യേശുവിന്റെ മഹാതീര്‍ത്ഥാടകര്‍

യേശുവിന്റെ മഹാതീര്‍ത്ഥാടകര്‍

1999 നവംബര്‍ ഏഴിന് ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ ന്യൂഡല്‍ഹിയിലെ നെഹ്റു സ്റ്റേഡിയത്തില്‍ തടിച്ചുകൂടിയ എഴുപതിനായിരത്തോളം വരുന്ന ജനസഞ്ചയത്തിനോടൊപ്പം വിശുദ്ധബലി അര്‍പ്പിക്കുമ്പോള്‍ രാജ്യമെങ്ങും ദീപാലംകൃതമായിരുന്നു. ഉത്തരേന്ത്യയിലെ ഏറ്റവും വലിയ ഹൈന്ദവ ആഘോഷവേളയായ ദീപാവലി നാളിലായിരുന്നു വിശുദ്ധന്റെ ബലിയര്‍പ്പണം. രണ്ടു പതിറ്റാണ്ടിനു ശേഷം ഫ്രാന്‍സിസ് പാപ്പ ഇന്ത്യാ സന്ദര്‍ശനത്തിന് തയ്യാറെടുക്കുന്ന വാര്‍ത്ത വന്നതും ദീപാവലി വേള
യിലെന്നത് യാദൃഛികമാകാം. ആത്മാവിന്റെ ഇരുളകറ്റുന്ന ദീപങ്ങളുടെ നിറഘോഷയാത്രയാണല്ലോ ഈ ഉത്സവം.

കടുത്ത ഹിന്ദുത്വവാദ പ്രസ്ഥാനത്തിന്റെ സഹായത്തോടെ പ്രധാനന്ത്രി പദത്തിലെത്തിയ നരേന്ദ്ര മോദി, പാപ്പയെ ഇന്ത്യയിലേക്കു ക്ഷണിക്കുമോയെന്ന കാര്യത്തില്‍ ഏവര്‍ക്കും സംശയമുണ്ടായിരുന്നു. വര്‍ഷങ്ങളായി ഇന്ത്യയിലെ കത്തോലിക്ക സഭാനേതൃത്വം തുടര്‍ച്ചയായി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടുകൊണ്ടിരുന്ന കാര്യവുമായിരുന്നു അത്. പാപ്പയുടെ ഇന്ത്യാസന്ദര്‍ശനം വിവിധ മതസമൂഹങ്ങള്‍ തമ്മിലുള്ള ഇഴയടുപ്പത്തിനും ലോകസമാധാനത്തിനും കാരണമാകുമെന്നാണു പ്രതീക്ഷ. 2017 നവംബര്‍, ഡിസംബര്‍ മാസങ്ങളിലായി മ്യാന്‍മറിലും ബംഗ്ലാദേശിലും ഒരാഴ്ച നീണ്ട പര്യടനമാണ് പാപ്പ നടത്തിയത്. പാപ്പയുടെ ചരിത്രം കുറിച്ച മ്യാന്‍മര്‍, ബംഗ്ലാദേശ് സന്ദര്‍ശനം പൂര്‍ത്തിയാക്കി റോമിലേക്കു മടങ്ങുമ്പോള്‍ പ്രത്യേക പേപ്പല്‍ വിമാത്തില്‍ നടത്തിയ പത്രസമ്മേളനത്തില്‍ ഇന്ത്യയിലെ വിശ്വാസികളെ കാണാനുള്ള തന്റെ ആഗ്രഹം പാപ്പ വ്യക്തമാക്കിയിരുന്നു.

2013ല്‍ ബ്രസീലില്‍ ചേര്‍ന്ന ലോക യുവജന സമ്മേളനത്തില്‍ പങ്കെടുത്തു തുടങ്ങിയതാണ് വലിയ ഇടയന്റെ തീര്‍ത്ഥാടനം. ഈ വര്‍ഷം സെപ്റ്റംബര്‍ 12ന് ഹംഗറിയും സ്ലോവാക്യയും പാപ്പ സന്ദര്‍ശിച്ചു.

അതിനു മുമ്പ് കൊവിഡ്-19 അതിന്റെ സര്‍വപ്രഭാവത്തോടെയും വാണിരുന്ന സമയത്താണ് ഫ്രാന്‍സിസ് പാപ്പ ഇറാഖ് സന്ദര്‍ശിക്കുന്നത്. ഒട്ടും സുരക്ഷിതമല്ലാത്ത ഒരു തീര്‍ത്ഥയാത്രയായിരുന്നു അത്. രക്തരൂക്ഷിത പോരാട്ടങ്ങള്‍ അവസാനിച്ചു കഴിഞ്ഞിരുന്നില്ല. തീവ്ര ഇസ്ലാം സംഘങ്ങളുടെ കഠിന പീഡനത്തില്‍ തളര്‍ന്ന് അവശയായ ഇറാഖിലെ സഭയെ കണ്ണീരണിഞ്ഞാണ് പാപ്പ സമാശ്വസിപ്പിച്ചത്. കൊവിഡ് ആളിപ്പടരുന്നതിനു മുമ്പ് പാപ്പ ആഫ്രിക്കയിലെ മഡഗാസ്‌കര്‍, മൊസംബിക് എന്നീ രാജ്യങ്ങളും മൗറീഷ്യസും സന്ദര്‍ശിച്ചിരുന്നു. പ്രകൃതിക്ഷോഭങ്ങളും ദാരിദ്ര്യവും മത-രാഷ്ട്രീയ സംഘര്‍ഷങ്ങളും തകര്‍ത്തെറിഞ്ഞ കറുത്ത ഭൂകണ്ഡത്തിലേക്ക് സമാശ്വാസത്തിന്റെ സന്ദേശവുമായാണ് പാപ്പ കടന്നുചെന്നത്.

35 വിദേശയാത്രകളിലായി 54 രാജ്യങ്ങള്‍ ഫ്രാന്‍സിസ് പാപ്പ ഇതുവരെ സന്ദര്‍ശിച്ചു. 104 യാത്രകളിലായി 129 രാജ്യങ്ങള്‍ സന്ദര്‍ശിച്ച ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായ്ക്കു പിറകില്‍ സന്ദര്‍ശനത്തിന്റെഎണ്ണത്തില്‍ രണ്ടാം സ്ഥാനത്താണ് ഫ്രാന്‍സിസ് പാപ്പ. ലോകമെങ്ങും വ്യാപിച്ചുകിടക്കുന്ന ദൈവജനത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനാണ് പത്രോസിന്റെ പിന്‍ഗാമി
യെന്ന നിലയില്‍ തന്റെ സന്ദര്‍ശനങ്ങളുടെ മുഖ്യലക്ഷ്യമെന്ന് പാപ്പ വിശദീകരിച്ചു. മറ്റു മതങ്ങളുമായുള്ള മികച്ച ബന്ധമാണ് രണ്ടാമത്തെ ലക്ഷ്യമെന്നും പാപ്പ പറഞ്ഞു.

2016 ഏപ്രില്‍ 16ന് പാപ്പ ഗ്രീസില്‍ നടത്തിയ സന്ദര്‍ശനം ഏറെ ശ്രദ്ധ നേടിയിരുന്നു. 12 മുസ്ലീം സിറിയന്‍ അഭയാര്‍ത്ഥികളുമായാണ് പേപ്പല്‍ ഫ്ളൈറ്റ് തിരികെ റോമിലെത്തിയത്. നൂറ്റാണ്ടുകളായി വളര്‍ന്നു പന്തലിച്ചുനിന്നിരുന്ന അപരവിദ്വേഷത്തിന്റെ അര്‍ബുദമാണ് കാരുണ്യത്തിന്റെ കത്തി കൊണ്ട് പാപ്പ വിച്ഛേദിച്ചത്. ലെസ്ബോസില്‍ 2,500 ഓളം വരുന്ന അഭയാര്‍ത്ഥികളുമായി സമയം ചെലവഴിക്കവേ പാപ്പ പറഞ്ഞു, ”നിങ്ങള്‍ ഒറ്റയ്ക്കല്ല.”

പ്രകൃതിയെ ഇത്രമാത്രം കരുതലോടെ കാണാന്‍ ശ്രമിക്കുന്ന മറ്റൊരു ലോകനേതാവും ഉണ്ടാകില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ സന്ദര്‍ശിച്ചപ്പോള്‍ ഇന്ത്യയിലെ കലുഷമായ മതാന്തരീക്ഷത്തെ കുറിച്ചല്ല മറിച്ച്, കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ചും അന്തരീക്ഷ മലിനീകരണത്തെകുറിച്ചുമാണ് പാപ്പ അദ്ദേഹത്തോട് സംവദിച്ചത്. 2015ല്‍ പാരീസിലെ കാലാവസ്ഥാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോകുന്നതിനു മുമ്പായാണ് പ്രശസ്തമായ ചാക്രികലേഖനം ‘ലൗദാത്തോ സി’ പുറത്തിറക്കിയത്.

ലബനോണ്‍, ദക്ഷിണ സുഡാന്‍, ഇന്ത്യ എന്നീ രാഷ്ട്രങ്ങളാണ് സന്ദര്‍ശിക്കാന്‍ ഏറെ താല്‍പര്യത്തോടെ താന്‍ കാത്തിരിക്കുന്നതെന്നും പാപ്പ വെളിപ്പെടുത്തിയിരുന്നു.

ഇടയയാത്രകള്‍
പ്രഥമ പാപ്പയായിരുന്ന പത്രോസ് അപ്പസ്തോലന്റെ റോമിലേക്കുള്ള യാത്രയാണ് പാപ്പാ ചരിത്രത്തിലെ ശ്രദ്ധേയമായ ആദ്യയാത്ര. എഡി 44ലാണ് ഇതു സംഭവിച്ചിരിക്കാന്‍ സാധ്യതയെന്നു ചരിത്രകാരന്മാര്‍ കണക്കുകൂട്ടുന്നു. 1305ല്‍ ക്ലമന്റ് അഞ്ചാമന്‍ പാപ്പ അവിയോണ്‍ പ്രവാസം തിരഞ്ഞെടുത്തത് മധ്യയുഗത്തിലെ ഏറ്റവും പ്രധാന ചരിത്രസംഭവമായിരുന്നു. സൂനഹദോസുകളില്‍ സംബന്ധിക്കുവാന്‍ ഏറെ ബുദ്ധിമുട്ടി പാപ്പമാര്‍ ദുര്‍ഘടയാത്ര ചെയ്ത സംഭവങ്ങളുമുണ്ട്. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനു ശേഷമാണ് (1962-65) പാപ്പാമാരുടെ ആധുനിക കാലത്തെ തീര്‍ത്ഥാടനങ്ങള്‍ ആരംഭിക്കുന്നത്. വത്തിക്കാന്‍ കൗണ്‍സിലിന്റെ സത്ത ഉള്‍ക്കൊണ്ട സുവിശേഷവത്കരണ ലക്ഷ്യത്തോടെയുള്ള യാത്രകളായിരുന്നു അവ. വിശുദ്ധ പത്രോസിന്റെയും പൗലോസിന്റെയും പാത പിന്തുടര്‍ന്നാണ് സുമനസ്സുള്ള പ്രതിപുരുഷന്മാരായി പാപ്പമാര്‍ യാത്രകള്‍ നടത്തുന്നതെന്ന് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ വ്യക്തമാക്കിയിട്ടുണ്ട്. ഇവാഞ്ചലിസ്റ്റ്-ഇന്‍-ചീഫ് എന്നാണ് താനുള്‍പ്പെടെയുള്ളവരെ അദ്ദേഹം വിശേഷിപ്പിച്ചത്.

പാപ്പമാരുടെ യാത്രകളുടെ ലക്ഷ്യം ആത്യന്തികമായി സുവിശേഷവത്കരണം തന്നെയാണെങ്കിലും അതിന്റെ പ്രതിധ്വനി രാഷ്ട്രീയ, സാമൂഹ്യ, സാമ്പത്തിക മേഖലകളിലും ഉണ്ടായിട്ടുണ്ട്. യാത്രകളുടെ വിലയിരുത്തല്‍ പല രീതിയിലും രേഖപ്പെടുത്താറുമുണ്ട്. ജനക്കൂട്ടത്തിന്റെ വലുപ്പം, മാധ്യമശ്രദ്ധ, രാഷ്ട്രീയപതനങ്ങള്‍, ഉയര്‍ച്ചകള്‍, സഭയോടുള്ള എതിര്‍പ്പുകള്‍, ഭാവിയിലേക്കുള്ള വാതിലുകള്‍ തുറന്നുവയ്ക്കല്‍, പ്രാദേശിക സഭയുടെ വളര്‍ച്ച, വിശുദ്ധ കുര്‍ബാനയിലെ പങ്കാളിത്തത്തിന്റെ വര്‍ധന…അങ്ങനെ നീളുന്നു ഈ വിലയിരുത്തലുകള്‍.

ജോണ്‍ ഇരുപത്തിമൂന്നാമന്‍

1870ല്‍ പേപ്പല്‍ ബഹുമതികള്‍ നഷ്ടപ്പെട്ടതിന്റെ പ്രതിഷേധമായി വത്തിക്കാനിലെ തടവുകാരന്‍ എന്നു സ്വയം വിശേഷിപ്പിച്ച പിയൂസ് ഒമ്പതാമന്റെ കാലത്തിനു ശേഷം റോം വിട്ട് പുറത്തുപോയ ആദ്യ പാപ്പയാണ് വിശുദ്ധ ജോണ്‍ ഇരുപത്തിമൂന്നാമന്‍.

1962 ഒക്ടോബര്‍ നാലിന് വത്തിക്കാനിലെ ചെറിയ റെയില്‍വേസ്റ്റേഷനില്‍ നിന്നു പാപ്പ പുറപ്പെട്ടത് അസീസിയിലെ സെന്റ് ഫ്രാന്‍സിസ് അസീസി കത്തീഡ്രല്‍ സന്ദര്‍ശിക്കാനായിരുന്നു. ആധുനിക പാപ്പാ സ്ഥാനത്തിന്റെ ഒറ്റപ്പെടലാണ് ആ ട്രെയിന്‍ യാത്രയിലൂടെ ജോണ്‍ ഇരുപത്തിമൂന്നാമന്‍ പാപ്പ മറികടന്നത്. കത്തോലിക്കാ സഭയില്‍ മാറ്റങ്ങളുടെ കിളിവാതിലുകള്‍ തുറന്നിട്ട രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ ആരംഭിക്കുന്നതിന് ഒരാഴ്ച മുമ്പായിരുന്നു ഈ യാത്രയെന്നത് ഏറെ ശ്രദ്ധേയം. യാത്രയിലുടനീളം റെയില്‍പാളങ്ങള്‍ക്കു സമീപം ജനക്കൂട്ടം പാപ്പായെ കാണാന്‍ തിങ്ങിക്കൂടിയിരുന്നു. പലയിടത്തും ട്രെയിന്‍ നിര്‍ത്തി ജനങ്ങളോടു സംവദിച്ച്, തമാശകള്‍ പൊട്ടിച്ച്, അനുഗ്രഹം നല്‍കിയായിരുന്നു പാപ്പയുടെ യാത്ര. ട്രെയിനില്‍ സോഷ്യലിസ്റ്റുകള്‍ ഉള്‍പ്പെട്ട ഇറ്റലിയുടെ പ്രഥമഭരണകൂടത്തിന്റെ പ്രധാനമന്ത്രി അമിന്റോറെ ഫാന്‍ഫാനിയും ഉണ്ടായിരുന്നു. മറ്റൊരു കംപാര്‍ട്ടുമെന്റില്‍ യാത്ര ചെയ്തിരുന്ന ഫാന്‍ഫാനിയെ തന്റെ സഹായികരുടെ എതിര്‍പ്പുകള്‍ അവഗണിച്ച് പാപ്പ തന്റെ ഇരിപ്പിടത്തിനരികിലേക്ക് ക്ഷണിക്കുകയും അദ്ദേഹവുമായി കുറേസമയം ചെലവഴിക്കുകയും ചെയ്തു. തന്റെ പിന്‍ഗാമികളായ പോള്‍ ആറാമന്റെയും ജോണ്‍ പോള്‍ രണ്ടാമന്റെയും ഇടയയാത്രകള്‍ക്ക് പ്രചോദനമേകിയത് ജോണ്‍ ഇരുപത്തിമൂന്നാമനായിരുന്നു.

പോള്‍ ആറാമന്‍ പ്രഥമ കാര്യങ്ങളുടെ പാപ്പയായി വിശേഷിപ്പിക്കപ്പെടുന്നത് ജോണ്‍ പോള്‍ രണ്ടാമനാണെങ്കിലും ഈ വിശേഷണത്തിന് അര്‍ഹന്‍ വിശുദ്ധ പോള്‍ ആറാമന്‍ പാപ്പയാണെന്ന് പലരും ചൂണ്ടിക്കാട്ടുന്നു. പോള്‍ ആറാമന്‍ പാപ്പ ഒന്‍പതു വിദേശയാത്രകളാണ് നടത്തിയത്. എല്ലാ ഭൂഖണ്ഡങ്ങളെയും പ്രതീകാത്മകമായി സൂചിപ്പിക്കുന്ന യാത്രകളായിരുന്നു അവ. വിശുദ്ധ പത്രോസിനു ശേഷം വിശുദ്ധനാട് സന്ദര്‍ശിക്കുന്ന ആദ്യ പാപ്പയായിരുന്നു പോള്‍ ആറാമന്‍. രണ്ടു നൂറ്റാണ്ടിനു ശേഷം ഇറ്റലിക്കു പുറത്തു പോകുന്ന ആദ്യ പാപ്പയും അദ്ദേഹമായിരുന്നു. വിമാനത്തില്‍ സഞ്ചരിച്ച ആദ്യ പാപ്പയും പോള്‍ ആറാമന്‍ തന്നെ. ഇസ്രായേലിന്റെ മണ്ണില്‍ 11 മണിക്കൂറുകളാണ് പാപ്പ ചെലവഴിച്ചത്. ഒരിക്കല്‍ പോലും തന്റെ സംഭാഷണത്തില്‍ രാജ്യത്തിന്റെ പേര് പരാമര്‍ശിച്ചില്ല. ജൂതര്‍ ഏറെ പ്രാധാന്യത്തോടെ കാണുന്ന സ്ഥലങ്ങളൊന്നും സന്ദര്‍ശിച്ചില്ല. കാത്തോലിക്ക-ഓര്‍ത്തഡോക്സ് വിഭാഗങ്ങള്‍ തമ്മില്‍ നൂറ്റാണ്ടുകളായി നിലനിന്നിരുന്ന അകല്‍ച്ച കുറയ്ക്കാന്‍ ഈ സന്ദര്‍ശനം പ്രയോജനപ്പെട്ടു. 1439നു ശേഷം ഒരു പാപ്പയും ഓര്‍ത്തഡോക്സ് പരമാധ്യക്ഷനുമായുള്ള ആദ്യ കൂടിക്കാഴ്ചയ്ക്കും ഈ യാത്ര വേദിയായി. പാത്രിയാര്‍ക്കിസ് അത്തേന്‍ഗരോസുമായുള്ള കൂടിക്കാഴ്ച ഏറെ ഹൃദ്യമായിരുന്നു. ക്രിസ്ത്യന്‍ മതവിഭാഗങ്ങള്‍ തമ്മിലുള്ള ശീതയുദ്ധത്തിനു വലിയ തോതില്‍ അയവു വന്നിട്ടുള്ള ഈ കാലഘട്ടത്തില്‍ നിന്ന് അന്നത്തെ കൂടിക്കാഴ്ച വീക്ഷിക്കുവാന്‍ ഒരുപക്ഷേ ബുദ്ധിമുട്ടായിരിക്കും. ”ഞാനെന്റെ സഹോദരനെ കാണാനാണ് വന്നത്. ഞങ്ങള്‍ തമ്മില്‍ സംസാരിച്ചിട്ട് 500 വര്‍ഷത്തിലേറെയായി” എന്ന പാത്രിയാര്‍ക്കീസിന്റെ വാക്കുകള്‍ ഏറെ പ്രാധാന്യത്തോടെയാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇന്ത്യ സന്ദര്‍ശിച്ച ആദ്യ പാപ്പയും പോള്‍ ആറാമനായിരുന്നു. 1964 ഡിസംബര്‍ മൂന്നിന് മുംബൈയില്‍ അന്തര്‍ദേശീയ ദിവ്യകാരുണ്യ കോണ്‍ഗ്രസില്‍ പങ്കെടുക്കാനാണ് പാപ്പ എത്തിയത്.

ജോണ്‍ പോള്‍ രണ്ടാമന്‍

കമ്യൂണിസ്റ്റ് വാഴ്ചയ്ക്ക് അറുതിവരുത്തുന്നതില്‍ വലിയ പങ്കു വഹിച്ച ലോകനേതാവായി ജോണ്‍ പോള്‍ രണ്ടാമനെ ചരിത്രകാരന്മാരില്‍ പലരും വീക്ഷിക്കാറുണ്ട്. എന്നാല്‍ ക്രിസ്തീയ വിശ്വാസം ഊട്ടിയുറപ്പിക്കാനുള്ള അക്ഷീണശ്രമമാണ് തന്റെ ജീവിതത്തിലുടനീളം വിശുദ്ധന്‍ നടത്തിയതെന്നതാണ് വാസ്തവം. പാപ്പയുടെ അപ്പസ്തോലിക യാത്രകള്‍ പലതും അതിനു തെളിവാണ്.

വിശ്വാസജീവിതത്തില്‍ നിന്ന് അതിവേഗം വ്യതിചലിച്ചുകൊണ്ടിരുന്ന അമേരിക്കന്‍ സമൂഹത്തിലേക്ക് 1993 ആഗസ്റ്റ് 12 – 15 ന് ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ നടത്തിയ തീര്‍ത്ഥാടനം അവിശ്വസനീയ ഫലമാണുളവാക്കിയത്. പോളണ്ടും അര്‍ജന്റീനയും പോലെയല്ല അമേരിക്കയെന്ന് മുന്നറിയിപ്പു നല്‍കിയവര്‍ക്ക് റോമന്‍ കത്തോലിക്കാ സഭയുടെ സ്വാധീനം അതിശക്തമായി അമേരിക്കയില്‍ തിരിച്ചുവരവു നടത്തുന്നതാണ് പിന്നീട് കാണുവാന്‍ കഴിഞ്ഞത്. ഡെന്‍വറില്‍ ചേര്‍ന്ന ലോക യുവജന സമ്മേളനത്തില്‍ ഔദ്യോഗികമായും അല്ലാതെയും ലക്ഷക്കണക്കിന് യുവാക്കളാണ് പങ്കുചേര്‍ന്നത്. (ലോകയുവജന സമ്മേളനങ്ങള്‍ക്ക് തുടക്കം കുറിച്ചത് ജോണ്‍ പോള്‍ രണ്ടാമനായിരുന്നു). സഭയോട് പൊതുവേ ശത്രുത പുലര്‍ത്തിയിരുന്ന മാധ്യമങ്ങള്‍ പോലും പാപ്പായുടെ സന്ദര്‍ശനം ക്രിയാത്മകമായി വീക്ഷിച്ചു. ”അദ്ദേഹത്തിനെതിരെ ഏതെങ്കിലും സ്ഥാനത്തേക്ക് മത്സരിക്കാന്‍ സ്വര്‍ഗം പോലും മടിക്കും” എന്നായിരുന്നു അമേരിക്കന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റന്റെ പ്രതികരണം. കാല്‍വനിസ്റ്റ് സഭാ വേരുകളാണ് അമേരിക്കക്കുള്ളതെന്ന പാരമ്പര്യ വത്തിക്കാന്‍ വാദത്തെയും പാപ്പയുടെ സന്ദര്‍ശനം ഖണ്ഡിച്ചു.

തന്റെ നീണ്ട അധികാരകാലയളവില്‍ (ഇരുപത്തിയാറര വര്‍ഷം) 129 രാജ്യങ്ങളില്‍ ജോണ്‍ പോള്‍ രണ്ടാമന്‍ സന്ദര്‍ശനം നടത്തി. തന്റെ മുന്‍ഗാമികള്‍ എല്ലാവരും കൂടി നടത്തിയതിലും കൂടുതല്‍ യാത്രകള്‍ അദ്ദേഹം നടത്തി. 1979-ല്‍ ഡൊമിനിക്കന്‍ റിപ്പബ്ലിക്, മെക്സിക്കോ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചുകൊണ്ട് തുടങ്ങിയ അദ്ദേഹത്തിന്റെ വിദേശയാത്ര അവസാനിച്ചത് 2004-ല്‍ ഫ്രാന്‍സിലെ പ്രസിദ്ധ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രമായ ലൂര്‍ദ്ദ് സന്ദര്‍ശിച്ചുകൊണ്ടാണ്. ജന്മനാടായ പോളണ്ടിലാണ് ഏറ്റവും കൂടുതല്‍ തവണ അദ്ദേഹം സന്ദര്‍ശനം നടത്തിയത്. ഒമ്പതുതവണ അദ്ദേഹം അവിടം സന്ദര്‍ശിച്ചു. ആദ്യതവണ പോളണ്ടില്‍ ചെല്ലുമ്പോള്‍ കമ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ വിലക്കുകള്‍ ലംഘിച്ച് ലക്ഷക്കണക്കിന് പുരോഹിതരും കന്യാസ്ത്രീകളും വിശ്വാസികളുമാണ് അദ്ദേഹത്തെ കാണാനെത്തിയത്.

ക്രിസ്തുമതത്തിലെ മറ്റു സഭകളുമായും മറ്റു മതങ്ങളുമായുമെല്ലാം അദ്ദേഹം മികച്ച ബന്ധം പുലര്‍ത്തി. 2001 മേയ് ആറിന് സിറിയയിലെ പ്രസിദ്ധമായ ഉമയ്യാദ് പള്ളിയില്‍ പ്രാര്‍ത്ഥന നടത്തിയ അദ്ദേഹം ഒരു മുസ്ലീം ദേവാലയത്തില്‍ പ്രാര്‍ത്ഥിച്ച ആദ്യ ക്രിസ്തീയ സഭാധ്യക്ഷനായി. സ്നാപകയോഹന്നാന്റെ അന്ത്യവിശ്രമസ്ഥലം എന്ന രീതിയില്‍ പ്രസിദ്ധമാണ് ഉമയ്യാദ് പള്ളി. ചെറുപ്പത്തില്‍ യഹൂദവിഭാഗക്കാരുമായി നല്ല അടുപ്പം പുലര്‍ത്തിയിരുന്ന പാപ്പ 2000-ല്‍ ജറുസലേം സന്ദര്‍ശിച്ചപ്പോള്‍ യഹൂദര്‍ നേരിട്ട പീഡനങ്ങള്‍ക്ക് സ്വന്തം പേരുചൊല്ലി മാപ്പുപറഞ്ഞു. ഹിറ്റ്ലറുടെ കാലത്ത് നടന്ന ജൂതക്കൂട്ടക്കൊലയുടെ സമയത്ത് കത്തോലിക്കാസഭ പുലര്‍ത്തിയ നിസംഗതയ്ക്കും അദ്ദേഹം മാപ്പുപറഞ്ഞു.

ക്രിസ്ത്യന്‍ ഓര്‍ത്തഡോക്സ് സഭകളുമായും പാപ്പ അടുത്ത ബന്ധം സ്ഥാപിച്ചു. ആദ്യകാല ക്രിസ്തുമതത്തില്‍ നേരിട്ട വിവിധ പ്രതിസന്ധികളെയും അവ മൂലമുണ്ടായ പിളര്‍പ്പുകളെയും കുറിച്ച് ഇരുസഭകളും വിശദമായി സംവദിച്ചിരുന്നു. 1999-ല്‍ റൊമേനിയന്‍ ഓര്‍ത്തഡോക്സ് സഭയുടെ അന്നത്തെ തലവനായിരുന്ന പാത്രിയാര്‍ക്കീസ് തിയോക്ടിസിന്റെ ക്ഷണമനുസരിച്ച് റൊമേനിയ സന്ദര്‍ശിച്ച പാപ്പ തുടര്‍ന്ന് നടത്തിയ പ്രസംഗത്തില്‍ ക്രിസ്തുമതത്തിന്റെ പുനരേകീകരണത്തിനാണ് താന്‍ ശ്രമിക്കുന്നതെന്ന് പറഞ്ഞു. 1054-ല്‍ ക്രിസ്തുമതത്തിലുണ്ടായ വന്‍പിളര്‍പ്പിനുശേഷം ഒരു ഓര്‍ത്തഡോക്സ് രാജ്യം സന്ദര്‍ശിക്കുന്ന ആദ്യ പാപ്പയായിരുന്നു ജോണ്‍ പോള്‍ രണ്ടാമന്‍. 2001-ല്‍ ഉക്രൈനില്‍ അദ്ദേഹം നടത്തിയ സന്ദര്‍ശനം വന്‍ വിവാദത്തിലായിരുന്നു. ഉക്രൈനിയന്‍ ഓര്‍ത്തഡോക്സ് സഭയില്‍ നിന്ന് വന്‍ പ്രതിഷേധങ്ങള്‍ ഉയര്‍ന്നു. എന്നിട്ടും നിരവധിയാളുകളാണ് അദ്ദേഹത്തെ കാണാനെത്തിയത്. കമ്യൂണിസ്റ്റ് രാജ്യമായ ക്യൂബയിലെ പാപ്പയുടെ സന്ദര്‍ശനവും ഏറെ ശ്രദ്ധ നേടി. മറ്റൊരു ലോകനേതാവും ഒരു പാപ്പയെയും സ്വീകരിക്കുവാന്‍ ഇത്രയേറെ ഒരുങ്ങിയിട്ടില്ലെന്ന് ഫിദല്‍ കാസ്ട്രോയെ പാപ്പ പിന്നീട് പ്രശംസിച്ചു. ഹിന്ദു, ജൈന, ബുദ്ധ, സിഖ് മതങ്ങളുമായും അദ്ദേഹം മികച്ച ബന്ധം പുലര്‍ത്തി. ഇന്ത്യ സന്ദര്‍ശിച്ച രണ്ട് അവസരങ്ങളിലും (1986 ഫെബ്രുവരി 1നും 1999 നവംബര്‍ 6നും) ഈ നാല് മതങ്ങളുടെയും നേതാക്കന്മാരെ അദ്ദേഹം സന്ദര്‍ശിച്ചിരുന്നു.

ബെനഡിക്ട് പതിനാറാമന്‍

ആധുനിക കത്തോലിക്കാ സഭയിലെ ഏറ്റവും പ്രശസ്തരായ ദൈവശാസ്ത്രജ്ഞരിലൊരാളും മികച്ച എഴുത്തുകാരനുമായ ബെനഡിക്ട് പതിനാറാമന്‍ പാപ്പയെ സഭയുടെ പരമ്പരാഗത പ്രബോധനങ്ങളിലും മൂല്യങ്ങളിലും അടിയുറച്ച് പ്രവര്‍ത്തിച്ചിരുന്നതിനാല്‍ കടുത്ത യാഥാസ്ഥിതികനെന്നാണ് വിമര്‍ശകര്‍ ചിത്രീകരിക്കുന്നത്. പാപ്പയായി ചുമതലയേറ്റ് മൂന്നു വര്‍ഷത്തിനുള്ളില്‍തന്നെ ബെനഡിക്ട് പതിനാറാമന്‍ ഇറ്റലിയിലും പുറത്തും ഒട്ടേറെ അപ്പസ്തോലിക യാത്രകള്‍ നടത്തി. ജന്മരാജ്യമായ ജര്‍മനി അദ്ദേഹം രണ്ടു തവണ സന്ദര്‍ശിച്ചു. ലോക യുവജന ദിനാഘോഷത്തില്‍ പങ്കെടുക്കാനായിരുന്നു ആദ്യ യാത്ര. ബാല്യകാലം ചെലവഴിച്ച സ്ഥലങ്ങളിലേക്കായിരുന്നു രണ്ടാമത്തെ സന്ദര്‍ശനം.

പോളണ്ടിലും സ്പെയിനിലും പാപ്പയ്ക്ക് ഊഷ്മള വരവേല്‍പ്പാണ് ലഭിച്ചത്. താന്‍ മുന്‍പ് അധ്യാപകനായിരുന്ന ജര്‍മനിയിലെ റീഗന്‍സ്ബര്‍ഗ് സര്‍വകലാശാലയില്‍ 2006 സെപ്റ്റംബറില്‍ നടത്തിയ പ്രഭാഷണത്തിനിടെ ബെനഡിക്ട് പതിനാറാമന്‍ പാപ്പ ഉപയോഗിച്ച ഒരു ഉദ്ധരണി ആഗോള വ്യാപകമായി മുസ്ലിം സമുദായത്തിന്റെ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. അമേരിക്കയില്‍ 9/11 ആക്രമണമുണ്ടായതിന്റെ പശ്ചാത്തലത്തിലായിരുന്നു പാപ്പായുടെ പ്രതികരണം. രണ്ടു മാസത്തിനു ശേഷം മുസ്ലീം ഭൂരിപക്ഷ രാജ്യമായ തുര്‍ക്കിയിലേക്ക് നടത്താനിരുന്ന പാപ്പയുടെ യാത്ര അതോടെ ഉത്കണ്ഠാകുലമായ അന്തരീക്ഷത്തിനു വഴി തുറന്നു. സംസ്‌കാരങ്ങള്‍ തമ്മിലും മതങ്ങള്‍ തമ്മിലുമുള്ള സംഘര്‍ഷത്തിന് പാപ്പയുടെ സന്ദര്‍ശനം കാരണമായേക്കുമെന്ന് പലരും പ്രവചിച്ചു.

തടസങ്ങള്‍ വകവയ്ക്കാതെ ബെനഡിക്ട് പാപ്പ തുര്‍ക്കിയിലേക്ക് തിരിച്ചു. ഇസ്താംബൂളിലെ ഗ്രാന്‍ഡ് മുഫ്തി മുസ്തഫ കാഗരികിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം ഇരുവരും പ്രസിദ്ധമായ നീലപള്ളിയില്‍ പ്രാര്‍ത്ഥന നടത്തി. ഇസ്ലാമുമായുള്ള ബന്ധങ്ങളുടെ വികാസത്തിന് കത്തോലിക്കാ സഭയ്ക്ക് വഴി തുറന്ന സന്ദര്‍ശനമായി പിന്നീടിത് വിശേഷിപ്പിക്കപ്പെട്ടു. ബര്‍ത്തലോമിയോ ഒന്നാമന്‍ പാത്രിയാര്‍ക്കീസുമായി ചേര്‍ന്ന് പാപ്പ നടത്തിയ സംയുക്ത പ്രഖ്യാപനം കത്തോലിക്ക-ഓര്‍ത്തഡോക്സ് സഭകള്‍ തമ്മിലുള്ള അകലം കുറക്കുന്നതിനുള്ള നീക്കങ്ങളുടെ തുടക്കമായാണ് വിശേഷിപ്പിക്കപ്പെടുന്നത്. 2009 മേയില്‍ ജോര്‍ദാന്‍ സന്ദര്‍ശന വേളയില്‍ അദ്ദേഹം പ്രഖ്യാപിച്ച ”സംസ്‌കാരങ്ങളുടെ ചങ്ങാത്തം” ഏറെ പ്രശംസ നേടി. 2007 സെപ്റ്റംബറില്‍ ഓസ്ട്രിയയില്‍ ത്രിദിന സന്ദര്‍ശനം നടത്തിയ പാപ്പ നാസി ക്യാമ്പുകളില്‍ കൊല്ലപ്പെട്ട വിയന്നയിലെ ജൂതന്‍മാരുടെ സ്മരണക്കായി സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തു.

വൈദികര്‍ ഉള്‍പ്പെട്ട ലൈംഗിക പീഡന വിവാദങ്ങളെ തുടര്‍ന്ന് അമേരിക്കയിലെ റോമന്‍ കത്തോലിക്കാ സഭ രൂക്ഷമായ പ്രതിസന്ധിഘട്ടത്തിലൂടെ കടന്നുപോകുന്ന വേളയിലാണ് 2008 ഏപ്രില്‍ 15 മുതല്‍ 20 വരെ ബെനഡിക്ട് പതിനാറാമന്‍ പാപ്പ അമേരിക്കന്‍ സന്ദര്‍ശനം നടത്തിയത്. നേരത്തെ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയിലൂടെ കത്തോലിക്ക സഭ അമേരിക്കയില്‍ നേടിയ സ്വീകാര്യത വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ അതിവേഗം മാഞ്ഞുകൊണ്ടിരുന്ന സന്ദര്‍ഭമായിരുന്നു അത്. സഭയെ ന്യായീകരിക്കുവാനായിരിക്കും യാഥാസ്ഥിതികനായ പാപ്പ ഒരുമ്പെടുന്നതെന്ന് വിമര്‍ശകര്‍ നിരീക്ഷിച്ചു. എന്നാല്‍, ഒരു
പാട് വൈദികര്‍ ഉണ്ടാകുന്നതിനെക്കള്‍ നല്ല വൈദികര്‍ ഉണ്ടാകുക എന്നതാണ് പ്രധാനമെന്ന് പാപ്പ അമേരിക്കയില്‍ പ്രഖ്യാപിച്ചു. ഇതിനു പുറമെ ലൈംഗിക പീഡനങ്ങള്‍ക്കു വിധേയരായ നാലു പേരുമായി വാഷിംഗ്ടണില്‍ കൂടിക്കാഴ്ച്ച നടത്തിയ പാപ്പ അവരെ ആശ്വസിപ്പിച്ചു. തീവ്രവാദി ആക്രമണത്തില്‍ തകര്‍ന്ന വേള്‍ഡ് ട്രേഡ് സെന്റര്‍ നിലനിന്നിരുന്ന ന്യുയോര്‍ക്കിലെ ഗ്രൗണ്ട് സീറോയില്‍ സന്ദര്‍ശനം നടത്തിയ പാപ്പ മരണമടഞ്ഞവര്‍ക്കും കുടുംബാംഗങ്ങള്‍ക്കും ലോക സമാധാനത്തിനും വേണ്ടി പ്രാര്‍ത്ഥിച്ചു.യാഥാര്‍ത്ഥ്യങ്ങള്‍ക്കു നേരെ കണ്ണടക്കാതെ സഭയുടെ വീഴ്ച്ചകള്‍ തുടര്‍ച്ചയായി ഏറ്റുപറയുകയും ക്ഷമാപണം നടത്തുകയും ചെയ്ത ബെനഡിക്ട് പതിനാറാമന്‍ ജനഹൃദയങ്ങള്‍ കീഴടക്കിയാണ് അമേരിക്കയില്‍ നിന്നു മടങ്ങിയത്.
(കടപ്പാട്: നാഷണല്‍ കാത്തലിക് റിപ്പോര്‍ട്ടറിലെ ടോപ് ടെന്‍ പേപ്പല്‍ ട്രിപ്സ് എന്ന ലേഖനം)

 

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക

 


Tags assigned to this article:
pope

Related Articles

KLCA കൊച്ചി രൂപതാ അർദ്ധ വാർഷിക ജനറൽ കൗൺസിൽ

KLCA കൊച്ചി രൂപതാ അർദ്ധ വാർഷിക ജനറൽ കൗൺസിൽ തോപ്പുംപടി കാത്തലിക് സെന്ററിൽ KLCA സംസ്ഥാന പ്രസിഡൻറ് ആന്റണി നെറോണ ഉത്ഘാടനം ചെയ്തു. രൂപതാ സമിതിയുടെ കഴിഞ്ഞ

വംശീയ ആക്രമണത്തിന്റെ തീയണയ്ക്കുക

അഹമ്മദാബാദ് വിമാനത്താവളത്തിലെ വരവേല്‍പ്പിന്റെ ഊഷ്മളാലിംഗനം തൊട്ട് മൊട്ടേര സര്‍ദാര്‍ പട്ടേല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിലെ ‘നമസ്‌തേ ട്രംപ്’ എന്ന അതിശയാവേശങ്ങളുടെ മഹാപ്രകടനം വരെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ

ക്രിസ്തുരാജന്റെ തിരുനാള്‍ മഹോത്സവം: ഹൃദയങ്ങളുടെ രാജാവ്

ഹൃദയങ്ങളുടെ രാജാവ് ആണ്ടുവട്ടത്തിലെ അവസാനത്തെ ഞായറാഴ്ചയായ ഇന്ന് ക്രിസ്തുനാഥന്റെ തിരുനാളായി തിരുസഭ ആചരിക്കുകയാണ്. 1925ന്റെ അവസാനത്തോടെ 11ാം പീയൂസ് പാപ്പായാണ് ക്രിസ്തുവിനെ രാജാവായി പ്രഖ്യാപിക്കുന്നതും എല്ലാ വര്‍ഷവും

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*