ലോകസമാധാനത്തിനായി പ്രാര്‍ത്ഥിക്കുക-ഫ്രാന്‍സിസ് പാപ്പാ

വത്തിക്കാന്‍ സിറ്റി: ഉയിര്‍പ്പു ഞായറാഴ്ച ഏപ്രില്‍ ഒന്നാം തീയതി പ്രാദേശിക സമയം രാവിലെ 10 മണിക്ക് ഫ്രാന്‍സിസ് പാപ്പാ വിശുദ്ധ പത്രോസിന്റെ ബസിലിക്കയില്‍ ഈസ്റ്റര്‍ പ്രഭാത ബലിയര്‍പ്പിച്ചു. അതിനുശേഷം ബസിലിക്കയുടെ പ്രധാന മട്ടുപ്പാവില്‍ നിന്നുകൊണ്ട് ഈസ്റ്റര്‍, ക്രിസ്മസ് നാളുകളില്‍ മാത്രം പതിവുള്ള ഊര്‍ബി ഏത്ത് ഓര്‍ബി (റോമാ നഗരത്തിനും ലോകത്തിനും) സന്ദേശം പാപ്പാ നല്കി. തികച്ചും പ്രഭാപൂര്‍ണമായ അന്തരീക്ഷമായിരുന്നു വത്തിക്കാന്‍ ചത്വരത്തില്‍. വസന്തം വിരിഞ്ഞ നാളില്‍ തെളിഞ്ഞുനിന്ന സൂര്യപ്രഭയും നീലാകാശവും, പുഷ്പാലംകൃതമായ വിശുദ്ധ പത്രോസിന്റെ ചത്വരവുമെല്ലാം ഉത്ഥാന നാളിന്റെ സന്തോഷം പ്രസരിപ്പിക്കുന്നതായിരുന്നു. ഫ്രാന്‍സിസ് പാപ്പാ സുസ്മേരവദനനായി തന്റെ ലാളിത്യമാര്‍ന്ന ശൈലിയില്‍ പ്രത്യക്ഷപ്പെട്ടു. മാനവികതയുടെ പൊതുന•യ്ക്കും ലോകസമാധാനത്തിനുമുള്ള സന്ദേശമാണ് പാപ്പാ നല്‍കിയത്.
പ്രിയ സഹോദരങ്ങളേ, ഏവര്‍ക്കും ഉത്ഥാന മഹോത്സവത്തിന്റെ ആശംസകള്‍. ക്രിസ്തു മരിച്ചവരില്‍ നിന്ന് ഉത്ഥാനം ചെയ്തു. ലോകത്തെവിടെയും സഭാ സമൂഹങ്ങളില്‍ ഇന്ന് ആലേലൂയ പ്രഘോഷണത്തോടൊപ്പം പ്രതിധ്വനിക്കുന്നത് ക്രിസ്തു മരിച്ചവരില്‍ നിന്ന് ഉയിര്‍ത്തെഴുന്നേറ്റു എന്ന കാഹളമാണ്. നാഥനും രക്ഷകനുമാണ് യേശു. പിതാവായ ദൈവം അവിടുത്തെ ഉയിര്‍പ്പിച്ചു. അതിനാല്‍ ഇന്നുമെന്നും അവിടുന്ന് ജീവിക്കുന്നു. ക്രിസ്തു നമ്മുടെ മദ്ധ്യേ വസിക്കുന്നു.
വിത്തിന്റെ ഉപമയിലൂടെ ക്രിസ്തുതന്നെ തന്റെ മരണത്തെയും പുനരുത്ഥാനത്തെയുംകുറിച്ച് ഉദ്ബോധിപ്പിച്ചിട്ടുള്ളതാണ്. അവിടുന്നു അരുള്‍ചെയ്തു: ‘സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു. ഗോതമ്പുമണി നിലത്തുവീണ് അഴിയുന്നില്ലെങ്കില്‍ അത് അതേപടിയിരിക്കും. അഴിയുന്നെങ്കിലോ, അതു വളരെയധികം ഫലം പുറപ്പെടുവിക്കും.’ (യോഹ. 12:24).
അതേ, ക്രിസ്തുവില്‍ സംഭവിച്ചത് ഇതാണ്. ഭൂമിയിലെ വിളനിലത്തു ദൈവം വിതച്ച വിത്താകുന്ന ക്രിസ്തു ഭൂമിയില്‍ ജനിച്ചു, വളര്‍ന്നു. അവിടുന്ന് സ്നേഹത്തിന്റെ സുവിശേഷം പ്രഘോഷിച്ചു. സകലര്‍ക്കും നന്മചെയ്തുകൊണ്ട് കടന്നുപോയി. എന്നാല്‍ കൊല്ലപ്പെട്ടു. ലോകത്തിന്റെ പാപങ്ങളാണ് അവിടുത്തെ കുരിശില്‍ തറച്ചത്. രണ്ടു ദിവസം കല്ലറയില്‍ അടക്കം ചെയ്യപ്പെട്ട അവിടുന്ന് ദൈവസ്നേഹത്തിന്റെ ഊര്‍ജവും ശക്തിയും ഉള്‍ക്കൊണ്ടിരുന്നു. മൂന്നാം ദിവസം അവിടുന്ന് പ്രഭയോടെ ഉയിര്‍ത്തെഴുന്നേറ്റു. ദൈവസ്നേഹത്തിന്റെ വിസ്ഫോടനമാണ് ഉത്ഥാന നാളില്‍ ഇന്നും ലോകം ആഘോഷിക്കുന്നത്. അത് ക്രിസ്തുവിന്റെ മരണത്തില്‍ നിന്നുമുള്ള ജീവനിലേക്കുള്ള കടന്നുപോക്കാണ്.
ആരെയും ഒരിക്കലും നിരാശപ്പെടുത്താത്തതും, ലോകത്തിന് സത്യമായും പ്രത്യാശ പകരുന്നതുമായ സംഭവമാണ് ക്രിസ്തുവിന്റെ പുനരുത്ഥാനം. ഇത് ക്രൈസ്തവരുടെ അടിയുറച്ച വിശ്വാസവുമാണ്. സ്നേഹത്തിന്റെ വിനീതഭാവം എടുക്കുകയും, സ്വയാര്‍പ്പണത്തിലൂടെ ഫലം നല്‍കുകയും, ലോകത്തെ നവീകരിക്കുകയും ചെയ്യുന്ന വിത്തിന്റെ ജീവോര്ജമാണത്. അനീതിയും അതിക്രമങ്ങളും നിറഞ്ഞ ചരിത്രത്തിന്റെ മണ്ണില്‍ ക്രിസ്തു വിതച്ച വചനബീജത്തിന്റെ ജീവോര്‍ജം ഇന്നും ലോകത്ത് ഫലപ്രാപ്തി അണിയുന്നുണ്ട്. പാവങ്ങളും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരും ധാരാളമായുള്ള ഇടങ്ങളിലും, ഇന്നിന്റെ ‘വലിച്ചെറിയല്‍ സംസ്കാരം’ നടമാടുന്ന, വിശപ്പും തൊഴിലില്ലായ്മയുമുള്ള സ്ഥലങ്ങളിലും, അഭയാര്‍ത്ഥികളും കുടിയേറ്റക്കാരുമുള്ള ക്യാമ്പുകളിലും, അടിമത്വവും മനുഷ്യക്കടത്തും മയക്കുമരുന്നു കച്ചവടവുമുള്ള അതിര്‍ത്തികളിലും ക്രിസ്തുവിന്റെ വചനവിത്ത് പ്രത്യാശയുടെയും മനുഷ്യാന്തസിന്റെയും ഫലമണിയിന്നുണ്ട്.
ഇന്നു നാം യാചിക്കുന്നത് ലോകസമാധാനത്തിന്റെ ഫലങ്ങള്‍ക്കുവേണ്ടിയാണ്. ആദ്യമേ, സിറിയയിലെ പീഡിതരായ ജനതയെ ഓര്‍ക്കാം. അതിരില്ലാത്ത യുദ്ധവും കൂട്ടക്കുരുതിയും അവരെ തളര്‍ത്തിയിട്ടുണ്ട്. അവിടത്തെ രാഷ്ട്രനേതാക്കളുടെയും സൈനിക നേതൃത്വത്തിന്റെയും മനഃസാക്ഷിയെ ഉത്ഥിതനായ ക്രിസ്തു പ്രകാശിപ്പിക്കട്ടെ. അതുവഴി അവിടെ നടമാടുന്ന കൂട്ടക്കുരുതിക്ക് അറുതിയുണ്ടാവട്ടെ. മാനവിക നിയമങ്ങള്‍ അവിടെ ആദരിക്കപ്പെടാനും, അവിടത്തെ ജനങ്ങളുടെ ആവശ്യങ്ങള്‍ കണ്ട് മറ്റുള്ളവര്‍ അവര്‍ക്കുവേണ്ടി അടിയന്തരമായും ഉദാരമായും നല്കുന്ന സഹായങ്ങള്‍ ആവശ്യക്കാര്‍ക്ക് ലഭ്യമാകാനും ഇടയാവട്ടെ. അവിടെനിന്നു പുറംതള്ളപ്പെട്ടവര്‍ക്ക് തിരിച്ചുവന്ന് അവരുടെ സ്ഥലങ്ങളില്‍ പാര്‍ക്കുവാന്‍ ഇടയാവട്ടെയെന്നും പ്രാര്‍ത്ഥിക്കുന്നു.
വിശുദ്ധനാട്ടില്‍ അനുരഞ്ജനത്തിന്റെ ഫലങ്ങള്‍ വിരിയട്ടെയെന്നും പ്രാര്‍ത്ഥിക്കാം. ഇന്നും അവിടെ നിര്‍ദ്ദോഷികള്‍ കൊല്ലപ്പെടുന്ന തുറന്ന സംഘട്ടനങ്ങള്‍ നടക്കുകയാണ്. അതുപോലെ യെമനിലും മദ്ധ്യപൂര്‍വ്വദേശത്തും സംവാദത്തിലൂടെയും പരസ്പര ആദരവിലൂടെയും അക്രമവും ഭിന്നിപ്പും ഇല്ലാതാവട്ടെ. ഈ നാടുകളില്‍ പീഡനങ്ങളും ചൂഷണവും അനുഭവിക്കുന്ന ക്രൈസ്തവ സഹോദരങ്ങള്‍ തിന്മയെ നന്മകൊണ്ടു കീഴടക്കിയ ഉത്ഥിതനായ ക്രിസ്തുവിന്റെ പ്രഭയാര്‍ന്ന സാക്ഷികളായി ജീവിക്കാനും ഇടയാവട്ടെ.
ദാരിദ്ര്യം, പകര്‍ച്ചവ്യാധികള്‍, ഭീകരാക്രമണങ്ങള്‍ എന്നിവയാല്‍ നുറുങ്ങി, മനുഷ്യാന്തസിനായി ക്ലേശിക്കുന്ന ആഫ്രിക്ക ഭൂഖണ്ഡത്തിലെ വിവിധ രാജ്യക്കാരെ പ്രത്യാശയോടെ അനുസ്മരിക്കാം. സംവാദത്തിന്റെയും പരസ്പരധാരണയുടെയും രീതികളില്‍ തെക്കന്‍ സുഡാനിലെ ജനങ്ങളുടെ സാമൂഹിക, രാഷ്ട്രീയ പീഡനങ്ങളുടെ മുറിവുണക്കാന്‍ ഉത്ഥിതന്റെ സമാധാനത്താല്‍ സാധിക്കട്ടെ. അവിടത്തെ സംഘട്ടനങ്ങളില്‍ ഏറെ വിഷമിക്കുന്ന കുട്ടികളെ നമുക്ക് പ്രത്യേകമായി അനുസ്മരിക്കാം. അടിസ്ഥാന ആവശ്യങ്ങള്‍ക്ക് വകയില്ലാതെ നാടുവിട്ടുപോകേണ്ടിവന്നവരെയും നമുക്ക് ഓര്‍ക്കാം; അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാം.
സമാധാനത്തിനും കൂട്ടായ്മയ്ക്കുമായുള്ള നിരന്തരമായ പരിശ്രമങ്ങള്‍ കൊറിയ ഉപദ്വീപില്‍ സംവാദത്തിന്റെ ഫലങ്ങള്‍ ഉളവാക്കട്ടെ. ഒപ്പം നാടിന്റെ ഉത്തരവാദിത്വം പേറുന്നവര്‍ വിവേകത്തോടും വിവേചനത്തോടെയും ജനങ്ങളുടെ നന്മയ്ക്കായി, സത്യസന്ധമായ ബന്ധങ്ങള്‍ രാജ്യാന്തര സമൂഹങ്ങളുമായി വളര്‍ത്തിയെടുക്കാന്‍ ഇടവരട്ടെ.
ഉക്രെയിനില്‍ സമാധാനമുണ്ടാവട്ടെ. കൂട്ടായ്മ വളര്‍ത്താനുള്ള ശ്രമങ്ങള്‍ ബലപ്പെടുകയും, തദ്ദേശ ജനതയുടെ അന്തസും അഭിമാനവും മാനിക്കപ്പെടാന്‍ ഇടവരികയും ചെയ്യട്ടെ. വെനസ്വേലയിലെ ജനങ്ങള്‍ സ്വന്തം മണ്ണില്‍ വിദേശികളെപ്പോലെ കഴിയുകയാണെന്നാണ് വൈദികര്‍ എഴുതി അറിയിച്ചത്. അവിടെ ഇനിയും സമാധാനം വളരേണ്ടതുണ്ട്. ജനങ്ങളെ ഗ്രസിച്ചിരിക്കുന്ന രാഷ്ട്രീയ, സാമൂഹിക, മാനവിക പ്രതിസന്ധി മാറി അവിടെ ഉത്ഥിതന്റെ സമാധാനം വളരട്ടെ. നാടുവിട്ടിറങ്ങുന്ന അവിടത്തെ യുവാക്കളെയും കുഞ്ഞുങ്ങളെയും പ്രത്യേകമായി അനുസ്മരിക്കാം.
ഉത്ഥിതനായ ക്രിസ്തു തരുന്ന നവജീവന്റെ ഫലങ്ങള്‍ അനുഭവിച്ചുവളരാന് യുദ്ധഭൂമികളില്‍ ഭക്ഷണവും പാര്‍പ്പിടവും വിദ്യാഭ്യാസവുമില്ലാതെ വലയുന്ന കുട്ടികള്‍ക്കു സാധിക്കട്ടെ. അതുപോലെ, ‘ഉപയോഗശൂന്യരെന്നപോലെ’ തള്ളിമാറ്റുന്ന വൃദ്ധജനങ്ങളും സംരക്ഷിക്കപ്പെടട്ടെ. യഥാര്‍ത്ഥ അറിവിന്റെ ഫലങ്ങള്‍ രാഷ്ട്രനേതാക്കള്‍ക്കും രാഷ്ട്രീയപ്രമുഖര്‍ക്കും ജനനേതാക്കള്‍ക്കും ലഭിക്കട്ടെയെന്നും പ്രാര്‍ത്ഥിക്കാം. അവര്‍ ജനനന്മയും മനുഷ്യാന്തസും മാനിക്കുന്നവരും, പൊതുനന്മയ്ക്കായി അര്‍പ്പണബോധത്തോടെ പ്രവര്ത്തിക്കുന്നവരുമാവട്ടെ. അങ്ങനെ രാഷ്ട്രങ്ങളില്‍ ജനങ്ങളുടെ വികസനവും സുരക്ഷയും കൈവരിക്കാന്‍ ഇടയാവട്ടെ.
പ്രിയ സഹോദരീ സഹോദരന്മാരേ, ക്രിസ്തുവിന്റെ കല്ലറയിങ്കല്‍ എത്തിയ സ്ത്രീകള്‍ ശ്രവിച്ച വചനമിതാണ്: ‘നിങ്ങളെന്തിനാണ് ജീവിച്ചിരിക്കുന്നവനെ മരിച്ചവരുടെ ഇടയില്‍ അന്വേഷിക്കുന്നത്? അവിടുന്ന് കല്ലറയിലില്ല, ഉത്ഥാനം ചെയ്തിരിക്കുന്നു.’ (ലൂക്കാ 24:56). മരണവും ഏകാന്തതയും ഭീതിയും ഇനി അവസാനവാക്കാണെന്ന് ആരും വിചാരിക്കരുത്. അതിനുമപ്പുറം ദൈവത്തിനു മാത്രം ഉച്ചരിക്കാവുന്നതും സാധിക്കുന്നതുമായ വാക്കുണ്ട്. അതാണ് ഉത്ഥാനം. ‘ദൈവസ്നേഹം തി•യെ കീഴ്പ്പെടുത്തും, കുറ്റബോധം ഇല്ലാതാക്കും, പാപബോധം അകറ്റി നമ്മെ നിഷ്ക്കളങ്കരാക്കും. ദുഃഖിതര്‍ക്കു സന്തോഷവും, പീഡിതര്‍ക്ക് സമാശ്വാസവും അതു നല്‍കും; വിദ്വേഷമില്ലാതാക്കും, ശക്തരുടെ ഹൃദയകാഠിന്യം അകറ്റും, ലോകത്ത് കൂട്ടായ്മയും സമാധാനവും വളര്‍ത്തും’. ഏവര്‍ക്കും ഈസ്റ്റര്‍ ആശംസകള്‍ നേര്‍ന്നുകൊണ്ടാണ് പാപ്പാ സന്ദേശം ഉപസംഹരിച്ചത്.
തുടര്‍ന്ന് പാപ്പായുടെ ഈസ്റ്റര്‍ സന്ദേശത്തിന് കര്‍ദിനാള്‍ സംഘത്തിന്റെ പ്രോട്ടോ ഡീക്കന്‍ റെനാത്തോ റഫയേലെ മര്‍ത്തീനോ നന്ദിയര്‍പ്പിച്ചു. പൂര്‍ണദണ്ഡവിമോചന പ്രാപ്തിയുള്ള അപ്പസ്തോലിക ആശിര്‍വാദം സകലര്‍ക്കുമായി നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു.
Related
Related Articles
പത്രോസിന്റെ നൗകയില്‍ യുവജനങ്ങള്‍ക്ക് പ്രത്യാശ – ഫ്രാന്‍സിസ് പാപ്പാ
വത്തിക്കാന്‍ സിറ്റി: ലോകത്തിന്റേതായ ക്രൂരമായ കൊടുങ്കാറ്റ് സഭയ്ക്കെതിരെ ആഞ്ഞടിക്കുമ്പോഴുംപത്രോസിന്റെ തോണിയില്‍ പ്രത്യാശയുണ്ടെന്നും അത് തങ്ങള്‍ക്ക് ഇടം നല്ക്കുമെന്നും അതില്‍ പിടിച്ചു കരകേറാമെന്നും യുവജനങ്ങള്‍ ഇനിയും വിശ്വസിക്കുന്നുണ്ടെന്ന് ഫ്രാന്‍സിസ്
ത്രികാലപ്രാര്‍ത്ഥനയ്ക്ക് വര്‍ദ്ധിച്ച ജനപങ്കാളിത്തം
വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് പാപ്പാ നയിച്ച ത്രികാലപ്രാര്‍ത്ഥനയില്‍ പങ്കെടുത്ത് ആശീര്‍വ്വാദം സ്വീകരിക്കുവാനും പാപ്പായെ നേരില്‍ കാണുവാനുമായി വിശുദ്ധ പത്രോസിന്റെ ചത്വരത്തില്‍ കൂടുതല്‍ പേര് സംബന്ധിച്ചു. ആദ്യം പാപ്പാ
‘ടു പോപ്സ്’
ഇത്തവണത്തെ ഓസ്കര് പുരസ്കാരത്തിനുള്ള നോമിനേഷനില്‍ ഇടംപിടിച്ച രണ്ടു നടന്മാരാണ് അന്റോണി ഹോപ്കിന്‍സും ജൊനാഥന് പ്രൈസും. രണ്ടുപേരും ‘ടു പോപ്സ്’ എന്ന ചിത്രത്തിലാണ് കിടയറ്റ അഭിനയചാതുരി പ്രദര്‍ശിപ്പിച്ചത്. ഫ്രാന്‍സിസ്