രണ്ടു നഗരങ്ങളുടെ കഥ – വീണ്ടും വായിക്കുമ്പോള്‍

തടവുകാരന് ചിന്തിക്കുകയാണ്: ഇതു തന്റെ ജീവിതത്തിലെ അന്ത്യരാവാണ്. അയാള്‍ ഭീതിയോടെ അന്ത്യമണിക്കൂറുകള്‍ എണ്ണുകയാണ്. ഒമ്പത്, പത്ത്, പതിനൊന്ന്……… നേരം പുലരുമ്പോള്‍ 52 ശിരസ്സുകള്‍ അറ്റുവീഴും. അതിലൊന്നു തന്റേതായിരിക്കും. നവവിപ്ലവത്തിന്റെ കണ്ടെത്തലായ പുതിയ വധയന്ത്രത്തിന്റെ (ഗില്ലറ്റിന്) ഇരകളില്‍ ഒരാള്‍ താനായിരിക്കും. ബലമുള്ള ഒരു ഇരുമ്പുചങ്ങലയില്‍ ഘടിപ്പിച്ച ഭാരമേറിയ ഒരു ഉളി ഒരു പുള്ളി വലിക്കുമ്പോള്‍, ബന്ധിതനായിക്കിടക്കുന്ന തന്റെ കഴുത്തില്‍ വന്നു പതിക്കും തല അറ്റുതെറിക്കും. തലയും തലയറ്റ ഉടലും എടുത്തുമാറ്റപ്പെടും. മറ്റൊരാളെ കിടത്തും. പ്രക്രിയ തുടരും. മൊത്തം 52 തലകള്‍, അത്രയും തന്നെ കബന്ധങ്ങള്‍!
രാവിന്റെ ഭീതിദമായ നിശ്ശബ്ദതയില്‍ തടവറയ്ക്കു പുറത്ത് കാലനക്കം, അടക്കിപ്പിടിച്ച സംസാരം. തടവുകാരന് ചെവിപാര്‍ത്തു. പെട്ടെന്ന് തടവറയുടെ വാതില്‍ തുറക്കപ്പെട്ടു. രാവായിട്ടില്ലല്ലോ; തന്റെ ഊഴവുമായിട്ടില്ലല്ലോ. പിന്നെയിതാരാണ്? ഉത്കണ്ഠയോടെ തടവുകാരന് ആഗതനെ നോക്കി. ഇയാള്‍ എനിക്കു പരിചിതനാണല്ലോ. ആഗതനാകട്ടെ, തടവുകാരന്റെ നേരേ മൗനമുദ്ര കാണിച്ചുകൊണ്ടുപറഞ്ഞു: സുഹൃത്തേ, ഞാന്‍ താങ്കളുടെ പ്രിയ പത്നിയുടെ കത്തുമായി വന്നിരിക്കുകയാണ്. താങ്കളുടെ വേഷം അഴിച്ച് എനിക്കു തരുക. എന്നിട്ട് എന്റെ വസ്ത്രം താങ്കള്‍ അണിഞ്ഞ് കൂടെയുള്ള നമ്മുടെ ചാരന്മാരോട് കൂടെ പോവുക. സമയം വിലപ്പെട്ടതാണ് വേഗമാകട്ടെ.
എന്നാല്‍ തടവുകാരന് വഴങ്ങാനുള്ള ഭാവമില്ല. എന്തു വിഡ്ഢിത്തമാണ് താങ്കള്‍ പറയുന്നത്! കടന്നുപോവൂ; എന്നെ എന്റെ വിധിക്കു വിട്ടേക്കു. നൊടിയിടപോലും വിലപ്പെട്ടതാണ്. പെട്ടെന്ന് ആഗതന് തടവുകാരനെ കീഴ്പ്പെടുത്തി എന്തോ മണപ്പിച്ചു ബോധരഹിതനാക്കി അയാളുടെ വസ്ത്രങ്ങള്‍ ഉരിഞ്ഞെടുത്ത് പകരം തന്റെ വസ്ത്രങ്ങള്‍ തടവുകാരനെ അണിയിച്ചു കൂടെയുള്ള ചാരന്മാരെ ഏല്പിച്ച്. അവര്‍ തടവറയ്ക്കു പുറത്തു കാത്തുകിടന്ന വാഹനത്തില്‍ കയറ്റി ഓടിച്ചു പോയി; ആഗതന് മരണത്തിലേക്കും!
എന്തൊരു നാടകീയമായ സംഭവവികാസങ്ങള്‍! മരണത്തിലേക്കു വിളിക്കപ്പെട്ടയാള് ജീവിതത്തിലേക്കു മടങ്ങുന്നു. ജീവിച്ചിരിക്കുന്ന മറ്റൊരാള്‍ മരണം സ്വയം വരിക്കുന്നു. ജീവിതത്തെക്കുറിച്ചുള്ള ഏറ്റവും ആശ്ചര്യകരമായ സംഗതി, അപ്രതീക്ഷിതമായതും അസാധ്യമായതും ജീവിതത്തില്‍ സംഭവിക്കുന്നു എന്നതാണ്. മേല്പറഞ്ഞ നാടകീയ സംഭവങ്ങള്‍ക്കു വഴിയൊരുക്കിയത്, മുന്‍ പറഞ്ഞ കഥാപാത്രങ്ങള്‍ തമ്മിലുള്ള ആശ്ചര്യകരമായ രൂപസാദൃശ്യമാണ്.
മേല്‍ സൂചിപ്പിച്ച കഥാപാത്രങ്ങള്‍ ആരാണ്? ഭാവനാശാലിയായ ഒരു കലാകാരന്റെ ഭാവനാസന്താനങ്ങള് ആണവര്. ആ കലാകാരനെയും അയാളുടെ ഭാവനാസന്താനങ്ങളെയും നമുക്കൊന്നു പരിചയപ്പെടാം. കലാകാരന് ആംഗ്ലേയ നോവലിസ്റ്റായ ചാള്‍സ് ഡിക്കന്‍സ്. പ്രസിദ്ധ ചരിത്രകാരന് തോമസ് കാര്‍ലൈല്‍ രചിച്ച ഫ്രഞ്ചുവിപ്ലവം എന്ന ചരിത്രഗ്രന്ഥം വായിച്ചുണ്ടായ പ്രചോദനത്തിന്റെ സന്തതിയാണ് ‘എ ടെയില്‍ ഓഫ് ടൂ സിറ്റീസ്’ (രണ്ടു നഗരങ്ങളുടെ കഥ) എന്ന അനശ്വരനോവല്. മാനവചരിത്രത്തില്‍ മനുഷ്യവിമോചനത്തിനായി പാവപ്പെട്ട അടിമകളും കര്‍ഷക
രും തൊഴിലാളികളും ചേര്‍ന്നു നടത്തിയ മഹത്തായ വിപ്ലവമായിരുന്നു ഫ്രഞ്ചുവിപ്ലവം. ലോകചരിത്രത്തിലെ തന്നെ ആദ്യ വിപ്ലവത്തിന്റെ ആത്മീയപിതാക്കള്‍ റൂസ്സോയും വോള്ട്ടയറുമായിരുന്നു.
നോവലിന്റെ ആരംഭഘട്ടത്തില്‍ വിപ്ലവത്തെ അനുകൂലിച്ച ഡിക്കന്‍സ്, പിന്നീട് വിപ്ലവത്തെ നിരാകരിക്കുകയും തള്ളിപ്പറയുകയും ചെയ്യുന്നുണ്ട്. കാരണം, വിപ്ലവം എന്ന വാക്കിനര്‍ഥം മാറ്റം എന്നാണല്ലോ. നിലവിലെ വ്യവസ്ഥിതി മാറി പുതിയൊരു ജനക്ഷേമവ്യവസ്ഥിതി നിലവില്‍ വരണം. എന്നാല്‍ അതിന് വിപ്ലവകാരികള്‍ സ്വീകരിച്ചമാര്ഗം കൊടും ക്രൂരതകളുടെയും രക്തച്ചൊരിച്ചിലിന്റെയും ആയിരുന്നു. എന്നാല്‍ ലക്ഷ്യം പോലെ തന്നെ പാവനമായിരിക്കണം മാര്‍ഗവും. യഥാര്‍ഥ മാനവ വിമോചനം ബൈബിളിലെ പിതാവിന്റെയും പുത്രന്റെയും ആണ.് അതുകൊണ്ടാണ് നോവലിന്റെ ആമുഖകാരനായ സിഡ്നി ഡാര്‍ക്ക് സൂചിപ്പിക്കുന്നതു പോലെ, എല്ലാ നന്മകളും കടന്നു വരുന്നത് നസ്രത്തില്‍ നിന്നാണ്. ഈ സന്ദര്‍ഭത്തില്‍ നഥാനിയേല്‍ എന്ന ബൈബിള്‍ കഥാപാത്രത്തിന്റെ വിയോജനക്കുറിപ്പ് ചേര്‍ത്തു വായിക്കേണ്ടതാണ്. നസ്രത്തില്‍ നിന്ന് നന്മയുണ്ടാവുമോ? അല്പം പ്രബുദ്ധരായവരോടുള്ള ശരാശരിക്കാരുടെ അസഹിഷ്ണുതയായി അതിനെ കണ്ടാല്‍ മതി. ദൈവം അല്ലെങ്കില്‍ വിധി ഒരു മാന്ത്രികവടി വീശുകയാണ്. വായാടിയായ വനിത ഒരു മാന്യസ്ത്രീയായും തെരുവു ബാലന് മാന്യനായ വ്യക്തിയായും മാറുന്നു. നോവലാരംഭത്തില്‍ ആര്‍ക്കും വേണ്ടാത്ത, ഏവരാലും വെറുക്കപ്പെട്ട, തികഞ്ഞ മദ്യപനായ, സമൂഹത്തിലെ തിരിവുകല്ലായ കാര്ട്ടന് എന്ന വക്കീല്‍ മരണത്തിലൂടെ വലിയ താരമായി മാറുകയാണ്…
നിരന്തരമായ ജീവിത നിരീക്ഷണത്തിലൂടെ ഡിക്കന്‍സ് കണ്ടെത്തിയ ജീവിതദര്‍ശനം യഥാര്‍ഥ സന്തോഷം സാധാരണ തെരുവുജീവിതങ്ങളിലാണ് എന്നതത്രേ. തന്റെ നോവലിലൂടെ ഡിക്കന്‍സ് പറഞ്ഞു വയ്ക്കുന്നത് സാധാരണ ജനങ്ങള്‍ മാലാഖമാര്‍ക്കു തൊട്ടുതാഴെയാണെന്നാണ്. ജീവിതത്തില്‍ തികഞ്ഞ പരാജയമായിരുന്ന കാര്ട്ടന് എന്ന വക്കീല്‍ വീരോചിതമായ ഒരു പ്രവൃത്തിയാണു താന്‍ ചെയ്യുന്നതെന്നറിയാതെ സുഹൃത്തിനുവേണ്ടി സ്വജീവന്‍ ബലികഴിക്കുന്നു. ഈ കഥാപാത്ര സൃഷ്ടിയിലൂടെ ഡിക്കന്‍സ് ഒരു ജീവിത സത്യം വിളംബരം ചെയ്യുന്നു. നിങ്ങള്‍ വീരപുരുഷന്മാരെ തേടേണ്ടത് പരാജിതരിലും സാധാരണക്കാരിലുമാണ്. അവരാണ് യഥാര്‍ഥ കടന്നു പോക്കിനു നേരവകാശികള്‍.
വിപ്ലവത്തിലൂടെ മനുഷ്യവിമോചനം എന്ന ദര്‍ശനത്തിനുപകരം സ്നേഹദീപ്തമായ ത്യാഗത്തിലൂടെ മനുഷ്യ വിമോചനം, മനുഷ്യ നന്മ എന്ന ബൈബിള്‍ ദര്‍ശന ദീപ്തമായ മനുഷ്യ കഥാനുഗായിയായ ഒരു ഉജ്ജ്വലദര്ശനത്തിലേക്ക് നോവലിസ്റ്റ് നമ്മെ നയിക്കുന്നു. ഇതോടൊപ്പം, ഗ്രീക്കുചിന്തകനായ പ്ലേറ്റോയുടെ ഒരു ചിന്തയും ചേര്‍ത്തുവയ്ക്കുന്നത് സമുചിതമായിരിക്കും. ‘ഉത്തമ ഗ്രന്ഥങ്ങളുടെ ശേഖരമായ ഒരു ഗ്രന്ഥശാല സ്വന്തമായുള്ള ഒരു ഭവനത്തിന് ഒരാത്മാവുണ്ട്’ – രണ്ടു നഗരങ്ങളുടെ കഥ പോലെയുള്ള ഉത്തമക്ലാസ്സിക്കുകളുടെ പാരായണം നമ്മെ സംസ്കൃതചിത്തരാക്കുന്നു, പ്രബുദ്ധരുമാക്കുന്നു. അഡ്വഞ്ചേഴ്സ് ഓഫ് ടോംസോയര്‍, ഹക്കിള്‍ബറി ഫിന് തുടങ്ങിയ അനശ്വര ബാലസാഹസിക സാഹിത്യ കൃതികളുടെ കര്‍ത്താവായ അമരനായ മാര്‍ക്ക് ട്വയിന് ജീവിതത്തില്‍ അവസാനമായിവായിച്ചാസ്വാദിച്ചത് ‘രണ്ടു നഗരങ്ങളുടെ കഥ’യാണത്രേ. എത്ര ധന്യമായ കൃതി. എത്ര ധന്യനായ രചയിതാവ്!
Related
Related Articles
ക്രിസ്തുവിന്റെ ഇടപെടലുകള്‍ യുവത്വത്തിന്റെ മാതൃക-ചിന്താ ജെറോം
കൊല്ലം: യുവാവായ ക്രിസ്തു നടത്തിയ ഇടപെടലുകള്‍ യുവത്വം എങ്ങനെയായിരിക്കണമെന്നതിന്റെ മാതൃകയാണെന്ന് സംസ്ഥാന യുവജന കമ്മീഷന് ചെയര്‍പേഴ്സണ്‍ ചിന്താ ജെറോം പറഞ്ഞു. കെആര്‍എല്‍സിസി സമുദായ ദിനത്തോടനുബന്ധിച്ച് ഫാത്തിമ മാതാ
മാനവസ്നേഹത്തിന്റെ ഉടമ്പടി പുതുക്കാന്‍
സാഹോദര്യം ഫ്രാന്‍സിസ് പാപ്പായുടെ ഏഴു വര്‍ഷത്തെ ശ്ലൈഹികവാഴ്ചയുടെ മൂലമന്ത്രവും ഫലശ്രുതിയുമാണ്. മഹാചാര്യപദവിയിലിരുന്നുള്ള അദ്ദേഹത്തിന്റെ പ്രബോധനങ്ങളുടെ സാരസംഗ്രഹവും സംക്ഷേപവുമായാകും ‘സോദരര്‍ സര്‍വരും’ (ഫ്രതേല്ലി തൂത്തി) എന്ന മൂന്നാമത്തെ ചാക്രികലേഖനം
സ്റ്റുഡന്റ്സ് ബിനാലെ-2018 അപേക്ഷ ക്ഷണിച്ചു
കൊച്ചി-മുസിരിസ് ബിനാലെ നാലാം എഡിഷനോത്തോടനുബന്ധിച്ച് നടത്തുന്ന സ്റ്റുഡന്റ്സ് ബിനാലെ-2018ലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. ദക്ഷിണേഷ്യയിലെ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. പ്രമുഖ ആര്‍ട്ടിസ്റ്റ് അനിത ദുബെ ക്യൂറേറ്റ് ചെയ്യുന്ന കൊച്ചി-മുസിരിസ് ബിനാലെ