രാഷ്ട്രീയ ധാര്‍മികതയിലെ സ്മൃതിഭ്രംശങ്ങള്‍

രാഷ്ട്രീയ ധാര്‍മികതയിലെ സ്മൃതിഭ്രംശങ്ങള്‍

ആറുമാസം കൂടി കാലാവധിയുള്ള കേരളത്തിലെ ഇടതുമുന്നണി സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളും രാജ്യത്തെ പരമോന്നത ഓഡിറ്ററായ കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റ് ജനറലും മുഖ്യമന്ത്രിക്കു ചുറ്റും വട്ടമിട്ടുപറക്കുന്നു എന്നാരോപിച്ച് സംസ്ഥാന ഭരണകൂടം ജനങ്ങളെ അണിനിരത്തി ‘കേരളത്തെ രക്ഷിക്കുക, വികസനം സംരക്ഷിക്കുക’ എന്ന മുദ്രാവാക്യം ഉയര്‍ത്തി ബഹുജന കൂട്ടായ്മ സംഘടിപ്പിക്കുന്നു. തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റ് ജനറല്‍ ഓഫിസിലേക്കുള്ള ഡിപ്ലോമാറ്റിക് ബാഗേജിലൂടെ വന്‍ തോതില്‍ സ്വര്‍ണകള്ളക്കടത്തു നടത്തി കള്ളപ്പണം വെളുപ്പിച്ച് ഡോളര്‍ വിദേശത്തേക്കു കടത്തി എന്ന കേസില്‍ നിന്നു തുടങ്ങി, ഏറ്റവുമൊടുവില്‍ കിഫ്ബി ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റു ചെയ്ത മസാല ബോണ്ടു വഴി 2,150 കോടി രൂപയുടെ വിദേശ വാണിജ്യവായ്പ 9.72 ശതമാനം പലിശയ്ക്ക് സമാഹരിച്ചതിനു പിന്നില്‍ എന്തെങ്കിലും കള്ളപ്പണ ഇടപാടുണ്ടോ എന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്നതില്‍ വരെ കേന്ദ്ര ഏജന്‍സികളുടെ ‘അട്ടിമറി ഗൂഢാലോചന’ എത്തിനില്‍ക്കെ ‘നാടുനശിച്ചുകാണാനാഗ്രഹിക്കുന്നവരുടെ മനോവൈകല്യം’ ഇനിയും വച്ചുപൊറുപ്പിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉഗ്രശാസന ഇറക്കുന്നുണ്ട്.

മുഖ്യമന്ത്രിയുടെ കാര്യാലയത്തിലെ കാര്യങ്ങളെല്ലാം നിയന്ത്രിച്ചിരുന്ന പ്രിന്‍സിപ്പല്‍ സെക്രട്ടറിയും മുഖ്യമന്ത്രിയുടെ കീഴിലുള്ള ഐടി വകുപ്പിന്റെ സെക്രട്ടറിയുമായിരുന്ന അതിശക്തനായ ഐഎഎസ് ഉദ്യോഗസ്ഥന്‍ എം. ശിവശങ്കര്‍ ദേശീയ അന്വേഷണ ഏജന്‍സിയും കസ്റ്റംസും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും സിബിഐയും ആദായനികുതി വകുപ്പും റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിങ്ങും ഇന്റലിജന്‍സ് ബ്യൂറോയും വരെ അന്വേഷിക്കുന്ന അതീവ ഗൗരവതരമായ കേസുകളില്‍ കുടുങ്ങി അറസ്റ്റിലായി ജാമ്യമില്ലാതെ ജയിലില്‍ കഴിയുന്നു. മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെ കേന്ദ്ര ഏജന്‍സികള്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നു. യുഎഇ കോണ്‍സുലേറ്റിലെ എക്‌സിക്യുട്ടീവ് സെക്രട്ടറിയായിരുന്ന സ്വപ്‌ന സുരേഷിനെ ഐടി വകുപ്പിലെ സ്‌പേയ്‌സ് പാര്‍ക്ക് ബിസിനസ് ഡെവലപ്‌മെന്റ് മാനേജര്‍ എന്ന നിര്‍ണായക തസ്തികയില്‍ കരാര്‍ വ്യവസ്ഥയില്‍ പ്രതിഷ്ഠിച്ച് കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട ഖുര്‍ആന്‍, ഈന്തപ്പഴം, സക്കാത്ത് വിതരണത്തിന്റെ മറവില്‍ നടത്തിയ സ്വര്‍ണകള്ളക്കടത്തിലും, പ്രളയ ദുരിതാശ്വാസത്തിനുള്ള വിദേശ ഫണ്ട്, ഭവനരഹിതര്‍ക്കു വീടുവച്ചുനല്‍കാനുള്ള ലൈഫ് മിഷന്‍ പ്രോജക്റ്റിന് യുഎഇ റെഡ് ക്രെസന്റ് വഴി ലഭിച്ച ധനസഹായം, കെഫോണ്‍, ഇമൊബിലിറ്റി, ടോറസ് ഡൗണ്‍ടൗണ്‍ തുടങ്ങിയ വിവാദ പദ്ധതികളിലുമൊക്കെയായി നടത്തിയ കമ്മിഷന്‍ ഇടപാടുകളിലും ശിവശങ്കറിനു പുറമെ മുഖ്യമന്ത്രിയുടെ ഓഫിസിലെ മറ്റു പലരും ചില മന്ത്രിമാരും ഗുണഭോക്താക്കളായിരുന്നു എന്നാണ് ആരോപണം.

സിപിഎം സംസ്ഥാന സെക്രട്ടറി പദത്തില്‍ നിന്ന് കോടിയേരി ബാലകൃഷ്ണന്‍ ആരോഗ്യപ്രശ്‌നം പറഞ്ഞ് അവധിയെടുത്തത് ഇളയ മകനെ വന്‍കിട മയക്കുമരുന്ന്, കള്ളപ്പണ കേസുകളില്‍ ബംഗളൂരുവില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും നാര്‍കോട്ടിക് ബ്യൂറോയും അറസ്റ്റുചെയ്ത് ജയിലിലടച്ചതിനെ തുടര്‍ന്നാണ്. കോടികണക്കിനു രൂപയുടെ ബിനാമി ഇടപാടുകളില്‍ ബിനീഷ് കോടിയേരിയുമായി ബന്ധപ്പെട്ടവര്‍ക്കെതിരെ അന്വേഷണം പുരോഗമിക്കുകയാണ്. കൊറോണ വൈറസ് മഹാമാരി വ്യാപനം നിയന്ത്രിക്കുന്നതില്‍ ലോകോത്തര മാതൃകയായി കേരളം ആഗോള മാധ്യമശ്രദ്ധ ആകര്‍ഷിച്ച ആദ്യനാളുകള്‍തൊട്ട് അനുദിനം മീഡിയ ബ്രീഫിങ് എന്ന പേരില്‍ നാട്ടിലെ ടിവി ചാനലുകളിലെല്ലാം സായാഹ്നങ്ങളിലെ പ്രൈംടൈമില്‍ നല്ലൊരു പങ്ക് ഏകതാനമായ തന്റെ ഉദ്ദണ്ഡവാദപ്രകടനത്തിനായി വിനിയോഗിക്കാനുള്ള അത്യപൂര്‍വ ഭാഗ്യം ലഭിച്ച മുഖ്യമന്ത്രി സംഗതി പിടിവിട്ടുപോകുമെന്നായപ്പോള്‍ മാധ്യമങ്ങളെ ഭര്‍ത്സിക്കാന്‍ തുടങ്ങുന്നു. ഓഖി ചുഴലിക്കാറ്റിന്റെയും രണ്ടു പ്രളയദുരന്തങ്ങളുടെയും കനത്ത പ്രകൃതിക്ഷോഭങ്ങളുടെയും കെടുതികളില്‍ തകര്‍ന്ന മനുഷ്യജീവിതങ്ങള്‍ അതിജീവനത്തിനായി നിസ്സഹായ പോരാട്ടം തുടരുമ്പോള്‍ ദുരിതാശ്വാസത്തിനും പുനരധിവാസത്തിനുമായി എത്തിയ ഫണ്ടുകള്‍ നവകേരളസൃഷ്ടിയുടെ പേരില്‍ രാജ്യാന്തര കണ്‍സള്‍ട്ടന്‍സി ഇടപാടുകള്‍ക്കായി വകമാറ്റിയതിനെക്കുറിച്ചും സ്പ്രിങഌ പോലുള്ള അഴിമതിയെക്കുറിച്ചുമൊക്കെ പ്രതിപക്ഷം ഉന്നയിച്ചുവന്ന ആരോപണങ്ങളൊക്കെ പു
ഛിച്ചുതള്ളി കൊവിഡ് ദുരന്തത്തെ തന്റെ സല്‍കീര്‍ത്തിയുടെയും ഭരണമികവിന്റെയും സുവര്‍ണ ഇതിഹാസമാക്കി പൊ
ലിപ്പിച്ചെടുക്കുമ്പോഴാണല്ലോ പോക്കണംകെട്ട രാഷ്ട്രീയ വര്‍ത്തമാനങ്ങള്‍ മുഖ്യധാരാ മാധ്യമങ്ങള്‍ പോലും പെരുപ്പിക്കാന്‍ തുടങ്ങിയത്. ടീം സോളാര്‍ റിന്യൂവബിള്‍ സൊല്യൂഷന്‍സ് എന്ന സ്വകാര്യ സംരംഭത്തിന്റെ പേരില്‍ നിരവധി നിക്ഷേപകരില്‍ നിന്നായി 70 ലക്ഷം രൂപ തട്ടിയെടുത്തു എന്ന കേസില്‍ പ്രതിയായ സരിത നായര്‍ എന്ന വിവാദ വനിതയെ യുഡിഎഫ് ഭരണകാലത്ത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പേഴ്‌സണല്‍ സ്റ്റാഫിലെ ടെന്നി ജോപ്പനും ജിക്കുമോനും ഗണ്‍മാന്‍ സലിംരാജും സഹായിച്ചു എന്നതിന്റെ പേരില്‍ 2013ല്‍ തുടങ്ങിയ അത്യുഗ്രന്‍ മാധ്യമവേട്ടയുടെയും രാഷ്ട്രീയധാര്‍മിക കോലാഹലങ്ങളുടെയും മുഖ്യഗുണഭോക്താവിന് സ്വപ്‌ന സുരേഷും തന്റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറും ചേര്‍ന്ന് തന്റെ ഓഫിസില്‍ ചെയ്തുകൂട്ടിയ കൊള്ളരുതായ്കളെക്കുറിച്ച് ആരെങ്കിലും എന്തെങ്കിലും ചോദിച്ചുപോയാല്‍ ക്ഷോഭം അടക്കാനാവുന്നില്ല.

”ഒരാളെയോ ഒരു വിഭാഗം ആളുകളെയോ ഭീഷണിപ്പെടുത്തുന്നതിനോ അധിക്ഷേപിക്കുന്നതിനോ അപമാനിക്കുന്നതിനോ അപകീര്‍ത്തിപ്പെടുത്തുന്നതിനോ വേണ്ടി ഏതെങ്കിലും തരത്തിലുള്ള വിനിമയോപാധിയിലൂടെ നിര്‍മിക്കുകയോ പ്രകടിപ്പിക്കുകയോ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുകയും അത് അങ്ങനെയുള്ള ആളിന്റെയോ ഒരു വിഭാഗം ആളുകളുടെയോ അവര്‍ക്ക് താല്പര്യമുള്ള മറ്റേതെങ്കിലും ആളിന്റെയോ മനസിനോ ഖ്യാതിക്കോ വസ്തുവിനോ ഹാനിയുണ്ടാക്കുവാനിടയാക്കുകയും ചെയ്യുന്ന ഏതൊരാളെയും കുറ്റസ്ഥാപനത്തിനുമേല്‍ മൂന്നുവര്‍ഷം വരെയാകാവുന്ന തടവോ പതിനായിരം രൂപവരെയാകാവുന്ന പിഴയോ ഇവ രണ്ടും കൂടിയോ നല്‍കി ശിക്ഷിക്കേണ്ടതാണ്” എന്നു വ്യവസ്ഥ ചെയ്യുന്ന 118 എ എന്ന പുതിയ വകുപ്പ് കേരള പൊലീസ് ആക്റ്റില്‍ കൂട്ടിച്ചേര്‍ത്തുകൊണ്ട് അടിയന്തരമായി ഓര്‍ഡിനന്‍സ് ഇറക്കിയത് അസഹിഷ്ണുതയുടെ നെല്ലിപ്പടി കണ്ടിട്ടാണ്. മാധ്യമസ്വാതന്ത്ര്യത്തിനും വ്യക്തിയുടെ അഭിപ്രായസ്വാതന്ത്ര്യത്തിനും ജനാധിപത്യ മൂല്യങ്ങള്‍ക്കുമെതിരായ ഈ കടന്നുകയറ്റത്തിനെതിരെ വന്‍ പ്രതിഷേധമുയര്‍ന്നതോടെ 24 മണിക്കൂറിനകം ആ കിരാത നിയമം പിണറായി വിജയന് മരവിപ്പിക്കേണ്ടിവന്നു.
കടലോരത്തെ മീന്‍പിടിത്തക്കാരുടെ പരമ്പരാഗത തൊഴിലവകാശങ്ങളില്‍ കൂച്ചുവിലങ്ങിട്ട് മത്സ്യവില്പനയ്ക്കുള്ള പ്രാഥമിക അവകാശം കവര്‍ന്നെടുക്കുന്ന മറ്റൊരു ഓര്‍ഡിനന്‍സ് കഴിഞ്ഞ മാസം പിണറായി സര്‍ക്കാര്‍ അടിച്ചേല്‍പ്പിച്ചപ്പോള്‍ അതിനെതിരെ പ്രതികരിക്കാന്‍ ഒറ്റപ്പെട്ട ദുര്‍ബല ശബ്ദങ്ങളേ ഉണ്ടായുള്ളൂ. കൊവിഡ് മഹാമാരിയുടെ മറപറ്റി, മുന്നാക്ക സമുദായക്കാരിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കായി മെഡിക്കല്‍, എന്‍ജിനിയറിങ്, എല്‍എല്‍ബി, പ്ലസ് വണ്‍ പ്രവേശനത്തിനു മാത്രമല്ല, പിഎസ്‌സി വഴിയുള്ള സര്‍ക്കാര്‍ നിയമനത്തിനും ഭരണഘടനാഭേദഗതിയിലൂടെ വ്യവസ്ഥ ചെയ്യപ്പെട്ട ജനറല്‍ ക്വാട്ടയുടെ പരമാവധി 10 ശതമാനം സാമ്പത്തിക സംവരണം എന്ന തോതിനും അപ്പുറം ഒബിസി സാമുദായിക സംവരണവ്യവസ്ഥയെതന്നെ അട്ടിമറിക്കുന്ന ചട്ടങ്ങളും നടപടിക്രമങ്ങളും അതിവേഗം നടപ്പാക്കിയതിനെതിരെ ഉയര്‍ന്ന പ്രതിഷേധങ്ങളോടും പൊതുവെ അവജ്ഞ തന്നെ.

കേന്ദ്ര ഏജന്‍സികള്‍ ആക്രമിക്കാന്‍ വരുന്നുവെന്നു മുറവിളികൂട്ടുന്ന ഇടതുഭരണകൂടം തദ്ദേശ തിരഞ്ഞെടുപ്പുപ്രഖ്യാപനത്തിനു തൊട്ടുപിന്നാലെ യുഡിഎഫിലെ മുഖ്യഘടകകക്ഷിയായ മുസ്ലിം ലീഗിന്റെ രണ്ട് എംഎല്‍എമാരെ അഴിമതിക്കേസുകളില്‍ അറസ്റ്റു ചെയ്യുന്നു, ഒരു കോണ്‍ഗ്രസ് എംപിക്കെതിരെ അഴിമതി ആരോപണത്തിന്റെ പഴയ സ്റ്റിങ് ഓപറേഷന്‍ തെളിവ് പുനരന്വേഷിക്കാന്‍ വിജിലന്‍സിനെ നിയോഗിക്കുന്നു, സംസ്ഥാനത്തെ ബാര്‍ ലൈസന്‍സ് ഫീസ് കുറയ്ക്കുന്നതിന് മുന്‍ ഗവണ്‍മെന്റിന്റെ കാലത്ത് ബാറുടമകളുടെ സംഘടനയില്‍ നിന്ന് ഒന്നേമുക്കാല്‍ കോടി രൂപ കോഴ വാങ്ങി എന്ന സംഘടനാ നേതാവിന്റെ പുതിയ വെളിപ്പെടുത്തലിന്റെ വെളിച്ചത്തില്‍ പ്രതിപക്ഷ നേതാവിനും രണ്ട് മുന്‍ മന്ത്രിമാര്‍ക്കുമെതിരെ വിജിലന്‍സ് അന്വേഷണത്തിന് മുഖ്യമന്ത്രി അനുമതി നല്‍കുന്നു, ഇതെല്ലാം പോരാഞ്ഞ് സോളാര്‍ തട്ടിപ്പുകേസിലെ മുഖ്യപ്രതിയായ വനിത ഉന്നയിച്ച ലൈംഗികപീഡന പരമ്പരയില്‍ നാലരവര്‍ഷം മുന്‍പ് പേരുചേര്‍ക്കപ്പെട്ട രാഷ്ട്രീയ നേതാക്കളെയെല്ലാം ഉടന്‍ അകത്താക്കും എന്ന് ഭീഷണി മുഴക്കുകയും ചെയ്യുന്നു. (ബാര്‍ കോഴകേസില്‍ മുഖ്യപ്രതിയായിരുന്ന മുന്‍ ധനമന്ത്രി കെ.എം. മാണി പിണറായി വിജയനുമായി പ്രാതല്‍ കഴിച്ച് വിജിലന്‍സ് അന്വേഷണപ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ത്തെന്നും നാലു പതിറ്റാണ്ട് യുഡിഎഫിനൊപ്പം നിന്ന കേരള കോണ്‍ഗ്രസ് പാര്‍ട്ടിയെ ഇടതുമുന്നണിയിലെത്തിച്ച ജോസ് കെ. മാണി ബാര്‍കോഴ ആരോപണം പിന്‍വലിക്കുന്നതിന് പത്തു കോടി രൂപ വാഗ്ദാനം ചെയ്‌തെന്നുമുള്ള ബാറുടമയുടെ വെളിപ്പെടുത്തലിലെ ഒരു ‘കാപ്‌സ്യൂള്‍’ വെറുതെവിട്ടുകളയുന്നു). എന്തായാലും അഴിമതിക്കെതിരെ ഒരു വോട്ട് എന്ന യുഡിഎഫിന്റെ തിരഞ്ഞെടുപ്പു മാനിഫെസ്റ്റോ ടാഗ്‌ലൈന്‍ പിന്നെ എങ്ങനെ ഈ ഇടതുരാഷ്ട്രീയധാര്‍മികതയ്ക്കു മുന്‍പില്‍ തെളിച്ചെഴുതാനാകും?


Tags assigned to this article:
jacoby

Related Articles

ഗൃഹസുരക്ഷ ഇന്‍ഷ്വറന്‍സ് പദ്ധതി ഉദ്ഘാടനം ചെയ്തു

എറണാകുളം: വരാപ്പുഴ അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ എറണാകുളം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ (ഇഎസ്എസ്എസ്) ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന ഗൃഹസുരക്ഷ ഇന്‍ഷ്വറന്‍സ് പദ്ധതി ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ ഉദ്ഘാടനം

ഒന്നിച്ചുള്ള യാത്രയുടെ സിനഡല്‍ പാതയില്‍

മനുഷ്യരെ അവരുടെ ജീവിതാവസ്ഥയില്‍ കണ്ടുമുട്ടുക, ഹൃദയംകൊണ്ട് അവരെ കേള്‍ക്കുക, തങ്ങളുടെ ദൗത്യമെന്തെന്നു വിവേചിച്ചറിയാന്‍ അവരെ സഹായിക്കുക – യേശു ജനങ്ങള്‍ക്കിടയിലൂടെ സഞ്ചരിച്ചുകൊണ്ടു നടത്തിയ ശുശ്രൂഷയെ അനുസ്മരിച്ചാണ് ഫ്രാന്‍സിസ്

മൂലമ്പിള്ളി സമരം നീതിക്കുവേണ്ടിയുള്ള വേദനയോടെയുള്ള പോരാട്ടം : ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍

എറണാകുളം: ഒരു നാടിന്റെ തീരാത്ത കണ്ണീരിന് നീതി കിട്ടുവാന്‍ 2008 മുതല്‍ നടത്തുന്ന സമരത്തിന് നിശബ്ദത പാലിക്കുന്ന ഭരണാധികാരികളുടെ നടപടികളെ ഏറെ വേദനയോടെ ഞാന്‍ കാണുകയാണ്. കിടപ്പാടം

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*