മ്യൂണിക്കിലെ കര്‍ദിനാള്‍ ജോസഫ് റാറ്റ്സിങ്ങര്‍

ജീവിതം ഹൃദ്യവും സമ്പന്നവും അനുഭവവേദ്യവുമാകുന്നത് അതിന്റെ നിര്‍വിഘ്നമായ പ്രയാണം കൊണ്ടുമാത്രമല്ല, അതിന്റെ ഏടുകളിലൂടെ സ്വര്‍ണം അഗ്നിയിലെന്നപോലെ ശുദ്ധീകരിക്കപ്പെടുന്നതുകൊണ്ടുകൂടിയാണ്. നാസി പട്ടാള ക്യാമ്പില്‍ അനുഭവിച്ച കഷ്ടപ്പാടുകളും ഹിറ്റ്ലറുടെ മൃഗീയ ഭരണത്തെത്തുടര്‍ന്ന് നരകതുല്യമായിത്തീര്‍ന്ന ജര്‍മനിയിലുണ്ടായ സാമ്പത്തിക സാംസ്കാരിക ജീര്‍ണതകളും കുറച്ചൊന്നുമല്ല ചെറുപ്പക്കാരനായ ജോസഫ് റാറ്റ്സിങ്ങറുടെ മനസില്‍ മുറിവുകളുണ്ടാക്കിയത്. എന്നാല്‍ ദൈവത്തിലുള്ള അടിയുറച്ച വിശ്വാസവും സമൃദ്ധമായി എപ്പോഴും ലഭിച്ചുകൊണ്ടിരുന്ന ദൈവകൃപയും അത്ഭുതകരമായി റാറ്റ്സിങ്ങറെ ആ ദുരന്തങ്ങളില്‍ നിന്നും കരകയറ്റാന്‍ സഹായിച്ചു. എരിതീയിലെ ചാരത്തില്‍ നിന്നും അത്ഭുതകരമായി ഉയിര്‍ത്തെഴുന്നേറ്റ ഒരു ഫിനിക്സ് പക്ഷിയെപ്പോലെ റാറ്റ്സിങ്ങര്‍ പിന്നീട് പരമകാരുണീയനായ യേശുവിനെയും അവന് സൃഷ്ടിച്ച സഭയേയും സേവിച്ചു. ദൈവശാസ്ത്രം പഠിച്ചും പഠിപ്പിച്ചും എഴുതിയും പ്രഘോഷിച്ചും ജോസഫ് റാറ്റ്സിങ്ങര്‍ യൂറോപ്പിലെ പ്രമുഖ ദൈവശാസ്ത്രകാരിലൊരാളായി മാറി.

Ratzinger Family
1976 ജൂലൈ 24-ാം തീയതി 62-ാമത്തെ വയസില്‍ മ്യൂണിക്കിലെയും ഫ്രൈസിങ്ങിലെയും ആര്‍ച്ച്ബിഷപ്പായിരുന്ന കര്‍ദിനാള്‍ ജൂലിയസ് ഡോഫ്നര്‍ ആകസ്മികമായി മരണപ്പെടുന്നതോടെയാണ് ജോസഫ് റാറ്റ്സിങ്ങറച്ചന്റെ ജീവിതരേഖയില്‍ വലിയ മാറ്റങ്ങളുണ്ടാകുന്നത്. മ്യൂണിക്കിലെ ആര്‍ച്ച്ബിഷപ്പായി പോള്‍ ആറാമന്‍ പാപ്പാ തിരഞ്ഞെടുത്തത് ദൈവശാസ്ത്രകാരനായ പ്രൊഫ. റാറ്റ്സിങ്ങറെ. 1977 മാര്‍ച്ച് 25നാണ് മ്യൂണിക്കിലെയും ഫ്രൈസിങ്ങിലെയും ആര്‍ച്ച്ബിഷപ്പായി അദ്ദേഹം സ്ഥാനാരോഹണം ചെയ്തത്. മൂന്നു മാസങ്ങള്‍ക്കുശേഷം അതേ വര്‍ഷം ജൂണ്‍ 27ന് പോള്‍ ആറാമന്‍ പാപ്പ അദ്ദേഹത്തെ കര്‍ദിനാളാക്കി.
മ്യൂണിക്കിലെ ലുഡ്വിഗ്-മാക്സിമില്യന് യൂണിവേഴ്സിറ്റിയില്‍ എന്റെ മെഡിക്കല്‍ വിദ്യാഭ്യാസം ഏറെ പങ്കപ്പാടുകളോടെ മുന്നോട്ടുപൊയ്ക്കൊണ്ടിരുന്ന സമയം. പങ്കപ്പാടുകളെന്നു പറഞ്ഞാല്‍ മറ്റൊന്നുമല്ല. പഠിക്കാന്‍ കയ്യില്‍ ആവശ്യത്തിന് പണമില്ല. താമസം മ്യൂണിക്കിനടുത്തുള്ള ഗ്രോബെന്സെന് എന്ന ഗ്രാമത്തില്‍. അവിടെയുള്ള ഒരു കത്തോലിക്കാ കുടുംബത്തില്‍ സൗജന്യതാമസം. ഗ്രോബെന്സെന് ഗ്രാമത്തിലെ പള്ളിയില്‍ അസിസ്റ്റന്റായി സേവനമനുഷ്ഠിച്ച ബന്ധുവായ പുരോഹിതന് പരിചയപ്പെടുത്തിത്തന്നതാണ്. ആ കുടുംബത്തില്‍ താമസവും ഭക്ഷണവും സൗജന്യം. അതിന് കുറച്ച് വീട്ടുജോലികള്‍ ഞാന്‍ അവര്‍ക്ക് ചെയ്ത് കൊടുക്കണമെന്നു മാത്രം. പ്രത്യേകിച്ച് വാരാന്ത്യത്തില്‍ വീട്ടിലെ മുറികളുടെയെല്ലാം ക്ലീനിങ്ങ് എന്റെ ചുമതല. കൂടാതെ ഭക്ഷണത്തിനുള്ള ഷോപ്പിങ്ങും ചെയ്യണം. കാരണം അവിടെ താമസിച്ചിരുന്നത് വയോധികരായ രണ്ടുപേരാണ്. അപ്പനും അമ്മയും മാത്രം. മക്കളെല്ലാം ഓരോ സ്ഥലത്ത്. രാവിലെ എഴുന്നേറ്റ് ആവശ്യമുള്ള ജോലികളെല്ലാം ചെയ്തുകൊടുത്തശേഷം യൂണിവേഴ്സിറ്റിയിലേക്കു ശീഘ്രത്തില് ഒരു യാത്ര. എസ്-ബാനില്‍ (ഹ്രസ്വദൂരട്രെയിന്) മുക്കാല്‍ മണിക്കൂര്‍ യാത്ര ചെയ്തും നടന്നും ക്ലാസിലെത്തും. തിരിച്ച് രാത്രിയില്‍ ഗ്രോബെന്സെലിലെത്തും.
വീട്ടുജോലികളും യാത്രയും കൂടിയായപ്പോള്‍ എനിക്ക് പഠിക്കാന്‍ സമയമില്ല. അങ്ങനെയാണ് യൂണിവേഴ്സിറ്റിക്കടുത്തുള്ള ഒരു ചെറിയ ഹോസ്റ്റലിലേക്ക് താമസം മാറ്റണമെന്ന് തീരുമാനിച്ചത്. എന്നാല്‍ ഹോസ്റ്റല്‍ ഫീസ് കൊടുക്കാന്‍ പണം കണ്ടെത്തണം. മ്യൂണിക് അതിരൂപതവക വിദേശത്തുനിന്നുള്ള നിര്‍ധനരായ കത്തോലിക്ക വിദ്യാര്‍ഥികള്‍ക്കായി ഉണ്ടാക്കിയിട്ടുള്ള ഒരു ഹോസ്റ്റലുണ്ട്. യോഹാന്നസ് കോളജ്.അവിടെ കുറഞ്ഞ ചിലവില്‍ താമസിക്കാന്‍ അതിരൂപതയുടെ അനുമതി വേണം.
ജോസഫ് റാറ്റ്സിങ്ങര്‍ മ്യൂണിക്കിലെയും ഫ്രൈസിങ്ങിലെയും ആര്‍ച്ച്ബിഷപ്പായി വരുന്നതോടെ എന്റെ കഷ്ടപ്പാടുകള്‍ക്ക് അറുതിവരുമെന്നു കരുതി, അങ്ങനെ തന്നെ സംഭവിക്കുകയും ചെയ്തു. പഠനം മുന്നോട്ടുകൊണ്ടുപോകാനുള്ള എന്റെ സാമ്പത്തിക പരാധീനതകളെപ്പറ്റി അറിഞ്ഞ ആര്‍ച്ച്ബിഷപ്പ് ഉടന്‍ തന്നെ കുറഞ്ഞ ചെലവില്‍ അതിരൂപതയുടെ ഹോസ്റ്റലില്‍ താമസിക്കാനുള്ള ഏര്‍പ്പാടു ചെയ്തു തന്നു. ഏഷ്യയില്‍ നിന്നും ആഫ്രിക്കയില്‍ നിന്നും ജര്‍മനിയില്‍ പഠിക്കാന്‍ വരുന്ന കത്തോലിക്കാ വിദ്യാര്‍ഥികള്‍ക്കായി മ്യൂണിക്ക് അതിരൂപതയുടെ ആഭിമുഖ്യത്തില്‍ ഒരു വിദ്യാര്‍ഥി സംഘടനയുണ്ട്. ആഫ്രോ-ഏഷ്യന്‍ സ്റ്റുഡന്റ്സ് ഓര്ഗനൈസേഷന്. ആഫ്രോ-ഏഷ്യന്‍ വിദ്യാര്‍ഥി സംഘടനയുടെ പ്രസിഡന്റായി ഞാന്‍ തിരഞ്ഞെടുക്കപ്പെട്ടതോടെ വിദേശവിദ്യാര്‍ഥികളുടെ പ്രശ്നപരിഹാരങ്ങള്‍ക്കായി കൂടുതല്‍ വ്യാപൃതനായി.
ഇന്ത്യ, ആഫ്രിക്ക, ലാറ്റിന്‍ അമേരിക്ക, ഇന്തോനേഷ്യ, ഫിലിപ്പിന്‍സ്, ചൈന, തൈവാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുവരുന്നവരുടെ അഡ്മിഷന്, വിസ, താമസസൗകര്യങ്ങള്‍ എന്നിവ സംഘടിപ്പിക്കുന്നതിനായി അതിരൂപതയുടെ ചാപ്ലിനുമായി ഒത്തുപ്രവര്‍ത്തിച്ചു. മിക്ക ആഴ്ചകളിലും വിദ്യാര്‍ഥി സംഘടനയുടെ ചാപ്ലിന്റെ കത്തുമായി ആര്‍ച്ച്ബിഷപ്പിനെ കാണാന്‍ പോകണം. മൂന്നാംലോക രാഷ്ട്രങ്ങളില്‍ നിന്നും മ്യൂണിക് യൂണിവേഴ്സിറ്റിയില്‍ പഠനത്തിനായി വരുന്ന കത്തോലിക്ക വിദ്യാര്‍ഥികളുടെ വിവിധ ആവശ്യങ്ങളാണ് കത്തില്‍. താമസ സൗകര്യവും പഠനത്തിനുള്ള ചിലവുകളുമെല്ലാം ഒരു പരിധിവരെ അതിരൂപത തരപ്പെടുത്തിത്തരും. പലപ്പോഴും വൈകുന്നേരങ്ങളില്‍ ക്ലാസ് കഴിഞ്ഞ് അരമനയിലെത്തുമ്പോള് പൂന്തോട്ടത്തില്‍ ചില്ലറ ജോലികള്‍ ചെയ്തും ചെടികള്‍ നനച്ചും നില്ക്കുന്ന ഒരു പൂന്തോട്ടക്കാരനെ കാണാം. മറ്റാരുമല്ല കര്‍ദിനാള്‍ റാറ്റ്സിങ്ങര്‍. എന്നെ കണ്ടാല്‍ ഉടന്‍ അകത്തേക്കുകൂട്ടിക്കൊണ്ടു
പോകും. സഹോദരി മരിയയെ വിളിക്കും, എനിക്ക് കുടിക്കാനും കഴിക്കാനും എടുക്കാന്‍. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്ന എന്റെ മേശക്കരികെ ഇരുന്നുകൊണ്ടാണ് കര്‍ദിനാള്‍ ചാപ്ലിന്റെ കത്ത് വായിക്കുക. എപ്പോഴും സഹോദരി മരിയ കൂടെയുണ്ടാവും. അവിവാഹിതയായ അവള് സഹോദരന്റെ വീട്ടുകാരിയായി അദ്ദേഹത്തെ പരിചരിച്ചുകൊണ്ടിരിക്കുന്നു. പ്രിയപ്പെട്ട അനുജന്റെ വീട്ടുകാര്യങ്ങളും ഭക്ഷണങ്ങളുമെല്ലാം നോക്കി മ്യൂണിക്കിലും പിന്നീട് വത്തിക്കാനിലും 1991 ല്‍ മരിക്കുന്നതുവരെ ജ്യേഷ്ഠനായി കൂടെയുണ്ടായിരുന്നു.
കര്‍ദിനാള്‍ ജോസഫ് റാറ്റ്സിങ്ങര്‍ ജര്‍മന്‍ മെത്രാന് സംഘടനയുടെ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെടുമ്പോഴാണ് എനിക്ക് പഠനത്തിനുള്ള സ്കോളര്‍ഷിപ്പ് തരപ്പെട്ടുകിട്ടിയത്. ജര്‍മന്‍ മെത്രാന് സംഘടന വിദേശ വിദ്യാര്‍ഥികള്‍ക്ക് നല്‍കാറുള്ള സ്കോളര്‍ഷിപ്പ് എനിക്ക് അനുവദിച്ചു തന്നതോടെ എന്റെ കഷ്ടതകള്‍ക്ക് നല്ലൊരു പരിധിവരെ അറുതി വന്നു. ആ സഹായം കൊണ്ട് മ്യൂണിക് യൂണിവേഴ്സിറ്റിയില്‍ എന്റെ വൈദ്യപഠനം പൂര്‍ത്തിയാക്കാന്‍ സാധിച്ചു. മ്യൂണിക്കിലെ അതിരൂപതാധ്യക്ഷനായ അനുജനെ കാണുവാനും ജ്യേഷ്ഠന് ഫാ. ജോര്‍ജ് റാറ്റ്സിങ്ങര്‍ സഹോദരങ്ങളോടൊപ്പം ഭക്ഷണം കഴിക്കുവാനും പലപ്പോഴും എനിക്ക് ക്ഷണം ലഭിച്ചിരുന്നു. തിരിച്ചുപോകാന്‍ നേരം അരമനയുടെ പൂമൂഖം വരെ എന്റെ കൂടെ വന്ന് പേഴ്സില്‍ നിന്ന് അമ്പതോ നൂറോ മാര്‍ക്ക് (അന്നത്തെ ജര്‍മനിയിലെ കറന്‍സി) എടുത്ത് എന്റെ പോക്കറ്റില്‍ ഇട്ടുതരുമായിരുന്നു.

George Thayil with Cardinal Joseph Ratzinger (Pope Benedict XVI)
കത്തോലിക്കാസഭയുടെ ശക്തനായ വിശ്വാസസംരക്ഷകനായിട്ടാണ് ജോസഫ് റാറ്റ്സിങ്ങര്‍ എന്ന ദൈവശാസ്ത്രകാരന്‍ അറിയപ്പെട്ടിരുന്നത്. ഈവ് കോംഗാര്‍, കാള്‍ബാര്‍ത്ത്, കാള്‍റാനര്‍ എന്നീ ദൈവശാസ്ത്രകാരന്മാരുടെ വൈരുദ്ധ്യാത്മകമായ കാഴ്ചപ്പാടുകളെ തിരുത്തിയെഴുതാന്‍ റാറ്റ്സിങ്ങര്‍ മുന്നിട്ടുനിന്നു. തന്റെ സമകാലികനായ സ്വിറ്റ്സര്‍ലന്റുകാരന്‍ ഹന്സ്ക്യൂങ്ങിന്റെ വിപ്ലവകരമായ ദൈവശാസ്ത്ര വിമര്‍ശനങ്ങളെ ശക്തിയുക്തം എതിര്‍ക്കാന്‍ റാറ്റ്സിങ്ങര്‍ മടികാട്ടിയില്ല. റ്റ്വീബിങ്ങനില് ഒരേ സമയം റാറ്റ്സിങ്ങറോടൊപ്പം തിയോളജി വിഭാഗത്തില്‍ പ്രൊഫസറായി സേവനമനുഷ്ഠിച്ച വ്യക്തിയാണ് ഹന്സ്ക്യുങ്ങ്. പാപ്പായുടെ അപ്രമാദിത്വ അധികാരങ്ങളെ ചോദ്യം ചെയ്ത ഹന്സ്ക്യൂങ്ങിനെ നിലയ്ക്കുനിര്‍ത്താന്‍ റാറ്റ്സിങ്ങര്‍ പുസ്തകങ്ങളെഴുതി. റ്റ്വീബിങ്ങന് യൂണിവേഴ്സിറ്റിയില്‍ പഠിക്കുമ്പോഴാണ് അദ്ദേഹം ക്രിസ്തുമതത്തിന് ഒരാമുഖം എന്ന വിഖ്യാതഗ്രന്ഥം രചിച്ചത്. സഭയുടെ ആന്തരികസത്തയെ വചനബന്ധമായി പുനര്‍നിര്‍വചിക്കുന്ന ജനതകളുടെ പ്രകാശം എന്ന പ്രമാണരേഖയും സഭയും ലോകവുമായുള്ള ബന്ധത്തെ വ്യക്തമാക്കുന്ന സഭ ആധുനികലോകത്തില്‍ എന്ന പ്രമാണരേഖയും രൂപപ്പെടുത്തുന്നതില്‍ പ്രൊഫ. റാറ്റ്സിങ്ങര്‍ തന്റെ ആത്മീയ വെളിപാടുകളെ അപരിമേയമാക്കി. ദൈവശാസ്ത്രത്തിന്റെ നൂലാമാലകള്‍ കെട്ടഴിച്ച് സുതാര്യമാക്കി ലോകത്തിനു മുന്പില് പ്രതിഷ്ഠിച്ച റാറ്റ്സിങ്ങറെ ആഗോളസഭയുടെ അമരത്തേയ്ക്കാനയിക്കാനായി ദൈവം സാവധാനം ഒരുക്കുകയായിരുന്നു. അങ്ങനെയാണ് ജോണ്‍ പോള്‍ രണ്ടാമന് പാപ്പ 1981 നവംബര്‍ അഞ്ചാം തീയതി വിശ്വാസതിരുസംഘത്തിന്റെ പ്രിഫെക്റ്റ് ആയി കര്‍ദിനാള്‍ റാറ്റ്സിങ്ങറെ വത്തിക്കാനിലേക്കു ക്ഷണിക്കുന്നത്. (തുടരും)
Click to join Jeevanaadam Whatsapp Group
ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
Related
Related Articles
ലൈംഗികാതിക്രമം: സഭയില്‍ പുതിയ ചട്ടങ്ങള്‍
വത്തിക്കാന്‍ സിറ്റി: സഭാശുശ്രൂഷകരുമായി ബന്ധപ്പെട്ട ലൈംഗികാതിക്രമങ്ങളും അവ മറച്ചുവയ്ക്കാനുള്ള ശ്രമങ്ങളും മേലധികാരികളെ അറിയിക്കാന്‍ എല്ലാ വൈദികരും സന്ന്യസ്തരും ബാധ്യസ്ഥരാണെന്നു വ്യക്തമാക്കി ഫ്രാന്‍സിസ് പാപ്പ സാര്‍വത്രിക കത്തോലിക്കാ സഭയ്ക്കു
കാന്‍സര്‍ ചികിത്സാ സഹായത്തിന് ഇനിമുതല്‍ പിഎച്ച്സി ഡോക്ടര്‍മാര്‍ക്ക് ശുപാര്‍ശ ചെയ്യാം
ആലപ്പുഴ: കാന്‍സര്‍ ചികിത്സിക്കുന്നവര്‍ക്കും രോഗം ഭേദമായവര്‍ക്കും നല്‍കിവരുന്ന സര്‍ക്കാര്‍ ചികിത്സാ സഹായത്തിന് ശുപാര്‍ശ ചെയ്യാന്‍ പ്രാഥമീക ആരോഗ്യകേന്ദ്രങ്ങളിലെ ഡോക്ടര്‍മാര്‍ക്കും അനുമതി. കോവിഡ് കാലത്തെ രോഗികളുടെ പ്രയാസങ്ങളും പ്രായോഗിക
ഗ്വാളിയോര്‍ ബിഷപ്പ് തോമസ് തെന്നാട്ട് വാഹനാപകടത്തില്‍ മരിച്ചു
ഗ്വാളിയോര്‍: മധ്യപ്രദേശിലെ ഗ്വാളിയോര്‍ രൂപത ബിഷപ്പ് തോമസ് തെന്നാട്ട് എസ്എഎസി വാഹനാപകടത്തില്‍ മരിച്ചു. 65 വയസായിരുന്നു. 14ന് രൂപതയുടെ കീഴിലുള്ള സ്കൂളിലെ വാര്‍ഷികാഘോഷ പരിപാടികളില്‍ പങ്കെടുത്തതിനു ശേഷം