രത്ന വ്യാപാരിയുടെമകന്

തിരുവനന്തപുരം ആയുര്‍വേദ കോളജിനടുത്തുള്ള സ്ട്രീറ്റ് കഫേയില്‍ ഒരു ചെറുപ്പക്കാരന് ജോലി തേടിയെത്തി. ഗുജറാത്തുകാരനാണ്. മലയാളം പറയാന്‍ അറിയില്ല. എങ്കിലും മുറി ഇംഗ്ലീഷിലും ഹിന്ദിയിലും സംസാരിച്ച് താന്‍ എന്തു ജോലിയും ചെയ്യാന്‍ തയ്യാറാണെന്ന് ഹോട്ടല്‍ മുതലാളിയോടു പറഞ്ഞു. ആയിടെയാണ് ഹോട്ടലില്‍ പാത്രം കഴുകി വൃത്തിയാക്കിയിരുന്ന സ്ത്രീ സുഖമില്ലാതെ വരാതെയായത്. അവര്‍ വരുന്നതുവരെ ആ ചെറപ്പക്കാരന് പാത്രംകഴുകുന്ന പണിതരാമെന്ന് മുതലാളി പറഞ്ഞു. ആഹാരത്തിനു പുറമെ ദിവസവും 200 രൂപയായിരിക്കും കൂലി. പുറത്ത് വേറെ ഏതു പണിക്കുപോയാലും അതില്‍ കൂടുതല്‍ ലഭിക്കും. ചെറുപ്പക്കാരന് അതു സമ്മതിച്ചു. ഒന്നുമില്ലെങ്കിലും ദിവസവും ഭക്ഷണം ലഭിക്കുമല്ലൊ.
മറ്റു തൊഴിലാളികള്‍ക്കൊപ്പം അയാളും അടുത്തുള്ള ഒരു ലോഡ്ജില്‍ താമസം തുടങ്ങി. കൈയില്‍ ആകെ ഉണ്ടായിരുന്നത് ഒരു ചെറിയ ബാഗു മാത്രം. അതില്‍ വസ്ത്രങ്ങളും കുറച്ചു പുസ്തകങ്ങളും.
രാവിലെ 10 മണിക്ക് ഡ്യൂട്ടിയില്‍ കയറിയാല്‍ രാത്രി 11 മണി വരെ ജോലി ചെയ്യണം. മേശ ക്ലീന്‍ ചെയ്യണം. പത്രങ്ങള്‍ കൊണ്ടുപോയി അടുക്കളയില്‍ വയ്ക്കണം-പിന്നെ കഴുകണം-തുടച്ചു വൃത്തിയാക്കി ഭക്ഷണം വിളമ്പാന്‍ പാകത്തിന് തയ്യാറാക്കി വയ്ക്കണം.
ആര്‍ക്കും യാതൊരു ശല്യവും ഇല്ലാതെ ആ ചെറുപ്പക്കാരന് തന്റെ ജോലി ചെയ്തു. ജോലി കൂടുതലുണ്ടെന്നോ, കൂലി കുറവാണെന്നോ ഒന്നും അയാള്‍ പരാതിപ്പെട്ടില്ല. ഒപ്പം താമസിക്കുന്നവരുമൊത്ത് വലപ്പോഴും സിനിമ കാണുവാന്‍ പോകുന്നതു മാത്രമായിരുന്നു അയാളുടെ വിനോദം. ബാക്കി കാര്യങ്ങള്‍ക്ക് എവിടെ സമയം കിട്ടാനാണ്? മുതലാളിക്കും ചെറുപ്പക്കാരന്റെ ജോലിയോടുള്ള ആത്മാര്‍ത്ഥതയും സൗമ്യഭാവവും ഒത്തിരി ഇഷ്ടപ്പെട്ടു. അടുത്തമാസം മുതല്‍ കൂലി കൂട്ടിക്കൊടുക്കുവാന്‍ അയാള്‍ തീരുമാനിക്കുകയും ചെയ്തു.
ഏതാണ്ട് ഒരു മാസം കഴിഞ്ഞപ്പോള്‍ ചെറുപ്പക്കാരന്റെ പേരില്‍ ഒരു ഫോണ്‍ കോള്‍ വന്നു. ‘ഉടനെ വീട്ടിലെത്തണം-അമ്മയ്ക്ക് സുഖമില്ല’ എന്ന സന്ദേശമായിരുന്നു അത്. ചെറുപ്പക്കാരന് അന്നു രാത്രി തന്നെ ഗുജറാത്തിലേക്ക് വണ്ടി കയറി. രണ്ടു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ കടയിലേക്ക് വീണ്ടും ഫോണ്‍ വന്നു. ഇത്തവണ ചെറുപ്പക്കാരന് തന്നെയാണ് വിളിച്ചത്-താന്‍ വീട്ടില്‍ എത്തിയെന്നും എന്നാല്‍ ഉടനെ ഇനി കടയിലേക്ക് വരാന്‍ സാധിക്കില്ലെന്നും പറഞ്ഞു.
ഏതാണ്ട് രണ്ടുമൂന്നു ആഴ്ചകള്‍ കഴിഞ്ഞപ്പോള്‍ അതാ ഒരു ഡസന്‍ വാഹനങ്ങള്‍ ആ കഫേയുടെ മുന്നില്‍ നിരന്നു. നല്ല വിലപിടിപ്പുള്ള ആഢംബരക്കാറുകള്‍. അവയില്‍ ഒന്നില്‍ നിന്ന് നല്ല മോടിയില്‍ വസ്ത്രധാരണം ചെയ്ത ഒരു ചെറുപ്പക്കാരന് ഇറങ്ങിവന്നു. കൂടെ അംഗരക്ഷകന് എന്നു തോന്നിക്കുന്ന ചില ആയുധധാരികളും. അന്തംവിട്ടു നില്ക്കുന്ന മുതലാളിയുടെ അടുക്കല്‍ വന്ന് കൂളിംഗ്ഗ്ലാസ് എടുത്തുമാറ്റി ‘തന്നെ അറിയുമോ’ എന്നു ചോദിച്ചു. അപ്പോഴാണ് കഫേ മുതലാളി തിരിച്ചറിഞ്ഞത്-ഒരു മാസം മുമ്പ് തന്റെ കടയില്‍ മേശ തുടക്കാനും പാത്രം കഴുകാനുമായി നിന്നിരുന്ന ഗുജറാത്തി പയ്യനാണ് ഇതെന്ന്. അപ്പോഴേക്കും ചെറുപ്പക്കാരന്റെ പിതാവും അടുത്തു വന്നു.
സൂറത്തില്‍ വജ്രവ്യാപാരത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ധൊലാക്കിയ കുടുംബത്തിലെ പ്രമുഖരാണ് അവിടെയെത്തിയത്. തന്റെ മകന് കഫേയില്‍ ജോലി കൊടുത്തതിന് നന്ദി പറയുവാനാണ് അവരെല്ലാവരും കൂടി തിരുവനന്തപുരത്തു വന്നത്.
പാവപ്പെട്ടവരുടെയും സാധാരണക്കാരുടെയും പട്ടിണിയും കഷ്ടപ്പാടും എന്താണെന്ന് നേരിട്ട് അനുഭവിച്ചറിയുന്നതിനുവേണ്ടിയാണ് ധൊലാക്കിയ കുടുംബത്തിലെ ചെറുപ്പക്കാരെ ആരും അറിയാതെ വിവിധ സ്ഥലങ്ങളില്‍ പണിക്കയക്കുന്നത്. കുടുംബത്തിലെ ഒരു ഡസനോളം യുവാക്കള്‍ ഇതിനകം പല സ്ഥലങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്. സ്വയംതൊഴില്‍ കണ്ടെത്തി അദ്ധ്വാനിച്ച് അന്നന്നുവേണ്ട ആഹാരം നേടണം.
എന്നാല്‍ ഈ കുടുംബത്തിലെ അംഗങ്ങള്‍ക്ക് യാതൊരു ആപത്തും വരാതിരിക്കാനും അവരെ സംരക്ഷിക്കാനും അവര്‍ അറിയാതെ തന്നെ ഒരു ഡസനോളം അംഗരക്ഷകര്‍ അവര്‍ താമസിക്കുന്ന സ്ഥലത്തും ജോലി ചെയ്യുന്ന സ്ഥലങ്ങളിലും തങ്ങുന്നുണ്ടാകും. എന്തെങ്കിലും കുഴപ്പത്തില്‍ ചാടേണ്ടി വന്നാല്‍ അപകടസാധ്യതയുണ്ടായാല്‍ അവരെ ഇവര്‍ രക്ഷപ്പെടുത്തും.
ആ ചെറുപ്പക്കാരന് തന്നോടൊപ്പം ഹോട്ടലില്‍ ജോലി ചെയ്തിരുന്ന ഏവര്‍ക്കും, പിന്നെ മുതലാളിക്കും വിലയേറിയ വാച്ചുകളും ഡയമണ്ട് ആഭരണങ്ങളും സമ്മാനമായി നല്കി. മാത്രമല്ല. തന്നോടൊപ്പം ലോഡ്ജില്‍ താമസിക്കുന്ന ജൂലിയസ് എന്നു പേരുള്ള ചെറുപ്പക്കാരന് സൂറത്തിലെ തങ്ങളുടെ സ്ഥാപനത്തില്‍ നല്ല ശമ്പളത്തോടുകൂടെ ഒരു ജോലിയും വാഗ്ദാനം ചെയ്തു.
ഈശോയുടെ മാതൃക തന്നെയല്ലെ ഈ രത്ന വ്യാപാരിയുടെ മകളിലും നമുക്ക് ദര്‍ശിക്കാന്‍ സാധിക്കുന്നത്? ലോകാധിരാജാവായ കര്‍ത്താവ് സ്വര്‍ഗം വെടിഞ്ഞ് ഈ ഭൂമിയില്‍ സാധാരണക്കാരില്‍ സാധാരണക്കാരനായി-ഒരു ആശാരിയുടെ മകനായി ജീവിച്ചു. അദ്ധ്വാനിച്ച് അന്നന്നുവേണ്ട ആഹാരം തേടി. തന്റെ പ്രേഷിതവേല തുടങ്ങിയപ്പോള്‍ തലചായ്ക്കാന്‍ പോലും ഒരിടമില്ലാതെ അലഞ്ഞുതിരിഞ്ഞു. കൂടെയുണ്ടായിരുന്നവരോ-അന്നന്നത്തെ അന്നത്തിനായി അദ്ധ്വാനിക്കുന്ന മുക്കുവര്‍. പാപികളും, ചുങ്കക്കാരും, പാവപ്പെട്ടവരുമായിരുന്നു അവിടുത്തെ ഇഷ്ടജനങ്ങള്‍. അവസാനം പാപികളായ നമ്മുടെ ശിക്ഷ സ്വയം തേളിലേറ്റി, അപഹാസ്യനായി, പരിത്യക്തനായി, പീഡിപ്പിക്കപ്പെട്ട് മരണമടയുന്നു.
രത്ന വ്യാപാരിയുടെ മകന് അങ്ങനെ ഒരു സാധാരണക്കാരനായി ആരും അറിയാതെ ജീവിച്ചു. എന്നാല്‍ നമ്മുടെ മക്കള്‍ എങ്ങനെയാണ് ജീവിക്കുന്നത്? വീട്ടില്‍ പണിയും ദാരിദ്യവുമാണെങ്കിലും വീട്ടില്‍ നിന്ന് ദൂരെയുള്ള പട്ടണത്തില്‍ പഠിക്കുന്ന യുവാക്കളും യുവതികളും പലപ്പോഴും വലിയ ആര്ഭാടത്തിലാണ് കഴിയുവാന്‍ നോക്കുക. ഇല്ലാത്ത കുടുംബമേന്മകളെല്ലാം അഭിനയിച്ച് കിട്ടുന്ന ശമ്പളം എല്ലാം ധൂര്‍ത്തടിച്ചു കളയുന്നു. ഏറ്റവും വിലപിടിപ്പുള്ള മൊബൈല്‍ ഫോണുകളും വാഹനങ്ങളുമാണ് അവര്‍ക്ക് വേണ്ടത്. കൂട്ടുകാരുടെ മുമ്പില്‍ കൂടുതല്‍ ഷൈന്‍ ചെയ്യാന്‍ വേണ്ടി കടം വാങ്ങിയും, പാവപ്പെട്ട മാതാപിതാക്കന്മാരെ ഭീഷണിപ്പെടുത്തിയും ധാരാളിത്തം കാണിക്കുന്നവരുമുണ്ട്.
രത്ന വ്യാപാരിയുടെ മകന് അവസാനം തന്നോടൊപ്പം ജോലി ചെയ്തിരുന്നവര്‍ക്ക് വിലയേറിയ വാച്ചുകളും ആഭരണങ്ങളും സമ്മാനമായി നല്കി. പക്ഷേ, യേശുനാഥന്‍ നല്കുന്ന സമ്മാനം അതിനേക്കാളൊക്കെ എത്ര മഹത്വമാണ്! അവിടുന്ന് നിത്യജീവനാണ് നമുക്ക് പ്രദാനം ചെയ്യുന്നത്. കൂദാശകളിലൂടെയും പരിശുദ്ധാത്മാവിന്റെ വരദാനങ്ങളിലൂടെയും അവിടുന്ന് നമ്മെ സമ്പുഷ്ടരാക്കുന്നു. ആ മഹാമനസ്കതയുടെ മുമ്പില്‍ നമുക്ക് തലകുനിക്കാം!
അടുത്ത ലക്കം
കമ്യൂണിറ്റി സെര്‍വിസ്
Related
Related Articles
ആണ്ടുവട്ടം രണ്ടാം ഞായര്‍: 17 January 2021
ആണ്ടുവട്ടം രണ്ടാം ഞായര്‍ R1: 1 Sam 3:3b-10, 19 R2: 1 Cor 6:13b-15a, 17-20 Gospel: Jn 1:35-42 ‘വിശ്വാസം കേള്‍വിയില്‍ നിന്നു ആരംഭിക്കുന്നു
പറന്ന് പറന്ന്…ചന്ദ്രനിലേക്ക്
അമേരിക്കയിലെ ഒഹായോയിലെ ചെറിയ എയര്‍പോര്‍ട്ടിനടുത്തുള്ള റോഡിലൂടെ പതിനഞ്ചുവയസു കൗമാരക്കാരന് അവന്റെ ഡാഡിയുമൊന്നിച്ച് കാറില്‍ പോകുമ്പോള്‍ പെട്ടെന്ന് ഒരു ചെറിയ വിമാനം ലാന്‍ഡ് ചെയ്യുന്നതിന് തൊട്ടുമുന്‍പ് കണ്ട്രോള് നഷ്ടപ്പെട്ട്
ദൈവത്തിന്റെ മണ്ടത്തരങ്ങള്‍
മറ്റുള്ളവരെക്കാള്‍ ബുദ്ധിമാനാണ് താനെന്നും തന്റെ അഭിപ്രായങ്ങളൊന്നും തെറ്റില്ലെന്നും ധരിച്ചിരുന്ന ഒരാള്‍ ഉച്ചസമയത്ത് ഒരു മാവിന്‍ചുവട്ടില്‍ ഇരിക്കുകയായിരുന്നു. അപ്പോഴാണ് അയാള്‍ ഒരു കാര്യം ശ്രദ്ധിച്ചത്-അടുത്തുകണ്ട മത്തവള്ളിയില് ഒരു വലിയ