Breaking News

വംശീയ ആക്രമണത്തിന്റെ തീയണയ്ക്കുക

വംശീയ ആക്രമണത്തിന്റെ തീയണയ്ക്കുക


അഹമ്മദാബാദ് വിമാനത്താവളത്തിലെ വരവേല്‍പ്പിന്റെ ഊഷ്മളാലിംഗനം തൊട്ട് മൊട്ടേര സര്‍ദാര്‍ പട്ടേല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിലെ ‘നമസ്‌തേ ട്രംപ്’ എന്ന അതിശയാവേശങ്ങളുടെ മഹാപ്രകടനം വരെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രഥമ ഇന്ത്യാ സന്ദര്‍ശനം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജാജ്ജ്വല്യമാനമായ രാജ്യാന്തര പ്രതിഛായ പരമകാഷ്ഠയിലെത്തിച്ചെങ്കില്‍, ആഗ്രയിലെ താജ്മഹല്‍ സന്ദര്‍ശിച്ച് ട്രംപും പത്‌നി മെലാനിയയും ഇന്ത്യയുടെ തലസ്ഥാന നഗരത്തിലെത്തും മുന്‍പേ വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ പൊട്ടിപ്പുറപ്പെട്ട വര്‍ഗീയ കലാപത്തിന്റെ തീജ്വാലകള്‍ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഭയാനകമായ ചോരപ്പാടുകളാണ് ലോകത്തിനു മുമ്പാകെ തുറന്നുകാട്ടിയത്.
സമഗ്ര ആഗോള ശാക്തിക പങ്കാളിത്തമായി ഇന്ത്യ-യുഎസ് ഉഭയകക്ഷി ബന്ധം പുനര്‍നിര്‍വചിക്കപ്പെടുന്ന ചരിത്രനിമിഷത്തില്‍, ലോകത്തിലെ ഏറ്റവും വലിയ രണ്ടു ജനാധിപത്യ രാജ്യങ്ങളുടെ അതിശക്തരായ നേതാക്കള്‍ തമ്മിലുള്ള സൗഹൃദം – 300 കോടി ഡോളറിന്റെ (21,629 കോടി രൂപ) പ്രതിരോധ ഇടപാടുകള്‍ക്കും, ആണവ റിയാക്ടറുകള്‍, ദ്രവീകൃത പ്രകൃതിവാതക കണ്ടെയ്‌നറുകള്‍ തുടങ്ങി ഊര്‍ജ മേഖലയിലും ജനറിക് ഔഷധ ഉത്പാദനത്തിനും മറ്റുമായുള്ള ധാരണാപത്രങ്ങള്‍ക്കുമപ്പുറം – മേഖലയിലെ ഭൂരാഷ്ട്രതന്ത്ര സമവാക്യങ്ങള്‍ മാറ്റികുറിക്കുന്ന ഘട്ടത്തില്‍, ഇന്ത്യ നയതന്ത്ര ലോകത്ത് കെട്ടിപ്പൊക്കിയ മഹിമയുടെ വെണ്‍കൊറ്റക്കുടകളെല്ലാം അതിവിശിഷ്ടാതിഥി രാജ്യം വിടുംമുന്‍പേ ഡല്‍ഹിയിലെ കലാപഭൂമിയില്‍ വെന്തുവെണ്ണീറാവുകയായിരുന്നു. 1984ലെ സിക്ക് വിരുദ്ധ കലാപത്തിനുശേഷം തലസ്ഥാന നഗരത്തില്‍ അരങ്ങേറുന്ന ഏറ്റവും രൂക്ഷമായ വര്‍ഗീയ ഏറ്റുമുട്ടലിനെ ലോകത്തിനു മുന്‍പില്‍ മോദിയെ നാണം കെടുത്താനുള്ള ഗൂഢാലോചനയെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആദ്യം വിലയിരുത്തിയത്. യുഎസ് പ്രസിഡന്റ് ട്രംപിന് ആതിഥ്യമൊരുക്കിയ തലസ്ഥാന നഗരത്തിലെ ഒരു പ്രാന്തപ്രദേശത്ത് മൂന്നുനാള്‍ അക്രമിസംഘങ്ങള്‍ തോക്കും വാളും ദണ്ഡും കല്ലുകളും ആസിഡുമൊക്കെയായി തേര്‍വാഴ്ച നടത്തിയിട്ടും കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ നിയന്ത്രണത്തിലുള്ള ഡല്‍ഹി പൊലീസിനും ദ്രുതകര്‍മ സേനയ്ക്കും അര്‍ധസൈനിക വിഭാഗങ്ങള്‍ക്കും ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല എന്നത് വിശ്വസിക്കാനാവുമോ!
വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ മൗജ്പുര്‍, ചാന്ദ്ബാഗ്, കരാവല്‍ നഗര്‍, ഖജൂരി ഖാസ്, ഭജന്‍പുര, നൂര്‍ ഇലാഹി, സീലംപുര്‍, ബാബര്‍പുര്‍, ഗോകുല്‍പുരി, ബ്രഹ്മപുരി എന്നിവിടങ്ങളില്‍ ഒരു പ്രത്യേക മതവിഭാഗത്തിന്റെ വീടുകളും കടകളും ആരാധനാലയങ്ങളും വാഹനങ്ങളും തെരഞ്ഞുപിടിച്ച് അക്രമിസംഘങ്ങള്‍ തീവയ്പും കൊള്ളയും അക്രമവും തുടര്‍ന്നപ്പോഴും സ്ഥിതിഗതികള്‍ തികച്ചും നിയന്ത്രണവിധേയമാണെന്നാണ് കേന്ദ്ര ആഭ്യന്ത്ര മന്ത്രാലയവും ഡല്‍ഹി പൊലീസും ഡല്‍ഹി സംസ്ഥാനത്തെ ലഫ്റ്റനന്റ് ഗവര്‍ണറും ആവര്‍ത്തിച്ചുകൊണ്ടിരുന്നത്. ചിലയിടങ്ങളില്‍ ദ്രുതകര്‍മസേനയും ഡല്‍ഹി പൊലീസും ഫഌഗ് മാര്‍ച്ച് നടത്തുകയും നിശാനിയമവും ഒരു മാസത്തേക്ക് നിരോധനാജ്ഞയും പ്രഖ്യാപിക്കുകയും ചെയ്തുവെങ്കിലും പലയിടത്തും അക്രമിസംഘങ്ങളുടെ പിടിയില്‍ അകപ്പെട്ട ന്യൂനപക്ഷ സമുദായാംഗങ്ങളെ രക്ഷിക്കാനോ പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാനോ തീയണയ്ക്കാനോ ആരുമെത്തിയില്ല. ട്രംപിന്റെ സന്ദര്‍ശനം പ്രമാണിച്ച് 20 കമ്പനി പൊലീസിനെ നിയോഗിക്കേണ്ടിവന്നതിനാല്‍ കലാപ മേഖലയില്‍ ആവശ്യത്തിന് പൊലീസിനെ വിന്യസിക്കാന്‍ കഴിഞ്ഞില്ല എന്ന പ്രാഥമിക വിശദീകരണം പിന്നീട് തിരുത്തിയെങ്കിലും, മൂന്നാം ദിവസവും അക്രമം നിര്‍ബാധം തുടര്‍ന്ന മേഖലകളില്‍ ഒരിടത്തും പൊലീസിന്റെ സാന്നിധ്യമില്ലായിരുന്നു. ഒരു പൊലീസ് ഓഫിസര്‍ ഉള്‍പ്പെടെ 20 പേര്‍ കൊല്ലപ്പെടുകയും 250 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്ത അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ കലാപം അടിച്ചമര്‍ത്താന്‍ പൊലീസിനു കഴിയുന്നില്ലെങ്കില്‍ സൈന്യത്തെ വിളിക്കണമെന്ന ആവശ്യം കേന്ദ്ര ആഭ്യന്തര മന്ത്രി തള്ളിക്കളയുകയായിരുന്നു.
മതം അടിസ്ഥാനമാക്കി പൗരത്വം നിര്‍ണയിക്കുകയും വംശീയ വിവേചനത്തിന് നിയമസാധുത നല്‍കുകയും ചെയ്യുന്ന ഭരണഘടനാവിരുദ്ധമായ പൗരത്വ നിയമഭേദഗതിക്കും ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരെ മൂന്നു മാസമായി രാജ്യമെങ്ങും തുടരുന്ന ജനകീയ പ്രക്ഷോഭങ്ങളുടെ ഭാഗമായി ഡല്‍ഹി കാളിന്ദി കുഞ്ചിലെ ഷഹീന്‍ബാഗില്‍ മുസ്‌ലിം വനിതകളുടെ നേതൃത്വത്തില്‍ സമാധാനപരമായി നടന്നുവന്ന റോഡ് ഉപരോധത്തിന്റെ മാതൃകയില്‍ ജഫറാബാദില്‍ സീലംപുരില്‍ നിന്ന് മൗജ്പുരിലേക്കും യമുനവിഹാറിലേക്കും പോകുന്ന 66-ാം നമ്പര്‍ റോഡില്‍ സ്ത്രീകള്‍ കുത്തിയിരിപ്പു നടത്തിയപ്പോള്‍ പൗരത്വ നിയമ ഭേദഗതിക്കു പിന്തുണ പ്രഖ്യാപിച്ച് ബിജെപി പക്ഷക്കാര്‍ അവരെ നേരിടാനൊരുങ്ങിയതില്‍ നിന്നാണ് ഞായറാഴ്ച വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ മതത്തിന്റെ പേരില്‍ സംഘടിച്ച് അക്രമിസംഘങ്ങള്‍ കല്ലേറും അതിക്രമങ്ങളും കൊള്ളയും തുടങ്ങിയത്. പ്രതിഷേധിക്കാനുള്ള ജനാധിപത്യ അവകാശം നിഷേധിക്കാനാവില്ലെന്നു വ്യക്തമാക്കിയ സുപ്രീം കോടതി ഷഹീന്‍ബാഗിലെ റോഡ് ഉപരോധം മൂലം ജനങ്ങള്‍ക്കുണ്ടാകുന്ന കഷ്ടപ്പാടുകള്‍ക്ക് അറുതിവരുത്തുന്നതിന് സമരക്കാരുമായി സന്ധിസംഭാഷണം നടത്താന്‍ മധ്യസ്ഥരെ നിയോഗിച്ചിരിക്കെയാണ് സമാനസ്വഭാവമുള്ള സമരവേദികള്‍ ഇനി അനുവദിക്കില്ലെന്ന അന്ത്യശാസനവുമായി ബിജെപിയുടെ ഒരു പ്രാദേശിക നേതാവ് ഭൂരിപക്ഷ സമുദായത്തിന്റെ കരുത്ത് തെളിയിക്കാന്‍ രംഗത്തിറങ്ങിയത്. ട്രംപ് മടങ്ങുന്നതുവരെ തങ്ങള്‍ കാത്തിരിക്കുമെന്നും പിന്നെ പ്രതിഷേധസമരക്കാരെ കൈകാര്യം ചെയ്യുമെന്നുമായിരുന്നു ആം ആദ്മി പാര്‍ട്ടിയുടെ മുന്‍ മന്ത്രി കൂടിയായ കപില്‍ മിശ്രയുടെ ഭീഷണി. പൊലീസിന്റെ സാന്നിധ്യത്തില്‍ തന്നെ അക്രമം തുടങ്ങാന്‍ അധികനേരം വേണ്ടിവന്നില്ല.
സൈനിക യൂണിഫോമില്‍ സംഭവസ്ഥലത്തുണ്ടായിരുന്ന പൊലീസുകാര്‍ ആരാണെന്നു വ്യക്തമാക്കണമെന്ന് ശിവസേന ആവശ്യപ്പെടുന്നുണ്ട്. പൊലീസ് സൈനിക യൂണിഫോം ദുരുപയോഗം ചെയ്യരുതെന്ന് ഔദ്യോഗിക മുന്നറിയിപ്പുണ്ടായതിന്റെ പശ്ചാത്തലത്തിലാണിത്. പൗരത്വ നിയമഭേദഗതിക്കെതിരെ പ്രക്ഷോഭം തുടങ്ങിയ നാളുകളില്‍ ഡല്‍ഹിയിലെ ജാമിയ മിലിയ ഇസ്‌ലാമിയ യൂണിവേഴ്‌സിറ്റി ലൈബ്രറിയില്‍ വരെ കടന്നുചെന്ന് ശൗര്യം പ്രകടിപ്പിക്കുകയും ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ഥികളെ ആക്രമിച്ചവര്‍ക്ക് ഒത്താശ ചെയ്ത് കവാടങ്ങളില്‍ കാവല്‍നില്‍ക്കുകയും ചെയ്ത ഡല്‍ഹി പൊലീസ് വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ കലാപ മേഖലകളില്‍ നിഷ്‌ക്രിയരായി നോക്കിനിന്നതിനെ സുപ്രീം കോടതിയില്‍ ജസ്റ്റിസ് കെ.എം. ജോസഫ്, ജസ്റ്റിസ് എസ്.കെ. കൗള്‍ എന്നിവരുടെ ബെഞ്ച് ശക്തമായി വിമര്‍ശിച്ചിട്ടുണ്ട്.
കൊള്ളയും കൊലയും തീവയ്പും തടയാന്‍ ശ്രമിക്കാതെ അക്രമത്തില്‍ പരിക്കേറ്റവരെ ചില പൊലീസുകാര്‍ ഉപദ്രവിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പ്രചരിക്കുകയുണ്ടായി. പരിക്കേറ്റവര്‍ക്ക് അടിയന്തര ചികിത്സ ഉറപ്പാക്കണമെന്നും, ചികിത്സയില്‍ കഴിയുന്നവരുടെ വിശദവിവരം ഹാജരാക്കണമെന്നും ഡല്‍ഹി പൊലീസിന് ഡല്‍ഹി ഹൈക്കോടതി കര്‍ശന നിര്‍ദേശം നല്‍കി. ഹൈക്കോടതി ജഡ്ജിമാരായ ജസ്റ്റിസ് എസ്. മുരളീധര്‍, ജസ്റ്റിസ് അനുപ് ജയ്‌റാം ബംബാനി എന്നിവരാണ് പാതിരാത്രി അടിയന്തര ഹര്‍ജി പരിഗണിച്ച് പുലര്‍ച്ചെ 2.15ന് ഇതു സംബന്ധിച്ച് ഉത്തരവു നല്‍കിയത്.
മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ആക്രമണത്തില്‍ പരിക്കേറ്റവരില്‍ പലര്‍ക്കും വെടിയേറ്റിട്ടുണ്ട്. നാടന്‍തോക്കുമായി പൊലീസിനെ വിറപ്പിച്ചുനിര്‍ത്തിയ അക്രമികളുടെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ചിലയിടങ്ങളില്‍ ആസിഡും തിളച്ചവെള്ളവും വരെ ഒഴിച്ചായിരുന്നു അതിക്രമം. പേരും മതവും ചോദിച്ചും ചിലരുടെ വസ്ത്രമഴിച്ചു പരിശോധിച്ചുമൊക്കെ അക്രമികള്‍ അഴിഞ്ഞാടി. വിദ്വേഷപ്രചാരണത്തിലൂടെ വര്‍ഗീയ ധ്രുവീകരണം സൃഷ്ടിക്കാനും വംശഹത്യയുടെ ഭീഷണിയില്‍ ന്യൂനപക്ഷങ്ങളെ ആട്ടിപ്പായിക്കാനും ആസൂത്രിത നീക്കങ്ങള്‍ നടക്കുന്നു എന്നത്, 2002 ഫെബ്രുവരിയില്‍ ഗുജറാത്തില്‍ നടന്ന വര്‍ഗീയ കലാപത്തിന്റെ ഭീകരസ്മരണയാണ് ഉണര്‍ത്തുന്നത്.
പ്രസിഡന്റ് ട്രംപ് മോദിയുടെ പൗരത്വ നിയമഭേദഗതിയെക്കുറിച്ചോ ഡല്‍ഹിയിലെ അക്രമസംഭവങ്ങളെക്കുറിച്ചോ ഒന്നും പ്രതികരിച്ചില്ല എന്നതു നേരാണ്. ഇന്ത്യയിലെ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാന്‍ പ്രധാനമന്ത്രി ആകുന്നതെല്ലാം ചെയ്യുന്നുണ്ടെന്നാണ് തന്റെ വിശ്വാസമെന്നും ട്രംപ് പറയുകയുണ്ടായി. അതേസമയം, വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും മൗനം തുടരുകയാണ്. ഒരാഴ്ച മുന്‍പ് ഡല്‍ഹി സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി മൂന്നാം വട്ടം അധികാരമേറ്റ ആം ആദ്മി പാര്‍ട്ടിയുടെ അരവിന്ദ് കേജ്‌രിവാളും സംഘവും സമാധാന പ്രാര്‍ഥനയ്ക്കായി രാജ്ഘട്ടിലേക്കു പോയെങ്കിലും കലാപമേഖലയില്‍ സാന്ത്വനമെത്തിക്കാന്‍ വേണ്ടത്ര ജാഗ്രത കാണിച്ചില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്. സിആര്‍പിഎഫ് സ്‌പെഷല്‍ ഡയറക്ടര്‍ ജനറല്‍ (ട്രെയ്‌നിങ്) എസ്.എന്‍. ശ്രീവാസ്തവയെ ഡല്‍ഹി പൊലീസ് സ്‌പെഷല്‍ കമ്മീഷണറായി ചൊവ്വാഴ്ച നിയമിക്കുകയും അക്രമികളെ കണ്ടാല്‍ വെടിവയ്ക്കാന്‍ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തത് കലാപകാരികള്‍ക്ക് വേണ്ടത്ര സാവകാശം നല്‍കിയതിനുശേഷമാണ്. ഡല്‍ഹി മെട്രോ പിങ്ക് ലൈനിലെ അഞ്ചു സ്റ്റേഷനുകള്‍ അടച്ചിടുകയും, ഡല്‍ഹിയില്‍ നിന്ന് യുപിയിലെ ഗാസിയാബാദിലേക്കുള്ള അതിര്‍ത്തി അടയ്ക്കുകയും ചെയ്തു. കലാപമേഖലയിലെ വിദ്യാലയങ്ങള്‍ക്ക് അവധി പ്രഖ്യാപിക്കുകയും 86 കേന്ദ്രങ്ങളില്‍ സിബിഎസ്ഇ 10, 12 ക്ലാസ് പരീക്ഷകള്‍ മാറ്റിവയ്ക്കുകയും ചെയ്തു. അക്രമം ആസൂത്രണം ചെയ്തവര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്നും കലാപത്തിനിടയാക്കിയ സാഹചര്യത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെടുന്നുണ്ട്. ഡല്‍ഹിയില്‍ ശാന്തിയും സമാധാനവും പുനഃസ്ഥാപിക്കാന്‍ സത്വര നടപടി ആവശ്യമാണ്. രാജ്യത്തിന്റെയും ജനങ്ങളുടെയും നന്മ കാംക്ഷിക്കുന്ന ആരും വര്‍ഗീയ അസ്വസ്ഥതകള്‍ ആളിപ്പടരാന്‍ അനുവദിക്കുകയില്ല.


Related Articles

കോഴിക്കോട് രൂപത നേതൃത്വ പരിശീലന ക്യാമ്പ് ആരംഭിച്ചു

കോഴിക്കോട്: കോഴിക്കോട് രൂപതയില്‍ നടത്തിവരുന്ന വാര്‍ഷിക വേനലവധിക്കാല നേതൃത്വ പരിശീലന ശിബിരം ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ ഉദ്ഘാടനം ചെയ്തു. ഏപ്രില്‍ 21, 22 തീയതികളില്‍ എരഞ്ഞിപ്പാലം

ചെല്ലാനം ഹാര്‍ബറില്‍ വള്ളങ്ങള്‍ക്ക് കെണിയായി മണല്‍തിട്ട

ചെല്ലാനം: ചെല്ലാനം ഫിഷിങ് ഹാര്‍ബറില്‍ മത്സ്യബന്ധന വള്ളങ്ങള്‍ മണല്‍തിട്ടയില്‍ ഉറക്കുന്നു. ഹാര്‍ബറിനുള്ളില്‍ ഏക്കറുകണക്കിനു കടല്‍ഭാഗം മണ്ണടിഞ്ഞ് കരയായി മാറിയിരിക്കുകയാണ്. ഹാര്‍ബറില്‍ വന്‍തോതില്‍ മണ്ണടിയുന്നതായി മത്സ്യത്തൊഴിലാളികള്‍ പരാതിപ്പെടുന്നുണ്ടെങ്കിലും യാതൊരു

ലത്തീൻ കത്തോലിക്ക സമുദായ ദിനം 2020

ലത്തീൻ കത്തോലിക്കാ രൂപതകളുടെ സമുദായ ദിനം 2020 ഡിസംബർ 6 ഞായറാഴ്ച നടത്തപ്പെടും. സഹോദരന്റെ കാവലാളാവുക എന്നതാണ് ഈ വർഷത്തെ  സമുദായ ദിനത്തിന്റെ  പ്രമേയം. കെ ആർ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*