രക്ഷാപ്രവർത്തനത്തിനിടെ പരിക്കേറ്റ മത്സ്യത്തൊഴിലാളി ദുരിതത്തിൽ

പ്രളയത്തിൽ ഒറ്റപ്പെട്ടുപോയ ചെങ്ങന്നൂർ പ്രദേശത്ത് രക്ഷാപ്രവർത്തനം നടത്തിയ രത്നകുമാർ എന്ന ചെറുപ്പക്കാരനാണ് ഈ ദുരനുഭവം. ചെങ്ങന്നൂർ പാണ്ടനാട് വെച്ചാണ് രത്നകുമാറിന് പരിക്കേറ്റത് അപകടത്തിൽപ്പെട്ട ഒരു യുവാവിനെ രക്ഷിക്കുവാനായി ശ്രമിക്കുകയായിരുന്നു. വള്ളം പെട്ടെന്ന് ഒഴുക്കിൽപ്പെട്ട് ഒരു കവുങ്ങിൽ ചെന്നിടിച്ച് രത്നകുമാറിന് പരിക്കേൽക്കുകയായിരുന്നു. രത്നകുമാർ ആറാട്ടുവഴി സ്വദേശിയാണ്. ഭാര്യയും അമ്മയും കുഞ്ഞു മടങ്ങുന്നതാണ് കുടുംബം. അപകടമുണ്ടായ ഉടനെ തന്നെ അദ്ദേഹത്തെ പരുമലയിലുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും പണം ഇല്ലാത്തതിനെ തുടർന്ന് ചികിത്സ ആറുമണിക്കൂറോളം നിഷേധിക്കുകയായിരുന്നു. രത്നകുമാറിന് വയറിൻറെ ഇടതുഭാഗത്തായി 32 തുന്നലുകളുണ്ട്, കാലും തുടയും സമാനമായി പരിക്കേറ്റിട്ടുണ്ട്. എഴുന്നേറ്റ് നടക്കാൻ കഴിയാതെ ഇപ്പോഴും അദ്ദേഹം കിടപ്പിലാണ്. സംഭവം വിവാദമായതിനെ തുടർന്ന് പ്രതിപക്ഷനേതാവ് രത്നകുമാറിനെ വീട്ടിൽ സന്ദർശിക്കുകയും തുടർന്നുള്ള എല്ലാ ചികിത്സകളും ഏറ്റെടുക്കുകയും ചെയ്തു. പ്രളയത്തിൻറെ നാലാം ദിവസവും ഒറ്റപ്പെട്ടുപോയ സ്ഥലത്തേക്കാണ് സധൈര്യം രത്നകുമാറും സംഘവും ചെന്നെത്തിയത്. എന്നാൽ അപകടത്തിൽപ്പെട്ടപ്പോൾ ആരുംതന്നെ തിരിഞ്ഞുനോക്കിയില്ല എന്നുള്ളത് രത്നകുമാറിനെ വേദനിപ്പിച്ചു. ഒത്തിരിയേറെ സുമനസ്സുകൾ രത്നകുമാറിനെ കാണുവാനും നന്ദി അർപ്പിക്കുനും ഇപ്പോൾ അദ്ദേഹത്തിൻറെ ഭവനത്തിലേക്ക് എത്തുന്നുണ്ട്. കുടുംബത്തിൻറെ ഏക ആശ്രയമായ രത്നകുമാറിനെ ആവുന്ന രീതിയിലൊക്കെ സഹായിക്കുവാൻ പലരും മുന്നോട്ട് വരുന്നുണ്ട്. അവരോടൊക്കെ, തന്നെ സഹായിച്ചവരോടും അവഗണിച്ചവരോടും രത്നകുമാറിന് ഒരു കാര്യമേ പറയാനുള്ളൂ… നന്ദി