിലെ പാറയും കൊത്തിയിട്ടുണ്ട്.
യുവതിയും സുന്ദരിയുമായ മറിയത്തെയാണ് മൈക്കലാഞ്ചലോ സൃഷ്ടിച്ചത്. 33 വയസുകാരനായ മകനുള്ള ഒരു സ്ത്രീയാണെന്ന് തോന്നുകയില്ലെന്ന വിമര്‍ശനത്തിന്, കന്യകമാര്‍ എന്നും സുന്ദരികളും യുവതികളുമായിരിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. വിശുദ്ധ ബര്‍ണാഡിന്റെ ”കന്യകയായ അമ്മ, നിന്റെ മകന്റെ മകള്‍” എന്ന പ്രശസ്തമായ വാചകം ശില്പത്തിന്റെ നിര്‍മിതിക്ക് പ്രചോദനമേകിയിട്ടുണ്ടാകാം എന്നും വ്യാഖ്യാനമുണ്ട്. ത്രിത്വത്തിലെ ഒരാളായ യേശു അതുവഴി മറിയത്തിന്റെ പിതാവും മകനുമാണെന്നാണ് സങ്കല്പം. കഠിനമായ വേദനയനുഭവിച്ച ഒരാളുടെ മുഖമല്ല യേശുവിന്റേത്. തന്റെ ശില്പം മരണത്തെയല്ല പ്രതിനിധാനം ചെയ്യേണ്ടതെന്നാണ് മൈക്കലാഞ്ചലോ കരുതിയത്. പരിത്യാഗത്തിന്റെയും പ്രശാന്തതയുടെയും പ്രതിരൂപമായിട്ടാണ് യേശുവിനെ അദ്ദേഹം ചിത്രീകരിച്ചത്.
1964ല്‍ ന്യൂയോര്‍ക്കില്‍ നടന്ന വേള്‍ഡ് ഫെയറിലെ വത്തിക്കാന്‍ പവലിയനില്‍ പിയെത്ത പ്രദര്‍ശിപ്പിച്ചിരുന്നു. ജോണ്‍ ഇരുപത്തിമൂന്നാമന്‍ പാപ്പായുടെ പ്രത്യേക അനുമതി നേടിയാണ് ശില്പം വത്തിക്കാന് പുറത്ത് ആദ്യമായി പ്രദര്‍ശിപ്പിച്ചത്. കപ്പലിലെ കണ്‍വെയര്‍ ബെല്‍റ്റിലൂടെ ശില്പം എത്തുമ്പോള്‍ ഒരുനോക്കുകാണുവാനായി നൂറുകണക്കിനു പേര്‍ മണിക്കൂറുകളോളം കാത്തുനിന്നു.
1736ല്‍ ശില്പത്തില്‍ മിനുക്കുപണി നടത്തുമ്പോള്‍ മറിയത്തിന്റെ വിരലുകള്‍ക്കു കേടുപറ്റി. ജുസെപ്പെ ലിറോണി എന്ന ശില്പിയാണ് വിരലുകള്‍ പൂര്‍വസ്ഥിതിയിലാക്കിയത്. മൈക്കലാഞ്ചലോ സൃഷ്ടിച്ച രീതിയില്‍ നിന്നു വ്യത്യസ്തമായി മറിയത്തിന്റെ കൈകള്‍ ലിറോണി ചിത്രീകരിച്ചു എന്ന് കടുത്ത വിമര്‍ശനമുണ്ടായി. 1972 മേയ് 21 പെന്തക്കുസ്താ ഞായറാഴ്ചയാണ് ഹംഗേറിയന്‍ സ്വദേശി ലാസ്‌ലോ ടോത്ത് മയക്കുമരുന്നിന്റെ ലഹരിയില്‍ ശില്പത്തെ ആക്രമിച്ചത്. ഒരു ചുറ്റിക കൊണ്ട് ശില്പത്തില്‍ ആഞ്ഞടിച്ചുകൊണ്ട് അയാള്‍ ആക്രോശിച്ചു, ”ഞാന്‍ യേശുക്രിസ്തുവാണ്, ഞാന്‍ മരിച്ചവരില്‍ നിന്ന് ഉയിര്‍ത്തെഴുന്നേറ്റു.” മറിയത്തിന്റെ കൈയ്ക്കും മൂക്കിനും കണ്‍പീലികള്‍ക്കും ആക്രമണത്തില്‍ സാരമായ കേടുപറ്റി. താഴെ ചിതറി വീണ മാര്‍ബിള്‍ കഷണങ്ങള്‍ സന്ദര്‍ശകര്‍ പെറുക്കിക്കൊണ്ടു പോകുകയും ചെയ്തു. ഇപ്പോള്‍ സെന്റ് പീറ്റേഴ്‌സിന്റെ മുഖ്യകവാടത്തിനു തൊട്ടരികിലാണ് പിയെത്തയുടെ സ്ഥാനം. വെടിയുണ്ട കടക്കാത്ത ചില്ലുപാളികള്‍കൊണ്ട് ശില്പം സംരക്ഷിച്ചിരിക്കുന്നു.


Related Articles

പ്രണയകുടീരമായി മാറിയ അല്‍കൊബാക മൊണാസ്ട്രി

മധ്യ പോര്‍ച്ചുഗലിലെ അല്‍കൊബാകയിലെ പുരാതന സന്യാസആശ്രമമാണ് അല്‍കൊബാക മൊണാസ്ട്രി. പോര്‍ച്ചുഗിസ് രാജവാഴ്ചയുമായി അഭേദ്യബന്ധമാണ് ഈ ആശ്രമത്തിനുള്ളത്. 12, 13 നൂറ്റാണ്ടുകളില്‍ യൂറോപ്പിലാകമാനം മൊണാസ്ട്രികളുടെ സ്വാധീനം ഏറെ പ്രകടമായിരുന്നു.

ഇതത്ര ചെറിയ പുഷ്പമല്ല

ഫാ. ജോഷി മയ്യാറ്റിൽ ദൈവവിളിതിരിച്ചറിയലിന് കൂട്ടുപിടിക്കാവുന്ന ഒരു വിശുദ്ധയാണ് വി. കൊച്ചുത്രേസ്യ! സന്ന്യാസിനിയാകാനുള്ള തന്റെ ദൈവവിളി തിരിച്ചറിയാന്‍ വളരെ ചെറുപ്രായത്തില്‍ത്തന്നെ കൊച്ചുത്രേസ്യയ്ക്കു കഴിഞ്ഞു. എങ്കിലും ആത്യന്തികമായ സ്വന്തം

പഞ്ചക്ഷതധാരികളായ വിശുദ്ധര്‍

പീഡാസഹനവേളയില്‍ യേശു തന്റെ ശരീരത്തില്‍ വഹിച്ച പ്രധാനപ്പെട്ട അഞ്ച് മുറിവുകളാണ് പഞ്ചക്ഷതങ്ങള്‍ എന്നറിയപ്പെടുന്നത്. ഇംഗ്ലീഷില്‍ ‘സ്റ്റിഗ്മാറ്റ’ (stigmata) എന്ന പദമാണ് ഉപയോഗിക്കുന്നത്. ‘സ്റ്റിഗ്മ’ എന്ന ഗ്രീക്ക് വാക്കില്‍

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*