Breaking News

ലോകം ഗാന്ധിജിയിലേക്കു മടങ്ങുമ്പോള്‍

ലോകം ഗാന്ധിജിയിലേക്കു മടങ്ങുമ്പോള്‍

ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 150-ാം ജന്മവാര്‍ഷികമായ ഒക്‌ടോബര്‍ രണ്ടിന് ഐക്യരാഷ്ട്ര സംഘടനയുടെ ആഹ്വാനപ്രകാരം ലോകം അഹിംസാദിനമായി ആചരിക്കുകയാണ്. അമേരിക്കയിലെ ടെക്‌സസില്‍ ഹൂസ്റ്റണ്‍ എന്‍ആര്‍ജി ഫുട്‌ബോള്‍ സ്‌റ്റേഡിയത്തിലെ ‘ഹൗഡി മോദി’ മഹാസമ്മേളനത്തില്‍ ഇന്ത്യന്‍ വംശജരായ അരലക്ഷത്തോളം യുഎസ് പൗരന്മാരെ സാക്ഷിനിര്‍ത്തി റിപ്പബ്ലിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായുള്ള തന്റെ ഊഷ്മള സൗഹൃദം പ്രഘോഷിച്ച- ‘അബ്കീ ബാര്‍ ട്രംപ് സര്‍ക്കാര്‍’ എന്ന രണ്ടാമൂഴത്തിലേക്കുള്ള തെരഞ്ഞെടുപ്പു മുദ്രാവാക്യം ട്രംപിനു ചൊല്ലിക്കൊടുത്ത – ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉജ്വല താരപ്രകടനത്തിന്റെ അലയൊലിയില്‍ നമ്മുടെ ദേശീയ മാധ്യമങ്ങള്‍ ആണ്ടിരിക്കുമ്പോഴും, ന്യൂയോര്‍ക്കില്‍ യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടേറസ്, ദക്ഷിണ കൊറിയ പ്രസിഡന്റ് മൂണ്‍ ജേയിന്‍, സിംഗപ്പൂര്‍ പ്രധാനമന്ത്രി എം ലീ സിയെന്‍ ലൂങ്, ബംഗ്ലാദേശ്പ്രധാനമന്ത്രി ഷേയ്ഖ് ഹസീന, ജമെയ്ക്കാ പ്രധാനമന്ത്രി ആന്‍ഡ്രു ഹോള്‍നെസ്, ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസിന്ത ആര്‍ഡേന്‍ തുടങ്ങിയവര്‍ ഇന്നത്തെ ലോകത്ത് ഗാന്ധിയന്‍ ദര്‍ശനത്തിന്റെ പ്രസക്തി ഏറുന്നതിനെക്കുറിച്ച് നമ്മോടു സംവദിക്കുന്നുണ്ട്.
ന്യൂയോര്‍ക്കിലെ യുഎന്‍ ആസ്ഥാനമന്ദിരത്തിന്റെ മേല്‍ക്കൂരയില്‍ 10 ലക്ഷം ഡോളര്‍ ചെലവില്‍, ഐക്യരാഷ്ട്ര അംഗരാജ്യങ്ങളുടെ എണ്ണം കണക്കാക്കി 193 സൗരോര്‍ജ പാനലുകളുമായി 50 കിലോവാട്ടിന്റെ ഗാന്ധി സോളാര്‍ പാര്‍ക്ക് സമ്മാനിച്ചും, ന്യൂയോര്‍ക്ക് ഓള്‍ഡ് വെസ്റ്റ്ബറി യൂണിവേഴ്‌സിറ്റിയുടെ 600 ഏക്കര്‍ വളപ്പിനുള്ളില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറലിന്റെ പിന്തുണയോടെ ക്രൗഡ്ണ്ടിംഗിലൂടെ 150 മരങ്ങള്‍ നട്ടുകൊണ്ട് ഗാന്ധി സമാധാന ഉദ്യാനം തുറന്നും, നെതര്‍ലന്‍ഡ്‌സില്‍ അഹിംസയ്ക്കും സമാധാനത്തിനും വേണ്ടിയുള്ള മാര്‍ച്ച് സംഘടിപ്പിച്ചും ഇക്കുറി ഗാന്ധിജയന്തി രാജ്യാന്തരതലത്തില്‍ പൊലിപ്പിക്കുന്നതിനോടൊപ്പം, അഹമ്മദാബാദിലെ സാബര്‍മതീ തീരത്ത് 150-ാം ജന്മവാര്‍ഷിക സ്മാരക തപാല്‍ സ്റ്റാമ്പിന്റെയും നാണയങ്ങളുടെയും പ്രകാശനവും സ്വച്ഛ് ഭാരത് മിഷന്റെ അടുത്ത ഘട്ടമായ, ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ പൂര്‍ണ നിര്‍മാര്‍ജനത്തിനായുള്ള ജന്‍ ആന്ദോളന്‍ (ജനകീയ മുന്നേറ്റം) ഉദാഘാടനവും നിര്‍വഹിച്ച് ഭാരതം രണ്ടു വര്‍ഷം നീളുന്ന ആഘോഷങ്ങളുടെ രണ്ടാം പാദത്തിലേക്കു കടക്കുകയാണ്. ഗാന്ധിജിയുടെ സമാധിയായ ഡല്‍ഹി രാജ്ഘട്ടില്‍ 2014ലെ ഗാന്ധിജയന്തി ദിനത്തില്‍ പ്രധാനമന്ത്രി മോദി തുടക്കം കുറിച്ച സ്വച്ഛ് ഭാരത് അഭിയാന്‍, അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ പ്രസ്ഥാനത്തെയും ഭരണകൂടത്തെയും സംബന്ധിച്ചുള്ള സര്‍വ വിവാദങ്ങള്‍ക്കും ആശങ്കകള്‍ക്കും അതീതമായി നേടിയ സാര്‍വലൗകിക അംഗീകാരത്തിന്റെ സാരം ആ മുന്നേറ്റത്തിന്റെ മുഖമുദ്രയായ ഗാന്ധികണ്ണടയിലൂടെ പ്രതീകവത്കരിച്ച ആത്മശുദ്ധിയുടെയും ശുചിത്വത്തിന്റെയും ലളിതപാഠമാണ്.
കേന്ദ്ര ജലശക്തി മന്ത്രാലയത്തിന്റെ എസ്ബിഎം ഗ്രാമീണ്‍ ഡാഷ്‌ബോര്‍ഡില്‍ അനുനിമിഷം പെരുകികറങ്ങിക്കയറുന്ന നേട്ടത്തിന്റെ അക്കങ്ങളെ വിശ്വസിക്കാമെങ്കില്‍ 2014 ഒക്‌ടോബ്രര്‍ രണ്ടിനുശേഷം ഇത് കുറിക്കുന്നതു വരെ രാജ്യത്ത് 10,04,68,869 വീടുകളില്‍ ശുചിമുറികള്‍ നിര്‍മിക്കപ്പെട്ടു. ദേശീയ തലത്തില്‍ 38.70 ശതമാനം മാത്രമായിരുന്ന ശുചിമുറി സൗകര്യം ഇപ്പോള്‍ നൂറു ശതമാനമായിരിക്കുന്നു. വെളിപ്രദേശത്തെ വിസര്‍ജനത്തില്‍ നിന്നു മുക്തമായ ഗ്രാമങ്ങളുടെ എണ്ണം 47,006ല്‍ നിന്ന് 5,99,963 ആയിട്ടുണ്ട്. 98 ശതമാനം ഗ്രാമങ്ങളിലും ശുചിത്വപദ്ധതി നടപ്പാക്കി. ആണ്ടിലൊരിക്കലെങ്കിലും കൈയില്‍ ചൂലുമേന്തി പ്രധാനമന്ത്രി മോദി ‘സ്വച്ഛാഗ്രഹികള്‍ക്ക്’ പ്രചോദനമേകാനായി പ്രത്യക്ഷപ്പെടുന്ന ദൃശ്യം ദേശീയ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കാന്‍ കോടികള്‍ ചെലവാകുന്നുണ്ടെങ്കില്‍, പ്രകടനപരതയില്ലാത്ത ഹൃദയപരിവര്‍ത്തനത്തിന്റെ, ദരിദ്രനാരായണന്മാരോളം താഴ്മയുള്ള ലാളിത്യത്തിന്റെ, നീതിപൂര്‍വകമായ മാര്‍ഗത്തില്‍ ചരിക്കുന്ന ‘സാധന്‍ ശുദ്ധി’യുടെ ഗാന്ധിയന്‍ കാലമല്ല ഇതെന്ന് ഓര്‍ത്താല്‍ മതി.
സത്യഗ്രഹം, അഹിംസ, സര്‍വോദയ, ഗ്രാമസ്വരാജ്, ഉപവാസം, സമൂഹപ്രാര്‍ഥന, ആത്മീയത, മതാത്മകത, സഹിഷ്ണുത, സര്‍വധര്‍മസഹഭാവം, നിസ്വാര്‍ത്ഥസേവനം, രാഷ്ട്രീയ നിസ്സഹകരണം, വിവേചനത്തിനെതിരെ സഹനസമരത്തിലൂടെ ചെറുത്തുനില്പ് തുടങ്ങി സ്വാതന്ത്ര്യത്തിനും രാഷ്ട്രനിര്‍മാണത്തിനും ദേശീയ ഐക്യത്തിനും മാനവ പുരോഗതിക്കും വേണ്ടി മോഹന്‍ദാസ് കരംചന്ദ് ഗാന്ധി എന്ന സത്യാന്വേഷി നടത്തിയ പരീക്ഷണങ്ങളുടെ കഥ ആധുനിക കാലത്ത് സമഗ്രാധിപത്യത്തിന്റെയും വര്‍ണവെറിയുടെയും മതവിദ്വേഷത്തിന്റെയും സാമ്പത്തിക ചൂഷണത്തിന്റെയും ഇരകളായ, അടിച്ചമര്‍ത്തപ്പെട്ട ജനതകളുടെ മോചനത്തിനായുള്ള ധാര്‍മിക വിപ്ലവത്തിന്റെ മാര്‍ഗരേഖയാണ്. സത്യത്തിന്റെയും സ്‌നേഹത്തിന്റെയും ശക്തിയും സൗന്ദര്യവുമാണ് ഗാന്ധിദര്‍ശനത്തിന്റെ കാതല്‍. സ്‌നേഹം എന്ന ക്രൈസ്തവ പ്രമാണം അഹിംസ എന്ന ഗാന്ധിയന്‍ രീതിശാസ്ത്രത്തില്‍ പ്രയോഗിക്കുമ്പോള്‍ അത് അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് സാതന്ത്ര്യലബ്ധിക്കുള്ള ഏറ്റവും കുരത്തുറ്റ ആയുധമായി മാറുമെന്നാണ് അമേരിക്കയിലെ കറുത്തവര്‍ഗക്കാരുടെ മോചനത്തിനായി 1950കളില്‍ പൗരാവകാശ മുന്നേറ്റം നയിച്ച ബാപ്റ്റിസ്റ്റ് പുരോഹിതനായ ഗാന്ധിയന്‍ മാര്‍ട്ടിന്‍ ലൂഥര്‍ കിങ് ജൂനിയര്‍ കണ്ടെത്തിയത്. ദൈവാരൂപിയുടെ പ്രവര്‍ത്തനം ഏറ്റവും ശക്തമായി താന്‍ ഗാന്ധിജിയിലാണു കണ്ടതെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
തിന്മയെ അഹിംസകൊണ്ട് നേരിടുക, സഹനത്തിലൂടെ ചെറുത്തുനില്‍ക്കുക, സത്യത്തെ മുറുകെപ്പിടിച്ച് സേവനം ചെയ്യുക എന്ന തന്റെ അടിസ്ഥാന പ്രമാണങ്ങള്‍ ഗാന്ധി ആദ്യം പരീക്ഷിച്ചുനോക്കിയ ദക്ഷിണാഫ്രിക്കയില്‍ വര്‍ണവിവേചനത്തിന്റെ അപ്പാര്‍ത്തെയ്ഡ് ഭരണകൂടത്തിനെതിരെ സ്വാതന്ത്ര്യ സമരം നയിച്ച് 27 വര്‍ഷം ജയില്‍വാസം അനുഭവിച്ച നെല്‍സണ്‍ മണ്ടേലയുടെയും ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെയും ഏറ്റവും വലിയ പ്രചോദനം ഗാന്ധിമാര്‍ഗംതന്നെയായിരുന്നു. ‘പാതി ലെനിന്‍, പാതി ഗാന്ധി’ എന്നു വിശേഷിപ്പിക്കപ്പെട്ട വിയറ്റ്‌നാമിലെ കമ്യൂണിസ്റ്റ് വിപ്ലവനേതാവ് ഹോ ചി മിന്‍, ഖുര്‍ ആനിലെ സമഗ്രദര്‍ശനമാണ് ഗാന്ധിതത്ത്വത്തിലടങ്ങിയിരിക്കുന്നത് എന്നു പ്രഖ്യാപിച്ച അതിര്‍ത്തി ഗാന്ധി ഖാന്‍ അബ്ദല്‍ ഗഫാര്‍ ഖാന്‍, മനുഷ്യന്റെ ആത്മാവിനെ തകര്‍ക്കാന്‍ ശ്രമിക്കുന്ന സമഗ്രാധിപത്യശക്തികള്‍ക്കെതിരെയുള്ള ധാര്‍മിക പോരാട്ടത്തിന്റെ അതുല്യമാതൃകയായി ഗാന്ധിയെ ഉയര്‍ത്തിക്കാട്ടുന്ന തിബറ്റിലെ ബുദ്ധമതക്കാരുടെ പരമാചാര്യനായ ദലൈ ലാമ, മ്യാന്‍മാറില്‍ സൈനിക ഭരണകൂടത്തിനെതിരെ ജനാധിപത്യ പ്രക്ഷോഭം നയിച്ച ഓങ് സാന്‍ സൂ ചി തുടങ്ങി വ്യത്യസ്ത രാഷ്ട്രീയ, സാംസ്‌കാരിക, സാമൂഹിക പശ്ചാത്തലത്തില്‍ ഗാന്ധിജിയുടെ മൂല്യങ്ങളെ തങ്ങളുടെ ദേശീയ സ്വപ്‌നസാക്ഷാത്കാരത്തിനായി പ്രയോഗവത്കരിച്ച ജനനായകരുടെ സജീവ സാക്ഷ്യങ്ങള്‍ എണ്ണമറ്റതാണ്.
‘വൈഷ്ണവ് ജന്‍ തോ തേനേ കഹിയേ, ജേ പീഡ് പരായീ ജാണേ രേ’ (അപരന്റെ വേദന ഉള്‍ക്കൊള്ളാനാകുന്നവനാണ് ദേവതുല്യനായ മനുഷ്യന്‍) എന്ന ഭജനം ഗാന്ധിജിക്ക് ഏറ്റവും പ്രിയങ്കരമായിരുന്നു; യേശുവിന്റെ ഗിരിപ്രഭാഷണവും. ഇന്ത്യന്‍ ബോധമണ്ഡലത്തിലെ ആധ്യാത്മിക നിക്ഷേപമായി മാറിയ ഗാന്ധിയുടെ സമഭാവനയുടെ ദര്‍ശനത്തില്‍ കുരിശിന്റെ അടയാളം അന്തര്‍ലീനമാണ്. 1942 മേയില്‍ വാര്‍ധ സേവാഗ്രാം ആശ്രമത്തില്‍ താന്‍ ചെല്ലുമ്പോള്‍ ആ കുടിലിന്റെ മണ്‍ചുമരില്‍ ഒരു അലങ്കാരം മാത്രമാണ് താന്‍ കണ്ടതെന്ന് ഗാന്ധിജിയുടെ ജീവചരിത്രകാരനായ ലൂയിസ് ഫിഷര്‍ പറയുന്നു. യേശുവിന്റെ ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രം, കൂടെ ഒരു കുറിപ്പും: അവനാണ് നമ്മുടെ സമാധാനം. ഹിന്ദു-മുസ്ലിം സംഘര്‍ഷത്തിനെതിരെ 21 ദിവസം സ്വയം ഉപവാസവ്രതം അനുഷ്ഠിച്ച മഹാത്മജി ഒരിക്കല്‍ ട്രെയിനില്‍ നിന്നിറങ്ങി തനിക്കുചുറ്റും തടിച്ചുകൂടിയ ഗ്രാമീണരുടെ മുന്‍പില്‍ പുതിയനിയമം എടുത്ത് ഗിരിപ്രഭാഷണം വായിച്ചിട്ട് ഇതനുസരിച്ച് പ്രവര്‍ത്തിക്കുക എന്നു മാത്രം പറഞ്ഞ് പ്രസംഗം അവസാനിപ്പിക്കുന്ന ചിത്രം കാണാം. അമേരിക്കന്‍ മിഷണറി ഡോ. സ്റ്റാന്‍ലി ജോണ്‍സ് ഗാന്ധിയെക്കുറിച്ച് എഴുതിയ പുസ്തകം ‘ഇന്ത്യന്‍ പാതയിലെ ക്രിസ്തു’ എന്നാണ്. ഗാന്ധിയുടെ ദക്ഷിണാഫ്രിക്കയിലെ ജീവിതത്തെക്കുറിച്ച് എഴുതിയ ജോസഫ് ഡോക്, ചാര്‍ലി ആന്‍ഡ്രൂസ്, അഗതാ ഹാരിസണ്‍, ഹൊറെസ് അലക്‌സാണ്ടര്‍ എന്നീ ക്രൈസ്തവ മിഷണറിമാരും ടോള്‍സ്‌റ്റോയ്, എമേഴ്‌സണ്‍, തൊറോ, മീരാബെന്‍ (മാര്‍ഗരറ്റ് സ്ലേഡ്, ബ്ലവാത്‌സ്‌കി തുടങ്ങിയ ക്രൈസ്തവ ചിന്തകരും ബാപ്പുജിയുടെ ദര്‍ശനത്തെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. ഇന്ത്യയില്‍ യഥാര്‍ഥ ക്രിസ്ത്യാനി നല്ലൊരു ഗാന്ധിയനായേ തീരൂ എന്നു പറയുന്നതിന്റെ ധ്വനി ഗാന്ധിജി ഇന്ത്യന്‍ സാഹചര്യത്തില്‍ ക്രിസ്തുവിന്റെ പ്രബോധനങ്ങളെ ഉള്‍ക്കൊണ്ട രീതിയില്‍ ഊന്നുന്നതാണ്.
ഗാന്ധിജി ഗുജറാത്തിയില്‍ എഴുതിയ ആത്മകഥ ഇന്ത്യയിലെ പ്രാദേശിക ഭാഷകളില്‍ ഏറ്റവുമധികം വിറ്റഴിച്ചത് മലയാളത്തിലാണ്. നവജീവന്‍ ട്രസ്റ്റ് പ്രസിദ്ധീകരിച്ച ‘എന്റെ സത്യാന്വേഷണ പരീക്ഷണകഥ’ മലയാളം പതിപ്പ് 18.50 ലക്ഷം കോപ്പികള്‍ ചെലവായതായാണ് ഗാന്ധിജിയുടെ 150-ാം ജന്മവാര്‍ഷികാഘോഷത്തോട് അനുബന്ധിച്ചു കേട്ട സദ്‌വാര്‍ത്ത. ഗാന്ധിയന്‍ ആശയങ്ങളെ പഴഞ്ചനായി കണ്ട് ചരിത്രത്തിന്റെ ഭാഗമാക്കാനല്ല മലയാളി ശ്രമിക്കുന്നത് എന്നതിന്റെ തെളിവായി വേണം ഇതു വായിച്ചെടുക്കേണ്ടത്. ഗാന്ധി എത്രത്തോളം നമ്മുടെ ജീവിതത്തോട് സംവദിക്കുന്നു എന്നതാവണം ഇതിന്റെ മൂല്യശ്രുതി.


Related Articles

അരൂക്കുറ്റിയില്‍ തിരുവോസ്തി മാലിന്യത്തില്‍ നിക്ഷേപിച്ച സംഭവത്തില്‍ വ്യാപക പ്രതിഷേധം

കൊച്ചി: കൊച്ചി രൂപതയിലെ അരൂക്കുറ്റി പാദുവാപുരം സെന്റ് ആന്റണിസ് പള്ളിയുടെ കീഴിലുള്ള സെന്റ് ജേക്കബ് ചാപ്പലിലെ സക്രാരി തുറന്ന് തിരുവോസ്തി കവര്‍ന്ന് മാലിന്യചതുപ്പില്‍ നിക്ഷേപിച്ച ഹീനപ്രവൃത്തിയില്‍ കൊച്ചി

ഞാൻ നിങ്ങളെ സ്നേഹിച്ചതു പോലെ: പെസഹാക്കാലം അഞ്ചാം ഞായർ

പെസഹാക്കാലം അഞ്ചാം ഞായർ വിചിന്തനം :- “ഞാൻ നിങ്ങളെ സ്നേഹിച്ചതു പോലെ” (യോഹ 13:31-35) “ഞാൻ പുതിയൊരു കൽപ്പന നിങ്ങൾക്കു നൽകുന്നു. നിങ്ങൾ പരസ്പരം സ്നേഹിക്കുവിൻ” (vv.34-35).

ദിവ്യ ഇമ്പങ്ങളുടെ ഇനിയഗീതികള്‍

ജീസസ് യൂത്ത് റെക്സ് ബാന്‍ഡ്, വോക്‌സ് ക്രിസ്റ്റി എന്നീ വിഖ്യാത സംഗീതക്കൂട്ടായ്മകളുടെ മ്യൂസിക് മിനിസ്ട്രിയിലൂടെ യുവഹൃദയങ്ങളില്‍ ദൈവിക ചൈതന്യം നിറയ്ക്കുന്ന പ്രതിഭാധനനായ ഗോസ്പല്‍ സിംഗര്‍ എവുജിന്‍ ദൈവത്തിന്റെ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*