രാഷ്ട്രീയ നീതിക്കായി സാമുദായിക മുന്നേറ്റം

രാഷ്ട്രീയ നീതിക്കായി സാമുദായിക മുന്നേറ്റം

രാഷ്ട്രീയ അധികാര പങ്കാളിത്തത്തിലൂടെയാണ് ജനാധിപത്യ വ്യവസ്ഥിതിയില്‍ സാമൂഹിക, സാമ്പത്തിക നീതി നടപ്പാകുന്നത്. ചരിത്രപരമായ കാരണങ്ങളാല്‍ സാമൂഹികമായി പിന്നാക്കം നില്‍ക്കുന്ന ജനവിഭാഗങ്ങള്‍ക്ക് പ്രത്യേക സംവരണ, നിയമ പരിരക്ഷയിലൂടെ അവസരസമത്വം ഉറപ്പാക്കുന്ന ഇന്ത്യന്‍ ജനാധിപത്യ റിപ്പബ്ലിക്കിന്റെ ഭരണഘടന ഓരോ പൗരനും വാഗ്ദാനം ചെയ്യുന്ന സ്വാതന്ത്ര്യം, നീതി, സോഷ്യലിസം, സാഹോദര്യം എന്നീ മൂല്യങ്ങള്‍ സാര്‍ത്ഥകമാകുന്നത് നിയമനിര്‍മാണം, ഭരണനിര്‍വഹണം, നീതിന്യായം എന്നീ തലങ്ങളിലെ ജനപ്രാതിനിധ്യത്തിന്റെ രാഷ്ട്രീയശക്തിസ്വരൂപത്തിലാണ്. മാനവ ജീവിതാന്തസിന്റെ മാറ്റുകൂട്ടുന്ന വിദ്യാഭ്യാസം, സാംസ്‌കാരിക മുന്നേറ്റം, ആതുരശുശ്രൂഷ, സാമൂഹ്യസേവനം തുടങ്ങിയ വികസന മാനദണ്ഡങ്ങളില്‍ ലോകോത്തര മാതൃകയായി കേരളത്തെ വളര്‍ത്തുന്നതില്‍ മുഖ്യപങ്കു വഹിച്ച ലത്തീന്‍ കത്തോലിക്കാ സമൂഹം പക്ഷെ ഇന്നും, ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ധിയുടെ 72-ാം വര്‍ഷത്തിലും, അധികാരശ്രേണിയുടെ വിളുമ്പില്‍ ഉഴലുകയാണെന്നത് അവിശ്വസനീയ ദുഃഖസത്യം.
ദേശീയ പ്രസ്ഥാനത്തിലും കേരള രാഷ്ട്രീയത്തിലും ചരിത്രപ്രധാനമായ ഇടപെടലുകള്‍ നടത്തിയ യുഗപ്രഭാവന്മാരായ സാമുദായിക നേതാക്കളെ അനുസ്മരിച്ചുകൊണ്ടും ഗ്രാമ പഞ്ചായത്ത് തലം മുതല്‍ ഇന്ത്യന്‍ പാര്‍ലമെന്റു വരെ തങ്ങളുടെ മൂല്യസംഹിതയുടെയും സ്വത്വബോധത്തിന്റെയും അനന്യത വിളംബരം ചെയ്യുന്ന ലത്തീന്‍ കത്തോലിക്കാ ജനപ്രതിനിധികളുടെ വിപുലമായ നേതൃസംഗമത്തിന്റെ സമകാലീന ജീവല്‍സാക്ഷ്യം പങ്കുവച്ചും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ പ്രഥമ കത്തോലിക്കാ രൂപതയായ കൊല്ലത്തിന്റെ ആതിഥേയത്വത്തില്‍ ആദ്യമായി കൊട്ടിയത്ത് ദൈവദാസന്‍ ബിഷപ് ജറോം നഗറില്‍ – ക്രിസ്തു ജ്യോതിസ് ആനിമേഷന്‍ സെന്ററും വിമലഹൃദയ ധ്യാനകേന്ദ്രവും ഉള്‍പ്പെടുന്ന സമുച്ചയത്തില്‍ – സമ്മേളിച്ച കേരള റീജ്യണ്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ (കെആര്‍എല്‍സിസി) ജനറല്‍ അസംബ്ലി മൂന്നു ദിവസം ‘അധികാര പങ്കാളിത്തം നീതിസമൂഹത്തിന്’ എന്ന മുഖ്യ വിഷയത്തിലെ പര്യാലോചനകള്‍ക്കൊടുവില്‍ പ്രഖ്യാപിച്ച രാഷ്ട്രീയ നീതിക്കായുള്ള കര്‍മ്മപദ്ധതിയുടെ രൂപരേഖ സമുദായത്തിന് ഒന്നടങ്കം പ്രത്യാശയുണര്‍ത്തുന്നതാണ്.
കേരള നിയമസഭയിലെ ആറു സീറ്റുകളിലേക്കുള്ള ആസന്നമായ ഉപതെരഞ്ഞെടുപ്പിനും 2020 ഒക്‌ടോബര്‍-നവംബറില്‍ വരാനിരിക്കുന്ന ത്രിതല പഞ്ചായത്ത്, മുനിസിപ്പല്‍, കോര്‍പറേഷന്‍ തെരഞ്ഞെടുപ്പിനുമപ്പുറം സമുദായത്തിന്റെ രാഷ്ട്രീയ ശക്തീകരണവും അധികാരവത്കരണവും ലക്ഷ്യംവയ്ക്കുന്ന ഉയിര്‍ത്തെഴുന്നേല്‍പ്പിനും പുതിയൊരു കുതിപ്പിനും ഊര്‍ജം പകരുന്നതാണ് കേരളത്തിലെ രണ്ടു പ്രവിശ്യകളിലായുള്ള 12 ലത്തീന്‍ കത്തോലിക്കാ രൂപതകളിലെയും അല്മായരുടെയും വൈദികരുടെയും സന്ന്യാസ സമൂഹങ്ങളുടെയും വിവിധ സംഘടനകളുടെയും പ്രസ്ഥാനങ്ങളുടെയും പ്രതിനിധികളും സഭാമേലധ്യക്ഷന്മാരും ഉള്‍പ്പെടുന്ന പരമോന്നത നയരൂപീകരണ സമിതിയായ കെആര്‍എല്‍സിസിയുടെ നയരേഖ. താത്കാലിക നേട്ടങ്ങള്‍ക്കായുള്ള രാഷ്ട്രീയ അടവുനയമല്ല, സാമുദായിക മുന്നേറ്റത്തിനായുള്ള രാഷ്ട്രീയ ജനാധിപത്യത്തിന്റെ സകല ഉപാധികളും അടിസ്ഥാന ക്രൈസ്തവ സമൂഹം എന്ന കുടുംബ യൂണിറ്റ് കൂട്ടായ്മയില്‍ നിന്നു തുടങ്ങി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും നിയമസഭയിലും ലോക്‌സഭയിലും ഭരണതലത്തിലും ഉദ്യോഗസ്ഥവൃന്ദത്തിലും ജുഡീഷ്യറിയിലും അക്കാദമിക രംഗത്തും പൊതുജീവിതത്തിന്റെ മറ്റു മണ്ഡലങ്ങളിലും വരെ സുസ്ഥിരവും വ്യവസ്ഥാപിതവുമായ രീതിയില്‍ എങ്ങനെ പ്രയോഗിക്കാം എന്ന ദീര്‍ഘദര്‍ശനം ഇതില്‍ തെളിഞ്ഞുകാണാനാകും.
ദേശീയ രാഷ്ട്രീയത്തിലെ ഗതിമാറ്റത്തിന്റെ ആഘാതവും പ്രകമ്പനങ്ങളും പ്രബുദ്ധ കേരളത്തിന്റെ ജനായത്ത ബോധത്തില്‍ വന്നു പതിക്കുമ്പോള്‍ എന്തു സംഭവിക്കുമെന്ന ഉത്കണ്ഠ പലരും പങ്കുവയ്ക്കുന്നുണ്ട്. മുന്നണി രാഷ്ട്രീയത്തിന്റെ സമവാക്യങ്ങള്‍തന്നെ മാറിയേക്കാം. ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും പ്രത്യേക മമതയോ ആഭിമുഖ്യമോ കാണിക്കാതെ സമദൂരം പാലിക്കുക, സഭയും സമുദായവും ഏതേതു മൂല്യങ്ങള്‍ക്കായാണോ നിലകൊള്ളുന്നത് അതിന്റെ വെളിച്ചത്തില്‍ തങ്ങളുടെ താല്പര്യങ്ങള്‍ സംരക്ഷിക്കാനും പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണാനും സഹായിക്കുന്നവരെ പിന്തുണയ്ക്കുക എന്ന നയമാണ് കുറച്ചുകാലമായി കെആര്‍എല്‍സിസി സ്വീകരിച്ചുവരുന്നത്. ലത്തീന്‍ കത്തോലിക്കാ സമുദായത്തിന്റെ രാഷ്ട്രീയ വിലപേശല്‍ ശക്തി ക്ഷയിച്ചിട്ടില്ലെന്നതിനുള്ള ദൃഷ്ടാന്തങ്ങള്‍ സമീപകാലത്തെ തെരഞ്ഞെടുപ്പുകളില്‍ നാം കണ്ടതാണ്. സമുദായത്തെ തങ്ങളുടെ വോട്ടുബാങ്കായി പരിഗണിക്കുകയും വികസനത്തിന്റെയും ക്ഷേമ പദ്ധതികളുടെയും കാര്യം വരുമ്പോള്‍ തീര്‍ത്തും അവഗണിക്കുകയും ചെയ്യുന്ന കക്ഷിരാഷ്ട്രീയ സമീപനം സ്വീകാര്യമല്ല എന്നു നമ്മള്‍ വ്യക്തമാക്കിയിട്ടുണ്ട്. മൂല്യാധിഷ്ഠിത, പ്രശ്‌നാധിഷ്ഠിത സമദൂര സിദ്ധാന്തത്തില്‍ ബിജെപി നയിക്കുന്ന എന്‍ഡിഎ സഖ്യവും അസ്പൃശ്യരല്ല എന്നു വരും.
എറണാകുളം, തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂര്‍ ജില്ലകളിലടക്കം സമുദായത്തിന് നിര്‍ണായക സ്വാധീനമുള്ള മണ്ഡലങ്ങളില്‍ പോലും പൊതുസമ്മതരായ ലത്തീന്‍ കത്തോലിക്കാ സ്ഥാനാര്‍ഥികള്‍ക്ക് അര്‍ഹമായ പരിഗണന നല്‍കാന്‍ വിസമ്മതിക്കുന്ന മുഖ്യധാരാ പാര്‍ട്ടികള്‍ അനുഭവത്തില്‍ നിന്നു പാഠങ്ങള്‍ പഠിച്ചുകൊണ്ടിരിക്കയാണ്. ആംഗ്ലോ-ഇന്ത്യന്‍ പ്രതിനിധി ഉള്‍പ്പെടെ 141 അംഗങ്ങളുള്ള കേരള നിയമസഭയില്‍ ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം സമുദായത്തിന് ഉറപ്പുവരുത്താന്‍ സൂക്ഷ്മവും സമഗ്രവുമായ രാഷ്ട്രീയ അപഗ്രഥനവും തന്ത്രപരമായ നീക്കങ്ങളും അനിവാര്യമാണ്. തീരദേശ ജനതയുടെയും തോട്ടം തൊഴിലാളികളുടെയും ദളിതരുടെയും കെട്ടിടനിര്‍മാണ തൊഴിലാളികളുടെയും അസംഘടിത വിഭാഗങ്ങളുടെയും പരമ്പരാഗത തൊഴിലുകാരുടെയും പ്രശ്‌നങ്ങളും, മദ്യനയം, വിദ്യാഭ്യാസ നയം, തീരപരിപാലന നിയമം, ഓഖി, പ്രളയ ദുരന്തത്തിന് ഇരകളായവരുടെ പുനരധിവാസം തുടങ്ങിയ കാര്യങ്ങളിലുണ്ടായ വീഴ്ചകളും ജനവിധിയില്‍ പ്രതിഫലിക്കുകതന്നെ വേണം.
അധികാര വികേന്ദ്രീകരണത്തില്‍ രാജ്യത്തെ ഭരണസംവിധാനത്തിന്റെ മൂന്നാമത്തെ തട്ട് എന്നു വിശേഷിപ്പിക്കപ്പെടുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് കൂടുതല്‍ യുവാക്കളെയും വനിതകളെയും രംഗത്തിറക്കാന്‍ നമുക്കു കഴിയണം. കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ (കെഎല്‍സിഎ), വിമന്‍സ് അസോസിയേഷന്‍ (കെഎല്‍സിഡബ്ല്യുഎ), യൂത്ത് മൂവ്‌മെന്റ് (കെസിവൈഎം-ലാറ്റിന്‍), സിഎസ്എസ്, ഡിസിഎംഎസ്, കെഎല്‍എം എന്നീ സംഘടനകളെ ഫാമിലി യൂണിറ്റ്, ഇടവക തലത്തില്‍ സുസജ്ജമാക്കി രാഷ്ട്രീയ കര്‍മപരിപാടികള്‍ ആവിഷ്‌കരിക്കണം. സംസ്ഥാനത്തെ ഗ്രാമീണ വികസന പദ്ധതികളുടെ 70 ശതമാനവും നിശ്ചയിക്കുന്ന ത്രിതല പഞ്ചായത്തുകളിലെ ജനപ്രതിനിധികള്‍ക്ക് പൊതുസമൂഹത്തിനുവേണ്ടി എന്തെല്ലാം ചെയ്യാന്‍ കഴിയുമെന്ന് അവരെ ആഴത്തില്‍ പഠിപ്പിക്കേണ്ടതുണ്ട്. 2015ലെ കണക്കു പ്രകാരം 14 ജില്ലാ പഞ്ചായത്തുകളും 152 ബ്ലോക്ക് പഞ്ചായത്തുകളും 87 മുനിസിപ്പാലിറ്റികളും ആറു കോര്‍പറേഷനുകളും 941 ഗ്രാമപഞ്ചായത്തുകളും ഉള്‍പ്പെടെ മൊത്തം 1,200 തദ്ദേശ ഭരണസ്ഥാപനങ്ങളാണ് സംസ്ഥാനത്തുള്ളത്. ആകെ വാര്‍ഡുകള്‍ 21,865; ഗ്രാമപഞ്ചായത്ത് വാര്‍ഡുകള്‍ 15,962. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരുടെ എണ്ണം 889, മേയര്‍, ചെയര്‍മാന്‍, പ്രസിഡന്റ് പദത്തില്‍ അങ്ങനെ ആകെ 1,129 പേരുണ്ട്. സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷരായി 4,683 പേരുണ്ട്; ഗ്രാമപഞ്ചായത്തുകളില്‍ മാത്രം 3,583 പേര്‍. പ്രാദേശിക തലത്തില്‍ ജനകീയ പ്രശ്‌നങ്ങളില്‍ ഇടപെടാനും പൊതുജനസമ്മതിയാര്‍ജിക്കാനും കഴിവുള്ളവരുടെ ഒരു വന്‍നിര പടുത്തുയര്‍ത്താന്‍ ആവശ്യമായ സംഘടനാബലം നമ്മുടെ സാമുദായിക പ്രസ്ഥാനങ്ങള്‍ക്കുണ്ട്. വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കല്‍, ഗ്രാമസഭയിലും ബന്ധപ്പെട്ട ആസൂത്രണ സമിതികളിലും പങ്കെടുക്കല്‍ തുടങ്ങി അടിസ്ഥാനപരമായ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുവേണം ജാഗ്രതാപൂര്‍വം മുന്നോട്ടുനീങ്ങാന്‍.
പഞ്ചായത്തുകളുടെയും വാര്‍ഡുകളുടെയും അതിര്‍ത്തി പുനര്‍നിര്‍ണയത്തിന്റെയും വിഭജനത്തിന്റെയും സങ്കീര്‍ണ രാഷ്ട്രീയത്തില്‍ ഇടപെടേണ്ടതുണ്ട്. സമുദായശക്തിയുടെ മുന്‍തൂക്കം ഇല്ലാതാക്കാനാണ് പലയിടത്തും ആസൂത്രിത ശ്രമം നടക്കുന്നത്. അടുത്ത തെരഞ്ഞെടുപ്പിനു മുന്‍പ് 300 പഞ്ചായത്തുകള്‍ വിഭജിക്കപ്പെടും എന്നാണു സൂചന. ജനസംഖ്യ 27,430, ഭൂവിസ്തൃതി 32 ചതുരശ്ര കിലോമീറ്റര്‍, വിഭവശേഷി 50 ലക്ഷം എന്ന പരിധി നിശ്ചയിച്ച് പഞ്ചായത്ത് അതിര്‍ത്തി പുനര്‍നിര്‍ണയിക്കാനാണ് ശുപാര്‍ശ. അന്‍പതിനായിരത്തിലേറെ ജനസംഖ്യയുള്ള 30 പഞ്ചായത്തുകളും, ജനസംഖ്യ 40,000 കവിഞ്ഞ 135 പഞ്ചായത്തുകളുമുണ്ട്. ഒരു ബ്ലോക്ക് പഞ്ചായത്തില്‍ ചുരുങ്ങിയത് മൂന്ന് ഗ്രാമപഞ്ചായത്തുകള്‍ എന്ന തോതില്‍ ഡിലിമിറ്റേഷന്‍ നടത്താനാണ് നീക്കം. ഇക്കാര്യങ്ങളില്‍ തിരിച്ചടി നേരിടാതെ നോക്കാന്‍ നമുക്കു കഴിയണം.
വൈദിക മേലധ്യക്ഷന്മാര്‍ രാഷ്ട്രീയ കാര്യങ്ങളില്‍ ഇടപെടണമെന്നില്ല. അല്മായര്‍ക്കു ഭൂരിപക്ഷമുള്ള കെആര്‍എല്‍സിസി സംവിധാനത്തില്‍ നിര്‍വാഹക സമിതി, രാഷ്ടീയകാര്യ സമിതി, കെആര്‍എല്‍സിബിസി അല്മായ കമ്മീഷന്‍, രൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ വര്‍ക്കിംഗ് കമ്മിറ്റി, രൂപതാ രാഷ്ട്രീയകാര്യ സമിതി, സാമൂഹ്യശുശ്രൂഷാ സമിതി, സാമുദായിക സാമൂഹിക സംഘടനകള്‍, ഇടവക ജാഗ്രതാ സമിതി എന്നിവയുടെ ഉത്തരവാദിത്വത്തില്‍ ഈ കര്‍മപദ്ധതികള്‍ ക്രമബദ്ധമായി നടപ്പാക്കാനാകും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള അധികാരതലങ്ങളില്‍ ജനസംഖ്യാനുപാതികമായി ലത്തീന്‍ കത്തോലിക്കര്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം നല്കുവാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും നിര്‍ബന്ധിതരാകാതെ തരമില്ലല്ലോ.


Related Articles

ബജറ്റ് പ്രഖ്യാനത്തിന് എന്തു പഞ്ഞം!

  കൊവിഡാനന്തര കേരളത്തിന്റെ വികസന മുന്‍ഗണനകളുടെയും മുന്‍കൈകളുടെയും രൂപരേഖ എന്ന ആമുഖത്തോടെ ധനമന്ത്രി ടി.എം. തോമസ് ഐസക് അവതരിപ്പിച്ച സംസ്ഥാന ബജറ്റ് ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പ്രകടനപത്രികയുടെ

ദുരന്തമുഖത്ത് ഉറങ്ങാതെ കാര്‍മല്‍ഗിരി

2018 എന്ന വര്‍ഷം കാര്‍മല്‍ഗിരി ചരിത്രത്തില്‍ ഒരു വലിയ ദുരന്തത്തിന്റെ പേരിലായിരിക്കും അറിയപ്പെടുക. അടുത്ത തലമുറയ്ക്ക് പറഞ്ഞുകൊടുക്കാന്‍ ഇനി നമുക്ക് പുതിയൊരു അതിജീവനത്തിന്റെ കഥയുണ്ട്. ജലംകൊണ്ട് മുറിപ്പെട്ടവരുടെ,

നെയ്യാറ്റിൻകര മീഡിയ കമ്മീഷൻ പുതിയ സാരഥികൾ ഡിസംബർ ഒന്നിന് ചുമതലയേൽക്കും

നെയ്യാറ്റിൻകര : നെയ്യാറ്റിൻകര ലത്തീൻ രൂപതയുടെ മീഡിയാ കമ്മീഷന്റെ പുതിയ സാരഥികളായി Msgr VP JOSE അച്ഛൻ ഡയറക്ടറും ഫാദർ സജിൻ തോമസ് ഫാദർ ജിബിൻ രാജ്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*