മോദി ഫ്രാന്‍സിസ് പാപ്പായുടെ ഹൃദയം കവരുമ്പോള്‍

by admin | November 5, 2021 5:03 am

 

നയതന്ത്രത്തിനും രാജ്യതന്ത്രജ്ഞതയ്ക്കും അതീതമായ ചരിത്രനിയോഗത്തിന്റെ ആമന്ത്രണം ശ്രവിക്കുന്ന ഉചിതയോഗജ്ഞനായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പലപ്പോഴും ലോകവേദികളില്‍ തിളങ്ങുന്നത്. വത്തിക്കാനിലെ അപ്പസ്‌തോലിക അരമനയില്‍ ഫ്രാന്‍സിസ് പാപ്പായുമായുള്ള ഗാഢാശ്ലേഷം റോമിലെ ജി20 ഉച്ചകോടിയിലോ സ്‌കോട്‌ലന്‍ഡിലെ ഗ്ലാസ്‌ഗോയിലെ യുഎന്‍ കാലാവസ്ഥാവ്യതിയാന സമ്മേളനത്തിലോ എന്നല്ല, തന്റെ 20 വര്‍ഷത്തെ പൊതുജീവിതത്തിലെ ഏറ്റവും ചമല്‍ക്കാരപൂര്‍ണമായ മറ്റേതൊരു സ്മൃതിചിത്രത്തെക്കാളും പ്രശോഭിതമായ സുകൃതധന്യമുഹൂര്‍ത്തമായി മോദിയുടെ സാര്‍വ്വദേശീയരാഷ്ട്രീയ ആഖ്യായികയില്‍ എന്നെന്നും വാഴ്ത്തപ്പെടാനിടയുണ്ട്.

കത്തോലിക്കനായ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് ജോ ബൈഡന്‍ അമേരിക്കന്‍ പ്രസിഡന്റ് പദവി ഏറ്റെടുത്തതിനുശേഷം ആദ്യമായി സ്വകാര്യ ദര്‍ശനത്തിന് എത്തിയപ്പോള്‍ പ്രകടിപ്പിച്ച ഊഷ്മളതയെ അതിശയിക്കുന്ന ആനന്ദാതിരേകത്തോടെയാണ് പിറ്റേന്ന് പരിശുദ്ധ പിതാവ് മോദിയെ സ്വീകരിച്ചതെന്ന് ചില വത്തിക്കാന്‍ നിരീക്ഷകര്‍ വിലയിരുത്തുന്നുണ്ട്. രാഷ്ട്രത്തലവന്മാരുമായുള്ള കൂടിക്കാഴ്ചകള്‍ വത്തിക്കാന്‍ പ്രോട്ടോകോള്‍ പ്രകാരം 30 മിനിട്ടില്‍ കൂടാറില്ല. ഉറച്ച കത്തോലിക്കാവിശ്വാസിയാണെങ്കിലും ഗര്‍ഭഛിദ്രം, സ്വവര്‍ഗവിവാഹം തുടങ്ങിയ ജീവല്‍പ്രശ്‌നങ്ങളില്‍ സഭയുടെ പ്രബോധനങ്ങള്‍ക്കു വിരുദ്ധമായ നിലപാടു സ്വീകരിക്കുന്നു എന്നതിന്റെ പേരില്‍ പ്രസിഡന്റ് ബൈഡന് ദിവ്യകാരുണ്യ കൂദാശ വിലക്കണമെന്ന് അമേരിക്കയിലെ സഭാനേതൃത്വത്തിലെ യാഥാസ്ഥിതികപക്ഷം വാദിച്ചുകൊണ്ടിരിക്കേ, യുഎസ് ചരിത്രത്തിലെ കത്തോലിക്കനായ രണ്ടാമത്തെ പ്രസിഡന്റിന്റെ പ്രഥമ വത്തിക്കാന്‍ സന്ദര്‍ശനത്തിന് ലോകമാധ്യമങ്ങള്‍ പ്രത്യേക പ്രാധാന്യം കല്പിച്ചിരുന്നു. യുഎസ് വൈസ് പ്രസിഡന്റായിരിക്കേ മൂന്നുവട്ടം ഫ്രാന്‍സിസ് പാപ്പയുമായി കൂടിക്കാഴ്ച നടത്തിയിട്ടുള്ള ബൈഡനുമായുള്ള ഇത്തവണത്തെ സവിശേഷ പേപ്പല്‍ ഓഡിയന്‍സ് 90 മിനിട്ടു നീണ്ടുനിന്നു. ദക്ഷിണ കൊറിയയിലെ മൂണ്‍ ജേ ഇന്‍ എന്ന കത്തോലിക്കനായ രാഷ്ട്രത്തലവന് 25 മിനിട്ടാണ് അന്നുതന്നെ ലഭിച്ചത്. അതേസമയം 20 മിനിട്ട് നിശ്ചയിച്ചിരുന്ന ഇന്ത്യന്‍ പ്രധാനമന്ത്രിയുമായുള്ള ആദ്യ കൂടിക്കാഴ്ച 55 മിനിട്ടിലേറെ നീണ്ടുപോയി എന്നത് ആശ്ചര്യമുണര്‍ത്തി.

ആഗോളതലത്തില്‍ 135 കോടി വരുന്ന കത്തോലിക്കാ വിശ്വാസസാമ്രാജ്യത്തിന്റെ പരമാചാര്യനും, അത്രതന്നെ ജനസംഖ്യയുള്ള ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെയും സനാതനധര്‍മ്മ സംസ്‌കാരത്തിന്റെയും പ്രതിപുരുഷനും തമ്മിലുള്ള സമാഗമത്തിന് ചിരപുരാതനമായ വത്തിക്കാന്‍ നയതന്ത്ര ചട്ടവട്ടങ്ങളുടെ പ്രൗഢഭംഗീരമായ ആചാരമര്യാദകള്‍ക്ക് ഉപരിയായി അതിസങ്കീര്‍ണമായ ഭൂരാഷ്ട്രതന്ത്രത്തിന്റെയും മതാത്മകരാഷ്ട്രീയത്തിന്റെയും സാംസ്‌കാരിക സംവാദത്തിന്റെയും മാനങ്ങളുണ്ട്. ഫിലിപ്പീന്‍സ് കഴിഞ്ഞാല്‍ ഏഷ്യയില്‍ ഏറ്റവും കൂടുതല്‍ കത്തോലിക്കരുള്ള രാജ്യം ഇന്ത്യയാണ്. രാജ്യത്തെ മൂന്നാമത്തെ ഏറ്റവും വലിയ മതസമൂഹമായ ക്രൈസ്തവരില്‍ ഏറ്റവും വലിയ സഭാവിഭാഗം കത്തോലിക്കരാണ്. സാര്‍വത്രിക സഭയുടെ പിതാവും അജപാലകനും എന്ന നിലയില്‍ ലോകമെങ്ങുമുള്ള ദൈവജനത്തെ നേരിട്ടുകണ്ട് ആശീര്‍വദിക്കാനായി അപ്പസ്‌തോലിക സന്ദര്‍ശനം നടത്തുന്ന ആധുനിക പാപ്പാമാരുടെ പാത പിന്തുടര്‍ന്ന്, ഇന്ത്യ സന്ദര്‍ശിക്കാനുള്ള തന്റെ ആഗ്രഹം ഫ്രാന്‍സിസ് പാപ്പാ നേരത്തേ വെളിപ്പെടുത്തിയിട്ടുള്ളതാണ്. എന്നാല്‍ ഇന്ത്യയിലെ രാഷ്ട്രീയ അന്തരീക്ഷത്തിലും മത, സാസ്‌കാരിക, സാമൂഹ്യമണ്ഡലത്തിലുമുണ്ടായ മാറ്റങ്ങളുടെ അതിശക്തമായ അടിയൊഴുക്കുകള്‍ പേപ്പല്‍ സന്ദര്‍ശനത്തിന്റെ ആധ്യാത്മികവും പ്രബോധനപരവുമായ അനുധാവനദൗത്യം തടയാനുള്ള പ്രത്യയശാസ്ത്രപരമായ ഉപരോധത്തിന്റെ തീവ്രദേശീയതാവാദ സമ്മര്‍ദങ്ങള്‍ സൃഷ്ടിക്കുകയാണുണ്ടായത്.

”അങ്ങ് ഇന്ത്യയില്‍ വന്നുകാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അങ്ങയെ അവിടെ സ്വീകരിക്കുക എന്നത് വലിയൊരു ബഹുമതിയായി കരുതുന്നു” എന്നു പറഞ്ഞുകൊണ്ടാണ് മോദി പരിശുദ്ധ പിതാവിനോടു വിടചൊല്ലിയത്. വത്തിക്കാനില്‍ പാപ്പായുമായി വളരെ ഊഷ്മളമായ കൂടിക്കാഴ്ച നടത്തി, വിവിധ വിഷയങ്ങളെക്കുറിച്ച് സംസാരിച്ചു, അദ്ദേഹത്തെ ഇന്ത്യയിലേക്കു ക്ഷണിക്കുകയും ചെയ്തുവെന്ന് 7.20 കോടി അനുവാചകരുള്ള തന്റെ ട്വിറ്റര്‍ മാധ്യമശ്രൃംഖലയില്‍ പാപ്പയെ ആലിംഗനം ചെയ്യുന്നതിന്റെ അതിമനോഹരമായ നാലു ചിത്രങ്ങളോടൊപ്പം പ്രധാനമന്ത്രി കുറിച്ചു. പേപ്പല്‍ സന്ദര്‍ശനത്തെക്കുറിച്ച് വത്തിക്കാന്‍ ഔദ്യോഗിക പ്രസ്താവനയില്‍ യാതൊന്നും സൂചിപ്പിച്ചില്ലെങ്കിലും, ”തനിക്കു ലഭിച്ച മഹാസമ്മാനം” എന്നു പ്രതികരിച്ച് പാപ്പാ ഇന്ത്യ സന്ദര്‍ശിക്കാനുള്ള ക്ഷണം ആഹ്ലാദപുരസ്സരം സ്വീകരിച്ചുവെന്നാണ് ഇന്ത്യന്‍ വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി വെളിപ്പെടുത്തിയത്. വത്തിക്കാന്‍ സെക്രട്ടറി ഓഫ് സ്റ്റേറ്റ് കര്‍ദിനാള്‍ പിയെത്രോ പരൊളിന്‍, വിവിധ രാഷ്ട്രങ്ങളുമായുള്ള വത്തിക്കാന്‍ ബന്ധത്തിന്റെ ചുമതല വഹിക്കുന്ന ആര്‍ച്ച്ബിഷപ് പോള്‍ ഗല്ലഗര്‍ എന്നിവരുമായും പ്രധാനമന്ത്രിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, വിദേശക്രാര്യമന്ത്രി എസ്. ജയ്ശങ്കര്‍ എന്നിവരും ഉള്‍പ്പെടുന്ന ഔദ്യോഗിക സംഘം ചര്‍ച്ചനടത്തുകയുണ്ടായി. അപ്പസ്‌തോലിക അരമനയുടെ സാന്‍ ദമാസോ അങ്കണത്തില്‍ സ്വിസ് ഗാര്‍ഡുകളുടെ നിറപ്പകിട്ടാര്‍ന്ന വരവേല്പില്‍ നിന്നു തുടങ്ങി വത്തിക്കാന്‍ സന്ദര്‍ശനത്തിന്റെ ഓരോ നിമിഷവും മോദിക്ക് അവിസ്മരണീയമായ അനുഭവംതന്നെയായിരുന്നിരിക്കണം.

സമൂഹത്തിലെ ഏറ്റവും ദരിദ്രര്‍ക്കുവേണ്ടിയുള്ള ക്ഷേമപദ്ധതികള്‍, കൊവിഡ് മഹാമാരിയെ അതിജീവിക്കാനുള്ള ശ്രമങ്ങളില്‍ സാമൂഹിക, സാമ്പത്തിക വിവേചനമില്ലാതെ എല്ലാവര്‍ക്കും വാക്‌സിന്‍ ലഭ്യമാക്കാനുള്ള വിപുലവും തീവ്രവുമായ ദൗത്യനിര്‍വഹണം, കാലാവസ്ഥാവ്യതിയാനത്തെ നേരിടാനുള്ള ഉദ്യമങ്ങള്‍ എന്നിങ്ങനെ ഇരുവര്‍ക്കും ഏറെ പ്രിയങ്കരമായ ക്രിയാത്മക നയപരിപാടികളെക്കുറിച്ച് സംസാരിച്ചുതുടങ്ങി ശ്ലാഘനിക ഭാഷണങ്ങള്‍ക്കപ്പുറത്ത് ഹൃദയം തുറന്ന സംവാദത്തിന്റെ വാതിലുകള്‍ തുറക്കാന്‍ ഫ്രാന്‍സിസ് പാപ്പാ ശ്രമിച്ചുവെന്നാണ് അനുമാനിക്കേണ്ടത്. അഭിപ്രായഭിന്നതകളുടെ തലങ്ങള്‍ ബഹുമുഖമാണെന്ന യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞുകൊണ്ട്, കൊടിയ വെല്ലുവിളികളുടെയും പ്രതിസന്ധികളുടെയും നടുവില്‍ കഴിയുന്ന ജനങ്ങള്‍ക്ക് പ്രത്യാശയുടെ വെളിച്ചം പകരുന്ന മാനവസൗഭ്രാത്രത്തിന്റെയും ഐക്യദാര്‍ഢ്യത്തിന്റെയും വഴി കണ്ടെത്താന്‍ സഹായകമായ സംവാദങ്ങള്‍ക്ക് പാപ്പാ ഊന്നല്‍നല്‍കുന്നുണ്ട്.

കാലാവസ്ഥാവ്യതിയാനം, മതതീവ്രവാദം, ഭീകരവാദം, തീവ്രദേശീയത, അന്യമതവിദ്വേഷം എന്നിങ്ങനെ ജനങ്ങള്‍ തമ്മിലും, പ്രകൃതിയും മനുഷ്യനും തമ്മിലുമുള്ള സമാധാനപൂര്‍ണമായ സഹവാസത്തിനു ഭീഷണി ഉയര്‍ത്തുന്ന വെല്ലുവിളികളെ ഫലപ്രദമായി പ്രതിരോധിക്കാന്‍ മതത്തിനതീതമായി ഐക്യപ്പെടേണ്ടതുണ്ടെന്ന തിരിച്ചറിവിന്റെ വെളിച്ചം കൂടുതല്‍ തെളിമയോടെ നമ്മെ നയിക്കട്ടെ എന്നാണ് മോദിയുടെ വത്തിക്കാന്‍ സന്ദര്‍ശനത്തിനു മുന്നോടിയായുള്ള ദീപാവലി സന്ദേശത്തില്‍ മതാന്തര സംവാദത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍ എടുത്തുപറഞ്ഞത്.

ഭാരതത്തിലെ ജനങ്ങളുടെ വിശ്വാസതീക്ഷ്ണതയും, ഇന്ത്യയുടെ ആധ്യാത്മികതയും നമ്മുടെ സാംസ്‌കാരിക വൈവിധ്യത്തിന്റെ അനുപമ ലാവണ്യവും നേരിട്ടുകാണാന്‍ അപ്പസ്‌തോലിക സന്ദര്‍ശനത്തിലൂടെ പരിശുദ്ധ പിതാവിന് അവസരം ലഭിക്കുമെന്ന് വത്തിക്കാന്‍ കൂരിയാ നവീകരണത്തിനായി ഫ്രാന്‍സിസ് പാപ്പാ നിയോഗിച്ച ഒന്‍പത് കര്‍ദിനാള്‍മാരുടെ സംഘത്തില്‍ അംഗമായ ബോംബെ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ ഓസ്‌വാള്‍ഡ് ഗ്രേഷ്യസ് നിരീക്ഷിക്കുന്നു. 2017-ല്‍ ബംഗ്ലാദേശ്, മ്യാന്‍മാര്‍ എന്നീ അയല്‍രാജ്യങ്ങള്‍ സന്ദര്‍ശിച്ചപ്പോള്‍ ഇന്ത്യയില്‍ എത്തേണ്ടിയിരുന്ന പാപ്പാ അന്ന് പേപ്പല്‍ ഫ്‌ളൈറ്റില്‍ ഉണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞത്, താന്‍ ആഗ്രഹിച്ചതുപോലെ ഇത്തവണ ഇന്ത്യ സന്ദര്‍ശിക്കാന്‍ കഴിയാതെ പോയത് ദൈവനിയോഗം തന്നെയാവും എന്നാണ്. ”ഇന്ത്യയിലേക്കു മാത്രമായി വേണം ഒരു സന്ദര്‍ശനം ആസൂത്രണം ചെയ്യാന്‍; തെക്കും, പടിഞ്ഞാറും, വടക്കുകിഴക്കും, മധ്യത്തിലുമൊക്കെയായി ഇന്ത്യയുടെ വൈവിധ്യത്തിന്റെ പൂര്‍ണത മുഴുവന്‍ ഉള്‍ക്കൊള്ളാന്‍ വിശദമായ യാത്രാപഥം ഒരുക്കേണ്ടതുണ്ട്.” 2016-ല്‍ വത്തിക്കാന്‍ പാപ്പായുടെ ഇന്ത്യാ സന്ദര്‍ശനത്തിന് വിശദമായ യാത്രാപരിപാടികള്‍ ആസൂത്രണം ചെയ്തിരുന്നത് പുതിയ സാഹചര്യത്തില്‍ പുതുക്കേണ്ടതായിവരും.

സന്ദര്‍ശനം എത്രയും വേഗം ഉണ്ടാകുമെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം സൂചിപ്പിക്കുന്നതിനു പിന്നില്‍ ബിജെപിയുടെ തിരഞ്ഞെടുപ്പുരാഷ്ട്രീയം വായിച്ചെടുക്കുന്നവരുണ്ട്. ഗോവയിലും മണിപ്പൂരിലും അടുത്തവര്‍ഷം ആദ്യ പാദത്തില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ മോദിയുടെ വത്തിക്കാന്‍ ആഭിമുഖ്യത്തിന്റെ പേരില്‍ ക്രൈസ്തവ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ കഴിയുമെന്നും, കേരളത്തിലെ മുന്നണിരാഷ്ട്രീയത്തിലെ സമവാക്യങ്ങളെ മാറ്റിമറിക്കാന്‍ പോലും പേപ്പല്‍ സന്ദര്‍ശനം വഴിതെളിക്കുമെന്നും ചിലരെങ്കിലും കണക്കുകൂട്ടുന്നുണ്ട്. അരുണാചല്‍പ്രദേശ്, നാഗാലാന്‍ഡ്, മിസോറം, മേഘാലയ എന്നീ ക്രൈസ്തവ ഭൂരിപക്ഷമുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കു പുറമെ, കേരളം, ഗോവ, തമിഴ്‌നാട്, പുതുച്ചേരി, ആന്ധ്രാപ്രദേശ്, മണിപ്പൂര്‍, സിക്കിം, ആന്‍ഡമാന്‍ നിക്കോബാര്‍ മേഖലകളിലും ഗണ്യമായ ക്രൈസ്തവ സാന്നിധ്യമുണ്ട്. എന്നാല്‍ ഇന്ത്യയിലെ 16 സംസ്ഥാനങ്ങളിലെങ്കിലും ക്രൈസ്തവര്‍ അടക്കമുള്ള ന്യൂനപക്ഷ മതവിഭാഗങ്ങള്‍ ദിനംപ്രതിയെന്നോണം തീവ്രഹിന്ദുത്വവാദികളുടെ അതിക്രമങ്ങള്‍ക്ക് ഇരകളാകുന്നുണ്ട്. വിവാഹത്തിനു വേണ്ടിയുള്ള മതപരിവര്‍ത്തനം തടയാനെന്ന പേരില്‍, ഭരണഘടനാവിരുദ്ധമായ പഴയ ‘മതസ്വാതന്ത്ര്യ’ നിയമങ്ങള്‍ പല ബിജെപി സംസ്ഥാന ഭരണകൂടങ്ങളും പുനരവതരിപ്പിക്കുന്നു. കര്‍ണാടകത്തില്‍ ക്രൈസ്തവ ആരാധനാലയങ്ങളെയും സ്ഥാപനങ്ങളെയും ലക്ഷ്യമാക്കി സര്‍ക്കാര്‍ ഏജന്‍സികള്‍ പ്രത്യേക സര്‍വേ ആരംഭിച്ചിരിക്കുന്നു. ദേശീയ രാഷ്ട്രീയത്തില്‍ രാഷ്ട്രപതി, പ്രധാനമന്ത്രി, ഉപരാഷ്ട്രപതി തുടങ്ങി കേന്ദ്രമന്ത്രിസഭയിലെയും പാര്‍ലമെന്റിലെയും മഹാഭൂരിപക്ഷം അംഗങ്ങളും സംസ്ഥാന ഗവര്‍ണര്‍മാരും അടക്കം ഭരണഘടനാപദവികളില്‍ സംഘപരിവാര്‍ പ്രചാരകന്മാര്‍ വ്യാപകമായി വിന്യസിക്കപ്പെട്ടിരിക്കേ, ലോകത്തിലെ ഏറ്റവും വലിയ സാംസ്‌കാരിക സംഘടന എന്നവകാശപ്പെടുന്ന ആര്‍എസ്എസിന്റെ രാഷ്ട്രീയ അജന്‍ഡയില്‍ പേപ്പല്‍ സന്ദര്‍ശനം കൊണ്ട് എന്തു മാറ്റമുണ്ടാകാനാണ് എന്നു ചോദിക്കുന്നവരുമുണ്ട്.

ലോകസമാധാന സന്ദേശത്തിനും, അബുദാബിയില്‍ 2019-ല്‍ അല്‍അസറിലെ വലിയ ഇമാമുമായി ഒപ്പുവച്ച മാനവസാഹോദര്യത്തിന്റെ ഉടമ്പടിക്കുമൊപ്പം പാപ്പാ മോദിക്കു സമ്മാനിച്ച വൃക്ഷത്തിന്റെ പ്രതിരൂപമുള്ള വെങ്കലഫലകത്തിലെ ”മരുഭൂമി ഫലപുഷ്ടിയുള്ള വയലായി മാറും” (Il deserto diventerà un giardino) എന്ന പഴയനിയമത്തിലെ ഏശയ്യാ പ്രവാചകന്റെ പുസ്തകത്തിലെ (32:15) ‘നീതിമാനായ രാജാവിനെ’ക്കുറിച്ചുള്ള വരികളുടെ വിവക്ഷിതാര്‍ത്ഥങ്ങള്‍ വ്യാഖ്യാനിക്കുന്നവര്‍ അതില്‍ അശാന്തിഘട്ടങ്ങള്‍ക്കു പിറകെ വരുന്ന പ്രത്യാശയും സമൃദ്ധിയും തുളുമ്പുന്ന കാലത്തെക്കുറിച്ചുള്ള പ്രവചനദര്‍ശനം തെളിഞ്ഞുകാണുന്നുണ്ട്.

 

 

 

 

 

Source URL: https://jeevanaadam.in/%e0%b4%ae%e0%b5%8b%e0%b4%a6%e0%b4%bf-%e0%b4%ab%e0%b5%8d%e0%b4%b0%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b8%e0%b4%bf%e0%b4%b8%e0%b5%8d-%e0%b4%aa%e0%b4%be%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%be%e0%b4%af/