ലിത്വാനിയന്‍ വനിതയും ശ്രീജിത്തും നമ്മുടെ പൊലീസും

ലിത്വാനിയന്‍ വനിതയും ശ്രീജിത്തും നമ്മുടെ പൊലീസും
കോവളത്ത് ഞാന്‍ ആദ്യമായല്ല വരുന്നത്. ഇന്ത്യയില്‍ വിദേശവിനോദസഞ്ചാരികള്‍ക്ക് പല വിധത്തിലുള്ള അനുഭവങ്ങളാണ് നേരിടേണ്ടി വരിക. അതില്‍ നല്ലതും ചീത്തയുമുണ്ടാകും. തീര്‍ച്ചയായും വടക്കേഇന്ത്യന്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം വളരെ സൗഹൃദസ്ഥലമാണ്. ഇന്ത്യക്കാര്‍ വിദേശികളെ പ്രത്യേകിച്ച് വനിതകളെ സമീപിക്കുന്നത് ചില മുന്‍ധാരണകളോടെയാണ്. വിദേശികള്‍ സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുന്നവരാണ്, ലൈംഗികതയ്ക്ക് ബെല്ലും ബ്രേക്കുമില്ല എന്നൊക്കെയാണ് അവര്‍ കരുതുന്നത്.
കേരളത്തില്‍ ഇക്കാര്യങ്ങളിലൊക്കെ കുറച്ചു കൂടി മാന്യമായി നമ്മോട് സംസാരിക്കുന്നവരാണുള്ളത്. ഉദാഹരണത്തിന് എന്നോടൊപ്പം രാത്രി ഭക്ഷണം കഴിക്കുന്നോ, നമുക്ക് ബീച്ചിലിരിക്കാമോ എന്നൊക്കെ അവര്‍ ചോദിക്കും. കുറച്ചുകൂടി കടന്ന് എന്റെ മുറിയിലേക്കു വരുന്നോ എന്നു ചോദിച്ചവരുമുണ്ട്. കോവളത്ത് ബീച്ചില്‍ രാത്രി ഒറ്റയ്ക്കു കറങ്ങി നടക്കുന്ന വിദേശവനിതകളെ കാണാറുണ്ട്. ലോകത്ത് എവിടെ ആയാലും നമുക്ക് പരിചയമില്ലാത്ത സ്ഥലങ്ങളില്‍ അത്തരം ചുറ്റിക്കറങ്ങല്‍ സുരക്ഷിതമല്ലെന്നാണ് എനിക്കു തോന്നിയിട്ടുള്ളത്. പൊലീസ് എത്ര ജാഗ്രത കാണിച്ചാലും എത്ര സുരക്ഷാസന്നാഹങ്ങള്‍ ഒരുക്കിയാലും നമ്മുടെ ഭാഗത്തു നിന്നും വരുന്ന ചെറിയ ശ്രദ്ധക്കുറവ് അപകടകരമാകും’. ഇംഗ്ലണ്ടില്‍ നിന്നുള്ള ആര്‍ട്ടിസ്റ്റ് സൂ കൗളി ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയ കാര്യമാണിത്.
ലിത്വാനിയന്‍ വിനോദസഞ്ചാരിയായ വനിതയുടെ ദുരൂഹമായ മരണത്തിന്റെ പശ്ചാത്തലത്തിലാണ് സൂ കൗളി ഇത്തരമൊരു അഭിപ്രായം പറഞ്ഞത്. കേരളം തങ്ങള്‍ക്കു സുരക്ഷിതമായ ഇടമല്ലെന്നുതന്നെയാണ് അവര്‍ പറയാതെ പറഞ്ഞിരിക്കുന്നത്. വിദേശികള്‍ ഓരോ ദിവസവും നാട്ടുകാരില്‍ നിന്നു നേരിടേണ്ടിവരുന്ന തിക്താനുഭവങ്ങള്‍ പല ടൂര്‍ ഓപ്പറേറ്റര്‍മാരും പങ്കുവയ്ക്കാറുണ്ട്. വിനോദസഞ്ചാര സൗഹൃദമായ സംസ്ഥാനമായി കേരളം ഇനിയും മാറിയിട്ടില്ലെന്നാണ് അവരും സൂചിപ്പിക്കുന്നത്. സഞ്ചാരമെന്നത് പല വിദേശികളുടെയും ഒഴിച്ചുകൂടാനാകാത്ത ഒരു വിനോദമാണ്. അവരില്‍ വ്യവസായികളും കലാകാരന്മാരും സാധാരണക്കാരുമുണ്ട്. കലാകാരന്മാരും സാധാരണക്കാരുമാണ് പൊതുവേ ഇന്ത്യ സന്ദര്‍ശിക്കുവാനെത്തുന്നത്. താരതമ്യേന ചിലവു കുറഞ്ഞ ഇടമായതുകൊണ്ടാണ് സാധാരണക്കാര്‍ ഇന്ത്യയിലേക്കു വരുന്നതു തന്നെ. പക്ഷേ പലപ്പോഴും അവരുടെ ഈ യാത്ര നരകതുല്യമാകാറാണ് പതിവ്.
മോശം കാലാവസ്ഥ, പൊട്ടിപ്പൊളിഞ്ഞ വഴികള്‍, ആരോഗ്യത്തിനു ഹാനികരമായ ഭക്ഷണപാനീയങ്ങള്‍, വൃത്തിഹീനമായ ചുറ്റുപാടുകള്‍, ഹര്‍ത്താലുകള്‍ ഇതെല്ലാം അവര്‍ക്ക് സഹിക്കേണ്ടിവരുന്നു. അതിനു പുറമെയാണ് നാട്ടുകാരുടെ തുറിച്ചുനോട്ടം മുതല്‍ ഭീകരാനുഭവങ്ങള്‍ വരെ. ലിത്വാനിയന്‍ വനിതയുടെ ദുരന്തം ഒറ്റപ്പെട്ട സംഭവമല്ലെന്നാണ് ഇതില്‍ നിന്നു നാം മനസിലാക്കേണ്ടത്. പലപ്പോഴും സഞ്ചാരികള്‍ ജീവനും കൊണ്ട് രാജ്യം വിടുകയല്ലേ എന്നും കരുതണം.
സൂ കൗളിക്ക് അറിയാത്ത ഒരു കാര്യം കൂടിയുണ്ട്. ഇവിടെ വിദേശികള്‍ മാത്രമല്ല അരക്ഷിതാവസ്ഥയില്‍ കഴിയുന്നത്. നാട്ടുകാരുടെ ജീവനും സുരക്ഷിതമല്ല. പറയുന്നത് കണ്ണൂരിലെ തുടരന്‍ കൊലപാതകങ്ങളുടെ കാര്യമല്ല, രക്ഷകര്‍ തന്നെ മര്‍ദിച്ചു കൊന്ന വരാപ്പുഴയിലെ ശ്രീജിത്തിന്റെ കാര്യമാണ്. നിരുത്തരവാദിത്വപരമായി പെരുമാറുന്ന കാര്യത്തില്‍ നമ്മുടെ പൊലീസ് സേന എക്കാലത്തും മുന്നിലാണ്. അവര്‍ക്കതിന് ഭരിക്കുന്ന കക്ഷി ഒരു വിഷയമേയല്ല. ലിത്വാനിയന്‍ വനിതയുടെ ദുരന്തവും ശ്രീജിത്തിന്റെ കൊലപാതകവും പൊലീസിന്റെ അനാസ്ഥയിലേക്കും ക്രൂരതയിലേക്കുമാണ് വിരല്‍ ചൂണ്ടുന്നത്.
മാര്‍ച്ച് 14നു പോത്തന്‍കോട്ടെ യോഗാ കേന്ദ്രത്തില്‍ നിന്നു കാണാതായ വിദേശവനിത അന്നു തന്നെ കോവളത്തെത്തിയതിനു തെളിവുണ്ട്. ഈ യുവതിയെ കാണാനില്ലെന്ന പരാതി അവരുടെ സഹോദരി പോത്തന്‍കോട് പൊലീസ് സ്റ്റേഷനില്‍ നല്‍കി. സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. കോവളത്ത് യുവതിയെ കണ്ടുവെന്നറിഞ്ഞിട്ടും അതു സംബന്ധിച്ച് എന്തെങ്കിലും അന്വേഷണം നടത്തുകയോ കോവളം സ്‌റ്റേഷനിലേക്ക് വിവരം കൈമാറുകയോ ചെയ്തില്ല. സാമൂഹ്യ മാധ്യമങ്ങളിലെല്ലാം അവരുടെ ചിത്രവും വിവരങ്ങളും രേഖപ്പെടുത്തിയ കുറിപ്പുകള്‍ പ്രചരിച്ചപ്പോഴും പൊലീസ് ഉറക്കംതൂങ്ങല്‍ തുടര്‍ന്നു. വിദേശ വനിത കോവളത്തുണ്ടെന്ന വിവരമറിഞ്ഞയുടനെ കാര്യക്ഷമമായി അന്വേഷണം നടത്തിയിരുന്നെങ്കില്‍ അവര്‍ക്ക് ഈ ദുര്‍ഗതി വരില്ലായിരുന്നു. മാര്‍ച്ച് 14നു കോവളത്തെത്തിയ യുവിയെ ഏകദേശം മൂന്നു കിലോമീറ്റര്‍ മാറി വാഴമുട്ടത്തെ ചേന്തിലക്കരിയെന്ന വിജനമായ സ്ഥലത്തു നിന്നു 39 ദിവസത്തിനു ശേഷമാണ് കണ്ടെത്തുന്നത്, ജഢമായി. അവരുടെ ജീവന്‍ മാത്രമല്ല കൊലപാതകത്തിന്റെ തെളിവുകള്‍ പോലും നഷ്ടപ്പെട്ടിരുന്നു. പിന്നീട് ദിവസങ്ങളോളം ഇവിടെ കൂടാരം കെട്ടി തെളിവു ശേഖരിക്കുകയായിരുന്നു പൊലീസ്.
ലിത്വാനിയന്‍ വനിതയുടെ മരണം നമ്മുടെ ടൂറിസ്റ്റ് മേഖലകളിലെ സുരക്ഷാ സംവിധാനങ്ങളിലെ പാളിച്ചകള്‍ തുറന്നു  കാട്ടുന്നു. കോവളം ഇന്ത്യയിലെ പ്രശസ്തമായ ബീച്ചുകളിലൊന്നാണ്. പക്ഷേ ഇവിടെ വിദേശികള്‍ക്ക് വേണ്ടത്ര സുരക്ഷ ഒരുക്കുന്നില്ല. ഫോര്‍ട്ടുകൊച്ചിയിലും ബേക്കലിലുമൊന്നും സ്ഥിതി വ്യത്യസ്തമല്ല. ഇവിടങ്ങളിലെല്ലാം സാമൂഹ്യവിരുദ്ധരുടെ ശല്യം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരുന്നു. നാട്ടുകാരും വിദേശികളുമായി ആയിരക്കണക്കിനു ടൂറിസ്റ്റുകളാണ് നമ്മുടെ ബീച്ചുകളില്‍ ഓരോ ദിവസവും എത്തിച്ചേരുന്നത്. അവര്‍ക്കു സംരക്ഷണം നല്‍കാനുള്ള സംവിധാനങ്ങളെല്ലാം പരാജയമാകുകയാണ്. ടൂറിസ്റ്റു കേന്ദ്രങ്ങള്‍ക്കടുത്ത് സജീവമാകുന്ന മാഫിയകളുടെ പ്രവര്‍ത്തനത്തിനു തടയിടാന്‍ പൊലീസിനു കഴിയുന്നില്ല. ആഭ്യന്തര വകുപ്പ് കയ്യാളുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ പൊലീസിന് എല്ലാ സ്വാതന്ത്ര്യവും അനുവദിച്ചിട്ടുണ്ടെന്നാണ് പറയുന്നത്. എന്താണ് ആ സ്വാതന്ത്ര്യം? ശ്രീജിത്തിനെ പോലുള്ള നിരപരാധികളെ സ്റ്റേഷനിലിട്ട് മര്‍ദിച്ചു കൊല്ലാനുള്ള അനുവാദമാണോ അത്? പൊലീസ് ലോക്കപ്പില്‍ കിടന്ന് പൊലീസ് മര്‍ദനമേറ്റ് കാല്‍മുട്ട് തകര്‍ന്നയാളാണ് പിണറായി വിജയന്‍. പൊലീസിനെക്കുറിച്ച് നന്നായി അറിയാവുന്നയാള്‍. തനിക്ക് ലഭിച്ച അവസരമുപയോഗിച്ച് പൊലീസ് സേനയെ നന്നാക്കാന്‍ ശ്രമിക്കേണ്ടതിനു പകരം കയറൂരി വിട്ടിട്ട് അതു സ്വാതന്ത്ര്യം നല്‍കലാണെന്ന് വ്യാഖ്യാനിക്കുന്നത് ശുദ്ധ മണ്ടത്തരവും കഴിവുകേടുമാണ്.
അടിയന്തരാവസ്ഥക്കാലത്ത് പൊലീസ് ഉരുട്ടിക്കൊന്ന രാജനെക്കുറിച്ച് ഇപ്പോഴും വാചാലരാകുന്നവരാണ് പിണറായി വിജയന്‍ ഉള്‍പ്പടെയുളള കമ്യൂണിസ്റ്റുകാര്‍. അന്ന് ആഭ്യന്തരം കൈകാര്യം ചെയ്തിരുന്ന കെ. കരുണാകരന്‍ മരണം വരെ ആ പഴി കേട്ടു. കരുണാകരന് രാജന്റെ മരണത്തില്‍ ഉണ്ടായിരുന്നതിനേക്കാള്‍ പതിന്മടങ്ങ് പങ്കാണ് പിണറായി വിജയന് ശ്രീജിത്തിന്റെ കാര്യത്തിലുള്ളത്. കാരണം രാജന്റെ മരണം സംബന്ധിച്ച ദുരൂഹതകള്‍ ഇനിയും മാറിയിട്ടില്ല. അതേസമയം ശ്രീജിത്തിനെ വീട്ടില്‍ നിന്നിറക്കികൊണ്ടുപോയി പൊലീസ് മര്‍ദിച്ചു കൊന്നതിന് ഇഷ്ടംപോലെ തെളിവുണ്ട്. മരണത്തിനിടയാക്കിയ മര്‍ദനം നടത്തിയത് ആരാണെന്നു മാത്രമേ വ്യക്തമാകാനുള്ളു. രാജന്റെ മരണം സംബന്ധിച്ച് കോടതിയില്‍ നിന്നുണ്ടായ പരാമര്‍ശത്തെ തുടര്‍ന്ന് കെ. കരുണാകരന്‍ രാജിവച്ചിരുന്നു എന്നുകൂടി സൂചിപ്പിക്കട്ടെ. ലിത്വാനിയന്‍ വനിതയും ശ്രീജിത്തും നമ്മുടെ പൊലീസ് സംവിധാനത്തിന്റെ രക്തസാക്ഷികളാണെങ്കില്‍ അതിന്റെ ഉത്തരവാദിത്വം ഇപ്പോഴത്തെ ആഭ്യന്തരമന്ത്രിക്കുമില്ലേ?
ബിഎസ്

Related Articles

അയോധ്യയുടെ നീതി ഇന്ത്യയുടെ സമാധാനം

യുദ്ധം പാടില്ലാത്ത ഇടം എന്നര്‍ഥമുള്ള അയോധ്യ സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ ഏറ്റവും രക്തപങ്കിലമായ വര്‍ഗീയ കലാപങ്ങളുടെയും രാഷ്ട്രീയ ധ്രുവീകരണത്തിന്റെയും കൊടിയടയാളമായി മാറിയെങ്കില്‍, രാഷ്ട്രത്തിന്റെ ചരിത്രഭാഗധേയം മാറ്റികുറിക്കുന്ന നീതിന്യായ രാജ്യതന്ത്രജ്ഞതയുടെ

‘കര്‍മല കേരളം’ കൊളോക്വിയം ആഗസ്റ്റ് 26ന്

ഫ്‌ളോസ് കര്‍മേലി എക്‌സിബിഷന്‍ ബോണി തോമസ് ക്യുറേറ്റ് ചെയ്യും എറണാകുളം: ഇന്ത്യയില്‍ കര്‍മലീത്താ മിഷന്റെ 400-ാം വാര്‍ഷികം ആഘോഷിക്കുന്ന പശ്ചാത്തലത്തില്‍ വരാപ്പുഴ അതിരൂപത ഹെരിറ്റേജ് കമ്മീഷന്‍ നിഷ്പാദുക

ഞായറാഴ്ച്ച കുർബാന ചൊല്ലാൻ ഡൊമിനിക്കച്ചൻ തുഴഞ്ഞെത്തി

മഴക്കെടുതി മൂലം പള്ളിയിലും പരിസരങ്ങളിലും വെള്ളക്കെട്ട് ആയതിനാൽ പരിശുദ്ധ കുർബാന ചൊല്ലുന്നതിനായി നെടുമുടി പരിശുദ്ധ രാജ്ഞിയുടെ ദേവാലയത്തിലെ വികാരിയച്ചൻ വള്ളത്തിൽ എത്തി. ഫാ ഡോമിനിക് സാവിയോ കണ്ടെത്തിചിറയിലും

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*