ലത്തീന്‍ സമൂഹത്തിന്റെ സ്വപ്‌നങ്ങള്‍ പൂവണിയുന്ന കാലം വിദൂരമല്ല

ലത്തീന്‍ സമൂഹത്തിന്റെ സ്വപ്‌നങ്ങള്‍ പൂവണിയുന്ന കാലം വിദൂരമല്ല

കേരളത്തിലെ ലത്തീന്‍ കത്തോലിക്കാ സമൂഹത്തിന്റെ ഉന്നത നയരൂപീകരണ സമിതിയായ കേരള റീജ്യന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ (കെആര്‍എല്‍സിസി) ജനറല്‍ സെക്രട്ടറിയായി ഒന്‍പതു വര്‍ഷം സേവനം ചെയ്തശേഷം വിരമിക്കുന്ന ഫാ. ഫ്രാന്‍സിസ് സേവ്യര്‍ താന്നിക്കാപ്പറമ്പില്‍ ലത്തീന്‍ സഭാസമൂഹത്തെയും കെആര്‍എല്‍സിസിയുടെ പ്രവര്‍ത്തനങ്ങളെയും തന്റെ സേവനകാലത്തിന്റെ അനുഭവത്തില്‍ വിലയിരുത്തുന്നു.

? കെആര്‍എല്‍സിസിയുമായി എന്നു മുതലാണ് അടുത്ത് പ്രവര്‍ത്തിക്കുന്നത്
എറണാകുളം ലൂര്‍ദ് ആശുപത്രിയില്‍ ഡയറക്ടറായി പ്രവര്‍ത്തിക്കുമ്പോഴാണ് മതബോധന കമ്മീഷനുവേണ്ടി 72 ഗാനങ്ങളുടെ സംഗീത സംവിധാനം ചെയ്തത്. കെആര്‍എല്‍സിസി ജനറല്‍ സെക്രട്ടറി ഫാ. സ്റ്റീഫന്‍ ജി. കുളക്കായത്തിലും കെആര്‍എല്‍സിബിസി മതബോധന കമ്മീഷന്‍ സെക്രട്ടറി ഫാ. സ്റ്റാന്‍ലി മാതിരപ്പിള്ളിയുമാണ് ആ ദൗത്യം എന്നെ ഏല്‍പ്പിച്ചത്. 2008 ഡിസംബറില്‍ മതബോധന വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി ഒന്നു മുതല്‍ ആറുവരെയുള്ള ടെക്സ്റ്റുകളിലുള്ള 72 ഗാനങ്ങളാണ് ചിട്ടപ്പെടുത്തിയത്. ആദ്യ മൂന്നു ക്ലാസ്സുകളിലെ പാട്ടുകള്‍ സിപ്പി പള്ളിപ്പുറവും 4 മുതല്‍ 6 വരെ ക്ലാസ്സുകളിലെ പാട്ടുകള്‍ ഷെവലിയര്‍ ഡോ. പ്രീമൂസ് പെരിഞ്ചേരിയുമാണ് രചിച്ചത്. പ്രീമൂസ് മാഷുമായി ഒന്നുചേര്‍ന്ന് ആ പാട്ടുകള്‍ക്ക് ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ സംഗീതം ചെയ്ത് സി.എ.സിയിലെ പ്രസിദ്ധ വയലിനിസ്റ്റ് രാജേന്ദ്രന്‍ മാഷിനെക്കൊണ്ട് ഓര്‍ക്കസ്ട്രേഷന്‍ ചെയ്യിച്ച് വിവിധ രൂപതകളില്‍നിന്ന് പിതാക്കന്മാരും വൈദികരും സന്ന്യസ്തരും അല്മായരും ഉള്‍പ്പെടെയുള്ള പാട്ടുകാരെ തിരഞ്ഞെടുത്ത് സിഎസിയില്‍ത്തന്നെ റെക്കോര്‍ഡ് ചെയ്ത് സ്റ്റീഫനച്ചനെ ഏല്പിച്ച സംഭവം തന്നെയാണ് കെആര്‍എല്‍സിസിയുമായി എനിക്കുണ്ടായ ആദ്യ ബന്ധം. അന്ന് അഭിവന്ദ്യ ഫ്രാന്‍സിസ് കല്ലറക്കല്‍ പിതാവും വര്‍ഗീസ് ചക്കാലക്കല്‍ പിതാവും  സി.എ.സിയില്‍ വന്ന് അവരുടെ പാട്ട് റെക്കോര്‍ഡ് ചെയ്തത് ഇന്നും ഞാനോര്‍ക്കുന്നു. അഭിവന്ദ്യ സ്റ്റാന്‍ലി റോമന്‍ പിതാവ് തന്റെ രൂപതയിലെ സ്റ്റുഡിയോയില്‍ പാടി റെക്കോര്‍ഡ് ചെയ്ത് അയയ്ക്കുകയായിരുന്നു. എല്ലാം നല്ല ഓര്‍മകള്‍.


?  കെആര്‍എല്‍സിസിയുമായുള്ള ബന്ധത്തിന്റെ തുടക്കം ആ സമയത്താണെന്ന് പറയാമോ
കെആര്‍എല്‍സിസി ഔപചാരികമായി ഉദ്ഘാടനം ചെയ്യപ്പെടാന്‍ പോകുന്ന വിവരം ഞാന്‍ അറിയുന്നത് ലൂര്‍ദ് ആശുപത്രിയില്‍ ഡയറക്ടറായിരിക്കുമ്പോഴാണ്. കേരള ലത്തീന്‍ സമൂഹത്തിന്റെ നവോത്ഥാന സംരംഭമായിട്ടാണ് ഞാന്‍ അതിനെ അന്ന് മനസ്സിലാക്കിയത്. കെആര്‍എല്‍സിസിയില്‍ ഒരു പങ്കാളിത്തം ലഭിച്ചിരുന്നെങ്കിലെന്ന് ഞാന്‍ അന്ന് ആഗ്രഹിച്ചിട്ടുണ്ട്. പിന്നീട് അഞ്ചു വര്‍ഷങ്ങള്‍ക്കുശേഷമാണ് എന്നെ മുന്‍പ് പറഞ്ഞ മതബോധന ക്ലാസ്സുകളിലെ പാട്ടുകളുടെ സംഗീതം ചെയ്യാനുള്ള ഉത്തരവാദിത്വം ഏല്പിക്കുന്നത്.

? പിന്നീട് സെക്രട്ടറിയായിട്ടാണോ വരുന്നത്?
ആലുവ കാര്‍മ്മല്‍ഗിരി സെമിനാരിയില്‍ റെക്ടറായിരുന്ന ബിഷപ് ജെയിംസ് ആനാപറമ്പില്‍ എന്റെ സതീര്‍ത്ഥ്യനാണ്. ലൂര്‍ദ് ആശുപത്രിയില്‍നിന്ന് ഞാന്‍ വിരമിച്ചപ്പോള്‍ ഗ്രിഗോറിയന്‍ സംഗീതത്തില്‍ ഉപരിപഠനം നടത്താനുള്ള സാധ്യതയുമായി കൊച്ചിന്‍ യൂണിവേഴ്സിറ്റിയില്‍നിന്ന് ഇറ്റാലിയന്‍ പഠിച്ചു. ചില സാങ്കേതിക കാരണങ്ങളാല്‍ ഉപരിപഠനസാധ്യതയില്ലാതെ വന്നപ്പോള്‍ ഫ്രാന്‍സിസ് കല്ലറക്കല്‍ പിതാവ് എന്നെ കാര്‍മ്മല്‍ഗിരി സെമിനാരിയിലേക്ക് സ്റ്റാഫായി അയച്ചു. റെക്ടറച്ചന്‍ രണ്ടാം വര്‍ഷ ദൈവശാസ്ത്രവിദ്യാര്‍ത്ഥികളുടെ ആനിമേറ്ററുടെ ഉത്തരവാദിത്തമാണ് എന്നെ ഏല്പിച്ചത്. താമസിയാതെ കെആര്‍എല്‍സിബിസി അല്മായ കമ്മീഷന്റെ ഉത്തരവാദിത്വം മോണ്‍. പയസ് ആറാട്ടുകുളത്തില്‍നിന്ന് ഏറ്റെടുക്കേണ്ടതായിവന്നു. തുടര്‍ന്ന് സ്റ്റീഫനച്ചന്‍ കെആര്‍എല്‍സിബിസിയിലും കെആര്‍എല്‍സിസിയിലും രണ്ടു ടേം (ആറു വര്‍ഷം) പൂര്‍ത്തി
യാക്കിയപ്പോള്‍ കേരള ലത്തീന്‍ മെത്രാന്‍സമിതിക്കുവേണ്ടി ഫ്രാന്‍സിസ് കല്ലറക്കല്‍ പിതാവിന്റെ അനുവാദത്തോടെ കെആര്‍എല്‍സിബിസിയുടെ ഡപ്യൂട്ടി സെക്രട്ടറിയായും കെആര്‍എല്‍സിസിയുടെ ജനറല്‍ സെക്രട്ടറിയായും സൂസപാക്യം പിതാവ് എന്നെ നിയോഗിക്കുകയായിരുന്നു.


? കെആര്‍എല്‍സിസി പ്രസിഡന്റ് സൂസപാക്യം പിതാവുമായുള്ള ആദ്യകൂടിക്കാഴ്ച ഓര്‍ക്കുന്നുണ്ടോ
ഈ വലിയ ഉത്തരവാദിത്വം ദൈവനിയോഗമാണെന്ന് നല്ല തിരിച്ചറിവുണ്ടായിരുന്നതുകൊണ്ട് അതിനുള്ള കൃപയും ദൈവം തരും എന്നുതന്നെ വിശ്വസിച്ചുകൊണ്ടാണ് ഞാന്‍ തിരുവനന്തപുരത്ത് സൂസപാക്യം മെത്രാപ്പോലീത്തയെ കാണാന്‍ ചെന്നത്. അദ്ദേഹം ആലുവ മംഗലപ്പുഴ സെമിനാരിയില്‍ എന്റെ ഫാദര്‍ പ്രീഫെക്ട് ആയിരുന്ന അനുഭവം എന്റെ മനസ്സില്‍ തെളിഞ്ഞുവന്നു. കേരള ലത്തീന്‍ സമുദായത്തെ യഥാര്‍ത്ഥത്തില്‍ നെഞ്ചിലേറ്റിയ, അല്മായ ശാക്തീകരണത്തിനായി കെആര്‍എല്‍സിസി തുടങ്ങാന്‍ തീവ്രമായി ആഗ്രഹിച്ച് പുണ്യസ്മരണാര്‍ഹനായ ഡാനിയേല്‍ അച്ചാരുപറമ്പില്‍ പിതാവിന്റെ നേതൃത്വത്തില്‍ അന്നുണ്ടായിരുന്ന മറ്റു ലത്തീന്‍ മെത്രാന്മാരായ ബിഷപ് മാക്‌സ്വെല്‍ നെറോണ, ബിഷപ് പീറ്റര്‍ തുരുത്തിക്കോണം, ബിഷപ് ഫ്രാന്‍സിസ് കല്ലറക്കല്‍, ബിഷപ് മത്തിയാസ് കാപ്പില്‍, ബിഷപ് വിന്‍സെന്റ് സാമുവല്‍, ബിഷപ്‌വര്‍ഗീസ് ചക്കാലക്കല്‍, ബിഷപ് ജോണ്‍ തട്ടുങ്കല്‍, ബിഷപ് സ്റ്റീഫന്‍ അത്തിപ്പൊഴിയില്‍, ബിഷപ് സ്റ്റാന്‍ലി റോമന്‍ എന്നിവരുടെയും വൈദിക, സന്യസ്ത, അല്മായ പ്രതിനിധികളുടെയുമൊക്കെ സഹകരണത്തോടെ കേരള ലത്തീന്‍ മെത്രാന്‍സമിതിയുടെ ഒരു നൂതന സംരംഭമായി ആരംഭിച്ച കെആര്‍എല്‍സിയെക്കുറിച്ച് അന്ന് സൂസപാക്യം പിതാവ് പറഞ്ഞ കാര്യങ്ങള്‍ കേട്ടപ്പോള്‍ എന്റെയുള്ളില്‍ ഒരു കൊള്ളിയാന്‍ മിന്നിയപോലെ തോന്നി. അത്ര വലിയ സ്വപ്‌നത്തില്‍ പങ്കാളിയാകാനാണ് ഇത്ര നിസ്സാരനായ എന്നെ പിതാക്കന്മാര്‍ വിളിച്ചത് എന്നോര്‍ത്തപ്പോള്‍ ഭയം തോന്നി. എങ്കിലും പിതാവ് എന്നോട് പറഞ്ഞു: ”മോണ്‍. പയസ് ആറാട്ടുകുളം നല്ല അടിത്തറയിട്ടിട്ടുണ്ട്. ഫാ. സ്റ്റീഫന്‍ ജി. കുളക്കായത്തില്‍ കേരളം മുഴുവന്‍ ഓടിനടന്ന് കെആര്‍എല്‍സിസിയെ വളര്‍ത്താന്‍ പരിശ്രമിച്ചിട്ടുണ്ട്. അച്ചനോട് ഞാന്‍ പറയുന്നത് നല്ലൊരു ടീമിനെ വാര്‍ത്തെടുക്കാനാണ്. ലൂര്‍ദ് ആശുപത്രിയില്‍ അച്ചന്‍ ചെയ്ത സേവനങ്ങളെപ്പറ്റി ഞാന്‍ ഒരുപാട് കേട്ടിട്ടുണ്ട്. അവിടെ നല്ലൊരു ടീമിനെ വാര്‍ത്തെടുക്കാന്‍ അച്ചന് കഴിഞ്ഞതും അതിനെ ഫലവത്തായി ഏകോപിപ്പിക്കാന്‍ സാധിച്ചതും ഞാനോര്‍ക്കുന്നു. ഫ്രാന്‍സിസ് കണ്ണിക്കലച്ചന്‍ അച്ചനെപ്പറ്റി പറഞ്ഞ നല്ല കാര്യങ്ങള്‍ ഞാന്‍ ഓര്‍ക്കുന്നുണ്ട്. ഒറ്റയ്ക്ക് ഇനി ഓടിയിട്ട് കാര്യമില്ല. കെആര്‍എല്‍സിസിക്ക് നല്ലൊരു ടീം വേണം. നമ്മുടെ ഓരോ കമ്മീഷനും ശക്തി പ്രാപിക്കണം. ഒരേ സമയം നമ്മള്‍ സഭയും സമുദായവുമാണ്. കെആര്‍എല്‍സിസി രൂപീകരിച്ചതുതന്നെ അല്മായ ശാക്തീകരണത്തിനുവേണ്ടിയാണ്. ഏകോപനം, പങ്കാളിത്തം, ശാക്തീകരണം ഇവ കെആര്‍എല്‍സിസിയുടെ മുഖ്യ ലക്ഷ്യങ്ങളും മുദ്രാവാക്യങ്ങളുമാണ്.” പിതാവ് എന്നോടു പറഞ്ഞ എല്ലാ കാര്യങ്ങളും അന്ന് എനിക്ക് പൂര്‍ണമായി മനസ്സിലായില്ലെങ്കിലും ടീമിനെ വാര്‍ത്തെടുക്കണം എന്നത് എന്റെ മനസ്സില്‍ ഒരു മന്ത്രമായി മുഴങ്ങി. മാത്രമല്ല അത് എനിക്ക് ഇഷ്ടമുള്ള കാര്യവുമായിരുന്നു. മുന്നില്‍നിന്ന് നയിക്കുന്നതിനെക്കാള്‍ പിന്നില്‍ നിന്ന് നയിക്കാനാണ്, കൂടെ സഞ്ചരിക്കാനാണ് ഞാന്‍ ആഗ്രഹിച്ചത്. പിന്നീടുള്ള എന്റെ എല്ലാ പ്രവര്‍ത്തനങ്ങളിലും സൂസപാക്യം പിതാവ് എനിക്ക് അന്നു പകര്‍ന്നുനല്കിയ ആ ദൗത്യബോധം നല്ലൊരു പ്രചോദനമായി കൂടെയുണ്ടായിരുന്നു.

? 2011 ഫെബ്രുവരി 27-ലെ മറൈന്‍ഡ്രൈവ് സമ്മേളനം അച്ചനെ ആവേശം കൊള്ളിക്കാന്‍ കാരണമായിട്ടുണ്ടോ
തീര്‍ച്ചയായും. കൊച്ചി നഗരത്തിന് ഉള്‍ക്കൊളളാന്‍ കഴിയാത്തവിധം സമ്മേളനത്തില്‍ പങ്കെടുത്ത പതിനായിരങ്ങള്‍. അവര്‍ക്ക് ആവേശം പകര്‍ന്ന് കെആര്‍എല്‍സിസി ജനറല്‍ സെക്രട്ടറി ഫാ. സ്റ്റീഫന്‍ ജി. കുളക്കായത്തിലും കെആര്‍എല്‍സിസി സെക്രട്ടറി ഷാജി ജോര്‍ജും. അവകാശങ്ങള്‍ ഓര്‍മപ്പെടുത്തി ആര്‍ച്ച് ബിഷപ് ഡോ. സൂസപാക്യം പിതാവും ആര്‍ച്ച്ബിഷപ് ഡോ. ഫ്രാന്‍സിസ് കല്ലറക്കല്‍ പിതാവും നടത്തിയ പ്രസംഗങ്ങള്‍. കേന്ദ്ര മന്ത്രി കപില്‍ സിബല്‍ നടത്തിയ പ്രൗഢ ഗംഭീരമായ പ്രസംഗം. എനിക്കു തോന്നുന്നു, അത്രയും വലിയൊരു സമ്മേളനം ആദ്യമായിട്ടായിരുന്നു. ക്രമാനുഗതമായി സംഘടിച്ചു ശക്തരായിക്കൊണ്ടിരിക്കുന്ന ഒരു ജനതയെയാണ് ഞാന്‍ ആ സമ്മേളനത്തില്‍ ദര്‍ശിച്ചത്. അന്ന് ഞാനൊരിക്കലും വിചാരിച്ചില്ല, കെആര്‍എല്‍സിസിയുടെ ജനറല്‍ സെക്രട്ടറിയായി നേതൃത്വത്തിലേക്ക് എത്തിച്ചേരുമെന്ന്. സമ്മേളനം കഴിഞ്ഞ് ഒരു മാസത്തിനകം ഞാന്‍ ലൂര്‍ദില്‍നിന്ന് പടിയിറങ്ങുകയായിരുന്നു. ആശുപത്രിയിലായിരിക്കുമ്പോള്‍ എല്ലാ വിഭാഗം ആളുകളുമായി നല്ല ബന്ധം പുലര്‍ത്തിയിരുന്നതുകൊണ്ടും ആശുപത്രി പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരുന്നതുകൊണ്ടും ലത്തീന്‍ സമുദായത്തെപ്പറ്റി കൂടുതലായി ചിന്തിക്കുവാനും അതനുസരിച്ച് പ്രവര്‍ത്തിക്കുവാനുമുള്ള അവസരം കാര്യമായി ഉണ്ടായിരുന്നില്ല. എങ്കിലും കെആര്‍എല്‍സിസിയുടെ പ്രവര്‍ത്തനങ്ങളില്‍ സാമ്പത്തിക സഹായം നല്കാന്‍ എനിക്ക് സന്തോഷമായിരുന്നു. ജീവനാദത്തിന്റെ 100 കോപ്പികളാണ് ആശുപത്രിയില്‍ എടുത്തിരുന്നത്. പിന്നീട് കെആര്‍എല്‍സിസിയില്‍ വന്നുകഴിഞ്ഞപ്പോഴാണ് ലത്തീന്‍ സമൂഹത്തിന്റെ അടിത്തട്ടിലേക്ക് ഇറങ്ങാനുള്ള അവസരം ലഭിച്ചത്.

? ഒമ്പതുവര്‍ഷത്തെ സേവനകാലയളവ് അച്ചന്‍ എങ്ങനെ വിലയിരുത്തുന്നു
എന്നെ ഏല്പിച്ച ഉത്തരവാദിത്വം ദൈവാനുഗ്രഹത്താല്‍ വിശ്വസ്തതയോടെ പൂര്‍ത്തിയാക്കി എന്ന് എനിക്ക് സംതൃപ്തിയോടെ പറയാനാവും. വിജയപരാജയങ്ങള്‍ പല വിഷയങ്ങളുമായി ബന്ധപ്പെട്ടാണിരിക്കുന്നത്. ഡാനിയല്‍ അച്ചാരുപറമ്പില്‍ പിതാവ് ലത്തീന്‍ സമൂഹത്തെ പിന്നാക്കസമുദായം എന്ന് വിളിക്കുന്നത് പ്രോത്സാഹിപ്പിച്ചിരുന്നില്ല എന്ന് ഞാന്‍ കേട്ടിട്ടുണ്ട്. ലത്തീന്‍ സമൂഹത്തെ പിന്നാക്ക സമുദായമായി ചിത്രീകരിക്കരുത് എന്നത് ഒരാഗ്രഹമായി എന്റെ മനസ്സിലും ഞാന്‍ കൊണ്ടുനടന്നിരുന്നു. ഈ സമൂഹത്തെ ഒരു വികസ്വരസമുദായം എന്നു പറയാന്‍ ഞാന്‍ വെമ്പല്‍കൊണ്ടിരുന്നു. പക്ഷേ യാഥാര്‍ത്ഥ്യത്തെ വല്ലപ്പോഴെങ്കിലും നമ്മള്‍ മനസ്സിലാക്കിയേ പറ്റൂ. കെആര്‍എല്‍സിസിയില്‍ നമ്മളെടുക്കാത്ത വിഷയങ്ങളില്ല, പഠിച്ചും ചര്‍ച്ച ചെയ്തും എത്രയോ മണിക്കൂറുകള്‍ ഓരോ ജനറല്‍ അസംബ്ലിയിലും നമ്മള്‍ ചിലവഴിച്ചിട്ടുണ്ട്. എത്രയെത്ര തീരുമാനങ്ങള്‍ നമ്മള്‍ എടുത്തു. നമ്മള്‍ എടുത്ത തീരുമാനങ്ങള്‍ ഈ സമൂഹത്തെ ക്രമാനുഗതമായി ഉയരങ്ങളിലെത്തിക്കാന്‍ പര്യാപ്തങ്ങളായിരുന്നു. എടുത്ത തീരുമാനങ്ങളോട് വേണ്ടത്ര വിശ്വസ്തത പുലര്‍ത്തി കര്‍മ്മപദ്ധതികള്‍ അതതു രൂപതകളുടെ സാഹചര്യമനുസരിച്ച് പ്രാവര്‍ത്തികമാക്കുന്നതില്‍ നമ്മള്‍ വലിയ രീതിയില്‍ വിജയിച്ചില്ല എന്നതാണ് സത്യം. കെആര്‍എല്‍സിസി വഴി വളര്‍ച്ചയുണ്ടായിട്ടുണ്ട്. പക്ഷേ നമ്മള്‍ കണ്ട സ്വപ്‌നത്തില്‍നിന്ന് നമ്മള്‍ അകലെയാണെന്ന് നാം തിരിച്ചറിയണം. അതായത് വളരെ ഗൗരവമായി ചര്‍ച്ച ചെയ്ത് നമ്മള്‍ എടുക്കുന്ന തീരുമാനങ്ങള്‍പോലും പ്രാവര്‍ത്തികമാക്കുന്ന കാര്യത്തില്‍ നമ്മള്‍ പിന്നാക്കമാണെന്ന് തിരിച്ചറിയുന്നു.

? സീറോ മലബാര്‍ സഭയുടെയും മലങ്കരസഭയുടെയും സമീപകാല വളര്‍ച്ച ശ്രദ്ധേയമാണ്. നമ്മെക്കാള്‍ ബഹുദൂരം മുന്നോട്ടുപോകുന്നുണ്ട്. അതിനെ അച്ചന്‍ എങ്ങനെ കാണുന്നു
വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയുടെ 1986 ഫെബ്രുവരിയിലെ ഭാരതസന്ദര്‍ശനാനന്തരം 1987-ല്‍ പാപ്പ ഇന്ത്യയിലെ കത്തോലിക്കാ മെത്രാന്മാര്‍ക്കയച്ച എഴുത്തിന്റെ സംഗ്രഹം നമ്മള്‍ പലവട്ടം പങ്കുവച്ചിട്ടുള്ളതാണല്ലോ. ഇന്ത്യയിലെ കത്തോലിക്കാസഭ എന്നു പറയുന്നത് ലത്തീന്‍ സഭയുടെയും സീറോ മലബാര്‍ സഭയുടെയും സീറോ മലങ്കരസഭയുടെയും കൂട്ടായ്മയാണെന്നും ഓരോ വ്യക്തിസഭയും അതിന്റേതായ തനിമ നിലനിര്‍ത്തിക്കൊണ്ട് എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്തി വളരണം എന്നുമുള്ള പാപ്പായുടെ ആഹ്വാനം വളരെ ഗൗരവമായി എടുത്തത് പൗരസ്ത്യസഭകളായ സീറോ മലബാര്‍ സഭയും സീറോ മലങ്കരസഭയുമാണ്. അവര്‍ എത്ര വേഗത്തിലാണ് വളര്‍ന്നുകൊണ്ടിരിക്കുന്നത്. സമുദായമെന്ന നിലയില്‍ അവര്‍ മുന്നാക്കവും, സാമൂഹ്യ സാമ്പത്തിക രാഷ്ട്രീയ വിദ്യാഭ്യാസ മേഖലകളില്‍ അവര്‍ ബഹുദൂരം മുന്നിലുമാണ്. രാഷ്ട്രീയ, ഭരണനിര്‍വഹണ മേഖലകളില്‍ അവര്‍ക്കുള്ള സ്വാധീനം പല കാര്യങ്ങളും ആ സമൂഹത്തിനുവേണ്ടി നേടിയെടുക്കാന്‍ അവരെ പ്രാപ്തരാക്കുന്നുണ്ട്. വൈദികരാണെങ്കിലും സന്ന്യസ്തരാണെങ്കിലും അല്മായരാണെങ്കിലും അവരുടെ മനസ്സില്‍ അവര്‍ ചെയ്യുന്ന ശുശ്രൂഷകളോടൊപ്പം അവരുടെ സമുദായത്തിലെ ഓരോ വ്യക്തിയുടെയും വളര്‍ച്ച അവര്‍ ഹൃദയത്തില്‍ സൂക്ഷിക്കുകയും അതിനുവേണ്ടി ആവുന്നതെല്ലാം ചെയ്യുകയും ചെയ്യുന്നു എന്നുള്ളത് പൗരസ്ത്യസമൂഹങ്ങളുടെ വളര്‍ച്ചയ്ക്ക് കാരണമായി കാണാവുന്നതാണ്. ഒരു സമുദായമെന്ന നിലയില്‍ പരിഗണിക്കപ്പെടുന്നതും അങ്ങനെ ചിന്തിക്കുന്നതും എന്തോ കുഴപ്പമാണ് എന്നു കരുതുന്നവരാണ് ലത്തീന്‍ സമുദായത്തിലെ ഭൂരിപക്ഷവും. സമുദായത്തിനുവേണ്ടി വാദിക്കുന്നവരെ കുറ്റം പറയുന്ന പ്രകൃതക്കാരാണവര്‍. സമുദായത്തെ വളര്‍ത്താനുള്ള ശ്രമങ്ങള്‍ക്ക് സമുദായ അംഗങ്ങളില്‍നിന്നുതന്നെ പൂര്‍ണ പി
ന്തുണ ലഭിക്കുന്നില്ല എന്നതും ഒരു യാഥാര്‍ത്ഥ്യമാണ്. നമുക്കെന്തെങ്കിലും പ്രശ്‌നം വരുമ്പോള്‍ സമരം ചെയ്യും. ഫലമുണ്ടാകുന്നതുവരെ ആ വിഷയവുമായി പുറകെ നടക്കാന്‍ നമ്മള്‍ തയ്യാറാകുന്നില്ല.


? തിരുവനന്തപുരം മെത്രാനായിരുന്ന പെരേര പിതാവിന്റെ മര്യനാട് തീരഗ്രാമരൂപീകരണം കേരള ചരിത്രത്തിന്റെ ഭാഗമാണ്. സമാനമായി സഭയിലും സമുദായത്തിലും ചില മാതൃകകള്‍ ചുരുക്കം ചില മേഖലകളില്‍ പലയിടങ്ങളിലും നടന്നിട്ടുണ്ട്. പക്ഷേ ഇതിനെ സംസ്ഥാനതലത്തില്‍ ഏകോപിപ്പിക്കാന്‍ സാധിക്കാതെ പോയത് ഈ സമുദായത്തെ പുറകോട്ടടിപ്പിച്ചിട്ടുണ്ടോ
കെആര്‍എല്‍സിസിയുടെ രൂപീകരണത്തിനു മുമ്പ് നടന്ന പല സംഭവങ്ങളില്‍ വളരെ പ്രധാനപ്പെട്ട ഒന്നായിട്ടാണ് മര്യനാട് തീരഗ്രാമരൂപീകരണത്തെ ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്. തിരുവനന്തപുരം രൂപതയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് പീറ്റര്‍ പെരേര പിതാവ് മത്സ്യത്തൊഴിലാളികളെ കൊണ്ടുവന്ന് തീരദേശത്ത് താമസിപ്പിച്ച് ഒരു ഗ്രാമം രൂപപ്പെടുത്തി. മര്യനാട് എന്ന് അതിന് പേരിട്ട് അവരെ സംഘടിതമായി ജീവിക്കാന്‍ പരിശീലിപ്പിച്ചു. സി.ഡി.എസിനെക്കൊണ്ട് അവര്‍ക്കൊരു വികസനപദ്ധതിയുണ്ടാക്കി. അങ്ങനെ അവിടെ വിദ്യാലയം വന്നു, ലൈബ്രറി വന്നു, പള്ളി വന്നു, ക്രമാനുഗതമായി കടന്നുവന്ന മറ്റു പല സൗകര്യങ്ങളും ആ പ്രദേശത്തിന്റെ മുഖഛായ മാറ്റി. പക്ഷേ, ഈ മാതൃക ആവര്‍ത്തിക്കാന്‍ തീരദേശത്തെ തന്നെ എത്ര രൂപതകള്‍ക്ക് സാധിച്ചു? പെരേര പിതാവിന്റെ കാലഘട്ടം ലത്തീന്‍ രൂപതകള്‍ ഓരോ തുരുത്തുകളായി കഴിഞ്ഞിരുന്ന കാലമായിരുന്നു എന്നു വേണമെങ്കില്‍ നമുക്ക് പറയാനാകും. ഇന്ന് രൂപത വ്യത്യാസമില്ലാതെ എല്ലാവരും കെആര്‍എല്‍സിസിയില്‍ അണിചേരുന്നു. പുതിയ മാതൃകകള്‍ ഉണ്ടാകുന്നു. ഉദാഹരണത്തിന് വരാപ്പുഴ അതിരൂപതയുടെ നവദര്‍ശന്‍ എന്ന വിദ്യാഭ്യാസ മുന്നേറ്റത്തിന്റെ മാതൃക. അത് പല രൂപതകളും അവരവരുടേതായ രീതിയില്‍ ഏറ്റെടുത്തു എന്നത്  കെആര്‍എല്‍സിസിയുടെ വിജയം തന്നെയാണ്.

? 12 രൂപതകളിലെ സന്ദര്‍ശനവും ഇടപെടലുകളും സമുദായത്തെക്കുറിച്ച് അങ്ങയെ ബോധ്യപ്പെടുത്തിയിട്ടുള്ള കാര്യങ്ങളെന്തൊക്കെയാണ്
ആളുകള്‍ക്ക് സമുദായത്തെക്കുറിച്ച് ഒരു സ്വപ്‌നമുണ്ട്. കെആര്‍എല്‍സിസി എന്ന സംവിധാനം എത്രയോ നേരത്തെ വരേണ്ട ഒരു കാര്യമായി ഒത്തിരി അല്മായര്‍ പറഞ്ഞിട്ടുണ്ട്. വിശ്വാസജീവിതത്തോടൊപ്പം ഇടവകയിലെ ഓരോ കുടുംബത്തിന്റെയും സമഗ്രവളര്‍ച്ച സഭ ശ്രദ്ധിക്കണം എന്നുതന്നെയാണ് അല്മായര്‍ ആവശ്യപ്പെടുന്നത്. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ വലിയ പ്രാധാന്യം ചെറുപ്രായത്തില്‍ത്തന്നെ ഉണ്ടാകണമെന്ന് അവര്‍ ആഗ്രഹിക്കുന്നു. സമൂഹനിര്‍മിതിയുടെ നേതൃത്വം രൂപതാധ്യക്ഷന്റെ പ്രതിനിധിയായി ഇടവകയില്‍ സേവനം ചെയ്യുന്ന വൈദികര്‍ തന്നെ ഏറ്റെടുക്കുകയും സഭാജീവിതത്തോടൊപ്പം അല്മായരെ ശക്തിപ്പെടുത്തിക്കൊണ്ട് വിവിധ സമുദായ, സാമൂഹിക സംഘടനകളിലൂടെ സമുദായത്തിന്റെ കാര്യങ്ങള്‍ നോക്കാന്‍ അവരെ പ്രാപ്തരാക്കുകയും വേണമെന്ന് അവര്‍ പ്രതീക്ഷിക്കുന്നു. നല്ലൊരു ശതമാനം വൈദികരും കെട്ടിടനിര്‍മാണകാര്യങ്ങളിലാണ് കൂടുതല്‍ താല്പര്യമെടുക്കുന്നത്, സമൂഹനിര്‍മിതിക്കല്ല. ഇടവകയ്ക്ക് സ്ഥാപനങ്ങള്‍ ആവശ്യമാണ്. നല്ലൊരു പള്ളി, പള്ളിക്കൂടം, പാരിഷ് ഹാള്‍ തുടങ്ങിയവ ദൈവജനത്തിന് കൂടിയേതീരൂ. പക്ഷേ 2017-ല്‍ വല്ലാര്‍പാടത്തു നടത്തിയ മിഷന്‍ കോണ്‍ഗ്രസില്‍ റാഫേല്‍ തട്ടില്‍ പിതാവ് സൂചിപ്പിച്ചതുപോലെ കത്തോലിക്കാസഭയ്ക്ക് എത്രകാലം കഴിഞ്ഞാലും മടുപ്പില്ലാത്തൊരു പ്രവൃത്തി സുവിശേഷവേലയെക്കാള്‍ നിര്‍മ്മാണപ്രവൃത്തികളാണ് എന്ന കാര്യം ഈ അവസരത്തില്‍ ഓര്‍ത്തുപോകുകയാണ്. കെട്ടിടം നിര്‍മ്മിച്ചാല്‍ അത് എല്ലാവര്‍ക്കും കാണാന്‍ സാധിക്കും. ഒരുപക്ഷേ പലരുടെയും പേര് എഴുതിവയ്ക്കാനും സാധിക്കും. പക്ഷേ സമൂഹനിര്‍മിതിയെന്നത് ആരും കാണാത്ത പണിയാണ്. വര്‍ഷങ്ങളെടുക്കും അതിന്റെ ഫലം സമൂഹത്തില്‍ ദര്‍ശിക്കാന്‍. അത്തരത്തില്‍ മുന്‍കാലത്ത് ദീര്‍ഘവീക്ഷണത്തോടുകൂടെ പ്രവര്‍ത്തിച്ച പല അച്ചന്മാരെ
യും പിതാക്കന്മാരെയും ജനങ്ങള്‍ ഓര്‍ത്തുപറഞ്ഞത്, ”ഞങ്ങളിന്ന് ഇങ്ങനെയായിരിക്കുന്നെങ്കില്‍ അതിനുകാരണം ആ അച്ചനായിരുന്നു, ആ പിതാവിന്റെ ദീര്‍ഘവീക്ഷണമായിരുന്നു…” ഞാനോര്‍ക്കുകയാണ്.
ജനങ്ങള്‍ പലപ്പോഴും ലത്തീന്‍ സമൂഹത്തെ താരതമ്യം ചെയ്യുന്നത് കേരളത്തിലെ പൗരസ്ത്യസഭകളുമായിട്ടാണ്. അവര്‍ വച്ചടി വച്ചടി കയറിപ്പോകുന്നു. നമ്മളിങ്ങനെ ഒതുങ്ങിപ്പോകുന്നു. ഞങ്ങള്‍ അവര്‍ക്ക് കെആര്‍എല്‍സിസിയുടെ സ്വപ്‌നങ്ങള്‍ പങ്കുവച്ച് കൊടുക്കും. ലത്തീന്‍സഭയുടെ പങ്കാളിത്തസഭാ സംവിധാനങ്ങള്‍ പരിചയപ്പെടുത്തും. കെആര്‍എല്‍സിസിയുടെ മുദ്രാവാക്യമായ രൂപതകളുടെ ഏകോപനത്തെക്കുറിച്ചും പങ്കാളിത്തത്തെക്കുറിച്ചും അതുവഴിയുണ്ടാകുന്ന ശാക്തീകരണത്തെക്കുറിച്ചും പഠിപ്പിക്കും. അല്മായര്‍ പ്രതീക്ഷയോടുകൂടെ നോക്കുന്നത് വൈദികരെത്തന്നെയാണ്. തീക്ഷ്ണതയോടെ പ്രവര്‍ത്തിക്കുന്ന കുറെ വൈദികരെയെങ്കിലും ഞങ്ങള്‍ക്ക് കാണാനായിട്ടുണ്ട്. ഒത്തിരി സന്തോഷവും പ്രതീക്ഷയും നല്കുന്ന കാര്യമാണത്. വൈദികര്‍ കെആര്‍എല്‍സിസിയുടെ സ്വപ്‌നം ഏറ്റെടുക്കണം. ഓരോ ഇടവകയും ഒരു കൊച്ചു തുരുത്ത് എന്ന ചിന്തയെ അതിജീവിച്ച് രൂപതയോടൊപ്പം ചിന്തിക്കുകയം പ്രവര്‍ത്തിക്കുകയും ചെയ്യുന്ന തലത്തിലേക്ക് വളരണം. ചില പിതാക്കന്മാര്‍ പറഞ്ഞത് പല വൈദികര്‍ക്കും അവരുടെ ഇടവക, അതിനപ്പുറത്തേക്ക് അവര്‍ക്ക് ചിന്തിക്കാനാവില്ലയെന്നാണ്. ഇവിടെ നമ്മള്‍ ഇടവക, ഫൊറോന, രൂപത എന്നിവയെ ഏകോപിപ്പിക്കുന്ന വിശാലമായ കാഴ്ചപ്പാടുള്ള കെആര്‍എല്‍സിസിയെപ്പറ്റിയാണ് അവരോടു പറയുക.

? ഒമ്പതുവര്‍ഷത്തെ കണക്കെടുക്കുമ്പോള്‍ ജനങ്ങളുമായി നിരവധി പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടിട്ടുണ്ട്. അതിലൊന്നാണ് ജനജാഗരണജാഥ. എങ്ങനെ അച്ചന്‍ അതിനെ ഓര്‍ക്കുന്നു
തീരദേശ പരിപാലന നിയമത്തിലെ അപാകതകള്‍ പരിഹരിക്കണമെന്നതായിരുന്നു ജാഥയുടെ പ്രാധാന ആവശ്യം. ഷാജി ജോര്‍ജായിരുന്നു ജാഥാ ക്യാപ്റ്റന്‍. ജനജാഗരണജാഥ നമ്മള്‍ വിചാരിച്ചതിനെക്കാള്‍ വിജയമായിരുന്നു. ആദ്യഘട്ടം കണ്ണൂരിലെ തലശ്ശേരിയില്‍ നിന്നാരംഭിച്ച് മാഹിയില്‍ അവസാനിച്ചു. ജാഥാംഗങ്ങളോടൊപ്പം വര്‍ഗീസ് ചക്കാലക്കല്‍ പിതാവ് 13 കിലോമീറ്ററോളം നടന്നുവെന്നത് വലിയൊരു ആവേശം തന്നെയായിരുന്നു. ആ തുടക്കം പ്രതീക്ഷിച്ചതിലും വലുതായിരുന്നു. പിന്നീട് ജാഥ കടന്നുവന്ന എല്ലാ രുപതകളിലും പിതാക്കന്മാര്‍ പദയാത്രികരായി. ജനജാഗരണ ജാഥ ക്രമാനുഗതമായി വളര്‍ന്നു. തിരുവനന്തപുരത്ത് എത്തിയപ്പോള്‍ അത് വലിയൊരു സംഭവം തന്നെയായി. കെആര്‍എല്‍സിസിയുടെ ചരിത്രത്തില്‍ 2011-ലെ മഹാസമ്മേളനം കഴിഞ്ഞാല്‍ എടുത്തു പറയാന്‍ പറ്റുന്ന ഒരു സമ്മേളനം തന്നെയായി 2014ല്‍ തിരുവനന്തപുരത്ത് നടന്ന ലത്തീന്‍ കത്തോലിക്കാ സംഗമം. അത് ക്രമാനുഗതമായി നടത്തിയതാണ്. തിരുവനന്തപുരത്തെ പരിപാടി നമ്മള്‍ ഉദ്ദേശിച്ചിട്ടുണ്ടായിരുന്നില്ല. പക്ഷേ ആ പരിപാടി നടത്തുന്നത് നല്ലതായിരിക്കുമെന്ന് മോണ്‍. യൂജിനെപ്പോലുള്ളവര്‍ പറഞ്ഞു. അതിന് സൂസപാക്യം പിതാവ് പൂര്‍ണ പിന്തുണ നല്‍കി. തിരുവനന്തപുരം അതിരൂപത ഇതിനെ സര്‍വാത്മനാ സ്വാഗതം ചെയ്തു. അവരുടെ സകല സംവിധാനങ്ങളും ഒരുമിച്ച് പ്രവര്‍ത്തിച്ചു. പങ്കെടുത്തവരില്‍ ഭൂരിഭാഗം ആളുകള്‍ തിരുവനന്തപുരത്ത് നിന്നുള്ളവരായിരുന്നു. ഞാനിപ്പോഴും ഓര്‍ക്കുന്നു, സമ്മേളനത്തിനുശേഷം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് വി.എം സുധീരന്‍ എന്നിവരുമായി ലത്തീന്‍സമുദായത്തിന്റെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്തു. അന്ന് നമ്മള്‍ ആവശ്യപ്പെട്ട പ്രധാന കാര്യങ്ങളില്‍ ഒന്ന് കേരളത്തിലെ ആംഗ്ലോ ഇന്ത്യന്‍ സമൂഹത്തെക്കൂടി ഉള്‍പ്പെടുത്തി മൂന്നു ശതമാനം വിദ്യാഭ്യാസ സംവരണം ലത്തീന്‍ കത്തോലിക്കര്‍ക്ക് നല്‍കണം എന്നുള്ളതായിരുന്നു. അത് പ്രൊഫഷണല്‍ മേഖലകളിലും പ്ലസ് ടുവിലും അനുവദിച്ചെങ്കിലും ചില യൂണിവേഴ്സിറ്റികളില്‍ ഇപ്പോഴും പ്രാവര്‍ത്തികമായിട്ടില്ല.

? ഇപ്പോള്‍ 13,165 ബിസിസികള്‍ (കുടുംബ യൂണിറ്റുകള്‍) ലത്തീന്‍ സഭയിലുണ്ട്. അച്ചന്‍ ഇവിടെ ഓഫീസിലിരുന്ന് കമ്പ്യൂട്ടറില്‍ നോക്കിയാല്‍ കുടുംബ യൂണിറ്റുകളുടെ വിവരങ്ങള്‍ അറിയാനുള്ള സംവിധാനമുണ്ടോ? അത് എന്നെങ്കിലും  നടക്കുമോ

ഓരോ യൂണിറ്റിലെയും ഭാരവാഹികളുടെ പൂര്‍ണ വിവരങ്ങള്‍ നമ്മുടെ കയ്യിലില്ല. അധികം താമസിയാതെ അത് പൂര്‍ത്തിയാക്കാനാകും എന്നാണ് എന്റെ വിശ്വാസം. നമ്മള്‍ എന്തു കാര്യം പറഞ്ഞാലും വിമുഖത കാണിക്കുന്ന രൂപതകളുണ്ട്. കെആര്‍എല്‍സിബിസി സെക്രട്ടറി ജനറല്‍ ബിഷപ് സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍ പിതാവിന് ഇതുമായി ബന്ധപ്പെട്ട വിഷയങ്ങളെക്കുറിച്ച് നല്ല ബോധ്യമുണ്ട്. അദ്ദേഹം ഇതിനുവേണ്ടി എല്ലാക്കാര്യങ്ങളും ചെയ്തുതരാമെന്ന് സമ്മതിച്ചിട്ടുണ്ട്. കൊറോണയുടെ പശ്ചാത്തലത്തില്‍ പല കാര്യങ്ങളും ഉദ്ദേശിച്ചപോലെ നടത്താനായില്ല. ഈ സ്വപ്‌നം എത്രയും വേഗം യാഥാര്‍ത്ഥ്യമാകും എന്നുതന്നെയാണ് എന്റെ വിശ്വാസം.

? അല്മായനേതൃത്വത്തെ പൊതുവേ വൈദികരും രൂപതാധ്യക്ഷന്മാരും വേണ്ടത്ര പരിഗണിച്ചിട്ടില്ല എന്ന പരാമര്‍ശത്തോട് എന്താണ് പ്രതികരണം
ഒരു പരിധിവരെ ശരിയാണ്. നൂറ്റാണ്ടുകളുടെ ചരിത്രമുണ്ടതിന്. രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ മുതലാണ് ഇതിനൊരു മാറ്റം വന്നുതുടങ്ങിയത്. അതിനുമുമ്പുള്ള സഭയുടെ കാഴ്ചപ്പാട് മറ്റൊന്നായിരുന്നു. സഭയെന്നു വച്ചാല്‍ ദേവാലയങ്ങളും പിതാക്കന്മാരും വൈദികരും സന്ന്യസ്തരും അടങ്ങുന്നതുമാത്രമാണെന്നും വിശ്വാസികള്‍ പൊതുസേവനം സ്വീകരിക്കുന്നവരാണെന്നുമുള്ള ധാരണയ്ക്ക് മാറ്റം വരികയും അവര്‍ ദൈവത്തിന്റെ ജനമാണ് എന്ന കാഴ്ചപ്പാടിലേക്ക് വളരുകയും ചെയ്തു. നൂറ്റാണ്ടുകള്‍കൊണ്ട് വളര്‍ന്നുവന്ന ഒരു ദര്‍ശനം ചുരുങ്ങിയ സമയംകൊണ്ട് മാറണമെന്ന് നമുക്ക് ശഠിക്കാനാവില്ലല്ലോ. ലത്തീന്‍സഭയില്‍ അതിനുള്ള മാറ്റം നന്നായിത്തുടങ്ങിയിട്ടുണ്ട്. കെആര്‍എല്‍സിസി അതിന് ഉത്തമ ഉദാഹരണമാണ്. പണ്ടൊക്കെ രൂപതാധ്യക്ഷന്മാര്‍ മാത്രം തീരുമാനങ്ങള്‍ എടുത്തിരുന്ന കാലം മാറിയിട്ട് മെത്രാന്മാര്‍ വൈദികരോടും സന്ന്യസ്തരോടും അല്മായരോടും ആലോചന നടത്തുന്ന രീതി കഴിഞ്ഞ 18 വര്‍ഷത്തിലേറെയായി കേരള ലത്തീന്‍ സഭയിലുണ്ട് എന്നുള്ളത് നമുക്ക് വലിയ അഭിമാനം പകരുന്ന കാര്യമാണ്. സംസ്ഥാനതലത്തിലുള്ള ഒരു അജപാലനസമിതിക്ക് തത്തുല്യമായ രീതിയിലാണ് കെആര്‍എല്‍സിസി പ്രവര്‍ത്തിക്കുന്നത്. ഇത്തരത്തിലുള്ള സ്ഥിരമായ ഒരു ആലോചനാസംവിധാനം മറ്റേതെങ്കിലും സഭയിലുള്ളതായി എനിക്കറിവില്ല.

? കഴിഞ്ഞ 18 വര്‍ഷങ്ങളില്‍ കേരളത്തെ നടുക്കിയ ചില സംഭവങ്ങള്‍ നമ്മുടെ സമുദായവുമായി ബന്ധപ്പെട്ടതാണ്. കപ്പലില്‍ നിന്നു വെടിയേറ്റ് മത്സ്യത്തൊഴിലാളികള്‍ മരിക്കുന്നു. പട്ടികടിച്ച് ശീലുവമ്മയുടെ മരണം, ഓഖി ചുഴലിക്കാക്കാറ്റിനു ശേഷമുള്ള അവസ്ഥ, ചെല്ലാനം മേഖലയിലെ ജനങ്ങളുടെ അവസ്ഥ. ഇങ്ങനെയുള്ള പ്രശ്നങ്ങള്‍ ആവര്‍ത്തിക്കുന്നത് നമ്മുടെ ആളുകളെ സംഘടിപ്പിക്കാന്‍ സാധിക്കാതെ പോകുന്നതു കൊണ്ടല്ലേ? അത് നമ്മുടെ പിന്നാക്കാവസ്ഥയല്ലേ?
മത്സ്യത്തൊഴിലാളികള്‍ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് കൊല്ലം രൂപതയുടെ നേതൃത്വത്തിലും സംസ്ഥാനതലത്തിലുമൊക്കെ നമ്മള്‍ വലിയ ഇടപെടലുകള്‍ നടത്തിയിരുന്നു. പട്ടികടിച്ച് ശിലുവമ്മയ്ക്കുണ്ടായ ദാരുണമരണം ആ പ്രദേശത്തെ നമ്മുടെ ജനങ്ങളുടെ അവസ്ഥയുടെ ഒരു പ്രതീകമാണ്. തീരദേശത്തെ മനുഷ്യരുടെ ശരിയായ അവസ്ഥയെ അത് സൂചിപ്പിക്കുന്നു. ആ അവസ്ഥയില്‍നിന്നും ജനങ്ങളെ ഉയിര്‍ത്തെഴുന്നേല്പ്പിക്കാന്‍ പല പദ്ധതികളും നമ്മള്‍ ആവിഷ്‌കരിച്ചു. ചിലയിടങ്ങളില്‍ അവ പ്രാവര്‍ത്തികമാക്കുകയും ചെയ്തിട്ടുണ്ട്. പക്ഷേ രൂപതകള്‍ ഒന്നുചേര്‍ന്ന് സംഘാതമായി പ്രധാന വിഷയങ്ങളെ കൈകാര്യം ചെയ്യുന്ന രീതിയില്‍ ചില തുടക്കങ്ങള്‍ നടത്താന്‍ നമുക്ക് സാധിച്ചെങ്കിലും തുടര്‍ച്ചയുടെ കാര്യം വരുമ്പോള്‍ മറ്റു പല കാര്യങ്ങള്‍ പറഞ്ഞ് നമ്മള്‍ അതിനെ അവഗണിക്കും. 2014ല്‍ തിരുവനന്തപുരം സമ്മേളനം നടക്കുമ്പോള്‍ സുല്‍ത്താന്‍പേട്ട് രൂപതയുടെ പ്രഖ്യാപനം കഴിഞ്ഞിരുന്നു. അവിടെ നിന്ന് ജനങ്ങള്‍ സമ്മേളനത്തില്‍ പങ്കെടുത്തു. അവരുടെ പ്രധാന വിഷയം ആ പ്രദേശത്തെ ജലദൗര്‍ലഭ്യമായിരുന്നു. കുടിക്കാനും കൃഷിചെയ്യാനും വേണ്ടിയുള്ള ജലത്തിനുവേണ്ടിയായിരുന്നു. നാലു പതിറ്റാണ്ടുകളിലേറെയായി അവഗണിക്കപ്പെട്ടുകിടന്ന ജനങ്ങള്‍ക്ക് അവരുടെ കാര്യങ്ങള്‍ അന്വേഷിക്കാനും പറയാനും ആളുകളുണ്ടെന്ന ചിന്ത ഉണ്ടായി. കെആര്‍എല്‍സിസി അവരെ പിന്തുണച്ചു. ചിറ്റൂരിലെ ആര്‍ബിസി കനാല്‍ അംഗീകരിക്കപ്പെട്ടതില്‍ കെആര്‍എല്‍സിസിക്ക് അഭിമാനമുണ്ട്. ഒരു പ്രശ്നമുണ്ടായാല്‍ അതിന് ഫലപ്രാപ്തിയുണ്ടാകുന്നതുവരെ ജനങ്ങളെ ഒരുമിച്ചുകൂട്ടി എല്ലാ മാര്‍ഗങ്ങളും ഉപയോഗിച്ച് മുന്നോട്ടുപോകുകയെന്ന മാതൃക സുല്‍ത്താന്‍പേട്ട് രൂപതയില്‍നിന്നും നമ്മള്‍ പഠിക്കേണ്ടതാണ്. എല്ലായിടത്തും ഒരു വിജയഗാഥയായി കെആര്‍എല്‍സിസി ഇതിനെ അവതരിപ്പിക്കാറുണ്ട്.

? ഇപ്പോള്‍ നമ്മുടെ സെമിനാരികളില്‍നിന്ന് പുറത്തുവരുന്ന വൈദികര്‍ സഭയുടെയും സമുദായത്തിന്റെയുമൊക്കെ സാമൂഹികമായ പശ്ചാത്തലവും ചരിത്രവും വേണ്ടത്ര മനസ്സിലാക്കാത്തതുകൊണ്ട് അവര്‍ ഈ ദൗത്യം ഏറ്റെടുക്കുമെന്ന് തോന്നുന്നുണ്ടോ
മെത്രാന്മാര്‍ ഈ വിഷയം ശരിയായി മനസ്സിലാക്കിയതുകൊണ്ടും അത് സെമിനാരി അധികാരികളെ ബോധ്യപ്പെടുത്തിയതുകൊണ്ടും ഒത്തിരി മാറ്റങ്ങള്‍ സെമിനാരി പരിശീലനത്തില്‍തന്നെ കണ്ടുതുടങ്ങിയിട്ടുണ്ട്. സാമൂഹ്യപ്രതിബദ്ധതയുള്ള വൈദികരെ വാര്‍ത്തെടുക്കാന്‍ പര്യാപ്തമായ വിധത്തില്‍ സഭയുടെ സാമൂഹ്യപ്രബോധനങ്ങള്‍ കേരള ലത്തീന്‍സഭയുടെ പശ്ചാത്തലത്തില്‍ പഠിപ്പിക്കാന്‍ കഴിവുള്ള വ്യക്തികള്‍ ഇപ്പോള്‍ സെമിനാരിയില്‍ പഠിപ്പിക്കുന്നുണ്ട്. കാര്‍മ്മല്‍ഗിരി സെമിനാരിയില്‍ ഡീക്കന്മാര്‍ക്ക് കെആര്‍എല്‍സിസി ടീമിന്റെ നേതൃത്വത്തില്‍ അഞ്ചു ദിവസത്തെ പാസ്റ്ററല്‍ കോഴ്‌സ് കൊടുക്കുന്ന സംവിധാനം കഴിഞ്ഞ ഏതാനും വര്‍ഷ
ങ്ങളായി ആരംഭിച്ചിട്ടുണ്ട്. കാര്‍മ്മല്‍ഗിരി സെമിനാരി റെക്ടര്‍ ഫാ. ചാക്കോ പുത്തന്‍പുരയ്ക്കല്‍ ഇതേക്കുറിച്ച് തികഞ്ഞ ബോധ്യമുള്ള വ്യക്തിയാണ്. എന്താണെങ്കിലും സെമിനാരി ഫോര്‍മേഷന്‍ വളരെ പ്രധാനപ്പെട്ട സംഗതിയാണ്. കാര്‍മ്മല്‍ഗിരി സെമിനാരിയുടെ അറുപതാം വാര്‍ഷികാഘോഷവേളയില്‍ മലങ്കര കത്തോലിക്കാസഭയുടെ തലവന്‍ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ ഒരു കാര്യം ഓര്‍മപ്പെടുത്തി. ഈ സെമിനാരിയില്‍ പ്രധാനമായും കേരളത്തിലെ ലത്തീന്‍ കത്തോലിക്കര്‍ക്കുവേണ്ടിയുള്ള വൈദികരാണ് പരിശീലിപ്പിക്കപ്പെടുന്നത് എന്ന ബോധ്യമാണ് വേണ്ടത്. വേറെ ആര്‍ക്കോവേണ്ടിയുള്ള വൈദികരല്ല, അവരുടെ രൂപതയിലെ ജനങ്ങളുടെ അവസ്ഥ വൈദികനാകുന്ന വ്യക്തി അവസാനകാലത്തെങ്കിലും അറിയുന്നത് നല്ലതാണ്. അതില്ലായെങ്കില്‍ അവര്‍ വൈദികരായി വേറൊരു തലത്തിലേക്ക് പോകും. യേശുക്രിസ്തു വിമോചകനാണ്. വിമോചനം എന്നാല്‍ പാപമോചനം വഴിയുള്ള രക്ഷമാത്രമല്ല. ജനങ്ങളുടെ സമഗ്രമായ വളര്‍ച്ച, വിമോചനം അവരുടെ ദൗത്യമാണ്.

? സമുദായത്തിന്റെ വളര്‍ച്ചയില്‍ സുപ്രധാനമായൊരു മേഖലയാണല്ലോ രാഷ്ട്രീയശാക്തീകരണം. ഈ രംഗത്ത് കെആര്‍എല്‍സിസിയുടെ നിലപാടുകളും നയങ്ങളും അച്ചന്‍ എങ്ങനെയാണ് മനസ്സിലാക്കിയിട്ടുള്ളത്?
രാഷ്ട്രീയമെന്നത് രണ്ടു മാനങ്ങളിലൂടെ വീക്ഷിക്കപ്പെടണം. ഒന്ന് – രാഷ്ട്രനിര്‍മാണപ്രക്രിയയിലുള്ള പങ്കാളിത്തം. ഒരു പൗരനെന്ന നിലയില്‍ ഓരോ വ്യക്തിയുടെയും അടിസ്ഥാന കടമയും ദൗത്യവുമാണത്. രണ്ട് – കക്ഷിരാഷ്ട്രീയപ്രവര്‍ത്തനം. അതും തത്വാധിഷ്ഠിതമായി പ്രോത്സാഹിപ്പിക്കപ്പെടേണ്ടതുതന്നെയാണ്. ജനാധിപത്യപ്രക്രിയയില്‍ രാഷ്ട്രീയാധികാരം വളരെ പ്രധാനപ്പെട്ടതാണ്. അതിന് സംഘടിത മുന്നേറ്റവും പ്രവര്‍ത്തനങ്ങളും അനിവാര്യമാണ്. നമ്മുടെ സമുദായം പരമ്പരാഗതമായി അമിത രാഷ്ട്രീയ വിധേയത്വത്തില്‍പ്പെട്ട് ഭിന്നിപ്പിക്കപ്പെട്ടിരിക്കുകയാണ്. അതിനെയൊക്കെ അതിജീവിച്ച് ഐക്യത്തോടും ലക്ഷ്യബോധത്തോടുംകൂടി നമ്മുടെ സമൂഹം ഒറ്റക്കെട്ടായി മുന്നേറണം. സുചിന്തിതമായൊരു രാഷ്ട്രീയനയമാണ് കെആര്‍എല്‍സിസിക്കുള്ളത്. ”പ്രശ്നാധിഷ്ഠിത മൂല്യാധിഷ്ഠിത സമദൂരം”’ ആണ് അത്. നമ്മുടെ സമുദായസംഘടനകളും മറ്റു പ്രസ്ഥാനങ്ങളുമൊക്കെ ഈ നയം വ്യക്തമായി മനസ്സിലാക്കി പ്രവര്‍ത്തനനിരതരായാല്‍ പടിപടിയായി രാഷ്ട്രീയനീതി കൈവരിക്കാന്‍ നമുക്കു സാധിക്കും. നമ്മുടെ രൂപതാ രാഷ്ട്രീയകാര്യസമിതികള്‍ കൂടുതല്‍ ഊര്‍ജസ്വലമാകുകയും നിരന്തര പരിശീലനങ്ങളും പ്രോത്സാഹനവും നല്കി നമ്മുടെ യുവജനങ്ങളെയും മറ്റും ക്രിയാത്മക രാഷ്ട്രീയപ്രവര്‍ത്തനത്തിലേക്കു കൊണ്ടുവരികയും ചെയ്യണം. തിരഞ്ഞെടുപ്പുകളടുക്കുമ്പോള്‍ മാത്രമല്ല, നിരന്തരമായി സാമൂഹിക, രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ നമ്മുടെ സമുദായാംഗങ്ങള്‍ സജീവമാകണം.
(തുടരും)


Related Articles

റവ. ഡോ. ഫാ ഷാജി ജർമൻനെ കൊല്ലം രൂപത മൈനർ സെമിനാരി റെക്ടർ ആയി നിയമിച്ചു

കൊല്ലം രൂപതയുടെ മൈനർ സെമിനാരി റെക്ടർ ആയി നിലവിലെ രൂപത ചാൻസലർ, ട്രിബ്യുണൽ ജഡ്‌ജി എന്നീ പദവികൾ വഹിക്കുകയായിരുന്ന റവ. ഡോ ഷാജി ജെർമനെ നിയമിച്ചു. കാനൻ

അര്‍ണബ് ഗോസ്വാമിക്കെതിരെ മൂന്നാഴ്ചത്തേക്ക് നടപടികള്‍ ഉണ്ടാകരുതെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: വിദ്വേഷ പരാമര്‍ശം നടത്തിയ കേസില്‍ അറസ്റ്റ് ഉള്‍പ്പടെയുള്ള നടപടികളില്‍ നിന്ന് റിപബ്ലിക് ടിവി ചീഫ് എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിക്ക് സുപ്രീംകോടതി മൂന്നാഴ്ചത്തെ സംരക്ഷണം നല്‍കി. മഹാരാഷ്ട്ര,

ഈ ഡിജിറ്റൽ തന്ത്രം, ബിസിനസ്സ് വിജയമന്ത്രം

ഈ ഡിജിറ്റൽ തന്ത്രം, ബിസിനസ്സ് വിജയമന്ത്രം “ഇനി അങ്ങോട്ട് ഡിജിറ്റൽ  മാർക്കറ്റിംഗിന്‍റെ  കാലമാണല്ലോ”- ഈയൊരു വാചകം e-യുഗത്തിൽ നാം നിത്യേന കെട്ടുവരുന്നതാണ്. അതെ, ലോകം ഡിജിറ്റൽ ആയി

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*