മോദി-പാപ്പാ കൂടിക്കാഴ്ച നല്‍കുന്ന പ്രതീക്ഷകള്‍

മോദി-പാപ്പാ കൂടിക്കാഴ്ച നല്‍കുന്ന പ്രതീക്ഷകള്‍

ഫാ. മെട്രോ സേവ്യര്‍

കുറച്ചു വര്‍ഷങ്ങളായി കൃത്യമായി പറഞ്ഞാല്‍ 2014 മുതല്‍ ഭാരത ക്രൈസ്തവര്‍ ആകാംഷപൂര്‍വം ചോദിച്ചിരുന്ന ചോദ്യമായിരുന്നു എപ്പോഴാണ് ഫ്രാന്‍സിസ് പാപ്പാ ഇന്ത്യ സന്ദര്‍ശിക്കുന്നതെന്ന്. ഇന്ത്യന്‍ ക്രൈസ്തവരുടെ ഹൃദയത്തില്‍ മാത്രം ഒതുങ്ങിയിരുന്ന ഈ ചോദ്യം കുറച്ചു ദിവന്‍സങ്ങളായി ചാനലുകളിലും സമൂഹ മാധ്യമങ്ങളിലും ക്രൈസ്തവ കൂട്ടായ്മകളിലും നിറഞ്ഞുനില്‍ക്കുകയാണ്. G20 ഉച്ചകോടിക്കായി റോമിലെത്തുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാന്‍സിസ് പാപ്പായെ സന്ദര്‍ശിക്കും എന്ന വാര്‍ത്ത വലിയ പ്രതീക്ഷയോടെയാണ് ഭാരത ക്രൈസ്തവര്‍ സ്വീകരിച്ചത്. ആകാംക്ഷയ്ക്ക് വിരാമമിട്ടു മോദി പാപ്പയെ സന്ദര്‍ശിക്കുകയും ഇന്ത്യയിലേക്ക് ക്ഷണിക്കുകയും ചെയ്തതോടെ വലിയ ചര്‍ച്ചക്ക് ആരംഭം കുറിച്ചിരിക്കുകയാണ്. മോദിയുടെ ഭരണത്തിന് കീഴില്‍ സമകാലിക ഇന്ത്യയിലെ ക്രൈസ്തവരുടെ അവസ്ഥയും പാപ്പയുടെ നിലപാടുകളും അധികം ആഴത്തിലല്ലാതെ വിശകലനം ചെയ്യുന്നത് നല്ലതായിരിക്കും.

മോദി 2014 ല്‍ പ്രധാനമന്ത്രി ആയതിനുശേഷം, ഇന്ത്യയുടെ സാമൂഹ്യ സാമ്പത്തിക രാഷ്ട്രീയ മേഖലകളില്‍ വ്യത്യസ്തമായ മാറ്റങ്ങളാണ് സംഭവിച്ചിട്ടുള്ളത്. അതിലൊന്നാണ് മതപരമായ പ്രശ്നങ്ങള്‍. പ്രതേകിച്ചു ക്രൈസ്തവര്‍ക്കെതിരായ പീഡനങ്ങള്‍. 2015ല്‍ മതപരമായ വിവേചനങ്ങള്‍ക്കെതിരായും അസഹിഷ്ണുതക്കെതിരായും തന്റെ സര്‍ക്കാര്‍ ശക്തമായ നടപടികള്‍ എടുക്കും എന്ന് മോദി പറഞ്ഞെങ്കിലും ക്രൈസ്തവര്‍ക്കെതിരായ പീഡനങ്ങള്‍ കുറഞ്ഞിട്ടില്ല. ഇന്ത്യയില്‍ ക്രൈസ്തവര്‍ക്കെതിരായ പീഡനങ്ങള്‍ മോദിക്ക് മുമ്പും മോദി അധികാരത്തില്‍ കയറിയതിനുശേഷവും വലിയ മാറ്റമില്ലാതെ തുടരുകയാണെന്നാണ്കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2016 നും 2019 നും ഇടയില്‍ ക്രിസ്ത്യാനികള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ 60% കുത്തനെ വര്‍ധിച്ചുവെന്നു പെര്‍സെക്യൂഷന്‍ ഓഫ് ഇന്ത്യ എന്ന ഓര്‍ഗനൈസഷന്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. 2016-ല്‍ 330ഉം 2017-ല്‍ 440ഉം, 2018-ല്‍ 477ഉം, 2019-ല്‍ 527ഉം ആക്രമണങ്ങളാണ് ക്രൈസ്തവര്‍ക്കെതിരായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇന്ത്യയിലെ വിദ്യാഭ്യാസമേഖലയില്‍ മഹത്തായ സംഭാവനകള്‍ നല്‍കിയ ക്രിസ്ത്യന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുനേരെയും ദേവാലയങ്ങള്‍ക്കു നേരെയും ആക്രമണങ്ങള്‍ നടക്കുകയും ഇപ്പോഴും മാറ്റമില്ലാതെ നടന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു. ഭാരതത്തിന്റെ ഹൃദയത്തിനാണ് അത്തരം ആക്രമണങ്ങള്‍ മുറിവേല്‍പ്പിച്ചിരിക്കുന്നത്്.

വിശ്വസാഹോദര്യത്തിന്റെ വക്താവായും ക്രിസ്തുവിന്റെ സമാധാന ദൂതനായും കരുണയുടെ വാഹകനായുമാണ് ഫ്രാന്‍സിസ് പാപ്പ പ്രവര്‍ത്തിക്കുന്നത്. പീഡിതക്രൈസ്തവരെ ചേര്‍ത്തുപിടിക്കുന്നതോടൊപ്പം മറ്റു മതസ്ഥരോടും കരുണ കാണിക്കാന്‍ പാപ്പ മടികാണിച്ചിട്ടില്ലെന്ന് അദ്ദേഹത്തിന്റെ ജീവിതം പരിശോദിച്ചാല്‍ മനസിലാകും. ഐസിസ് തീവ്രാവാദികള്‍ തകര്‍ത്ത ഇറാഖ് സന്ദര്‍ശിചതും മതതീവ്രവാദം കൊണ്ടു മുറിവേറ്റ ഇറാഖിലെ ക്രൈസ്തവരോടൊപ്പം മറ്റുള്ളവരെയും അദ്ദേഹം ആശ്വസിപ്പിച്ചതും അഭയാര്‍ത്ഥികളെ സ്വീകരിച്ചതും അദ്ദേഹത്തിന്റെ വിശാലമായമനസാണ് കാണിച്ചു തരുന്നത്. തീവ്രവാദം മതത്തെ ദുരുപയോഗം ചെയ്യുമ്പോള്‍ നമുക്ക് നിശബ്ദരായിരിക്കാന്‍ കഴിയില്ല എന്നും തീവ്രവാദവും അക്രമവും ‘മത വഞ്ചനയാണ്’എന്നും ഈ വര്‍ഷം നടത്തിയ ഇറാക്ക് സന്ദര്‍ശന വേളയില്‍ ഫ്രാന്‍സിസ് പാപ്പ പ്രസ്താവിച്ചിരുന്നു. ‘സമാധാനപരമായി സഹവസിക്കുക’ എന്നതാണ് ഇക്കാലത്തു ആവശ്യമെന്നു ജോര്‍ജിയന്‍ പ്രസിഡന്റിന് 2016 ല്‍ എഴുതിയ കത്തില്‍ അദ്ദേഹം പറയുന്നുണ്ട്. ഫ്രാന്‍സിസ് പാപ്പയുടെ നിലപാട് അതാണ്. വിവിധ സംസ്‌കാരത്തിലുള്ളവരും മതത്തിലുള്ളവരും ഒരുമിച്ചു ജീവിക്കുമ്പോഴുണ്ടാവുന്ന കലഹങ്ങള്‍ ഒഴിവാക്കാന്‍ ഫ്രാന്‍സിസ് പാപ്പയുടെ ഉപദേശവും ഇത് തന്നെയാണ്.

മോദിയുടെയും പാപ്പയുടെയും പശ്ചാത്തലങ്ങള്‍ വ്യത്യസ്തങ്ങളായതു കൊണ്ടാണ് വത്തിക്കാനില്‍ നടന്ന അവരുടെ കൂടിക്കാഴ്ച വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്. സഹോദര്യത്തിനു വലിയ പ്രാധാന്യം കൊടുക്കുന്ന ഫ്രാന്‍സിസ ്പാപ്പ, പല ജാതി മത സംസ്‌കാരങ്ങള്‍ ഒരുമിച്ചു ജീവിക്കുന്ന ഇന്ത്യയെ സംബന്ധിച്ചിടത്തോളം സ്വീകാര്യമായ വ്യക്തിത്വമാണ്. ഇന്ത്യയില്‍ ഇന്ന് വളര്‍ന്നു വരുന്ന കലഹങ്ങളുടെയും മതപരമായ അകല്‍ച്ചകളുടെയും കാരണം അന്യരെ സഹോദരരായി കാണാനും ബഹുമാനിക്കുവാനുമുള്ള മനസ്സ് നഷ്ട്ടപ്പെട്ടു പോയതാണെന്ന് പറയാന്‍ കഴിയും. അസഹിഷ്ണുതയുടെയും മത മൗലിക വാദത്തിന്റെയും കെട്ടുകള്‍ പൊട്ടിക്കാന്‍ സമാധാന ദൂതനായ ഫ്രാന്‍സിസ് പാപ്പയ്ക്ക് സാധിക്കും എന്നതു കൊണ്ടുകൂടിയാണ് മോദി- പാപ്പ കൂടിക്കാഴ്ചയെ ഭാരതവും ലോകവും പ്രതീക്ഷയോടെ ഉറ്റുനോക്കുന്നത്. രാഷ്ട്രീയമായ അനേകം വ്യാഖ്യാനങ്ങള്‍ ഇവരുടെ കൂടികാഴ്ചയെപ്പറ്റി ഇനിയുള്ള ദിവസങ്ങളില്‍ കേള്‍ക്കുമെങ്കിലും അതിനുമപ്പുറത്തു ഈ കൂടിക്കാഴ്ച നല്‍കുന്ന സന്ദേശങ്ങള്‍ തുറന്ന ചര്‍ച്ചകളുടെയും പരസ്പരം മനസിലാക്കുന്നതിന്റെയുമാണ്. ഇന്ത്യ അനുഭവിക്കുന്ന അസഹിഷ്ണുതയെയും വെറുപ്പിനെയും നീക്കം ചെയ്യാന്‍ ഇവരുടെ കൂടിക്കാഴ്ചയ്ക്കും വരുംനാളില്‍ സംഭവിക്കാന്‍ സാധ്യതയുള്ള ഫ്രാന്‍സിസ് പാപ്പയുടെ ഭാരത സന്ദര്‍ശനത്തിനും സാധിക്കട്ടെ എന്ന് നമുക്കേവര്‍ക്കും പ്രത്യാശിക്കാം.

(കെആര്‍എല്‍സിബിസി മൈഗ്രന്റസ് ആന്‍ഡ് ചില്‍ഡ്രന്‍സ് കമ്മീഷന്‍ സെക്രട്ടറിയാണ് ലേഖകന്‍)


Related Articles

നന്മകളിലൂടെ മാത്രമേ മനുഷ്യജന്മം പൂര്‍ണതയിലെത്തുകയുള്ളൂ – ഡോ. അലക്‌സാണ്ടര്‍ ജേക്കബ്

കൊല്ലം: മനുഷ്യജീവിതം പൂര്‍ണവികാസം പ്രാപിക്കുന്നത് മാതാപിതാക്കള്‍, ഗുരു, പുരോഹിതന്‍ എന്നിവരിലൂടെയാണെന്നും ജീവിതത്തില്‍ ചെയ്തുതീര്‍ക്കേണ്ട നന്മ പ്രവൃത്തികള്‍ ചെയ്തുതീര്‍ത്താല്‍ മാത്രമേ പൂര്‍ണതയിലേക്ക് എത്താന്‍ സാധിക്കൂവെന്നും ഡോ. അല്കസാണ്ടര്‍ ജേക്കബ്

സാമൂഹ്യ രാഷ്ട്രീയ രംഗത്ത് മുന്നേറ്റത്തിന് തയ്യാറാവുക: ബിഷപ്പ് ഡോ അലക്സ് വടക്കുംതല

  ( ലത്തീൻ കത്തോലിക്കാ സമുദായ ദിനം ആചരിച്ചു)   കണ്ണൂർ: സാമൂഹ്യ സാമ്പത്തിക രാഷ്ട്രീയ അദ്ധ്യാത്മിക രംഗങ്ങളിൽ ഒരു മുന്നേറ്റത്തിന് തയ്യാറെടുക്കാൻ ലത്തീൻ സമുദായ അംഗങ്ങളോട്

ഈശോയുടെ സ്വന്തം അജ്‌ന: കാല്‍വരിയിലേക്കുള്ള അനുയാത്ര…

മറുനാട്ടിലെ എന്റെ താമസക്കാലം, ഞാന്‍ പഠിക്കുന്ന വിഷയം വൈദ്യശാസ്ത്രവുമായി ബന്ധപ്പെട്ടിരുന്നതിനാല്‍ ഒരു ആശുപത്രിയിലാണ് താമസം. അവിടെ എന്റെ മുറി ഐ.സി.യുവിനും എന്‍.ഐ.സി.യുവിനും ഒത്തനടുക്ക്! ഐ.സി.യുവില്‍ എന്നുംതന്നെ മരണം

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*