ലത്തീൻ കത്തോലിക്കാ സമുദായാംഗങ്ങൾക്ക് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്ന 4% തൊഴിൽ സംവരണം നിർത്തലാക്കണോ ?

ലത്തീൻ കത്തോലിക്കാ സമുദായാംഗങ്ങൾക്ക് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്ന 4% തൊഴിൽ സംവരണം നിർത്തലാക്കണോ ?ഈ ചർച്ച പോകുന്നത് സാമുദായിക സംവരണം എന്നതിനു പകരം സാമ്പത്തിക സംവരണം വേണം എന്ന NSS / ബ്രാഹ്മണ സമാജം തുടങ്ങിയ ഉന്നതകുലജാതരുടെ നിലപാടിനെ ന്യായീകരിക്കുന്ന വിധത്തിലാണ് – എന്ന് ആരെങ്കിലും സംശയിച്ചാൽ അവരെ കുറ്റം പറയാൻ സാധിക്കുമോ ?

ചിലരുടെ വാദം സമുദായ സംവരണത്തിനൊപ്പം സാമ്പത്തിക സംവരണം കൂടി കലർത്തി വേണം എന്നതാണ്.

അതുകൊണ്ടാണ് :

2 ലക്ഷം,
3 ലക്ഷം
4 ലക്ഷം
5 ലക്ഷം
6 ലക്ഷം
7 ലക്ഷം
8 ലക്ഷം
എന്ന നിരക്കിൽ സംവരണം ഒതുക്കണമെന്ന് കാര്യകാരണങ്ങൾ സഹിതം ചിലർ വാദിക്കുന്നത്.

ഒരു കാര്യം ഓർക്കുന്നത് നല്ലതാണ്. –
സാമുദായ സംവരണത്തിൽ സാമ്പത്തിക നിരക്കുകളും തിരുകിക്കയറ്റിയാൽ – സാമുദായിക സംവരണം എന്ന തത്വം തന്നെ അട്ടിമറിക്കപ്പെടും എന്നതിൽ യാതൊരു സംശയവുമില്ല.

ഉന്നത കുല ജാതിക്കാർക്ക് അവരുടെ ജോലിക്കാര്യത്തിൽ പൂർവ്വസ്ഥിതിയിലേക്ക് പോകുവാൻ ലത്തീൻ കത്തോലിക്കർ തന്നെ സാഹചര്യം ഒരുക്കുന്നുവോ ?

  • അതായത് സംവരണ തത്വം നിലവിൽവരുന്നതിനു മുൻപുള്ള നില –
    80 % തസ്തികകൾ 2% വരുന്ന ബ്രാഹ്മണകുലജാതന്മാർക്ക് എന്ന നില .

കേന്ദ്ര സർക്കാർ , സംസ്ഥാന സർക്കാർ എന്നിവയിലെ മിക്കവാറും എല്ലാ തസ്തികളും ബ്രാഹ്മണന്മാർ കയ്യടക്കി വച്ചിരുന്നു എന്ന മുൻ കാലങ്ങളിലെ സ്ഥിതി നാം മറക്കരുത്.

ദോഷം പറയരുതല്ലോ – പ്യൂൺ, അറ്റന്റർ തുടങ്ങിയ ലാസ്റ്റ് ഗ്രേഡു പോസ്റ്റുകളിൽ ചിലത് താഴ്ന്ന ജാതിക്കാർക്ക് ലഭിച്ചിരുന്നു.

ദാദാ സാഹിബ് BR അംബദ്ക്കർ (ഭരണഘടന) മുൻ പ്രധാനമന്ത്രി VP സിംഗ് ( മണ്ഡൽ കമ്മീഷൻ ) തുടങ്ങിയ മഹാരഥന്മാരുടെ പ്രവർത്തനങ്ങളാൽ , ലത്തീൻ കത്തോലിക്കർ ഉൾപ്പടെയുള്ള താഴ്ന്ന ജാതിക്കാർക്ക് ലഭ്യമാക്കിയ സാമുദായിക സംവരണം കാത്തുസൂക്ഷിക്കേണ്ട കടമ ലത്തീൻ കത്തോലിക്കരായ നമുക്കുണ്ട്.

എനിക്ക് 3 ലക്ഷമാണ് വാർഷിക വരുമാനം – എന്റെ അയൽവാസിക്ക് 4 ലക്ഷം ഉണ്ട് – ആയതിനാൽ 3 ലക്ഷത്തിൽ കൂടുതലുളള ലത്തീൻ കത്തോലിക്കനെ സംവരണത്തിൽ നിന്ന് ഒഴിവാക്കണം എന്ന് ഞാൻ മുറവിളി കൂട്ടിയാൽ എന്തായാരിക്കും പരിണിത ഫലം ? 75000 രുപാക്കാരനായി എന്റെ അയൽക്കാനും ഉണ്ട് എന്ന് ഞാൻ മറന്നു പോകുന്നു.
ഇപ്രകാരം തർക്കിച്ചു തർക്കിച്ച് ഉള്ള സംവരണം തന്നെ കളഞ്ഞുകുളിക്കല്ലെ !

കാരണം സമുദായ സംവരണം തന്നെ എടുത്തു കളയണം എന്ന് ആവശ്യപ്പെട്ട് , നമ്മുടെ സഹോദര കത്തോലിക്കാ സമുദായം – സീറോ മലബാർ സമുദായം – ഉൾപ്പടെയുള്ള സവർണ്ണ സമുദായങ്ങൾ, സർക്കാരിൽ സമ്മർദ്ദം ചെലുത്തിക്കൊണ്ടിരിക്കുന്ന കാലമാണ് ഇത് എന്നും ഓർക്കുക.

മേൽപ്പറഞ്ഞ സമുദായങ്ങൾ പ്രഭലരുമാണ്. ഉദാഹരണത്തിന് –
പിന്നാക്ക സമുദായ വികസന കമ്മീഷൻ ,
മുന്നാക്ക സമുദായ വികസന കമ്മീഷൻ തുടങ്ങി അനേകം കമ്മീഷനുകൾ കേരളത്തിൽ നിലവിലുണ്ട്.

അതിൽ മുന്നോക്ക കമ്മീഷൻ ചെയർമാൻ ശ്രീ. ആർ.ബാലകൃഷ്ണപിള്ളയ്ക്ക് മാത്രം ക്യാബിനറ്റ് റാങ്ക് നൽകി LDF സർക്കാർ നിലനിർത്തിയിരിക്കുന്നു. മറ്റുള്ള സമുദായ കമ്മീഷൻ ചെയർമാന്മാർ വെറും ചെയർമാൻന്മാർ മാത്രം ! അതായത് ഉന്നതകുലജാതർ ഉന്നത പോസ്റ്റുകളിൽ അവരോഹിക്കപ്പെടുന്നു. ഇതാണ് ഇടതുപക്ഷം നേതൃത്വം നൽകുന്ന സർക്കാരിന്റെ പോലും കാഴ്ച്ചപ്പാട്.

ഈ സാഹചര്യത്തിൽ, എന്നെക്കാളും വരുമാനമുളള എന്റെ അയൽക്കാരനായ ലത്തീൻ കത്തോലിക്കന് സംവരണം ലഭിക്കാതിരിക്കാൻ ഞാൻ നിലപാടെടുക്കുന്നത് – പിന്നോക്ക സമുദായ സംവരണം എന്ന വടവൃക്ഷത്തിന്റെ കടയ്ക്കൽ കോടാലി വയ്ക്കുന്ന നടപടിയായിപ്പോവുകയില്ലേ ? ഗൗരവപൂർവ്വം ചിന്തിക്കേണ്ട വിഷയമാണിത്.

ഇപ്രകാരം ഒരു തർക്കം നമ്മുടെയിടയിൽ ഉടലെടുക്കുന്നതു തന്നെ, കൗതുകത്തോടെ വീക്ഷിക്കുന്ന ഉന്നതകുലജാതർ ഉണ്ട് എന്ന കാര്യവും നാം മറക്കേണ്ട !

ശരിയായാലും തെറ്റായാലും ക്രീമിലയർ എന്ന ഒരു തത്വം നമുക്കിടയിൽ ഇപ്പോൾത്തന്നെ നിലവിലുണ്ട്. ഈ ക്രിമിലയറിൽ നിന്നു പോലും നമ്മുടെ സഹോദരന്മാരായ ലത്തീൻ കത്തോലിക്കരെ ഔട്ടാക്കാൻ ശ്രമിക്കുന്ന വ്യാഖ്യാനങ്ങളും സാമ്പത്തിക സംവരണം എന്ന തത്വത്തിലേക്ക് കാര്യങ്ങൾ വഴുതിപ്പോ കാനും ഇടയാകും – എന്നതും ഓർക്കുക.

എന്തുകൊണ്ടാണ് ലത്തീൻ കത്തോലിക്കർ ഉൾപ്പടെയുള്ള പിന്നോക്ക സമുദായങ്ങൾക്ക് സംവരണം ലഭിക്കുന്നത് ?

ഈ സമുദായാംഗങ്ങൾ കാലഘട്ടങ്ങളായി അനുഭവിച്ചു വന്നിരുന്ന

  • വിദ്യാഭ്യാസ, തൊഴിലിൽ, സംസ്കാരം തുടങ്ങിയ അടിസ്ഥാന കാര്യങ്ങളിലുള്ള പിന്നോക്കാവസ്ഥയ്ക്ക് അല്പമെങ്കിലും പരിഹാരം നൽകാൻ.

ഏതെങ്കിലും വിധത്തിൽ –
ഒരു ലോട്ടറി മൂലമോ,
ഒരു വ്യക്തിയുടെ ഗൾഫ് വരുമാനം മൂലമോ,
അല്ലെങ്കിൽ
ഒരു സർക്കാർ ജോലിയിൽ നിന്നുള്ള
വരുമാനം മൂലമോ അല്പം സാമ്പത്തി കയ്യിൽ വരുന്നു എന്ന് സങ്കല്പിക്കുക.
ഇത്തരം വരുമാനം മാത്രം കൊണ്ട് മാത്രം അയാളുടെ
വിദ്യാഭ്യാസ
സാംസ്ക്കാരിക
പിന്നോക്കാവസ്ഥ മാറുമോ ?

ഇല്ല എന്നതാണ് ഉത്തരം എന്ന് നമുക്ക് അറിവുള്ളതാണല്ലോ ?

ആയതിനാൽ ലത്തീൻസമുദായാംഗങ്ങൾക്ക് അല്പമെങ്കിലും ആശ്വാസം നൽകുന്ന 4% തൊഴിൽ സംവരണവും 2% വിദ്യാഭ്യാസ സംവരണവും ഇല്ലായ്മ ചെയ്യുവാനുള്ള നിലപാടുകൾ നമ്മുടെ സദായാംഗങ്ങൾ തന്നെ എടുക്കരുതെന്നാണ് എന്റെ വിനീതമായ അഭിപ്രായം.

നമുക്കൊരുമിച്ച് നമ്മുടെ ലത്തീൻ സമുദായത്തെ ശക്തിപ്പെടുത്താം. നമ്മുടെ ലത്തീൻ യുവാക്കളും സർക്കാർ തസ്തികളിൽ കയറി വരട്ടെ .

ഒരിക്കൽക്കൂടി പറയുന്നു – സാമുദായിക സംവരണത്തിൽ സാമ്പത്തിക മാനദണ്ഡങ്ങൾ തിരുകിക്കയറ്റാൻ ശ്രമിക്കുന്നത് , ആത്മഹത്യാപരമാണ്.

അഡ്വ. ജോസി സേവ്യർ , കൊച്ചി


No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*