രാഷ്ട്രീയ ബര്‍മൂഡാ ട്രയാംഗിളാകുമോ വയനാട്?

വെട്ടിലാകുക എന്ന ഭാഷാപ്രയോഗമുണ്ടല്ലോ. അമ്മാതിരിയൊന്ന് കോണ്‍ഗ്രസിന്റെ ദേശീയാധ്യക്ഷന്റെ വയനാടന്‍ പ്രവേശത്തോടെ പല പാര്‍ട്ടികള്‍ക്കും സംഭവിക്കുന്നതായി നിരീക്ഷണങ്ങളുണ്ട്. ”ഇന്ത്യ എന്റെ രാജ്യമാണ്. എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീസഹോദരന്മാരാണ്” എന്നു തുടങ്ങുന്ന പ്രതിജ്ഞ പാഠപുസ്തകങ്ങളുടെ മുന്‍പേജില്‍ അച്ചടിച്ചുവയ്ക്കുകയും സ്കൂള്‍ അസംബ്ലികളില്‍ ചൊല്ലിപ്പഠിക്കുകയും ചെയ്ത ദേശീയപാരമ്പര്യമാണ് നാട്ടില്‍ ഉള്ളതെങ്കിലും ഉത്തരേന്ത്യയും ദക്ഷിണേന്ത്യയുമായുള്ള വിടവ് ദേശീയരാഷ്ട്രീയത്തില്‍ എന്നുമുണ്ടായിരുന്നു. മദിരാശികള്‍ എന്ന വിളിപ്പേര് ദേശസൂചന മാത്രമല്ല പരിഹാസദ്യോതകവുമാണ്. മഹാരാഷ്ട്രയ്ക്കു തെക്കുള്ളവരെല്ലാം മദിരാശികള്‍ തന്നെ. മിസോറാമിന്റെയോ അരുണാചലിന്റെയോ ത്രിപുരയുടെയോ ആസാമിന്റെയോ മുഖ്യമന്ത്രിമാരും മന്ത്രിമാരും തെക്കുള്ള നമ്മുടെ അറിവിന്റെ ഭാഗമാകാത്തതുപോലെ (ഏതെങ്കിലും പിഎസ്സി പരീക്ഷയ്ക്കായി ഓര്ത്തുവെച്ചെങ്കിലായി) തെക്കന്മാരുടെ രാഷ്ട്രീയം പ്രസക്തമാംവിധം വടക്കിന്റെ ഭാഗവുമല്ലായിരുന്നു-കുറച്ചുകാലം വരെ! പിന്നെ കാര്യങ്ങള്‍ കീഴ്മേല്‍ മറിയാന്‍ തുടങ്ങി. ഓരോ പ്രദേശവും പ്രാദേശിക രാഷ്ട്രീയവും രാഷ്ട്രീയച്ചായ്വുകളും ദേശീയരാഷ്ട്രീയത്തെ നിര്‍ണയിക്കാന്‍ തുടങ്ങി. നീര്‍ക്കോലി കടിച്ച് പലരുടെയും അത്താഴം മുടങ്ങാറായപ്പോള് പ്രാദേശികരാഷ്ട്രീയ നിലപാടുകള്‍ ദേശീയരാഷ്ട്രീയത്തിന്റെ ഭാഗമായി.
ചില ദേശീയപാര്‍ട്ടികള്‍ അധികാരത്തിന്റെ ഭാഗമല്ലാതായ നാടുകളില്‍ നിന്ന് തെക്കന്‍ പ്രദേശങ്ങളില്‍ മാത്രമായി ചുരുങ്ങിയതും ഇക്കാലയളവില്‍ തന്നെ. പ്രാദേശികമായ ധ്വനികളോടെ പുതിയ ചുവടുകള്‍ വയ്ക്കുന്നത് ഇന്ത്യന്‍ ദേശീയ രാഷ്ട്രീയത്തിന്റെ ഭാഗമായിത്തീരുന്നത് ഇങ്ങനെയൊക്കെത്തന്നെ.
ബിജെപി നേതൃത്വം നല്കുന്ന എന്‍ഡിഎയ്ക്ക് രണ്ടാംവട്ടം ഭരണം കിട്ടാതിരിക്കാന്‍ പ്രതിപക്ഷ നിരയിലുള്ളവര്‍ കിണഞ്ഞു ശ്രമിക്കുന്നുണ്ട്. വിശാലമായ പ്രതിപക്ഷസഖ്യം തെരഞ്ഞെടുപ്പിനു മുന്നേ സാധ്യമായില്ലെങ്കിലും നേരത്തേ നടന്ന ചില ചുവടുവയ്പുകളും നിര്‍ണായകമായ യോഗങ്ങളും പ്രതിപക്ഷമുണ്ടെന്ന ധാരണ ജനങ്ങളിലെത്തിച്ചിട്ടുണ്ട്. യുപിഎയുടെ ഒന്നും രണ്ടും കാലഘട്ടങ്ങളില്‍ ജനങ്ങള്‍ അത്രയ്ക്കും വെറുത്തുപോയ അഴിമതിയുടെ കറപുരളാതെ വീണ്ടുമൊരു ഭരണം കൊണ്ടുവരാന്‍ പ്രതിപക്ഷനിരയിലുള്ളവര്ക്ക് കഴിയുമോ? അത്തരമൊരു സഖ്യമുണ്ടായാല്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് – അതിന്റെ നേതൃത്വത്തിന് പ്രാപ്തിയുണ്ടാകുമോ? കോണ്‍ഗ്രസ് ദേശീയാധ്യക്ഷനെ വിശാലസഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാണിക്കുന്നതിന്റെ രാഷ്ട്രീയപ്രസക്തിയെന്താണ്? തുടങ്ങിയ ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. കോണ്‍ഗ്രസ് മുക്തഭാരതമെന്ന മുദ്രാവാക്യവുമായി നീങ്ങുന്ന ആര്‍എസ്എസ് പിന്തുണയുള്ള എന്‍ഡിഎ ഭരണം വീണ്ടും നാട്ടിലുണ്ടാകാന്‍ കോണ്‍ഗ്രസിനെ വരിഞ്ഞുകെട്ടി പ്രതിപക്ഷവിശാലസഖ്യത്തെ ശിഥിലമാക്കി മുന്നേറിയാല്‍ മാത്രമേ സാധിക്കൂവെന്ന നിലപാടിലാണ് പ്രധാനമന്ത്രിയുടെ പാര്‍ട്ടിയും സഖ്യകക്ഷികളും. ദേശീയരാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിനുള്ള മേല്‍ക്കൈ ഇല്ലാതാക്കാന്‍ ബിജെപി ശ്രമിക്കുന്നതിനെ തടഞ്ഞും വിശാലപ്രതിപക്ഷസഖ്യത്തിന്റെ നേതൃത്വത്തിലേക്കെത്താന്‍ കിണഞ്ഞുപണിയെടുത്തും മുന്നേറാനാണ് കോണ്‍ഗ്രസ് ശ്രമം. കഴിയുന്നത്ര സീറ്റുകള്‍ കൈയിലുണ്ടെങ്കിലേ ചന്ദ്രബാബുനായിഡുവിന്റെ തെലുങ്കുദേശത്തോടും മമതയുടെ തൃണമൂലിനോടും മായാവതി-അഖിലേഷ് സഖ്യത്തോടും ചര്‍ച്ചക്കെങ്കിലും സാധ്യതയുണ്ടാകൂ.
ഈ കണക്കുകൂട്ടലിന്റെ ഏത് അയല്പക്കത്താണ് ഇടതുശക്തികളായ സിപിഐ-സിപിഎം എന്നിവ വരുന്നതെന്ന് അവര്‍ക്കുതന്നെ പിടികിട്ടാതിരിക്കുകയാണ്. രാഹുല്‍ഗാന്ധിയും സീതാറാം യെച്ചൂരിയും സൗഹൃദത്തിലാണെന്നത് ഇരുകൂട്ടരുടെയും രാഷ്ട്രീയകണക്കുകൂട്ടലുകളെ ബാധിക്കില്ലായെന്ന നിലപാടാണ് രാഹുലിന്റെ വയനാടന്‍ പ്രവേശനത്തോടെ വ്യക്തമാകുന്നത്. വടക്ക് തോളില്‍ കയ്യിട്ടും തെക്ക് മുഖാമുഖം മത്സരിച്ചും രാഷ്ട്രീയനയത്തിന്റെ ഭാഗമായി വിശാലഐക്യത്തെപ്പറ്റിയും സഖ്യത്തെപ്പറ്റിയും ദീര്‍ഘനാള്‍ പറഞ്ഞുകൊണ്ടിരിക്കാന്‍ സാധിക്കില്ലെന്ന വിശാലമായ നിലപാടിന്റെ ഭാഗമാണ് രാഹുലിന്റെ വയനാടന്‍ സ്ഥാനാര്‍ഥിത്വം. തെരഞ്ഞെടുപ്പിനു മുന്നേ കോണ്‍ഗ്രസുമായി സഖ്യത്തിലെത്താന്‍ ഇടതുപാര്‍ട്ടികള്‍ക്ക് രാഷ്ട്രീയകാരണങ്ങളാല്‍ സാധിക്കില്ല. ബംഗാളിലും ത്രിപുരയിലും നിലതെറ്റിയ ഇടതുപക്ഷത്തിന് ആകെയുള്ള പിടിവള്ളിയായ കേരളത്തില്‍ മുഖ്യ എതിരാളികളായ ഐക്യജനാധിപത്യമുന്നണിക്കെതിരെ പോരാടാന്‍ രാഷ്ട്രീയമായി നിര്‍ബന്ധിതരായിരുന്നു. പാര്‍ട്ടി അനുഭാവികളുടെ കണ്ണില്‍ പൊടിയിടാന്‍ രാഷ്ട്രീയ താത്വികവിചാരമൊക്കെ പറയുമെങ്കിലും പാര്‍ട്ടിയെന്ന നിലയില്‍ കോണ്‍ഗ്രസിന്റെയും ഇടതുപാര്ട്ടിയുടെയും രാഷ്ട്രീയനയ സ്വരം ഒന്നുതന്നെയെന്നത് പരസ്യമായ രഹസ്യമാണ്. സന്തോഷം കൊണ്ട് ഇരിക്കാന്‍ വയ്യേ എന്ന പരസ്യവാചകത്തിലെ കുട്ടിയെപ്പോലെ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് ഈ രഹസ്യത്തെ രണ്ടുതവണയായി പരസ്യമാക്കിയതുമാണ്.
ബിജെപി നേതൃത്വം നല്കുന്ന എന്‍ഡിഎയെ ഭരണത്തില്‍ നിന്ന് തുടച്ചുമാറ്റാന്‍ ഇങ്ങ് കേരളത്തില്‍ പോലും ഇടത്-കോണ്‍ഗ്രസ് ധാരണ സാധ്യമാണെന്നായിരുന്നു മുല്ലപ്പള്ളിയുടെ വെടിപൊട്ടിക്കല്‍. അതുകേട്ട് ഇടതുപാളയം മാത്രമല്ല കോണ്‍ഗ്രസുകാരും ഞെട്ടിപ്പോയി. മുല്ലപ്പള്ളിക്കുള്ള മറുപടി നല്കാന് പാര്‍ട്ടി സെക്രട്ടറി വൈകിയില്ല. കേരളത്തില്‍ കോണ്‍ഗ്രസും എന്‍ഡിഎയും തന്നെ ഇടതുസഖ്യത്തിന്റെ എതിരാളികളെന്ന് അങ്ങനെ വോട്ടര്‍മാര്‍ മനസിലാക്കി.
പിന്നീടാണല്ലോ തെരഞ്ഞെടുപ്പ് എത്തിയത്. അതിനുമുന്നേ ഭരണ-പ്രതിപക്ഷ പാളയങ്ങളില്‍ ചില സഖ്യശ്രമങ്ങള്‍, സീറ്റ് വിഭജനങ്ങള്‍ എന്നിവ സംഭവിച്ചിരുന്നു. തെരഞ്ഞെടുപ്പിനു മുന്നേ തന്നെ രാഷ്ട്രീയ പ്രതിപക്ഷമാരെന്ന് വ്യക്തമാക്കിയ ഇടതുപാര്‍ട്ടികള്‍ വയനാട് കണ്ട് അങ്കലാപ്പിലാകേണ്ടതില്ലായെന്നാണ് നാട്ടിലെ വര്‍ത്തമാനം. കോണ്‍ഗ്രസിന്റെ മുഖ്യശത്രു ഇടതുപാര്‍ട്ടികളോ ബിജെപിയോ എന്ന് കോണ്‍ഗ്രസ് വ്യക്തമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് തന്നെ ആവശ്യപ്പെട്ടു. കേന്ദ്രം ഭരിക്കുന്ന എന്‍ഡിഎയെ പുറത്താക്കാന്‍ തങ്ങള്‍ക്ക് കഴിയുന്നത്ര സീറ്റ് ആവശ്യമുണ്ടെന്ന് കോണ്‍ഗ്രസും പറയുന്നു. തെരഞ്ഞെടുപ്പ് സഖ്യത്തിലില്ലാത്ത ഇടതുപാര്‍ട്ടികള്‍ ഇപ്പോള്‍ തങ്ങളെ പഴിക്കുന്നതെന്തിനെന്ന് തിരിയുന്നില്ലേയെന്ന് കോണ്‍ഗ്രസ് നേതാക്കള്‍. ആകപ്പാടെ ജഗപൊഗയായെന്നു പറഞ്ഞാല്‍ മതിയല്ലോ.
ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ബിജെപി പിടിമുറുക്കാതിരിക്കാന്‍ അവിടങ്ങളിലെ മത്സരസാധ്യതകള്‍ ആരായണമെന്ന് രാഹുല്‍ഗാന്ധിയെ ആദ്യം ഉപദേശിച്ചവരില്‍ ഒരാള്‍ സീതാറാം യെച്ചൂരി തന്നെയെന്ന് പത്രവാര്‍ത്തകള്‍ കണ്ടു. ഇടതുപാര്‍ട്ടിയുടെ ബംഗാള്‍-ത്രിപുര ഘടകങ്ങളെ വെട്ടി കേരളഘടകത്തിന്റെ ശക്തി വെളിപ്പെടുത്തി, കണ്ണൂര്‍ മോഡല്‍ പാര്‍ട്ടിഘടകത്തെ അങ്ങ് ദേശീയതലത്തിലും എത്തിക്കാമെന്ന മോഹത്തിന് ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന നേതാവിന്റെ മത്സരസാന്നിധ്യം തടസമാകുമെന്ന് കേരളത്തിന്റെ ഇടതുപാര്‍ട്ടികള്‍ കരുതുന്നുണ്ടെങ്കില്‍ അവരെ എങ്ങനെ കുറ്റം പറയാനൊക്കും. പ്രകാശ് കാരാട്ടും വൃന്ദാ കാരാട്ടും ആനി രാജയും വരെയുള്ളവര്‍ കേരളത്തില്‍ മത്സരിക്കാന്‍ തയ്യാറായിരുന്നല്ലോ. ക്രിമിനല്‍ കേസുകളില്‍ പ്രതിയായ കണ്ണൂര്ക്കാരന് പി. ജയരാജനെ വരെ പാര്‍ലമെന്റിലെത്തിക്കാന്‍ കേരളഘടകം വെമ്പല്‍ കൊണ്ടിരിക്കെ എന്ത് ദേശീയനേതൃത്വം! ബംഗാള്‍, ത്രിപുര, ഡല്‍ഹി നേതാക്കളെ (പിബി എന്നു ചുരുക്കം) വെട്ടിനിരത്തി കാര്യങ്ങള്‍ ഉഷാറാക്കി വരവേ ദാ വരുന്നു എതിരാളിയായ ദേശീയനേതാവ്. വയനാട് പോട്ടെയെന്ന് വച്ചാലും കക്ഷിയുടെ പ്രധാനമന്ത്രി പ്രഭാവത്തില്‍ ജയസാധ്യതയുള്ള മണ്ഡലങ്ങളും ഓളത്തിലങ്ങ് കൈവിട്ടുപോയാലോ എന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ ഉത്കണ്ഠ.
ബിജെപി നേതാക്കളുടെ കൂവിയാര്ക്കലിന്റെ രാഷ്ട്രീയസ്വാരസ്യം തിരിഞ്ഞുവരുന്നതേയുള്ളു. വാരണസിയിലെങ്ങാനും പ്രിയങ്ക മത്സരിച്ചാല്‍ പ്രധാനമന്ത്രിക്ക് തുഷാറിന്റെ തൃശൂര്‍ നേരത്തെ തന്നെ ഒഴിച്ചിട്ട് നില്‍ക്കുകയാണെന്ന് പറയാന്‍ മാത്രമുളള ബലവും കേരളഘടകത്തിന് ഉണ്ടോ ആവോ? രണ്ട് മണ്ഡലങ്ങളില്‍ ഒരാള്‍ക്ക് ഒരേസമയം മത്സരിക്കാന്‍ വിലക്ക് വരുന്നതു വരെ നാടകങ്ങള്‍ പലതും കാണാനിരിക്കുന്നതേയുള്ളു. ഞങ്ങള്‍ രണ്ടു മണ്ഡലങ്ങളില്‍ മത്സരിക്കുമ്പോള്‍ അത് രാഷ്ട്രീയ നിലപാടും നിങ്ങള്‍ രണ്ടു മണ്ഡലങ്ങളില്‍ മത്സരിക്കുമ്പോള്‍ അത് രാഷ്ട്രീയപാപ്പരത്തവുമാകുമെന്ന രാഷ്ട്രീയപാഠപുസ്തകം വായിക്കുന്ന ബിജെപിയുടെ രാഷ്ട്രീയക്കാഴ്ചപ്പാട് വിസ്മയിപ്പിക്കുന്നതു തന്നെ! ഏതായാലും പൂരത്തിന് ചെണ്ടക്കോല് വീണു. ഇനി കാണുക തന്നെ.
വയനാട്ടിലേക്കുള്ള രാഹുലിന്റെ വരവ് പ്രഖ്യാപിച്ച ഏ.കെ ആന്റണി പറഞ്ഞത് വയനാട് രാഷ്ട്രീയ പ്രാധാന്യമുള്ള ദക്ഷിണേന്ത്യന്‍ സ്ഥലമാണെന്നാണ്. മൂന്നു സംസ്ഥാനങ്ങളുടെ അതിര്‍ത്തി പങ്കിടുന്ന ജില്ല. വയനാടിനെ രാഷ്ട്രീയ ബര്‍മൂഡ ട്രയാംഗിളായി കാണുകയായിരുന്നോ മുന്‍ പ്രതിരോധമന്ത്രി?
Related
Related Articles
പുനര്‍ഗേഹത്തിന്റെ ഐശ്വര്യത്തിന്
സമ്പൂര്‍ണ പാര്‍പ്പിട സുരക്ഷാ പദ്ധതിയായ ലൈഫ് മിഷനിലൂടെ 2,14,262 വീടുകള്‍ പൂര്‍ത്തീകരിച്ച് കൈമാറുന്നതിന്റെ ആഘോഷപ്രഖ്യാപനം മാന്ദ്യകാലത്തും കേരളത്തിലെ ഇടതുമുന്നണി ഗവണ്മെന്റ് സാമൂഹിക വികസനരംഗത്ത് നടത്തുന്ന അഭൂതപൂര്‍വമായ ഇടപെടലിന്റെ
യൂത്ത് സെന്‍സസ് ബിഷപ് ഡോ. ജയിംസ് ആനാപറമ്പില്‍ ഉദ്ഘാടനം ചെയ്തു
എറണാകുളം: കെആര്‍എല്‍സിബിസി യുവജന കമ്മീഷന്റെയും എല്‍സിവൈഎം സംസ്ഥാന സമിതിയുടെയും നേതൃത്വത്തില്‍ നടക്കുന്ന യൂത്ത് സെന്‍സസിന്റെ സംസ്ഥാനതല ഉദ്ഘാടനം കെആര്‍എല്‍സിസി ഓഫീസില്‍ ബിഷപ് ഡോ. ജയിംസ് ആനാപറമ്പില്‍ നിര്‍വഹിച്ചു.
കാലത്തിന്റെ പ്രതിസന്ധികളില്‍ പരിശുദ്ധ മറിയം രക്ഷയുടെ മാര്‍ഗം: ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍
എറണാകുളം: ആഴിയുടെ അഗാധതയില്‍ നിന്ന് മീനാക്ഷിയമ്മയെയും കുഞ്ഞിനെയും കൈപിടിച്ച് ഉയര്‍ത്തിയ പരിശുദ്ധ അമ്മ കൊവിഡ് മഹാമാരിയുടെ പിടിയില്‍ നിന്നു ലോകമക്കളെ കരകയറ്റി അനുഗ്രഹിക്കുമെന്ന് വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ.