വംശവെറിയുടെ കേരളം

by admin | June 19, 2018 12:06 pm

അട്ടപ്പാടിയിലെ മധുവിന്റെ കൊലപാതകത്തിനു ശേഷം പൊതുസമൂഹത്തില്‍ ഉയര്‍ന്ന ചോദ്യങ്ങളില്‍

മനസില്‍ ഇന്നും തങ്ങി നില്‍ക്കുന്ന ഒന്നുണ്ട്. മധുവിന്റെ പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടില്‍ വിശപ്പിന്റെ ആഴം എത്ര അടിയെന്ന് അളന്ന് തിട്ടപ്പെടുത്തിയോ? ക്രൈസ്തവരുടെ വലിയ നോമ്പുകാലത്താണ് കേരളത്തില്‍ ഒരു യുവാവ് 5 ദിവസം പട്ടിണി കിടന്നതും അവസാനം വിശപ്പടക്കാന്‍ ഇറങ്ങി പുറപ്പെട്ടതെന്നതും മറക്കാനാവില്ല. ഇതിന് ഉത്തരം കണ്ടെത്തുംമുമ്പാണ് കോട്ടയത്ത് കെവിന്‍ എന്ന യുവാവ് ദാരുണമായി കൊല്ലപ്പെടുന്നത്. ആയുസും ബുദ്ധിയും വര്‍ദ്ധിച്ചെങ്കിലും കാലികമായി മനുഷ്യന്‍ കാടത്തത്തില്‍ നിന്നും കിരാതബോധത്തില്‍ നിന്നും ഒരു ന്മെമണിതൂക്കം മുന്നോട്ടു പോയിട്ടില്ലെന്ന് കെവിന്റെ ദുരന്തം അടയാളപ്പെടുത്തുന്നു. ദുരഭിമാനകൊല എന്ന പുതിയ പദം നല്കി മാധ്യമങ്ങള്‍ അതിനെ വാര്‍ത്ത മാത്രമാക്കി ഒതുക്കുമ്പോള്‍ മധുവും കെവിനും നമ്മളോട് ചിലതൊക്കെ പറയുന്നില്ലേ? 

ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ പറ്റി മലയാളികള്‍ക്ക് പൊതുവെ പുച്ഛമാണ്. അവിടെയുള്ളവരൊക്കെ അപരിഷ്‌കൃതരാണെന്നാണ് നമ്മുടെ ഭാവം. പട്ടിണിയും നിരക്ഷരതയും പീഡനവും കൊലപാതകങ്ങളും നിത്യസംഭവങ്ങളായി അവിടെയൊക്കെ അരങ്ങേറുന്നുവെന്ന് നമ്മളാക്ഷേപിക്കുന്നു. രണ്ടു നേരം കുളിക്കുകയും രണ്ടിലധികം പത്രങ്ങള്‍ വായിക്കുകയും ചെയ്യുന്ന മലയാളികള്‍ സംസ്‌കാരസമ്പന്നരാണെന്നാണ് നമ്മുടെ അവകാശവാദം. എല്ലാം കണ്ടില്ലെന്നു നടിച്ച് അഹങ്കാരത്തോടെ ഇത് കേരളമാണെന്ന് നമ്മള്‍ വിളിച്ചു പറയും. എന്നാല്‍ മറ്റു സംസ്ഥാനങ്ങളെക്കാള്‍ ഒരു കാര്യത്തിലും നമ്മള്‍ മുന്നിലല്ലെന്നും നമുക്കൊരു മഹിമയുമില്ലെന്നും ഉച്ചത്തില്‍ പറയുന്ന സംഭവങ്ങളാണ് അട്ടപ്പാടിയിലെ മധുവിന്റെയും കോട്ടയത്തെ കെവിന്റെയും കൊലപാതകങ്ങള്‍. ഒരാള്‍ ആദിവാസിയും രണ്ടാമന്‍ ദളിതനും. 

രാജ്യത്ത് ഉണ്ടെന്ന് നാം അഭിമാനിക്കുന്ന ജനാധിപത്യവും സ്വാതന്ത്ര്യവും മനുഷ്യാവകാശങ്ങളും ആദിവാസികള്‍ക്കും ദളിതര്‍ക്കും ലഭിച്ചിട്ടില്ലെന്നുള്ളത് യാഥാര്‍ത്ഥ്യമായി തെളിയുന്നു. ഇന്ത്യയില്‍ അനുദിനം ശക്തിപ്രാപിച്ചുകൊണ്ടിരിക്കുന്ന വംശവിദ്വേഷം അഥവാ വംശവെറി കേരളത്തിലേക്കും വ്യാപിക്കുന്നു. രാഷ്ട്രീയ ഭരണകൂടപിന്തുണ ഇല്ലാത്തവര്‍ വംശവെറിക്ക് ഇരകളായി തീരുന്നു. 

രണ്ടു തരം തൊട്ടുകൂടായ്മകള്‍ മലയാളികള്‍ക്കിടയില്‍ പ്രചാരത്തിലുണ്ടായിരുന്നുവെന്ന് വില്യം ലോഗന്‍  രേഖപ്പെടുത്തിയിട്ടുണ്ട്. ഒന്ന് ഒരു നിശ്ചിതദൂരത്തിനകത്തുവരുന്ന താണജാതിക്കാരുടെ സാന്നിദ്ധ്യം ഉയര്‍ന്ന ജാതിക്കാര്‍ക്ക് അന്തരീക്ഷപരമായി ഉണ്ടാക്കുന്ന അയിത്തം. സ്പര്‍ശം കൊണ്ടുണ്ടാകുന്ന അയിത്തമാണ് രണ്ടാമത്തേത്. ആദ്യവിഭാഗത്തില്‍ നായാടികള്‍ 72 അടി, പുലയര്‍ 64 അടി, കണിയാന്‍ 36 അടി, മുക്കുവന്‍ 24 അടി, ക്ഷത്രിയന്‍ 12 അടി, നായര്‍ 24 അടി, കമ്മാളന്‍ 36 അടി, ഈഴവന്‍ 48 അടി, പറയന്‍ 60 അടി എന്നിങ്ങനെയാണ് അവര്‍ മാറി നില്‍ക്കേണ്ട ദൂരം അഥവാ അയിത്തം പാലിക്കേണ്ട അളവ്. 

സ്പര്‍ശം കൊണ്ട് അയിത്തമുണ്ടാക്കുന്ന മുഹമ്മദീയരും ക്രിസ്ത്യാനികളും വിദേശഹിന്ദുക്കളും രണ്ടാം വിഭാഗത്തില്‍പെടുന്നു. ഇങ്ങനെ ജാതി കൊണ്ടുള്ള വിവേചനം അഴിഞ്ഞാടുകയും ഭ്രാന്താലയമായി  മാറുകയും ചെയ്ത മലയാളി സമൂഹത്തിലാണ് നവോത്ഥാനത്തിന്റെ വിത്തുകള്‍ പൊട്ടിമുളച്ചത്. അതില്‍ ക്രൈസ്തവമിഷണറിമാരുടെ പങ്ക് നിഷേധിക്കാനാവാത്തതാണ്.  എന്നാല്‍ നവോത്ഥാനമൂല്യങ്ങള്‍ കേരളസമൂഹത്തില്‍ ഇനിയും ആഴത്തില്‍ ആഴ്ന്നിറങ്ങിയിട്ടില്ല. ജാതിയുടെ പേരിലുള്ള കാടത്തത്തിന്റെ പുതിയ ദൃഷ്ടാന്തങ്ങള്‍ അതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

കേരളം ലജ്ജിച്ച് തലതാഴ്‌ത്തേണ്ടി വരുമ്പോള്‍ ‘എന്റെ പിഴ’ എന്നുപറയാന്‍ നമുക്കും ബാധ്യതയുണ്ട്. സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്നും അരികുകളിലേക്ക് നീക്കപ്പെട്ടവരെ എത്രമാത്രം ശ്രദ്ധയോടെ നമ്മള്‍ വീക്ഷിച്ചിട്ടുണ്ട്. ‘അച്ചണ്ട വെന്തീഞ്ഞ ഇന്ന’ എന്ന ടികെസി വടുതലയുടെ കഥ മറക്കരുത്. കണ്ടന്‍കോരന്‍ ‘മാര്‍ക്കം’ കൂടി ദേവസിയായിത്തീര്‍ന്നകഥ. ഈ കഥയുടെ തനിയാവര്‍ത്തനങ്ങള്‍ നമ്മുടെ സമൂഹത്തില്‍ നടമാടുന്നുണ്ട്. ക്രൈസ്തവവിശ്വാസം സ്വീകരിച്ച കണ്ടന്‍കോരന്‍ തന്റെ വെന്തീഞ്ഞ പള്ളി വികാരിയെ ഏല്‍പിച്ച് തിരികെ നടക്കുന്നത് ആവര്‍ത്തിക്കപ്പെടരുത്. നമ്മുടെ സമൂഹത്തില്‍ അത്തരമൊരു സാഹചര്യം നിലനില്‍ക്കുന്നുണ്ടോ അഥവാ സൃഷ്ടിക്കപ്പെടുന്നുണ്ടോ എന്നത് പരിശോധനാവിധേയമാക്കേണ്ടതാണ്. 

വംശവെറി ഇല്ലാതാക്കാന്‍ പുതിയ പദ്ധതികള്‍ നമുക്കാവിഷ്‌ക്കരിക്കണം. വര്‍ഗീയവിരോധത്തിന്റെയും മതകലഹത്തിന്റെയും ജാതിപ്പോരിന്റെയും ലോകമല്ല നമ്മുടെ സ്വപ്‌നം. ആത്മീയത നശിക്കുമ്പോള്‍ സമൂഹത്തിന്റെ താളംതെറ്റും. യഥാര്‍ത്ഥ ഈശ്വരവിശ്വാസിക്ക് അപരനെ ജാതിയുടെ പേരില്‍ മാറ്റിനിര്‍ത്താനാവില്ല. 

കേരളത്തിലെ നവോത്ഥാനം അവര്‍ണരുടെ നേതൃത്വത്തിലാണ് നടന്നത്. അതിന്റെ പിന്നിലുണ്ടായിരുന്ന ശക്തി അടിച്ചമര്‍ത്തപ്പെട്ടവന്റെ ഉയിര്‍ത്തെഴുന്നേല്‍പായിരുന്നു. അടിച്ചമര്‍ത്തപ്പെട്ടവന്‍ അവന്റെ അവകാശത്തിനുവേണ്ടി തല ഉയര്‍ത്തി ചോദ്യം ചെയ്യുമ്പോള്‍ പലരുടെയും നെറ്റി ചുളിയുന്നു. അതിനെ  ഇല്ലാതാക്കാന്‍ വംശവെറിയുടെ കാരണത്താലുള്ള അക്രമണങ്ങള്‍ ഉണ്ടാകുന്നു. അക്രമണങ്ങളിലൂടെ   നീതി നിഷേധിക്കാനും മനുഷ്യരെ പ്രാകൃത കാലത്തേക്ക് തിരികെ കൊണ്ടുപോകാനും ശ്രമങ്ങള്‍ നടക്കുന്നു. ഓരോരുത്തര്‍ക്കും അവകാശപ്പെട്ടത് കൊടുക്കുക എന്നത് നീതി പുലരുന്ന സമൂഹത്തിന്റെ ബാധ്യതയാണ്. 

ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിന്റേയും ഭരണഘടനാനിര്‍മാണത്തിന്റേയും കാലയളവില്‍ ഡോ. ബാബാ സാഹേബ് അംബേദ്കര്‍ ഉയര്‍ത്തിയ ചിന്തകള്‍ ഇന്ന് പുതിയ ആവേശമായി ഇന്ത്യയില്‍ ഉയരുന്നത് നാം കാണേണ്ടതുണ്ട്. അംബേദ്കറിസം യൂണിവേഴ്‌സിറ്റികളിലും, കലാലയങ്ങളിലും  ഒരു പുതിയ മുന്നേറ്റമായി സമരങ്ങള്‍ക്ക് തിരിതെളിക്കുന്നു. ഈ സമരങ്ങള്‍ ദളിത് വിവേചനങ്ങള്‍ക്കെതിരായുള്ള മുന്നേറ്റം തന്നെയാണ്. ഇന്ത്യന്‍ ഭരണഘടന ദളിതനെ മനുഷ്യജീവിയായി പരിഗണിച്ചപ്പോള്‍ അവര്‍ക്ക് കിട്ടിയ പുതിയ മുഖം ദളിത് പരിണാമത്തിന്റെ ഒന്നാംഘട്ടമാണ്. അധികാരത്തിലുള്ള പങ്കാളിത്തം തന്നെയായിരുന്നു അതിന്റെ പ്രത്യേകത. അത് നിഷേധിക്കപ്പെട്ടപ്പോള്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഉടലെടുത്തു. ബിഎസ്പി അതില്‍ പ്രധാനപ്പെട്ടതാണ്. ബിഎസ്പി രാഷ്ട്രീയശക്തിയായി  ഇന്ത്യയില്‍ പുതിയ ചലനങ്ങള്‍ സൃഷ്ടിച്ചു. 1992ല്‍ വി. പി സിംഗ് മണ്ഡല്‍ കമ്മീഷന്‍ നടപ്പാക്കാന്‍ തുടങ്ങിയതോടെ രാജ്യത്തുണ്ടായ സവര്‍ണപ്രക്ഷോഭം ദളിതരുടെ കണ്ണു തുറപ്പിച്ചു. അത് അവരില്‍ ഉണ്ടാക്കിയ രാഷ്ട്രീയാവബോധത്തില്‍ നിന്ന് പുതിയ ദളിത് പ്രസ്ഥാനങ്ങള്‍ രാജ്യത്തുണ്ടായി.

ദളിതരെ കീഴ്‌പെടുത്തി നിലനിര്‍ത്താനുള്ള സവര്‍ണശക്തികളുടെ ശ്രമം ചോദ്യം ചെയ്യപ്പെടുന്ന കാലമാണ് പിന്നീട് ഉണ്ടായത്. 2015ല്‍  ഭിം ആര്‍മി രൂപപ്പെട്ടത് അതിനൊരുദാഹരണമാണ്. സവര്‍ണ വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ ദളിത് വിദ്യാര്‍ത്ഥികള്‍ വെള്ളംകുടിച്ചു എന്ന കാരണത്താല്‍ അവര്‍ അക്രമിക്കപ്പെട്ടപ്പോള്‍ രൂപപ്പെട്ട പ്രസ്ഥാനമാണ് ഭീം ആര്‍മി. സവര്‍ണ ഠാക്കൂര്‍മാരുടെ ഉടമസ്ഥതയിലുള്ള സഹാരണ്‍ പൂരിലുള്ള എഎച്പി ഇന്റര്‍കോളജിലാണ് സംഭവം നടന്നത്. സവര്‍ണ വിദ്യാര്‍ത്ഥികള്‍ ദളിത് വിദ്യാര്‍ത്ഥികള്‍ക്ക് ശിക്ഷയും വിധിച്ചു. ഇതിനെ പ്രതിരോധിക്കാന്‍ ദളിതര്‍ ഉണ്ടാക്കിയ ഭിം ആര്‍മിയുടെ നേതാവ് ചന്ദ്രശേഖര്‍ ആസാദാ രാവണ്‍ ആയിരുന്നു. സവര്‍ണ ശക്തികളെ പ്രതിരോധിക്കാന്‍ ഭരണഘടനയെ മതഗ്രന്ഥമാക്കണം എന്നാണ് ചന്ദ്രശേഖര്‍ ആസാദിന്റെ അനുശാസനം. വംശവെറിയെ വേരോടെ പിഴുതെറിയാന്‍ ഇന്ത്യന്‍ ഭരണഘടനയ്ക്ക് ശക്തിയുണ്ട്.

ഇന്ത്യന്‍ ഭരണഘടന പ്രഘോഷിക്കുന്ന മഹത്തായ മൂല്യങ്ങള്‍ക്കെതിരെ നടക്കുന്ന അക്രമണങ്ങള്‍ ഇടയലേഖനത്തിലൂടെ ഡല്‍ഹി ആര്‍ച്ച്ബിഷപ്പും ഗോവ ആര്‍ച്ച്ബിഷപ്പും അപലപിച്ചത് ഈ പശ്ചാത്തലത്തില്‍ പ്രസക്തമാണ്. കഴിഞ്ഞ ആഴ്ചയില്‍ നടന്ന കെസിബിസി സമ്മേളനവും ഭരണഘടന വിദ്യാലയങ്ങളില്‍ പഠിപ്പിക്കണമെന്നാണ് ആവശ്യപ്പെട്ടത്. ഇന്ത്യന്‍ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന മനുഷ്യാവകാശമൂല്യങ്ങള്‍ നമ്മുടെ സമൂഹത്തില്‍ പ്രതിഫലിക്കണം. എല്ലാവര്‍ക്കും നീതിയും സമത്വവും ഉറപ്പുനല്‍കുന്ന ഭരണഘടന ഈ രാജ്യത്തിന്റെ ശക്തിപ്രഭാവമാണ്. നീതി ജലം പോലെ ഒഴുകുന്ന ലോകം സ്വപ്‌നം കാണുന്നവര്‍ക്ക് ഇന്ത്യന്‍ ഭരണഘടനയ്‌ക്കെതിരെയുള്ള ഭീഷണികളെ ചെറുക്കാതിരിക്കാനാവില്ല. അതിലൂടെ വംശവെറിയെയും നമുക്ക് പ്രതിരോധിക്കാനാവും.

Source URL: https://jeevanaadam.in/%e0%b4%b5%e0%b4%82%e0%b4%b6%e0%b4%b5%e0%b5%86%e0%b4%b1%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3%e0%b4%82-2/