മ്യൂസിയം ഓഫ് ദ് ബൈബിള്‍

മ്യൂസിയം ഓഫ് ദ് ബൈബിള്‍

അമേരിക്കയിലെ മ്യൂസിയം ഓഫ് ദ് ബൈബിള്‍ ഏറ്റവും കൂടുതല്‍ പേര്‍ സന്ദര്‍ശിച്ച കാഴ്ചബംഗ്ലാവുകളിലൊന്നാണ്. 2017 നവംബറിലാണ് ബൈബിള്‍ മ്യൂസിയം സന്ദര്‍ശകര്‍ക്കായി തുറന്നത്. സ്വകാര്യ മേഖലയിലാണ് ഈ സംരംഭം ആരംഭിച്ചിട്ടുള്ളത്. അമേരിക്കയിലെ ഏറ്റവും വലിയ റീട്ടെയ്ല്‍ ശൃംഖലയായ ഹോബി ലോബിയാണ് മ്യൂസിയത്തിന്റെ ഉടമസ്ഥര്‍. 3,700 കോടി ഡോളര്‍ വാര്‍ഷിക വിറ്റുവരവുള്ള സ്ഥാപനമാണ് ഹോബി ലോബി. കലാകരകൗശല വസ്തുക്കളാണ് ഇവര്‍ വിപണനം ചെയ്യുന്നത്. ഇവാന്‍ജലിക്കല്‍ പ്രൊട്ടസ്റ്റന്റ് വിഭാഗത്തില്‍പെട്ട സ്റ്റീവ് ഗ്രീന്‍ ആണ് ഹോബി ലോബിയുടെ തലവന്‍.
പക്ഷേ ബൈബിള്‍ അധിഷ്ഠിതമായ ഈ പ്രദര്‍ശനാലയം ഇപ്പോള്‍ വിവാദത്തിലാണ്. മ്യൂസിയം ഓഫ് ബൈബിളിലെ ഏറ്റവും ആകര്‍ഷകമായ പ്രദര്‍ശന വസ്തുക്കളിലൊന്നാണ് ചാവുകടല്‍ ചുരുള്‍ അഥവാ ഖുമ്രാന്‍ ചുരുള്‍. ഇസ്രയേലിലെ വെസ്റ്റ്ബാങ്കിനു സമീപമുള്ള ഖുമ്രാന്‍ ഗുഹകളില്‍ നിന്നാണ് ഏറ്റവും പുരാതനമായ ബൈബിള്‍ ലിഖിതങ്ങള്‍ കണ്ടെടുക്കപ്പെട്ടത്. ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ ഇവിടെ നിന്നും നൂറുകണക്കിന് ചുരുളുകളാണ് കണ്ടെടുത്തിട്ടുള്ളത്. ‘യസീനികള്‍’ എന്ന് വിളിക്കപ്പെടുന്ന തീക്ഷ്ണമതികളായ യഹൂദരുടെ കൂട്ടായ്മ ഇവിടെ വസിച്ചിരുന്നു. അവര്‍ പകര്‍ത്തി എഴുതിയ പഴയനിയമ പതിപ്പുകളും വിശകലനങ്ങളുമാണ് ചാവുകടല്‍ ചുരുളുകള്‍.
മ്യൂസിയം ഓഫ് ബൈബിളില്‍ 16 ചാവുകടല്‍ചുരുളുകള്‍ ഉണ്ട്. 2018 ഒക്ടോബര്‍ 22ന് നടത്തിയ ഒരു വെളിപ്പെടുത്തലനുസരിച്ച് അവയില്‍ അഞ്ചെണ്ണമെങ്കിലും വ്യാജനിര്‍മിതമാണ്. മ്യൂസിയം തുടങ്ങിയ നാള്‍മുതല്‍ ഇവിടത്തെ ചാവുകടല്‍ ചുരുളുകളെക്കുറിച്ച് സന്ദര്‍ശകരായ ഗവേഷകരില്‍ പലരും സംശയം പ്രകടിപ്പിച്ചിരുന്നു. ഇതനുസരിച്ച് ചുരുളുകള്‍ പരിശോധനയ്ക്ക് വിധേയമാക്കാന്‍ ഉടമസ്ഥരായ ഹോബി ലോബി തീരുമാനിച്ചു. ജര്‍മനിയിലെ ഫെഡറല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ മെറ്റീരിയല്‍സ് റീസര്‍ച്ച് ആന്‍ഡ് ടെസ്റ്റിംഗ് (ബിഎഎം) എന്ന സ്ഥാപനത്തിലേക്ക് 5 ചുരുളുകള്‍ അയച്ചുകൊടുത്ത് പരിശോധിപ്പിച്ചു. എക്‌സ്‌റേ സ്‌കാനിംഗും മഷി പരിശോധനകളുമടക്കമുള്ള ആധുനിക സങ്കേതങ്ങളുപയോഗിച്ച് നടത്തിയ പരിശോധനയില്‍ അവയെല്ലാം യേശുവിന്റെ കാലത്തേതല്ലെന്നും വ്യാജനിര്‍മിതമാണെന്നും കണ്ടെത്തി. മ്യൂസിയം അധികൃതര്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വ്യാജമാണെന്നു കണ്ട ചുരുളുകള്‍ പ്രദര്‍ശനത്തില്‍ നിന്നും നീക്കം ചെയ്തതായും അധികൃതര്‍ അറിയിച്ചു. ശേഷിക്കുന്ന ചുരുളുകളും പരിശോധനയ്ക്ക് വിധേയമാക്കും. ഇവ താല്‍ക്കാലികമായി പ്രദര്‍ശനത്തിന് വയ്ക്കുന്നുണ്ടെങ്കിലും അവയുടെ ആധികാരികത സംബന്ധിച്ച് ഉചിതമായ കുറിപ്പുകളും ഉണ്ടായിരിക്കും. മ്യൂസിയത്തിലുണ്ടായിരുന്ന ചില പുരാതന കലാകരകൗശലവസ്തുക്കള്‍ അനധികൃതമായാണ് ശേഖരിച്ചിരിക്കുന്നതെന്നും അവയില്‍ പലതും വ്യാജമാണെന്നും നേരത്തെ ആരോപണമുയര്‍ന്നിരുന്നു.
വിവിധ മതസ്ഥരെ ഒരുപോലെ ആകര്‍ഷിക്കുന്ന മ്യൂസിയത്തെ പക്ഷേ വിവാദങ്ങള്‍ ബാധിച്ചിട്ടില്ല. പഴയ നിയമത്തിലൂടെ യാത്ര, മോഷന്‍ റൈഡ് തുടങ്ങിയ സവിശേഷതകളോടെ വാഷിംഗ്ടണ്‍ നാഷണല്‍ മാളിനു സമീപമാണ് മ്യൂസിയം പ്രവര്‍ത്തിക്കുന്നത്. 4,30,000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ ആറുനിലകളിലായി പണികഴിപ്പിച്ചിരിക്കുന്ന മ്യൂസിയം നിരവധി തീര്‍ഥാടന-വിനോദ സഞ്ചാര സംഘങ്ങളെയാണ് ആകര്‍ഷിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ 10 ലക്ഷത്തോളം പേരാണ് മ്യൂസിയം സന്ദര്‍ശിച്ചിട്ടുള്ളത്.
ഹീബ്രൂ ലിപികളിലെ നിര്‍ദേശങ്ങളും ബൈബിളില്‍ പ്രതിപാദിച്ചിരിക്കുന്ന ഭക്ഷണം ലഭ്യമാക്കുന്ന ഭക്ഷണശാലകളും മ്യൂസിയത്തിന്റെ പ്രത്യേകതകളാണ്. ബൈബിള്‍ അധിഷ്ഠിതമായ കഥകളിലൂടെയും കളികളിലൂടെയും കുട്ടികളില്‍ ക്രിസ്തീയ മൂല്യങ്ങള്‍ വളര്‍ത്താന്‍ മ്യൂസിയത്തില്‍ പ്രത്യേക ഇടമുണ്ട്. രണ്ട് ബ്ലോക്കുകള്‍ ചരിത്രത്തെക്കുറിച്ചും അമേരിക്കയിലും ആഗോളതലത്തിലും ബൈബിളിനുള്ള സ്വാധീനത്തെക്കുറിച്ചുമാണ് പ്രതിപാദിക്കുന്നത്. അമേരിക്കയിലെ മറ്റ് സ്വകാര്യ മ്യൂസിയങ്ങള്‍ പ്രവേശന ഫീസ് ഈടാക്കുമ്പോള്‍ ബൈബിള്‍ മ്യൂസിയത്തില്‍ പ്രവേശനം തികച്ചും സൗജന്യമാണ്.


Related Articles

ശമ്പളം പിടിക്കുന്നതിന് കോടതി സ്‌റ്റേ

കൊച്ചി: സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള ഉത്തരവിന് ഹൈക്കോടതിയുടെ താല്‍ക്കാലിക സ്റ്റേ. രണ്ടു മാസത്തേക്കാണ് സ്റ്റേ അനുവദിച്ചിരിക്കുന്നത്. മേയ് 20ന് കേസ് വീണ്ടും പരിഗണിക്കും. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ

പാനമയിലെ ആഗോള യുവജന സംഗമത്തില്‍ പങ്കെടുത്ത് ബാലരാമപുരത്തുകാരന്‍ എവുജിന്‍ ഇമ്മാനുവേല്‍

നെയ്യാറ്റിന്‍കര: മധ്യ അമേരിക്കയിലെ പാനമയില്‍ നടന്ന ആഗോള കത്തോലിക്ക യുവജന സംഗമത്തില്‍ പങ്കെടുക്കാനുളള അപൂര്‍വ്വഭാഗ്യം ലഭിച്ച് ബാലരാമപുരം സ്വദേശിയും വിശുദ്ധ സെബസ്ത്യാനോസ് ഇടവകാഗവുമായ എവുജിന്‍ ഇമ്മാനുവല്‍. ഫ്രാന്‍സിസ്

ഫ്രാൻസിസ് പാപ്പാ യുഎഇ പ്രസിഡന്‍ഷ്യല്‍ പാലസില്‍

150 ഹെക്ടര്‍ വ്യാപിച്ചുകിടക്കുന്ന ഒരു പ്രദേശത്താണ് 1,60,000 ചതുരശ്രമീറ്റര്‍ വലിപ്പമുള്ള ഈ മന്ദിരം സ്ഥിതിചെയ്യുന്നത്. 2017 ലാണ് ഈ കെട്ടിടത്തിന്റെ പണി പൂര്‍ത്തിയായത്. സ്ഫടികവും സ്വര്‍ണ്ണവും പതിച്ച

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*