രാഷ്ട്രീയമായി കണക്കുചോദിക്കാനാകണം

കേരളത്തിലെ പിന്നാക്ക സമുദായങ്ങളില്‍ രാഷ്ട്രീയ, സാമൂഹിക മുന്നേറ്റങ്ങളില്‍ നിര്‍ണായക സ്വാധീനം ചെലുത്താന്‍ കഴിയുന്ന പ്രബലശക്തിയാണ് ലത്തീന്‍ കത്തോലിക്കാ സമൂഹം. തീരദേശത്തെ മത്സ്യത്തൊഴിലാളികളും പരമ്പരാഗത നിര്‍മാണതൊഴിലാളികളും മലയോരത്തെ തോട്ടം തൊഴിലാളികളും കാര്‍ഷിക തൊഴിലാളികളും അസംഘടിത മേഖലയിലെ വിവിധതരം ജോലിക്കാരും ചെറുകിട, ഇടത്തരം തൊഴില്‍സംരംഭകരും അടക്കം സംസ്ഥാനത്തെ സാമ്പത്തിക ഉത്പാദന മേഖലയില്‍ ലത്തീന്‍ കത്തോലിക്കരുടെ പങ്ക് അനിഷേധ്യമാണ്. എന്നാല്‍ അധികാരസ്ഥാനങ്ങളില്‍ ഈ സമുദായത്തിന് ജനസംഖ്യാനുപാതിക പങ്കാളിത്തം നിഷേധിക്കപ്പെടുന്നു; വികസനത്തിന്റെ നയരൂപീകരണത്തിലും അടിസ്ഥാന ഭൗതികസൗകര്യങ്ങള്ക്കായുള്ള പദ്ധതിവിഹിതത്തിലും വിഭവപങ്കുവയ്പിലും തീരദേശ ജനത എന്നും അവഗണിക്കപ്പെടുന്നു. ലത്തീന്‍ കത്തോലിക്കാസഭ പ്രതിനിധാനം ചെയ്യുന്ന ന്യൂനപക്ഷ ദുര്‍ബല വിഭാഗങ്ങളോട് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ കാട്ടുന്ന വിവേചനത്തിനും പ്രമുഖ രാഷ്ട്രീയകക്ഷികള്‍ കാട്ടുന്ന ഇരട്ടത്താപ്പിനും കനത്ത രാഷ്ട്രീയ പ്രത്യാഘാതമുണ്ടാകുമെന്ന മുന്നറിയിപ്പാണ് തിരുവനന്തപുരം ശംഖുമുഖത്തെ മഹാസംഗമത്തോടെ സമാപിച്ച ലത്തീന്‍ കത്തോലിക്കാ സമുദായദിനത്തില്‍ ഉയര്‍ന്നുകേട്ടത്. ലത്തീന്‍ കത്തോലിക്കാ സമുദായത്തിന്റെ രാഷ്ട്രീയ നിലപാട് പുനഃപരിശോധിക്കാന്‍ നേരമായി എന്ന വിലയിരുത്തല്‍ വലിയൊരു വഴിത്തിരിവാണ്.
ഓഖി ചുഴലിക്കാറ്റിന്റെ കെടുതികള്‍ തീരദേശത്തിന്റെ തനതു ദുരന്തം എന്ന മട്ടില്‍ കണ്ട് പലരും തിരിഞ്ഞുനോക്കിയില്ലെങ്കിലും പിന്നീടുണ്ടായ മഹാപ്രളയത്തില്‍ അകപ്പെട്ടവരെ രക്ഷിക്കാന്‍ സേനാവിഭാഗങ്ങളെക്കാളും ധൈര്യവും കരുത്തും കാട്ടി തങ്ങളുടെ കടല്വള്ളങ്ങളുമായി അതിസാഹസികമായി 65,000 പേരുടെ സുരക്ഷ ഉറപ്പാക്കിയ അജ്ഞാത സന്നദ്ധസേവകരായ മത്സ്യത്തൊഴിലാളികളുടെയും വെള്ളപ്പൊക്കത്തിലാണ്ട സമതലങ്ങളിലെ ദുരിതാശ്വാസത്തിന് തങ്ങളുടെ ഇല്ലായ്മകളില്‍ നിന്ന് ഒരു കോടി രൂപയുടെ സാധനസാമഗ്രികള്‍ സ്വരുക്കൂട്ടിയ തീരദേശത്തെ പാവപ്പെട്ടവരുടെയും മാനവ ഐക്യദാര്‍ഢ്യത്തിന്റെ മഹിമ ലോകം വാഴ്ത്തിപ്പാടുമ്പോഴും തീരജനതയുടെ ജീവിതക്ലേശങ്ങള്‍ക്ക് തെല്ലും കുറവില്ല. ഓഖി മുന്നറിയിപ്പിലും രക്ഷാപ്രവര്ത്തനത്തിലുമുണ്ടായ വീഴ്ചകളില്‍ നിന്ന് പ്രത്യേകിച്ച് ഒരു പാഠവും പഠിക്കാത്ത മട്ടിലാണ് സംസ്ഥാനത്തെ ഭരണസംവിധാനം ജൂണിലുണ്ടായ ആദ്യമഴക്കെടുതിയെയും ജൂലൈ അവസാനമുണ്ടായ പ്രകൃതിക്ഷോഭത്തെയും ഒടുവില്‍ ഓഗസ്റ്റ് മധ്യത്തോടെ കേരളത്തെ ആകെ തകര്‍ത്ത മഹാപ്രളയത്തെയും അടുത്ത കാലത്തുണ്ടായ ഗജ ചുഴലിയെയും നേരിട്ടത്. ദുരന്തങ്ങള്‍ക്ക് ആക്കം കൂട്ടിയ മാനുഷിക ഘടകങ്ങള്‍ വിശകലനം ചെയ്യുന്നത് മഹാ അപരാധമായാണ് ഇപ്പോഴും ഭരണപക്ഷം കാണുന്നത്. ഓഖി ദുരന്തത്തില്‍ മരിച്ചവരുടെയും ആഴക്കടലില്‍ കാണാതായവരുടെയും ആശ്രിതര്‍ക്ക് 20 ലക്ഷം രൂപ അനുവദിച്ച ഇടതുമുന്നണി സര്‍ക്കാരിന്റെ സത്വര നടപടി മാതൃകാപരമാണെന്നതിന് തര്‍ക്കമില്ല. അടിയന്തര ദുരിതാശ്വാസത്തിന്റെ കാര്യത്തിലും ദേശീയ മാനദണ്ഡങ്ങളുടെ പേരില്‍ തടസവാദങ്ങള്‍ ഉന്നയിച്ച കേന്ദ്ര ഗവണ്മെന്റ് ഓഖി ദുരന്തത്തില്‍ കേരളക്കരയില്‍ നിന്നു കാണാതായ 91 പേരുടെ ആശ്രിതര്‍ക്ക് ഇതുവരെ രണ്ടു ലക്ഷം രൂപയുടെ ആശ്വാസധനം അനുവദിച്ചിട്ടില്ല എന്നോര്‍ക്കണം.
ഓഖി ദുരന്തത്തിന്റെ ഒന്നാം വാര്‍ഷികം കടന്നുപോയിട്ടും പല കാര്യങ്ങളിലും അവ്യക്തതയും ദുരൂഹതയും അവശേഷിക്കുകയാണ്. സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച പുനരധിവാസ പദ്ധതികള്‍ ശ്രദ്ധേയമാണ്. എന്നാല്‍ ഓഖി ദുരിതാശ്വാസ ഫണ്ടിന്റെ കാര്യത്തിലെന്നപോലെ ജനാധിപത്യ മര്യാദയും പൗരാവകാശ മൂല്യങ്ങളും സാമൂഹിക നീതിയും മാനിച്ചുകൊണ്ട് കാര്യങ്ങള്‍ സുതാര്യമായ രീതിയില്‍ ദുരന്തത്തിന്റെ യഥാര്‍ഥ ഇരകളെയും പൊതുസമൂഹത്തെയും ബോധ്യപ്പെടുത്താന്‍ എന്തേ ഇത്ര വൈമുഖ്യം? തീരദേശത്തിന്റെ പുനര്‍നിര്‍മിതിക്കും ഓഖി ദുരന്തബാധിതരുടെ പുനരധിവാസത്തിനുമായി സര്‍ക്കാര്‍ ചെയ്തത് എന്തൊക്കെയാണെന്ന് ധവളപത്രം ഇറക്കണം. മാധ്യമങ്ങള്‍ വേണ്ടാത്തതൊന്നും അന്വേഷിക്കേണ്ടതില്ല, സര്‍ക്കാര്‍ പബ്ലിക് റിലേഷന്‍സ്-ഇന്‍ഫര്‍മേഷന്‍ വകുപ്പ് എല്ലാവര്ക്കും ഉചിതമായ വിവരങ്ങള്‍ വിളമ്പും എന്നാണ് സര്‍ക്കാരിന്റെ നിലപാട് എന്നിരിക്കെ പുനരധിവാസത്തിന്റെ നിജസ്ഥിതിയും പദ്ധതികളുടെ പുരോഗതിയും കണ്ടെത്താന്‍ കോടതി ഇടപെടല്‍ വേണ്ടിവന്നേക്കും.
ലോകത്തിലെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായി കേരളത്തിലുണ്ടായ പ്രളയത്തെ പരിഗണിച്ച് പ്രളയാനന്തര പുനര്‍നിര്‍മാണത്തിന് ലോകബാങ്ക് ഉദാരമായ വ്യവസ്ഥയില്‍ 3,960 കോടി രൂപ പണമായിത്തന്നെ സംസ്ഥാനത്തിനു നേരിട്ടു നല്‍കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കാലാവസ്ഥവ്യതിയാനം മൂലമുണ്ടാകുന്ന പ്രകൃതിക്ഷോഭങ്ങളെ അതിജീവിക്കാന്‍ ശേഷിയുള്ള അടിസ്ഥാന ഗതാഗതസൗകര്യങ്ങള്‍ ഒരുക്കാനും നീര്‍ത്തടങ്ങളിലെ മണ്ണിന്റെ ഗുണനിലവാരം സംരക്ഷിക്കാനുമായി ജര്‍മന്‍ വികസന ബാങ്ക് 784 കോടി അനുവദിക്കും. അടിയന്തര ദുരിതാശ്വാസത്തിന് 600 കോടി രൂപ നല്കി മാറിനിന്ന കേന്ദ്ര ഗവണ്മെന്റ് ഇപ്പോള്‍ 3,048 കോടി കേന്ദ്ര ദുരന്തപ്രതികരണ നിധിയില്‍ നിന്ന് തരുന്നുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 2,915.45 കോടി രൂപ ഇതിനകം സംഭാവനയായി ലഭിച്ചിട്ടുണ്ട്. പ്രളയാനന്തര പുനര്‍നിര്‍മാണ പദ്ധതിയുടെ പ്രാഥമിക രൂപരേഖ പോലും വെളിപ്പെടുത്താതെ നവകേരള നിര്‍മിതി എന്ന മഹാപ്രഖ്യാപനം നടത്തിയ സംസ്ഥാന സര്‍ക്കാര്‍ പ്രളയദുരന്തബാധിതരുടെ കണക്കെടുപ്പുപോലും ഇതുവരെ പൂര്‍ത്തിയാക്കിയിട്ടില്ല എന്നത് അവിശ്വസനീയമാണ്.
പ്രളയാന്തര പുനര്‍നിര്‍മിതിയുടെ ദുരവസ്ഥയ്ക്ക് കേന്ദ്രത്തെ പഴിചാരുമ്പോഴും മുഖ്യമന്ത്രിയും കൂട്ടരും ഇപ്പോള്‍ ആവേശംകൊള്ളുന്നത് ജനുവരി ഒന്നിന് കാസര്‍കോടു മുതല്‍ തിരുവനന്തപുരം വരെ 560 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള നവോത്ഥാന പെണ്‍മതില്‍ ഒരുക്കുന്നതിലാണ്. നവോത്ഥാന പാരമ്പര്യമുള്ള 190 സംഘടനകളെ കണ്ടെത്തി മാര്‍ക്സിസ്റ്റ് പാര്‍ട്ടിയും ഇടതുമുന്നണിയും പാര്‍ട്ടി അനുഭാവമുള്ള സംയുക്ത ട്രേഡ് യൂണിയനുകളും സംഘടനകളും മന്ത്രിമാര്‍ തൊട്ട് ജില്ലാ കലക്ടര്‍മാര്‍ വരെയുള്ള സംഘാടക സമിതികളും റോഡ്ഷോയും പഞ്ചായത്തുതല പ്രചാരണയോഗങ്ങളുമൊക്കെയായി വനിതാമതിലിന്റെ പണിപ്പുരയിലാണ്. ശബരിമലയില്‍ പ്രായഭേദമില്ലാതെ എല്ലാ സ്ത്രീകള്‍ക്കും പ്രവേശനത്തിന് അവകാശമുണ്ടെന്ന സുപ്രീം കോടതി വിധി നടപ്പാക്കാന്‍ പറ്റാത്തതിന്റെ കേടുതീര്ക്കുന്നത് സാമുദായിക വിഭജനത്തിന്റെ വന്മതില് തീര്‍ത്താണോ എന്ന് മാധ്യമങ്ങളോ വിശ്വാസികളോ നവോത്ഥാന ചിന്തയുള്ള അഹിന്ദുക്കളോ ചോദിച്ചുപോകരുത്! പ്രളയാനന്തര പുനര്‍നിര്‍മാണത്തില്‍ മുന്‍ഗണന അര്‍ഹിക്കുന്ന ഏതെങ്കിലുമൊരു മേഖലയുടെ കാര്യത്തില്‍ സര്‍ക്കാര്‍ ഈ ഉത്സാഹത്തിന്റെ ചെറിയൊരു അംശമെങ്കിലും കാട്ടിയിരുന്നെങ്കില്‍ സ്ഥിതിഗതികള്‍ എത്രയോ മെച്ചപ്പെട്ടേനേ.
നവകേരള നിര്‍മിതിയുടെയും നവോത്ഥാന മതിലിന്റെയും കോലാഹലങ്ങള്‍ക്കിടയില്‍, കേരളത്തിലെ ബാറുകളിലും ബിയര്‍-വൈന്‍ പാര്‍ലറുകളിലും വിദേശനിര്‍മിത വിദേശമദ്യം വില്‍ക്കുന്നതിനുള്ള സൗകര്യം സംസ്ഥാന എക്സൈസ് വകുപ്പ് ഏര്‍പ്പെടുത്തിയത് എത്ര ശുഷ്കാന്തിയോടെയാണ്! ഇതുവരെ സ്വദേശ നിര്‍മിത വിദേശമദ്യം മാത്രമേ ബാറുകളില്‍ ലഭ്യമായിരുന്നുള്ളൂ. ഇനി മുന്തിയ ഇനം വിദേശനിര്‍മിത ബ്രാന്‍ഡുകള്‍ ബാറുകളില്‍ സുലഭമായിരിക്കും. ബിയര്‍ പാര്‍ലറുകളിലും ചില്ലറ വില്പനശാലകളിലും വിദേശനിര്‍മിത ബിയറും വൈനും കിട്ടും. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ പതനത്തിന് വഴിയൊരുക്കിയ മദ്യനിയന്ത്രണത്തിനു പിന്നാലെ സംസ്ഥാനത്ത് മദ്യലഭ്യത വര്‍ധിപ്പിക്കാന്‍ പ്രതിജ്ഞാബദ്ധമായ ഇടതു സര്‍ക്കാര്‍ എത്ര ഉദാരമായാണ് ബാറുകള്‍ക്ക് ത്രീസ്റ്റാര്‍ ലൈസന്‍സും അപേക്ഷിക്കുന്നവര്‍ക്കെല്ലാം ബിയര്‍-വൈന്‍ പാര്‍ലറുകളും അനുവദിക്കുന്നത്! സംസ്ഥാനത്ത് ബിയര്‍ പാര്‍ലറുകളുടെ എണ്ണം 800 കവിഞ്ഞതോടെ ബിയര്‍ നിര്‍മാണ ബ്രൂവറികള്‍ക്ക് അനുമതി നല്‍കേണ്ട സ്ഥിതിയും സംജാതമായല്ലോ.
സംസ്ഥാന സര്‍ക്കാരിനു കീഴിലുള്ള ഉന്നത തസ്തികകളില്‍ ഉദ്യോഗസ്ഥരെ നേരിട്ടു നിയമിക്കുന്നതിനുള്ള കേരള അഡ്മിനിസ്ട്രേറ്റിവ് സര്‍വീസില്‍ (കെഎഎസ്) സംവരണം അട്ടിമറിക്കുന്ന ഇടതു മുന്നണി സര്‍ക്കാരിന്റെ നയം പ്രതിഷേധാര്‍ഹമാണ്. സാമുദായിക സംവരണം എന്ന കാഴ്ചപ്പാടില്‍ നിന്നു ഭിന്നമായി സാമ്പത്തിക സംവരണത്തിന് പ്രാമുഖ്യം നല്കുന്ന സമീപനമാണ് ഇടതു സര്‍ക്കാരിന്റേത്. സര്‍ക്കാര്‍ സര്‍വീസുകളില്‍ ജനസംഖ്യാനുപാതികമായി സംവരണം നടപ്പാക്കിയിട്ടില്ലെന്ന് നരേന്ദ്രന് കമ്മീഷന് റിപ്പോര്‍ട്ടിലും മറ്റും വ്യക്തമാക്കിയിട്ടുണ്ട്. ഭരണകൂടത്തിന്റെ താക്കോല്‍ സ്ഥാനങ്ങളില്‍ നിന്ന് പിന്നാക്ക വിഭാഗക്കാരെ മാറ്റിനിര്‍ത്തുന്ന നയമാണ് സര്‍ക്കാര്‍ സര്‍വീസിലെ പുതിയ കേഡറില്‍ സംവരണം നിഷേധിക്കുന്നതിലൂടെ നടപ്പാക്കുന്നത്.
തീരദേശത്തെ ഫിഷറീസ് സ്കൂളുകളുടെ നിലവാരം ഉയര്‍ത്താനും ഫിഷറീസ്-സമുദ്രപഠന സര്‍വകലാശാലയുടെ വിജ്ഞാനകേന്ദ്രങ്ങള്‍ യഥാര്‍ഥ ഗുണഭോക്താക്കളുടെ വിവിധ മേഖലകളിലേക്കു വ്യാപിപ്പിക്കാനും നടപടി വേണം. കാലാവസ്ഥവ്യതിയാനത്തിന്റെയും ആഗോളതാപനത്തിന്റെയും പശ്ചാത്തലത്തില്‍ കൂടുതല്‍ പ്രകൃതിക്ഷോഭ സാധ്യതകള്‍ ഉണ്ടാകുമെന്ന് ഉറപ്പായിരിക്കെ, ദുരന്താഘാത ലഘൂകരണത്തിനും തീരദേശ ജനതയുടെ ജീവനും സ്വത്തിനും ജീവനോപാധികള്‍ക്കും സംരക്ഷണം നല്‍കാനും ഇനിയെങ്കിലും ദീര്‍ഘവീക്ഷണത്തോടെ പദ്ധതികള്‍ തയാറാക്കണം. കേള്‍ക്കാന്‍ ഇമ്പമുള്ള വാഗ്ദാനങ്ങളും സൂത്രവാക്യങ്ങളുമല്ല, സമയബന്ധിതമായി പുനരധിവാസവും പുനര്‍നിര്‍മാണവും പൂര്‍ത്തിയാക്കാനുള്ള ആത്മാര്‍ഥതയാണ് രാഷ്ട്രീയ നേതൃത്വത്തില്‍ നിന്നും ഭരണാധികാരികളില്‍ നിന്നും ജനങ്ങള്‍ പ്രതീക്ഷിക്കുന്നത്.
Related
Related Articles
ഉള്ളിൽ വസിക്കുന്ന ദൈവം: പെസഹാക്കാലം ആറാം ഞായർ
പെസഹാക്കാലം ആറാം ഞായർ വിചിന്തനം:- ഉള്ളിൽ വസിക്കുന്ന ദൈവം (യോഹ 14:23-29) “ഞങ്ങള്‍ അവന്റെ അടുത്തു വന്ന് അവനില്‍ വാസമുറപ്പിക്കും” (v.23). ദൈവവും മനുഷ്യനും ഒന്നായി തീരാനുള്ള
സ്വയംതൊഴില്‍: കൊച്ചിന് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി ഒരു കോടി രൂപ വിതരണം ചെയ്തു
കൊച്ചി: കൊച്ചിന് സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന 33 അയല്‍ക്കുട്ടങ്ങള്‍ക്ക് സ്വയം തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങുന്നതിനായി ഒരു കോടി രൂപ വിതരണം ചെയ്തു. കൂടാതെ വെള്ളപ്പൊക്കത്തില്‍
ആട്ടിടയന്മാരുടെ സൗഭാഗ്യം
കാലിത്തൊഴുത്തില്‍, പുല്‍ത്തൊട്ടിയില്‍നിന്നും വീണ ഉണ്ണിയേശുവിനെ ആദ്യം കണ്ടുവണങ്ങാന്‍ സൗഭാഗ്യമുണ്ടായത് പാവപ്പെട്ട, അക്ഷരാര്‍ഥത്തില്‍ നിശ്ശൂന്യരായ ഒരു സംഘം ആട്ടിടയന്മാര്ക്കാണ്. തണുപ്പുള്ള പുല്‍മേടുകളില്‍ തീകാഞ്ഞും കഥപറഞ്ഞും പാട്ടുപാടിയും നേരം വെളുക്കാന്‍