Breaking News

ലൈംഗികാതിക്രമം: സഭയില്‍ പുതിയ ചട്ടങ്ങള്‍

ലൈംഗികാതിക്രമം: സഭയില്‍ പുതിയ ചട്ടങ്ങള്‍

വത്തിക്കാന്‍ സിറ്റി: സഭാശുശ്രൂഷകരുമായി ബന്ധപ്പെട്ട ലൈംഗികാതിക്രമങ്ങളും അവ മറച്ചുവയ്ക്കാനുള്ള ശ്രമങ്ങളും മേലധികാരികളെ അറിയിക്കാന്‍ എല്ലാ വൈദികരും സന്ന്യസ്തരും ബാധ്യസ്ഥരാണെന്നു വ്യക്തമാക്കി ഫ്രാന്‍സിസ് പാപ്പ സാര്‍വത്രിക കത്തോലിക്കാ സഭയ്ക്കു മുഴുവന്‍ ബാധകമാകുന്ന പുതിയ ചട്ടങ്ങള്‍ പ്രഖ്യാപിച്ചു. ലോകത്തിന്റെ പല ഭാഗത്തും വൈദികരെയും സന്ന്യസ്തരെയും സഭാമേലധ്യക്ഷന്മാരെയും സംബന്ധിച്ച് വര്‍ഷങ്ങളായി ഉയര്‍ന്നുവന്ന ലൈംഗികാരോപണങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും ഇരകള്‍ക്ക് നീതി ഉറപ്പാക്കുന്നതിനും പ്രായപൂര്‍ത്തിയാകാത്തവരെയും അധികാര ദുര്‍വിനിയോഗത്തിലൂടെ ചൂഷണത്തിന് വിധേയരാകാന്‍ സാധ്യതയുള്ള മുതിര്‍ന്നവരെയും ലൈംഗിക പീഡനത്തില്‍ നിന്ന് കാത്തുരക്ഷിക്കുന്നതിനുമായി ആഗോള തലത്തില്‍ സഭ നടപ്പാക്കുന്ന പുതിയ നൈയാമികവ്യവസ്ഥകള്‍ വോസ് എസ്തിസ് ലുക്‌സ് മുന്തി (നിങ്ങള്‍ ലോകത്തിന്റെ പ്രകാശമാകുന്നു) എന്ന പരിശുദ്ധ പിതാവിന്റെ സ്വയാധികാര പ്രബോധനത്തിലാണ് (മോത്തു പ്രോപ്രിയോ) അവതരിപ്പിച്ചത്.
ലൈംഗിക പീഡനവും അതു സംബന്ധിച്ച പരാതികള്‍ ഒതുക്കിതീര്‍ക്കാനുള്ള നീക്കങ്ങളും സംബന്ധിച്ച് വിശ്വസനീയമായ വിവരങ്ങളും തെളിവുകളും വിലയിരുത്തുന്നതിനും അന്വേഷണവും തുടര്‍നടപടികളും പ്രഖ്യാപിക്കുന്നതിനും ഓരോ പ്രവിശ്യയിലെയും ആര്‍ച്ച്ബിഷപ്പുമാരെ അധികാരപ്പെടുത്തുന്ന വ്യവസ്ഥാപിത സംവിധാനമാണ് ജൂണ്‍ ഒന്നിന് പ്രാബല്യത്തില്‍ വരുന്ന പുതിയ ചട്ടങ്ങളില്‍ നിര്‍ദേശിക്കപ്പെടുന്നത്. പീഡനങ്ങള്‍ സംബന്ധിച്ച് റിപ്പോര്‍ട്ടു സമര്‍പ്പക്കാന്‍ അല്മായരെയും പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം പരാതികളെക്കുറിച്ചുള്ള അന്വേഷണത്തില്‍ അല്മായ വിഭാഗത്തില്‍ നിന്നുള്ള വിദഗ്ധരെ ഉള്‍പ്പെടുത്താനും വ്യവസ്ഥ ചെയ്യുന്നുണ്ട്.
കഴിഞ്ഞ കാലത്തെ കയ്‌പേറിയ അനുഭവങ്ങളില്‍ നിന്നുള്ള പാഠങ്ങള്‍ ഉള്‍ക്കൊണ്ടും ഭാവിയെ പ്രത്യാശയോടെ നോക്കിക്കണ്ടുമാണ് പുതിയ ചട്ടങ്ങള്‍ രൂപപ്പെടുത്തുന്നതെന്ന് അപ്പസ്‌തോലിക ലേഖനത്തിന്റെ ആമുഖത്തില്‍ ഫ്രാന്‍സിസ് പാപ്പ പറയുന്നു. ‘ലൈംഗിക ചൂഷണം സംബന്ധിച്ച കുറ്റകൃത്യങ്ങള്‍ നമ്മുടെ കര്‍ത്താവിനെതിരായ അപരാധമാണ്. ഇതിന് ഇരയാകുന്നവര്‍ക്ക് ശാരീരികവും മാനസികവും ആധ്യാത്മികവുമായ ഹാനിയുണ്ടാകുന്നു; വിശ്വാസികളുടെ സമൂഹത്തെ അതു ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു. ഇത്തരം പ്രതിഭാസങ്ങള്‍ ഏതൊരു രൂപത്തിലും ഇനിയൊരിക്കലും സംഭവിക്കുകയില്ല എന്ന് ഉറപ്പുവരുത്താന്‍ ഹൃദയങ്ങളില്‍ ആഴത്തിലുള്ള പരിവര്‍ത്തനം നടക്കേണ്ടതുണ്ട്; സഭയില്‍ ഓരോരുത്തരും പങ്കുകാരാകുന്ന സമൂര്‍ത്തവും ക്രിയാത്മകവുമായ നടപടികളിലൂടെ അത് സ്ഥിരീകരിക്കപ്പെടുകയും വേണം,’ പാപ്പ ഓര്‍മിപ്പിക്കുന്നു.
വിവിധ തലങ്ങളിലുള്ള ലൈംഗിക പീഡന വിവാദങ്ങള്‍ സംബന്ധിച്ച സഭയുടെ സമീപനവും നടപടിക്രമങ്ങളും ചര്‍ച്ച ചെയ്യുന്നതിന് കഴിഞ്ഞ ഫെബ്രുവരിയില്‍ ദേശീയ മെത്രാന്‍ സമിതി അധ്യക്ഷന്മാരുടെ രാജ്യാന്തര സമ്മേളനം വത്തിക്കാനില്‍ വിളിച്ചുകൂട്ടിയതിനെ തുടര്‍ന്ന് സഭയുടെ ആഗോള നയതന്ത്രജ്ഞന്മാര്‍ക്കും വത്തിക്കാനില്‍ സേവനം ചെയ്യുന്നവര്‍ക്കുമായി ബാലസംരക്ഷണം സംബന്ധിച്ച ആദ്യ മോത്തു പ്രോപ്രിയോ നയരേഖ മാര്‍ച്ചില്‍ പുറപ്പെടുവിച്ചിരുന്നു.
രണ്ടു ഭാഗങ്ങളിലായി 19 വകുപ്പുകളാണ് പുതിയ അപ്പസ്‌തോലിക ലേഖനത്തിലുള്ളത്. ലൈംഗികാതിക്രമമോ അതു സംബന്ധിച്ച പരാതി തമസ്‌കരിക്കാനുള്ള ശ്രമമോ ശ്രദ്ധയില്‍ പെട്ടാല്‍ എന്താണു ചെയ്യേണ്ടത് എന്നു വിശദമാക്കുന്നതാണ് ആദ്യ ഭാഗം. സംഭവം മെത്രാനെയോ സുപ്പീരിയറിനെയോ അറിയിക്കാന്‍ ഓരോ വൈദികനും സന്ന്യാസസമൂഹത്തിലെ അംഗത്തിനും ബാധ്യതയുണ്ട്. പ്രാദേശിക നിയമവ്യവസ്ഥ പാലിച്ചുവേണം സിവില്‍ അധികാരികളെ വിവരം അറിയിക്കാന്‍. ഈ വിഷയത്തില്‍ റിപ്പോര്‍ട്ടു സമര്‍പ്പിക്കുന്നതു സംബന്ധിച്ച നടപടിക്രമം ഓരോ കത്തോലിക്കാ രൂപതയും 2020 ജൂണ്‍ ഒന്നിനകം രൂപപ്പെടുത്തിയിരിക്കണം. ഇക്കാര്യം രാജ്യത്തെ വത്തിക്കാന്‍ പ്രതിനിധിയെ (അപ്പസ്‌തോലിക നുണ്‍ഷ്യോ) ബോധിപ്പിച്ചിരിക്കണം. ഈ നടപടിക്രമം പരസ്യമായതും ഏവര്‍ക്കും സംലഭ്യവും വിശ്വസനീയവുമായിരിക്കണം. റിപ്പോര്‍ട്ടു സമര്‍പ്പിക്കുന്നവര്‍ക്ക് ‘മുന്‍വിധി, വിവേചനം, പ്രതികാര നടപടി’ തുടങ്ങിയവയില്‍ നിന്നു സംരക്ഷണം ഉറപ്പാക്കേണ്ടതാണ്. പരാതിയിലെ ഉള്ളടക്കം രഹസ്യമായി സൂക്ഷിക്കാന്‍ പരാതിക്കാര്‍ക്ക് ബാധ്യതയില്ല.
ലൈംഗിക പീഡനം സംബന്ധിച്ച് ഏതൊരു വ്യക്തിക്കും റിപ്പോര്‍ട്ട് സമര്‍പ്പിക്കാവുന്നതാണ്. മെത്രാനെ അറിയിക്കുകയോ വത്തിക്കാനിലേക്ക് നേരിട്ട് വിവരം അറിയിക്കുന്നത് ഉള്‍പ്പെടെ ഉചിതമായ മറ്റു മാര്‍ഗങ്ങള്‍ സ്വീകരിക്കുകയോ ചെയ്യാം. വൈദികര്‍ക്കും ഡീക്കന്മാര്‍ക്കും സന്ന്യാസികള്‍ക്കും സന്ന്യാസിനികള്‍ക്കും മെത്രാനും കര്‍ദിനാളിനും എതിരായ ആരോപണങ്ങള്‍ അന്വേഷിക്കേണ്ടതാണ്. അന്വേഷണത്തില്‍ തീര്‍പ്പുണ്ടാകുന്നതുവരെ കുറ്റാരോപിതന്‍ നിരപരാധിയായി തുടരും.
കുട്ടികളെയോ അതിക്രമം ചെറുക്കാനാവാത്ത അവസ്ഥയിലുള്ള ദുര്‍ബലരെയോ പീഡിപ്പിക്കുന്നത്, കുട്ടികളുമായി ബന്ധപ്പെട്ട അശ്ലീല ചിത്രങ്ങളോ വീഡിയോയോ ഉത്പാദിപ്പിക്കുകയോ കൈവശം വയ്ക്കുകയോ വിതരണം നടത്തുകയോ ചെയ്യുന്നത്, ബലപ്രയോഗത്തിലൂടെയോ ഭീഷണിപ്പെടുത്തിയോ അധികാര ദുര്‍വിനിയോഗത്തിലൂടെയോ ആരെയെങ്കിലും നിര്‍ബന്ധിച്ച് ലൈംഗിക ചേഷ്ടകള്‍ക്കു നിര്‍ബന്ധിക്കുകയോ അതിനു വിധേയരാക്കുകയോ ചെയ്യുന്നത് തുടങ്ങിയ കാര്യങ്ങളാണ് ഈ റിപ്പോര്‍ട്ടിങ്ങിന്റെ പരിധിയില്‍ വരുന്നത്.
ഇത്തരം പരാതികളില്‍ സ്വയം ഉള്‍പ്പെടുകയോ നടപടിയെടുക്കാതെ സംഭവം പൂഴ്ത്തിവയ്ക്കുയോ ചെയ്യുന്ന ബിഷപ്പുമാരുടെയും സന്ന്യാസസമൂഹത്തിന്റെ സുപ്പീരിയര്‍മാരുടെയും കാര്യമാണ് രണ്ടാം ഭാഗത്തില്‍ പ്രതിപാദിക്കുന്നത്. തന്റെ പ്രവിശ്യയില്‍ ഉള്‍പ്പെടുന്ന രൂപതകളിലെ മെത്രാന്മാര്‍ക്കെതിരെയും സന്ന്യാസസമൂഹത്തിന്റെ സുപ്പീരിയര്‍മാര്‍ക്കെതിരെയും ഉയരുന്ന ഇത്തരം പരാതികള്‍ പരിശോധിക്കാന്‍ മെത്രാപ്പോലീത്തമാരെ അധികാരപ്പെടുത്തുതാണ് പുതിയ വ്യവസ്ഥ. ലൈംഗികാതിക്രമത്തോളം തന്നെ ഗുരുതരമായ കുറ്റമെന്ന രീതിയിലാണ് അത് മറച്ചുവയ്ക്കുനുള്ള ശ്രമങ്ങളെയും പുതിയ ചട്ടങ്ങളില്‍ കാണുന്നത്. ഏതെങ്കിലും വൈദികനോ സന്ന്യസ്തര്‍ക്കോ എതിരായ ഭരണപരമോ ശിക്ഷാനടപടിയുടെ ഭാഗമോ ആയ കാനോനിക, സിവില്‍ അന്വേഷണങ്ങളില്‍ ഇടപെടുകയോ തടസപ്പെടുത്തുകയോ ചെയ്യാന്‍ ഉദ്ദേശിച്ചിട്ടുള്ള നടപടിയോ, നടപടി കൈക്കൊള്ളാതിരിക്കലോ കുറ്റകരമാണ്.
പ്രധാനമായും അഞ്ചു നടപടിക്രമങ്ങളാണ് പുതിയ ചട്ടങ്ങളില്‍ നിര്‍ദേശിക്കപ്പെടുന്നത്:
1. ലൈംഗിക പീഡനത്തെയോ അതു മറച്ചുവയ്ക്കാന്‍ മേലധികാരി ഒത്താശ ചെയ്യുന്നതിനെയോ കുറിച്ചുള്ള ആരോപണം സംബന്ധിച്ച് ഒരു വ്യക്തി മെത്രാനോ വത്തിക്കാനോ രാജ്യത്തെ അപ്പസ്‌തോലിക നുണ്‍ഷ്യോക്കോ (വത്തിക്കാന്‍ പ്രതിനിധി) റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നു.2. സഭാമേലധ്യക്ഷനെ സംബന്ധിച്ചാണ് ഇത്തരം പരാതി ഉയരുന്നതെങ്കില്‍ ആ റിപ്പോര്‍ട്ട് വത്തിക്കാനിലും പ്രവിശ്യയിലെ ആര്‍ച്ച്ബിഷപ്പിനും അയച്ചുകൊടുക്കാന്‍ ബിഷപ്പും സന്ന്യസ്ത സമൂഹത്തിന്റെ സുപ്പീരിയറും ബാധ്യസ്ഥരാണ്.
3. റിപ്പോര്‍ട്ട് ലഭിച്ചുകഴിഞ്ഞാല്‍ അന്വേഷണം നടത്തുന്നതിനായി ആര്‍ച്ച്ബിഷപ് വത്തിക്കാന്റെ അനുമതി തേടണം. വത്തിക്കാന്‍ കാര്യാലയം 30 ദിവസത്തിനകം തീരുമാനം മെത്രാപ്പോലീത്തയെ അറിയിക്കേണ്ടതാണ്.
4. വത്തിക്കാനില്‍ നിന്ന് ആവശ്യമായ അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് ആര്‍ച്ച്ബിഷപ് അന്വേഷണം നടത്തുകയും 30 ദിവസം കൂടുമ്പോള്‍ സ്ഥിതിവിവരം സംബന്ധിച്ച് വത്തിക്കാന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്യണം. അന്വേഷണത്തിന് പ്രാഥമികമായി 90 ദിവസമാണ് അനുവദിക്കുക, എങ്കിലും വേണ്ടിവന്നാല്‍ അതു നീട്ടിനല്‍കുന്നതാണ്.
5. അന്വേഷണം പൂര്‍ത്തിയാകുമ്പോള്‍ അതിന്റെ ഫലവും തന്റെ നിഗമനവും ആര്‍ച്ച്ബിഷപ് വത്തിക്കാന്റെ അന്തിമ തീരുമാനത്തിനായി സമര്‍പ്പിക്കും. ബന്ധപ്പെട്ട ബിഷപ്പിന്റെ കാര്യത്തില്‍ എന്തു നടപടിവേണം എന്നു നിശ്ചയിക്കേണ്ടത് വത്തിക്കാനാണ്. മെത്രാനായി ശുശ്രൂഷ ചെയ്യുന്നതോ മുന്‍പ് ആ പദവി വഹിക്കുകയോ ചെയ്ത ആര്‍ക്കെതിരെയും അന്വേഷണം നടത്താവുന്നതാണെന്ന് അപ്പസ്‌തോലിക ലേഖനത്തിലെ ആറാം വകുപ്പില്‍ പറയുന്നു.
നടപടിക്രമത്തില്‍ അല്മായരുടെ പങ്ക് നിര്‍ബന്ധമാക്കിയിട്ടില്ലെങ്കിലും അന്വേഷണത്തില്‍ മെത്രാപ്പോലീത്തമാരെ സഹായിക്കാന്‍ പ്രാപ്തരായ ‘യോഗ്യതയുള്ള വ്യക്തികളുടെ പട്ടിക’ മെത്രാന്മാരുടെ സമിതിക്ക് നിശ്ചയിക്കാവുന്നതാണ്. മെത്രാപ്പോലീത്തയെക്കുറിച്ചാണ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കപ്പെടുന്നതെങ്കില്‍ വത്തിക്കാന്‍ പ്രതിനിധിക്കും പ്രവിശ്യയിലെ ഏറ്റവും മുതിര്‍ന്ന ബിഷപ്പിനുമാണ് പരാതി സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടത്. ആ മെത്രാനെയോ മറ്റൊരു മേലധ്യക്ഷനെയോ അന്വേഷണത്തിനു ചുതലപ്പെടുത്തേണ്ടത് വത്തിക്കാനാണ്. നുണ്‍ഷ്യോയെക്കുറിച്ചുള്ള ആരോപണം വത്തിക്കാന്‍ സെക്രട്ടേറിയറ്റ് ഓഫ് സ്റ്റേറ്റിനു സമര്‍പ്പിക്കണം.
ലൈംഗിക പീഡനം സംബന്ധിച്ച പരാതികള്‍ സിവില്‍ നിയമം അനുസരിച്ച് റിപ്പോര്‍ട്ട് ചെയ്യാനുള്ള രാജ്യത്തെ വ്യവസ്ഥകള്‍ വൈദികരും സന്ന്യസ്തരും ബിഷപ്പുമാരും പാലിക്കേണ്ടതാണ്. എന്നാല്‍ ഈ വിഷയവുമായി ബന്ധപ്പെട്ട നിയമങ്ങള്‍ നിലവിലില്ലാത്ത രാജ്യങ്ങളില്‍ സിവില്‍ അധികാരികളെ അറിയിക്കണമെന്ന് നിര്‍ബന്ധമില്ലെന്നും ചട്ടത്തില്‍ പറയുന്നു. ചില രാജ്യങ്ങളിലെ സ്ഥിതിഗതികളും നീതിനിര്‍വഹണ വ്യവസ്ഥയും പരിശോധിക്കുമ്പോള്‍ നിരപരാധരുടെ ജീവന്‍ പോലും അപകടത്തിലാകാനുള്ള സാധ്യതയും പരിഗണിക്കേണ്ടതുണ്ടെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. പല രാജ്യങ്ങളിലെയും സംസ്ഥാനങ്ങളിലെയും സിവില്‍ നിയമം വ്യത്യസ്തമാണെന്നതിനാലാണ് സഭ ഇക്കാര്യത്തില്‍ ആഗോള തലത്തില്‍ ഒരു നിര്‍ദേശം വയ്ക്കാത്തത്.
പതിനെട്ടു വയസില്‍ താഴെയുള്ള വ്യക്തിയെ പ്രായപൂര്‍ത്തിയാകാത്തതായി ഈ ചട്ടത്തില്‍ നിര്‍വചിക്കുന്നു. രോഗാവസ്ഥയോ, ശാരീരികവും മാനസികവുമായ വളര്‍ച്ചയുടെ ന്യൂനതയോ, വൈയക്തിക സ്വാതന്ത്ര്യത്തിന്റെ അഭാവമോ മൂലം ചിലപ്പോഴെങ്കിലും തനിക്കെതിരായി അതിക്രമം നടക്കുന്നുവെന്നു മനസിലാക്കാനോ അതു തടയാന്‍ ആഗ്രഹമുണ്ടെങ്കിലും ചെറുക്കാനോ കെല്പില്ലാത്തവരെ ദുര്‍ബലരായ മുതിര്‍ന്നവരായും പരിഗണിക്കുന്നു.
നടപടിക്രമങ്ങളുടെയും അന്തിമ തീര്‍പ്പിന്റെയും വിവരങ്ങള്‍ ഇരകളെ അറിയിക്കാനും മോത്തു പ്രോപ്രിയോ വ്യവസ്ഥ ചെയ്യുന്നു. അന്വേഷണങ്ങള്‍ക്കുള്ള ചെലവു വഹിക്കുന്നതിന് പൊതുവായ ഫണ്ട് രൂപീകരിക്കാന്‍ മെത്രാന്‍ സമിതികള്‍ക്കു നിര്‍ദേശം നല്‍കും. അതിക്രമത്തിന് ഇരയാകുന്നവരെയും അവരുടെ കുടുംബത്തെയും ഒരു തരത്തിലും ദ്രോഹിക്കരുത്. അവരുടെ അന്തസിനു കോട്ടം തട്ടാത്തവണ്ണം അവരോടു പെരുമാറുകയും അവര്‍ക്ക് ആവശ്യമായ മെഡിക്കല്‍, മനശാസ്ത്രപരമായ പരിചരണവും ആധ്യാത്മിക ശുശ്രൂഷയും ഉറപ്പുവരുത്തുകയും ചെയ്യണം.
വിശ്വാസസത്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ കാര്യാലയം, പൗരസ്ത്യസഭകള്‍ക്കാുള്ള കാര്യാലയം, ജനതകളുടെ സ്്ുവിശേഷവത്കരണത്തിനായുള്ള കാര്യാലയം, മെത്രാന്മാര്‍ക്കുവേണ്ടിയുള്ള കാര്യാലയം, വൈദികര്‍ക്കുവേണ്ടിയുളള കാര്യാലയം, അര്‍പ്പിത ജീവിതത്തിനായുള്ള ഇന്‍സ്റ്റിറ്റിയൂട്ടുകള്‍ക്കും അപ്പസ്‌തോലിക ജീവിതത്തിനായുള്ള സൊസൈറ്റികള്‍ക്കുമായുള്ള കാര്യാലയം എന്നിങ്ങനെ വത്തിക്കാനിലെ വിവിധ കോണ്‍ഗ്രിഗേഷനുകള്‍ ഓരോ പരാതിയിലും അന്വേഷണം നടത്തും.


Related Articles

കോട്ടപ്പുറം രൂപത വിശ്വാസ പരിശീലന വര്‍ഷം ഉദ്ഘാടനം ചെയ്തു

കോട്ടപ്പുറം: കോട്ടപ്പുറം രൂപതയുടെ 2018-19 അധ്യയന വര്‍ഷത്തെ വിശ്വാസ പരിശീലന പ്രവര്‍ത്തനങ്ങള്‍ ബിഷപ് ഡോ. ജോസഫ് കാരിക്കശേരി ഉദ്ഘാടനം ചെയ്തു. ഫാ. ഡേവിഡ് ചിറമ്മല്‍ ധ്യാനം നയിച്ചു.

ന്യൂനപക്ഷ ക്വാട്ടയും പങ്കിടുമ്പോള്‍

ഉന്നത വിദ്യാഭ്യാസ മേഖലയില്‍ പ്രഫഷണല്‍ കോളജുകളില്‍ മാത്രമല്ല, ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജുകളിലും ലത്തീന്‍ കത്തോലിക്കര്‍ക്ക് നീക്കിവയ്ക്കപ്പെട്ട ന്യൂനപക്ഷ സംവരണ സീറ്റിന് കൂടുതല്‍ അവകാശികളുണ്ടാകുന്നു. ന്യൂനപക്ഷ വിദ്യാഭ്യാസ

കരുതലും താങ്ങുമായി റ്റി. എസ്. എസ്. എസ്

കൊവിഡ് പ്രതിരോധഅതിജീവന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജനങ്ങളുടെ സുരക്ഷിത ജീവിതത്തിനാവശ്യമായ കരുതലും കരുത്തുമായി കൂടെ നിന്ന തിരുവനന്തപുരം അതിരൂപത അധികാരികളോടൊപ്പം സാമൂഹികശുശ്രൂഷാവിഭാഗവും ട്രിവാന്‍ഡ്രം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയും വിവിധ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*