യുവജനങ്ങൾ നല്ല ഇടയന്മാരെ തേടുന്നു: പേര്‍സിവാള്‍ ഹാള്‍ട് സിനഡിൽ ശ്രദ്ധേയനാകുന്നു

യുവജനങ്ങൾ  നല്ല ഇടയന്മാരെ തേടുന്നു: പേര്‍സിവാള്‍ ഹാള്‍ട്  സിനഡിൽ ശ്രദ്ധേയനാകുന്നു

ഭാരതത്തില്‍നിന്നുള്ള ഏക യുവജനപ്രതിനിധിയും യുവജനങ്ങള്‍ക്കായുള്ള മെത്രാന്മാരുടെ സിനഡു സമ്മേളനത്തിലെ നിരീക്ഷകനുമാണ് പേര്‍സിവാള്‍ ഹാള്‍ട്. അദ്ദേഹം ഡല്‍ഹി അതിരൂപതാംഗമാണ്.

വത്തിക്കാനില്‍ നടക്കുന്ന സിനഡില്‍ ഒക്ടോബര്‍ 19-Ɔο തിയതി പേര്‍സിവാള്‍ മുന്നോട്ടുവച്ചു അഭിപ്രായങ്ങളുടെ പ്രസക്തഭാഗം താഴെ ചേര്‍ക്കുന്നു :

ക്രിസ്തുവിനെ അന്വേഷിക്കുന്ന യുവജനങ്ങള്‍
സഭയില്‍ ‍‍യുവജനങ്ങള്‍ ക്രിസ്തുവിനെ അന്വേഷിക്കുന്നുവെന്ന് ഇന്ത്യയുടെ കത്തോലിക്ക യുവജനപ്രസ്ഥാനത്തിന്‍റെ പ്രസിഡന്‍റ്, പേര്‍സിവാള്‍ ഹാള്‍ട് സിനഡു സമ്മേളനത്തില്‍ പ്രസ്താവിച്ചു. വത്തിക്കാനില്‍ സമ്മേളിച്ചിരിക്കുന്ന യുവജനങ്ങള്‍ക്കായുള്ള മെത്രാന്മാരുടെ സിന‍ഡു സമ്മേളനത്തിന്‍റെ 12-Ɔമത് പൊതുസമ്മേളനത്തിലാണ് പാപ്പാ ഫ്രാന്‍സിസിന്‍റെയും സിനഡു പിതാക്കന്മാരുടെയും യുവജനപ്രതിനിധികളുടെയും സാന്നിദ്ധ്യത്തില്‍ പേര്‍സിവാള്‍ തന്‍റെ അഭിപ്രായപ്രകടനം നടത്തിയത്.

ശരിയായി നയിക്കപ്പെടേണ്ട യുവശക്തി
യുവജനം ശക്തിയാണ്, അവര്‍ തീപോലെയാണ്. വെളിച്ചവും താപവും നല്കും. എന്നാല്‍ പെട്ടന്ന് കെട്ടുപോകാനുള്ള സാദ്ധ്യതയുമുണ്ട്. ഇന്നത്തെ ലോകത്തിന്‍റെ സമൂഹ-രാഷ്ട്രീയ ചുറ്റുപാടില്‍ ‍‍അവര്‍ ഒളിമങ്ങി നില്ക്കുകയാണ്. കെട്ടുപോകാം, അല്ലെങ്കില്‍ ആളിക്കത്തി കാട്ടുതീയായി ചുറ്റും നാശനഷ്ടങ്ങള്‍ സൃഷ്ടിക്കാം. സഭയ്ക്ക് യുവജനങ്ങളാകുന്ന വിളക്കുകളെ വേണ്ടുംവിധത്തില്‍ കത്തിക്കാനും നയിക്കാനും കരുത്തുണ്ട്. യുവജനങ്ങളുടെ ജീവിതതിരഞ്ഞെടുപ്പുകളും ദൈവവിളിയും ശരിയായ രൂപപ്പെടുത്താന്‍ സഹായിച്ചാല്‍ അവര്‍ സഭയുടെ കരുത്തുറ്റ പ്രേഷിതരാകും.

ജീവിതവഴി തേടുന്ന യുവലോകം
ചുങ്കക്കാരന്‍ മത്തായിയെയും സാവൂളിനെയുംപോലെ യുവജനങ്ങള്‍ പൊള്ളയായും പകച്ചും നടക്കുന്നവരാണ്. യുവജനങ്ങളെ അകറ്റിനിര്‍ത്താത്ത ഇടയന്മാരെയാണ് അവര്‍ അന്വേഷിക്കുന്നത്. അവര്‍ സമറിയക്കാരി സ്ത്രീയെയും മേരി മഗ്ദലയെയുംപോലെ ശാരീരികമായും ലൈംഗികമായും വൈകാരികമായും പതറിയവരും, തകര്‍ന്ന ബന്ധങ്ങളില്‍ കുടുങ്ങിയവരുമാണ്. അവര്‍ ജീവന്‍റെ ജലം തേടുന്നവരാണ്. പത്രോസിനെപ്പോലെ അവര്‍ ഭീരുക്കളും, സ്വാര്‍ത്ഥരുമാണ്. എന്നാല്‍ ആ വലിയമുക്കുവനെപ്പോലെ അടിത്തറയാകാനുള്ള കരുത്തുമുണ്ട്. സക്കേവൂസിനെപ്പോലെ യുവജനങ്ങള്‍ യേശുവിനെ തേടുകയാണ്. അയാളെപ്പോലെ ഞങ്ങളും അഴിമതിക്കാരായിട്ടുണ്ട്. അന്യരെ വഞ്ചിക്കുകയും, സ്വയം വഞ്ചിക്കുകയും ചെയ്യുന്നുണ്ട്. അവരില്‍ ഒത്തിരിപേര്‍ സാമൂഹ്യമാധ്യമ ശൃംഖലകളുടെ പൊയ്മുഖങ്ങള്‍ പേറി നടക്കുകയാണ്.

നല്ലിടയന്‍ എവിടെ?
സഭയില്‍ ക്രിസ്തുവിനെ അന്വേഷിക്കുന്ന യുവജനങ്ങള്‍ക്ക് മാതൃകയും പ്രചോദനവുമാകുന്ന നല്ല ഇടയന്മാരയും പ്രേഷിതരെയും ഇന്നു ലഭിക്കാതെ പോകുന്നുണ്ട്. സമര്‍പ്പിതരും വൈദികരും ഇന്നു യുവജനങ്ങള്‍ക്കു മാതൃകയാകാതെ വരുന്നുണ്ടെന്നു പറയുന്നതില്‍ ഖേദമുണ്ട്. പേഴിസാള്‍ പറഞ്ഞു. ഇന്നിന്‍റെ വെല്ലുവിളികളെ നേരിടാനും ജനങ്ങളെ വിശ്വാസത്തില്‍ കരുപ്പിടിപ്പിക്കാനും മനസ്സിന്‍റെ കരുത്തും പക്വതയുമുള്ള വൈദികരെ സെമിനാരി മുതല്ക്കേ രൂപപ്പെടുത്തണമെന്നും പേര്‍സിവാള്‍ അഭിപ്രായപ്പെട്ടു.

സങ്കീര്‍ണ്ണമായ സാമൂഹ്യപരിസരം
ഇന്ത്യയുടെ വന്‍ജനസംഖ്യ കാരണമാക്കുന്ന എല്ലാമേഖലകളിലെയും സമ്മര്‍ദ്ദങ്ങള്‍ – വിദ്യാഭ്യാസത്തിന്‍റെയും തൊഴിലിന്‍റെയും മേഖലകളില്‍ പ്രത്യേകിച്ചും യുവനങ്ങളെ വെല്ലുവിളിക്കുകയും നിരാശപ്പെടുത്തുകയും, മാനസികമായി തളര്‍ത്തുകയും, വന്‍കുടിയേറ്റത്തിന് കാരണമാക്കുകയും ചെയ്യുന്നുണ്ട്. ഇതോടൊപ്പം രാജ്യത്തു നടമാടുന്ന രാഷ്ട്രീയ കലാപങ്ങളും, അഴിമതിയും, വര്‍ഗ്ഗീയ സംഘര്‍ഷങ്ങളും യുവജനങ്ങളെ ലക്ഷ്യബോധമില്ലാത്തവരാക്കുയും തളര്‍ത്തുകയും ചെയ്യുന്നുണ്ട്.

സഭ പതറാതെ മുന്നോട്ട്…!
ഇത്തരുണത്തില്‍ സഭ ഭയന്നോ സംശയിച്ചോ മാറിനില്ക്കാതെ സമൂഹ്യനിര്‍മ്മിതിയുടെ ക്രിസ്തു ശൈലിയും, ശിഷ്യരുടെ രൂപീകരണവുമായി മുന്നോട്ടു വരികതന്നെ വേണമെന്ന് പേര്‍സിവാള്‍ അഭിപ്രായപ്പെട്ടു. സിനഡിന്‍റെ തീരുമാനങ്ങള്‍ ദേശീയ പ്രാദേശിക സഭകളില്‍ തുടര്‍ന്ന് പഠനവിഷയമാക്കുകയും ചര്‍ച്ചചെയ്യപ്പെടുകയും, അവയ്ക്ക് പ്രായോഗിക നടപടിക്രമങ്ങള്‍ യാഥാര്‍ത്ഥ്യബോധത്തോടെ ഇന്ത്യയിലെ സഭയ്ക്കും സംസ്ക്കാരത്തിനും ഇണങ്ങുന്ന വിധത്തില്‍ രൂപപ്പെടുത്തുകയും വേണമെന്ന് പേര്‍സിവാള്‍ സിനഡു സമ്മേളനത്തോട് അഭ്യര്‍ത്ഥിച്ചു.


No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*