Breaking News

യുദ്ധജ്വരത്തിന്റെ ഉഷ്ണതരംഗത്തില്‍

യുദ്ധജ്വരത്തിന്റെ ഉഷ്ണതരംഗത്തില്‍

ഭ്രാന്തമായ യുദ്ധവെറി തീവ്രദേശീയവാദികളുടെ അടയാളമാണ്. അപ്രഖ്യാപിത യുദ്ധത്തിന്റെ അന്തരീക്ഷത്തില്‍ അതിര്‍ത്തിഗ്രാമങ്ങളില്‍ ഷെല്ലാക്രമണവും ജമ്മു-കശ്മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലും ആള്‍നാശവും തുടരുമ്പോള്‍ രാജ്യരക്ഷയ്ക്കായുള്ള സുശക്തമായ നടപടികളും നിതാന്ത ജാഗ്രതയും പരമ പ്രാധാന്യമര്‍ഹിക്കുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് നേട്ടത്തിനും രാഷ്ട്രീയ താല്പര്യങ്ങള്‍ക്കുമായി സൈനിക ‘പരാക്രമ’ പ്രചാരണതന്ത്രം മെനഞ്ഞെടുക്കുന്നവര്‍ സമാധാന സാധ്യതകളെ അട്ടിമറിക്കുക മാത്രമല്ല, രാജ്യത്തിനുവേണ്ടി സ്വന്തം ജീവിതം സമര്‍പ്പിക്കുന്ന ധീര ജവാന്മാരുടെ ത്യാഗത്തെയും രാഷ്ട്രത്തിനുവേണ്ടി വീരമൃത്യുവരിച്ചവരുടെ ധന്യസ്മരണയെയും അവഹേളിക്കുകയാണു ചെയ്യുന്നത്.
രാജ്യത്ത് ഭീകരാക്രമണം നടത്തുന്ന ശക്തികളെ രാജ്യാന്തര നിയന്ത്രണരേഖ കടന്ന് അവരുടെ താവളത്തില്‍ ചെന്ന് ആക്രമിക്കാനുള്ള കരുത്ത് ഇന്ത്യയ്ക്കുണ്ടെന്ന് നമ്മുടെ സൈന്യം അസന്ദിഗ്ധമായി തെളിയിച്ചു. പാക്ക് അധീന കശ്മീരിലെ ഭീകര ക്യാംപുകള്‍ക്കെതിരെ സൂക്ഷ്മമായി ഉന്നംവച്ചുള്ള വ്യോമാക്രണങ്ങള്‍ (സര്‍ജിക്കല്‍ സ്‌ട്രൈക്ക്) നടത്തിയിട്ടുള്ള ഇന്ത്യന്‍ വ്യോമസേനയുടെ 12 മിറാഷ് പോര്‍വിമാനങ്ങള്‍ ഇക്കുറി ഒരു പ്രതിരോധവും നേരിടാതെ ശ്രീനഗറിലെ അവന്തിപുര്‍ വ്യോമകേന്ദ്രത്തില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെ, പാക്കിസ്ഥാനിലെ ഖൈബര്‍ പഖ്തൂന്‍ഖ്വാ പ്രവിശ്യയിലെ ബാലാകോട്ടില്‍ ജയ്‌ഷെ മുഹമ്മദ് എന്ന കൊടുംതീവ്രവാദികളുടെ പരിശീലന കേന്ദ്രത്തില്‍ ആയിരം കിലോഗ്രാം ബോംബ് വര്‍ഷിച്ച് സുരക്ഷിതമായി തിരിച്ചെത്തി എന്നത് ഇന്ത്യന്‍ ജനതയെ അപ്പാടെ അഭിമാനം കൊള്ളിച്ച വാര്‍ത്തയായിരുന്നു.
പാക്കിസ്ഥാനിലെ സാധാരണ ജനങ്ങള്‍ക്കോ സൈന്യത്തിനോ എതിരായല്ല, ഇന്ത്യയില്‍ വീണ്ടും ഭീകരാക്രമണത്തിന് ഒരുങ്ങുന്ന തീവ്രവാദികളെ ഉന്നം വച്ചാണ് മിന്നലാക്രമണം നടത്തിയത് എന്ന ഇന്ത്യയുടെ വാദം അമേരിക്കയും യൂറോപ്യന്‍ യൂണിയനും മാത്രമല്ല, റഷ്യയും ചൈനയും സൗദി അറേബ്യയും യുഎഇയും ഉള്‍പ്പെടെയുള്ള ലോകരാഷ്ട്രങ്ങള്‍ പൊതുവെ അംഗീകരിച്ചു എന്നത് ഇന്ത്യയുടെ നയതന്ത്ര നേട്ടമാണ്. തുടര്‍ന്നുണ്ടായ പാക്കിസ്ഥാന്റെ പ്രത്യാക്രമണശ്രമം തടയാനായെങ്കിലും ഇന്ത്യയ്ക്ക് ഒരു മിഗ്-21 ബൈസണ്‍ വിമാനം നഷ്ടമായി. പാക്കിസ്ഥാന്റെ അമേരിക്കന്‍ നിര്‍മിത നാലാം തലമുറ എഫ്-16 യുദ്ധവിമാനം വീഴ്ത്തി വ്യോമയുദ്ധചരിത്രത്തില്‍ പുതിയ ഇതിഹാസം രചിച്ച ഇന്ത്യയുടെ പഴയ റഷ്യന്‍ നിര്‍മിത മിഗ്-21 പോര്‍വിമാനത്തിന്റെ പൈലറ്റ് വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്‍ പാക്ക് സൈന്യത്തിന്റെ പിടിയിലായപ്പോള്‍, പാക്കിസ്ഥാന്‍ ആ ധീര വൈമാനികന്റെ മോചനത്തിന് ഉപാധികള്‍ വച്ച് വിലപേശാന്‍ ശ്രമിച്ചപ്പോഴും അമേരിക്കയുടെയും സൗദി അറേബ്യയുടെയും മറ്റും ഇടപെടല്‍ ഇന്ത്യയ്ക്ക് അനുകൂലമായിരുന്നു. യുദ്ധതടവുകാരെ സംബന്ധിച്ച ജനീവ കരാറിന്റെ അടിസ്ഥാനത്തില്‍ നിരുപാധികം അഭിനന്ദനെ വിട്ടുതരണമെന്ന ഇന്ത്യയുടെ ആവശ്യം അംഗീകരിക്കാന്‍ നിര്‍ബന്ധിതനായപ്പോഴും ‘സമാധാനത്തിന്റെ അടയാളം’ എന്ന നിലയില്‍ ഇന്ത്യന്‍ വൈമാനികനെ മോചിപ്പിക്കാന്‍ പാക്കിസ്ഥാന്‍ സൗമനസ്യം കാണിക്കുന്നുവെന്ന പ്രഖ്യാനമാണ് പാക്ക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഇസ്‌ലാമാബാദില്‍ പാര്‍ലമെന്റ് സമ്മേളനത്തില്‍ നടത്തിയത്. 60 മണിക്കൂര്‍ പാക്കിസ്ഥാന്‍ സൈന്യത്തിന്റെ തടങ്കലിലായിരുന്ന അഭിനന്ദന്‍ വര്‍ധമാനെ ആശങ്കകളുടെ മുള്‍മുനയില്‍ നിന്ന് എത്രയം വേഗം ഇന്ത്യന്‍ മണ്ണില്‍ തിരിച്ചെത്തിക്കാന്‍ കഴിഞ്ഞതും ശുഭോദര്‍ക്കമായ സംഭവവികാസമായിരുന്നു.
സംഘര്‍ഷത്തിന് അയവുവരുത്തുന്ന നടപടിയാണിതെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് വിലയിരുത്തി. അതേസമയം ജമ്മു-കശ്മീരിലെ പുല്‍വാമയില്‍ സിആര്‍പിഎഫ് വാഹനവ്യൂഹത്തിനു നേരെ ചാവേര്‍ ആക്രമണത്തിന് അതിര്‍ത്തിക്കപ്പുറത്തുനിന്ന് ചുക്കാന്‍ പിടിച്ച ജയ്‌ഷെ മുഹമ്മദ് സ്ഥാപക നേതാവ് മസൂദ് അസ്ഹറിനെ ആഗോള തീവ്രവാദിയായി മുദ്രകുത്താനുള്ള ഐക്യരാഷ്ട്ര സുരക്ഷാ കൗണ്‍സിലിന്റെ നീക്കത്തെ ചെറുക്കാന്‍ കരുക്കള്‍ നീക്കിയ പാക്കിസ്ഥാന്‍ ഭീകരാക്രമണത്തില്‍ ജയ്‌ഷെ മുഹമ്മദിന്റെ പങ്കിന് തെളിവു നല്‍കാന്‍ ഇന്ത്യയോട് ആവശ്യപ്പെടുകയായിരുന്നു. പുല്‍വാമയില്‍ 40 സിആര്‍പിഎഫ് ജവാന്മാരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം അവകാശപ്പെട്ട ജയ്‌ഷെ മുഹമ്മദ് 2000ത്തില്‍ ജമ്മു-കശ്മീരില്‍ നടത്തിയ ചാവേറാക്രണത്തിനും, 2001ല്‍ ഇന്ത്യന്‍ പാര്‍ലമെന്റിനുനേരെ നടത്തിയ ഭീകരാക്രമണത്തിനും പിന്നീട് പത്താന്‍കോട്ടിലും ഉറിയിലുമുണ്ടായ ഭീകരാക്രണത്തിനും പിന്നില്‍ പ്രവര്‍ത്തിച്ച ഭീകരസംഘടനയാണെന്ന് ലോകത്തെ ബോധ്യപ്പെടുത്താന്‍ ഇന്ത്യയ്ക്കു കഴിഞ്ഞിട്ടുണ്ട്.
ഗുരുതരമായ വൃക്കരോഗം ബാധിച്ച് റാവല്‍പിണ്ടിയിലെ സൈനിക ആശുപത്രിയില്‍ കഴിയുന്ന മസൂദ് അസ്ഹര്‍ മരിച്ചു എന്ന വ്യാജവാര്‍ത്ത പ്രചരിപ്പിക്കാനും ഇതിനിടെ ശ്രമങ്ങളുണ്ടായി. മസൂദ് അസ്ഹറിനെ തള്ളിപ്പറയാന്‍ സന്നദ്ധരല്ലെങ്കിലും അസ്ഹറിന്റെ മകന്‍ ഹമദ് അസൂര്‍, അസ്ഹറിന്റെ സഹോദരന്‍ മുഫ്തി അബ്ദുര്‍ റൗഫ് എന്നിവര്‍ ഉള്‍പ്പെടെ 44 പേരെ കരുതല്‍ തടങ്കലില്‍ വയ്ക്കാന്‍ തീരുമാനിച്ചതായി പാക്ക് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ഇതോടൊപ്പം മറ്റൊരു തീവ്രവാദി നേതാവായ ഹാഫിസ് സയീദിന്റെ ജമാഅത്ത് ഉദ് ദവാ, ഫലാ ഇ ഇന്‍സാനിയത് ഫൗണ്ടേഷന്‍ എന്നിവയെയും നിരോധിക്കുമെന്നും അവര്‍ പറയുന്നു. എന്നാല്‍ പാക്കിസ്ഥാന്‍ സൈന്യത്തിന്റെ ഒത്താശയോടെ കശ്മീരില്‍ ഭീകരാക്രമണത്തിന് നേതൃത്വം നല്‍കുന്ന രാഷ്‌ട്രേതര ശക്തികളെ തടയാനുള്ള ഇന്ത്യയുടെ ശ്രമത്തില്‍ കശ്മീര്‍ പ്രശ്‌നം അന്താരാഷ്ട്രവത്കരിക്കപ്പെടുന്നു എന്നത് പാക്കിസ്ഥാന്റെ വിജയമായി നിരീക്ഷിക്കപ്പെടുന്നുണ്ട്.
അബുദാബിയില്‍ നടന്ന ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോ-ഓപ്പറേഷന്‍ (ഒഐസി) വിദേശകാര്യമന്ത്രിമാരുടെ സമ്മേളനത്തില്‍ അതിഥി രാഷ്ട്രമായി പങ്കെടുത്ത ഇന്ത്യയ്ക്ക് ഭീകരവാദത്തെ സഹായിക്കുന്നവര്‍ക്കെതിരെ രാജ്യാന്തര തലത്തില്‍ ശക്തമായ നടപടി വേണമെന്ന വാദം ഉന്നയിക്കാന്‍ അവസരം ലഭിച്ചു. 56 മുസ്‌ലിം രാജ്യങ്ങളുടെ കൂട്ടായ്മയായ ഈ സംഘടനയുടെ സമ്മേളനത്തില്‍ ഇന്ത്യയെ പങ്കെടുപ്പിക്കുന്നതില്‍ പ്രതിഷേധിച്ച് പാക്കിസ്ഥാന്‍ ഈ ഒഐസി സമ്മേളനം ബഹിഷ്‌കരിച്ചെങ്കിലും കശ്മീരില്‍ ഇന്ത്യന്‍ സൈന്യം നടത്തുന്നതായി പറയുന്ന മനുഷ്യാവകാശലംഘനത്തിലും യുവാക്കളുടെ കാഴ്ചശക്തി നശിപ്പിക്കുന്ന പെല്ലെറ്റ് ഗണ്‍ പ്രയോഗത്തിലും മറ്റും പ്രതിഷേധം രേഖപ്പെടുത്താനും കശ്മീര്‍ പ്രശ്‌നത്തിന് രാഷ്ട്രീയ പരിഹാരം ആവശ്യപ്പെടാനും ഇന്ത്യന്‍ വിദേശകാര്യമന്ത്രിയുടെ സാന്നിധ്യത്തില്‍ പ്രമേയം പാസാക്കാന്‍ ഇടവന്നു എന്നത് ഇന്ത്യയ്ക്ക് വലിയ തിരിച്ചടിയായി.
അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഹഖാനി വിഭാഗത്തിന്റെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ഒത്താശനല്‍കുന്ന പാക്കിസ്ഥാന്‍ ഇറാനിലും കശ്മീരിലേതിനു സമാനമായ ചാവേര്‍ ആക്രമണത്തിനു കരുക്കള്‍ നീക്കിയതിന് നോട്ടപ്പുള്ളിയാണ്. പാക്കിസ്ഥാനില്‍ വന്‍ സാമ്പത്തിക നിക്ഷേപം നടത്തിയിട്ടുള്ള ചൈനയ്ക്കും പാക്കിസ്ഥാനിലെ തീവ്രവാദിക്യാമ്പുകള്‍ പരിപാലിക്കുന്നതില്‍ ഒട്ടും താല്പര്യമില്ല. അഫ്ഗാനിസ്ഥാനില്‍ താലിബാനുമായി അനുരഞ്ജന ചര്‍ച്ച നടത്തിവരുന്ന അമേരിക്കയ്ക്ക് പാക്കിസ്ഥാനെ കൂടെ നിര്‍ത്തേണ്ടതുണ്ട്. ഇന്ത്യയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുമ്പോഴും അമേരിക്ക പാക്കിസ്ഥാനെ പൂര്‍ണമായി തള്ളിപ്പറയാത്തതിന് ജിയോപൊളിറ്റിക്കല്‍ എന്നു വിശേഷിപ്പിക്കാവുന്ന കാരണങ്ങളുണ്ട്.
ആസന്നമായ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വ്യക്തിപരമായി മഹത്വവത്കരിക്കാന്‍ അതിര്‍ത്തിയിലെ സംഭവവികാസങ്ങളെ കേന്ദ്ര ഭരണപക്ഷം ദുരുപയോഗം ചെയ്യുന്നു എന്ന പ്രതിപക്ഷ കക്ഷികളുടെ ആശങ്ക ഗൗരവതരമായി കാണേണ്ടതാണ്. ഇന്ത്യന്‍ സൈന്യത്തിന്റെ നേട്ടങ്ങളെ സ്വന്തം നേട്ടമായി പ്രധാനമന്ത്രിയും ബിജെപിയും അവതരിപ്പിക്കുന്നു എന്നാണ് ആക്ഷേപം. സൈനിക നടപടിയുടെ പേരില്‍ മോദി തരംഗം സൃഷ്ടിച്ച് ലോക്‌സഭാ സീറ്റുകള്‍ തൂത്തുവാരാമെന്ന് ബിജെപിയുടെ മുതിര്‍ന്ന നേതാവും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയുമായ ബി.എസ്. യെദിയൂരപ്പയുടെ പ്രസ്താവന രാജ്യരക്ഷയുടെ പേരിലുള്ള വോട്ടുപിടുത്തത്തിന്റെ ഏറ്റവും ദൈന്യമായ ജനാധിപത്യ പതനത്തിന്റെ സൂചന തന്നെയാണ്.
അതിര്‍ത്തിയിലെ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ രാഷ്ട്രത്തെ പൊതുവായി അഭിസംബോധന ചെയ്യുന്നതിനു പകരം പ്രധാനമന്ത്രി ലോകത്തിലെ ഏറ്റവും വലിയ വീഡിയോ കോണ്‍ഫറന്‍സിംഗ് സംവിധാനത്തിലൂടെ സ്വന്തം പാര്‍ട്ടി അണികളുമായി തന്റെ കരങ്ങളില്‍ രാഷ്ട്രം സുരക്ഷിതമാണെന്ന അവകാശവാദം പങ്കുവയ്ക്കാനാണ് താല്പര്യം കാട്ടുന്നത്. രാജ്യരക്ഷയും ആഭ്യന്തര സമാധാനവും രാഷ്ട്രം ഒറ്റക്കെട്ടായി നേരിടേണ്ട അടിയന്തരപ്രശ്‌നമാണ് എന്നിരിക്കെ, ഡല്‍ഹിയില്‍ യുദ്ധ സ്മാരകത്തിലെ ഏറ്റവും പവിത്രമായ ദേശീയ ചടങ്ങില്‍ പോലും പ്രതിപക്ഷത്തിനെതിരെ രാഷ്ട്രീയം പറയുന്ന പ്രധാനമന്ത്രിയുടെ അപ്രമാദിത്ത വങ്കത്തരത്തിന് മറ്റൊരു തെളിവാണ് റഫാല്‍ വിമാനമുണ്ടായിരുന്നെങ്കില്‍ ബാലാകോട്ടില്‍ ഇതല്ലായിരുന്നു കളി എന്ന പരാമര്‍ശം. സംയമനവും വിവേകവുമാണ് ഈ പ്രതിസന്ധി ഘട്ടത്തില്‍ രാജ്യത്തെ ഭരണനേതൃത്വത്തിന് അനിവാര്യമായി വേണ്ടത്.


Related Articles

തീരവാസികളായത് അവരുടെ തീരാദുഃഖമോ ?

ചെല്ലാനം നിവാസികൾ പ്രതീക്ഷയർപ്പിച്ച് ഇരുന്ന ഒരു കാലമായിരുന്നു 2018 ഏപ്രിൽ മാസം. കാരണം കടൽഭിത്തി അതിനുള്ളിൽ സ്ഥാപിക്കുമെന്ന് ആയിരുന്നു അധികാരികൾ അറിയിച്ചിരുന്നത്. 8.6 കോടി രൂപ അതിനായി

പരീക്ഷണങ്ങൾ: തപസ്സുകാലം ഒന്നാം ഞായർ

തപസ്സുകാലം ഒന്നാം ഞായർ വിചിന്തനം :- പരീക്ഷണങ്ങൾ (ലൂക്ക 4:1-13) തന്‍റെ ജീവിതത്തിലേക്ക് കടന്നുവന്ന പൈശാചികമായ പ്രലോഭനങ്ങളെ വചനത്തിന്റെ ശക്തിയാൽ യേശു അതിജീവിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷ

ഓസ്‌ട്രേലിയ കാട്ടുതീ പതിനായിരങ്ങളെ മാറ്റിപാര്‍പ്പിച്ചു

സിഡ്‌നി: ഓസ്‌ട്രേലിയയുടെ തെക്കുകിഴക്കന്‍ തീരത്തെ ന്യൂ സൗത്ത് വെയ്ല്‍സ്, വിക്‌ടോറിയ, സൗത്ത് ഓസ്‌ട്രേലിയ സംസ്ഥാനങ്ങളിലെ നിരവധി പട്ടണങ്ങളെ വിഴുങ്ങിയ രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഭീഷണമായ കാട്ടുതീയില്‍ 123.5

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*