ലൊരേറ്റോ ലുത്തിനിയായുടെ അകം പൊരുള്‍

ദൈവമാതാവായ പരിശുദ്ധ കന്യകമറിയത്തോടുള്ള ഭക്തിപ്രകര്‍ഷം അതീതകാലംമുതലേ സഭയിലുണ്ടായിരുന്നു. ദൈവത്തിന്റെ അമ്മയായ മറിയത്തെ മാനവകുലത്തിന്റെ അമ്മയായിക്കൂടി കുരിശുമരണവേളയില്‍ മിശിഹാ തന്നെ കല്പിച്ചുതന്നതാണ്. യോഹന്നാനോട്, ‘ഇതാ, നിന്റെ അമ്മ’ എന്നു പറഞ്ഞുകൊണ്ട് (യോഹ 19,27) തന്റെ അമ്മയെ നമ്മുടെയും അമ്മയായി അവിടന്ന് അവേരാധിച്ചു. അതുകൊണ്ട് വിശ്വാസികളെല്ലാം പരിശുദ്ധ മറിയത്തെ സ്വന്തം അമ്മയെപ്പോലെകണ്ട് ഭക്തിസാന്ദ്രതയോടെ പ്രാര്‍ഥിക്കും, അമ്മേ എന്നു വിളിച്ചുകൊണ്ട്. കത്തോലിക്കരുടെ മാത്രമല്ല, സകല ക്രിസ്ത്യാനികളുടെയും പ്രാര്ഥനാമന്ത്രമായി മറിയത്തിന്റെ വിശുദ്ധനാമം രൂപാന്തരീഭവിക്കുന്നത് അങ്ങനെയാണ്.
പരിശുദ്ധ അമ്മയോടുള്ള ഭക്തി കേരളക്കരയില്‍ ആദിമുതലേ ഉണ്ടായിരുന്നെങ്കിലും അതു തഴച്ചുവളരുന്നതും പടര്‍ന്നുപന്തലിക്കുന്നതും ആഴത്തില്‍ വേരൂന്നുന്നതും 1659-ലെ വിദേശ കര്‍മലീത്താ വൈദികരുടെ ആഗമനാനന്തരമുള്ള അശ്രാന്തപരിശ്രമത്താലാണ്. അവര്‍ ഗ്രാമാന്തരങ്ങളോളം സഞ്ചരിച്ച് ഉത്തരീയഭക്തിയും ജപമാല ഭക്തിയും ഉദ്ദീപിപ്പിച്ചത് മഹിതമായ ചരിത്രം.
പരിശുദ്ധ മറിയത്തോടുള്ള പ്രാര്‍ഥനകളില്‍ ഏറ്റവും മുന്‍പന്തിയിലുള്ളതാണ് ജപമാല. ക്രൈസ്തവകുടുംബങ്ങളില്‍ സന്ധ്യാപ്രാര്‍ഥനയുടെ ഭാഗമായി ജപമാലയര്‍പ്പിക്കുന്ന രീതി നൂറ്റാണ്ടുകളായി നാം തുടര്‍ന്നു പോരുന്നു. ഈ ജപമാലയുടെ അവിഭാജിതഭാഗമായാണ് പരിശുദ്ധ അമ്മയുടെ ലുത്തിനിയാ ചൊല്ലിവരുന്നത്. ലൂത്തിനിയാ ഇല്ലാത്ത കൊന്തരൂപത്തെക്കുറിച്ച് നമുക്ക് ചിന്തിക്കാനേ ആവില്ല. എന്നാല്‍, ജപമാലപ്രാര്‍ഥനയുടെ ഭാഗമേയല്ല മറിയത്തിന്റെ ലുത്തിനിയാ എന്നതാണ് നാം മനസ്സിലാക്കേണ്ട കാര്യം. അത് തികച്ചും സ്വതന്ത്രമായ മറ്റൊരു പ്രാര്ഥനാരൂപമാണ്. അതിന് സ്വന്തമായ അസ്തിത്വമുണ്ട് എന്നര്‍ഥം. കത്തോലിക്കാ സഭ ഔദ്യോഗികമായി അംഗീകരിച്ചിട്ടുള്ള ഇത്തരം ആറു പ്രാര്ഥനാമാല (ലുത്തിനിയാ)കളുണ്ട്. തികച്ചും സ്വതന്ത്രമായ നിലനില്പുള്ള അമ്മാതിരി പ്രാര്ഥനാമാലയിലൊന്നാണ് പരിശുദ്ധ കന്യകമറിയത്തോടുള്ള ലുത്തിനിയാ.
സഭയിലെ ഔപചാരികവും അംഗീകൃതവുമായ ആറു പ്രാര്ഥനാമാലകളെക്കുറിച്ചു പൊതുവേയും മാതാവിനോടുള്ള ലുത്തിനിയായെക്കുറിച്ചു സമഗ്രമായും സവിസ്തരമായും സര്വതലസ്പര്ശിയുമായുമുള്ള വിവരണപഠനമാണ്, ചരിത്രപരമായ, ക്രമബദ്ധതയുടെയും നൈരന്തര്യത്തിന്റെയും ഭൂമികയില്‍ അവതരിപ്പിക്കുന്ന ഫാ. പീറ്റര്‍ അമ്പലത്തിങ്കലിന്റെ ‘ദൈവമാതാവിന്റെ ലുത്തിനിയാ ചരിത്രവും വ്യാഖ്യാനവും’ എന്ന വരിഷ്ഠ രചനയുടെ അതിഭദ്രമായ രൂപശില്പം. ലുത്തിനിയാ എന്ന പ്രാര്ഥനാമാലയുടെ ചരിത്രം, പാരമ്പര്യത്തിന്റെയും വിശുദ്ധഗ്രന്ഥസൂചകങ്ങളുടെയും ദൈവശാസ്ത്രപഠനങ്ങളുടെയും ദീപ്രവെളിച്ചത്തില് അനാവൃതമാക്കുന്ന ആധികാരിക ഗ്രന്ഥമാണിതെന്ന് തീര്‍ത്തുപറയാനാവും.
ദൈവമാതാവിന്റെ ലുത്തിനിയായില്‍ ‘പരിശുദ്ധ മറിയമേ’ എന്ന ആദ്യാഭിധാനാവതാരണത്തിനുശേഷം, സഭ അസന്ദിഗ്ധമായി അവതരിപ്പിക്കുന്ന എല്ലാ അപദാനങ്ങളെയും ഇവിടെ പരിചയപ്പെടുത്തുന്നു. വിവരണശൈലിയില്‍ സ്വീകരിക്കുന്ന സമീപനത്തിന്റെ അനന്യസ്വഭാവിയായ സവിശേഷതയാണ് ഫാ. പീറ്ററിന്റെ ഈ രചനയെ വേറിട്ടു നിര്‍ത്തുന്നത്.വചനഗ്രന്ഥത്തെ, സങ്കീര്ത്തനഭാഗങ്ങളെ സവിശേഷമായും, അധികരിച്ചുള്ള ആവര്‍ത്തന ശൈലിയിലുള്ള പ്രാര്ഥനാലാപങ്ങള് മുമ്പേ യഹൂദര്‍ക്കിടയിലുണ്ടായിരുന്നു. അതിന്റെ ക്രമവത്കൃതരൂപമാണ് ലിറ്റനിയുടെ ആദിരൂപമെന്ന് ഫാ. പീറ്റര്‍ നിരീക്ഷിക്കുന്നു. ഇതിന്റെ ചുവടുപിടിച്ചാവാം, ആവര്ത്തനരൂപിയായ ലുത്തിനിയാശൈലി, സഭയുടെ പ്രാര്‍ഥനാ പാരമ്പര്യത്തിലും പില്ക്കാല ആരാധനക്രമത്തിലും കടന്നുവന്നതെന്ന് ഗ്രന്ഥകാരന് കരുതുന്നു. യാമപ്രാര്‍ഥനകളിലും വേസ്പരകളിലും ദിവ്യബലിയര്ഥനകളിലുമൊക്കെ ഈ ശൈലിയുടെ വേരോട്ടം കാണാം. ഉദാഹരണം: കര്‍ത്താവേ, കനിയണമേ (കീരിയേ എലൈസോന്) എന്ന യാചനാപ്രാര്ഥനയും മറ്റും. മഹാനായ വിശുദ്ധ ഗ്രിഗരി പാപ്പായുടെ കാലം മുതല്‍ (590 – 604) മരിയന്‍ സ്തുതിപ്പുകള്‍ക്ക് വചനാധിഷ്ഠിതവും ദൈവശാസ്ത്രവിധിപ്രകാരമുള്ളതുമായ അസ്തിവാരം കൈവന്നതായും ഫാ. പീറ്റര്‍ സമര്‍ഥിക്കുന്നു. വര്‍ഷംതോറും കര്‍ത്താവിന്റെ സമര്‍പ്പണ തിരുനാളിലും മംഗളവാര്ത്താതിരുനാളിലും മറിയത്തിന്റെ ജനനതിരുനാളിലും സ്വര്ഗാരോപണതിരുനാളിലുമൊക്കെ റോമില്‍ നടത്തിയിരുന്ന സാഘോഷ പ്രദക്ഷിണവേളകളില് മരിയന്സ്തുതിപ്പുകള് ആവര്‍ത്തിച്ചുചൊല്ലുന്ന സമ്പ്രദായവും ലുത്തിനിയാ പ്രാര്‍ഥനകള്‍ക്ക് പ്രചാരം നല്‍കിയിട്ടുണ്ട്.ഇന്ന് പരക്കേ ചൊല്ലിപ്പോരുന്ന സഭയുടെ ഔദ്യോഗിക മരിയന്‍ ലുത്തിനിയായുടെ ആവിര്‍ഭാവ-രൂപാന്തരണചരിത്രം തുടര്‍ന്ന് ഫാ. പീറ്റര്‍ അവതരിപ്പിക്കുന്നുണ്ട്. അതിന് ‘ലൊരേറ്റോ ലുത്തിനിയാ’ എന്നാണല്ലോ പേര്. ഈ നാമകരണത്തിനു പിന്നില്‍ ശക്തമായൊരു പാരമ്പര്യവും അതിലേറെ സുദൃഢമായൊരു വിശ്വാസവും അസ്ഥിബലമുള്ള ചരിത്രവുമുണ്ട്. തിരുകുടുംബം നസ്രത്തില്‍ വസിച്ചിരുന്ന ഭവനം ഭൂമിയിലെ അതിപാവനമായ ഒരു താമസ ഇടമായിരുന്നല്ലോ. വിശുദ്ധനാടുകള്‍ മതവിരുദ്ധരുടെ ഭീകരാക്രമണത്തിനും നിര്‍ദയമായ അധിനിവേശത്തിനും അടിപ്പെട്ടപ്പോള്‍, ഈ വിശുദ്ധഭവനം അന്യാധീനമാകാനും അനാഥമാക്കപ്പെടാനും ദൈവം, പക്ഷേ, അനുവദിച്ചില്ല. 1291-ല്‍ ആ ഭവനം യുഗോസ്ലാവിയായിലെ ഡെല്മാത്തിയായിലെ ടെര്സാറ്റ്സിലേക്കു മാറ്റപ്പെട്ടു. എന്നാല്‍, അത് അവിടെയായിരിക്കണമെന്നായിരുന്നില്ല ദൈവേഷ്ടം. അങ്ങനെ തികച്ചും അത്ഭുതകരമായ സാഹചര്യങ്ങളില്‍ 1294-ല്‍ ഈ വിശുദ്ധഭവനം ടെര്സാറ്റ്സില് നിന്ന് അപ്രത്യക്ഷമാകുന്നു. അതു പിന്നീടു പ്രത്യക്ഷമാകുന്നത് ഇറ്റലിയിലെ അങ്കോണ പ്രവിശ്യയിലെ ലൊരേറ്റോ എന്ന പുണ്യഭൂമിയിലാണ്.
ഒരു ഗണം മാലാഖമാര്‍ ഈ ഭവനം കൈകളില്‍ സംവഹിച്ച് ലൊരേറ്റോയില്‍ ഇന്നു കാണുന്ന സ്ഥലത്ത് പുനഃപ്രതിഷ്ഠിച്ചു എന്നാണ് വിശ്വാസികള്‍ക്കിടയില്‍ പ്രബലമായി നിലനില്‍ക്കുന്ന ഐതിഹ്യം. അതിന് പിന്നീട് സഭ ഔദ്യോഗികാംഗീകാരം നല്കുകയുമുണ്ടായി. തുടര്‍ന്ന് സിക്സ്റ്റസ് നാലാമന് പാപ്പാ ലൊരേറ്റോ ഭവനം റോമിന്റെ നേരിട്ടുള്ള അധികാരപരിധിയിലാക്കി. 1667 ഡിസംബര്‍ 10-ന് ക്ലെമെന്റ് ഒമ്പതാമന്‍ പാപ്പാ, നസ്രത്തിലെ തിരുഭവനമാണിതെന്ന് ആധികാരികമായി രേഖപ്പെടുത്തിവയ്ക്കുകയുമുണ്ടായി. അവിടെ അതിമനോഹരമായൊരു ബസിലിക്കായും അദ്ദേഹം പണിതീര്‍ത്തു. അതെത്തുടര്‍ന്ന് സമാരബ്ധമായതാണ് ലൊരേറ്റോമാതാവിനോടുള്ള സവിശേഷഭക്തിയും ലുത്തിനിയായും. അന്നു രൂപപ്പെട്ട ലൊരേറ്റോ ലുത്തിനിയായില്‍ കാലാകാലങ്ങളില്‍ പല മാറ്റങ്ങളും ചിലകൂട്ടിച്ചേര്ക്കലുകളുമുണ്ടായിട്ടുണ്ട്. അങ്ങനെ കൂട്ടിച്ചേര്‍ത്തവരുടെ ശ്രേണിയില്‍, ഇപ്പോഴത്തെ പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് പാപ്പാ വരെയുണ്ട്!
വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന് പാപ്പായാണ് 1986-ല്‍ ‘തിരുസഭയുടെ മാതാവേ’ എന്നും 1995-ല്‍ ‘കുടുംബങ്ങളുടെ രാജ്ഞീ’ എന്നും കൂട്ടിച്ചേര്‍ത്തത്. എന്നാല്‍, നിലവിലെ ലൊരേറ്റോ ലുത്തിനിയായില്‍ ഇതില്ല എന്നതും ശ്രദ്ധിക്കണം.ഇപ്പോഴത്തെ മരിയന്‍ ലൊരേറ്റോ ലുത്തിനിയായില്‍ ‘പരിശുദ്ധ മറിയമേ’ എന്ന ആദ്യ അപദാനാഭിവാദനം കഴിഞ്ഞാല്‍ അമ്പത്തിമൂന്ന് അഭിസംബോധനകള്‍ കൂടിയുണ്ട്. ആകെ 54 എണ്ണം. ഒടുവില്‍, ലോകപാപങ്ങള്‍ നീക്കുന്ന ദിവ്യകുഞ്ഞാടിനോടുള്ള മൂന്ന് അപേക്ഷകളോടെ ലുത്തിനിയാ സമാപ്തീകൃതമാകുകയാണ്.
മരിയസ്തുതിക്കായി വിശ്വാസികള്‍ ഭക്തിപൂര്‍വം നടത്തിവരുന്ന ലൊരേറ്റോ ലുത്തിനിയായെക്കുറിച്ച്, അതിന്റെ ചരിത്രവും ദൈവശാസ്ത്രഗരിമയും സവിശദം അനാവൃതമാക്കുന്ന ഇതുപോലൊരു പഠനഗ്രന്ഥം മലയാളത്തില്‍ ആദ്യമാണ്. അതുകൊണ്ടുതന്നെ, കേരളസഭയുടെ മരിയോളജി ശാഖയ്ക്ക് അടിയാധാരമായി മേലില്‍ ഭവിക്കാനിടയുള്ള ഒന്നായിരിക്കും ഫാ. പീറ്റര്‍ അമ്പലത്തിങ്കലിന്റെ ഈ പുസ്തകമെന്ന് ഞാന്‍
ന്യായമായും വിശ്വസിക്കുന്നു. അച്ചനോടൊപ്പം നമുക്കൊന്നായി ഏറ്റു പാടാം: ‘ആവേ, മരിയ!’
Click to join Jeevanaadam Whatsapp Group
ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
Related
Related Articles
നെയ്യാര്‍ സംഭവം: പോലീസ് സേനയ്ക്ക് നാണക്കേടുണ്ടായെന്ന് ഡിഐജി
തിരുവനന്തപുരം : നെയ്യാര്‍ ഡാം പൊലീസ് സ്റ്റേഷനില്‍ പരാതിയുമായെത്തിയ ഗൃഹനാഥനെയും മകളെയും പൊലീസുദ്യോഗസ്ഥന് അധിക്ഷേപിച്ച സംഭവത്തില്‍ സേനയ്ക്ക് നാണക്കേടുണ്ടായെന്ന് ഡിഐജിയുടെ അന്വേഷണ റിപ്പോര്‍ട്ട്. പരാതിക്കാരന് പ്രകോപിപ്പിച്ചെന്ന വാദം
ഈര്ച്ചവാളിന്റെ ഇരകള്‍
ശരത് വെണ്‍പാല വിവേക് രഞ്ജന്‍ അഗ്നിഹോത്രി രചനയും സംവിധാനവും നിര്‍വ്വഹിച്ച കശ്മീര്‍ ഫയല്‍സ് എന്ന ചിത്രത്തിലെ ഒരു രംഗം, നായകന്റെ അമ്മയെ ജീവനോടെ ഈര്‍ച്ചവാളുകൊണ്ട് രണ്ടായി കീറുമ്പോള്‍
റവ. ഡോ. ജോണ്‍ ബോയയെ വത്തിക്കാന്റെ നയതന്ത്ര കാര്യാലയത്തില്‍ നിയമിച്ചു
ആലപ്പുഴ രൂപതയിലെ വെള്ളാപ്പള്ളി ഇടവകാംഗമായ റവ. ഡോ. ജോണ്‍ ബോയയെ വത്തിക്കാന്റെ നയതന്ത്ര കാര്യാലയത്തില്‍ പരിശുദ്ധ പിതാവ് ഫ്രാന്‍സീസ് പാപ്പ നിയമിച്ചു. ആഫ്രിക്കയിലെ ബുര്‍ക്കീനോ ഫാസോ