Breaking News

രോഗങ്ങള്‍ വിലക്കുവാങ്ങുന്ന മലയാളികള്‍

രോഗങ്ങള്‍ വിലക്കുവാങ്ങുന്ന മലയാളികള്‍

ദൈവത്തിന്റെ സ്വന്തം നാടിന് ഇതെന്തുപറ്റി? 2020ല്‍ കേരളീയരുടെ ഭക്ഷണശൈലിയില്‍ പാടെ മാറ്റങ്ങള്‍ വരുത്തണം. രോഗം വിളമ്പുന്ന ഭക്ഷണശാലകള്‍ കേരളത്തിന്റെ ശാപമായി മാറുകയാണ്. ഈയിടെ ഞാന്‍ എറണാകുളത്തുനിന്ന് ആലുവായിലേക്ക് പോകുംവഴി വഴിയോരങ്ങളില്‍ ഹോട്ടലുകള്‍ക്കു മുമ്പില്‍ പ്രദര്‍ശിപ്പിച്ച ഒരു പേര് എന്നെ അക്ഷരാര്‍ത്ഥത്തില്‍ അത്ഭുതപ്പെടുത്തി. ‘കുഴിമന്തി’. ഒന്നല്ല, ഏതാണ്ട് പത്തിലധികം റസ്റ്റോറന്റുകള്‍ക്ക് മുന്നിലാണ് വളരെ വലുപ്പത്തില്‍ ഈ പേരെഴുതിവച്ചിരിക്കുന്നത്. ഞാന്‍ കരിമന്തി എന്നു കേട്ടിട്ടുണ്ട്. കരിങ്കുരങ്ങിന്റെ മറ്റൊരു പേരാണത്. എന്നാല്‍ കുഴിമന്തിയെന്ന് ജീവിത്തിലാദ്യമായി കേള്‍ക്കുകയാണ്. ഞാന്‍ ആദ്യം ഓര്‍ത്തു, ഇത് ഏതോ പുതിയതരം കുരങ്ങിന്റെ മാംസം വേവിച്ചുവച്ചിരിക്കുകയാണെന്ന്. അപ്പോഴാണ് ഡ്രൈവര്‍ പറയുന്നത് ‘അല്ല സര്‍, ഇത് സര്‍ തീര്‍ച്ചയായും കഴിച്ചിരിക്കണം, കോഴിയിറച്ചിയും അരിയും കൂടി മണ്ണിനടിയില്‍ വച്ച് വേവിച്ചുണ്ടാക്കുന്ന ഒരു സൂപ്പര്‍ നമ്പറാണ്. സര്‍ തീര്‍ച്ചയായും കഴിക്കണം’. ഞാന്‍ ഞെട്ടിപ്പോയി, മലയാളികളുടെ ആഹാരവിനോദങ്ങളെപ്പറ്റി അറിഞ്ഞപ്പോള്‍ ആദ്യം കൗതുകവും പിന്നെ ഭയവുമുണ്ടായി. ഇനി എന്തെല്ലാം പ്രശ്‌നങ്ങളാണോ കുഴിമന്തി കേരളത്തില്‍ ഉണ്ടാക്കാന്‍ പോകുന്നത്?
മലയാളിയുടെ ഒരു ശരാശരി ഹോട്ടലിന്റെ പിന്നാമ്പുറത്തേക്ക് ആരെങ്കിലും ഒന്നെത്തിനോക്കിയിട്ടുണ്ടോ? ആര്‍ത്തിയോടെ ആഹാരം കഴിക്കാന്‍ ഇറങ്ങുന്നതിനു മുമ്പ് ഭക്ഷണം പാകപ്പെടുത്തുന്ന അടുക്കളയും പാത്രങ്ങള്‍ കഴുകുന്ന ഇടവുമൊക്കെ ഒന്നു പരിശോധിക്കണം. പിന്നെ നിങ്ങള്‍ ആ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിക്കില്ല. അത്രമാത്രം പരിതാപകരമാണ് നമ്മുടെ ശരാശരി ഭക്ഷണശാലകളുടെ അവസ്ഥ. തട്ടുകടകള്‍, ടീസ്റ്റാള്‍, നാടന്‍ ഭക്ഷണശാല, ഹോട്ടല്‍, റസ്റ്ററന്റ്, ഫുഡ് കോര്‍ട്ട് എന്നീ ഓമനപ്പേരുകളില്‍ കാണുന്ന ഈ സ്ഥാപനങ്ങള്‍ രോഗങ്ങള്‍ വിളമ്പുന്ന കാര്യത്തില്‍ മുന്നിട്ടുനില്‍ക്കുന്നു. പെട്ടെന്ന് വിശപ്പ് മാറ്റാനുള്ള ധൃതിയും ചെലവുകുറവും എല്ലാവരെയും ഇത്തരം ഭണക്ഷശാലകളിലേക്ക് ആകര്‍ഷിക്കുന്നു. ദുര്‍ഗന്ധം വമിക്കുന്ന, വെടിപ്പും വൃത്തിയുമില്ലാത്ത പാചകമുറിയില്‍ അറപ്പുളവാക്കുന്ന കാഴ്ചകളാണ് നാം കാണുക. വൃത്തിയാക്കാത്ത തീന്‍മേശ, വൃത്തിയായി കഴുകാത്ത പ്ലേറ്റുകളും ഗ്ലാസുകളും, പറന്നു നടക്കുന്ന ഈച്ചകള്‍, ചിതറിക്കിടക്കുന്ന ഭക്ഷണാവശിഷ്ടങ്ങള്‍-ഇതെല്ലാം ശരാശരി ഹോട്ടലുകളിലെ സ്ഥിരം ദൃശ്യങ്ങള്‍. ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഷയില്‍ കേരളത്തിലെ ഏതാണ്ട് 70 ശതമാനം ഹോട്ടലുകളുടെയും സ്ഥിതി ഇതു തന്നെ.
ഹോട്ടലുകളിലെ പാചകക്കാര്‍ക്കും സപ്ലയര്‍മാര്‍ക്കും ശുചിത്വപരിശീലനത്തില്‍ ഏറെ നിബന്ധനകള്‍ നിയമപരമായി ഏര്‍പ്പെടുത്തിയിട്ടുണ്ട്. പാചകം ചെയ്യുന്നവര്‍ തലമുടികെട്ടാന്‍ തൊപ്പിവക്കണം. ശുചിയായി വസ്ത്രം ധരിക്കണം, പഴങ്ങളും പച്ചക്കറികളും അരിയുമ്പോള്‍ ഗ്ലൗസ് ഇടണം, അസുഖമുള്ളവര്‍ പാചകമുറിയില്‍ കയറരുത്. പകര്‍ച്ചവ്യാധികളില്ലെന്ന മെഡിക്കല്‍സര്‍ട്ടിഫിക്കറ്റ് കൃത്യകാലയളവില്‍ പരിശോധിച്ച് കരുതിയിരിക്കണം. ഭക്ഷണപദാര്‍ത്ഥങ്ങള്‍ കൈകൊണ്ടെടുത്തു കൊടുക്കരുത്. ഇങ്ങനെ പോകുന്നു നിബന്ധനകളുടെ നീണ്ടപട്ടിക. എന്നാല്‍ ഇതൊക്കെ നിയമാനുസൃതം പാലിക്കുന്ന എത്ര ആളുകളുണ്ടിവിടെ? അതുപോലെ ഇത്തരം ഭക്ഷണശാലകളില്‍ കൃത്യകാലയളവില്‍ പരിശോധനകള്‍ നടത്താനോ കുറ്റക്കാരെ കണ്ടുപിടിക്കാനോ ഒരുമ്പെടുന്ന എത്ര ഉദ്യോഗസ്ഥരുണ്ട് നമുക്കിന്ന്? ഏതെങ്കിലും മാരകമായ വ്യാധികള്‍ പടര്‍ന്നുപിടിക്കുമ്പോള്‍ മാത്രം പേരിന് പരിശോധനക്കിറങ്ങുന്ന ആരോഗ്യപാലകരല്ലേ കൂടുതലും.?
വൈകുന്നേരങ്ങളില്‍ ചന്തയില്‍ വിറ്റുപോകാത്ത കേടായ പച്ചക്കറികളും പഴങ്ങളും വാങ്ങാനുള്ള തിരക്കിലാണ് തട്ടുകടക്കാര്‍. അതുപോലെ പഴകിയ, കുറഞ്ഞതരം മാംസവും മത്സ്യവും വാങ്ങിക്കൂട്ടുന്നു. പിന്നെ അവയെല്ലാം ഏറെ എരിവോടെ ആവിപറക്കുന്ന ചൂടില്‍ ആകര്‍ഷകമായി തീന്‍മേശയില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ ആക്രാന്തത്തോടെ വെട്ടിവിഴുങ്ങുകയല്ലാതെ മറ്റൊന്നും ചിന്തിക്കാന്‍ മലയാളിക്ക് തോന്നില്ല. ഇതുവഴിക്കുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍, ഫുഡ് പോയ്‌സണിംഗ്, ഛര്‍ദ്ദി, അതിസാരം തുടങ്ങി ആമാശയങ്ങളിലെ അള്‍സര്‍വരെ ഒരുവന്റെ ആരോഗ്യനിലയെ തകിടം മറിക്കുന്നു. എന്നാലും പഠിക്കുമോ മലയാളി? ഇല്ല.


Related Articles

വെള്ളാപ്പള്ളിയെ മാറ്റാൻ സർക്കാർ തയ്യാറാകുമോ? കെ എൽ സി എ

കേരള നവോത്ഥാന ചരിത്രത്തിൽ മറക്കാനാവാത്ത സംഭാവനകൾ നൽകിയ ഉദയംപേരൂർ സൂനഹദോസ് പോലുള്ള ചരിത്രസംഭവങ്ങൾ മറന്ന്   ഏതാനും ചില സംഘടനകളെ മാത്രം തിരഞ്ഞുപിടിച്ച് നവോത്ഥാന മതിൽ സൃഷ്ടിക്കാൻ തുനിഞ്ഞ

നെയ്യാര്‍ സംഭവം: പോലീസ് സേനയ്ക്ക് നാണക്കേടുണ്ടായെന്ന് ഡിഐജി

തിരുവനന്തപുരം : നെയ്യാര്‍ ഡാം പൊലീസ് സ്റ്റേഷനില്‍ പരാതിയുമായെത്തിയ ഗൃഹനാഥനെയും മകളെയും പൊലീസുദ്യോഗസ്ഥന്‍ അധിക്ഷേപിച്ച സംഭവത്തില്‍ സേനയ്ക്ക് നാണക്കേടുണ്ടായെന്ന് ഡിഐജിയുടെ അന്വേഷണ റിപ്പോര്‍ട്ട്. പരാതിക്കാരന്‍ പ്രകോപിപ്പിച്ചെന്ന വാദം

നവമാധ്യമങ്ങളിൽ  നിഷ്കളങ്കരുടെ നിസ്സംഗത ആപൽകരം : ബിഷപ് ഡോ. ആർ. ക്രിസ്തുദാസ്

  നല്ല മനുഷ്യരുടെ നിശബ്ദതയാണ് ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. നവമാധ്യമ പ്രവർത്തകർ അവരുടെ നിശബ്ദതയെ പിന്തുണയ്ക്കാതെ, അവരുടെ വക്താക്കളായി മാറണമെന്ന് തിരുവനന്തപുരം ലത്തീൻ അതിരൂപത

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*