രാജ്യദ്രോഹ ചാപ്പകുത്തലിന് ഇടവേള താല്‍കാലികമോ?

രാജ്യദ്രോഹ ചാപ്പകുത്തലിന് ഇടവേള താല്‍കാലികമോ?

അഭിപ്രായസ്വാതന്ത്ര്യത്തെ ക്രിമിനല്‍ക്കുറ്റമാക്കി എതിര്‍സ്വരങ്ങളുടെ നാവരിയുന്നതിന് കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും ബിജെപി ഭരണകൂടങ്ങള്‍ നിര്‍ദ്ദാക്ഷിണ്യം തലങ്ങും വിലങ്ങും എടുത്തുവീശുന്ന ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ രാജ്യദ്രോഹത്തിന്റെ 124എ വകുപ്പ് തല്‍ക്കാലത്തേക്കു മരവിപ്പിച്ചുകൊണ്ടുള്ള സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ് ഇന്ത്യന്‍ ജനാധിപത്യവ്യവസ്ഥ സംരക്ഷിക്കുന്നതിനുള്ള ചരിത്രപ്രധാനമായ ഒരു ഇടപെടല്‍തന്നെയാണ്. ബ്രിട്ടീഷ് കോളനിവാഴ്ചക്കാലത്ത്, 152 വര്‍ഷം മുമ്പ്, മഹാത്മാ ഗാന്ധി, ബാലഗംഗാധര്‍ തിലക് തുടങ്ങിയ സ്വാതന്ത്ര്യസമരനായകരെ ജാമ്യമില്ലാതെ ജയിലിലടയ്ക്കുന്നതിന് രൂപപ്പെടുത്തിയ രാഷ്ട്രീയ ആയുധമാണ് ഈ രാജ്യദ്രോഹനിയമം. ഇന്ത്യ സ്വാതന്ത്ര്യം നേടിയിട്ട് 75 വര്‍ഷമാകുമ്പോഴും, സ്വാതന്ത്ര്യസമരത്തെ അടിച്ചമര്‍ത്താന്‍ അധിനിവേശശക്തികള്‍ കൊണ്ടുവന്ന കാലഹരണപ്പെട്ട ഈ നിയമം റദ്ദാക്കാന്‍ മോദി സര്‍ക്കാര്‍ മടിക്കുന്നത് എന്തെന്ന് പലവട്ടം ചോദിച്ചിട്ടുള്ള ചീഫ് ജസ്റ്റിസ് എന്‍.വി. രമണ അധ്യക്ഷനായ സുപ്രീം കോടതിയുടെ മൂന്നംഗ ബെഞ്ച്, കേന്ദ്ര ഗവണ്‍മെന്റ് ഈ നിയമം പുനരവലോകനം ചെയ്യുന്നതുവരെ രാജ്യത്ത് ആര്‍ക്കുമെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തരുതെന്നും, ഇപ്പോള്‍ ഇതിന്റെ പേരില്‍ വിചാരണതടവുകാരായി കഴിയുന്നവര്‍ക്ക് ജാമ്യത്തിന് അപേക്ഷിക്കാമെന്നും പ്രതിചേര്‍ക്കപ്പെട്ടവരുടെ കുറ്റപത്രസമര്‍പ്പണവും വിചാരണയും മറ്റു നടപടികളും മാറ്റിവയ്ക്കണമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

സര്‍ക്കാരിനെതിരേ വെറുപ്പും നിന്ദയും ജനിപ്പിക്കുകയോ അപ്രീതി ഉദ്ദീപിപ്പിക്കുകയോ അതിനു ശ്രമിക്കുകയോ ചെയ്യുന്നവിധത്തില്‍ എന്തെങ്കിലും പറയുകയോ എഴുതുകയോ ”ആംഗ്യങ്ങളാലോ ദൃശ്യങ്ങളാലോ മറ്റു പ്രകാരത്തിലോ” ചിത്രീകരിക്കുകയോ ചെയ്യുന്നത് ജീവപര്യന്തം വരെ തടവുശിക്ഷയും പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണെന്നാണ് ഐപിസി 124എ വകുപ്പില്‍ പറയുന്നത്. അഭിപ്രായപ്രകടനത്തിനുള്ള സ്വാതന്ത്ര്യം, ജീവനും വ്യക്തിസ്വാതന്ത്ര്യത്തിനുമുള്ള സംരക്ഷണം, സമത്വത്തിനായുള്ള അവകാശം എന്നിങ്ങനെ ഇന്ത്യന്‍ ഭരണഘടനയിലെ 19 (1)എ, 14, 21 എന്നീ ഖണ്ഡികകള്‍ക്കു വിരുദ്ധമായ ഈ വകുപ്പ് സുപ്രീം കോടതി റദ്ദാക്കുമെന്നു വന്നപ്പോള്‍, രാജ്യത്തിന്റെ അഖണ്ഡത, പരമാധികാരം, ദേശീയ സുരക്ഷ തുടങ്ങിയ കാര്യങ്ങള്‍ ഉന്നയിച്ച് ആദ്യം തടസവാദങ്ങള്‍ ഉന്നയിച്ചെങ്കിലും പിന്നീട് രാജ്യദ്രോഹനിയമവ്യവസ്ഥകള്‍ പുനരവലോകനം ചെയ്യുമെന്ന് സത്യവാങ്മൂലം സമര്‍പ്പിച്ച് അനിശ്ചിതകാലത്തേക്ക് തല്‍സ്ഥിതി തുടരാനുള്ള തന്ത്രമാണ് മോദി ഗവണ്‍മെന്റ് ഇറക്കിയത്. എന്നാല്‍ ചീഫ് ജസ്റ്റിസ് രമണയും ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റീസ് ഹിമ കോഹ്‌ലി എന്നിവരും ഉള്‍പ്പെട്ട ബെഞ്ച്, രാജ്യദ്രോഹ വകുപ്പ് തല്‍ക്കാലം മരവിപ്പിക്കാനും, കേന്ദ്രവും സംസ്ഥാന സര്‍ക്കാരുകളും ഈ കിരാതനിയമം നടപ്പാക്കുന്നത് നിര്‍ത്തിവയ്ക്കാനും നിര്‍ദേശിച്ചതോടെ ആ തന്ത്രം പാളി. ജൂലൈ മൂന്നാം വാരത്തില്‍ വീണ്ടും കേസ് പരിഗണിക്കുമെന്നു കോടതി പറഞ്ഞിട്ടുണ്ട്. അതിനാല്‍ ‘ഉചിതമായ ഫോറത്തില്‍’ രാജ്യദ്രോഹവകുപ്പിന്റെ പുനരവലോകനം അനന്തമായി നീട്ടിക്കൊണ്ടുപോകാന്‍ കേന്ദ്രത്തിനാവില്ല.

2015-2020 കാലയളവില്‍ ഐപിസി 124എ വകുപ്പുപ്രകാരം 356 രാജ്യദ്രോഹകേസുകളിലായി 548 പേരെ അറസ്റ്റുചെയ്തിട്ടുണ്ടെന്ന് നാഷണല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോ രേഖയില്‍ പറയുന്നു. ഈ ആറുവര്‍ഷ കാലയളവില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ടവരില്‍ 12 പേരെ മാത്രമാണ് കുറ്റക്കാരായി കോടതി വിധിച്ചിട്ടുള്ളത്. 2014-2019 കാലയളവില്‍ 326 പേര്‍ക്കെതിരെ രാജ്യദ്രോഹകേസ് എടുത്തതില്‍ 141 കേസുകളില്‍ കുറ്റപത്രം സമര്‍പ്പിച്ചു; ആറുപേരെയാണ് കുറ്റക്കാരായി കോടതി കണ്ടെത്തിയത്. ഈ കാലയളവില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ അസമിലാണ് രജിസ്റ്റര്‍ ചെയ്തത് – 54 എണ്ണം. ഇതില്‍ 26 കേസുകളില്‍ കുറ്റപത്രം നല്കി, 25 കേസുകളില്‍ വിചാരണ പൂര്‍ത്തിയായി. എന്നാല്‍ ആറുവര്‍ഷത്തിനിടെ ഇവയില്‍ ഒരാളെയും കുറ്റക്കാരായി വിധിച്ചിട്ടില്ല. ഝാര്‍ഖണ്ഡില്‍ 40 കേസെടുത്തതില്‍ 29 കേസില്‍ കുറ്റപത്രം നല്കി, 16 കേസുകളില്‍ വിചാരണ പൂര്‍ത്തിയായ പtuരത്വനിയമഭേദഗതിക്കെതിരേ നടന്ന പ്രക്ഷോഭത്തില്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ 3,700 പേര്‍ക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തി. ഡല്‍ഹി ജെഎന്‍യുവില്‍ ”ആസാദി” (സ്വാതന്ത്ര്യം) മുദ്രാവാക്യം മുഴക്കിയതിനാണ് വിദ്യാര്‍ഥി യൂണിയന്‍ നേതാവ് കനയ്യ കുമാറിനും ഉമര്‍ ഖാലിദിനുമെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. 30 വര്‍ഷം ഝാര്‍ഖണ്ഡിലെ ആദിവാസികളുടെ അവകാശപോരാട്ടങ്ങള്‍ക്കു നിയമപരമായ മാര്‍ഗദര്‍ശനം നല്കിവന്ന സ്റ്റാന്‍ സ്വാമി എന്ന എണ്‍പത്തിനാലുകാരനും രോഗാതുരനുമായ ഈശോസഭാ വൈദികനെ രാജ്യദ്രോഹിയായ ‘നഗര മാവോയിസ്റ്റ്’ എന്നു ചാപ്പകുത്തി കൊവിഡ് മഹാമാരിയുടെ അതിതീവ്രവ്യാപനത്തിനിടയില്‍ നവിമുംബൈയിലെ തലോജ ജയിലില്‍ ഒന്‍പതുമാസം ജാമ്യം നല്കാതെ, ഒരു വിചാരണയും കൂടാതെ തടവിലിട്ട് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കൊന്നു.
ഇന്ത്യയിലെ കര്‍ഷകപ്രക്ഷോഭത്തിനു രാജ്യാന്തര പിന്തുണയുമായി സ്വീഡിഷ് പരിസ്ഥിതിപ്രവര്‍ത്തക ഗ്രെറ്റ ട്യുന്‍ബെര്‍ഗും പോപ്പ് ഗായിക റിഹാനയും മറ്റും രംഗത്തുവന്നപ്പോള്‍ ഈ വിഷയത്തില്‍ ഓണ്‍ലൈന്‍ ടൂള്‍കിറ്റില്‍ രണ്ടുവരി എഡിറ്റു ചെയ്തുവെന്ന ‘രാജ്യദ്രോഹക്കുറ്റത്തിന്’ ബെംഗളൂരുവില്‍ നിന്ന് ദിശ എന്‍. രവിയെ അറസ്റ്റുചെയ്യുകയുണ്ടായി. ഡല്‍ഹിയില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന ‘ദ് കാരവാന്‍’ ഇംഗ്ലീഷ് മാസികയുടെ എക്‌സിക്യൂട്ടീവ് എഡിറ്ററായ മലയാളി വിനോദ് കെ. ജോസിനെതിരേ ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഹരിയാന, കര്‍ണാടക, ഡല്‍ഹി എന്നിവിടങ്ങളിലായി രാജ്യദ്രോഹകേസുകള്‍ നിലവിലുണ്ട്. യുപിയിലെ ഹാഥ്‌രസില്‍ ദലിത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായതു സംബന്ധിച്ച വാര്‍ത്തകളുടെ പേരില്‍ മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയുള്ള 22 രാജ്യദ്രോഹകേസുകളിലൊന്നില്‍ മലയാളിയായ സിദ്ദിഖ് കാപ്പന്‍ ഒന്നര വര്‍ഷമായി മഥുരയിലും ലഖ്‌നൗവിലുമായി ജയിലിലാണ്. സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിട്ടതിനും കുട്ടിയെ സ്‌കൂളിലെ നാടകത്തില്‍ അഭിനയിപ്പിച്ചതിനും ഹനുമാന്‍ ചാലിസ എന്ന സ്‌തോത്രമാല ചൊല്ലിയതിനും വരെ രാജ്യദ്രോഹകേസെടുത്ത സംഭവമുണ്ട്. മഹാത്മാഗാന്ധിയുടെ ഘാതകന്‍ നാഥുറാം ഗോഡ്‌സേയെയും പ്രധാനമന്ത്രി മോദിയെയും നിന്ദിച്ചു എന്നതിന്റെ പേരില്‍ ഈയിടെയാണ് ഗുജറാത്തിലെ ദലിത് നേതാവും എംഎല്‍എയുമായ ജിഗ്നേഷ് മേവാനിയെ പാലംപുരില്‍ നിന്ന് അസം പൊലീസ് അറസ്റ്റുചെയ്ത് അസമിലെ കോകരഝാറിലേക്കു കൊണ്ടുപോയത്.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം 2014-21 കാലത്ത് 442 കേസുകള്‍ എടുത്തിട്ടുണ്ട്. ഇതില്‍ കുറ്റപത്രം നല്കിയത് 206 കേസുകളില്‍. എട്ടുപേര്‍ കുറ്റക്കാരായി വിധിക്കപ്പെട്ടു. 2019-ല്‍ മാത്രം രാജ്യത്ത് 93 രാജ്യദ്രോഹകേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി ആഭ്യന്ത്രര മന്ത്രാലയത്തിന്റെ കണക്കിലുണ്ട്. ഇതില്‍ നാലു കേസുകളില്‍ കുറ്റപത്രം നല്കി, ഒരാള്‍ ശിക്ഷിക്കപ്പെട്ടു. 2018-ല്‍ 70 കേസും, 2017-ല്‍ 51 കേസും, 2014-ല്‍ 47 കേസുമെടുത്തു.

2010-നുശേഷം 800 കേസുകളിലായി 13,000 ഇന്ത്യന്‍ പൗരന്മാരുടെമേല്‍ രാജ്യദ്രോഹക്കുറ്റം ചുമത്തിയിട്ടുണ്ടെന്നാണ് ആര്‍ട്ടിക്കിള്‍ 14 എന്ന സര്‍ക്കാര്‍ ഇതര ഏജന്‍സിയുടെ പഠനരേഖയില്‍ പറയുന്നത്. ഝാര്‍ഖണ്ഡിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ – 4,641 എണ്ണം. തമിഴ്‌നാട്ടില്‍ 3,601 കേസും (കൂടുതലും കൂടംകുളം ആണവനിലയത്തിനെതിരേ സമരം ചെയ്തതിന്) ബിഹാറില്‍ 1,608 കേസും, യുപിയില്‍ 1,383 കേസും. ഇവയില്‍ 21 കേസുകള്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയാണ്. 40 മാധ്യമപ്രവര്‍ത്തകര്‍ പ്രതികളാണ്. കഴിഞ്ഞ വര്‍ഷം മാത്രം 20 മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്തിരുന്നു. പ്രധാനമന്ത്രി മോദിയെ ”വിമര്‍ശിക്കുകയും അപമാനകരമായ പരാമര്‍ശം നടത്തുകയും ചെയ്തു” എന്നതിന് 149 പേരെ പ്രതിചേര്‍ത്തിട്ടുണ്ട്; യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ ”വെറുപ്പും നീരസവും സൃഷ്ടിക്കാന്‍ ശ്രമിച്ചു” എന്നതിന് 144 പേര്‍ക്കെതിരേയും കേസുണ്ട്.

കേരളത്തില്‍ 41 പേര്‍ രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ടവരായുണ്ട്. ഇതില്‍ 40 പേര്‍ക്കെതിരേ യുഎപിഎ കേസുകൂടിയുണ്ട്. ‘കശ്മീരിനും മണിപ്പൂരിനും സ്വാതന്ത്ര്യം’ എന്ന പോസ്റ്ററിന്റെ പേരില്‍ 2019-ല്‍ മലപ്പുറം ഗവ. കോളജിലെ രണ്ടു വിദ്യാര്‍ഥികള്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയിരുന്നു. കേരളത്തില്‍ 2014-2019 കാലയളവില്‍ 25 കേസെടുത്തതില്‍ ഒരു കേസിലും കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല. മാവോയിസ്റ്റ് സാന്നിധ്യമുള്ള ജില്ലകളിലാണ് രാജ്യദ്രോഹക്കുറ്റം കൂടുതലായും പ്രയോഗിക്കപ്പെടുന്നത്. വയനാട് ജില്ലയില്‍ 23 പേര്‍ക്കെതിരെ ഇതു ചുമത്തിയിട്ടുണ്ട്. കണ്ണൂരില്‍ ആറുപേര്‍ക്കും, കോഴിക്കോട് അഞ്ചുപേര്‍ക്കും, മലപ്പുറത്ത് നാലുപേര്‍ക്കുമെതിരേയും കേസുണ്ട്; പാലക്കാട്, തൃശൂര്‍, എറണാകുളം എന്നിവിടങ്ങളില്‍ ഓരോ കേസ് വീതവും.

അധികാരത്തിലിരിക്കുന്നവര്‍ക്ക് രുചിക്കാത്ത അഭിപ്രായപ്രകടനങ്ങള്‍ നടത്തുന്നവരെ അടിച്ചമര്‍ത്താനായി, നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) നിയമം (യുഎപിഎ), ദേശീയ സുരക്ഷാ നിയമം, ഔദ്യോഗിക രഹസ്യനിയമം, സാമൂഹികമൈത്രിക്കു ഭംഗംവരുത്തല്‍, കുറ്റകരമായ അപകീര്‍ത്തി, പൊതുസുരക്ഷാ നിയമം, ഐപിസി വകുപ്പുകള്‍ 153, 295, 504, 505 എന്നിവയ്ക്കു പുറമെ 2020-ല്‍ ദുരന്തനിവാരണ നിയമവും പകര്‍ച്ചവ്യാധി നിയമം പോലും പ്രയോഗിക്കുന്നതു നാം കണ്ടു. രാജ്യദ്രോഹ നിയമം തല്‍ക്കാലത്തേക്കു മരവിപ്പിക്കപ്പെട്ട സാഹചര്യത്തില്‍ വിമര്‍ശകരെ ഭയപ്പെടുത്താനും പൗരാവകാശസംരക്ഷകരെയും പ്രതിപക്ഷരാഷ്ട്രീയക്കാരെയും മാധ്യമപ്രവര്‍ത്തകരെയും നിശബ്ദരാക്കാനും സര്‍ക്കാരിന്റെ ആയുധപ്പുരയില്‍ കൂടുതല്‍ മാരകമായ നിയമവകുപ്പുകള്‍ പുറത്തെടുക്കാനുള്ള സാധ്യതയേറുകയാണ്. രാജ്യദ്രോഹകേസിലെ ഇടക്കാല ഉത്തരവിനു പ്രതികരണമായി കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജു കോടതിക്ക് ‘ലക്ഷ്മണരേഖ’ മുന്നറിയിപ്പു നല്കിയത് മറ്റെന്തിന്റെയോ സൂചനയാണെന്നു വരുമോ?

 

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക


Related Articles

ജോസഫിന്റെ പുത്രൻ: ആണ്ടുവട്ടത്തിലെ നാലാം ഞായർ

ആണ്ടുവട്ടത്തിലെ നാലാം ഞായർ വിചിന്തനം :- ജോസഫിന്റെ പുത്രൻ (ലൂക്കാ 4: 20-30) യേശു സ്വദേശമായ നസ്രത്തിൽ സ്വയം വെളിപ്പെടുത്തിയപ്പോൾ ഉണ്ടായ സംഭവവികാസങ്ങളാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം.

ദൈവത്തെ കാണുമ്പോള്‍

കുട്ടനാട്ടിനടുത്തുള്ള പുളിങ്കുന്ന് ഗ്രാമത്തില്‍നിന്ന് ആലപ്പുഴയിലെത്തി മലയാള സിനിമാചരിത്രത്തില്‍ ‘ഉദയ’ എന്ന സ്റ്റുഡിയോയുടെ പേരും എണ്ണമറ്റ ഹിറ്റ്‌സിനിമകളും കുറിച്ചിട്ട മാളിയംപുരയ്ക്കല്‍ കുഞ്ചാക്കോയുടെ ചെറുമകനാണ് കുഞ്ചാക്കോ ബോബന്‍. അപ്പന്‍ ബോബന്‍

പരസ്പരസ്‌നേഹത്തില്‍ അധിഷ്ഠിതമായ നവമാധ്യമ സംസ്‌കാരം വളര്‍ത്തണം -ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍

എറണാകുളം: പരസ്പരസ്‌നേഹത്തിലും ബഹുമാനത്തിലും അധിഷ്ഠിതമായ നവമാധ്യമ സംസ്‌കാരം വളര്‍ത്തിയെടുക്കാന്‍ മാധ്യമ സ്ഥാപനങ്ങളും മാധ്യമ പ്രവര്‍ത്തകരും തയ്യാറാകണമെന്ന് കേരള റീജിയണല്‍ ലാറ്റിന്‍ കാത്തലിക് ബിഷപ്‌സ് കൗണ്‍സില്‍ (കെആര്‍എല്‍സിബിസി) മീഡിയാ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*