രാഷ്ട്രീയത്തിന്റെ ഗാന്ധിയന്‍ പാഠം

രാഷ്ട്രീയത്തിന്റെ ഗാന്ധിയന്‍ പാഠം

അധികാരം കൈയൊഴിയുമ്പോള്‍ നേതാവ് പിറക്കുന്നുവെന്ന ചൊല്ലുണ്ട്, അധികാരത്തെച്ചൊല്ലിയും രാജ്യത്ത് നേതൃസ്ഥാനത്തിരിക്കേണ്ടവരെച്ചൊല്ലിയും ഡല്‍ഹിയില്‍ ചൂടുപിടിച്ച ചര്‍ച്ചകളും ബഹളങ്ങളും നടന്നുകൊണ്ടിരുന്ന 1947 ന്റെ തുടക്കമാസങ്ങളില്‍ ഗാന്ധിജി എല്ലാറ്റില്‍ നിന്നും അകന്നുനിന്നു. അദ്ദേഹം ദുഃഖിതനായിരുന്നു. ഛിന്നഭിന്നമായിപ്പോകുന്ന നാടിനെയോര്‍ത്ത് ഖിന്നനായ അദ്ദേഹം യാത്രയിലായിരുന്നു. സ്വാതന്ത്ര്യപ്പുലരിയില്‍ മൗനവ്രതത്തിലായിരുന്നു. അധികാരത്തിനും നേതൃത്വത്തിനും മറ്റൊരു മുഖമുണ്ടെന്ന് രാഷ്ട്രത്തെ നയിക്കാന്‍ നിയോഗം. കിട്ടിയവരെ അദ്ദേഹം ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നു. പരസ്പരം കൊല്ലാനാഞ്ഞു നടന്നവര്‍ക്കിടയില്‍ സാധാരണക്കാരില്‍ സാധാരണക്കാരനായി, നേതാക്കള്‍ക്കിടയിലെ ഉജ്ജ്വലനായ നേതാവായി ഗാന്ധി നടന്നു. തെരഞ്ഞെടുപ്പിന്റെ കാഹളമുയരുമ്പോള്‍ ഗാന്ധിയെ ഓര്‍മ്മിച്ചെന്നു മാത്രം.
അധികാരം കൂടുതല്‍ അധികാരത്തിലേയ്ക്കും കൂടുതല്‍ അധികാരം പിന്നെയും കൂടുതല്‍ അധികാരത്തിലേക്കും നേതാക്കളെ നയിച്ചുകൊണ്ടിരിക്കുന്ന സത്യാനന്തരകാലത്ത് ഗാന്ധി നടന്നവഴികളെപ്പറ്റി വെറുതെയെങ്കിലും ആരെങ്കിലുമൊക്കെ പറയേണ്ടതുണ്ട്. മഹാത്മാവിന്റെ കണ്ണടയുമൊക്കെ തരാതരം പോലെ അടയാളമാക്കുന്നവര്‍ അധികാരത്തെപ്പറ്റിയുള്ള ഗാന്ധിയന്‍ സങ്കല്‍പ്പങ്ങളെയും ഓര്‍മ്മിക്കണം. ഏറ്റവും എളിയവന്റെ മുഖമോര്‍ത്ത് തീരുമാനങ്ങളെടുക്കാന്‍ ഗാന്ധിജി പറയുമ്പോള്‍, ഒടുവിലത്തവന്റെയും കൂടിയാണ് നാട് എന്ന് മറക്കരുത് എന്നുകൂടി അതിന് അര്‍ത്ഥമുണ്ട്. ജനാധിപത്യത്തില്‍ ഏറ്റവും ചെറിയവന്റെ / ചെറിയവളുടെ കൂടി അധികാരത്തെപ്പറ്റി, അവകാശത്തെപ്പറ്റിയൊക്കെ പറയണമല്ലോ. ഭാരത കത്തോലിക്കാ മെത്രാന്‍ സമിതി ഇലക്ഷന്‍ കമ്മീഷനോട് പറഞ്ഞു, ഞങ്ങള്‍ക്ക് പെസഹാ വ്യാഴം പ്രധാനപ്പെട്ട ദിവസമാണ്. ന്യൂനപക്ഷങ്ങളില്‍ ന്യൂനപക്ഷമാണ് ഞങ്ങള്‍. ഒരു പക്ഷേ അഞ്ചോ പത്തോ ആളുകള്‍ മാത്രം കൂടി ക്രിസ്തുവിന്റെ അന്ത്യത്താഴത്തെ അനുസ്മരിക്കുന്ന പള്ളികളുമുണ്ടാകാം. എന്നിരുന്നാലും ആ ദിവസം ജനാധിപത്യത്തിന്റെ ഉത്സവത്തില്‍ പങ്കുചേരാന്‍ ഞങ്ങളോട് പറയുമ്പോള്‍ ഞങ്ങള്‍ക്കന്ന് ഒരുപക്ഷേ ഞങ്ങളുടെ ജനാധിപത്യ അവകാശം വിനിയോഗിക്കാനെത്താനുള്ള സാവകാശം കിട്ടിയെന്നുവരില്ല. അതുകൊണ്ട് ഇന്ത്യയില്‍ ഏഴു ഘട്ടമായി നടത്തുന്ന തെരഞ്ഞെടുപ്പില്‍, പെസഹാവ്യാഴം വരുന്ന ദിവസത്തെ ഒഴിവാക്കിത്തരണം. ഞങ്ങള്‍ക്കും ജനാധിപത്യത്തില്‍ പങ്കാളികളാകണം. ഞങ്ങളുടെ മതത്തിന്റെ ധര്‍മ്മത്തെ നഷ്ടപ്പെടുത്താതെ തന്നെ. ഒടുവിലത്തെ മുഖത്തേയും ഓര്‍മ്മിക്കുന്ന അധികാരം ജനാധിപത്യത്തിന്റെ ഭാഗമാകുമ്പോഴേ ഈ സ്വരത്തിന്റെ രാഷ്ട്രീയ പ്രസക്തി തിരിഞ്ഞുകിട്ടുകയുള്ളൂ. വ്യത്യസ്ത ആശയധാരകളുടെ മനോഹരമായ മിശ്രണം. പുറപ്പെടാ ശാന്തിമാരുള്ള അമ്പലങ്ങളില്‍ ഒരാള്‍ക്ക് ഒരു ബൂത്തുവീതം ക്രമീകരിക്കണമെന്ന ആവശ്യത്തെ പരിഗണിക്കുമ്പോഴും ഇതേ ജനാധിപത്യസ്വരംതന്നെയാണ് മുഴങ്ങുന്നത്. ഇടമലക്കുടിയിലേക്കും ആദിവാസി കോളനികളിലേയ്ക്കും കൊച്ചു കൊച്ചു ദീപുകളിലേയ്ക്കും ജനാധിപത്യത്തിന്റെ സ്വരമുയര്‍ത്താന്‍ ഉദ്യോഗസ്ഥരെത്തുന്നതിന്റെ പിന്നിലും ഇതേ മനോഹാരിതയുടെ ദര്‍ശനമാണ് നിഴലിടുന്നത്. ഒടുവിലത്തെ പൗരയുടെയും സ്വരം കൂടി കേള്‍ക്കുന്ന ജനാധിപത്യത്തിന്റെ അധികാര സങ്കല്‍പ്പം.
പ്രതീക്ഷിച്ചതുപോലെ മത്സരിക്കാന്‍ അവസരം കിട്ടാത്തവരുടെ ഖേദം നാട്ടിലുയരുന്നുണ്ട്. അധികാരത്തിലായിരിക്കുമ്പോഴും അല്ലാത്തപ്പോഴും ജനങ്ങള്‍ക്കൊപ്പമായിരിക്കുന്നതുതന്നെയല്ലോ കരണീയമായിട്ടുള്ളതും. അധികാരത്തില്‍ നിന്ന് ഇറങ്ങേണ്ടിവരുമ്പോഴും പ്രതീക്ഷിച്ച അവസരം കിട്ടാതെ വരുമ്പോഴും അധികാര ഭിഷാംദേഹികളായി കൂടുവിട്ട് കൂടുമാറുന്ന മാജിക് നാട്ടില്‍ അരങ്ങേറുന്നുണ്ട്. ഇത്രയും കാലം വിശ്വസിച്ച നിലപാടുകള്‍ പെട്ടെന്ന് കൈയ്യൊഴിയുന്ന സൂത്രശാലികള്‍ ലക്ഷ്യം വെയ്ക്കുന്നത് സുഖസൗകര്യങ്ങള്‍ നല്‍കുന്ന അധികാരം മാത്രമെന്ന് പൗരസമൂഹം തിരിച്ചറിയുന്നുണ്ട്. ഓരോ നാട്ടിന്‍പുറത്തും രാഷ്ട്രീയ നിലപാടുകളുടെ പ്രതീകങ്ങളായി ചില മനുഷ്യര്‍ ഉണ്ടായിരുന്നല്ലോ. ഓര്‍മകളില്‍ അവര്‍ ഇപ്പോഴും പച്ചപിടിച്ചുനില്‍ക്കുന്നുണ്ടാകും. നാട്ടിന്‍പുറങ്ങളിലെ ഏതു പ്രശ്‌നങ്ങളിലും പരിപാടികളിലും മുന്നേറ്റങ്ങളിലും അവര്‍ ജനങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു. രാഷ്ട്രീയ പാര്‍ട്ടികളുടെയോ കൊടിയുടെയോ മതത്തിന്റെയോ ജാതിയുടെയോ വ്യത്യാസമില്ലാതെ അവര്‍ ജനങ്ങള്‍ക്കൊപ്പം നിന്നു. ജനാധിപത്യത്തിന്റെ കാവല്‍ക്കാരെ പോലെ പരസ്യത്തിലെ കാവല്‍ക്കാരനായിട്ടല്ല. (ചൗക്കിദാര്‍ പരസ്യം ഓര്‍മിക്കുക) ജനങ്ങളുടെ ജീവിത പരിസരങ്ങളുടെ ജാഗ്രതയായിട്ട് ഗാന്ധി വിഭാവനം ചെയ്ത രാഷ്ട്രീയ അധികാര സങ്കല്‍പ്പവും അതായിരുന്നല്ലോ. അവരുടെ രാഷ്ട്രീയ ശുദ്ധഗതി ഇനിയും അന്ന്യം നിന്നിട്ടില്ലെന്ന് മത്സരിക്കാന്‍ അവസരം കിട്ടാത്തവര്‍ നാട്ടുകാരുടെ മുന്നില്‍ തെളിയിക്കട്ടെ. അധികാരവും ബിസിനസ്സും കൂടികലരുന്ന പുതിയ കാലത്ത് ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രം ഗാന്ധിയുടെ രാഷ്ട്രീയ സങ്കല്‍പ്പങ്ങളെ കൂടി ഓര്‍ത്തെടുക്കട്ടെ. ജനാധിപത്യത്തിന്റെ ശക്തിയും മഹത്വവും ലോകം അങ്ങനെ മനസ്സിലാക്കുമെന്ന് ശുഭപ്രതീക്ഷയുള്ളവരാകാം. മത്സരിക്കാന്‍ അവസരം കിട്ടിയില്ലെങ്കിലും ഞാന്‍ ജനങ്ങള്‍ക്കൊപ്പം ഉണ്ടാകുമെന്നും അധികാര സ്ഥാനം ഇല്ലെങ്കിലും ജനങ്ങള്‍ക്കുവേണ്ടിയുള്ള ത്യാഗം ഇനിയും ഉണ്ടാകുമെന്നും നെഞ്ചുപൊള്ളി പറയുന്ന ഒരു നേതാവിനെയെങ്കിലും ഈ ജനാധിപത്യ മത്സരകാലം നമുക്ക് മുന്നില്‍ അടയാളപ്പെടുത്തുമെങ്കില്‍ ഇന്ത്യയില്‍ ഗാന്ധിജിയിലൂടെ രാഷ്ട്രീയ പ്രതാപം അസ്തമിച്ചിട്ടില്ലെന്ന് നമുക്ക് പുഞ്ചിരിയോടെ പറയാനാകൂ. അല്ലെങ്കില്‍ തന്നെ ഗാന്ധി അസ്തമിക്കാന്‍ പാടില്ലല്ലോ….


Related Articles

എസ് സുഹാസ് പുതിയ എറണാകുളം ജില്ലാ കളക്ടർ

എറണാകുളം ജില്ലാ കളക്ടർക്ക് മുഹമ്മദ് സഫീറുള്ളക്ക് സ്ഥാനചലനം. ഇന്നത്തെ മന്ത്രിസഭാ യോഗമാണ് പതിനാറോളം ഐഎഎസ് ഓഫീസർമാർക്ക് സ്ഥാന മാറ്റങ്ങൾ നൽകിയത്. ആലപ്പുഴ ജില്ലാ കളക്ടർ എസ്. സുഹാസ്

പാനൂരില്‍ നാലാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച അധ്യാപകന്‍ അറസ്റ്റില്‍

തലശേരി: പാനൂരിനടുത്ത പാലത്തായി സ്‌കൂളിലെ നാലാംക്ലാസുകാരിയെ പീഡിപ്പിച്ച ഇതേ സ്‌കൂളിലെ അധ്യാപകനും ബിജെപി-ആര്‍എസ്എസ് നേതാവുമായ കടവത്തൂര്‍ മുണ്ടത്തോട്ടെ കുറുങ്ങാട്ട് കുനിയില്‍ പത്മരാജനെ(45) പൊലീസ് അറസ്റ്റു ചെയ്തു. കുട്ടിയുടെ

ദലിത് ക്രൈസ്തവ യുവതയും സ്വത്വനിര്‍മ്മിതിയും

ഈ ജൈവപ്രപഞ്ചത്തില്‍, വൈവിധ്യങ്ങളുടെ മഹാഭൂപടത്തില്‍, ഞാന്‍ ആരാണ്? എവിടെയാണ് എന്നെ അടയാളപ്പെടുത്തുക? എന്തിന്റെയൊക്കെ ആകത്തുകയാണ് ഞാന്‍? ആത്മസത്തയുടെ അന്വേഷണ വഴികളില്‍ മനുഷ്യരെല്ലാവരും ഒരു തവണയെങ്കിലും ചോദിക്കാനിടയുള്ള ഏതാനും

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*