Breaking News

മൗനം കുറ്റകരമാണ്

മൗനം കുറ്റകരമാണ്

പ്രക്ഷുബ്ധമാണ് രാജ്യം. മതത്തിന്റെ പേരില്‍ ജനങ്ങളെ വിഭജിക്കുന്ന പൗരത്വനിയമ ഭേദഗതിക്കെതിരെ അലയടിക്കുന്ന യുവജന, ബഹുജന മുന്നേറ്റങ്ങളെ ഭരണകൂടത്തിന്റെ പ്രത്യക്ഷവും പരോക്ഷവുമായ ഭീഷണിയിലൂടെയും അമിതാധികാരപ്രയോഗത്തിലൂടെയും അടിച്ചമര്‍ത്താനുള്ള ശ്രമങ്ങള്‍ രാജ്യത്തെ കലാപഭൂമിയാക്കി മാറ്റുമെന്ന അശങ്ക പടരുകയാണ്. വിയോജിക്കാനും സമാധാനപരമായി പ്രതിഷേധിക്കാനുമുള്ള ജനാധിപത്യ അവകാശങ്ങളെ ചവുട്ടിമെതിക്കുന്ന ഏകാധിപതികളുടെ ഭീരുത്വവും മൂര്‍ഖതയും കൂടുതല്‍ പ്രകോപനങ്ങള്‍ക്കും സ്‌ഫോടനാത്മകമായ ഏറ്റുമുട്ടലുകള്‍ക്കുമിടയാക്കും.
പാര്‍ലമെന്ററി ജനാധിപത്യ വ്യവസ്ഥയെ അപഹാസ്യമാക്കുന്ന വര്‍ഗീയ ഭൂരിപക്ഷാധിപത്യത്തിന്റെ തേര്‍വാഴ്ചയാണ് ആറേഴുമാസമായി ഇന്ത്യയിലെ ജനങ്ങള്‍ കണ്ടുകൊണ്ടിരിക്കുന്നത്. രാജ്യത്തെ സമ്പദ്‌വ്യവസ്ഥ അപ്പാടെ താറുമാറായിരിക്കെ കൂടുതല്‍ ദുരിതപൂര്‍ണമായ ജീവിതസാഹചര്യത്തില്‍ വിദ്വേഷ രാഷ്ട്രീയത്തിന്റെ കാലുഷ്യമിളക്കി ജനശ്രദ്ധ തിരിക്കാനുള്ള ചാണക്യതന്ത്രങ്ങള്‍ തിരിഞ്ഞുകുത്തുകയാണിപ്പോള്‍.
മുസ്‌ലിം ജനസംഖ്യയില്‍ ലോകത്തില്‍ മൂന്നാം സ്ഥാനമുള്ള രാജ്യമാണ് ഇന്ത്യ (20 കോടി, ജനസംഖ്യയില്‍ 14%). ഏറ്റവും പുരാതനമായ ക്രൈസ്തവ പാരമ്പര്യത്തിന്റെ പിന്തുടര്‍ച്ചക്കാരും ഇവിടെയുണ്ട്. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ മാനവിക മൂല്യങ്ങളിലൂന്നിയ ബഹുസ്വരതയുടെയും മതനിരപേക്ഷതയുടെയും ആധുനിക ജനാധിപത്യ സാമൂഹികക്രമത്തിന്റെ അടിസ്ഥാനശിലയായ ഇന്ത്യന്‍ ഭരണഘടനതന്നെ ലോക്‌സഭയിലെ മഹാബലത്തിന്റെ ഊക്കില്‍ ഹിന്ദുത്വ വര്‍ഗീയവാദികള്‍ ഏകപക്ഷീയമായി മാറ്റിയെഴുതുന്നതിനെതിരെ തെരുവിലിറങ്ങുന്നവരെ മതം നോക്കി വേട്ടയാടാനുള്ള ആസൂത്രിത നീക്കങ്ങളെ ചെറുത്തുതോല്പിക്കാന്‍ മുന്‍നിരയില്‍ രാജ്യത്തെ സര്‍വകലാശാലാ വിദ്യാര്‍ഥി സമൂഹം നിലയുറപ്പിച്ചിരിക്കുന്നു എന്നതു ശ്രദ്ധേയമാണ്. പ്രതിപക്ഷത്തെ മുഖ്യധാരാ രാഷ്ട്രീയ കക്ഷികളെക്കാള്‍ യുവതയുടെ ആദര്‍ശധീരതയും ഊര്‍ജവും ഐക്യദാര്‍ഢ്യവുമാണ് സിവില്‍ സമൂഹത്തിനും നവരാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കും ബഹുജന മുന്നേറ്റങ്ങള്‍ക്കും പ്രത്യാശ പകരുന്നത്.
പാര്‍ലമെന്റില്‍ പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച ബിജെപിയുടെ സഖ്യകക്ഷികളും പ്രാദേശിക പാര്‍ട്ടികളും ഒന്നൊന്നായി ജനകീയ പ്രക്ഷോഭത്തിന്റെ പൊരുളും ദിശയും തിരിച്ചറിഞ്ഞുകൊണ്ടിരിക്കയാണ്. പൗരന്മാരുടെ ദേശീയ പട്ടിക (എന്‍ആര്‍സി) ബിഹാറില്‍ നടപ്പാക്കുകയില്ലെന്ന് ജനതാദള്‍ യൂണൈറ്റഡ് നേതാവായ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പ്രഖ്യാപിച്ചു. അസമില്‍ ബിജെപി മന്ത്രിസഭയില്‍ പങ്കാളികളായ അസം ഗണ പരിഷത് എന്‍ഡിഎ സഖ്യം ഉപേക്ഷിക്കാനൊരുങ്ങുന്നു. ശിരോമണി അകാലി ദളും ലോക് ജനശക്തി പാര്‍ട്ടിയും എന്‍ആര്‍സിക്ക് എതിരാണ്. പൗരത്വ നിയമ ഭേദഗതിയെ പിന്തുണച്ച ഒഡീഷയിലെ ബിജു ജനതാദളും മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കും, ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഢിയും എന്‍ആര്‍സിയോട് വിയോജിപ്പു വ്യക്തമാക്കിയിട്ടുണ്ട്.
ഒരു രാഷ്ട്രം, ഒരു നിയമം എന്ന തത്വം ഉയര്‍ത്തിക്കാട്ടിയാണ് രാജ്യത്തെ ഏക മുസ്‌ലിം ഭൂരിപക്ഷ സംസ്ഥാനമായ ജമ്മു കശ്മീരിന് ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കിയിരുന്ന പ്രത്യേക പദവി ഒറ്റയടിക്ക് റദ്ദാക്കി ആ സംസ്ഥാനം തന്നെ കേന്ദ്ര ഗവണ്‍മെന്റ് ഇല്ലാതാക്കിയത്. നിയമനിര്‍മാണത്തിലൂടെ പ്രത്യേക പദവി ലഭ്യമായ ഒന്‍പതു സംസ്ഥാനങ്ങള്‍ വേറെയുണ്ടെന്നത് മറ്റൊരു കാര്യം. ഭരണഘടനയുടെ ആറാം ഷെഡ്യൂളിലും ഇന്നര്‍ ലൈന്‍ പെര്‍മിറ്റ് സംവിധാനത്തിലും ഉള്‍പ്പെടുത്തി വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ പൊതുവെ പൗരത്വ ഭേദഗതി നിയമത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുമുണ്ട്. സംഘപരിവാറിന്റെ രാഷ്ട്രീയ താല്പര്യം നോക്കി രാജ്യത്തെ ഏക നിയമ വ്യവസ്ഥ ഭേദഗതി ചെയ്യും, ഏക സിവില്‍ കോഡ് നടപ്പാക്കുകയും ചെയ്യും എന്നു സാരം.
മുസ്‌ലിംകളെ ലക്ഷ്യം വയ്ക്കുന്ന പൗരത്വ വിവേചനത്തിന്റെ നിയമഭേദഗതിക്കൊപ്പം പാര്‍ലമെന്റില്‍ തിടുക്കത്തില്‍ പാസാക്കിയെടുത്ത മറ്റൊരു ബില്‍ രാജ്യത്തെ ഏറ്റവും ചെറിയ ന്യൂനപക്ഷ സമുദായങ്ങളിലൊന്നായ ആംഗ്ലോ ഇന്ത്യര്‍ക്ക് ഭരണഘടന വ്യവസ്ഥ ചെയ്തിട്ടുള്ള നിയമനിര്‍മാണസഭയിലെ പ്രാതിനിധ്യം നിര്‍ത്തലാക്കാനുള്ളതായിരുന്നു. ലോക്‌സഭയില്‍ രണ്ട് എംപിമാരെയും 13 സംസ്ഥാന നിയമസഭകളിലേക്ക് ഓരോ എംഎല്‍എമാരെയും നോമിനേറ്റ് ചെയ്യാനുള്ള 70 വര്‍ഷമായി നിലനിന്നുപോരുന്ന ഭരണഘടനാധിഷ്ഠിതമായ അവകാശം ആരോടും ഒരു കൂടിയാലോചനയുമില്ലാതെ കേന്ദ്ര മന്ത്രിസഭയുടെ തീരുമാനപ്രകാരം ഒറ്റയടിക്ക് പിന്‍വലിക്കുന്നു. പട്ടികജാതി-പട്ടികവര്‍ഗ സംവരണം 10 കൊല്ലം കൂടി നീട്ടാനുള്ള ഭരണഘടനാഭേദഗതി പ്രമേയത്തിന്റെ മറപറ്റിയാണ് ക്രൈസ്തവ ന്യൂനപക്ഷത്തിന്റെ പ്രാതിനിധ്യം റദ്ദാക്കുന്ന വിവരം ഉള്‍പ്പെടുത്തിയത് എന്നതുതന്നെ ബിജെപിയുടെ കുടിലതന്ത്രത്തിന്റെ മ്ലേച്ഛത വെളിവാക്കുന്നു. ആംഗ്ലോ ഇന്ത്യന്‍ നോമിനേഷനുവേണ്ടി ആ ബില്ലിനെ എതിര്‍ത്താല്‍ അത് പട്ടികജാതി-വര്‍ഗ പീഡനമാകുമല്ലോ! ഇതിനെക്കാള്‍ പരിതാപകരം, രാജ്യത്ത് ആകെ 296 ആംഗ്ലോ ഇന്ത്യക്കാരേയുള്ളൂ എന്ന കേന്ദ്ര നിയമമന്ത്രി രവി ശങ്കര്‍ പ്രസാദിന്റെ കണ്ടെത്തലാണ്. പാര്‍ലമെന്റില്‍ പോലും അസത്യപ്രചാരണം നടത്താനുള്ള ഈ ചങ്കൂറ്റം ഭയാനകംതന്നെ! ആംഗ്ലോ ഇന്ത്യന്‍ പ്രാതിനിധ്യത്തിന്റെ കാലാവധി ജനുവരി 25ന് അവസാനിക്കുമെന്നിരിക്കെ, പാര്‍ലമെന്റ് സമ്മേളനത്തിന്റെ അവസാന ദിവസവും കേന്ദ്രത്തിന്റെ കാപട്യപൂര്‍ണമായ അവ്യക്ത ഔദാര്യവാഗ്ദാനം, വിഷയത്തില്‍ ഇനിയും അന്തിമ തീരുമാനമായിട്ടില്ല എന്നത്രെ.
മുസ്‌ലിമാകട്ടെ, ക്രൈസ്തവരാകട്ടെ ന്യൂനപക്ഷങ്ങള്‍ തങ്ങളുടെ ഔദാര്യത്തില്‍ വേണം കഴിയാന്‍ എന്ന ഭൂരിപക്ഷ വര്‍ഗീയ സിദ്ധാന്തം ചോദ്യംചെയ്യപ്പെടുകയില്ല എന്ന ഉത്തമബോധ്യത്തിലാണ് ദേശീയ ഭരണാധികാരികള്‍ നമ്മുടെ ഭരണഘടനാപരമായ പൗരാവകാശങ്ങള്‍ ഒന്നൊന്നായി കവര്‍ന്നെടുക്കുന്നത്. ഭരണഘടനയുടെ 370-ാം വകുപ്പ് റദ്ദാക്കിയശേഷം നാലര മാസമായി കശ്മീരിലെ 70 ലക്ഷം ജനങ്ങള്‍ക്ക് ഇന്റര്‍നെറ്റ് സര്‍വീസ് നിരോധിച്ചിരിക്കയാണ്. ഇ-ഗവണന്‍സിന്റെയും ഇ-പേമെന്റിന്റെയും വക്താവായ മോദിയുടെ ഡിജിറ്റല്‍ ഇന്ത്യയാണ് ലോക രാജ്യങ്ങളില്‍ ഇന്റര്‍നെറ്റ് വിഛേദിച്ച് പൗരന്മാരുടെ ആശയവിനിമയ, സാമ്പത്തിക വ്യവഹാര നിയന്ത്രണത്തില്‍ ഒന്നാം സ്ഥാനത്തു നില്‍ക്കുന്നത്! കഴിഞ്ഞ കൊല്ലം രാജ്യത്ത് 134 തവണയാണ് ഇന്റര്‍നെറ്റ് ബ്ലോക്ക് ചെയ്തതെങ്കില്‍ ഇക്കൊല്ലം പൗരത്വ നിയമ ഭേദഗതി പ്രക്ഷോഭത്തിനു മുന്‍പുതന്നെ 93 വട്ടം സൈബര്‍ അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തി. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഇക്കുറി 10 ദിവസത്തിലേറെ നിരോധിച്ച ഇന്റര്‍നെറ്റ് പുനഃസ്ഥാപിച്ചത് കോടതി ഇടപെട്ടിട്ടാണ്. പൊലീസ് ഭീകരവാഴ്ചയ്ക്കു പുറമെ ക്രിമിനല്‍ നടപടിക്രമത്തിലെ 144-ാം വകുപ്പുപ്രകാരം സംസ്ഥാനവ്യാപകമായി നിരോധനാജ്ഞ പ്രഖ്യാപിച്ച് ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശ്, കര്‍ണാടക എന്നിവ ജനാധിപത്യത്തിലെ ഭിന്നസ്വരങ്ങളെ അടിച്ചമര്‍ത്തുന്നതില്‍ റിക്കാര്‍ഡ് സൃഷ്ടിക്കുകയാണ്. പ്രക്ഷോഭത്തിനിടെ എട്ടു വയസുള്ള ആണ്‍കുട്ടി ഉള്‍പ്പെടെ 18 പേര്‍ കൊല്ലപ്പെട്ട യുപിയില്‍ പൊലീസ് ഒരു വെടിയുണ്ടപോലും ഉതിര്‍ത്തിട്ടില്ല എന്നാണ് സംസ്ഥാന പൊലീസ് മേധാവി പറയുന്നത്. ഭരണകക്ഷിയുടെ സ്തുതിപാഠകരല്ലാതെ അവശേഷിക്കുന്ന ഏതാനും ദേശീയ വാര്‍ത്താമാധ്യമങ്ങള്‍ക്ക് കര്‍ശനമായ പെരുമാറ്റച്ചട്ടം ഏര്‍പ്പെടുത്തുന്നതിനു പുറമെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനം തടയുന്നതിന് മര്‍ദനമുറകളും കുറ്റപത്രമോ വിചാരണയോ കൂടാതെയുള്ള തടങ്കലും നിര്‍ദാക്ഷിണ്യം നടപ്പാക്കുന്നുണ്ട്.
ഇന്ത്യ ഉണര്‍ന്നെഴുന്നേല്‍ക്കുകയാണ്, രാഷ്ട്രത്തിന്റെ ആത്മാവിനെ വീണ്ടെടുക്കാന്‍. പൗരത്വ നിയമ ഭേദഗതിയുടെയും ദേശീയ പൗരപ്പട്ടികയുടെയും കാര്യത്തിലെന്ന പോലെ ആംഗ്ലോ ഇന്ത്യന്‍ നോമിനേഷന്‍ ഉള്‍പ്പെടെയുള്ള ഭരണഘടനാ ആനുകൂല്യങ്ങളും ന്യൂനപക്ഷ അവകാശങ്ങളും സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍ ബഹുജന മുന്നേറ്റത്തിനു രൂപം നല്‍കാന്‍ നമുക്കാകണം. വര്‍ഗീയ വിവേചനത്തിന്റെയും അനീതിയുടെയും അസമത്വത്തിന്റെയും പൗരാവകാശധ്വംസനങ്ങളുടെയും പ്രതിരൂപങ്ങളായ രാഷ്ട്രീയശക്തികളെ ഒറ്റക്കെട്ടായി ചെറുത്തുതോല്പിക്കേണ്ടതുണ്ട്. ഇനിയും മൗനം അവലംബിക്കുന്നത് ആത്മഹത്യാപരമാണ്. ഇന്ത്യയില്‍ നാം അന്യരായിക്കൂടാ.


Related Articles

വനിതാദിനത്തിൽ  100 വയസ്സുള്ള അന്തോണിയമ്മയെ ആദരിച്ചു

കൊല്ലം:  ക്യു.എസ്.എസ്.എസ്. ഡയറക്ടര്‍ ഫാ.അല്‍ഫോണ്‍സ്.എസിന്റെ അദ്ധ്യക്ഷതയില്‍ അന്തര്‍ദേശീയ വനിതാദിനം ക്യു.എസ്.എസ്.എസ് ഹാളില്‍ വച്ച് ആചരിച്ചു. ഡയറക്ടര്‍ അദ്ധ്യക്ഷത വഹിച്ച യോഗം ജില്ലാ ലൈബ്രറി കൗണ്‍സില്‍ മെമ്പറായ ശ്രീമതി

ഓഖി സമാനമായ ബുർവി ചുഴലിക്കാറ്റ് ; മുൻകരുതലിന്റെ ഭാഗമായി ഡിസംബർ 2 ന് തിരുവനന്തപുരത്ത്‌ ഓറഞ്ച് അലെർട്

  തെക്കുക്കു​കി​ഴ​ക്ക​ൻ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ ആൻഡമാൻ ക​ട​ലി​നോ​ട് ചേ​ർ​ന്നു രൂപംകൊണ്ട ന്യൂ​ന​മ​ർ​ദം അടു​ത്ത 48 മ​ണി​ക്കൂ​റി​ൽ ന്യൂന​മ​ർ​ദം ശ​ക്തി​പ്രാ​പി​ച്ച് തീവ്ര​ന്യൂ​ന​മ​ർ​ദ​മാ​യി മാ​റും. പ​ടി​ഞ്ഞാ​റ് ദി​ശ​യി​ൽ സ​ഞ്ച​രി​ക്കു​ന്ന ന്യൂ​ന​മ​ർ​ദം

മീശ എന്നെ ഓര്‍മിപ്പിക്കുന്നത്

മീശ നോവല്‍ കയ്യില്‍ പിടിച്ചാണ് ഞാന്‍ മമ്മിയ്ക്കു കൂട്ടിരിക്കാന്‍ ആശുപത്രിയിലെത്തിയത്. പുസ്തകം എന്താണെന്ന് മമ്മി എന്നോട് ആംഗ്യത്തില്‍ ചോദിച്ചു. പുസ്തകം ഞാന്‍ കാണിച്ചുകൊടുത്തു. ആശുപത്രിയില്‍ നിന്ന് വീ്ട്ടില്‍വന്നിട്ട്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*