ലത്തീന്‍ കത്തോലിക്കാദിനം പൈതൃകസ്മരണകള്‍ ഉണര്‍ത്തിയെടുക്കാന്‍!

Print this article
Font size -16+
കേരള ലത്തീന്‍ കത്തോലിക്കാസഭ ഡിസംബര്‍ അഞ്ചാം തീയതി ‘ലത്തീന്‍ കത്തോലിക്കാദിന’മായി ആചരിക്കുകയാണ്. വിശുദ്ധ ഫ്രാന്‍സീസ് സേവ്യറിന്റെ തിരുനാള്‍ ദിനമായ ഡിസംബര്‍ മൂന്നാം തീയതി കഴിഞ്ഞുവരുന്ന ഞായറാഴ്ചയാണ് ഈ ദിനാചരണത്തിനായി നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നത്. കൊവിഡ് നിയന്ത്രണങ്ങളുള്ളതിനാല്‍ ഓണ്‍ലൈനിലായിരിക്കും സംസ്ഥാനതലത്തിലുള്ള ദിനാചരണം. പൈതൃക സ്മരണകള്‍ ഓര്‍ത്തെടുത്ത് ഉണര്‍ത്തി നിര്‍ത്താനും ഭാവിയിലേയ്ക്ക് കൂടുതല്‍ കരുത്തോടെ മുന്നേറാനും ഈ ദിനാചരണം സഹായിക്കും.
ഇസ്രായേലിന്റെ ഏറ്റവും വലിയ തിരുന്നാളായ പെസഹാ ആചരണത്തിന്റെ വിധികളുടെ വിശദമായ വിവരണം പുറപ്പാടിന്റെ പുസ്തകം പന്ത്രണ്ടാമധ്യായത്തില്‍ കാണാം. ആണ്ടുതോറുമുള്ള ഒരു സ്മരണാദിനമായി ഇത് ആചരിക്കപ്പെടണമെന്ന് നിര്‍ദ്ദേശമുണ്ടായിരുന്നു. വാഗ്ദാനഭൂമിയില്‍ എത്തിച്ചേര്ന്നതിനുശേഷവും തുടരേണ്ട ഒരു ആചരണമായിരുന്നു ഇത്. ”ഇതിന്റെ അര്‍ത്ഥമെന്താണെന്നു നിങ്ങളുടെ മക്കള്‍ ചോദിക്കുമ്പോള്‍” തങ്ങള്‍ കടന്നുപോന്ന വഴികളുടെ ചരിത്രം അവര്‍ക്കു മുതിര്‍ന്നവര്‍ പറഞ്ഞുകൊടുക്കണമെന്നും കല്പനയുണ്ടായിരുന്നു. ചരിത്രജ്ഞാനം തലമുറകള്‍ക്കു പകര്‍ന്നുകൊടുത്ത് ജനത്തിന്റെ ആത്മബോധം ഉറപ്പിക്കാനും ഭാവിപ്രവര്‍ത്തനങ്ങള്‍ ഈ അടിത്തറയില്‍ പണിതുയര്‍ത്താനുമുള്ള ലക്ഷ്യമായിരുന്നു ഇതിനു പിന്നില്‍. ലത്തീന്‍ കത്തോലിക്കാദിനാചരണത്തില് ഇതിനു സമാനമായ ആചരണരീതികള്‍ ഇടവകകളിലെങ്കിലും നടത്താന്‍ കഴിഞ്ഞാല്‍ നമ്മുടെ സ്വത്വബോധത്തിന് ഉറപ്പും ഭാവ്യുന്മുഖമായ തുറവിയും ലഭിക്കും എന്നു ഞാന്‍ കരുതുന്നു.
കേരളത്തിലെ മത, സാമൂഹിക, സാംസ്കാരിക രംഗത്ത് പിന്നീട് വലിയ മുന്നേറ്റങ്ങളായിത്തീര്ന്ന പലതിന്റെയും തുടക്കത്തിന്റെ അവകാശികളാണ് നമ്മള്. ഈ തുടക്കങ്ങളെ കണ്ടില്ലെന്നു നടിച്ച്, ഇതിന്റെ തുടര്‍ച്ചകളെ, വളര്‍ച്ചകളെ, പ്രച്ഛന്നവേഷമണിയിച്ച് തുടക്കങ്ങളായി അവതരിപ്പിക്കുന്ന ചരിത്രരചനാരീതി വിരളമല്ല. സ്വത്വബോധത്തിന്റെ തിരിച്ചറിവില്‍ ചരിത്രത്തിന്റെ പുനര്‍വായനകള്‍ വേണ്ടിവരുന്നു. ചരിത്രത്തിന്റെ പൊളിച്ചെഴുത്തുപോലും ചിലപ്പോള്‍ വേണ്ടിവരും.
വിസ്മൃതമായിക്കിടക്കുന്ന പൈതൃകങ്ങളുടെ കാര്യമെടുക്കുക. 1889-ല്‍ പ്രസിദ്ധീകൃതമായ ‘ഇന്ദുലേഖ’യാണ് മലയാളത്തിലെ ആദ്യ നോവല്‍. 1906-ല്‍ കോട്ടയം സി.എം.എസ്. പ്രസ്സില്‍ അച്ചടിച്ച വാര്യത്ത് ചോറി പീറ്ററിന്റെ ‘പരിഷ്ക്കാര വിജയം – ഒരു പുതിയ മാതിരി കഥ’ യാണ് രണ്ടാമത്തെ സാമുദായിക നോവല്‍. കൊച്ചി സാന്താക്രൂസ് ഹൈസ്ക്കൂളിലെ അധ്യാപകനായിരുന്നു ചോറി പീറ്റര്‍. ചെല്ലാനം എന്ന തീരദേശത്തെ ലത്തീന്‍ കത്തോലിക്കരുടെ സാമൂഹിക ചരിത്രം ഇതിലുണ്ട്. വിവാഹം, ജ്ഞാനസ്നാനം തുടങ്ങിയവയോടു ബന്ധപ്പെട്ട ആചാരങ്ങള്‍ കുടുംബങ്ങളെ സാമ്പത്തിക പ്രതിസന്ധിയിലാക്കുന്നതും അതിനെതിരായ പരിഷ്കാരങ്ങളുടെ വിജയവിവരണവും ഈ നോവലിലുണ്ട്. മലയാളത്തില്‍ ബോധധാരാസമ്പ്രദായം പരിചയപ്പെടുത്തിയത് പോഞ്ഞിക്കര റാഫിയുടെ ‘സ്വര്‍ഗ്ഗദൂതന്‍’ എന്ന നോവലാണ്. ചവിട്ടുനാടകത്തിന് ആധികാരികഗ്രന്ഥം എഴുതിയ റാഫിയുടെ പത്നി സെബീനാ റാഫിയെയും അധികമാരും അറിയുന്നില്ല. ഇത്തരം പൈതൃകങ്ങളെ പരിചയപ്പെടുകയും പരിചയപ്പെടുത്തുകയും ചെയ്യേണ്ടേ? ലത്തീന്‍ കത്തോലിക്കരാണ് യഥാര്‍ത്ഥത്തില്‍ റോമന്‍ കത്തോലിക്കര്‍ എന്നത് ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടത് ഈ വര്‍ഷമാണ് എന്നോര്‍ക്കുമല്ലോ.
ജെ.ബി. കോശി കമ്മീഷനു സമര്‍പ്പിക്കാനുള്ള ലത്തീന്‍ കത്തോലിക്കാ അവകാശപത്രിക തയ്യാറാക്കാന്‍ എല്ലാ രൂപതകളും കാണിച്ച താത്പര്യം സന്തോഷത്തോടെ ഓര്‍ക്കുന്നു. വലിയൊരു വിവരസംഭരണിയാണ് നമുക്ക് ഇതുവഴി കയ്യില്‍ കിട്ടിയിരിക്കുന്നത്. ഭാവിപ്രവര്‍ത്തനങ്ങള്‍ക്കു ശാസ്ത്രീയമായ അടിത്തറയാവാന്‍ ഈ ഡാറ്റാബാങ്കിനു കഴിയും. കെആര്‍എല്‍സിസിയുടെ സെക്രട്ടേറിയേറ്റിന്റെ മുന്കൈഎടുപ്പിലാണ് ഈ രേഖ തയ്യാറാക്കപ്പെട്ടത്. അവരും അവരോടു സഹകരിച്ച അല്മായ നേതാക്കളും ഭാവിക്കായി ചെയ്ത വലിയ സേവനമാണിതെന്ന് നന്ദിപൂര്‍വ്വം ഓര്‍ക്കുന്നു.
വളര്‍ച്ചയുടെ പാതയിലാണ് നമ്മുടെ സമൂഹം എന്ന ഓര്‍മ്മയില്‍ ലത്തീന്‍ കത്തോലിക്കാദിനം ഉചിതമായ രീതിയില്‍ നമുക്ക് ആചരിക്കാം.
Related
Related Articles
സ്റ്റാന്‍ സ്വാമിയെ വിട്ടുകിട്ടണമെന്ന ആവശ്യവുമായി ജെസ്യൂട്ട് വൈദീകര്‍
മുംബൈ: ഭീമ കൊറെഗാവ് കേസുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന സ്റ്റാന്‍ സ്വാമിയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ജസ്യൂട്ട് പുരോഹിതര്‍ രംഗത്ത്. ബാന്ദ്രയിലെ സെന്റ് പീറ്റേഴ്സ് ദേവാലയത്തിനു മുമ്പില്‍ സ്റ്റാന്‍
വിശുദ്ധപദം ആഘോഷമാക്കി കമുകിന്‍കോട് ദേവാലയം
നെയ്യാറ്റിന്‍കര: ദേവസഹായത്തിന്റെ വിശുദ്ധപദ പ്രഖ്യാപനത്തോട് അനുബന്ധിച്ച് കമുകിന്‍കോട് സെന്റ് ആന്റണീസ് ദേവാലയത്തില്‍ ഭക്തിസാന്ദ്രമായി ആഘോഷങ്ങള്‍ നടന്നു. മേയ് 15ന് രാവിലെ അര്‍പ്പിച്ച ദിവ്യബലിയില്‍ കൊല്ലം രൂപത ബിഷപ്
പ്രവാസികള്‍ക്ക് ചികിത്സാ സൗകര്യം ഒരുക്കണം: കെസിബിസി
കൊച്ചി: കൊവിഡ്-19 അതിവേഗം പടരുന്ന സഹചര്യത്തില്‍ പ്രവാസി മലയാളികള്‍ക്ക് ചികിത്സാസൗകര്യവും മറ്റു സുരക്ഷാക്രമീകരണങ്ങളും ഏര്‍പ്പെടുത്തുന്നതിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഭാഗത്തുനിന്ന് അടിയന്തര തീരുമാനവും നടപടികളുമുണ്ടാകണമെന്ന് കെസിബിസി. ഇക്കാര്യത്തില്‍ പ്രധാനമന്ത്രിയുടെയും
No comments
Write a comment
No Comments Yet!
You can be first to comment this post!