ലാല്‍ കോയില്‍പറമ്പില്‍, മത്സ്യത്തൊഴിലാളി നേതാവും സമരനായകനും

ലാല്‍ കോയില്‍പറമ്പില്‍, മത്സ്യത്തൊഴിലാളി നേതാവും സമരനായകനും

 

ഫാ. ജെയിംസ് കുലാസ്
കത്തോലിക്കാ യുവജനപ്രസ്ഥാനത്തില്‍ നിന്ന് സ്വതന്ത്രമത്സ്യതൊഴിലാളി ഫെഡറേഷനിലേക്ക്

കേരള സ്വതന്ത്രമത്സ്യത്തൊഴിലാളി ഫെഡറേഷന്റെ (കെഎസ്എംടിഎഫ്) നേതൃത്വരംഗത്ത് പ്രവര്‍ത്തിച്ചിരുന്ന് ലാല്‍ കോയില്‍പ്പറമ്പില്‍ നമ്മോട് വിട പറഞ്ഞു. കരള്‍ രോഗത്തിന് കഴിഞ്ഞ കുറെ വര്‍ഷങ്ങള്‍ ചികിത്സയിലായിരുന്നു. ആലപ്പുഴ അര്‍ത്തുങ്കല്‍ സ്വദേശിയായ ലാല്‍ ആലപ്പുഴ രൂപത യുവജ്യോതി (കെസിവൈഎം) എന്ന സംഘടനയിലൂടെയാണ് പൊതുരംഗത്ത് എത്തിയത്. പില്‍കാലത്ത് കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റായിരുന്നു. കെസിവൈഎം സംസ്ഥാന സെക്രട്ടറിയും ട്രഷററുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരളത്തിലെ മത്സ്യത്തൊഴിലാളികളെ സംബന്ധിച്ചിടത്തോളം ഈ സംഘടന ഈ മേഖലയില്‍ നല്‍കിയ സംഭാവന നിസ്തുലമാണ്.

ട്രേഡ് യൂണിയന്‍ രംഗത്ത് തന്നെ ഒരു പുതിയ പരീക്ഷണമാണ് 1983ല്‍ രൂപം കൊണ്ട ഈ പ്രസ്ഥാനം. വ്യവസ്ഥാപിത രാഷ്ട്രീയ പാര്‍ട്ടികളുടെ പോഷക സംഘടനകള്‍ മത്സ്യമേഖലയില്‍ ധാരാളമുണ്ടെങ്കിലും സഭയുടെയോ സമുദായത്തിന്റെയോ ഒന്നും നേരിട്ടുള്ള നിയന്ത്രണത്തിലായിരുന്നില്ല ഈ പ്രസ്ഥാനം രൂപം കൊണ്ടത്. ഇടതു വലതു മുന്നണികളുടെ ഭാഗമാകാതെ ഏതു സര്‍ക്കാര്‍ വന്നാലും ജനപക്ഷത്തു നിന്ന് മത്സ്യത്തൊഴിലാളികളുടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ കഴിഞ്ഞ 37 വര്‍ഷങ്ങളായി പ്രവര്‍ത്തിക്കു ഒരു പ്രസ്ഥാനമാണിത്. എന്നാല്‍ ഒരുപിടി വൈദികരും കന്യാസ്ത്രീകളും സജീവ നേതൃത്വം ഏറ്റെടുത്ത് ഈ പ്രസ്ഥാനത്തിനൊപ്പം ഉണ്ടായിരുന്നുവെന്ന കാര്യം മറക്കരുത്. കെഎസ്എംടിഎഫ് രൂപം കൊണ്ടതിന്റെ മുന്‍കാല ചരിത്രം പഠിക്കുമ്പോള്‍, കേരളത്തിലെ വിവിധ രൂപതകളില്‍ വൈദികരുടെ നേതൃത്വത്തിലാണ് 1970 കളില്‍ സംഘടന രൂപംകൊണ്ടതെന്ന് മനസിലാക്കാനാകും. ലത്തീന്‍ കത്തോലിക്ക മത്സ്യത്തൊഴിലാളി യൂണിയന്‍ എന്ന പേരിലാണ് അത് അറിയപ്പെട്ടിരുന്നത്. ആലപ്പുഴ രൂപതയില്‍ ഫാ. പോള്‍ അറയ്ക്കലിന്റെ നേതൃത്വത്തിലും കൊല്ലം രൂപതയില്‍ (ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികളുടെ ഉള്‍പ്പെടെ) ഫാ. ആല്‍ബര്‍ട്ട് പരിശവിളയുടെ നേതൃത്വത്തിലും തിരുവനന്തപുരം രൂപതയില്‍ ഫാ. ക്ലീറ്റസ് ഗോമസിന്റെ നേതൃത്വത്തിലും ജില്ലാതല യൂണിയനുകള്‍ പ്രവര്‍ത്തിച്ചിരുന്നു. 1977 മെയ് 25ന് പുന്നപ്ര സെന്റ് ജോസഫ് ഹാളില്‍ വിവിധ ജില്ലകളിലെ യൂണിയന്‍ പ്രവര്‍ത്തകര്‍ ഒരുമിച്ചുകൂടി. സംസ്ഥാനതലത്തില്‍ ഒത്തൊരുമിച്ചു നീങ്ങുക ആവശ്യമാണെന്ന ബോധം എല്ലാവരുടെയും മനസില്‍ ഉദിച്ചിരുന്നു. അങ്ങനെ ലത്തീന്‍ കത്തോലിക്ക മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ എന്ന സംസ്ഥാനതല സംഘടന രൂപം കൊണ്ടു. ഫാ. പോള്‍ അറയ്ക്കല്‍ പ്രസിഡന്റായി ഒരു സാമുദായിക സംഘടനയെന്ന നിലയില്‍ പ്രവര്‍ത്തനം ആരംഭിച്ച ഫെഡറേഷന്‍ മത്സ്യത്തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിന് വേണ്ടി ചവിട്ടികയറിയ പടവുകള്‍ നിരവധിയാണ്.

കേരള കാത്തലിക് യൂത്ത് മൂവ്‌മെന്റ് (കെസിവൈഎം)
അര്‍ത്തുങ്കല്‍ സെന്റ് ഫ്രാന്‍സിസ് അസീസി വിദ്യാലയം സെന്റ് മൈക്കിള്‍സ് കോളജ് എന്നിവിടങ്ങളില്‍ പഠിച്ചതിനുശേഷമാണ് അര്‍ത്തുങ്കലില്‍ യുവജനപ്രവര്‍ത്തനങ്ങളിലേക്ക് ലാല്‍ കോയിപ്പറമ്പില്‍ ആകര്‍ഷിക്കപ്പെട്ടത്. വിവിധ ഇടങ്ങളിലെ യുവജനപ്രതിനിധികള്‍ ലിയോ തേര്‍ട്ടീത്ത് സ്‌കൂളില്‍ ഫാ. സേവ്യര്‍ അരശേരിയുടെ നേതൃത്വത്തില്‍ ഒത്തു ചേര്‍ന്ന് കാത്തലിക് യൂത്ത്മൂവ്‌മെന്റ് (സിവൈഎം) എന്ന സംഘടനയ്ക്ക് രൂപം നല്‍കി. 1974 ജനുവരി 23ന് കേരള കാത്തലിക് യൂത്ത് മൂവ്‌മെന്റ് (കെസിവൈഎം) എന്ന പേരു സ്വീകരിച്ചു. ജേക്കബ് അറയ്ക്കല്‍ പ്രസിഡന്റും പി.വി ആന്റണി സെക്രറിയും ലാല്‍ കോയില്‍പ്പറമ്പില്‍ ട്രഷററുമായാണ് പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയത്. ആലപ്പുഴയിലെ യുവജനപ്രസ്ഥാനം യുവജ്യോതിയെന്ന് പില്‍ക്കാലത്ത് അറിയപ്പെട്ടു തുടങ്ങി. അതിന്റെ പ്രഥമപ്രസിഡന്റായി ലാല്‍ തിരഞ്ഞെടുക്കപ്പെട്ടു.
സംസ്ഥാനതലത്തില്‍ കെസിവൈഎം രൂപപ്പെട്ട വേളയില്‍ അതിന്റെ റീജ്യണല്‍ ഡയറക്ടര്‍ ഫാ. തോമസ് മൂറായിരുന്നു. വിവിധ രൂപതകളിലെ യുവജനപ്രസ്ഥാനത്തിനു നേതൃത്വം കൊടുക്കുന്ന യുവനേതാക്കള്‍ക്കുവേണ്ടിയുള്ള പരിശീലന കളരിയാണ് മൂറച്ചന്റെ നേതൃത്വത്തില്‍ നടന്ന ആദ്യ പരിപാടി. സാമൂഹ്യപ്രതിബന്ധതയുള്ള ഒരു യുവനിരയെ രൂപപ്പെടുത്തുവാന്‍ പ്രസ്തുത കൂടിവരവുകള്‍ വളരെയേറെ സഹായിച്ചു. ഞാന്‍ അക്കാലത്തു തിരുവനന്തപുരം രൂപതയുടെ യുവജനപ്രസ്ഥാനത്തിന്റെ ഡയറക്ടറായിരുന്നു. പാലമ്പ്രയില്‍ നടന്ന പ്രസ്തുത ക്യാമ്പിലാണ് ഞാന്‍ ലാല്‍ കോയിപ്പറമ്പിലിനെ ആദ്യമായി കാണുന്നത്. അന്നു തുടങ്ങിയ സൗഹൃദമാണ്. ഞങ്ങള്‍ പില്‍ക്കാലത്തു സഹപ്രവര്‍ത്തകരായി തുടര്‍ന്നു.

1980ല്‍ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് പയ്യന്നൂര്‍ മുതല്‍ തിരുവനന്തപുരം വരെ ലാലിന്റെ നേതൃത്വത്തില്‍ സാമൂഹ്യവിഷയങ്ങള്‍ ഉന്നയിച്ചുകൊണ്ടു നടത്തിയ ജീപ്പ് ജാഥ ഏറെ ശ്രദ്ധേയമായിരുന്നു. 1981ല്‍ തിരുവനന്തുപുരത്തു നടത്തിയ കെസിവൈഎം സെനറ്റ് യോഗം മലയോര കര്‍ഷകരുടെ കുടിയിറക്കവുമായി ബന്ധപ്പെട്ട് ഗുഢല്ലൂരില്‍ നിന്നു വന്ന സമരത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ നിശ്ചയിച്ചു. ലാലൂമൊത്ത് ഗുഢല്ലൂരില്‍ ചിലവഴിച്ച ദിവസങ്ങള്‍ സാമൂഹ്യപ്രശ്‌നങ്ങളില്‍ ഇടപെടാനുള്ള ആത്മവിശ്വാസം ഞങ്ങള്‍ക്കു നല്‍കി. മാസങ്ങളോളം ഗുഢല്ലൂരില്‍ താമസിച്ച് നേതൃത്വം നല്‍കിയാണ് സമരത്തെ വിജയത്തിലെത്തിച്ചത്.

കെസിവൈഎമ്മില്‍ പ്രവര്‍ത്തിച്ച യുവജനങ്ങള്‍ പലരും പില്‍ക്കാലത്ത് സഭയുടെയും സമുദായത്തിന്റെയും നേതൃനിരയിലേക്കു വന്നു. ആന്റണി അമ്പാട്ടിനെ പോലെയുള്ളവര്‍ കെഎല്‍സിഎയിലൂടെ സമുദായത്തിന്റെ വളര്‍ച്ചയ്ക്കു നല്‍കിയ സംഭാവന ഏറെ വലുതാണ്. കേരളത്തിലെ ലത്തിന്‍ രൂപതകളിലെ ഇന്ന് അറിയപ്പെടുന്ന അല്മായ നേതാക്കള്‍ പലരും കെസിവൈഎമ്മില്‍ നിന്നു വളര്‍ന്നുവന്നവരാണ്. ചിലര്‍ രൂപത സോഷ്യല്‍ സര്‍വീസ് സൊസൈറ്റികളിലൂടെ വികസനപ്രവര്‍ത്തനങ്ങളില്‍ നേതൃത്വം നല്‍കി. സന്നദ്ധ സംഘടനകളിലും തദ്ദേശസ്വയംഭരണ രംഗത്തും വിവിധ രാഷ്ട്രീയ പാര്‍ട്ടികളിലും നേതൃത്വമേറ്റെടുത്തവരും ഉണ്ടായിരുന്നു.
ലാല്‍ കോയില്‍പ്പറമ്പിലിന്റെ ജീവിതത്തിലേക്ക് നാം നോക്കുകയാണെങ്കില്‍ ട്രേഡ് യൂണിയന്‍ രംഗത്താണ് അദ്ദേഹം തന്റെ ഭാവിദൗത്യം തിരിച്ചറിഞ്ഞത്. ഈശോസഭാ വൈദികനായ ഫാ. ഡൊമിനിക് ജോര്‍ജിന്റെ നേതൃത്വത്തില്‍ കോഴിക്കോട് സോഷ്യോ റിലീജിയസ് സെന്ററില്‍ മത്സ്യത്തൊഴിലാളി പ്രശ്‌നങ്ങള്‍ പഠിക്കുവാന്‍ സന്നദ്ധരായി. ഇത് ലാലിന്റെ ജീവിതത്തിന്റെ വഴിത്തിരിവായി മാറി.

കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന്‍
1981 മേയ് മാസം കേരള സര്‍ക്കാരിന്റെ ഫിഷറീസ് വകുപ്പ് ഡയറക്ടര്‍ ഒരു വിജ്ഞാപനം ഇറക്കി. ജൂണ്‍, ജൂലൈ, ആഗസ്റ്റ് മാസം ട്രോളിംഗ് നടത്തുന്നത് മത്സ്യസമ്പത്തിന്റെ ശോഷണത്തിനു കാരണമാകും എന്ന് വ്യക്തമാക്കികൊണ്ടുള്ള ഉത്തരവായിരുന്നു അത്. എന്നാല്‍ ട്രോളര്‍   ഉടമകളുടെ  സമ്മര്‍ദ്ദത്തിനു വഴങ്ങി ഒരാഴ്ചക്കുള്ളില്‍ സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിച്ചു. ഇതിനെതിരെ തിരുവനന്തപുരം ജില്ലയിലെ സംഘടനാനേതൃത്വം ശക്തമായി പ്രതികരിച്ചു. ഫിഷറീസ് ഓഫീസില്‍ കടന്ന് ഡയറക്ടറെ തടഞ്ഞുവച്ചു. തുടര്‍ന്ന് സെക്രട്ടറിയേറ്റ് നടയില്‍ ശക്തമായ സമരം സംഘടിപ്പിക്കുകയും ചെയ്തു. ഫാ. തോമസ് കോച്ചേരിയും ജോയിച്ചന്‍ ആന്റണിയും അനിശ്ചിതകാല നിരാഹാരം തുടങ്ങി. തിരുവനന്തപുരം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് പിക്കറ്റ് ചെയ്തു. ദേശീയതലത്തിലും സമരം ശ്രദ്ധിക്കപ്പെട്ടു. നായനാര്‍ സര്‍ക്കാരിനെതിരെയായിരുന്നു സമരം. സര്‍ക്കാര്‍ ബാബു പോള്‍ കമ്മീഷനെ വിഷയം പഠിക്കാന്‍ നിയോഗിക്കുകയും ചെയ്തു. സമരം തിരുവനന്തപുരം കേന്ദ്രീകരിച്ചായിരുന്നു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ഇതര ജില്ലകളിലേക്ക് സമരം വ്യാപിപ്പിച്ചു. 1984ല്‍ ആലപ്പുഴയിലേക്ക് സമരം വ്യാപിപ്പിച്ചു. അര്‍ത്തുങ്കല്‍ തീരകടലില്‍ തമിഴ്‌നാട് ബോട്ടുകാരും കടത്തുതൊഴിലാളികളും ട്രോളിംഗ് വിരുദ്ധ സമരം തകര്‍ക്കാന്‍ നടത്തിയ നീക്കത്തിനെതിരായി ട്രോളിംഗ് ബോട്ടുകള്‍ പിടിച്ചു കരയില്‍ കൊണ്ടുവരാന്‍ ഫെഡറേഷന്‍ നടത്തിയ സമരം പൊലീസ് ലാത്തിചാര്‍ജിലും അറസ്റ്റിലും കലാശിച്ചു. ജോയിച്ചനും ഞാനും സമരത്തിനു നേതൃത്വം നല്‍കി. കെസിവൈഎം നേതാവ് ലാല്‍ പൊലീസ് സ്റ്റേഷനിലേക്കുള്ള മാര്‍ച്ചിനു നേതൃത്വം കൊടുത്തു. ആലപ്പുഴ രൂപതയിലെ തമ്പി കല്ലുപുരയ്ക്കല്‍ അച്ചനും ഒപ്പം നിന്നു സഹായിച്ചു. അറസ്റ്റു ചെയ്തു പൊലീസ്‌സ്‌റ്റേഷനില്‍ ഉണ്ടായിരുന്നവരെ വിടണമെന്ന ആവശ്യം ഞങ്ങള്‍ ഉന്നയിച്ചു. നൂറുകണക്കിനു തൊഴിലാളികളും സ്ത്രീജനങ്ങളും പൊലീസ്റ്റേഷനു മുന്നില്‍ ഒത്തുകൂടി. അവര്‍ക്കു മുന്നില്‍ ലാല്‍ കോയില്‍പ്പറമ്പില്‍ ഉണ്ടായിരുന്നു. അറസ്റ്റു ചെയ്തവരെ വിടാന്‍ പൊലീസ് സന്നദ്ധമായി. യുവജനപ്രസ്ഥാനത്തിന്റെ നേതാവായിരുന്ന ലാല്‍ അതോടെ തൊഴിലാളി പ്രസ്ഥാനത്തിന്റെ നേതാവായി മാറി.

1985ല്‍ കേരള സ്വതന്ത്ര്യ മത്സ്യത്തൊഴിലാളി ഫെഡറേഷന്റെ ആലപ്പുഴ ജില്ലാ സെക്രട്ടറിയായി മാറി. വള്ളങ്ങള്‍ നിരത്തി കൊച്ചി പോര്‍ട്ട് പിക്കറ്റ് ചെയ്യാന്‍ ലാല്‍ നേതൃത്വം നല്‍കി. ഫെഡറേഷന്റെ ആലപ്പുഴ ഘടകം ലാലിന്റെ നേതൃത്വത്തില്‍ കരുത്താര്‍ജിച്ചതിനെ തുടര്‍ന്ന് 1988ല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. ട്രോളിംഗിനു എതിരെയുള്ള സമരത്തില്‍ തിരുവനന്തപുരം സെക്രട്ടറിയേറ്റ് നടയിലും ആലപ്പുഴ കളക്ടറേറ്റിന് മുന്നിലും ലാല്‍ നടത്തിയ നിരാഹാരസമരങ്ങള്‍ നിരവധി ദിവസങ്ങള്‍ നീണ്ടുനിന്നവയായിരുന്നു. പില്‍ക്കാലത്ത് ലാല്‍ ഫെഡറേഷന്റെ പ്രസിഡന്റായി ചുമതലയേറ്റു.
1995ല്‍ കൊച്ചിയില്‍ പഴ്‌സീന്‍ ബോട്ട് തൊഴിലാളികളെകൂട്ടി യൂണിയന്‍ പ്രവര്‍ത്തനം പിന്നീട് മുനമ്പത്തേക്കും വ്യാപിപ്പിച്ചു. 1996ല്‍ കൊച്ചി, മുനമ്പം എിവിടങ്ങളിലെ തൊഴിലാളികളെ അണിനിരത്തി ശക്തമായ സമരം നടത്തി. തൊഴിലാളി-മുതലാളി കരാര്‍ രജിസ്റ്റര്‍ ചെയ്യുവാന്‍ കഴിഞ്ഞതും തൊഴിലാളികളുടെ അവകാശ സമരത്തിന്റെ വിജയം കൂടിയായിരുന്നു.
1994ല്‍ കെ.ആര്‍ ഗൗരിയമ്മ ജെഎസ്എസ് രൂപീകരിച്ചപ്പോള്‍ പിന്നാക്കക്കാര്‍ക്കായി ഒരു രാഷ്ട്രീയ പാര്‍ട്ടി രൂപം എന്ന ധാരണയില്‍ പാര്‍ട്ടിയിലേക്കു ആകൃഷ്ടനായെങ്കിലും പില്‍ക്കാലത്തു ലാല്‍ പാര്‍ട്ടി വിട്ട് തീരത്തിന്റെ പ്രശ്‌നങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു.

കേരള സ്വതന്ത്രമത്സ്യത്തൊഴിലാളി ഫെഡറേഷന് ഈ കാലയളവില്‍ നഷ്ടമായത് മൂന്ന് ഉജ്വല വ്യക്തികളെയാണ് ടി. പീറ്റര്‍, ആന്‍ഡ്രൂസ് ചേട്ടന്‍, ലാല്‍ കോയില്‍പ്പറമ്പില്‍. സംഘടനയുടെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധാപൂര്‍വം മുന്നോട്ടു കൊണ്ടുപോകാന്‍ നിലവിലിരിക്കുന്ന നേതൃത്വത്തിനു കഴിയണം. ഇതൊരു വെല്ലുവിളിയാണ്. ഈ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ സംഘടനയ്ക്ക് കഴിയട്ടെ എന്നാശംസിക്കുന്നു.

 


Related Articles

അധ്യാപകരുടെ ധർമ്മസമരം വിജയിച്ചു.

  ഇന്ന് തിരുവനന്തപുരത്ത് അഭിവന്ദ്യ പിതാക്കൻമാരും ടീച്ചേഴ്സ് ഗിൽഡ് പ്രതിനിധികളുമായി വിദ്യാഭ്യാസ മന്ത്രിയും ധനമന്ത്രിയും നടത്തിയ ചർച്ചയിൽ നമ്മൾ ഉന്നയിച്ച ആവശ്യങ്ങൾ അംഗീകരിച്ചു.സർക്കാർ വൈകിട്ട് പത്രക്കുറിപ്പ് ഇറക്കി.

ഒരു തൈ നടുമ്പോള്‍ തണല്‍ നടുന്നു

‘നൊ വണ്‍ ഈസ് ടൂ സ്‌മോള്‍ ടു മെയ്ക്ക് എ ചെയ്ഞ്ച്’ കഴിഞ്ഞ മാസം പുറത്തിറങ്ങിയ പുസ്തകമാണ്. പെന്‍ഗ്വിന്‍ പ്രസിദ്ധീകരണം. ചെറിയ കുറിപ്പുകളും പ്രഭാഷണങ്ങളുമാണ് ഉള്ളടക്കം. ഗ്രന്ഥകര്‍തൃ

കോവില്‍ത്തോട്ടത്തിന്റെ കണ്ണീര്‍

ചരിത്രത്തിലൂടെ കൊല്ലം ജില്ലയിലെ ചവറ ഗ്രാമപഞ്ചായത്തിലെ കടലോര ഗ്രാമമാണ് കോവില്‍ത്തോട്ടം. സമ്പുഷ്ടമായ കരിമണല്‍കൊണ്ട് സമ്പന്നം. മത്സ്യത്തൊഴിലാളികള്‍ അധിവസിച്ചിരുന്ന ഗ്രാമം. പടിഞ്ഞാറ് അറബിക്കടല്‍, കിഴക്ക് ദേശീയജലപാത. ഇവയ്ക്ക് മധ്യത്തിലായി

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*