രോഗത്തെ സര്‍ഗാത്മകതയുടെ പ്രചോദന ലഹരിയാക്കി മാറ്റിയ ഴാങ്ങ് ഡൊമിനിക് ബോബി

ലോക്ഡ് ഇന്‍ സിന്‍ഡ്രോം അങ്ങനെയുമൊന്നുണ്ട്. കണ്പോളകള് മാത്രം ചിമ്മുവാനല്ലാതെ ശരീരത്തിന്റെ തനതായ യാതൊരു ചേഷ്ടകളും നിര്‍വഹിക്കാന്‍ പറ്റാതെ മരവിച്ചു കിടക്കുന്ന അവസ്ഥ. മസ്തിഷ്കത്തിലെ സെറിബ്രോ മെഡുല്ലോ സ്പൈനല്‍ ബന്ധങ്ങള്‍ പൂര്‍ണമായി വിഘടിച്ച ദുരവസ്ഥയെന്നു വേണമെങ്കില്‍ വൈദ്യഭാഷയില്‍ പറയാം. എന്നാല്‍ അത്ഭുതകരമായ ഒരു സവിശേഷതയുള്ളത് ഈ രോഗം ബാധിച്ചവര്‍ക്ക് ചിന്താപരവും ബൗദ്ധികവുമായ ഗ്രഹണശക്തിയും അവബോധവും കൂടുതലുണ്ട് എന്നതാണ്. ലളിതമായി പറഞ്ഞാല്‍ പുറംലോകത്തു നടക്കുന്ന എല്ലാം അറിയുന്നു, മനസിലാക്കുന്നു. എന്നാല്‍ ഒന്നിനും പ്രതികരിക്കാന്‍ സാധിക്കുകയില്ല. ലോക്ഡ് ഇന്‍ സിന്‍ഡ്രോം എന്ന സവിശേഷമായ രോഗാവസ്ഥയെപ്പറ്റി പറയുവാന്‍ കാരണം നാമെല്ലാവരും കൊവിഡ് മൂലം ലോക്ഡൗണിലായ അവസ്ഥാവിശേഷത്തിലായിരുന്നല്ലോ. പുറംലോകവുമായുള്ള എല്ലാ ബന്ധവുമറ്റ് മറ്റാരോടും മിണ്ടാനാവാതെ ഒരു ഷഡ്പദത്തിന്റെ പ്യൂപ്പയെപ്പോലെ ഒതുങ്ങപ്പെടുന്ന അവസ്ഥ. ലോക്ഡൗണിന്റെ പൂട്ട് ഇപ്പോഴും പൂര്‍ണമായി അഴിച്ചിട്ടില്ല.
പലരേയുമിത് വല്ലാത്തൊരവസ്ഥാവിശേഷത്തിലാണ് കൊണ്ടെത്തിക്കുന്നത്. നിസംഗത, നിരാശ, വിഷാദം, ശൂന്യത, ഭയം അങ്ങനെ നിസഹായതയുടെയും സംഘര്‍ഷങ്ങളുടെയും ഇരുണ്ട പാതകളിലൂടെ ഒരുവനെ കൈപിടിച്ചു കൊണ്ടുപോകുന്നു. നൈരാശ്യവും പരിഭ്രാന്തിയും നിഴലിക്കുന്ന ചിന്തകളോടെ ഓരോരുത്തരും കൊവിഡ് നാളുകളെ തള്ളിനീക്കുന്നു.
എന്നാല്‍ ലോക്ഡൗണ്‍ അവസ്ഥയെക്കാള്‍ ഏറെ സങ്കീര്‍ണവും ഭയാനകവുമായ ലോക്ഡ് ഇന്‍ സിന്‍ഡ്രോ മില്‍ അകപ്പെട്ട ഒരാളുടെ കഥ ഞാന്‍ പറയട്ടെ. അദ്ദേഹം താനകപ്പെട്ട രോഗാതുരമായ അവസ്ഥയെ എപ്രകാരം ക്രിയാത്മകമാക്കിയെന്ന്. 1952ല്‍ പാരീസില്‍ ജനിച്ച് 45-ാം വയസില്‍ ഇഹലോകത്തോട് വിടപറഞ്ഞ പത്രപ്രവര്‍ത്തകനും ഗ്രന്ഥകാരനുമായ ഴാങ്ങ് ഡൊമിനിക് ബോബിയുടെ ജീവിത കഥയാണത്. ഭാര്യ സില്വിയോടും തിയോഫിന്‍, സെലസ്റ്റ എന്ന രണ്ടുമക്കളോടുമൊപ്പം പാരീസില്‍ സുഖമായി ജിവിക്കുന്ന ദിനങ്ങള്‍. അദ്ദേഹം ഫ്രഞ്ച് ഫാഷന്‍ മാസികയായ എല്ലെയുടെ പത്രാധിപനാണ.് വളരെ പ്രഖ്യാതവും പരിശ്രമശാലിയുമായ പത്രപ്രവര്‍ത്തകനായ ഴാങ്ങ് ഡൊമിനികിന് തന്റെ ഔദ്യോഗിക ജീവിതത്തില്‍ പടിപടിയായാണ് ഉയര്‍ച്ചയുണ്ടായത്. സര്‍ഗാത്മകമായ എഴുത്തും ശുദ്ധമായ പത്രാധിപത്യവുമായി തിരക്കോടെ മുന്നോട്ടുപോകവേ പെട്ടെന്നാണത് സംഭവിച്ചത്.
1995 ഡിസംബര്‍ എട്ടാം തിയതി ക്രൗര്യം പൂണ്ട ആവേശത്തോടെ ചീറിയടുത്ത ഒരു സ്ട്രോക് അദ്ദേഹത്തിന്റെ ശരീരത്തെ പൂര്‍ണമായി തളര്‍ത്തിക്കളഞ്ഞു. ഇരുപതു ദിവസങ്ങള്‍ക്കുശേഷം ഉണര്‍ന്നപ്പോള്‍ അദ്ദേഹത്തിന്റെ സംസാരശേഷി നഷ്ടപ്പെട്ടതായും ശരീരം തളര്ന്നവശമായതായും കാണപ്പെട്ടു. ഇടത്തെ കണ്പോള ചലിപ്പിക്കാന്‍ മാത്രം സാധിക്കും. മറ്റെല്ലാം നിര്‍ജീവാവസ്ഥയില്‍. ന്യൂറോളജിസ്റ്റ് രോഗനിര്‍ണയം ചെയ്തു-ലോക്ഡ് ഇന്‍ സിന്‍ഡ്രം.
എന്നാല്‍ ക്രൂരസ്വഭാവിനിയായ വിധിയോടു തോറ്റുകൊടുക്കാന്‍ ഴാങ്ങ് ഡൊമിനിക് തയ്യാറായില്ല എന്നാണ് പിന്നീ്ട് നാം കാണുന്നത്. അവസാനത്തെ പുസ്തകമെഴുതാനുള്ള ആഗ്രഹം സഫലീകരിച്ചുകൊണ്ട് അദ്ദേഹം വിധിക്കുമുമ്പില്‍ അപരാജിതനായി. പുസ്തകം എപ്രകാരം എഴുതപ്പെട്ടു എന്നതാണ് തികച്ചും അവിശ്വസനീയമായ കഥ. ദിവസം നാലുമണിക്കൂര്‍ വീതം എടുത്തുകൊണ്ട് പത്തുമാസം കഴിഞ്ഞപ്പോള്‍ പുസ്തകം എഴുതിത്തീര്‍ത്തു. അതിനു സഹായിച്ചത് സഹപ്രവര്‍ത്തകയായിരുന്ന ക്ലോസെ മെന്‍ഡിബില്‍. ഒരു വലിയ കടലാസു താളില്‍ ക്ലോസെ ഇംഗ്ലീഷ് അക്ഷരമാല എഴുതി. എന്നിട്ട് ഓരോ അക്ഷരത്തിലൂടെയും അവര്‍ വിരലോടിച്ചു. എഴുതേണ്ട അക്ഷരം വരുമ്പോള്‍ ഷോണ്‍ ഡൊമിനിക് കണ്ണ് ചിമ്മും. അങ്ങനെ പെറുക്കിയെടുത്ത അക്ഷരങ്ങള്‍ ചേര്‍ത്തുവച്ച് ഒരു വാക്കുണ്ടാക്കാന്‍ രണ്ട് മിനിട്ടെടുത്തു. അങ്ങനെ 132 പേജുകളുള്ള പുസ്തകം പൂര്‍ത്തിയാക്കാന്‍ ഴാങ്ങ് ഡൊമിനിക് രണ്ട് ലക്ഷം പ്രാവശ്യം കണ്ണ് ചിമ്മി. 1997 മാര്‍ച്ച് ഏഴാം തീയതി വ്രണിതഹൃദയനായ ഒരുവന്റെ കണ്ണുനീര് പറ്റിപ്പിടിച്ച ആത്മകഥാപരമായ അനുസ്മരണം പ്രകാശിതമായി. ഫ്രഞ്ച് ഭാഷയില്‍ രചിക്കപ്പെട്ട ആ ഗ്രന്ഥത്തിന്റെ പേര് ദി ഡൈയിങ്ങ് ബെല്‍ ആന്‍ഡ് ദി ബട്ടര്‍ഫ്ളൈ. പ്രസിദ്ധീകരണദിനം തന്നെ 25000 കോപ്പികള്‍ വില്ക്കപ്പെട്ട ഹൃദയസ്പര്‍ശിയായ ആത്മകഥ. 2007ല്‍ പ്രശസ്ത ഫ്രഞ്ച് സംവിധായകന് ജൂലിയന്‍ ഷ്നാബെല്‍ ആ പുസ്തകമൊന്നു സിനിമയാക്കി. നിരവധി അവാര്‍ഡുകള്‍ കരസ്ഥമാക്കി. പുസ്തകം പ്രസിദ്ധീകരിച്ച് രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ 1997 മാര്‍ച്ച് 9-ാം തീയതി ഴാങ്ങ് ഡൊമിനിക് ബോബി മരണമടഞ്ഞു.
ഉടഞ്ഞുതകര്‍ന്ന ജീവിതത്തിന്റെ അവശിഷ്ടങ്ങള്‍ ആര്‍ദ്രമായ ഓര്മപ്പാടുകളിലൂടെ കണ്ണുനീര് മുക്കിയെഴുതപ്പെട്ട ഈ ഗ്രന്ഥം അവിസ്മരണീയമാക്കുന്നത്, ഇരുട്ടില്‍ തപ്പിതടയുന്നവര്‍ക്ക് ചേര്‍ത്തു പിടിക്കാവുന്ന പ്രകാശഗോപുരമായിട്ടാണ്. കാലഘട്ടത്തിന്റെ നേരെ നോക്കി തീ പിടിച്ച മനോവ്യഥകളെ കരളലിയിക്കുന്ന രചനാവൈഭവത്തിലൂടെ കോറിയിടുന്ന അക്ഷരങ്ങള്‍ മനുഷ്യമനസുകളെ നൊമ്പരപ്പെടുന്നതോടൊപ്പം നമ്മെ പ്രകാത്തിലേക്കും പ്രത്യാശയിലേക്കും കൈപിടിച്ചു കൊണ്ടുപോകുന്നു. മരണത്തിലേക്കു വലിച്ചിഴച്ച രോഗത്തെ സര്‍ഗാത്മകതയുടെ പ്രചോദന ലഹരിയാക്കിമാറ്റിയ ഴാങ്ങ് ഡോമിനിക് ബോബി, താങ്കളെ നമിക്കുന്നു.
Related
Related Articles
കുമ്പളങ്ങി ആസ്പദമായ ഡോക്യുമെന്ററിക്ക് അന്താരാഷ്ട്ര ബഹുമതി
കൊച്ചി: അഫ്ഗാന് വിദ്യാര്‍ത്ഥിനിയുടെ ഡോക്കുമെന്ററിക്ക് അന്താരാഷ്ട്ര അവാര്‍ഡ്. കാബൂളില്‍ നടന്ന വനിതകള്‍ക്ക് വേണ്ടിയുള്ള അന്താരാഷ്ട്ര ചലചിത്ര മേളയിലാണ് അംഗീകാരം. നാഷണല്‍ കാറ്റഗറിയില്‍ മികച്ച എഡിറ്റിങ്ങിനുള്ള പുരസ്കാരമാണ് ഡോക്യുമെന്ററിക്ക്
വെള്ളാപ്പള്ളി നടേശന് നടത്തിയ പ്രസ്താവന തരംതാണതും അനുചിതവുമാണെന്ന് കെസിവൈഎം സംസ്ഥാന സമിതി
കൊച്ചി: കേരള നവോത്ഥാനത്തില്‍ ക്രിസ്ത്യന്‍-മുസ്ലിം വിഭാഗങ്ങള്‍ ഉള്‍പ്പെടുന്ന ന്യൂനപക്ഷങ്ങള്‍ക്ക് പങ്കില്ലെന്ന തരത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് നടത്തിയ പ്രസ്താവന തരംതാണതും അനുചിതവുമാണെന്ന് കെസിവൈഎം
അനന്യ മഹിമയുടെ അനശ്വര ദീപ്തി
സ്വര്‍ഗവും കാലവും തങ്ങള്‍ക്കായി കാത്തുവച്ച സുകൃതം നിറഞ്ഞ പ്രേഷിതഭൂമിയായാണ് കര്‍മ്മലീത്താ മിഷണറിമാര്‍ മലയാളനാടിനെ ഹൃദയത്തിലേറ്റിയത്. കേരളത്തിലെ കത്തോലിക്കാസഭയുടെ നിലനില്പും ചരിത്രഭാഗധേയവും നിര്‍ണയിച്ച ദൈവിക ഇടപെടലിന്റെ വലിയ