യുവജന മുന്നേറ്റത്തിലൂടെ ഭൂമിയെ പച്ചപ്പുതപ്പണിയിക്കണം

യുവജന മുന്നേറ്റത്തിലൂടെ ഭൂമിയെ പച്ചപ്പുതപ്പണിയിക്കണം

സന്തോഷ് അറയ്ക്കല്‍, മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി, കെസിവൈഎം

ഇന്ന് നാടും നഗരവും വികസനത്തിന്റെ പാതയിലാണ്.വികസനത്തിന്റെ പേരില്‍ നാം അധിവസിക്കുന്ന നാടിനെ ചൂഷണം ചെയ്യുന്ന ആധുനിക ലോകം അവന്‍ ഇരിക്കുന്ന കൊമ്പു തന്നെയാണ് മുറിക്കുന്നത് എന്നു തിരിച്ചറിയുന്നില്ല. മണ്ണിന്റെ മണമുള്ള മനുഷ്യര്‍ ഇല്ലാതാകുന്ന് ഒരു അവസ്ഥ ഉടലെടുക്കുന്നു. മരംനടല്‍ മാത്രമായി നമ്മുടെ പരിസ്ഥിതി ദിനാചാരണങ്ങള്‍ പലപ്പോഴും ഒതുങ്ങി പോകുന്നു. പഴയ തലമുറയുടെ പ്രകൃതിയോടൊത്തുള്ള സംസ്‌കാരം യുവജനസമൂഹത്തിലേക്ക് പകര്‍ന്നു കൊടുക്കണം. നമ്മുടെ ചുറ്റുപാടുകളിലൂടെ കണ്ണോടിച്ചാല്‍ നമുക്ക് കാണാന്‍ സാധിക്കുന്നത് പ്രകൃതിയെ ചൂഷണം ചെയ്യുന്ന കാഴ്ചയാണ്. തലയെടുപ്പോടെ നെഞ്ചു വിരിച്ചു നിന്ന കുന്നുകളും മലകളും യന്ത്രകൈകളാല്‍ നെഞ്ചുംകുട് തകര്‍ന്ന് നീര്‍ത്തടങ്ങളില്‍ തലതല്ലി വീണു മരിക്കുന്നു. കാരിരുമ്പിന്റെ കരുത്തോടെ ഭൂമിയെ ജലസമൃദ്ധമാക്കുന്നതിന് പൊള്ളുന്ന ചൂടിനെ ആവാഹിച്ചെടുക്കുന്ന പാറക്കെട്ടുകള്‍ റോഡുപണി ക്കെന്ന് പറഞ്ഞ് വമ്പന്‍ ലോറികളില്‍ കയറി തീരത്തണയുന്ന കപ്പലുകയറി വിദേശയാത്ര നടത്തുന്നു. ശുദ്ധമായൊഴുകുന്ന പുഴകളിലൂടെ ആര്‍ത്തി മൂത്ത ദുരയുടെ അവശിഷ്ടങ്ങള്‍ ഊളിയിട്ടൊഴുകുന്നു.
ഓരോ കാലവര്‍ഷവും പെയ്തു വീഴുന്ന മേഘ തുള്ളികള്‍ എവിടെ താമസിക്കണമെന്നറിയാതെ കോണ്‍ ഗ്രീറ്റ് മുറ്റങ്ങള്‍ക്കിടയിലുടെ അതിവേഗം ഓടി തോടുകളും പുഴകളും താണ്ടി കായല്‍ കടന്ന് കടലില്‍ വിശ്രമിക്കുന്നു.
രാഷ്ട്രിയ കൊലപാതകങ്ങളേക്കാള്‍ കൂടുതല്‍ മനുഷ്യനോട് ഒരു പകയും ഇല്ലാതെ ജീവിക്കുന്ന സ്വന്തം അന്നംതേടി നടക്കുന്ന കൊതുകും എലിയും ചേര്‍ന്നു കൊന്നു തീര്‍ക്കുന്നു എന്നു വിശ്വസിക്കുന്ന പ്രബുദ്ധസമൂഹം കാലാവസ്ഥ മാറ്റത്തില്‍, വെള്ളപ്പൊക്കത്തില്‍ വരള്‍ച്ചയില്‍ രോഗ കിടക്കയില്‍. എല്ലാം നശിച്ചു.. ഈ മനുഷ്യര്‍ എല്ലാം നശിപ്പിച്ചു എന്നു വിലപിച്ചു കൊണ്ട് ടൈല്‍ പതിച്ച മുറ്റത്തെ ഇച്ചിരി മണ്ണിന്റെ ബലത്തില്‍ മുളച്ചുപൊങ്ങുന്ന ജീവസ്പന്ദനതെ കളനാശിനി അടിച്ച് സംതൃപ്തി അടയുന്ന മറ്റൊരു ‘മനുഷ്യന്‍’ മണ്ണിനേയും, മഴയേയും, വെള്ളത്തേയും, ഇതര ജീവജാലങ്ങളേയും ഭയത്തോടെ കാണുന്ന രീതി നമുക്ക് നിറുത്താം. നിന്നെപ്പോലെ നിന്റെ പ്രകൃതിയേയും സ്‌നേഹിക്കന്‍ നമുക്ക് പഠിക്കാം. അങ്ങനെ പ്രകൃതിയോടുള്ള നമ്മുടെ സമീപനത്തില്‍ നമ്മുക്ക് മാറ്റം സാധ്യമാവും. അതിനു നിരവധി മാതൃകള്‍ നമുക്ക് ചുറ്റും ഉണ്ട്.
ലാഭം മാത്രം ലക്ഷ്യമാക്കിയ കൃഷി
കൃഷി നഷ്ടത്തില്‍ നിന്ന് നഷ്ടത്തിലേക്ക് കൂപ്പുകുത്തുമ്പോഴും അതിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്താതെ ഉത്പാദനം വര്‍ദ്ധിപ്പിച്ച് നഷ്ടം നികത്താമെന്ന കണക്കുകള്‍ നിരത്തി രാസവളവും കീടനാശിനിയും, കളനാശിനിയും മണ്ണില്‍ കോരി ഒഴിക്കുന്നു.
അത്യുത്പാദന ശേഷിയുള്ള വിത്തുകളുടെ മറവില്‍ ജനിതകമാറ്റം വരുത്തിയ വിത്തുകള്‍ കര്‍ഷകര്‍ക്ക് നല്‍കുന്നു കര്‍ഷകന് അവന്റെ ഉല്‍പന്നങ്ങില്‍ നിന്ന് വിത്ത് എടുക്കാന്‍ പറ്റാതായിരിക്കുന്നു. റെഡ് ലേഡി എന്ന പപ്പയ തന്നെ ഉദാഹരണം. പത്ത് രൂപക്ക് തൈവിറ്റിരുന്നു. പലരും നട്ടു ധാരാളം ഫലം നമ്മുടെ നാടനെക്കാള്‍ ലാഭം. അതോടെ സാധാ പപ്പായ ഇല്ലാതായി. റെഡ് ലേഡിയുടെ വിത്ത് മുളപ്പിച്ചവര്‍ ഇളിഭ്യരായി. ഇപ്പോള്‍ തൈക്ക് വില 100 രുപയോളം. ഭൂരിഭാഗം കൃഷിരീതികളിലും ഇതാണവസ്ഥ.
എന്നിട്ടും കൃഷി മെച്ചമാകുന്നില്ല. വാസ്തവത്തില്‍ ഇന്നത്തെ ആധുനിക കൃഷിരീതി അതു ചെയ്യുന്നവനെയും ഉപയോഗിക്കുന്നവനെയും ഒരേപോലെ അപകടത്തില്‍ എത്തിക്കുന്നു. കുന്നും മലയും, പുഴയും പാടവും നികത്തപ്പെടുന്ന പോലെ പരിസ്ഥിതിക്ക് അപകടകരമാണ് ആധൂനിക കൃഷിയും കൃഷി ഒരു സംസ്‌കാരമാണ് പുണ്യപ്രവര്‍ത്തിയാണ് ദൈവത്തിന്റെ സൃഷ്ടികര്‍മത്തില്‍ പങ്കുചേരുകയാണ് കര്‍ഷനും ഇന്ന് നിരവധി ചെറുപ്പക്കാര്‍ കൃഷിയിലേക്ക് ഇറങ്ങിയിട്ടുണ്ട്. ജൈവകൃഷി, പ്രകൃതികൃഷി, പാരമ്പര്യകൃഷി, സിറോ ബജറ്റ് കൃഷി എന്നിങ്ങനെ പല പേരുകളില്‍ രാസവസ്തുവിമുക്തമായ കൃഷി ചെയ്തുവരുന്നത് വലിയ പ്രതിക്ഷ നല്‍കുന്നു. ആദ്യകാലങ്ങളില്‍ നഷ്ടത്തിന്റെ അനുഭവങ്ങള്‍ പറഞ്ഞിരുന്ന ഈ യുവകര്‍ഷക സമൂഹം ഇന്നിപ്പോള്‍ ആധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി മാര്‍ക്കറ്റിംഗിലും ശ്രദ്ധിക്കാന്‍ തുടങ്ങിയതോടെ ലാഭകരമായി തീരുന്നുണ്ട്.
ഈ കാലഘട്ടത്തില്‍ പൊതുജനങ്ങള്‍ ചെയ്യേണ്ടത് കര്‍ഷകരില്‍ നിന്ന് നേരിട്ട് ഉത്പന്നങ്ങള്‍ വാങ്ങുക എന്നതാണ്. അവരെ തേടി കണ്ടെത്തുക എന്നതാണ്. സാധാരണ ഒരു കാര്‍ഷിക ഉല്‍പന്നം വിപണിയില്‍ എത്തിയാല്‍ വാങ്ങുന്നവന്‍ അവിടെ വിലപേശും ലാഭം ആഴ്ച്ചയില്‍ അമ്പതോ അറുപതോ രൂപ. കര്‍ഷകരുടെ അധ്വാനം വിഫലം. സുക്ഷിച്ചു വെച്ചാല്‍ നശിച്ചുപോകുന്നതായതു കൊണ്ട് കര്‍ഷകന്‍ വിറ്റുതീര്‍ക്കുന്നു. എന്നാല്‍ വന്‍ ലാഭം ഈടക്കുന്ന ഒരു സുപ്പര്‍ മാര്‍ക്കറ്റിലോ മാളിലോ പോയാല്‍, ഇലക്‌ട്രോണിക് സാധനങ്ങള്‍ വാങ്ങിയാല്‍ മരുന്നോ മദ്യമോ വാങ്ങിയാല്‍ നമ്മളാരും വില പേശില്ല രാസവള കീടനാശിനികള്‍ ഉപയോഗിക്കാത്ത കര്‍ഷകരെ ആദരിക്കാന്‍ നമ്മള്‍ പഠിക്കണം മക്കളെ പഠിപ്പിക്കണം. കാരണം നമ്മുടെ തണ്ടും തടിയും കര്‍ഷകരുടെ വിയര്‍പ്പാണ്.

രാസ കൃഷിയിലൂടെ രോഗം ക്ഷണിച്ചു വരുത്തുന്ന തലമുറ
രാസകൃഷിയിലൂടെ മണ്ണും വെള്ളവും വായുവും മലിനമാക്കി കേരളത്തെ ഒരു ‘മെഡിക്കല്‍ ഹബ്ബ്’ ആക്കി മാറ്റിയിരിക്കുന്നു. കേരളത്തില്‍ നിലവിലുള്ളതും പുതുതായി പണിതീരുന്നതുമായ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലുകളെടെ നിര്‍മാണ ചിലവിനെ കുറിച്ച് ഒരു സര്‍വേ നടത്തിയപ്പോള്‍ കിട്ടിയ കണക്ക് ഞെട്ടിക്കുന്നതാണ്. ഏകദേശം അറുപതിനായിരം കോടി. ഈ വ്യവസായം നിലനില്‍ക്കാന്‍ നമ്മള്‍ രോഗികളായി തീരണം എന്നത് സ്വാഭാവികമാണല്ലോ. ഇപ്പോള്‍ കാന്‍സര്‍ കിഡ്‌നി തകരാര്‍ തുടങ്ങി പ്രഷറും പ്രമേഹവും സര്‍വസാധാരണമായി. ആരോഗ്യരംഗത്ത് പേരുകേട്ട കേരളത്തില്‍ ഒരു വീട്ടില്‍ ഒരു മാരകരോഗി എന്ന നിലയിലെത്തി കാര്യങ്ങള്‍.
മനുഷ്യന്റെ ഉള്ളില്‍ നിന്ന് വെളിയിലേക്ക് പോകുന്ന സാധനങ്ങള്‍ (മലം, മൂത്രം, കഫം) പരിശോധിക്കാന്‍ നിരവധി ലാബുകള്‍ ഉണ്ട്. എന്നാല്‍ നമ്മുടെ ഉള്ളിലേക്ക് പോകുന്നതിന്റെ നിലവാരം പരിശോധിക്കാന്‍ സംവിധാനമില്ല എന്നത് ചികിത്സാവ്യവസായത്തിന്റെ വളര്‍ച്ചക്ക് ഗുണകരമല്ല.
നമ്മുടെ പരിസ്ഥിതി നന്നായിരിക്കണമെങ്കില്‍ പരമപ്രധാനമായി കൃഷി നന്നാവണം. കൃഷി നന്നാവാന്‍ കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നവരുടെ ചിന്തകള്‍ മാറണം. ചന്തയില്‍ കിട്ടുന്നതെന്തും വാങ്ങുന്ന ശീലം മാറ്റി നല്ലതു മാത്രമേ ഉപയോഗിക്കൂ എന്ന തീരുമാനം എടുക്കാനാവണം. അപ്പോള്‍ നല്ല കൃഷിരീതികള്‍ വ്യാപിക്കും. കൂടുതല്‍ പേര്‍ കൃഷി രംഗത്തേയ്ക്ക് കടന്നുവരും. കൃഷിയും ഭക്ഷണവും ആരോഗ്യവും പരിസ്ഥിതിയും ഒരുപോലെ സംരക്ഷിക്കപ്പെടും. പരിസ്ഥിതി സംരക്ഷണം എന്നതിന്റെ ഭാഗമായി ഒരു ദിനവും അന്ന് ലക്ഷക്കണക്കിന് മരതൈകളും നടാറുണ്ട്.
എന്നാല്‍ നട്ട തൈകള്‍ മുളപ്പിച്ചെടുത്ത പ്ലാസ്റ്റിക് കവറുകള്‍ ഒരു വന്‍ മാലിന്യമായി തീരുകയും ചെയ്തു. കേരളത്തിന്റെ വ്യവസ്ഥ ഇല്ലാത്ത വികസന പരിപാടികളില്‍ ഇനിയും ഒരുപാട് മരങ്ങള്‍ വീഴാം ഓരോ പ്രദേശത്തും യുവാക്കള്‍ ഒത്തു ചേര്‍ന്ന് പരിസ്ഥിതി സംരക്ഷണത്തിന് നേതൃത്വം നല്‍കണം. ഇവിടെ മാറി ചിന്തിക്കുന്ന ഒരു യുവസമൂഹം നമുക്കുണ്ട്.
മണ്ണിനേയും മഴയേയും പ്രണയിക്കുന്ന പ്രകൃതിയെ സ്വാഭാവികമായി നിലനിര്‍ത്താന്‍ പരിശ്രമിക്കുന്ന കൃഷിയും അനുബന്ധ സംവിധാനങ്ങളിലും മനസ് അര്‍പ്പിച്ചിട്ടുള്ള ഒരു തലമുറ.


Related Articles

ഉറുകുന്ന് കുരിശുമല തീര്‍ത്ഥാടനം

പുനലൂര്‍: രൂപതയിലെ യുവജനങ്ങളുടെ നേതൃത്വത്തില്‍ ഉറുകുന്ന് കുരിശുമല തീര്‍ത്ഥാടനം നടത്തി. മാര്‍ച്ച് 23ന് ബിഷപ് ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍ യൂത്ത് ക്രോസ് ആശിര്‍വദിച്ച് കത്തീഡ്രല്‍ എല്‍സിവൈഎമ്മിലെ യുവജനങ്ങള്‍ക്ക്

മാഹി പള്ളിയില്‍ മുതിര്‍ന്ന പൗരന്മാരെ ആദരിച്ചു

കോഴിക്കോട്: മാഹി സെന്റ് തെരേസാ തീര്‍ഥാടന കേന്ദ്രത്തില്‍ മെയ് ഒന്നിന് ഇടവക ദിനമായി ആചരിച്ചു. രാവിലെ 10.45ന് അര്‍പ്പിച്ച ദിവ്യബലിക്ക് വികാരി റവ. ഡോ. ജെറോം ചിങ്ങന്തറ

ബഷീറിന്റെ ആദ്യത്തെ കഥാരചന

വൈകിയാണ് ബഷീര്‍ ഉണര്‍ന്നത്. പുസ്തകം വായിച്ചുവായിച്ചിരുന്ന് തലേന്ന് രാത്രി ഉറങ്ങിയത് അര്‍ദ്ധരാത്രി കഴിഞ്ഞായിരുന്നു. കിടന്ന പായ ചുരുട്ടി മുറിയുടെ മൂലയില്‍ ചാരിവച്ചു. തലയണയില്ല. പുറത്തുപോയി മുഖവും കൈയും

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*