ലത്തീന്‍ സമുദായത്തിന്റെ രാഷ്ട്രീയ മുന്നേറ്റത്തിന് കര്‍മ്മപദ്ധതികള്‍

ലത്തീന്‍ സമുദായത്തിന്റെ രാഷ്ട്രീയ മുന്നേറ്റത്തിന് കര്‍മ്മപദ്ധതികള്‍

എറണാകുളം: അധികാര പങ്കാളിത്തം നീതിസമൂഹത്തിന് എന്ന വിഷയം കേന്ദ്രീകരിച്ച് ജൂലൈ 12 മുതല്‍ 14 വരെ കൊല്ലം കൊട്ടിയം ക്രിസ്തുജ്യോതിസ് ആനിമേഷന്‍ സെന്ററില്‍ നടത്തുന്ന കേരള റീജിയന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ (കെആര്‍എല്‍സിസി) ജനറല്‍ അസംബ്ലിയില്‍ തദ്ദേശസ്വയംഭരണ സ്ഥാനപനങ്ങളില്‍ ഉള്‍പ്പെടെ ജനസംഖ്യാനുപാതികമായ പങ്കാളിത്തം നേടിയെടുക്കുന്നതിന് ലത്തീന്‍ സമുദായത്തിന്റെ രാഷ്ട്രീയ മുന്നേറ്റത്തിനായുള്ള കര്‍മ്മപദ്ധതികള്‍ പ്രഖ്യാപിക്കും. ത്രിതല പഞ്ചായത്ത്, മുനിസിപ്പല്‍, കോര്‍പറേഷന്‍ നേതൃതലം മുതല്‍ പാര്‍ലമെന്റില്‍ വരെ സേവനം ചെയ്യുന്ന സമുദായാംഗങ്ങളായ ജനപ്രതിനിധികളുടെയും രാഷ്ട്രീയ, ട്രേഡ് യൂണിയന്‍ രംഗത്തെ ജില്ലാ, സംസ്ഥാന, ദേശീയ നേതാക്കളുടെയും സംഗമവും അവരുമായുള്ള സംവാദവും ഇതോടൊപ്പം നടത്തും.
സമുദായത്തിന്റെ രാഷ്ട്രീയ ശാക്തീകരണത്തിനും അധികാരവത്കരണത്തിനും വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളുടെ രൂപരേഖ ചര്‍ച്ച ചെയ്യുന്നതിനായി ജനറല്‍ അസംബ്ലിയുടെ മുന്നൊരുക്ക രാഷ്ട്രീയ ശില്പശാല എറണാകുളം ആശിര്‍ഭവനില്‍ ചേര്‍ന്നു. സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലൂടെയുള്ള സാമൂഹിക സേവനങ്ങളിലും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സാമൂഹിക സുരക്ഷാ, ക്ഷേമ പദ്ധതികളിലും പ്രാദേശിക പ്രശ്‌നങ്ങളും ജനകീയ ആവശ്യങ്ങളും മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങളിലും ക്രിയാത്മകമായ ഇടപെടലുകളിലൂടെയും പങ്കാളിത്തത്തിലൂടെയും സമുദായത്തിന്റെ രാഷ്ട്രീയ മുന്നേറ്റത്തിന് ശക്തമായ അടിത്തറ പാകാന്‍ കഴിയണമെന്ന് ശില്പശാലയില്‍ ‘അധികാര പങ്കാളിത്തവും സാമൂഹിക സേവനവും’ എന്ന സെഷനില്‍ പങ്കെടുത്ത ജനപ്രതിനിധികള്‍ നിര്‍ദേശിച്ചു.
എറണാകുളം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റും കൊച്ചി കോര്‍പറേഷന്‍ ഡപ്യൂട്ടി മേയറുമായ ടി.ജെ. വിനോദ്, പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് യേശുദാസ് പറപ്പിള്ളി, കോടംതുരുത്ത് പഞ്ചായത്ത് പ്രസിഡന്റ് ബിജു ജോസി, അതിയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി മുന്‍ അധ്യക്ഷ സി. ലളിത എന്നിവര്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ എന്ന നിലയില്‍ ജനങ്ങളുമായി ഏറ്റവും അടുത്ത് ഇടപഴകി സാമൂഹികസേവനം നിര്‍വഹിക്കുന്നതിന്റെ സാഫല്യാനുഭവങ്ങള്‍ പങ്കുവച്ചു. കെഎല്‍സിഎ വൈസ് പ്രസിഡന്റ് എം.സി. ലോറന്‍സ് ആധ്യക്ഷ്യം വഹിച്ചു. കെഎല്‍സിഡബ്ല്യുഎ പ്രസിഡന്റ് ജയിന്‍ ആന്‍സില്‍ ഫ്രാന്‍സിസ്, കെആര്‍എല്‍സിസി വൈസ് പ്രസിഡന്റ് ഷാജി ജോര്‍ജ്, കെആര്‍എല്‍സിസി രാഷ്ട്രീയകാര്യ സമിതി കണ്‍വീനര്‍ ബെന്നി പാപ്പച്ചന്‍, കെആര്‍എല്‍സിബിസി അല്മായ കമ്മീഷന്‍ സെക്രട്ടറി ഫാ. ഷാജ്കുമാര്‍ ഡി. എന്നിവര്‍ പ്രസീഡിയം നയിച്ചു.
സമൂഹത്തിലെ സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും ജീവിതം മെച്ചപ്പെടുത്തുന്നതിനും ഒരു എംപിക്കോ എംഎല്‍എയ്‌ക്കോ ചെയ്യാന്‍ പറ്റാത്ത കാര്യങ്ങള്‍ ഒരു ഗ്രാമപഞ്ചായത്ത് വാര്‍ഡിലെ, അല്ലെങ്കില്‍ കോര്‍പറേഷന്‍ ഡിവിഷനിലെ അംഗത്തിനു ചെയ്യാന്‍ കഴിയും. കേന്ദ്രാവിഷ്‌കൃത ക്ഷേമപദ്ധതികള്‍ക്കു പുറമെ സംസ്ഥാനത്തെ പദ്ധതിവിഹിതത്തിന്റെ 70 ശതമാനവും നടപ്പാക്കുന്നത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലൂടെയാണ്. ത്രിതല പഞ്ചായത്ത് സംവിധാനത്തില്‍ ജനകീയ പങ്കാളിത്തത്തോടെ വികസന പദ്ധതികള്‍ ആസൂത്രണം ചെയ്യാനും വികസന രേഖ തയാറാക്കാനും ചേരുന്ന ഗ്രാമസഭകളിലും വര്‍ക്കിംങ് ഗ്രൂപ്പുകളിലും ഗുണഭോക്താക്കളെ നിര്‍ണയിക്കുന്നതിലും മറ്റും സമുദായാംഗങ്ങള്‍ കൂടുതല്‍ ഉത്തരവാദിത്തത്തോടെ പങ്കെടുക്കേണ്ടതുണ്ട്.
വാര്‍ഡുകളുടെ പുനര്‍നിര്‍ണയം, വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ ജാഗ്രതാപൂര്‍ണമായ ഇടപെടല്‍ ഉണ്ടാകണമെന്നും ജനപ്രതിനിധികള്‍ നിര്‍ദേശിച്ചു.
സമുദായാംഗങ്ങളില്‍ രാഷ്ട്രീയബോധം വളര്‍ത്തുന്നതിനും യുവാക്കളെയും വനിതകളെയും പൊതുപ്രവര്‍ത്തന രംഗത്ത് കൂടുതല്‍ സജീവമായി പ്രവര്‍ത്തിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നതിനും കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ (കെഎല്‍സിഎ), സിഎസ്എസ്, കെഎല്‍സിഡബ്ല്യുഎ, ഡിസിഎംഎസ്, കെസിവൈഎം, കെഎല്‍സിവൈഎം, കെഎല്‍എം തുടങ്ങിയ സമുദായ, സാമൂഹിക സംഘടനകളും രൂപതാ രാഷ്ട്രീയകാര്യ സമിതികളും കര്‍മ്മ പദ്ധതികള്‍ നടപ്പാക്കണമെന്ന് അധികാര പങ്കാളിത്തത്തില്‍ രാഷ്ട്രീയ വിലപേശലിന് ആവശ്യമായ ശാക്തീകരണത്തിനായുള്ള നയസമീപനങ്ങളും തന്ത്രങ്ങളും ആവിഷ്‌കരിക്കുന്നതിനുള്ള മാര്‍ഗരേഖ അവതരിപ്പിച്ച കെആര്‍എല്‍സിബിസി ലേബര്‍ കമ്മീഷന്‍ സെക്രട്ടറിയും വര്‍ക്കേഴ്‌സ് ഇന്ത്യ ഫെഡറേഷന്‍ അഖിലേന്ത്യ പ്രസിഡന്റുമായ ജോസഫ് ജൂഡ് നിര്‍ദേശിച്ചു.
സമുദായത്തിന്റെ അധ്വാനശേഷി വ്യാപരിക്കുന്ന തൊഴില്‍മേഖലകളില്‍ കേരള ലേബര്‍ മൂവ്‌മെന്റ് രൂപം നല്‍കിയിട്ടുള്ള ട്രേഡ് യൂണിയനുകളുടെ ജാതി, സമുദായ വേര്‍തിരിവില്ലാത്ത വ്യാപനത്തിന് സമുദായ സംഘടനകളുടെ സഹകരണം ഉറപ്പാക്കേണ്ടതുണ്ട്. ഈ ട്രേഡ് യൂണിയനുകളില്‍ വിവിധ തലത്തിലുള്ള നേതൃത്വം ഏറ്റെടുക്കുന്നതിന് യുവജനങ്ങളെയും സ്ത്രീകളെയും സജ്ജരാക്കണം.
സാമുദായിക രാഷ്ട്രീയ മുന്നേറ്റത്തിനുള്ള കര്‍മ്മപദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനും കാര്യക്ഷമമായി നടപ്പാക്കുന്നതിനും രൂപതാ രാഷ്ട്രീയകാര്യ സമിതികള്‍ പുനഃസംഘടിപ്പിക്കണം. രാഷ്ട്രീയകക്ഷികളോട് നിഷ്പക്ഷരായിരുന്നും, സാമുദായിക താല്പര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയും നിരന്തരമായി രാഷ്ട്രീയ സാഹചര്യങ്ങള്‍ വിലയിരുത്തിയും പ്രവര്‍ത്തിക്കുന്നതിന് ഇടവക തലത്തില്‍ കോര്‍ കമ്മിറ്റി രൂപവത്കരിക്കണം. സൈദ്ധാന്തിക തലത്തിലും ബൗദ്ധിക തലത്തിലും രാഷ്ട്രീയ അവബോധം വളര്‍ത്താനുള്ള ശ്രമങ്ങള്‍ക്കു സമാന്തരമായി സാധാരണക്കാരുടെ ജീവിതപ്രശ്‌നങ്ങളോടു പ്രതികരിക്കാനും പ്രാദേശിക വികസനത്തിന് മാര്‍ഗനിര്‍ദേശം നല്‍കാനും സാമൂഹിക ജീവിതത്തിന്റെ വെല്ലുവിളികള്‍ ഏറ്റെടുത്ത് ഉണര്‍ന്നു പ്രവര്‍ത്തിക്കാനും കഴിഞ്ഞാലേ പൊതുജീവിതത്തില്‍ ജനസമ്മതിയാര്‍ജിക്കാന്‍ കഴിയൂ എന്നും ജോസഫ് ജൂഡ് ഓര്‍മിപ്പിച്ചു.
ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിയുടെയും അമിതി ഷായുടെയും നേതൃത്വത്തില്‍ ബിജെപി കൈവരിച്ച അഭൂതപൂര്‍വമായ മുന്നേറ്റത്തിന്റെ പശ്ചാത്തലത്തില്‍ ദേശീയ രാഷ്ട്രീയത്തിലുണ്ടാകുന്ന മാറ്റങ്ങളുടെ ഗുരുതരമായ പ്രത്യാഘാതങ്ങളെ ഗൗരവപൂര്‍വം വിലയിരുത്തേണ്ടതുണ്ടെന്ന് ‘രാഷ്ട്രീയാവബോധവും അധികാരവത്കരണവും’ എന്ന വിഷയം അവതരിപ്പിച്ച ജോയി ഗോതുരുത്ത് പറഞ്ഞു. ഭരണഘടന ഉറപ്പുനല്‍കുന്ന ജനാധിപത്യ, മതേതരത്വ മൂല്യങ്ങളും ന്യൂനപക്ഷ അവകാശങ്ങളും സംരക്ഷിക്കുന്നതിന് നിതാന്ത രാഷ്ട്രീയ ജാഗ്രത ആവശ്യമാണ്.
ലത്തീന്‍ കത്തോലിക്കാ സമുദായത്തിന്റെ രാഷ്ട്രീയ മുന്നേറ്റങ്ങളുടെ ചരിത്രവും നിര്‍ണായകമായ വഴിത്തിരിവുകളും ജോയി ഗോതുരുത്ത് അവതരിപ്പിച്ചു. ഡിസിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍. ദേവദാസ് മോഡറേറ്ററായിരുന്നു.
നീതിസമൂഹത്തിനായി സമുദായത്തിന്റെ രാഷ്ട്രീയ ശാക്തീകരണത്തിന് രൂപം നല്‍കുന്ന വിശദമായ കര്‍മ്മപദ്ധതികള്‍ ഏറ്റെടുത്ത് രൂപതാ, ഇടവക തലങ്ങളില്‍ സമയബന്ധിതമായി നടപ്പാക്കാന്‍ സഭാനേതൃത്വത്തോടൊപ്പം അല്മായരുടെ വിശാലമായ കൂട്ടായ്മയുടെ ക്രിയാത്മകമായ പങ്കാളിത്തം അനിവാര്യമാണെന്ന് കെആര്‍എല്‍സിസി ജനറല്‍ സെക്രട്ടറി ഫാ. ഫ്രാന്‍സിസ് സേവ്യര്‍ താന്നിക്കാപ്പറമ്പില്‍ സമാപന സന്ദേശത്തില്‍ പറഞ്ഞു. അസോസിയേറ്റ് ജനറല്‍ സെക്രട്ടറി ഫാ. തോമസ് തറയില്‍, വൈസ് പ്രസിഡന്റ് ഷാജി ജോര്‍ജ്, ഫാ. ഷാജ്കുമാര്‍ ഡി എന്നിവര്‍ ശില്പശാലയുടെ ചര്‍ച്ചകളുടെ അടിസ്ഥാനത്തിലുള്ള നിര്‍ദേശങ്ങള്‍ ക്രോഡീകരിച്ചു.


Related Articles

ബോള്‍ഗാട്ടി യൂത്ത് വിങ്ങിന് പുതിയ നേതൃത്വം

എറണാകുളം: സെന്റ് സെബാസ്റ്റ്യന്‍ ചര്‍ച്ച് ബോള്‍ഗാട്ടി ഇടവകയിലെ യുവജന കൂട്ടായ്മയായ യൂത്ത് വിങ്ങ് ബോള്‍ഗാട്ടിയുടെ പുതിയ നേതൃത്വം ഫെബ്രുവരി 24ന് സത്യപ്രതിജ്ഞ ചെയ്തു. ജിന്‍സണ്‍ മെന്റസിന്റെയും അക്ഷയ്

കളക്ടറെ ചെല്ലാനത്ത് തടഞ്ഞു

കടലാക്രമണം രൂക്ഷമായതിനെത്തുടര്‍ന്ന് ചെല്ലാനത്ത് മുന്നൂറോളം ഭവനങ്ങളില്‍ കടല്‍ വെള്ളം കയറി. കടല്‍ ആക്രമണം ആരംഭിച്ച് മൂന്നാം ദിവസമായ ഇന്ന് കടപ്പുറം സന്ദര്‍ശിക്കാനെത്തിയ കളക്ടര്‍ മുഹമ്മദ് സഫീറുള്ളയെ ജനങ്ങള്‍

വിധവയുടെ കാണിക്ക: ആണ്ടുവട്ടത്തിലെ മുപ്പത്തിരണ്ടാം ഞായർ

ആണ്ടുവട്ടത്തിലെ മുപ്പത്തിരണ്ടാം ഞായർ First Reading: 1 Kings 17:10-16 Responsorial Psalm: Psalm 146:7, 8-9, 9-10 Second Reading: Hebrews 9:24-28 Gospel Reading: Mark 12:38-44 വിചിന്തനം:- വിധവയുടെ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*