ലോലഹൃദയനായ വിശുദ്ധൻ

by Admin | March 7, 2018 11:14 am

ആന്റണി കൊത്തൊലെന്‍ഗോയുടെയും ആഞ്ചല ബെനദേത്തയുടെയും മകനായി 1786 മെയ്‌ 3 നാണ്‌ ഇറ്റലിയിലെ `പീയാമോന്തെ’ എന്ന സ്ഥലത്താണ്‌ ജോസഫ്‌ ബെനഡിക്‌ട്‌ കൊത്തൊലെന്‍ഗോയുടെ ജനനം.1811ല്‍ പൗരോഹിത്യം സ്വീകരിച്ചു. 1827 സെപ്‌തംബര്‍ 2-ാം തീയതി നടന്ന ഒരു സംഭവം അദ്ദേഹത്തിന്റെ ജീവിതത്തെ വല്ലാതെ വേദനിപ്പിച്ചു. ഈ വേദനയുടെ തീക്കനലില്‍ നിന്നാണ്‌ ഇന്ന്‌ ലോകം മുഴുവന്‍ പടര്‍ന്ന്‌ പന്തലിച്ച കൊത്തൊലെന്‍ഗോ സഭയുടെ തുടക്കം.

ഫ്രഞ്ചുകാരിയായ ഒരു ഗര്‍ഭിണിയും ഭര്‍ത്താവും തങ്ങളുടെ മൂന്നു കുട്ടികളോടൊപ്പം മിലാനില്‍ നിന്നു ലിയോണ്‍സിലേക്ക്‌ യാത്ര ചെയ്യുകയായിരുന്നു. മാര്‍ഗമദ്ധ്യേ ടൂറിനില്‍ വച്ച്‌ അവള്‍ക്ക്‌ ഒരു പകര്‍ച്ചവ്യാധിപിടിപെട്ടു. മരണാസന്നയായി ഒരു സത്രത്തില്‍ കിടന്ന യുവതി കൊത്തൊലെന്‍ഗോയില്‍ നിന്ന്‌ രോഗീലേപനം സ്വീകരിച്ച ശേഷം മരിച്ചു. മൃതദേഹത്തെ കെട്ടിപ്പിടിച്ചുള്ള ആ യുവതിയുടെ മക്കളുടെ കരച്ചില്‍ കൊത്തൊലെന്‍ഗോയുടെ മനസില്‍ നിന്നു മാഞ്ഞുപോയില്ല. ഇത്തരം അനുഭവം ഇനി ആര്‍ക്കും ഉണ്ടാകരുതെന്ന്‌ കൊത്തൊലെന്‍ഗോ ആഗ്രഹിച്ചു. തന്റെ സ്വത്തുക്കളെല്ലാം വിറ്റ്‌ 1828 ജനുവരി 17-ാം തീയതി ആലംബഹീനര്‍ക്കായി ഒരു ആതുരാലയം അദ്ദേഹം തുറന്നു.

എയ്‌ഡ്‌സ്‌ രോഗികള്‍, മയക്കുമരുന്നിന്‌ അടിമയായവര്‍, ബുദ്ധിമാന്ദ്യം സംഭവിച്ചവര്‍, രോഗികള്‍, അനാഥര്‍ തുടങ്ങിയവര്‍ക്ക്‌ ഈ സഭാസമൂഹം ആശ്വാസം പകരുന്നു. ഓരോ ദിവസവും രാത്രിയില്‍ കൊത്തൊലെന്‍ഗോ തന്റെ ചിലവുകള്‍ കഴിച്ചുള്ള പണം ജനാല വഴി പുറത്തേക്കിടും. പണത്തിനായി പാവപ്പെട്ടവര്‍ ജനലരികില്‍ കാത്തു നില്‍ക്കുമായിരുന്നു.
തന്റെ 56-ാമത്തെ വയസില്‍ 1842 ഏപ്രില്‍ 30ന്‌ അദ്ദേഹം ദൈവസന്നിധിയിലേക്ക്‌ യാത്രയായി. അദ്ദേഹത്തെ 1873ല്‍ ദൈവദാസനായും 1886ല്‍ വാഴ്‌ത്തപ്പെട്ടവനായും പ്രഖ്യാപിച്ചു. 1934 മാര്‍ച്ച്‌ 19ന്‌ പീയൂസ്‌ 11 മന്‍ പാപ്പാ അദ്ദേഹത്തെ വിശുദ്ധ പദവിയിലേക്കുയര്‍ത്തി.
പ്രിയ കുട്ടികളേ, വിശുദ്ധനെപ്പോലെ നമുക്കും പാവപ്പെട്ടവരോടും, രോഗികളോടും കരുണനിറഞ്ഞവരാകാം.

Source URL: https://jeevanaadam.in/%e0%b4%b2%e0%b5%8b%e0%b4%b2%e0%b4%b9%e0%b5%83%e0%b4%a6%e0%b4%af%e0%b4%a8%e0%b4%be%e0%b4%af-%e0%b4%b5%e0%b4%bf%e0%b4%b6%e0%b5%81%e0%b4%a6%e0%b5%8d%e0%b4%a7%e0%b5%bb/