രാജാവ് നഗ്നനാണ്!

“രാജ്യത്തിന്റെയും ജുഡീഷ്യറിയുടെയും ചരിത്രത്തിലെ അസാധാരണമായ സംഭവമാണിത്. സുപ്രീംകോടതിയുടെ നടത്തിപ്പു ശരിയായ രീതിയിലല്ല. കഴിഞ്ഞ ഏതാനും മാസങ്ങളായി അനഭിലഷണീയമായ രീതിയിലാണ് പല കാര്യങ്ങളും സംഭവിച്ചിട്ടുള്ളത്. ഈ സ്ഥാപനം സംരക്ഷിക്കപ്പെട്ടില്ലെങ്കില്‍ ഈ രാജ്യത്ത് ജനാധിപത്യം നിലനില്‍ക്കില്ല. ഇത്തരത്തിലൊരു പത്രസമ്മേളനം നടത്തേണ്ടിവരുന്നതില്‍ ഏറെ നൊമ്പരമുണ്ട്. മുതിര്‍ന്ന ജഡ്ജിമാരായ ഞങ്ങള്‍ ഈ സ്ഥാപനത്തോട് ഉത്തരവാദിത്വമുള്ളവരെന്ന നിലയ്ക്ക് പലതവണ ചീഫ് ജസ്റ്റിസിനെ കണ്ടു. കുഴപ്പങ്ങള്‍ പരിഹരിക്കണമെന്ന,് കാര്യങ്ങള്‍ ശരിയാക്കണമെന്ന് നിര്‍ബന്ധിച്ചു. നിര്‍ഭാഗ്യവശാല്‍, ഞങ്ങളുടെ ശ്രമങ്ങള്‍ പരാജയപ്പെട്ടു. സ്ഥാപനത്തെ സംരക്ഷിക്കണമെന്ന് ഈ രാജ്യത്തോടു തുറന്നുപറയുകയല്ലാതെ ഞങ്ങള്‍ക്കു മറ്റു മാര്‍ഗങ്ങളില്ല. ആത്മാവ് പണയപ്പെടുത്തിയവരെന്ന് 20 വര്‍ഷത്തിനുശേഷം ജനം ഞങ്ങളെക്കുറിച്ചു പറയുന്നതു കേള്‍ക്കാന്‍ ആഗ്രഹിക്കുന്നില്ല. ഞങ്ങള്‍ നാലുപേരും ഒപ്പുവച്ച ഒരു കത്ത് ചീഫ് ജസ്റ്റിസിന് നല്കി. ഒരു കാര്യം ഒരു പ്രത്യേകരീതിയില്‍ ചെയ്യണമെന്ന് ഞങ്ങള്‍ ആവശ്യപ്പെട്ടു. എന്നാല്‍, സ്ഥാപനത്തിന്റെ സംശുദ്ധിയെക്കുറിച്ച് കൂടുതല്‍ ചോദ്യങ്ങള്‍ ഉയര്‍ത്തുന്ന രീതിയിലാണ് നടപടിയുണ്ടായത്.” (മലയാള മനോരമ).
2018 ജനുവരി 12, വെള്ളി ഇന്ത്യയുടെ ഭരണസിരാകേന്ദ്രമായ ഇന്ദ്രപ്രസ്ഥത്തില്‍, പരമോന്നത നീതിന്യായ പീഠമായ സുപ്രീംകോടതിയിലെ നാലു മുതിര്‍ന്ന ജഡ്ജിമാര്‍-കുര്യന് ജോസഫ്, ജസ്തി ചെലമേശ്വര്‍, രഞ്ജന്‍ ഗൊഗോയ്, മദന്‍ ബി. ലോക്കൂര്‍ എന്നിവര്‍ സംയുക്തമായി വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തില്‍ ചെയ്ത പ്രസ്താവനയുടെ ഒരു ഭാഗമാണ് മുകളില്‍ ചേര്‍ത്തിരിക്കുന്നത്.
ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കെതിരെ അക്കമിട്ടു കുറ്റാരോപണങ്ങള്‍ നിരത്തി ഉന്നതരായ നാലു ന്യായാധിപന്മാര് പത്രസമ്മേളനത്തിലുടനീളം ആഞ്ഞടിക്കുകയായിരുന്നു. രാഷ്ട്രത്തിന്റെ ഇതപര്യന്തമുള്ള ചരിത്രത്തില്‍ ഇദംപ്രഥമമായി ഉണ്ടായ ഈ സംഭവം ഒരു ഞെട്ടലോടെയാണ് സമൂഹം വീക്ഷിച്ചത്. കണ്ണുമൂടിക്കെട്ടി നിഷ്പക്ഷതയുടെ തുലാസ് കൈകളിലേന്തി നില്ക്കുന്ന നീതിദേവതയുടെ ചിത്രത്തിന് പിറകില്‍ അനീതിയും അസമത്വവും അസ്വാഭാവികമായ സംഭവവികാസങ്ങളുമാണ് അരങ്ങേറുന്നത് എന്നുള്ള ഭീകരസത്യം പൊതുസമൂഹത്തിനുമുമ്പില്‍ അനാവരണം ചെയ്യപ്പെടുകയായിരുന്നു.
ഇന്ത്യയുടെ ഭരണകക്ഷിയായ ബിജെപിയുടെ സര്‍വാധികാരി അമിത് ഷാ ഒട്ടേറെ പ്രമാദമായ ക്രിമിനല്‍ കേസുകളില്‍ പ്രതിസ്ഥാനത്ത് ആരോപിക്കപ്പെട്ട വ്യക്തിയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലയളവില്‍ അദ്ദേഹത്തിന്റെ മന്ത്രിസഭയില്‍ ആഭ്യന്തരം ഉള്‍പ്പെടെ ഒട്ടേറെ സുപ്രധാന വകുപ്പുകള്‍ ഇദ്ദേഹം നിയന്ത്രിച്ചിരുന്നു. നൂറുകണക്കിന് ഗുജറാത്തികള്‍ കൊല്ലപ്പെട്ട ഒട്ടേറെ കലാപങ്ങള്‍ അന്ന് അരങ്ങേറിയിരുന്നു. നിരപരാധികളെ അപരാധികളെന്ന് മുദ്രയടിച്ച് വ്യാജ ഏറ്റുമുട്ടലുകള്‍ സൃഷ്ടിച്ച് തങ്ങള്‍ക്ക് ഇഷ്ടമില്ലാത്തവരെ വകവരുത്തുന്ന സംഭവങ്ങള്‍ ഒട്ടേറെ അന്നു നടന്നിരുന്നു. അത്തരത്തിലുള്ള ഒരു സംഭവത്തെ സംബന്ധിച്ച് അമിത് ഷായ്ക്കെതിരായി ഒരു കേസ് സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്യപ്പെടുകയും വിചാരണ തുടങ്ങുന്നതിനുള്ള പ്രാരംഭനടപടികള്‍ നടന്നുവരികയുമായിരുന്നു. ഇത്തരം പ്രമാദമായ കേസുകള്‍ മുതിര്‍ന്ന ജഡ്ജിമാര്‍ ഉള്‍പ്പെട്ട ബഞ്ചിലാണ് പരിഗണിക്കേണ്ടിയിരുന്നത്. എന്നാല്‍ ചീഫ് ജസ്റ്റിസ് ദീപക്മിശ്ര എല്ലാ കീഴ്വഴക്കങ്ങളും അവഗണിച്ച് വ്യാജ ഏറ്റുമുട്ടല്‍ കേസ് സീനിയോറിറ്റി ലിസ്റ്റിലെ ഒന്‍പതു മുതിര്‍ന്ന ന്യയാധിപന്മാരെയും ഒഴിവാക്കി, പത്താമത്തെ സ്ഥാനമുള്ള അരുണ്‍മിശ്ര അദ്ധ്യക്ഷനായുള്ള ബഞ്ചിലേക്ക് ഏകപക്ഷീയമായി റഫര്‍ ചെയ്യുകയായിരുന്നു.
ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷാ ഗുജറാത്തില്‍ ആഭ്യന്തര മന്ത്രിയായിരിക്കെ ഷിഹാബുദ്ദീന് ഷേയ്ക്ക് എന്നയാള്‍ പൊലീസുമായിട്ടുള്ള `ഏറ്റുമുട്ടലില്‍’ കൊല്ലപ്പെട്ടു. ഈ ഏറ്റുമുട്ടല്‍ വ്യാജമാണെന്നും, നിരായുധനായിരുന്ന ഷേയ്ക്കിനെ പൊലീസ് മന:പൂര്‍വം വെടിവച്ചു കൊല്ലുകയായിരുന്നുവെന്നും ആരോപണം ശക്തമായി ഉയര്‍ന്നു. കേസ് സിബിഐ കോടതിയില്‍ ജസ്റ്റിസ് ബി. എ ലോയയുടെ ബഞ്ചില്‍ വാദം കേട്ടു. പ്രസ്തുത കേസിന്റെ അന്തിമവിധി വരുന്നതിനു ഏതാനും ദിവസം മുമ്പായി ജസ്റ്റിസ് ലോയയുടെ അന്ത്യം സംഭവിച്ചു. അമിത് ഷായ്ക്ക് അനുകൂലമായി വിധി പുറപ്പെടുവിക്കാന്‍ നൂറു കോടി രൂപ ജഡ്ജിക്ക് വാഗ്ദാനം ചെയ്യപ്പെട്ട വിവരം `കാരവന്’ എന്ന മാസികയിലൂടെ പുറത്തുവിട്ടത് അദ്ദേഹത്തിന്റെ സഹോദരിയും മാതാപിതാക്കളുമാണ്. ലോയയുടെ അസ്വാഭാവിക മരണവും അന്വേഷണവിധേയമായി. അതിന്റെ വിചാരണ സുപ്രീംകോടതിയില്‍ ആരംഭിക്കാനിരിക്കെ പ്രസ്തുത കേസ് സീനിയര്‍മാരായ ഒന്‍പതു ജഡ്ജിമാരെ മറികടന്ന് താരതമ്യേന ജൂനിയറായ ഒരു ജഡ്ജിയെ ചുമതലപ്പെടുത്തിയതിലെ അപാകത ചൂണ്ടിക്കാണിച്ചാണ് നാലു മുതിര്‍ന്ന ജഡ്ജിമാര്‍ രംഗത്തു വന്നത്. നീതിന്യായ നിയമവ്യവസ്ഥയിലെ നീതിക്കു നിരക്കാത്ത ഈ കാര്യത്തിനു പിന്നില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെത്തന്നെ കാണുമ്പോള്‍, മൂക്കത്ത് വിരല്‍ വച്ച് ഇതികര്‍ത്തവ്യതാമൂഢരായി നില്ക്കുവാനല്ലാതെ ഒരു സാധാരണ ഇന്ത്യന്‍ പൗരന് മറ്റെന്താണ് കരണീയം?
സഹാറാ ഗ്രൂപ്പിന്റെ മേധാവി സുബ്രത റോയി 20,000 കോടി രൂപയുടെ വെട്ടിപ്പ് നടത്തിയ ക്രിമിനലായിരുന്നു. 2014 ഫെബ്രുവരി 28ന് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ലക്നൗ കോടതിയില്‍ ഹാജരാക്കി. അച്ചടിദൃശ്യമാധ്യമങ്ങള്‍ വളരെയേറെ കൊട്ടിഘോഷിച്ച ഈ വാര്‍ത്താതാരം യാതൊരു പരുക്കും ഏല്ക്കാതെ സുഖമായി തിരിച്ചുവന്നു. ബിജെപി എം. പി റാം ജഠ്മലാനി ഇദ്ദേഹത്തിനുവേണ്ടി കോടതിയില്‍ ഹാജരായി അനുകൂല വിധി സമ്പാദിച്ചതിന്റെ പിന്നാമ്പുറ കഥകള്‍ തുറന്നുപറയുവാന്‍ അന്ന് ഒരു മാധ്യമവും തയ്യാറായില്ലെന്നുള്ളത് മറ്റൊരു വസ്തുത.
അഡ്വ. ഗോപാല്‍ സുബ്രഹ്മണ്യം ഇന്ത്യയിലെ പ്രഗത്ഭരായ പത്ത് അഭിഭാഷകരില്‍ ഒരാളാകാന്‍ യോഗ്യതയുള്ള ആളായിരുന്നു. സുപ്രീംകോടതി ജഡ്ജിയാകാന്‍ ഏതര്‍ത്ഥത്തിലും യോഗ്യന്‍. എന്നാല്‍ അദ്ദേഹത്തിന്റെ പേര് പാനലില്‍ നിന്നു നീക്കം ചെയ്തു. നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കേ ആയിരക്കണക്കിനു മുസ്ലീങ്ങള്‍ വധിക്കപ്പെട്ട കലാപത്തെ സംബന്ധിച്ച് ചാര്‍ജ് ചെയ്യപ്പെട്ട കേസുകളിലെ അമിക്കസ് ക്യൂറിയായി അഡ്വ. ഗോപാല്‍ പ്രവര്‍ത്തിച്ചിരുന്നു. കലാപം ആളിക്കത്തിക്കുന്നതിലും മതന്യൂനപക്ഷത്തില്‍പ്പെട്ടവരെ വേട്ടയാടുന്നതിലും മോദി വഹിച്ച പങ്ക് അക്കമിട്ടു നിരത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ച ആളായിരുന്നു ഈ നിയമവിദഗ്ദ്ധന്‍. അദ്ദേഹത്തിന്റെ പേര് നരേന്ദ്ര മോദി പ്രധാനമന്ത്രിയായ കാലയളവില്‍ സുപ്രീംകോടതി ജഡ്ജിമാരുടെ പാനലില്‍ നിന്നു നീക്കം ചെയ്യപ്പെട്ടതിന്റെ കാരണം തേടി ഇനിയും നാം അലയേണ്ടതുണ്ടോ?
ഗുജറാത്ത് കൂട്ടക്കൊലയിലെ പ്രതിപട്ടികയില്‍ മുഖ്യസ്ഥാനത്തുള്ളയാളായിരുന്നു അന്നത്തെ സംസ്ഥാന ആഭ്യന്തര മന്ത്രിയായിരുന്ന അമിത് ഷാ. പ്രസ്തുതകേസ് സുപ്രീംകോടതിയില്‍ വിചാരണ ചെയ്തത് ചീഫ് ജസ്റ്റിസ് തലവനായ ഫുള്ബഞ്ചിലായിരുന്നു. പകല്‍വെളിച്ചത്തില്‍ നടന്ന കൂട്ടക്കുരുതിയില്‍ അമിത് ഷായുടെ പൊലീസ് നോക്കുകുത്തികളായി നിന്ന് അക്രമികള്‍ക്ക് അഴിഞ്ഞാടാന്‍ എല്ലാ ഒത്താശയും ചെയ്തു കൊടുക്കുകയായിരുന്നു. പൗരന് സംരക്ഷണം നല്‍കേണ്ട സംസ്ഥാന ഭരണകൂടത്തിന്റെ കെടുകാര്യസ്ഥതയ്ക്ക് പകല്‍ പോലെ വെളിച്ചമുള്ള ധാരാളം നിര്‍ണായക തെളിവുകള്‍ ഉണ്ടായിരുന്നു. എന്നിട്ടും അതെല്ലാം തൃണവല്‍ഗണിച്ച് അമിത് ഷായ്ക്ക് നിരപരാധി പട്ടം നല്കി കേസുകളെല്ലാം തന്നെ വെറുതെ വിട്ടു. അന്നത്തെ ചീഫ് ജസ്റ്റിസിന്റെ ഈ നടപടിയില്‍ ഇന്ത്യയിലെ നീതിന്യായ മേഖലയിലെ എല്ലാവരും തന്നെ നെറ്റിചുളിച്ചു. ചീഫ് ജസ്റ്റിസ് റിട്ടയര്‍ ചെയ്ത ഉടന്‍ തന്നെ ഒരു സംസ്ഥാന ഗവര്‍ണറായി നിയമിക്കപ്പെട്ടപ്പോഴാണ് ആ `ന്യായാധിപന്റെ’ `ന്യായവിധി’യെ സംബന്ധിച്ച് പൊതുജനത്തിന് ഏകദേശ ബോധ്യം ഉണ്ടായത്.
ജസ്റ്റിസ് എച്ച്. എല്‍ ദത്ത് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്പദം അലങ്കരിച്ച മറ്റൊരു മഹത്വ്യക്തിയാണ്. സുപ്രീം കോടതിയില്‍ വരുന്നതിനുമുമ്പ് ഇദ്ദേഹം ഒറീസാ ഹൈക്കോടതിയില്‍ ജഡ്ജിയായിരുന്നു. 2008-ാമാണ്ടിലെ കുപ്രിദ്ധമായ കാന്ധമാല്‍ കൂട്ടക്കുരുതി സംബന്ധിച്ച കേസുകള്‍ ഇദ്ദേഹത്തിന്റെ ബഞ്ചിലാണ് വിസ്താരം നടത്തിയത്. സ്വാമി ലക്ഷ്മണാനന്ദ സരസ്വതിയെന്ന വിശ്വഹിന്ദുപരിഷത്ത് നേതാവിനെ ഹൈന്ദവരായ നക്സലൈറ്റുകളാണ് വധിച്ചത്. എന്നാല്‍ ഇതിന്റെ പേരില്‍ 130 ഓളം പേരെ വധിക്കുകയും ആയിരക്കണക്കിന് ആള്‍ക്കാരെ മൃഗീയമായി പരുക്കേല്പിക്കുകയും അവരുടെ വീടുകളും ദൈവാലയങ്ങളും തകര്‍ക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് ഒട്ടേറെ കേസുകള്‍ ചാര്‍ജ് ചെയ്യപ്പെട്ടു. ഈ കേസുകളില്‍ എല്ലാം തന്നെ ആക്രമണത്തിന് വിധേയരായി സര്‍വതും നഷ്ടപ്പെട്ട ആദിവാസി ക്രൈസ്തവരായിരുന്നു പ്രതികള്‍. നവീന്‍ പട്നായിക്കിന്റെ പൊലീസില്‍ നിന്നും നീതി ലഭിക്കില്ലായെന്നു ബോദ്ധ്യപ്പെട്ടപ്പോള്‍ കട്ടക്ക്-ഭുവനേശ്വര്‍ ആര്‍ച്ച്ബിഷപ് റാഫേല്‍ ചീനാത്ത് ഹൈക്കോടതിയില്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്തു. തകര്‍ക്കപ്പെട്ട വീടുകളും ദൈവാലയങ്ങളും പുനര്‍നിര്‍മിക്കുന്നതിന് സര്‍ക്കാരില്‍ നിന്നു നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹര്‍ജിയില്‍ ആവശ്യം ഉന്നയിച്ചു. കേസിന്റെ വിചാരണവേളയില്‍ ജസ്റ്റിസ് എച്ച്. എല്‍ ദത്ത് ഓപ്പണ്‍ കോര്‍ട്ടില്‍ നടത്തിയ പരാമര്‍ശങ്ങള്‍ ഇന്ത്യയിലെ മുഖ്യധാരാ മാധ്യമങ്ങള്‍ തമസ്കരിച്ചുവെങ്കിലും `ദി ടെലഗ്രാഫ്’ എന്ന ഇംഗ്ലീഷ് പത്രം റിപ്പോര്‍ട്ട് ചെയ്തതുകൊണ്ട് പുറംലോകം തിരിച്ചറിഞ്ഞു.
“നിങ്ങള്‍ ക്രിസ്ത്യാനികള്‍ക്ക് അമേരിക്ക തുടങ്ങിയ വിദേശരാജ്യങ്ങളില്‍ നിന്ന് സഹായം ലഭിക്കുമല്ലോ? ആ പണം ഉപയോഗിച്ച് ദൈവാലയങ്ങള്‍ നിര്മിച്ചുകൂടെ? ഇത്തരം കാര്യങ്ങള്‍ക്ക് എന്തിനാണ് സംസ്ഥാന സര്‍ക്കാരിനോടു സഹായം ആവശ്യപ്പെടുന്നത്? ഇവിടെ ഒട്ടേറെ ആളുകള്‍ മരിച്ചുവെന്നു പറയുന്നു. അക്രമികളെ ഭയന്ന് വനത്തിനുള്ളില്‍ ഒളിച്ചു താമസിച്ചപ്പോള്‍ പാമ്പുകടിയേറ്റും, രോഗങ്ങളാലും, പട്ടിണിയാലും, ദാഹജലം കിട്ടാതെയുമൊക്കെ മരിച്ചെന്നാണ് നിങ്ങളുടെ ആവലാതിയില്‍ പറയുന്നത്. ഇങ്ങനെയൊക്കെ മരിച്ചവര്‍ക്ക് എങ്ങനെയാണ് സംസ്ഥാന സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കുക! ഇവരുടെ ബന്ധുകള്‍ക്ക് നഷ്ടപരിഹാരത്തിന് യാതൊരു അര്‍ഹതയും ഇല്ല!” ഇതായിരുന്നു ന്യായാധിപന്റെ ന്യായപ്രമാണം. ഇത്തരത്തിലുള്ള `സത്യസന്ധവും’ `സുതാര്യവും നീതിബോധവുമുള്ള’ വിധിന്യായം പ്രഖ്യാപിച്ച ജഡ്ജിയായ ഇദ്ദേഹത്തിന് ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണയെന്നോണം ഉടന്‍തന്നെ സുപ്രീം കോടതിയിലേക്ക് സ്ഥാനക്കയറ്റം ലഭിക്കുകയുണ്ടായി. അവിടെയിരുന്നു പിന്നീട് അദ്ദേഹത്തിന്റെതായി വന്നിട്ടുള്ള ജഡ്ജ്മെന്റുകളുടെ നിഷ്പക്ഷതയെ സംബന്ധിച്ച് സാധാരണക്കാര്‍ സംശയം പ്രകടിപ്പിച്ചാല്‍ അവരെ എങ്ങനെ കുറ്റപ്പെടുത്താനാവും?
ഇന്ത്യയുടെ ജനാധിപത്യവ്യവസ്ഥയ്ക്കു തന്നെ ഭീഷണിയായി പരിണമിക്കാന്‍ പാകത്തില്‍ രൂപപ്പെടുന്ന ഇത്തരം കാര്യങ്ങള്‍ പുറംലോകം അറിയാന്‍ തുടങ്ങുന്നതിന്റെ കേളികൊട്ട് കേട്ടുതുടങ്ങിയിരിക്കുന്നു. ഒരുവര്‍ഷം മുമ്പ് ഭീകരസത്യങ്ങള്‍ സമൂഹത്തിന്റെ മുമ്പില്‍ വിളിച്ചു പറഞ്ഞ ജസ്റ്റിസ് കര്‍ണനെ കോടതിയലക്ഷ്യ കുറ്റം ചുമത്തി തുറുങ്കിലടച്ച ജഡ്ജി തന്നെ കര്‍ണന്റെ വെളിപ്പെടുത്തലുകള്‍ ശരിവയ്ക്കുമ്പോള്‍, പാവം ഇന്ത്യക്കാരന് ഇതികര്‍ത്തവ്യതാമൂഢനായി നില്‍ക്കുകയാണ്. നിറഞ്ഞ സദസില്‍, കൊട്ടാരത്തിലെ സിംഹാസനത്തില്‍ നൂല്‍ബന്ധമില്ലാതെ ഇരുന്ന രാജാവിനെ പണ്ഡിത സദസ് വാനോളം പുകഴ്ത്തി പ്രകീര്‍ത്തിച്ച് സംസാരിച്ചപ്പോള്‍, രാജാവ് നഗ്നനാണെന്നുള്ള പച്ചയായ പരമാര്‍ത്ഥം ഉച്ചത്തില്‍ വിളിച്ചുപറഞ്ഞ പിഞ്ചുബാലന്റെ കളങ്കമില്ലാത്ത മുഖം നാമിപ്പോള്‍ ദളിതനായ ജസ്റ്റിസ് കര്‍ണനില്‍ ദര്‍ശിക്കുന്നു.
മാര്‍ഷല്‍ ഫ്രാങ്ക്
Related
Related Articles
പുതുജീവിതത്തിലേക്കുള്ള ചുവടുവയ്പ്
കൊവിഡ് കാലത്തെ മരണഭീതിയെക്കാള്‍ നമ്മെ അലട്ടുന്നത് ഈ മഹാമാരി സൃഷ്ടിക്കുന്ന യാഥാര്‍ഥ്യങ്ങളുമായി പൊരുത്തപ്പെടാനാവാത്ത നമ്മുടെ മാനസികാവസ്ഥയാണ്. അസാധാരണമായ സാഹചര്യങ്ങള്‍ നമ്മുടെ ജീവിതത്തെ പാടെ മാറ്റിമറിക്കുന്നു. സമൂഹജീവിയായ മനുഷ്യന്
ക്രിസ്ത്യന്‍ സര്‍വീസ് സൊസൈറ്റി സംസ്ഥാന വാര്‍ഷിക സമ്മേളനം
എറണാകുളം: ക്രിസ്ത്യന്‍ സര്‍വീസ് സൊസൈറ്റി ഇന്റര്‍നാഷണല്‍ (സിഎസ്എസ്) 22-ാം വാര്‍ഷിക സംസ്ഥാന പ്രതിനിധി സമ്മേളനം പ്രൊഫ. കെ.വി.തോമസ് ഉദ്ഘാടനം ചെയ്തു. വരാപ്പുഴ അതിരൂപത ആര്‍ച്ച്ബിഷപ് ഡോ. ജോസഫ്
വചനം പങ്കുവച്ച് സ്വര്‍ഗപുത്രി
എറണാകുളം: നാടകം മലയാളിയുടെ രക്തത്തിലലിഞ്ഞു ചേര്‍ന്ന വികാരമാണ്. ദശാബ്ദങ്ങളായി കേരളക്കരയിലങ്ങോളമിങ്ങോളം നാടകരാവുകള്‍ സജീവമായി തുടരുന്നു. മലയാളിയുടെ രാഷ്ട്രീയ-സാമൂഹ്യജീവിതത്തെ ഇത്രമാത്രം അടയാളപ്പെടുത്തിയ മറ്റൊരു കലാരൂപവുമില്ല. ബ്രഹ്മാണ്ഡ ഡിജിറ്റല്‍ സിനിമകളും,