റോമിലെ ഒക്‌ടോബര്‍ വിസ്മയം

റോമിലെ ഒക്‌ടോബര്‍ വിസ്മയം

സുവിശേഷത്തിന്റെ ആനന്ദത്തിനു പകരം ലോകത്തിന്റെ പല ഭാഗത്തും ദൈവജനം കടുത്ത സങ്കടത്തിലും കോപത്തിലും നിരാശയിലുമാണ്ടിരിക്കെ, യുവജനങ്ങളും വിശ്വാസവും ദൈവവിളി വിവേചിച്ചറിയലും സംബന്ധിച്ച വിചിന്തനങ്ങള്‍ക്കായി സാര്‍വത്രിക കത്തോലിക്കാ സഭയിലെ മെത്രാന്മാരുടെ സിനഡിന്റെ പതിനഞ്ചാമത് സാധാരണ പൊതുസമ്മേളനം വത്തിക്കാനില്‍ പുരോഗമിക്കുകയാണ്. ‘ആശയങ്ങളെക്കാള്‍ വലുതാണ് യാഥാര്‍ഥ്യങ്ങള്‍’ എന്ന റൊമാനോ ഗുവാര്‍ദീനിയുടെ ദൈവശാസ്ത്ര ദര്‍ശനം തന്റെ അജപാലനശുശ്രൂഷയുടെ അടയാളവാക്യം പോലെ കൊണ്ടുനടക്കുന്ന ഫ്രാന്‍സിസ് പാപ്പ സഭ ഇന്നു നേരിടുന്ന സംഘര്‍ഷങ്ങളുടെയും പ്രതിസന്ധിയുടെയും യാഥാര്‍ഥ്യങ്ങള്‍ സഹോദര മെത്രാന്മാരുടെ കൂട്ടായ്മയിലൂടെ യുവജനങ്ങളുമായി പങ്കുവയ്ക്കാന്‍ ശ്രമിക്കുന്നു. യുവാക്കള്‍ക്ക് ‘വൂ-ഹൂ’ എന്ന് ആര്‍ത്തുവിളിക്കാന്‍ പാകത്തില്‍ ഈ സിനഡില്‍ ഒക്‌ടോബര്‍ വിസ്മയം സംഭവിക്കുമോ?
സിനഡ് സമ്മേളനം ഏതാണ്ട് പാതിവഴിയെത്തുമ്പോള്‍, വരുന്ന ഞായറാഴ്ച പരിശുദ്ധ പിതാവ് ഇരുപതാം നൂറ്റാണ്ടിന്റെ രണ്ട് ഉജ്വല പ്രതീകങ്ങളായ പോള്‍ ആറാമന്‍ പാപ്പയെയും എല്‍ സാല്‍വഡോറിലെ രക്തസാക്ഷിയായ ആര്‍ച്ച്ബിഷപ് ഓസ്‌കര്‍ റൊമേരോയെയും വാഴ്ത്തപ്പെട്ടവരായ മറ്റ് അഞ്ചുപേര്‍ക്കൊപ്പം വിശുദ്ധരായി പ്രഖ്യാപിക്കും. മെത്രാന്മാരുടെ സിനഡ് സംവിധാനത്തിന്റെ സ്ഥാപകന്‍ കൂടിയായ പോള്‍ ആറാമന്‍ പാപ്പയെ ‘സിനഡാലിറ്റി, കൊളീജിയാലിറ്റി’ എന്ന മനോജ്ഞ സംജ്ഞയുടെ മഹനീയ സാക്ഷാത്കാരത്തില്‍ വിശുദ്ധനായി നാമകരണം ചെയ്യുന്നു എന്നത് അര്‍ഥവത്താണ്.
ആധുനിക കാലത്തിന്റെ, മാറുന്ന ലോകത്തിന്റെ അടയാളങ്ങള്‍ തിരിച്ചറിഞ്ഞ് സഭയില്‍ നവീകരണത്തിന്റെ പുതുജീവനും ഉണര്‍വും നവസുവിശേഷവത്കരണ ചൈതന്യവും നിറച്ച രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ (1962-65) പിതാവാണ് ജൊവാന്നി ബത്തിസ്ത മൊന്തീനി എന്ന പോള്‍ ആറാമന്‍ പാപ്പ. മൊന്തീനി ഇല്ലായിരുന്നെങ്കില്‍ ഒരുപക്ഷെ കൗണ്‍സില്‍ ഉണ്ടാകുമായിരുന്നില്ല എന്നാണ് വിശുദ്ധരുടെ നാമകരണത്തിനായുള്ള വത്തിക്കാന്‍ കാര്യാലയത്തിലെ കണ്‍സള്‍ട്ടര്‍ മോണ്‍. ഗുയീദോ മത്‌സോത്താ ഇക്കഴിഞ്ഞ ദിവസം സാക്ഷ്യപ്പെടുത്തിയത്. വിശുദ്ധ ജോണ്‍ ഇരുപത്തിമൂന്നാമന്‍ പാപ്പയാണ് വത്തിക്കാന്‍ കൗണ്‍സില്‍ വിളിച്ചുചേര്‍ത്തതെങ്കിലും പോള്‍ ആറാമനാണ് അതിന്റെ നാല് വര്‍ക്കിങ് സെഷനുകളില്‍ മൂന്നെണ്ണത്തിന്റെയും മേല്‍നോട്ടം വഹിച്ചതും അതിരൂക്ഷ വിമര്‍ശങ്ങളെയും ചെറുത്തുനില്പുകളെയും അതിജീവിച്ച് വിപ്ലവകരമായ കൗണ്‍സില്‍ ഡിക്രികള്‍ 1978ല്‍ സ്വര്‍ഗീയ സമ്മാനത്തിനു വിളിക്കപ്പെടും വരെ ധീരമായി നടപ്പാക്കിയതും.
സഭാനിയമപ്രകാരം രണ്ടാം വത്തിക്കന്‍ കൗണ്‍സില്‍ ജോണ്‍ ഇരുപത്തിമൂന്നാമന്‍ പാപ്പയോടൊപ്പം കാലംചെയ്യേണ്ടതായിരുന്നു. എന്നാല്‍ അത് നിര്‍വിഘ്‌നം തുടര്‍ന്നുകൊണ്ടുപോകാനാണ് പോള്‍ ആറാമന്‍ തീരുമാനിച്ചത്. 1963 സെപ്റ്റംബറില്‍ ആരംഭിച്ച രണ്ടാം സമ്മേളനത്തില്‍തന്നെ അതിന് നിയത രൂപം നല്‍കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു.
ജോണ്‍ ഇരുപത്തിമൂന്നാമന്‍ കൗണ്‍സില്‍ വിളിച്ചുകൂട്ടുന്ന കാര്യം 1959 ജനുവരി 25ന് ആദ്യമായി ലോകത്തെ അറിയിച്ചതിന്റെ പിറ്റേന്ന് മിലാനിലെ ആര്‍ച്ച്ബിഷപ്പായിരുന്ന കര്‍ദിനാള്‍ മൊന്തീനി തന്റെ ജന്മസ്ഥലമായ ലൊംബാര്‍ദിയില്‍ നിന്നുള്ള വൈദികവിദ്യാര്‍ഥികളുടെ ഒരു സംഘവുമായി കൂടിക്കാഴ്ച നടത്തി. അവരോടൊപ്പമുണ്ടായിരുന്ന റെക്ടര്‍, മൊന്തീനിയുടെ ചിരമിത്രം, അദ്ദേഹത്തോട് കൗണ്‍സില്‍ സമ്മേളിക്കുന്നതിനെക്കുറിച്ച് സൂചിപ്പിച്ചപ്പോള്‍ പ്രതീക്ഷിച്ച ആവേശമൊന്നും കാണിക്കാതെ ഏറെ ചിന്താകുലനായാണ് മൊന്തീനി പ്രതികരിച്ചത്: ‘കൗണ്‍സില്‍ വിളിച്ചുകൂട്ടുന്നതിന്റെ പ്രത്യാഘാതമെന്തെന്ന് അങ്ങയ്ക്ക് മനസിലാവില്ല.’
വലിയ പ്രതീക്ഷകളോടെയാവും ഇത്രയും ബൃഹത്തായ എക്യുമെനിക്കല്‍ കൗണ്‍സില്‍ വിളിച്ചുകൂട്ടുന്നത്. എന്നാല്‍ ഒട്ടും പ്രതീക്ഷിക്കാത്ത ദിശയിലേക്ക് അതു നീങ്ങിയെന്നിരിക്കും. സഭാചരിത്രത്തില്‍ പല കൗണ്‍സിലുകളും നിര്‍ണായക വഴിത്തിരിവും അപരിമേയ നന്മകളുടെയും കൃപകളുടെയും വിശ്വാസസ്ഥൈര്യത്തിന്റെയും പ്രമാണരേഖകളും സമ്മാനിച്ചിട്ടുണ്ടെങ്കിലും ചില സമ്മേളനങ്ങള്‍ ശീശ്മയിലും ആപല്‍ക്കരമായ ഭിന്നിപ്പിലുമാണ് പര്യവസാനിച്ചിട്ടുള്ളത്. പലപ്പോഴും പ്രവചനാതീതമാണ് ഫലശ്രുതി.
രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ സമാപനത്തില്‍, 1965ല്‍ പോള്‍ ആറാമന്‍ മെത്രാന്മാരുടെ സിനഡിനു രൂപം നല്‍കിയത് ലോകമെങ്ങുമുള്ള പ്രാദേശിക സഭകളുടെ അജപാലകര്‍ക്ക് സാര്‍വത്രിക സഭയുടെ നടത്തിപ്പില്‍ പങ്കാളിത്തം ഉറപ്പുവരുത്തി കൗണ്‍സിലിന്റെ തുടര്‍ച്ചയ്ക്കുള്ള സ്ഥിരം സംവിധാനമായി അതിനെ നിലനിര്‍ത്തുക എന്ന ഉദ്ദേശ്യത്തോടെയാണ്.
കൗണ്‍സിലിന്റെ കാര്യത്തിലെന്നപോലെ സിനഡുകളും എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ച് പ്രക്ഷുബ്ധമായ അവസ്ഥാവിശേഷം സൃഷ്ടിച്ചേക്കാം. ‘ആനുകാലിക ലോകത്തെ സഭയില്‍ കുടുംബത്തിന്റെ വിളിയും ദൗത്യവും’ എന്ന വിഷയത്തില്‍ 2014 ഒക്‌ടോബറില്‍ അസാധാരണ സിനഡ് സമ്മേളനവും – ചരിത്രത്തില്‍ മൂന്നാമത്തേത് – 2015 ഒക്‌ടോബറില്‍ സിനഡിന്റെ സാധാരണ പൊതുസമ്മേളനവും വിളിച്ചുചേര്‍ക്കുകയും തുടര്‍ന്ന് നാലര മാസത്തിനകം അവയെ ആധാരമാക്കി ‘സ്‌നേഹത്തിന്റെ സന്തോഷം’ (അമോരിസ് ലെത്തീസിയ) എന്ന അപ്പസ്‌തോലിക പ്രബോധനം ഇറക്കുകയും ചെയ്തപ്പോള്‍ ഫ്രാന്‍സിസ് പാപ്പ അതിന്റെ പേരില്‍ ഉയര്‍ന്നുവരാനിരിക്കുന്ന വിവാദങ്ങളെ മുന്‍കൂട്ടി കണ്ടുകാണുകയില്ല.
സിനഡ് ചര്‍ച്ചകളുടെ പോക്കില്‍ പൊതുവെ തൃപ്തരല്ലാത്തവര്‍ ഒരുവേള നടപടിക്രമങ്ങളെയും സമവായമില്ലാത്ത തര്‍ക്കവിഷയങ്ങളില്‍ സിനഡ് ജനറല്‍ സെക്രട്ടേറിയറ്റിന്റെ ഇടപെടലുകളെയും മുന്‍നിര്‍ത്തി കലാപത്തിനു മുതിര്‍ന്നേക്കാം. ഇക്കുറി സിനഡിന് ഒരുക്കമായി രാജ്യാന്തര തലത്തില്‍ തിരഞ്ഞെടുത്ത യുവജന പ്രതിനിധികളുടെ സമ്മേളനം കഴിഞ്ഞ മാര്‍ച്ചില്‍ റോമില്‍ വിളിച്ചുചേര്‍ത്ത് തയാറാക്കിയ ‘ഇന്‍സ്ത്രുമെന്തും ലബോറിസ്’ എന്ന പ്രവര്‍ത്തനരേഖ ഉത്തരാധുനിക സാമൂഹികശാസ്ത്ര വിശകലനത്തില്‍ ഏറെ ശ്രദ്ധ പതിപ്പിച്ചിട്ടുണ്ടെങ്കിലും തിരുവചനത്തിലും ദൈവശാസ്ത്രത്തിലും വിശ്വാസത്തിലും വേണ്ടത്ര ഊന്നല്‍ നല്‍കുന്നില്ലെന്ന് ചില നിരീക്ഷകര്‍ കുറ്റപ്പെടുത്തിയിരുന്നു. പോള്‍ ആറാമന്‍ പാപ്പയുടെ ‘ഹ്യുമാനെ വീത്തെ’ ചാക്രികലേഖനത്തിലും വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയുടെ ‘ശരീരത്തിന്റെ ദൈവശാസ്ത്ര’ പഠനങ്ങളിലും കാണാവുന്ന മാനവസ്‌നേഹത്തിന്റെ ധര്‍മശാസ്ത്ര ദര്‍ശനത്തിന്റെ നിഴല്‍പോലും ഇരുപത്തൊന്നാം നൂറ്റാണ്ടിലെ യുവജനങ്ങളെ പ്രചോദിപ്പിക്കേണ്ട സിനഡല്‍ അനുധാവനത്തിന്റെ മാര്‍ഗരേഖയിലില്ല എന്നത് അപര്യാപ്തതയായി അവര്‍ കാണുന്നു.
ദേശീയ മെത്രാന്‍ സമിതി അധ്യക്ഷനായിരുന്ന ആദ്യത്തെ പാപ്പയാണ് ഫ്രാന്‍സിസ്. രണ്ടുവട്ടം അദ്ദേഹം അര്‍ജന്റീനയിലെ മെത്രാന്‍ സമിതിയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ബ്രസീലിലെ അപാരെസീദയില്‍ 2007ല്‍ ചേര്‍ന്ന ലാറ്റിന്‍ അമേരിക്കന്‍-കരീബിയന്‍ മെത്രാന്‍ സമിതി കൂട്ടായ്മയുടെ (സെലാം) വിഖ്യാതമായ പ്രഖ്യാപനത്തിന്റെ കരടു തയാറാക്കിയതില്‍ അധ്യക്ഷനായിരുന്നത് കര്‍ദിനാള്‍ ഹോര്‍ഹെ ബെര്‍ഗോളിയോ ആയിരുന്നു. 2001 സെപ്റ്റംബറില്‍ റോമില്‍ സമ്മേളിച്ച മെത്രാന്‍ സിനഡിന്റെ അധ്യക്ഷത വഹിക്കാനുള്ള നിയോഗവും കര്‍ദിനാള്‍ ബെര്‍ഗോളിയോയ്ക്കുണ്ടായി. ന്യൂയോര്‍ക്കിലെ ട്വിന്‍ ടവറുകള്‍ക്കുനേരെ ഭീകരാക്രമണമുണ്ടായതിന്റെ പശ്ചാത്തലത്തില്‍ കര്‍ദിനാള്‍ എഡ്വേര്‍ഡ് എഗാന്‍ പെട്ടെന്ന് അമേരിക്കയിലേക്കു മടങ്ങിയപ്പോള്‍ പകരക്കാരനായി റിലേറ്റര്‍ ജനറലാവുകയായിരുന്നു അദ്ദേഹം.
ലൈംഗിക പെരുമാറ്റദൂഷ്യം സംബന്ധിച്ച് സഭാശുശ്രൂഷകര്‍ക്കെതിരെ പല ഭൂഖണ്ഡങ്ങളിലും ഉയര്‍ന്നിട്ടുള്ള അപവാദങ്ങള്‍, ലൈംഗികത, വനിതകളുടെ പങ്കാളിത്തം, ചില ധാര്‍മിക നിലപാടുകളിലെയും ദൈവശാസ്ത്ര സമീപനങ്ങളിലെയും കൗദാശിക നിഷ്ഠകളിലെയും അവ്യക്തത തുടങ്ങിയ വിഷയങ്ങള്‍ ദൈവജനത്തെ, വിശേഷിച്ച് യുവജനങ്ങളെ, അലട്ടുന്നുണ്ട്. സിനഡ് ചര്‍ച്ചകള്‍ ക്രോഡീകരിക്കുമ്പോള്‍, സുവിശേഷത്തില്‍ അധിഷ്ഠിതമായ നവദര്‍ശനവും രക്ഷയുടെ പുത്തന്‍ അജപാലന തന്ത്രങ്ങളും ഉരുത്തിരിയുമെങ്കില്‍ അത് അത്ഭുതകരമാകും. സിനഡ് അന്തിമമായി എന്തു നിര്‍ദേശിച്ചാലും പരിശുദ്ധ സിംഹാസനത്തിന്റെ മുദ്രയുള്ള പ്രബോ
ധനരേഖയായി അവതരിപ്പിക്കുമ്പോഴാണ് അതിന് നിയമസാധുത കൈവരിക. 1971ലെ ‘ലോകത്തില്‍ നീതി’ ആണ് സിനഡ് നേരിട്ട് ഇറക്കിയ ഏക പ്രബോധനരേഖ.


Tags assigned to this article:
Popefrancissynodyouth

Related Articles

സുശാന്ത് സിംഗ് രാജ്പുട്ടിന്റെ മരണം സംസാരിക്കുന്നു

ഞാൻ സുശാന്ത് സിങ്ങ് രാജ്പുട്ടിന്റെ സിനിമകൾ കണ്ടിട്ടില്ല. ആരാധകനല്ല. എങ്കിലും ഒരുപാട് പേരേ അസ്വസ്ഥപ്പെടുത്തുന്ന ഈ മരണം എന്നെയും വേദനിപ്പിക്കുന്നു. അയാൾ സ്വയം മരണത്തിലേക്ക് നടന്നതാവാം എന്ന

കൊച്ചി രൂപതാതല സിനഡ് ഉദ്ഘാടനം

  കൊച്ചി. 2O23-ൽ റോമിൽ നടക്കുന്ന ആഗോള കത്തോലിക്കാ സഭ സിനഡിൻ്റെ കൊച്ചി രൂപതാതല ഉദ്ഘാടനം കൊച്ചി രൂപതാ മെത്രാൻ ഡോ. ജോസഫ് കരിയിൽ നിർവഹിച്ചു. ഫോർട്ടുകൊച്ചി

വൈറസിനും തിരകള്‍ക്കുമിടയില്‍
മുങ്ങിപ്പോകുന്ന രോദനങ്ങള്‍

രാജ്യത്ത് ആദ്യമായി കൊവിഡ് സമൂഹവ്യാപനം ഔദ്യോഗികമായി സ്ഥിരീകരിച്ച കേരളത്തിലെ തീരദേശത്ത് ദുരിതക്കടല്‍ ഇരമ്പിയാര്‍ക്കുമ്പോള്‍, ജീവിതം വഴിമുട്ടിയ മനുഷ്യരുടെ ചങ്കുപിളര്‍ക്കുന്ന നിലവിളിക്കുള്ള പ്രത്യുത്തരം ഇനിയും നിരര്‍ഥകമായ വീണ്‍വാക്കുകളാകരുത്. കൊറോണവൈറസ്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*