മോണ്‍. സെബസ്ത്യാനിയുടെ യാത്രാവിവരണങ്ങളിലെ കൊച്ചി-വെണ്ടുരുത്തി പള്ളി

മോണ്‍. സെബസ്ത്യാനിയുടെ യാത്രാവിവരണങ്ങളിലെ കൊച്ചി-വെണ്ടുരുത്തി പള്ളി


റവ. ഡോ. പീറ്റര്‍ കൊച്ചുവീട്ടില്‍

ചിരപുരാതനമായ വരാപ്പുഴ അതിരൂപതയുടെ പ്രാഗ്‌രൂപമായി 1659 ഡിസംബര്‍ 3ന് സ്ഥാപിതമായ (The Madras Catholic Directory,1887, Pg.138) മലബാര്‍ വികാരിയത്തിന്റെ പ്രഥമ വികാരി അപ്പസ്തോലിക്കയാണ് മോണ്‍. ജോസഫ് സെബസ്ത്യാനി(1623-1689). റീത്ത് മാറ്റവും ലത്തീനീകരണവും കേരളസഭയില്‍ അരങ്ങേറിയപ്പോള്‍ 1653 ജനുവരി 3ന് വലിയ ശീശ്മയായ കൂനന്‍കുരിശും അരങ്ങേറി. പഴയകൂറ്റു ക്രിസ്ത്യാനികളെ അക്കാലം മുതല്‍ ഈശോസഭാ ഭരണത്തില്‍നിന്നും വേര്‍പെടുത്തി ഇറ്റലിക്കാരായ കര്‍മ്മലീത്താ വൈദികരാല്‍ നയിക്കപ്പെടുവാന്‍ റോം നിശ്ചയിച്ചുവെന്ന് റവ. ഫാ. ഷൂര്‍ഹാമര്‍ രചിച്ച മലബാര്‍ ചര്‍ച്ച് ആന്‍ഡ് റോം എന്ന ഗ്രന്ഥം എഡിറ്റ് ചെയ്ത റവ. ഫാ. പ്ലാസിഡ് പൊടിപ്പാറ രേഖപ്പെടുത്തിയിട്ടുണ്ട്.

കേരളത്തിലെ പ്രസ്തുത കര്‍മ്മലീത്താ മിഷന്‍ ആരംഭിക്കുന്നത് സെബസ്ത്യാനിയുടെയും സംഘത്തിന്റെയും വരവോടുകൂടിയാണ്. റോമില്‍ നിന്നും 1656 ഫെബ്രുവരി 22ന് യാത്രയായ സെബസ്ത്യാനിയും കൂട്ടരും സുദീര്‍ഘവും കഷ്ടതകള്‍ നിറഞ്ഞതുമായ യാത്ര കഴിഞ്ഞ് 1657 ജനുവരി അവസാന ദിവസങ്ങളില്‍ കണ്ണൂര്‍ തുറമുഖത്ത് എത്തിചേര്‍ന്നു. അവിടെ വിശ്രമിച്ചതിനുശേഷം ജനുവരി 28-ാം തീയതി കടല്‍തീരത്തുക്കൂടെ യാത്രതുടങ്ങി; ധര്‍മ്മടം, വടകര കടന്ന്, അര്‍ദ്ധരാത്രിയില്‍ കാട്, പാടം, ചതുപ്പ് പ്രദേശങ്ങളിലൂടെ നടന്ന് കുഞ്ഞാലിയില്‍ എത്തി.  അവിടെനിന്നും കൊയിലാണ്ടി വഴി കോഴിക്കോട് വന്ന് വിശ്രമിച്ച്, തോണിയില്‍ കടല്‍മാര്‍ഗം ചാലിയം, താനൂര്‍ വഴി പൊന്നാനിയില്‍ എത്തി. വീണ്ടുമുള്ള ദിവസങ്ങളില്‍ പൊന്നാനിയില്‍ നിന്നും കടല്‍യാത്ര ചെയ്ത് ഫെബ്രുവരി 5ന് പാലയൂരില്‍ എത്തി.  തുടര്‍ന്ന് അഴിക്കോട്, പള്ളിപ്പുറം, ഞാറക്കല്‍, പറവൂര്‍ വഴി ഇടപ്പള്ളിയില്‍ എത്തിചേര്‍ന്നു (Prima Spedizione BKI, Ch, XXIV, pp 85-89; ഫാ. പാട്രിക്ക് മൂത്തേരില്‍, ഒ.സി.ഡി, പൗരസ്ത്യ ഇന്ത്യയിലേക്കുള്ള പ്രേഷിത പ്രയാണങ്ങള്‍. എത്ര സുദീര്‍ഘവും കഷ്ടതകള്‍ നിറഞ്ഞതുമായ യാത്ര, അതും കേരളത്തില്‍ മാത്രമുള്ളത്. റോമില്‍നിന്നും കണ്ണൂര്‍ വരെയുള്ള യാത്രയില്‍ സെബസ്ത്യാനിക്കും കൂട്ടര്‍ക്കും അനുഭവിക്കേണ്ടിവന്ന യാതനകള്‍ എത്ര മാത്രമെന്ന് ഈ ഗ്രന്ഥത്തിന്റെ മുന്‍ അദ്ധ്യായങ്ങളിലൂടെ കടന്നുപോകുമ്പോള്‍ വായനക്കാര്‍ക്ക് മനസ്സിലാകും!

ഇടപ്പള്ളി, കുറവിലങ്ങാട് തുടങ്ങിയ ക്രൈസ്തവ കേന്ദ്രങ്ങളില്‍ താമസിച്ച ഹ്രസ്വമായ ഒരു കാലയളവ് ഒഴിച്ചാല്‍ സെബസ്ത്യാനി തന്റെ ഒന്നാമത്തെ ദൗത്യകാലത്ത് വസിക്കുവാന്‍ തിരഞ്ഞെടുത്തത് കൊച്ചിക്കോട്ടക്ക് പുറത്ത് നദിയുടെ തീരത്തുള്ള ചെറുഭവനമായിരുന്നു. അത് മട്ടാഞ്ചേരി പള്ളിയില്‍ നിന്നും ഒന്നേകാല്‍ നാഴിക അകലെയായിരുന്നു. (Prima Spedizione bk 2, ch 4,  P103; ibid ch. 4, p.124). ഒന്നാമത്തെ യാത്രാ ദൗത്യം സമാപിക്കുമ്പോള്‍ വിശുദ്ധ ഫ്രാന്‍സിസ് സേവ്യര്‍ വസിച്ചു എന്ന പാരമ്പര്യമുള്ള മട്ടാഞ്ചേരി പള്ളിക്ക് അടുത്തുള്ള ഭവനത്തിലേക്ക് അദ്ദേഹം മാറുന്നുണ്ട് (Ibid, ch.11, p.130). സെബസ്ത്യാനിയുടെ ഈ വാസസ്ഥലവും വെണ്ടുരുത്തി ദ്വീപും വളരെ അടുത്തായിരുന്നു. ക്രമേണ സെബസ്ത്യാനി വെണ്ടുരുത്തി പള്ളിയും ജനങ്ങളുമായി ബന്ധം സ്ഥാപിച്ചിരിക്കണം. അദ്ദേഹത്തിന്റെPrima Spedizione, Seconda Spedizione എന്നീ രണ്ട് യാത്രാവിവരണങ്ങളില്‍ അങ്ങിങ്ങായി കാണുന്ന വെണ്ടുരുത്തിയെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ പ്രത്യേകമായും കൊച്ചി മട്ടാഞ്ചേരിയെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ പൊതുവായും അപഗ്രഥനം നടത്തി ചില നിരീക്ഷണങ്ങള്‍ ഇവിടെ കുറിക്കുകയാണ്. വെണ്ടുരുത്തി ഇടവക തലമുറതലമുറയായി കൈമാറുന്ന ചില പാരമ്പര്യങ്ങളിലേക്കും അതിന്റെ ചരിത്രാത്മകതയിലേക്കും ഈ പരാമര്‍ശങ്ങള്‍ വെളിച്ചം വീശുന്നുണ്ട്. അതോടൊപ്പം ലത്തീന്‍ ക്രൈസ്തവ സമുദായത്തിന്റെ ഉത്ഭവവും വളര്‍ച്ചയും കാണാവുന്നതാണ്.

1. കൊച്ചി കായലിനടുത്ത് മട്ടാഞ്ചേരിയിലുള്ള സെബസ്ത്യാനിയുടെ ചെറു ഭവനം (Prima Spedizione, Pg.103),
2. കൊച്ചി രൂപതയിലെ മാര്‍ത്തോമാ ക്രിസ്ത്യാനികള്‍ (Prima Spedizione, Pg..110),  
3. മാര്‍ത്തോമാ ക്രിസ്ത്യാനികളുടെ ചെറുകേന്ദ്രമായ വരാപ്പുഴ ദ്വീപ് (Prima Spedizione, Pg..168)
4. മാര്‍ത്തോമാ ക്രിസ്ത്യന്‍ സൈന്യം (Seconda Spedizione, Pg.59)
5. കൊച്ചി രൂപതയിലെ വെണ്ടുരുത്തി പള്ളി (Prima Spedizione, Pg..165)
6. 1657-1663 കാലഘട്ടങ്ങളില്‍ വെണ്ടുരുത്തിയിലെ പ്രധാന വികാരി (Seconda Spedizione, Pg.85)
7. വെണ്ടുരുത്തി ദ്വീപിന്റെ അധിപനായ എമ്മാനുവേല്‍ ബറേറ്റോ (Prima Spedizione, Pg..165)
8. അദ്ദേഹത്തിന്റെ മകനും വൈദികവിദ്യാര്‍ത്ഥിയുമായ ജോണ്‍ബറേറ്റോ (Prima Spedizione, Pg..168)
9. സെബസ്ത്യാനിയുടെ വെണ്ടുരുത്തി പള്ളി സന്ദര്‍ശനം (Seconda Spedizione, Pg.85)
എന്നീ ഭാഗങ്ങളാണ് ഈ ലേഖനത്തിനാധാരമായി തിരഞ്ഞെടുത്തിരിക്കുന്നത്.

1. മട്ടാഞ്ചേരിയിലുള്ള സെബസ്ത്യാനിയുടെ ചെറു ഭവനം

(Prima Spedizione, Pg.103)
അറബിക്കടലിന്റെ റാണിയായ കൊച്ചിയോട് ചേര്‍ന്നുകിടക്കുന്ന ദ്വീപാണ് വെണ്ടുരുത്തി. കൊച്ചി കായല്‍ അതിനു ചുറ്റും ഒഴുകിയിരുന്നു. ഇപ്പോള്‍ എറണാകുളം, വെണ്ടുരുത്തി, മട്ടാഞ്ചേരി പാലങ്ങള്‍ വഴി ഈ ദ്വീപ്, 1920ല്‍ റോബര്‍ട്ട് ബ്രിസ്റ്റോ കൊച്ചി കായല്‍ നികത്തിയെടുത്ത വില്ലിങ്ങ്ടന്‍ ദ്വീപുമായി ഒന്നായി കിടക്കുന്നു (കൊച്ചിരാജ്യ ചരിത്രം പേജ്. 845). കൊച്ചി തുറമുഖത്തിന്റെ സിരാകേന്ദ്രമാണ് വെണ്ടുരുത്തി വില്ലിങ്ങ്ടന്‍ ദ്വീപ്. നാവികസേനാ താവളവും അവിടെ സ്ഥിതിചെയ്യുന്നു. ആദി ചേര രാജ്യത്തിലെ (300 ആഇ  അ.ഉ.300) പ്രധാനപ്പെട്ട ഒരു വാണിജ്യപാത പുരാതനകാലം മുതല്‍ വെണ്ടുരുത്തിയെ സ്പര്‍ശിച്ച് കടന്നുപോകുന്നുണ്ട്. അതാണ് പെരുമ്പളം – വടക്കന്‍ പറവൂര്‍ ജലപാത. ക്രിസ്തുവിനുമുന്‍പ് നാലാം നൂറ്റാണ്ടില്‍ മെഗസ്തനീസ് തന്റെ ഇന്‍ഡിക്കയില്‍ പറഞ്ഞിട്ടുള്ള ചാര്‍മേ എന്ന തുറമുഖമാവാന്‍ സാധ്യതയുള്ള  ഭൂവിഭാഗമാണ് പെരുമ്പളം കായല്‍ (ഡോണ്‍ബോസ്‌കോ, മുസ്സിരിസ്സിന്റെ കാല്‍പാടുകളിലൂടെ Pg 58, 60, 111). പൂത്തോട്ട, ഉദയംപേരൂര്‍, പൂണിത്തറ, ചെമ്പുമുക്ക്, ഇടപ്പള്ളി, ചേരാനല്ലൂര്‍ വഴി വരാപ്പുഴയില്‍ എത്തുന്ന ഒരു അകം വാണിജ്യപാതയും, മുന്‍പറഞ്ഞ പെരുമ്പളം, കുമ്പളം, കൊച്ചി കായല്‍ വഴി വടക്കന്‍ പറവൂര്‍ എത്തുന്ന ഒരുപുറം വാണിജ്യപാതയും ചാര്‍മേയില്‍ (പെരുമ്പളം) നിന്ന് കൊടുങ്ങല്ലൂര്‍ മുസ്സരിസ് തുറമുഖത്തേക്ക് പ്രവര്‍ത്തന സജീവമായിരുന്നു. അകം വാണിജ്യപാതയെ ഇടപ്പള്ളി തോട് എന്നു വിളിക്കുന്നു. അറബികടലില്‍ നിന്നും വെണ്ടുരുത്തിയുടെ ഇടത്തേക്കും വലത്തേക്കും തിരിഞ്ഞ്  പെരുമ്പളത്തേക്കും കൊടുങ്ങല്ലൂരിലേക്കും ജലവാഹനങ്ങള്‍ക്ക് പ്രവേശിക്കുവാന്‍ സാധിച്ചിരുന്നു. പെരുമ്പളം – വടക്കന്‍ പറവൂര്‍ ജലപാതയിലുള്ള കുമ്പളം ദ്വീപില്‍ നിന്നും ലഭിച്ചിട്ടുള്ള റോമന്‍ സ്വര്‍ണ്ണ നാണയങ്ങള്‍ കുരുമുളകു വ്യാപാരത്തില്‍ ഈ ദ്വീപുകള്‍ക്ക്  ഉണ്ടായിരുന്ന വലിയ സാദ്ധ്യതകളിലേക്ക് വിരല്‍ ചൂണ്ടുന്നു (മുസിരീസ്സിന്റെ കാല്‍പാടുകളിലൂടെ, പേജ് 29, 31). സെബസ്ത്യാനി കേരളത്തിലായിരുന്നപ്പോള്‍ താമസിച്ചിരുന്നത് കൊടുങ്ങല്ലൂരിലേക്കുള്ള പുറം  വാണിജ്യപാതയില്‍ കൊച്ചികായലിന് സമീപത്തുള്ള ചെറുഭവനത്തിലായിരുന്നു. കേരളം അക്കാലത്ത് വലുതും ചെറുതുമായ ദ്വീപുകളാലും മനോഹരമായ നദികളാലും വിഭജിക്കപ്പെട്ടിരുന്നു (Prima Spedizione, Pg.103). അവയില്‍ ഒരു ദ്വീപാണ് ഏകദേശം രണ്ടു സ്‌ക്വയര്‍ മൈല്‍ വലിപ്പമുള്ള വെണ്ടുരുത്തി (Cochin State Manual, p. 380). മട്ടാഞ്ചേരി ആകട്ടെ കൊച്ചി രാജ്യത്തിന്റെ ആദ്യ തലസ്ഥാനവും വാണിജ്യ ആസ്ഥാനവും ആയിരുന്നു. ഇവിടെ സ്ഥിതി ചെയ്തിരുന്ന സെബസ്ത്യാനിയുടെ ഭവനം മലമ്പ്രദേശത്ത് ചിതറിക്കിടക്കുന്ന (Jordanus, TheWonders of the Etsa.t r; ¿ Yule, London, 1863, p.23) ക്രൈസ്തവര്‍ക്ക് അദ്ദേഹത്തെ വളരെ എളുപ്പത്തില്‍ സന്ദര്‍ശിക്കുവാന്‍ നദികളിലൂടെ യാത്ര ചെയ്ത് വരാന്‍ കഴിയുന്ന സൗകര്യം ഉള്ളത് ആയിരുന്നു. സെബസ്ത്യാനിക്കും അക്കാലത്തെ മലബാറിലുള്ള ക്രിസ്ത്യാനികളുടെ ആവാസകേന്ദ്രങ്ങളിലേക്ക് കൊച്ചിയില്‍ നിന്ന് മുകളില്‍ പറഞ്ഞ വാണിജ്യപാതയിലൂടെ യാത്ര ചെയ്ത് എത്താന്‍ കഴിയുമായിരുന്നു. 1657 ജനുവരി മുതല്‍ 1658 ജനുവരി വരെയുള്ള തന്റെ ഒന്നാം യാത്രക്കും, 1661 മെയ് 14 മുതല്‍ 1663 ഫെബ്രുവരി 14 വരെയുള്ള തന്റെ രണ്ടാം യാത്രക്കും ഇടയ്ക്കുള്ള കാലഘട്ടമാണ് സെബസ്ത്യാനിയുടെ കേരള വാസം. അക്കാലത്തെ മാര്‍ത്തോമ ക്രിസ്ത്യാനികളെ റോമുമായി അനുരഞ്ജനപ്പെടുത്താന്‍ കൊച്ചി കേന്ദ്രീകൃതമായി മട്ടാഞ്ചേരി വെണ്ടുരുത്തിയിലൂടെ കുമ്പളം, പെരുമ്പളം, പള്ളിപ്പുറം, മുട്ടം, കടത്തുരുത്തി, കുറവിലങ്ങാട് പ്രദേശങ്ങളിലേക്ക് തെക്ക് കിഴക്കോട്ടും, ആലങ്ങാട്, പറവൂര്‍, ചേന്ദമംഗലം, അകപ്പറമ്പ്, അങ്കമാലി, ചൊവ്വര, മലയാറ്റൂര്‍ എന്നീ പ്രദേശങ്ങളിലേക്ക് വടക്ക് കിഴക്കോട്ടും എത്രയോ പ്രാവശ്യം ത്യാഗവര്യനായ ഈ കര്‍മ്മലീത്താ മിഷണറി സഞ്ചരിച്ചുവെന്ന് തന്റെ രണ്ടു യാത്രാ വിവരണങ്ങളില്‍ അതിനായി മാറ്റിവച്ചിരിക്കുന്ന നിരവധി പേജുകള്‍ സാക്ഷ്യപ്പെടുത്തുന്നു.

2. കൊച്ചി രൂപതയിലെ മാര്‍ത്തോമാ ക്രിസ്ത്യാനികള്‍

(Prima Spedizione, Pg.110) മൂവാറ്റുപുഴ, മീനച്ചില്‍, മണിമല, പമ്പ എന്നീ ആറുകളിലൂടെ ഒഴുകിവരുന്ന ജലവും എക്കലും കടലിലേക്കെത്തുന്ന പ്രധാനപ്പെട്ട വഴിയാണ് കൊച്ചി അഴി. പെരിയാറും ചാലക്കുടിപ്പുഴയും ഒഴുകി യഥാക്രമം വരാപ്പുഴ കായലിലും കൊടുങ്ങല്ലൂര്‍ കായലിലും എത്തുന്നു. പ്രധാനപെട്ട ഈ നദികള്‍ കടലില്‍ സന്ധിക്കുന്നതിന് തൊട്ടുമുമ്പുള്ള വിസ്തൃതമായ ഈ ഭൂപ്രദേശങ്ങള്‍ പല വര്‍ഷങ്ങളിലും വെള്ളപ്പൊക്ക സാധ്യത നിലനിര്‍ത്തുന്നു. 1341ല്‍ ഇപ്രകാരമുണ്ടായ മഹാപ്രളയമാണ് സമ്പല്‍സമൃദ്ധിയുടെ അടയാളമായ കൊടുങ്ങല്ലൂര്‍ മുസ്സരിസിന്റെ ക്ഷയത്തിനും കൊച്ചി തുറമുഖത്തിന്റെ ഉത്ഭവത്തിനും കാരണമായത്. അതേത്തുടര്‍ന്ന് 1405 മുതല്‍ കൊച്ചി രാജാക്കന്മാരുടെ ആസ്ഥാനം മട്ടാഞ്ചേരിയായി മാറി. കൊടുങ്ങല്ലൂര്‍, പാലയൂര്‍, പറവൂര്‍ എന്നീ പ്രദേശങ്ങള്‍ ആദ്യ ക്രൈസ്തവ കേന്ദ്രങ്ങളാണ്. ഇവിടെ നിന്നും എ.ഡി. മൂന്നാം നൂറ്റാണ്ടില്‍ തന്നെ ക്രൈസ്തവര്‍ കേരളത്തിന്റെ ഉള്‍നാടന്‍ പ്രദേശങ്ങളിലേക്ക് മാറി താമസിക്കുന്നതിന്റെ തെളിവാണ് 300-ാം ആണ്ടില്‍ സ്ഥാപിതമായെന്ന് കരുതുന്ന പെരുമ്പളത്തിനടുത്തുള്ള പുരാതന പള്ളിപ്പുറം പള്ളി. 510ല്‍ ഉദയമ്പേരൂര്‍, 593ല്‍ ഇടപ്പള്ളി, 1175ല്‍ തൃപ്പൂണിത്തറ, 1300ല്‍ ആലങ്ങാട്, 1341ല്‍ ഞാറക്കല്‍ എന്നീ പള്ളികളുട (പയസ് മലേക്കണ്ടത്തില്‍, ജൊര്‍ണാദ, പേജ് XLIII) സ്ഥാപന വര്‍ഷങ്ങള്‍ ഈ കുടിയേറ്റത്തെ സ്ഥാപിക്കാന്‍ പര്യാപ്തമായ തെളിവുകളാണ്. കൊച്ചി, മട്ടാഞ്ചേരി, പള്ളുരുത്തി  ഭാഗങ്ങളിലും പൂര്‍വ്വ ക്രൈസ്തവ ദൈവാലയങ്ങള്‍ ഉണ്ടായിരുന്നു. മേല്‍ പ്രസ്താവിച്ച ഭൂവിഭാഗങ്ങളെല്ലാം ഒരുമിച്ച് കൂട്ടിയാല്‍ ഒരു വലിയ ക്രൈസ്തവ ക്ലസ്റ്റര്‍ ലഭിക്കുന്നു. ഈ അധിവാസ സ്ഥാനങ്ങളാകട്ടെ മുകളില്‍ പറഞ്ഞിട്ടുള്ള മുസ്സരിസിലേക്കുള്ള അകം പുറം വാണിജ്യ ജലപാതകള്‍ക്ക് ഇരുവശങ്ങളിലുമായി സ്ഥിതി ചെയ്യുന്നു. ഇതിന്റെ കേന്ദ്ര ബിന്ദു കൊച്ചിയായി ക്രമേണ വളരുന്നു. അവിടെയാണ് കൊച്ചി രാജാവിന്റെ ആസ്ഥാനം. ഈ ക്രൈസ്തവ ആവാസ കേന്ദ്രങ്ങളില്‍ നിന്നുള്ള അക്കാലത്തെ എല്ലാ പാതകളും തുറമുഖം കേന്ദ്രമായ കൊച്ചിയിലേക്ക് നീണ്ടുകിടക്കുന്നു. ഭരണം, വാണിജ്യം തുടങ്ങി എല്ലാറ്റിന്റെയും കേന്ദ്രം കൊച്ചി മട്ടാഞ്ചേരിയായി മാറുന്നു. അധികം താമസിയാതെ മതകേന്ദ്രവും കൊച്ചിയായി മാറും.

3. മാര്‍ത്തോമാ ക്രിസ്ത്യാനികളുടെ ചെറുകേന്ദ്രമായ വരാപ്പുഴ ദ്വീപ്

(Prima Spedizione, Pg.168) സെബസ്ത്യാനി തന്റെ പ്രഥമ ദൗത്യം അവസാനിപ്പിച്ച് 1658ല്‍ ഈ പുറം വാണിജ്യപാതയിലൂടെ കടന്ന് റോമിലേക്ക് പോകുമ്പോള്‍ തോമാ ക്രിസ്ത്യാനികളുടെ ഒരു ചെറിയ സമൂഹത്തിന്റെ ആസ്ഥാനമായ വരാപ്പുഴക്കരികെയാണ് പോകുന്നത് എന്ന് പരാമര്‍ശിക്കുന്നുണ്ട് (Prima Spedizione, Pg.168). ഇത് ഒരു ഒറ്റപ്പെട്ട പരാമര്‍ശമായി കരുതരുത്. മുകളില്‍ പറഞ്ഞ ക്രൈസ്തവ ക്ലസ്റ്ററില്‍ ഇതുപോലെയുള്ള ചെറിയചെറിയ പൂര്‍വ്വ ക്രൈസ്തവസമൂഹങ്ങള്‍ ജീവിക്കുന്നുണ്ടായിരുന്നു. ഈ ആവാസകേന്ദ്രങ്ങളിലാണ് പുരാതന കൊച്ചി രൂപതയുടെയും അവിഭക്ത വരാപ്പുഴ അതിരൂപതയുടെയും ക്രൈസ്തവ കൂട്ടായ്മകള്‍ കാണപ്പെടുന്നത്. 1549ല്‍ വിശുദ്ധ ഫ്രാന്‍സിസ് സേവ്യര്‍ കൊടുങ്ങല്ലൂരിനു ചുറ്റും കണ്ട പൂര്‍വ്വ ക്രൈസ്തവരുടെ (ഷൂര്‍ഹാമര്‍, മലബാര്‍ ചര്‍ച്ച് ആന്‍ഡ് റോം, പേജ് 35) 60 ഗ്രാമങ്ങള്‍ നേരത്തെ പറഞ്ഞ ക്രൈസ്തവ ക്ലസ്റ്ററിന്റെ മറ്റൊരു ഭാഗമാണ്. അതാണ് ഇന്നത്തെ കോട്ടപ്പുറം രൂപത. കൊച്ചിക്ക് തെക്കും ചുറ്റുപാടും മാര്‍ത്തോമ ക്രിസ്ത്യാനികള്‍ ഉണ്ടായിരുന്നു, ഉദാഹരണമായി മുണ്ടംവേലി, അരൂര്‍, ചന്തിരൂര്‍, വെട്ടക്കല്‍, തങ്കി, പൂങ്കാവ്. കൊച്ചി രൂപതയിലെ ചില മാര്‍ത്തോമാ ക്രിസ്ത്യാനികളായ ഉതുപ്പ് മാപ്പിളയും കുഞ്ഞൗരായും മറ്റും സെബസ്ത്യാനിയുടെ സഹായികളായിരുന്നു എന്ന് അദ്ദേഹം രേഖപ്പെടുത്തുന്നു. അവര്‍ പ്രമാണികളും പക്വമതികളുമായിരുന്നു. കൂനന്‍ കുരിശിന് നേതൃത്വം കൊടുത്ത ആര്‍ച്ച്ഡീക്കനെപ്പോലും സ്വാധീനിക്കാന്‍ അവര്‍ക്ക് കഴിവുണ്ടായിരുന്നു. റോമ സഭയോട് എതിര്‍ത്തു നിന്നിരുന്ന പറവൂറിലെ ഒരു യുവാവിനെ ഇവരുടെ നേതൃത്വത്തില്‍ മാനസാന്തരപ്പെടുത്തി ഐക്യത്തിലേക്ക് കൊണ്ടുവന്ന സംഭവം സെബസ്ത്യാനി വിവരിക്കുന്നു. 1341 വരെയുള്ള കാലങ്ങളില്‍ ക്രൈസ്തവര്‍ കൊച്ചിയുടെ ചുറ്റുപാടും എങ്ങനെ വ്യാപിച്ചു എന്ന് മുകളില്‍ സൂചിപ്പിച്ചുവല്ലോ. 1405ല്‍ പെരുമ്പടപ്പ് സ്വരൂപത്തിന്റെ ആസ്ഥാനം കൊച്ചി ആകുന്നതോടുകൂടി ഈ ക്രൈസ്തവ വ്യാപനം ത്വരിതഗതിയിലായി. മാര്‍ത്തോമാ ക്രിസ്ത്യാനികള്‍ സമര്‍ത്ഥരായ പടയാളികളായിരുന്നു. കൊച്ചി രാജാവിന്റെ വിശ്വസ്തരായ സേവകരുമായിരുന്നു. സാമൂതിരിയുടെ തുടരെതുടരെയുള്ള ആക്രമണങ്ങളില്‍ കൊച്ചി രാജ്യത്തെ നിരവധി പ്രാവശ്യം അവര്‍ സംരക്ഷിക്കുകയും സഹായിക്കുകയും ചെയ്തിരുന്നു. കോഴിക്കോടന്‍ സൈന്യം കൊച്ചി രാജ്യത്തെ അക്രമിച്ചിരുന്നത് മൂന്നു വഴികളിലൂടെ ആയിരുന്നു: പടിഞ്ഞാറ് കടല്‍ മാര്‍ഗം, വടക്ക് നിന്നും കൊച്ചി കായലിലൂടെ വെണ്ടുരുത്തി വഴി, ഇടപ്പള്ളി തോടിലൂടെ കുമ്പളം ഇടകൊച്ചി വഴി. മേല്‍പറഞ്ഞ സ്ഥലങ്ങളിലെല്ലാം യുദ്ധവീരന്മാരായ ഈ ക്രിസ്ത്യന്‍ സമൂഹം കുടിയേറിപാര്‍ക്കുകയും യുദ്ധം, കാവല്‍, കൃഷി, കച്ചവടം തുടങ്ങി ജീവിത മാര്‍ഗങ്ങളില്‍ ഏര്‍പെട്ട് ജീവിക്കുകയും ചെയ്തിരുന്നു. അന്തോണി പാദുവ തന്റെ ‘ജാതി വിഷയം’ (Pg14) എന്ന ചെറുഗ്രന്ഥത്തില്‍ അ രീാുലശേശേീി ഋമൈ്യ ആമഹഹമൃറ ജൃശ്വല എന്ന സുറിയാനി ക്രിസ്ത്യാനി ചരിത്രത്തില്‍ നിന്ന് ഒരുഭാഗം താഴെ പറയും വിധം ഉദ്ധരിക്കുന്നു:  ‘കാനായി തോമ അങ്കമാലി കരയിലും അതിനു സമീപമായ വടക്കേ ദേശങ്ങളിലും പാര്‍പ്പിച്ചിരുന്ന തന്റെ അനന്തരവരും അവരില്‍ നിന്നുള്ള ക്രിസ്ത്യാനി ജനങ്ങളും ഒട്ടു കാലങ്ങള്‍ ചെന്നശേഷം പീഡയും ഉപദ്രവും നിമിത്തം കുടി പുറപ്പെട്ട് തെക്കന്‍ ദേശമായ കൊച്ചിയില്‍ വന്ന് താമസിച്ചു.” ഫാദര്‍ പ്ലാസിഡ് പൊടിപ്പാറയെ പോലുള്ള സിറിയന്‍ ചരിത്രകാരന്മാരും മട്ടാഞ്ചേരിയിലും പരിസരങ്ങളിലും പൂര്‍വ്വ ക്രൈസ്തവരുടെ വലിയ സമൂഹം ജീവിച്ചിരുന്നതായി സ്ഥിരീകരിക്കുന്നുണ്ട് A competition Essay Ballard Prize. പതിനഞ്ചാം നൂറ്റാണ്ടിന്റെ അവസാനത്തില്‍, അതായത് പോര്‍ട്ടുഗീസ് ആഗമനത്തിന് തൊട്ടുമുന്‍പ്, സാമൂതിരിയും മുസ്ലീങ്ങളും ഒരു പക്ഷത്തും കൊച്ചി രാജാവ് മറുപക്ഷത്തും നിന്ന് ചെയ്ത യുദ്ധത്തെ കുറിച്ച് പയസ് മലേക്കണ്ടത്തില്‍, ജോര്‍ണാദ XLVIÂ പരാമര്‍ശിക്കുന്നുണ്ട്. പരാജിതനായ കൊച്ചി രാജാവിനോടുള്ള സാമൂതിരിയുടെ ഒരു നിബന്ധന കൊച്ചിയിലെ വാണിജ്യ മേഖലകളില്‍ നിന്നും നസ്രാണി ക്രിസ്ത്യാനികളെ പുറത്താക്കണമെന്നും  ആധിപത്യം മുസ്ലീങ്ങള്‍ക്ക് നല്കണമെന്നുമാണ്. പോര്‍ട്ടുഗീസുകാരുടെ വരവിനുമുന്‍പുതന്നെ കൊച്ചിയില്‍ ഒരു ക്രിസ്ത്യന്‍ വാണിജ്യ സംഘം (Merchant Guild) കൊറാന്‍ എന്ന പേരില്‍ ഉണ്ടായിരുന്നതായി രേഖകളുണ്ട് (പയസ് മലേക്കണ്ടത്തില്‍ PP     XLVI  XLVII). കൊച്ചിയിലും പരിസര പ്രദേശങ്ങളിലും പ്രബലരും പ്രമാണികളുമായ ധാരാളം പൂര്‍വ്വ ക്രൈസ്തവര്‍ പോര്‍ട്ടുഗീസ് ആഗമനത്തിനു മുന്‍പേ ഉണ്ടായിരുന്നതായിട്ടാണ് ഇതെല്ലാം സ്ഥിരീകരിക്കുന്നത്.

4. മാര്‍ത്തോമാ ക്രിസ്ത്യന്‍ സൈന്യം

(Seconda Spedizione, Pg. 59) എഡി 1500 ഡിസംബര്‍ 24നാണ് കൊച്ചിയില്‍ പോര്‍ട്ടുഗീസുകാര്‍ കാല്‍കുത്തുന്നത്. പോര്‍ട്ടുഗീസുകാരുടെ വരവോടുകൂടി കൊച്ചി അവരുടെ ആധിപത്യത്തിലായതുപോലെ വെണ്ടുരുത്തിയുടെയും അധിപന്മാര്‍ അവരായിത്തീര്‍ന്നു. വെണ്ടുരുത്തി ദ്വീപില്‍ പൂര്‍വ്വ ക്രൈസ്തവരായ പടയാളികള്‍ കൊച്ചിരാജ്യത്തിനും പോര്‍ട്ടുഗീസുകാര്‍ക്കും സഹായികളായി കാവലിലും യുദ്ധത്തിലും ഏര്‍പ്പെടുന്നത് തുടര്‍ന്നു. വെണ്ടുരുത്തി കപ്പിത്താന്‍ എന്ന സ്ഥാനപേരോടുകൂടി തലമുറകളായി പ്രഭുക്കന്മാര്‍ അവിടെ വാണിരുന്നു.  ഗാസ്പര്‍ കൊറയ, ലെന്താസ് ദ ഇന്ത്യ 2, പേജ് 488ല്‍ എഴുതുന്നു: 1516-ല്‍ പോര്‍ട്ടുഗീസുകാര്‍ ആദെന്‍ ദേശത്ത് യുദ്ധത്തിനു പോകുമ്പോള്‍ 800 മലയാളികളെ അവരുടെ കപ്പിത്താനായ ദിയാഗൊപെരേരയോടൊപ്പം കൊണ്ടുപോകുന്നുണ്ട്. ഇയാള്‍ മലയാളിയായിരുന്നു (Homens Malr Capitao de Oitocentos homens Malres), ഈ ദിയാഗൊ പെരേരയെക്കുറിച്ച് ഫാ. ഷൂര്‍ഹാമര്‍ തന്റെ Malabar Church and Rome പേജ് 13-ല്‍ പരാമര്‍ശിക്കുന്നുണ്ട്. കേരള ക്രൈസ്തവരുടെ അന്നത്തെ മെത്രാനായ മാര്‍ അബൂനാ യാക്കോബ് 1523-ല്‍ പോര്‍ട്ടുഗല്‍ രാജാവ് ജോണ്‍ തൃതീയന് എഴുതിയ കത്താണ് ഇതിന് ആധാരം. അബൂനാ യാക്കോബ് തന്റെ ക്രൈസ്തവരെ കൊച്ചിയിലെ കോട്ടയില്‍ കൊണ്ടുപോകുകയും അവിടെയുള്ള പ്രഭുവംശജനായ ദിയാഗോ പെരേര ഉള്‍പ്പെടെ ഉദ്യോഗസ്ഥരെ പരിചയപ്പെടുത്തുകയും ചെയ്യുന്നു. ഈ ദിയാഗൊ പെരേര വെണ്ടുരുത്തി പ്രഭുവാണെന്നും ഷൂര്‍ഹാമര്‍ പറയുന്നു (ഷൂര്‍ഹാമര്‍, Quellen 358). വെണ്ടുരുത്തി ദ്വീപും പോര്‍ട്ടുഗീസ് കൊച്ചിയുടെ ഭാഗമായിരുന്നതുകൊണ്ട് സൈനികവും മതപരവും വാണിജ്യപരവുമായ കാര്യങ്ങളെക്കുറിച്ച് പ്രതിപാദിക്കുമ്പോള്‍ പലപ്പോഴും അവയെല്ലാം കൊച്ചി എന്ന പൊതുനാമത്തിലാണ് ആദ്യകാല രേഖകളില്‍ നാം കാണുന്നത്. വെണ്ടുരുത്തി-കൊച്ചി എന്ന വേര്‍തിരിവ് പലപ്പോഴും പ്രകടമല്ല. ഉദാഹരണമായി, 1504-ല്‍ 300 നാട്ടുക്രിസ്ത്യാനികളുടെ ഒരു സൈന്യവും യൂറോപ്യന്‍ പട്ടാളത്തോടു ചേര്‍ന്ന് സാമൂതിരിയെ പരാജയപ്പെടുത്തി (Cochin State Manual, p.71). ഗോവ പിടിക്കാന്‍ 1510-ല്‍ 200 മലയാളി പടയാളികളെ കൊണ്ടു പോയി (ബ്ര. ലെയോപോള്‍ഡ് ടി.ഒ.സി.ഡി. കേരളത്തിലെ ലത്തീന്‍ ക്രിസ്ത്യാനികള്‍, പേജ് 69). 1515ല്‍ കൊച്ചിയില്‍ നിന്നും ഓര്‍മൂസ് ദേശത്ത് യുദ്ധത്തിനായി 800 മലയാളിയോദ്ധാക്കള്‍ പോകുന്നു, അവര്‍ മാന്യജനങ്ങള്‍ ആയിരുന്നു (gestn limpa), അവര്‍ ക്രിസ്ത്യാനികള്‍ ആയിരുന്നു. അവര്‍ക്ക് രണ്ട് ക്രിസ്ത്യന്‍ കപ്പിത്താന്‍മാര്‍ ഉണ്ടായിരുന്നു എന്നൊക്കെ Lendas da India 2, Pg XLVII പറയുന്നു. കൊളംബൊ ദേശം പിടിക്കാന്‍ 200 മലയാളികളെ അവരുടെ കപ്പിത്താനോടുകൂടെ കൊണ്ടുപോയി (Lendas da India, p.510).  സാമൂതിരിക്കെതിരെ 1525-ല്‍ കൊച്ചിയില്‍നിന്നും 800 ക്രിസ്ത്യന്‍ ഭടന്മാരെ കൊണ്ടുപോയി (Ibid.p.94). 1530ല്‍ ഗോവയിലും മറ്റുള്ള സ്ഥലങ്ങളിലും രണ്ടു കപ്പിത്താന്‍മാരോടു കൂടി യുദ്ധത്തിനായി 800 ക്രിസ്ത്യാനികളെ നിയമിച്ചു (കേരളത്തിലെ ലത്തീന്‍ ക്രിസ്ത്യാനികള്‍ പേജ് 70). 1571ല്‍ കൊച്ചിക്കാരനായ ഒരു നാട്ടുക്രിസ്ത്യാനി അന്തോണിയോ ഫെര്‍ണാണ്ടസ് ചാലെ യുദ്ധത്തില്‍ മരണമടഞ്ഞപ്പോള്‍ ഗോവയില്‍ രാഷ്ട്രബഹുമതിയോടെ സംസ്‌ക്കരിക്കപ്പെട്ടു (Cochin State Manual, p.68 ). 1599 ഉദയംപേരൂര്‍ സൂനഹദോസാനന്തരം മെനേസിസ് മെത്രാപ്പോലീത്ത ഗോവയിലേക്ക് പോയപ്പോള്‍, കൊച്ചിയില്‍നിന്നും മാര്‍ത്തോമാ ക്രിസ്ത്യാനികളെയും രണ്ടു കപ്പിത്താന്മാരെയും യുദ്ധത്തിനു കൊണ്ടുപോകുന്നുണ്ട് (പയസ് മലേക്കണ്ടത്തില്‍, ജൊര്‍ണാദ, പേജ് 476-477).

5. കൊച്ചി രൂപതയിലെ വെണ്ടുരുത്തി പള്ളി

(Prima Spedizione, Pg.165) എഡി 1500 ഡിസംബര്‍ 24ന് പെദ്രോ അല്‍വാരസ് കബ്രാളിന്റെ നാവികസംഘം കൊച്ചിയില്‍ വന്നിറങ്ങി.  എഡി 1502ല്‍ വാസ്‌ക്കോഡിഗാമയുടെ രണ്ടാംവരവില്‍  പ്രബലരായ ഒരു ക്രൈസ്തവസംഘം (30,000 പേരോളം ഉള്ള സംഘത്തിന്റെ പ്രതിനിധികള്‍) പോര്‍ട്ടുഗീസ് സംരക്ഷണം ആവശ്യപ്പെടുന്നതോടുകൂടി മലബാറിലെ ക്രൈസ്തവരുടെ ചരിത്രത്തില്‍ പുതിയ ചക്രവാളങ്ങള്‍ തുറക്കുകയായി. പിന്നീടങ്ങോട്ടു വന്നുകൊണ്ടിരുന്ന പോര്‍ട്ടുഗീസ് നാവികമേധാവികളോടൊപ്പം വിവിധ സന്ന്യാസസഭകളിലെ മിഷണറിമാരും കേരളത്തിലെത്തുകയുണ്ടായി. ഫ്രാന്‍സിസ്‌ക്കന്‍ സഭയിലെ മിഷണറിമാരായിരുന്നു കുറെ നാളത്തേക്ക് ഈ വേദപ്രചാരണ വേലക്ക് നേതൃത്വം കൊടുത്തുകൊണ്ടിരുന്നത്. 1503 /1504 വര്‍ഷങ്ങളില്‍  കേരള ക്രൈസ്തവരുടെ മേലദ്ധ്യക്ഷനായ അബൂനയാക്കോബ് മെത്രാനും തന്റെ സഭയില്‍ ശുശ്രൂഷ ചെയ്യാന്‍ തുടങ്ങി. തന്റെ അജഗണങ്ങളുടെ ആത്മീയ-ഭൗതിക ശോചനീയാവസ്ഥ മനസ്സിലാക്കിയ അദ്ദേഹം പോര്‍ട്ടുഗീസ് അധികാരികളോടും മിഷണറിമാരോടും ഗാഢമായ ബന്ധം പുലര്‍ത്തി, തന്റെ സഭയില്‍ ഈ ജനത്തെ പഠിപ്പിക്കുവാനും കൂദാശകള്‍ പരികര്‍മ്മം ചെയ്യാനും, കുരുമുളക് കച്ചവടം നടത്താനും അക്കാലത്തെ  മിഷണറിമാരെയും പോര്‍ട്ടുഗീസുകാരെയും  പ്രേരിപ്പിക്കുകയുണ്ടായി. ബാഹ്യവും ആന്തരികവുമായ നിര്‍ബന്ധത്തിനു വഴങ്ങി,  മാര്‍ അബൂനാ യാക്കോബ് ലത്തീന്‍ റീത്തിനെ ആശ്ലേഷിക്കുകയുണ്ടായി (പയസ് മലേക്കണ്ടത്തില്‍ ജൊര്‍ണാദ, p.XLVIII). മറുവശത്ത് അന്നവിടെ ഉണ്ടായിരുന്ന മറ്റൊരു കല്‍ദായ മെത്രാനായ മാര്‍ ദെന്‍ഹ ലത്തീനീകരണത്തിനെതിരെ നിലകൊണ്ടു. ഒന്നായിരുന്ന ക്രിസ്തീയ സമൂഹം വിഭജിക്കപ്പെടാനുള്ള ആദ്യകാരണം ഇവിടെ കാണാവുന്നതാണ്. ആദ്യവിഭാഗത്തെ പില്‍ക്കാലങ്ങളില്‍ ലത്തീന്‍കാര്‍ എന്നും മറുഭാഗത്തെ സുറിയാനിക്കാര്‍ എന്നും അഭിസംബോധന ചെയ്യാന്‍ ഇതു കാരണമായി. മുമ്പ് സൂചിപ്പിച്ചിട്ടുള്ളതുപോലെ, ഈ ചരിത്രമെല്ലാം വ്യക്തമാക്കുന്ന അതിവിശിഷ്ടമായ ഒരു ചെറു ചരിത്രഗ്രന്ഥമാണ് സുപ്രസിദ്ധ സഭാചരിത്രപണ്ഡിതനായ റവ. ഫാ. ഷുര്‍ഹാമര്‍ എസ്.ജെ. രചിച്ച് റവ. ഫാ. പ്ലാസിഡ് പൊടിപ്പാറ എഡിറ്റ് ചെയ്ത് 1934ല്‍ റോമില്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ള ‘The Malabar Church and Rome: During the Early Portug uese Period and Before’ എന്ന പഠനം. മേല്‍ സൂചിപ്പിച്ച ലത്തീനീകരണത്തിന്റെ ഉന്നതാവസ്ഥ ആ ഗ്രന്ഥം പേജ് 19-ല്‍ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു:‘These Chrtsiians are dÈded; part of them cling to their Syrian rite. part of them accept the Latin rite at the itsnance of Mar Jacob and his Franciscan helpers’ (ഒരു ഭാഗം ക്രൈസ്തവര്‍ സിറിയന്‍ റീത്തില്‍ നിലനില്‍ക്കുമ്പോള്‍ മാറ്റൊരു ഭാഗം ക്രൈസ്തവര്‍ ലത്തിന്‍ റീത്ത് സ്വീകരിക്കുന്നു.) പോര്‍ത്തുഗീസ് മിഷണറിമാരുടെ കേരളത്തിലേക്കുള്ള വരവോടുകൂടി അക്രൈസ്തവരില്‍നിന്നും ധാരാളം പേര്‍, ഉയര്‍ന്ന ജാതിമുതല്‍ താഴെത്തട്ടിലുള്ളവര്‍ വരെ, മാനസാന്തരപ്പെട്ട് ക്രൈസ്തവരാകാന്‍ തുടങ്ങിയിരുന്നു. ഈ മിഷന്‍ ചരിത്രം മനോഹരമായി അവതരിപ്പിച്ചിട്ടുള്ള ഗ്രന്ഥമാണ് തോമസ് തയ്യില്‍ എസ്.ഡി.ബി രചിച്ചിട്ടുള്ള ‘The Latin Chrtsiians of Kerala; A Study on their Origin.’1510ലും, 1518ലും മറ്റും നടന്ന അരയ, ഈഴവ, മുസ്ലീം മാനസാന്തരങ്ങള്‍ വളരെ വ്യക്തമായി അവിടെ അവതരിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ലത്തീന്‍ ക്രിസ്ത്യാനികളുടെ ആവിര്‍ഭാവത്തെ കുറിച്ച് വിശദീകരിക്കുന്നതില്‍ അദ്ദേഹം തീര്‍ത്തും പരാജയപ്പെടുന്നു. മിഷണറിമാരുടെ പ്രവര്‍ത്തനങ്ങളി
ലും അവര്‍ നടത്തിയ ചില മാനസാന്തരങ്ങളിലും ഒതുങ്ങിപോയി അദ്ദേഹത്തിന്റെ ലത്തീന്‍ ഉത്ഭവ ചരിത്രം! പോര്‍ട്ടുഗീസുകാരുടെ അദ്യവര്‍ഷങ്ങളില്‍ തന്നെ മലബാറില്‍ ലത്തീന്‍ ക്രൈസ്തവസമൂഹത്തോട് ഒന്നായി ഭവിച്ച ക്രൈസ്തവസമൂഹമാണ് പോര്‍ട്ടുഗീസ്-നാട്ടുക്രൈസ്തവ മിശ്രവിവാഹങ്ങളില്‍ നിന്നും ഉത്ഭവിച്ച ആംഗ്ലോഇന്ത്യന്‍ ലത്തീന്‍ ക്രൈസ്തവര്‍. 1503 /1504-1550 വരെയുള്ള അബൂനയാക്കോബ് മെത്രാന്റെ കാലത്ത് ലത്തീനീകരിക്കപ്പെട്ട ക്രൈസ്തവര്‍, 1533ല്‍ തൂത്തുക്കുടിയില്‍ പോര്‍ത്തുഗീസുകാരോടു ചേര്‍ന്ന്  ക്രൈസ്തവരായവരും വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്റെ ആഗമനാനന്തരം (1542-1552) കൊച്ചിയില്‍ നിന്നും തെക്കോട്ട് കന്യാകുമാരി തീരദേശങ്ങളില്‍ ക്രിസ്തുമതം സ്വീകരിച്ചവര്‍ എല്ലാവരും കൂടി ചേര്‍ന്നപ്പോള്‍ കൊച്ചി രൂപതയുടെ ഉത്ഘാടനം  സാധ്യമായി. പോള്‍ നാലാമന്‍ പാപ്പ 1557ല്‍ കൊച്ചിരൂപത സംസ്ഥാപിച്ചു. മലബാര്‍ തീരങ്ങളിലെ ലത്തീന്‍ റീത്ത് ക്രിസ്ത്യാനികളും ചോളമണ്ഡലം മുതല്‍ അങ്ങ് വിദൂരത്തുള്ള പെഗുവും സിലോണുംവരെ ഉള്‍ക്കൊള്ളുന്നതായിരുന്നു, 1329ല്‍ സംസ്ഥാപിതമായ ഇന്ത്യയിലെ പ്രഥമ രൂപതയുടെ പിന്‍ഗാമിയായി വന്ന കൊച്ചി രൂപത.
വെണ്ടുരുത്തി ഇടവക കൊച്ചി രൂപതയില്‍ പെടുന്നുവെന്ന്‌സെബസ്ത്യാനി തന്റെ യാത്രാവിവരണത്തില്‍ പറയുന്നു. അന്ന് ലത്തീന്‍ റീത്ത് സ്വീകരിച്ചിട്ടുള്ളവരുടെ ഏക സങ്കേതമാണ് കൊച്ചി രൂപത. വെണ്ടുരുത്തിയാകട്ടെ കൊച്ചിയോട് തൊട്ടുരുമി നിലകൊള്ളുന്നു. 1599-ാം ആണ്ടിലാണ് വെണ്ടുരുത്തി പള്ളി സുറിയാനി ക്രൈസ്തവര്‍ ഇടക്കൊച്ചിയൊടൊപ്പം സ്ഥാപിച്ചതെന്നു റവ ഫാ. ബെര്‍ണാര്‍ദ് തോമ തന്റെ ‘മാര്‍തോമാ ക്രിസ്ത്യാനികള്‍’ എന്ന ഗ്രന്ഥം പേജ് 163-ല്‍ പറയുന്നുണ്ട്.  എന്നാല്‍ 2020 ജൂലൈയില്‍ കേരളത്തിലെ പ്രമുഖ ദിനപത്രങ്ങള്‍ വെണ്ടുരുത്തിപള്ളിയെക്കുറിച്ച് ചരിത്രപരമായ ചില വസ്തുതകള്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു. പോര്‍ട്ടുഗീസുകാരുടെ ആഗമനത്തിനു മുമ്പുതന്നെ വെണ്ടുരുത്തിയില്‍ പള്ളിയും ക്രൈസ്തവരും ഉണ്ടായിരുന്നുവെന്ന സാദ്ധ്യതയാണ് ഈ പത്രറിപ്പോര്‍ട്ടുകള്‍ ആരായുന്നത്. അതിനു കാരണമായത് ദേവാലയ നവീകരണവുമായി ബന്ധപ്പെട്ട് നിലവിലുള്ള അള്‍ത്താരയുടെ തറയുടെ അടിഭാഗം ഖനനം ചെയ്തപ്പോള്‍ ഒരു നിലകൂടി കണ്ടെത്തിയതാണ്. മദ്ധ്യയുഗത്തിലെ കെട്ടിടനിര്‍മ്മാണ സാമഗ്രികള്‍ ഈ ദേവാലയാവശിഷ്ടങ്ങളില്‍ ഉള്‍പ്പെടുന്നതായിട്ട് രേഖപ്പെടുത്തിയിരിക്കുന്നു (മാതൃഭൂമി, ജൂലൈ 7, 2020). പോര്‍ത്തുഗീസുകാരുടെ വരവിന് വളരെ മുമ്പുതന്നെ വെണ്ടുരുത്തിയില്‍ പള്ളിയുണ്ടായിരുന്നുവെന്നും അത് പരിശുദ്ധ ജനനിയുടെ നാമത്തിലായിരുന്നുവെന്നുമാണ് വെണ്ടുരുത്തി നിവാസികളുടെ തലമുറ തലമുറയായിട്ടുള്ള വിശ്വാസവും പാരമ്പര്യവും (നെട്ടൂര്‍ ദേവാലയാശീര്‍വ്വാദ സ്മാരകോപഹാരം, 1970, പേജ് 46).  ഇതിനടിസ്ഥാനമായ പുരാവൃത്തം താഴെപറയും വിധമാണ്: 1341 ജൂണ്‍ 9ന് പെരിയാറില്‍ ഉണ്ടായ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് മണ്ണടിഞ്ഞ് വൈപ്പിന്‍ എന്ന പ്രദേശം രൂപംകൊണ്ടു. വേമ്പനാട്ടു കായലിന് ഇന്നത്തെ രൂപം സിദ്ധിക്കുകയും മുസ്സിരിസ് തുറമുഖം ക്ഷയിക്കുകയും ചെയ്തു. ഇതിനുമുമ്പ് തന്നെ ഉണ്ടായിരുന്ന ദ്വീപുകളാണ് വെണ്ടുരുത്തി ദീപുസമുച്ചയം. വലിയ വെണ്ടുരുത്തിയില്‍ മര്‍ത്തമറിയത്തിന് പ്രതിഷ്ഠിക്കപ്പെട്ടിട്ടുള്ള ഒരു പള്ളി മഹാപ്രളയത്തിനു മുമ്പേ ഉണ്ടായിരുന്നുവെന്നാണ് വായ്മൊഴി. ഈ പള്ളിയില്‍ ഇതിലെ കടന്നുപോകുന്ന യാനങ്ങള്‍ അടുപ്പിച്ച് യാത്രികര്‍ പ്രാര്‍ത്ഥിക്കുമായിരുന്നു. 1440-ല്‍, ഇതിലെ യാത്രചെയ്ത ഇറ്റാലിയന്‍ സഞ്ചാരി നിക്കോളോ കോന്തി ഈകാര്യങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് നാട്ടറിവ്. പോര്‍ട്ടുഗീസ് ആഗമനത്തോടെ ഈ ദേവാലയം അല്പം വടക്കോട്ട് മാറി 1510ല്‍ നിര്‍മ്മിച്ചു എന്നതാണ് പാരമ്പര്യമായുള്ള അറിവ്. 1557ല്‍ സ്ഥാപിതമായ കൊച്ചി രൂപതയുടെ മെത്രാനായ അന്ത്രെയാ ദെ സാന്ത മരിയ (1588-1610) 1598ല്‍ എഴുതിയ രൂപതാ റിപ്പോര്‍ട്ടില്‍ കൊച്ചിയുടെ ചുറ്റുപാടുള്ള ദ്വീപുകളില്‍ അഞ്ച് ഇടവകപള്ളികള്‍ ഉള്ളതായി രേഖപ്പെടുത്തിയിട്ടുണ്ട് (തോമസ് തയ്യില്‍ എസ്.ഡി.ബി, പേജ് 123).  വെണ്ടുരുത്തി കൊച്ചിയിലെ പ്രധാന ദ്വീപാണ്. അവിടെ 1599നു മുമ്പുതന്നെ പള്ളി ഉണ്ടായിരുന്നതായി ഈ റിപ്പോര്‍ട്ടിലെ സൂചനകള്‍ പരിഗണിക്കാം. ഇതുതന്നെയാണല്ലോ മുകളില്‍ സൂചിപ്പിച്ച പത്രവാര്‍ത്തയുടെ പൊരുളും. മലബാറിലെ ആദ്യകാല പള്ളികള്‍ പലതും മാതാവിന്റെ നാമധേയത്തിലാണ് സ്ഥാപിക്കപ്പെട്ടിരിക്കുന്നത്. ഉദാഹരണമായി തെക്കന്‍ പള്ളിപ്പുറം, തൃപ്പൂണിത്തറ, ആലങ്ങാട്, കുറവിലങ്ങാട് തുടങ്ങിയവ. പൗളീനൂസ് പാതിരി തന്റെ India Orientalis Chrtsiiana യില്‍ വെണ്ടുരുത്തി പരിശുദ്ധ മറിയത്തിന്റെ ദേവാലയം എന്നാണ് എഴുതിയിരിക്കുന്നത്. പൗരസ്ത്യ ഭാരതത്തിലെ ക്രിസ്തുമതം പേജ് 282 എന്ന അതിന്റെ വിവര്‍ത്തനത്തില്‍ ഫാ. ജോണ്‍ പള്ളത്ത് ഒ.സി.ഡി. വെണ്ടുരുത്തി കല്‍ദായക്കാരുടെ പരിശുദ്ധ മറിയം (മിശ്രം) എന്നും എഴുതിയിരിക്കുന്നു. വെണ്ടുരുത്തി പള്ളിയുടെ സ്ഥാപനവര്‍ഷം 1599 എന്നതിനെക്കാള്‍ ഉപരിയായി പുതിയ ദേവാലയം നിര്‍മ്മിച്ചപ്പോള്‍ നടന്ന ആശീര്‍വ്വാദ വര്‍ഷമായിരിക്കണം 1599 (നെട്ടൂര്‍ സ്മരണിക 1970, പേജ് 47).  അതുമല്ലെങ്കില്‍ പരിശുദ്ധ മറിയത്തിന്റെ ഈ ദേവാലയം ഒരു പേരു മാറ്റല്‍ പ്രക്രിയക്ക് വിധേയമായിട്ടുണ്ടാകാം. പത്രോസ്-പൗലോസ് ശ്ലീഹന്മാരെ തങ്ങളുടെ മദ്ധ്യസ്ഥരായി ആദരിച്ച് ആശീര്‍വ്വാദം നടത്തിയ വര്‍ഷം ആയിരിക്കാം 1599.  1599 പ്രസിദ്ധമായ ഉദയംപേരൂര്‍ സൂനഹദോസ് നടന്ന വര്‍ഷമാണ്. പത്രോസിന്റെ നിയമത്തിന്റെ പ്രാഥമ്യത്തെ അരക്കിട്ടുറപ്പിക്കാന്‍ ഈ പുതിയ നാമസ്വീകരണം കളമൊരുക്കിയിട്ടുണ്ടാകാം. സൂനഹദോസിനോടനുബന്ധിച്ച് പല ദേവാലയങ്ങളും ഇപ്രകാരമുള്ള നാമപരിവര്‍ത്തനങ്ങള്‍ക്ക് വിധേയമായിട്ടുണ്ടെന്നുള്ളതാണ് ചരിത്രയാഥാര്‍ത്ഥ്യം. വെണ്ടുരുത്തിയിലെ മറ്റൊരു പാരമ്പര്യം ഈ ഇടവകയുടെ ഉദയംപേരൂര്‍ സൂനഹദോസിലുള്ള പങ്കാളിത്തത്തെക്കുറിച്ചാണ്.
പോര്‍ട്ടുഗീസു കൊച്ചിയും വെണ്ടുരുത്തിയും ഏകദേശം ഒന്ന് എന്ന അവസ്ഥയായിരുന്നു അക്കാലത്ത്. വെണ്ടുരുത്തിയാകട്ടെ കൊച്ചി സാന്താക്രൂസ് കത്തീഡ്രലിന്റെ പത്രമേനി സ്ഥലത്തില്‍ ഉള്‍പ്പെട്ടിരുന്നതായി കൊച്ചിന്‍ സ്റ്റേറ്റ് മാനുവല്‍കാരന്‍ പ്രസ്താവിക്കുന്നുണ്ട്. പയസ് മലേകണ്ടത്തില്‍ (ആന്റണി ഗൊവേയ) ജൊര്‍ണാദ, പേജ് 261-ല്‍ 1599 ജൂണ്‍ 20-ന് ആരംഭിച്ച സൂനഹദോസില്‍ കൊച്ചിയിലെ പങ്കാളിത്തത്തെകുറിച്ച് വിലപ്പെട്ട വിവരങ്ങള്‍ നല്കുന്നുണ്ട്. കൊച്ചി രൂപതാ ചാപ്റ്ററിലെ മുഴുവന്‍ അംഗങ്ങള്‍, ഗായകസംഘം, ഒട്ടനവധി വൈദികര്‍, കൊച്ചിയിലെ ക്യാപ്റ്റന്‍ നൊറോണ, വളരെയധികം പ്രഭുക്കന്മാരും ഉന്നതകുലജാതരും, കൊച്ചി പട്ടണം മുഴുവന്‍, എല്ലാ മുനിസിപ്പല്‍ അംഗങ്ങളും, ഒട്ടനവധി ജനങ്ങള്‍ ഇങ്ങനെ പോകുന്നു അദ്ദേഹത്തിന്റെ വര്‍ണന. ഇവരൊക്കെ മലബാര്‍ സഭയില്‍ ഇതുപോലൊരു നവീകരണം കാണാന്‍ ഏറെ നാളായി പ്രതീക്ഷയോടെ കാത്തിരുന്നു എന്നും അദ്ദേഹം കൂട്ടിചേര്‍ക്കുന്നു. വെണ്ടുരുത്തിയും ജനങ്ങളും വൈദികരും മുകളില്‍പറഞ്ഞ ഗണത്തില്‍പെട്ടിരുന്നു എന്ന് ന്യായമായും അനുമാനിക്കാം.

6. 1657-1663 കാലഘട്ടങ്ങളില്‍വെണ്ടുരുത്തിയിലെ പ്രധാന വികാരി

(Seconda Spedizione, p.85) കൊച്ചി രൂപതയില്‍പ്പെട്ട ഉത്തമസുഹൃത്തുക്കളായ ആറോളം വൈദികരും, കൊച്ചി രൂപതയിലെ ചില പുരാതന മാര്‍ത്തോമാ ക്രിസ്ത്യാനികളും തന്റെ അനുരഞ്ജന ദൗത്യത്തില്‍ ഏറെ സഹായിച്ചിരുന്ന കാര്യം സെബസ്ത്യാനി രേഖപ്പെടുത്തിയിരിക്കുന്നു (Prima Spedizione BK 2, ch 12, p131; BK 1, ch18, P.31). അതില്‍ ഒരാള്‍ വെണ്ടുരുത്തി പള്ളിയിലെ പ്രധാന വികാരിയായിരുന്ന ഫാ. ക്രിസ്റ്റഫര്‍ ദെ മിറാന്‍ഡയായിരുന്നു (Prima Spedizione, BK 11, ch 19, p.165). പുരാതന വെണ്ടുരുത്തിയില്‍ സേവനം ചെയ്തിട്ടുള്ള വൈദികരുടെ പേരുകള്‍ 1873 കാലത്ത് വികാരിയായി സേവനം ചെയ്തിട്ടുള്ള മാനുവല്‍ ഫെര്‍ണാണ്ടസ് പാദ്രി മുതലാണ് ലഭ്യമായിട്ടുള്ളത്. എന്നാല്‍ സെബസ്ത്യാനി ഇവിടെ ശുശ്രൂഷിച്ച 1657 മുതല്‍ 1663 വരെയുള്ള കാലയളവില്‍ വെണ്ടുരുത്തിയില്‍ വികാരിയായിരുന്ന ഫാ. ക്രിസ്റ്റഫര്‍ ദെ മിറാന്‍ഡയെകുറിച്ചുള്ള ലഘുവിവരങ്ങള്‍ തന്റെ രണ്ടു യാത്രാവിവരണങ്ങളിലൂടെ നമുക്ക് ലഭ്യമാക്കിയിട്ടുണ്ട്. ഫാ. ക്രിസ്റ്റഫര്‍ ദെ മിറാന്‍ഡ മലയാളിയാണോ വിദേശിയാണോ എന്ന് തിരിച്ചറിയാന്‍ സാധ്യമായ വിവരമില്ല. പേരുകൊണ്ട് വിദേശിയാണെന്ന് നാം പറഞ്ഞാല്‍ ചിലപ്പോള്‍ വഞ്ചിതരാകും. 1516ല്‍ കാണുന്ന ദിയാഗോപെരെര കപ്പിത്താന്‍, 1550ല്‍ കാണുന്ന ഫാ. മത്തേവൂസ് ഡയസ്, 1541ല്‍ സ്ഥാപിതമായ കൊടുങ്ങല്ലൂര്‍ സെമിനാരി റെക്ടര്‍ വിന്‍സന്റ് ലാഗോസിന്റെ സഹായി ഫാ. ജോര്‍ജ് ഡി.എസ്. പേദ്രോ (L.M. Pylee St. Thomas Chrtsiians and Archdiocese of Verapoly, P 104), 1582ല്‍ കാണുന്ന പറവൂര്‍ സ്വദേശികളായ ഡോം ജൊവാവോ ഡിക്രൂസ്, ഡോം ജോര്‍ജ് ഡിക്രൂസ് (രള. പയസ് മലേക്കണ്ടത്തില്‍ Pg.128) മുതലായവര്‍ മലയാളികളാണ്.  ഏതുതന്നെയായാലും ഫാ. ക്രിസ്റ്റഫര്‍ ദെ മിറാന്‍ഡ വളരെയേറെക്കാലം ഈ സഭയില്‍ ജോലി ചെയ്ത വ്യക്തിയായിരുന്നുവെന്ന് സെബസ്ത്യാനി അനുസ്മരിക്കുന്നുണ്ട്. കൂടാതെ ഫാ. ക്രിസ്റ്റഫര്‍ ഉള്‍പ്പെടെയുള്ള ഈ വൈദികസമൂഹം തന്റെ ഏറ്റവും അടുത്ത വിശ്വസ്തരായ സേവകരായിരുന്നു എന്നും. മലങ്കരയിലെ ക്രിസ്തീയ സമൂഹത്തിന്റെ നന്മയ്ക്കായിട്ടുള്ള തന്റെ പ്രവര്‍ത്തനങ്ങളോട് ഏറെ സഹകരിക്കുകയും തന്നോടുകൂടെ ആയിരിക്കുകയും ചെയ്തവരായിരുന്നുവെന്നുള്ള പ്രശംസകൊണ്ട് ഇവരെ മൂടുന്നുണ്ട്. 1653-ലെ സഭാ പിളര്‍പ്പിനുശേഷമുള്ള സെബസ്ത്യാനിയുടെ നേതൃത്വത്തിലുള്ള അനുരഞ്ജന ദൗത്യത്തില്‍ വെണ്ടുരുത്തി പള്ളിയുടെയും വികാരിയുടെയും സഹായവും സഹകരണവും പുരാതന വെണ്ടുരുത്തിക്ക് അഭിമാനിക്കാന്‍ വക നല്‍കുന്നു.

7. വെണ്ടുരുത്തി ദ്വീപിന്റെ അധിപനായ എമ്മാനുവേല്‍ ബറേറ്റോ

(Prima Spedizione, p.165) സെബസ്ത്യാനിയുടെ യാത്രാവിവരണത്തില്‍ വെണ്ടുരുത്തി ദ്വീപിന്റെ ഉടമസ്ഥനായ എമ്മാനുവേല്‍ ബറേറ്റോ, അദ്ദേഹത്തിന്റെ പുത്രന്‍ ജോണ്‍ ബറേറ്റോ എന്നിവരെക്കുറിച്ചുള്ള വിവരങ്ങള്‍ ഹൃദയസ്പര്‍ശിയായി മെത്രാന്‍ അവതരിപ്പിക്കുന്നുണ്ട്. പണ്ടുകാലങ്ങളില്‍ കൊച്ചി രാജാവിന്റെ അധീനതയിലായിരുന്നു വെണ്ടുരുത്തി എങ്കില്‍ പോര്‍ട്ടുഗീസുകാലത്ത് വെണ്ടുരുത്തി അവരുടെ കീഴിലായിരുന്നുവെന്നും അവിടെ പ്രഭുക്കന്മാരും കപ്പിത്താന്മാരും ഉണ്ടായിരുന്നുവെന്നും മുമ്പ് പറഞ്ഞുവല്ലോ.  മലയാളിയായ ഡിയാഗോ പെരേര വെണ്ടുരുത്തി കപ്പിത്താനായിരുന്നുവെന്നും വെണ്ടുരുത്തിയുടെ അധിപനായിരുന്നുവെന്നും പറഞ്ഞുവല്ലോ.  സെബസ്ത്യാനി ഇപ്രകാരം രേഖപ്പെടുത്തുന്നു: ‘അവിടെ കൊച്ചിയില്‍ നിന്നുള്ള ഒരു യുവാവുണ്ടായിരുന്നു. അവന്റെ പേര് ജോണ്‍ ബറേറ്റോ. അവന്റെ പിതാവ് എമ്മാനുവല്‍ ബറേറ്റോ.  അദ്ദേഹം കൊച്ചിയിലെ ഒരു പ്രധാനിയും കൊച്ചി രാജാവിന്റെ കയ്യില്‍ നിന്നും വെണ്ടുരുത്തി ദ്വീപു മുഴുവന്‍ വിലയ്ക്കു വാങ്ങിച്ച ധനാഢ്യന്‍  ആയിരുന്നു’ (Prima Spedizione, p. 236). 1516 ല്‍ കാണുന്ന വെണ്ടുരുത്തി പ്രഭുദിയാഗൊ പെരേര മലയാളിയായിരുന്നു; എമ്മാനുവേല്‍ ബറേറ്റോ മലയാളിയായിരിക്കുമോ? എമ്മാനുവേല്‍ ബറേറ്റോയ്ക്കു മുമ്പ് 150 കൊല്ലം മുമ്പുത്തന്നെ മലയാളി പ്രഭുക്കന്മാര്‍ വെണ്ടുരുത്തി വാണിരുന്നു. ഫാ. തയ്യില്‍ എസ്.ഡി.ബി തന്റെ Latin Chrtsiians of Kerala എന്ന ഗ്രന്ഥത്തില്‍ സെബസ്ത്യാനിയുടെ Prima Spedizione ല്‍ നിന്നും ഇക്കാര്യം ഉദ്ധരിക്കുന്നുണ്ട്:‘The Island of Benduruthi was purchased from the King of Cochin Portuguese.‘ പക്ഷേ ഇപ്രകാരം ഒരു വാക്യം മൂലഗ്രന്ഥത്തില്‍ കാണുന്നില്ല. എമ്മാനുവേല്‍ ബറേറ്റോ എന്ന പേര് കണ്ടപ്പോള്‍ പോര്‍ട്ടുഗീസുകാരനായിരിക്കും എന്ന് അദ്ദേഹം കരുതിയിട്ടുണ്ടാകും.

8. എമ്മാനുവേല്‍ ബറേറ്റോയുടെ മകനും വൈദികവിദ്യാര്‍ത്ഥിയുമായ ജോണ്‍ ബറേറ്റോ

(Prima Spedizione, p.168) 1658ല്‍ സെബസ്ത്യാനി റോമിലേക്ക് തിരിച്ചുപോകുമ്പോള്‍ വൈദികപഠനാര്‍ത്ഥം ഈ യുവാവ് കൂടെ പോകുന്നതായി കാണുന്നുണ്ടെങ്കിലും യാത്രാക്ലേശം നിമിത്തം തന്റെ റോമിലേക്കുള്ള ദൗത്യം പൂര്‍ണമാക്കാന്‍ സാധിക്കാതെ ബോംബെയില്‍ നിന്നും തിരിച്ചുപോന്നു. പിന്നീട് ജോണ്‍ എവിടെയെങ്കിലും പഠിച്ച് വൈദികനായോ എന്ന് നിശ്ചയമില്ല. ജോണ്‍ ബറേറ്റോയുടെ ദൈവവിളി കൊച്ചിയിലെ ലത്തീന്‍ ക്രൈസ്തവരുടെ ഇടയില്‍ നടന്ന ഒറ്റപ്പെട്ട സംഭവമല്ല. 16-ാം നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍തന്നെ ഈ ജനത്തില്‍ നിന്നും പാശ്ചാത്യമിഷണറിമാരാല്‍ പരിശീലിപ്പിക്കപ്പെട്ട ലത്തീന്‍ കത്തോലിക്ക വൈദികര്‍ ഉണ്ടായിരുന്നു. 1541-ല്‍ കൊടുങ്ങല്ലൂരില്‍ സ്ഥാപിതമായ സെമിനാരിയില്‍ പരിശീലിപ്പിക്കപ്പെട്ട് വൈദികരായി തീര്‍ന്നത് പോര്‍ട്ടുഗീസുകാരോട് ചേര്‍ന്നു നടന്ന കുടുംബങ്ങളിലെ യുവാക്കളാണ്. പോട്ടുഗീസുകാരോട് വിരോധം പുലര്‍ത്തിയിരുന്ന ഒരു വിഭാഗം ജനം ഇപ്രകാരം രൂപീകരണം സിദ്ധിച്ച വൈദികരെ അവരുടെ പള്ളികളില്‍ ശുശ്രൂഷിക്കാന്‍ അനുവദിച്ചില്ല. കൊച്ചിയിലെ മെത്രാന്മാര്‍ക്ക് പൂര്‍വ്വക്രൈസ്തവരുടെ സന്താനങ്ങളെ വൈദികപദത്തിലേക്ക് ഉയര്‍ത്തുവാന്‍ ലഭ്യമായിരുന്നതുകൊണ്ട് നവീന ക്രൈസ്തവരുടെ സന്താനങ്ങളെ കൊച്ചി രൂപതയില്‍ വൈദിക പദത്തിലേക്ക് ഉയര്‍ത്തേണ്ട സാഹചര്യമില്ലായിരുന്നുവെന്ന് ചരിത്രകാരന്മാര്‍ നിരീക്ഷിക്കുന്നു (പയസ് മലേക്കണ്ടത്തില്‍, ജോര്‍ണാദ, പേജ് 31). കൊടുങ്ങല്ലൂരിന് ചുറ്റുമുള്ള 60 ഗ്രാമങ്ങളില്‍ നിന്നുമുള്ള വൈദികവിദ്യാര്‍ത്ഥികള്‍ വിന്‍സന്റ് ലാഗോസ് എന്ന കപ്പുച്ചിന്‍ വൈദികന്‍ നേതൃത്വം കൊടുത്ത സെമിനാരിയില്‍ പരിശീലിക്കപ്പെട്ടിരുന്നുവെന്ന് വിശുദ്ധ ഫ്രാന്‍സീസ് സേവ്യര്‍ രേഖപ്പെടുത്തിരിക്കുന്നു (മലബാര്‍ ചര്‍ച്ച് ആന്‍ഡ് റോം, പേജ് 35). 1550ല്‍തന്നെ മത്തേവൂസ് ഡയസ് എന്ന ലത്തീന്‍ വൈദികനെ പറ്റി പല സൂചനങ്ങള്‍ കാണുന്നുണ്ട്. ഈ വൈദികന്‍ ലത്തീന്‍ വൈദികനായിരുന്നുവെന്നും, കേരളീയനായിരുന്നുവെന്നും, പോര്‍ട്ടുഗലില്‍ വൈദികപഠനം നടത്തി, അവിടെ വച്ചുതന്നെ തിരുപ്പട്ടം സ്വീകരിച്ചയാളായിരുന്നുവെന്നും എഴുതിയിരിക്കുന്നു (ഇള. ങമഹമയമൃ ഇവൗൃരവ മിറ ഞീാല, ു. 21). 1550  ജനുവരി 22ന് ജോണ്‍ മൂന്നാമന്‍ എന്ന പോര്‍ട്ടുഗല്‍ രാജാവിന് മലബാറിലെ സഭയെകുറിച്ച് ഈ വൈദികന്‍ എഴുതിയ കത്ത് ഈ ഗ്രന്ഥത്തില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. 1577-ല്‍ ആരംഭിച്ച വൈപ്പിക്കോട്ട സെമിനാരിയില്‍ ജെസ്യൂട്ട് വൈദികരുടെ സഹായിയായി മലയാളിയായ ഫാ. പീറ്റര്‍ ലൂയിസ് താമസിച്ചിരുന്നു (കൊച്ചി, സ്മരണിക 2000, പേജ് 57). ഫാ.ജോര്‍ജ് പെദ്രോ കൊടുങ്ങല്ലൂര്‍ സെമിനാരിയില്‍ ഫാ. വിന്‍സെന്റ് ലാഗോസിന്റെ സഹായിയായിരുന്നു (Cf. L.M. Pylee, St. Thomas Csthrtians and Archdiocese of Verapoly, p. 104). പറവൂര്‍ സ്വദേശികളായ രണ്ടു വൈദികര്‍ ഡോം ജോര്‍ജ് ഡിക്രൂസും, ജൊവാവോ ഡിക്രൂസും റോമില്‍ പോപ്പ് ഗ്രിഗറി പതിമൂന്നാമനെ കാണുകയും, പാപ്പ അവരുടെ ദേവാലയങ്ങള്‍ക്ക് പല ദണ്ഡവിമോചനങ്ങള്‍ നല്‍കി അനുഗ്രഹിക്കുകയും ചെയ്തുവെന്ന് പയസ് മലേക്കണ്ടത്തില്‍ Pg. 128 ല്‍ പ്രസ്താവിക്കുന്നുണ്ട്. ജൊവാവോ ഡിക്രൂസ് പോര്‍ട്ടുഗലില്‍ തന്റെ പഠനം പൂര്‍ത്തിയാക്കിയശേഷം 1582-ല്‍ റോമില്‍ പോകുകയായിരുന്നു. 17-ാം നൂറ്റാണ്ടില്‍ ലത്തീന്‍ സമൂഹത്തില്‍നിന്നും വൈദികരായി നാടിന്റെ വിവിധ ഭാഗങ്ങളില്‍ സേവനം ചെയ്ത വൈദികരുടെ ഒരു നിരതന്നെയുണ്ടായത് കേരളത്തിലെ ലത്തീന്‍ ക്രിസ്ത്യാനികള്‍Pg. 162-164 ല്‍ വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്. 1773-ല്‍ വെണ്ടുരുത്തി സ്വദേശികളായ ബെര്‍ത്തലോമി ഫെര്‍ണാണ്ടസും ബെര്‍ണാര്‍ദ് ദെക്കോത്തോയും പുത്തന്‍ചിറ സെമിനാരിയില്‍ പഠിച്ച് വൈദികരായതിന് തെളിവുകളുണ്ട് (മൈക്കള്‍ ആറാട്ടുകുളം, ലാറ്റിന്‍ കാത്തലിക്ക്സ് ഓഫ് കേരള, പേജ് 236).  ഇവരുടെ ഗണത്തില്‍പ്പെട്ട ജോണ്‍ ബറേറ്റോ (വെണ്ടുരുത്തി പ്രഭുവിന്റെ മകന്‍) കര്‍മ്മലീത്താ വൈദികനാകാനുള്ള തീക്ഷ്ണതയോടെ സെബസ്ത്യാനിയോടൊപ്പം 1658-ല്‍ റോമിന് പോകുന്നതില്‍ യാതൊരു വിസ്മയവുമില്ല.

9. സെബസ്ത്യാനിയുടെ വെണ്ടുരുത്തി പള്ളി സന്ദര്‍ശനം

(Seconda Spedizione, p.85) മെത്രാന്‍ എന്ന നിലയുള്ള തന്റെ രണ്ടാം ദൗത്യയാത്രയിലാണ് സെബസ്ത്യാനിയുടെ രചനകളില്‍ വെണ്ടുരുത്തിപള്ളിയും അതിന്റെ പ്രധാനവികാരി റവ.ഫാ. ക്രിസ്റ്റഫര്‍ ദെ മിറാന്‍ഡയും കൂടുതലായി പ്രത്യക്ഷപ്പെടുന്നത്. 1662 യുദ്ധവിരാമ കാലമായിരുന്നു. ഡച്ചുകാര്‍ കൊച്ചിയില്‍ നിന്നും കൊടുങ്ങല്ലൂരേക്ക് പിന്‍വാങ്ങിയിരുന്നു.അത് കൂടുതല്‍ ശക്തരായി തിരിച്ചുവരാന്‍ വേണ്ടിയായിരുന്നുവെന്ന് കൊച്ചിയില്‍ പലരും കരുതിയില്ല. എന്നാല്‍ സെബസ്ത്യാനിയാകട്ടെ അക്കൊല്ലത്തെ കാലവര്‍ഷം അവഗണിച്ചുകൊണ്ട് മലങ്കരയിലുള്ള തന്റെ ഇടവക സന്ദര്‍ശനം പുനരാരംഭിച്ചു. ഇടപ്പള്ളി, ചൊവ്വര, മലയാറ്റൂര്‍ പള്ളികള്‍ സന്ദര്‍ശിച്ച് കൊച്ചിയിലേക്ക് മടങ്ങിയപ്പോള്‍ മഴ ശക്തമായി. തുടര്‍ന്ന് ആലങ്ങാട്, വൈപ്പിക്കോട്ട പള്ളികള്‍ സന്ദര്‍ശനം നടത്തി.  അങ്കമാലിയിലെ പള്ളി സന്ദര്‍ശനം രാത്രി രണ്ടു മണിക്കായിരുന്നു, അതും ജൂലൈ മാസത്തിലെ മഴയെ അവഗണിച്ചുകൊണ്ടും. തുടര്‍ന്ന് അകപറമ്പ്പള്ളിയും സന്ദര്‍ശിച്ചു. വീണ്ടും ആലങ്ങാട്ടേക്ക് സെബസ്ത്യാനി യാത്രയാകുന്നുണ്ട്. ഈ ചെറുകാലയളവില്‍ ഒരു മാസത്തോളം ആലങ്ങാട്ടുള്ള ക്രൈസ്തവ സമൂഹത്തില്‍ സെബ്ത്യാനി മെത്രാന്‍ പ്രവര്‍ത്തനനിരതനായിരുന്നു. അവിടെ നിന്നും കൊച്ചിയിലേക്ക് തിരിച്ചെത്തുമ്പോള്‍ ഡച്ചുകാര്‍ പട്ടണത്തെ ഉപരോധിച്ചിട്ടുണ്ടായിരുന്നു. അങ്ങനെയാണ് തന്റെ കേരളവാസത്തിന്റെ അവസാന നാളുകളില്‍ സെബസ്ത്യാനിയെ കടുത്തുരുത്തിയില്‍ കാണുന്നത്. 1663 ജനുവരി 5ന് സെബസ്ത്യാനിയുടെ മട്ടാഞ്ചേരിയിലുള്ള ഭവനത്തി
നടത്തുള്ള കല്‍വത്തി ഗോപുരം വഴി ഡച്ചുകാര്‍ കൊച്ചി പട്ടണത്തില്‍ പ്രവേശിച്ചു (Cochin StateManual p.94). 1663 ജനുവരി 6ഉം 7ഉം ദിവസങ്ങളിലായി കൊച്ചിയുടെ പതനം പൂര്‍ണമായി. ഈ ദിവസങ്ങളിലെല്ലാം സെബസ്ത്യാനി മെത്രാന്‍ മലബാറിലെ ക്രൈസ്തവ സമൂഹത്തിന്റെ കഷ്ടസ്ഥിതി ഓര്‍ത്ത് ആന്തരിക ദുഃഖങ്ങളുടെ മനുഷ്യനായി കേരള സഭയില്‍ നാളിതുവരെ ആരും ചെയ്യാതിരുന്ന ഒരു പുണ്യപ്രവൃത്തി – ആ സഭയിലെ ഒരംഗത്തിന് മെത്രാന്‍ പദവി നല്‍കുക – ചെയ്യുന്ന തിരക്കിലായിരുന്നു. കാരണം മലബാര്‍ വികാരിയത്ത് അധിപനായിരുന്ന സെബസ്ത്യാനി മെത്രാന്‍ ഉള്‍പ്പെടെ എല്ലാ യൂറോപ്യന്മാരെയും ഡച്ചുകാര്‍ നാടുകടത്താന്‍ ഉത്തരവിട്ടിരുന്നു. 1663 ജനുവരി 31-ന് പരിശുദ്ധ പിതാവില്‍ നിന്നും തനിക്ക് ലഭിച്ച പ്രത്യേക അധികാരം ഉപയോഗിച്ച് കടത്തുരുത്തി പള്ളിയില്‍ വച്ച് പറമ്പില്‍ ചാണ്ടി എന്ന വൈദികനെ മെഗാറയിലെ മെത്രാനായി അഭിഷേചിച്ച് മലബാര്‍ വികാരിയത്ത് അദ്ദേഹത്തെ ഏല്പിച്ചു. 1663 ഫെബ്രുവരി 4-ാം തീയതി പാതിരാത്രി കഴിഞ്ഞ് സെബസ്ത്യാനിയും സംഘവും കൊച്ചിയിലേക്ക് യാത്രയാവുകയും അടുത്ത ദിവസം 5-ാം തീയതി വെണ്ടുരുത്തി പള്ളിയില്‍ രാത്രി വിശ്രമിക്കുകയും ചെയ്തു. സെബസ്ത്യാനിയുടെ വാക്കുകളില്‍: ‘കൊച്ചി രൂപതയില്‍പ്പെട്ട വെണ്ടുരുത്തി ഇടവകയിലെ പ്രധാന വികാരി മെഗാറയിലെ മോണ്‍സിഞ്ഞോറിനെ സഹായിക്കാന്‍ അവിടെ വന്നിട്ടുണ്ടായിരുന്നു.  കൊടുങ്ങല്ലൂരിലെ മെത്രാനായിരുന്ന ദോം സ്റ്റീഫന്‍ ബ്രിട്ടോയോടുകൂടി ഏറെക്കാലം ജീവിച്ചയാളായിരുന്നു അദ്ദേഹം. അങ്ങനെ കര്‍ത്താവിന്റെ മുന്തിരിത്തോട്ടത്തില്‍ വളരെക്കാലം ജോലി ചെയ്തിരുന്നു. പുതിയ മെത്രാന് അദ്ദേഹം ഒരു സഹായമാകുമെന്നായിരുന്നു എന്റെ നിഗമനം. പള്ളിപ്പുറത്ത് വച്ച് ഞങ്ങള്‍ ലഘുഭക്ഷണം കഴിച്ചു.  ഞങ്ങള്‍ യാത്ര തുടര്‍ന്നു. രാത്രിയായപ്പോള്‍ കൊച്ചി നഗരത്തില്‍ എത്തുന്നതിനുമുമ്പ് അല്‍പം വിശ്രമമെടുക്കുന്നതിന് ഒരു സ്ഥലം കണ്ടുപിടിക്കുന്നതിന് നദി വഴി അങ്ങോട്ടും ഇങ്ങോട്ടും പോയ ശേഷം വെണ്ടുരുത്തിയിലെത്തി.  അവിടത്തെ പള്ളിക്കു സമീപം ഞങ്ങള്‍ കരയ്ക്കിറങ്ങി. എല്ലാം വൃത്തികേടായും നശിക്കപ്പെട്ടും കിടക്കുന്നത് കണ്ട് ഞങ്ങള്‍ കണ്ണീര്‍ ഒഴുക്കി. അവിടെ ഭക്ഷണമൊന്നും കിട്ടിയില്ല. ഒരു കണ്‍പോളപോലും അടയ്ക്കുന്നതിന് എനിക്ക് കഴിഞ്ഞില്ല. ഒരാഴ്ചയായി ഉണ്ടായ ആന്തരിക ദുഃഖങ്ങളുടെ ആധിക്യത്താലും പലവിധ ജോലികളില്‍ ഏര്‍പ്പെട്ടിരുന്നതിനാലും ഒരു മണിക്കൂര്‍പോലും ഉറങ്ങുന്നതിന് എനിക്ക് കഴിഞ്ഞിരുന്നില്ല. രാവിലെ പറഞ്ഞിരുന്ന സമയത്തുതന്നെ ഞങ്ങള്‍ കൊച്ചിയിലെത്തി. അതിന്റെ സ്ഥിതി കഷ്ടതയുടേയും ഭീതിയുടേയും സഹതാപത്തിന്റെയും ആയിരുന്നു” (ഫാ. പാട്രിക്ക് മൂത്തേരില്‍, പേജ് 602 -603). വെണ്ടുരുത്തിയില്‍ ബിഷപ് സെബസ്ത്യാനി കരഞ്ഞു. വെണ്ടുരുത്തിയില്‍ ഒരു രാത്രി സെബസ്ത്യാനി മെത്രാന്‍ ഭക്ഷണമൊന്നും ഇല്ലാതെ ഉറങ്ങി.  വെണ്ടുരുത്തിയില്‍ സെബസ്ത്യാനി പിതാവിന്റെ പാദങ്ങള്‍ സ്പര്‍ശിക്കപ്പെട്ടു. മഹാഭാഗ്യം! 1663 ഫെബ്രുവരി 14-ന് സെബസ്ത്യാനി മെത്രാന്‍ കൊച്ചിയില്‍ നിന്നും നിഷ്‌ക്കാസിതനായി. തുടര്‍ന്ന് ഒരു വര്‍ഷത്തോളം ഗോവാ അതിരൂപതയില്‍ തന്റെ മെത്രാനടുത്ത ശുശ്രൂഷകള്‍ ചെയ്തുകൊണ്ടിരിക്കുമ്പോഴും കേരള സഭയെകുറിച്ചുള്ള ഉല്‍ക്കണ്ഠ അദ്ദേഹത്തെ അലട്ടിയിരുന്നു. വെണ്ടുരുത്തി വികാരി, കൊച്ചിയിലെ ഫ്രാന്‍സിസ്‌ക്കന്‍ വൈദികര്‍, സര്‍വ്വോപരി ചാണ്ടി മെത്രാന്‍ തുടങ്ങിയവരുമായി എഴുത്തുകളിലൂടെ സഭയുമായി ബന്ധപ്പെട്ടുകൊണ്ടിരുന്നു.  ആര്‍ച്ചുഡീക്കനെ മെത്രാനാക്കാന്‍ പങ്കുവഹിച്ച കടവില്‍ ചാണ്ടിയച്ചന്‍ മറ്റു വൈദികരെയും ജനങ്ങളേയും വിളിച്ചുകൂട്ടി തന്റെ തെറ്റുകള്‍ ഏറ്റുപറഞ്ഞ് മരണമടഞ്ഞ കാര്യം ചാണ്ടി മെത്രാന്‍ സെബസ്ത്യാനിയെ അറി
യിക്കുന്നുണ്ട്. വെണ്ടുരുത്തി വികാരിയായ റവ. ഫാ. ക്രിസ്റ്റഫര്‍ ദെ മിറാന്‍ഡയുടെ സ്വാധീനം ഈ കാര്യത്തില്‍ കടവില്‍ ചാണ്ടിയച്ചനുമേല്‍ ഉണ്ടായതായും കത്തില്‍ പറയുന്നുണ്ട് (ഫാ. പാട്രിക്ക് മൂത്തേരില്‍,Pg 652 653). പുരാതന വെണ്ടുരുത്തിക്ക് പ്രണാമം. നദി ഒഴുകുന്നുണ്ട്! ആ നദീതീരത്ത് അനേകം ദൈവമക്കള്‍ക്ക് അമ്മയായ മഹാദേവാലയവുമുണ്ട്.

 Related Articles

പറവകളുടെ വഴി

ദലമര്‍മരം, രാമഴയുടെ തീരത്ത്, സജലം തുടങ്ങിയ പുസ്തകങ്ങളിലൂടെ വ്യക്തിമുദ്ര പതിപ്പിച്ച അഭിലാഷ് ഫ്രേസറുടെ പുതിയ പുസ്തകമാണ് പറവകളുടെ വഴി. ദൈവരാജ്യം നിങ്ങളുടെ ഉള്ളില്‍ തന്നെയാണ് എന്ന ദൈവവചനത്തിന്റെ

സപ്ലൈകോ വില വിവരവുമായി മുഖ്യമന്ത്രിയുടെ ഫേസ്ബുക് പോസ്‌റ്

തിരുവനനന്തപുരം: കഴിഞ്ഞ വര്‍ഷത്തെ പ്രളയം കേരളത്തിലപ്പാടെ ദുരിതം വിതച്ചപ്പോള്‍ മലയാളികളെല്ലാവരും ദുരിതമനുഭവിക്കുന്നവര്‍ക്കായി തങ്ങളുടെ ഓണാഘോഷം മാറ്റി വച്ചിരുന്നു. എന്നാല്‍ ഇത്തവണ വളരെ ചെലവു ചുരുക്കി കൊണ്ട് ഓണാഘോഷം

പ്രാര്‍ത്ഥനാഭ്യര്‍ത്ഥനയുമായി നൈജീരിയന്‍ ആര്‍ച്ച് ബിഷപ്പ്

  അബൂജ: നൈജീരിയന്‍ തലസ്ഥാനമായ അബൂജയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ വൈദികന്റെ മോചനത്തിനായി പ്രാര്‍ത്ഥനാസഹായം അഭ്യര്‍ത്ഥിച്ച് ആര്‍ച്ച് ബിഷപ്പ് ഇഗ്നേഷ്യസ് കൈഗാമ. ഞായറാഴ്ച രാത്രി അബൂജ അതിരൂപതയിലെ ഫാ.

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*