വത്തിക്കാനും ചൈനയും തമ്മില്‍ അടുക്കുമ്പോള്‍

അമേരിക്കയും കമ്യൂണിസ്റ്റ് ക്യൂബയും തമ്മില്‍ നയതന്ത്രബന്ധം പുനഃസ്ഥാപിക്കുന്നതില്‍ മധ്യസ്ഥത വഹിച്ച ഫ്രാന്‍സിസ് പാപ്പ ലോകത്തിലെ വന്‍ശക്തികളിലൊന്നായി മാറിക്കൊണ്ടിരിക്കുന്ന കമ്യൂണിസ്റ്റ് ചൈനയെ സാര്‍വത്രിക, അപ്പസ്തോലിക സഭയുടെ സംസര്‍ഗത്തിലേക്ക് നയിച്ചുകൊണ്ട് വീണ്ടും ചരിത്രം സൃഷ്ടിക്കുകയാണ്. ബെയ്ജിങ്ങിനും വത്തിക്കാനുമിടയില് 70 വര്‍ഷമായി തകര്‍ന്നുകിടക്കുന്ന ഉഭയകക്ഷിബന്ധത്തിന്റെ പാലം പുതുക്കിപ്പണിയുമ്പോള്‍ പ്രത്യയശാസ്ത്ര, ധാര്‍മിക വൈരുധ്യങ്ങള്‍ മറികടന്ന് രണ്ടു ധ്രുവങ്ങള്‍ തമ്മില്‍ അടുക്കുകയാണ്. ചൈനാ വന്‍കരയിലെ റോമന്‍ കത്തോലിക്കാ മെത്രാന്മാരുടെ നിയമനത്തിന്റെ കാര്യത്തില്‍ റോമിലെ പരിശുദ്ധ സിംഹാസനവുമായി ഉടമ്പടിയുണ്ടാക്കാന്‍ പ്രസിഡന്റ് ഷി ജിന്‍പിങ് സന്നദ്ധനാകുന്നു എന്നത് മാറുന്ന ഭൂരാഷ്ട്രതന്ത്രത്തിന്റെയും ആഗോള തലത്തില്‍ പുതിയ പ്രതിഛായ സൃഷ്ടിക്കാനുള്ള രാഷ്ട്രീയതന്ത്രത്തിന്റെയും സൂചനയാണെങ്കില്‍, ആധുനിക ലോകത്തെ സുവിശേഷവത്കരണ ദൗത്യത്തിലെ നിര്‍ണായക വഴിത്തിരിവും അജപാലന നിയോഗവുമായാണ് സഭ അതിനെ വീക്ഷിക്കുന്നത്.
ജനതകളും സംസ്കാരങ്ങളും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കും സംവാദത്തിനും അനുരഞ്ജനത്തിനും ഊന്നല്‍ നല്കുന്ന ലോകദര്‍ശനത്തിന്റെ വെളിച്ചത്തില്‍ ‘കഴിഞ്ഞ കാലത്തെ മുറിവുകളെല്ലാം പൊറുക്കാനും ചൈനയിലെ എല്ലാ വിശ്വാസികളെയും ഐക്യത്തിലേക്ക് കൊണ്ടുവരാനും’ ബെയ്ജിങ്ങുമായുള്ള പുതിയ കരാര്‍ സഹായകമാകും എന്നാണ് ഫ്രാന്‍സിസ് പാപ്പ പ്രത്യാശിക്കുന്നത്. കമ്യൂണിസ്റ്റ് പാര്‍ട്ടി ചൈനയില്‍ അധികാരം പിടിച്ചെടുത്തതിനെ തുടര്‍ന്ന്, 1951ല്‍ രാജ്യത്തുനിന്ന് അപ്പസ്തോലിക നുണ്‍ഷ്യോയെയും വിദേശ മിഷണറിമാരെയും പുറത്താക്കുകയും ചെയര്മാന് മാവോ സേതൂങ് നയിച്ച സാംസ്കാരിക വിപ്ലവത്തില്‍ മതവിശ്വാസ പ്രതീകങ്ങളെ അപ്പാടെ തച്ചുടയ്ക്കുകയും ചെയ്തെങ്കിലും ഇന്ന് ചൈനയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗങ്ങളെക്കാള്‍ കൂടുതല്‍ ക്രൈസ്തവരുണ്ടെന്നാണ് കണക്കുകള്‍. 2030 ആകുമ്പോഴേയ്ക്കും ലോകത്ത് ഏറ്റവും കൂടുതല്‍ ക്രൈസ്തവര്‍ വസിക്കുന്ന രാജ്യം ചൈനയായിരിക്കും എന്നു പ്രവചിക്കുന്നവരുമുണ്ട്.
രാജ്യത്തെ മതവിശ്വാസ സംവിധാനങ്ങളെ പാര്‍ട്ടിയുടെയും ഭരണകൂടത്തിന്റെയും നിയന്ത്രണത്തില്‍ കൊണ്ടുവരുന്നതിനും ‘സോഷ്യലിസ്റ്റ് കമ്യൂണിസ്റ്റ് തത്വസംഹിതകള്‍ക്കു വിരുദ്ധമായ സാമ്രാജ്യത്വ മൂല്യങ്ങളില്‍ നിന്നും ബാഹ്യശക്തികളുടെ ഇടപെടലില്‍ നിന്നും’ മുക്തമാക്കുന്നതിനും വേണ്ടി നടപ്പാക്കിയ ‘സ്വയംപര്യാപ്ത, സ്വയംഭരണ, സ്വയംപരിപാലന’ നയത്തിന്റെ ഭാഗമായി 1957ല്‍ രൂപീകരിച്ച കത്തോലിക്കാ ദേശഭക്ത സമിതി (കാത്തലിക് പേട്രിയോട്ടിക് അസോസിയേഷന്) ആണ് ചൈനയില്‍ സര്‍ക്കാരിന്റെ അംഗീകാരത്തോടെ നിലനില്‍ക്കുന്ന കത്തോലിക്കസഭാ സംവിധാനം. മെത്രാന്മാരുടെ നിയമനം, ദേശീയ മെത്രാന് സമിതി, വൈദിക പരിശീലനം, ആരാധനക്രമം, മതബോധനം, പള്ളികളുടെ മേല്‍നോട്ടം തുടങ്ങി പ്രാദേശിക തലത്തില്‍ സഭാസംവിധാനത്തിന്റെ പൂര്‍ണ നിയന്ത്രണം ദേശഭക്ത സമതിയ്ക്കാണ്. അതേസമയം, റോമിലെ പരിശുദ്ധ സിംഹാസനത്തോടും സാര്‍വത്രിക അപ്പസ്തോലിക സഭയുടെ വിശ്വാസപ്രമാണങ്ങളോടും കൂറും വിശ്വസ്തതയും വിധേയത്വവും പുലര്‍ത്തുന്ന വിശ്വാസികളുടെ സമൂഹം തങ്ങളുടെ മേല്പ്പട്ടക്കാരോടൊപ്പം കൊടിയ പീഡനങ്ങളും തടങ്കല്‍പാളയങ്ങളിലെ യാതനകളും സഹിച്ച് ഒളിസങ്കേതങ്ങളില്‍ ആരാധനയും കൂദാശപരികര്മവും നിര്‍വഹിച്ച് ആധ്യാത്മികജീവിതത്തിന്റെയും സാമൂഹിക കൂട്ടായ്മയുടെയും മൗലിക ചൈതന്യം കാത്തുപരിപാലിച്ചുപോന്നു. ചൈനയിലെ 1.3 കോടി കത്തോലിക്കരില്‍ 40 ശതമാനത്തിലേറെപ്പേര്‍ സര്‍ക്കാര്‍ അംഗീകാരമില്ലാത്ത അണ്ടര്‍ഗ്രൗണ്ട് സഭയിലാണ്. ചൈനയില്‍ അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന പ്രൊട്ടസ്റ്റന്റ് ഇവാഞ്ചലിക്കല്‍ സഭാ വിഭാഗങ്ങളില്‍ – ഇവരുടെ സംഖ്യ കത്തോലിക്കരെക്കാള്‍ 60 ദശലക്ഷം അധികം വരും – സര്‍ക്കാര്‍ രജിസ്ട്രേഷനില്ലാത്ത അനധികൃത ഭവനസഭകളുടെ പെരുപ്പവും ശ്രദ്ധേയമാണ്.
ശ്ലൈഹിക പാരമ്പര്യത്തിന്റെ പിന്തുടര്ച്ചക്കാര് എന്ന നിലയില്‍ മെത്രാന്മാരുടെ തിരഞ്ഞെടുപ്പിനുള്ള അധികാരം പരിശുദ്ധ പിതാവിനാണെന്ന കത്തോലിക്കാ സഭയുടെ നിലപാട് ചൈന അംഗീകരിച്ചിരുന്നില്ല. റോമിന്റെ അംഗീകാരമില്ലാതെ മെത്രാഭിഷേകം നടത്തുന്നത് സ്വയമേവ സഭാഭ്രഷ്ട് ക്ഷണിച്ചുവരുത്തുമെന്നാണ് കാനോന്‍ നിയമത്തില്‍ പറയുന്നത്. ചൈനീസ് കാത്തലിക് പേട്രിയോട്ടിക് അസോസിയേഷന് പരിശുദ്ധ സിംഹാസനത്തിന്റെ അനുമതിയില്ലാതെ പ്രാദേശിക തലത്തില്‍ തിരഞ്ഞെടുക്കുന്ന മെത്രാന്മാര് പലപ്പോഴും രഹസ്യമായെങ്കിലും തെറ്റ് ഏറ്റുപറഞ്ഞ് പരിശുദ്ധ സിംഹാസനത്തോട് കൂറുപ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ഡിസംബറിലെ സ്ഥിതിവിവരകണക്കുപ്രകാരം ചൈന വന്‍കരയിലെ 101 കത്തോലിക്കാ മെത്രാന്മാരില് 65 പേര് സര്‍ക്കാരിന്റെ അംഗീകാരത്തോടെ നിയമിക്കപ്പെട്ടവരും 36 പേര് വത്തിക്കാന്‍ നേരിട്ട് നിയമിച്ചവരുമാണ്. (ബ്രിട്ടന്റെ അധീനതയില്‍ നിന്ന് ചൈനയ്ക്കു തിരിച്ചുകിട്ടിയ ഹോങ്കോംഗിലും, പോര്ച്ചൂഗലില് നിന്നു തിരിച്ചുകിട്ടിയ മക്കാവോയിലും മെത്രാന്മാരുടെ കാര്യത്തില്‍ വത്തിക്കാന്‍ തന്നെയാണ് പരമാധികാരം നിലനിര്‍ത്തിപ്പോരുന്നത്).
ചൈനയും വത്തിക്കാനും തമ്മില്‍ ഒപ്പുവച്ച പുതിയ കരാര്‍ പ്രകാരം ബിഷപ്പുമാരുടെ നിയമനത്തില്‍ പാപ്പയ്ക്കുള്ള പങ്ക് അംഗീകരിക്കുന്നുണ്ട്. ചൈനീസ് സഭയില്‍ പരിശുദ്ധ പിതാവിനുള്ള സ്ഥാനവും ചൈനീസ് കത്തോലിക്കാ സഭയ്ക്ക് സാര്‍വത്രിക സഭയിലുള്ള സ്ഥാനവും ആദ്യമായി ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയും ഭരണകൂടവും അംഗീകരിക്കുന്നു എന്നതാണ് ഈ കരാറിന്റെ കാതലായ ഭാഗം. കാലാകാലങ്ങളില്‍ പുനഃപരിശോധനയ്ക്കു വിധേയമാക്കാനും പരിഷ്കരിക്കാനും ഇടയുള്ള ‘താത്കാലിക’ കരാറിലെ വ്യവസ്ഥകള്‍ ഇരുകൂട്ടരും വെളിപ്പെടുത്തിയിട്ടില്ല. ലോകത്തിലെ ഏറ്റവും രഹസ്യാത്മക സ്വഭാവമുള്ള രണ്ടു ഭരണസംവിധാനങ്ങളാണ് വത്തിക്കാനും ചൈനയുമെന്ന് നിരീക്ഷകര്‍ ഇതോടൊപ്പം കൂട്ടിവായിക്കുന്നുണ്ട്.
വിദേശരാജ്യങ്ങളുമായുള്ള വത്തിക്കാന്റെ ബന്ധങ്ങളുടെ ചുമതലയുള്ള അണ്ടര്‍സെക്രട്ടറി മോണ്‍. അന്റൊയിന്‍ കമിലേരിയും ചൈന വിദേശകാര്യ ഉപമന്ത്രി വാങ് ചാവുവും ബെയ്ജിങ്ങില്‍ താത്കാലിക കരാര്‍ ഒപ്പുവച്ചതിനു തൊട്ടുപിന്നാലെ, ചൈനയിലെ എട്ടു മെത്രാന്മാരുടെ സഭാവിലക്ക് ഫ്രാന്‍സിസ് പാപ്പ നീക്കിയതായി വത്തിക്കാന്‍ സെക്രട്ടറി ഓഫ് സ്റ്റേറ്റ് കര്‍ദിനാള്‍ പിയെത്രോ പരോലിന് അറിയിച്ചു. പരിശുദ്ധ സിംഹാസനത്തിന്റെ അനുമതിയില്ലാതെ നിയമിക്കപ്പെട്ടിരുന്ന എട്ടുപേരില്‍ ഒരാള്‍, മോണ്‍. ആന്റണി തുഷിഗുവ 2017 ജനുവരിയില്‍ അന്തരിച്ചതാണ്. റോമുമായി അനുരഞ്ജനത്തിന് അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചിരുന്നതായി വത്തിക്കാന്‍ വ്യക്തമാക്കി. വിലക്കു നീക്കിയതോടെ രാജ്യത്തെ എല്ലാ കത്തോലിക്കാ മെത്രാന്മാരും റോമുമായി പൂര്‍ണ സംസര്ഗത്തിലായി എന്ന് വത്തിക്കാന്‍ പ്രസ്താവനയില്‍ പറയുന്നുണ്ടെങ്കിലും ഒളിസഭയിലെ വത്തിക്കാനോടു കൂറുപുലര്‍ത്തിയിരുന്ന മെത്രാന്മാരെ മുഴുവന്‍ ചൈന സര്‍ക്കാര്‍ അംഗീകരിക്കുമോ എന്നതു വ്യക്തമല്ല. വത്തിക്കാന്‍ ചൈനയുമായി ധാരണയിലെത്താന്‍ രഹസ്യ ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലെത്തി എന്ന വാര്‍ത്ത പുറത്തുവന്ന നാളുകളില്‍ പേട്രിയോട്ടിക് സംഘടനയുടെ അംഗീകാരമുള്ള രണ്ടുപേര്‍ക്കുവേണ്ടി അണ്ടര്‍ഗ്രൗണ്ട് സഭയിലെ രണ്ടു മെത്രാന്മാര് സ്ഥാനത്യാഗം ചെയ്യണമെന്ന നിര്‍ദേശം കനത്ത ആശങ്ക ഉണര്‍ത്തിയിരുന്നു.
കമ്യൂണിസ്റ്റ് വിയറ്റ്നാമുമായി വത്തിക്കാന്‍ 1996ല്‍ ഉണ്ടാക്കിയ ധാരണയ്ക്കു പിന്നില്‍ പ്രവര്‍ത്തിച്ച പിയെത്രോ പരൊലിന് (വത്തിക്കാന്‍ വിദേശകാര്യ മന്ത്രാലയത്തില്‍ അണ്ടര്‍സെക്രട്ടറിയായിരുന്നു അന്ന് അദ്ദേഹം) തന്നെയാണ് ബെയ്ജിങ്ങുമായുള്ള ഈ കരാറിനു പിന്നിലും കരുക്കള്‍ നീക്കിയത്. വത്തിക്കാന്‍ മെത്രാന് സ്ഥാനത്തേക്ക് മൂന്നുപേരുകള്‍ നിര്‍ദേശിക്കും; ഹനോയ് അതില്‍ നിന്ന് ഒരാളെ നിശ്ചയിക്കും – ഇതായിരുന്നു വിയറ്റ്നാമിലെ ധാരണ. ചൈനയിലെ മെത്രാന്മാരുടെ കാര്യത്തില്‍ ചൈന പ്രാദേശിക തലത്തില്‍ നാമനിര്‍ദേശം ചെയ്യുന്നവരുടെ പട്ടികയില്‍ പാപ്പയ്ക്ക് വീറ്റോ അവകാശമുണ്ടായിരിക്കുമെന്നാണ് സൂചന.
പുതിയ ഉടമ്പടിയോടൊപ്പം ഫ്രാന്‍സിസ് പാപ്പ ബെയ്ജിങ്ങിനു വടക്കുകിഴക്കായി ഹെബെയ് പ്രവിശ്യയില്‍ ഷെങ്ദേ എന്ന പുതിയ രൂപത സ്ഥാപിച്ചതായി വത്തിക്കാന്‍ പഖ്യാപിച്ചിട്ടുണ്ട്. 70 വര്‍ഷത്തിനിടയില്‍ ആദ്യമായാണ് വത്തിക്കാന്‍ ചൈനയില്‍ പുതിയ രൂപത സ്ഥാപിക്കുന്നത്. ചൈനയിലെ ഒളിസഭയുടെ ഏറ്റവും വലിയ ശക്തികേന്ദ്രങ്ങളിലൊന്നാണ് ഈ മേഖല. ഷെങ്ദേ സിറ്റിയിലെ ഷുവാംഗുലനിലെ നല്ല ഇടയന് യേശുവിന്റെ ദൈവാലയത്തെ പുതിയ രൂപതയുടെ കത്തീഡ്രലായി ഉയര്‍ത്തിയിട്ടുണ്ട്. ബെയ്ജിങ് അതിരൂപതാ പ്രവിശ്യയിലെ സാമന്ത രൂപതയാണിത്. 1883 ഡിസംബറില്‍ സ്ഥാപിതമായ കിഴക്കന്‍ മംഗോളിയയിലെ അപ്പസ്തോലിക വികാരിയാത്തിന്റെ ഭാഗമായിരുന്നു ഇത്. 1946 ഏപ്രിലില്‍ പീയൂസ് പന്ത്രണ്ടാമന് പാപ്പ ജെഹോള് ജിന്ഷ്വാ രൂപതയായി ഉയര്‍ത്തിയ പ്രദേശം.
ചൈന 1951ല്‍ വിഛേദിച്ച നയതന്ത്രബന്ധം പുനഃസ്ഥാപിക്കുന്ന കാര്യം ഇപ്പോള്‍ പരിഗണനയിലില്ലെന്ന് വത്തിക്കാന്‍ വ്യക്തമാക്കിയിട്ടുണ്ട്. കമ്യൂണിസ്റ്റുകാര്‍ ഭരണം പിടിച്ചെടുത്തപ്പോള്‍ ഫോര്‍മോസ കടലിടുക്കു താണ്ടി ദേശീയവാദികള്‍ തയ്വാനില് സ്ഥാപിച്ച റിപ്പബ്ലിക് ഓഫ് ചൈനയുമായി വത്തിക്കാന്‍ 76 വര്‍ഷമായി നിലനിര്‍ത്തിവരുന്ന നയതന്ത്രബന്ധം ചൈനീസ് പീപ്പിള്‍സ് റിപ്പബ്ലിക്കിനെ ഏറെ പ്രകോപിപ്പിച്ചിരുന്നു. ചൈന തങ്ങളുടെ വിമത പ്രവിശ്യയായി കരുതുന്ന തയ്വാനുമായി നയതന്ത്രബന്ധം തുടരുന്ന ഏക യൂറോപ്യന്‍ രാഷ്ട്രമാണ് വത്തിക്കാന്‍. ചൈനയുടെ സമ്മര്‍ദത്തിനു വഴങ്ങി മിക്ക രാഷ്ട്രങ്ങളും തയ്വാനെ ഒഴിവാക്കുകയാണ് പതിവ്. വത്തിക്കാനും ചൈനയും തമ്മിലുണ്ടാക്കിയ പുതിയ ഉടമ്പടി തങ്ങളെ ഒരുതരത്തിലും ബാധിക്കില്ലെന്ന് വത്തിക്കാന്‍ ഉറപ്പുനല്‍കിയിട്ടുണ്ടെന്ന് തയ്വാന് വിദേശകാര്യ മന്ത്രി ജൗഷിയേ ജോസഫ് വൂ പറയുന്നു.
ചൈനയുടെ 1982ലെ ഭരണഘടന മതസ്വാതന്ത്ര്യം അംഗീകരിച്ചതാണ്. എന്നാല്‍ മതപീഡനം നിലനില്‍ക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ചൈന മുന്‍പന്തിയിലുണ്ട്. മതവിശ്വാസത്തിനും മനുഷ്യാവകാശത്തിനും വേണ്ടി ശബ്ദമുയര്‍ത്തുന്നവരെ തുറുങ്കിലടക്കുന്ന സമഗ്രാധിപത്യശൈലി മാവോ സേതൂങ്ങിനുശേഷം രാജ്യത്തെ ഏറ്റവും കരുത്തനും അജയ്യനുമായ ഭരണാധികാരിയായി വാഴ്ത്തപ്പെടുന്ന ഷി ജിന്‍പിങ് കൂടുതല്‍ കര്‍ക്കശമായി പിന്തുടരുന്നുവെന്നാണ് സമീപകാല ചരിത്രം തെളിയിക്കുന്നത്. മതകാര്യങ്ങള്‍ക്കായുള്ള സര്‍ക്കാര്‍ വകുപ്പ് നിയന്ത്രിച്ചിരുന്ന കാര്യങ്ങള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കീഴിലുള്ള ഐക്യമുന്നണി പ്രവര്‍ത്തന കാര്യാലയത്തിനു കൈമാറി കഴിഞ്ഞ ഏപ്രിലില്‍ കൊണ്ടുവന്ന മതപ്രവര്‍ത്തന നിയന്ത്രണ നിയമങ്ങള്‍ സാര്‍വത്രികമായി നടപ്പാക്കുകയാണ്. പ്രായപൂര്‍ത്തിയാകാത്തവരെ ആരാധനലായങ്ങളില്‍ പ്രവേശിപ്പിക്കരുതെന്നും, ആരാധനയും മതബോധന പരിപാടികളും സര്‍ക്കാര്‍ രജിസ്ട്രേഷനുള്ള കേന്ദ്രങ്ങളില്‍ മാത്രമേ പാടുള്ളുവെന്നും, ഇന്റര്‍നെറ്റ് വഴി ബൈബിള്‍ ഉള്‍പ്പെടെയുള്ള വിശുദ്ധഗ്രന്ഥങ്ങളോ പ്രാര്‍ഥനകളോ ആധ്യാത്മികപരിപോഷണ സന്ദേശങ്ങളോ പ്രചരിപ്പിക്കരുതെന്നും നിര്‍ദേശമുണ്ട്. ‘നിയമവിരുദ്ധമായി’ പ്രവര്‍ത്തിക്കുന്നതായി പാര്‍ട്ടി പ്രാദേശിക ഘടകത്തിന് തോന്നുന്ന പള്ളികളും സ്ഥാപനങ്ങളും തകര്‍ക്കാനും കുരിശുകള്‍ പൊളിച്ചുമാറ്റാനും വ്യാപകമായ നടപടികള്‍ ആരംഭിച്ചിരുന്നു. പല ഭവനസഭകളും പള്ളികളും നിരീക്ഷണ ക്യാമറകളുടെ കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. ക്രിസ്മസ്, ഈസ്റ്റര്‍ കാലമാകുമ്പോള്‍ ഒളിസഭാ കേന്ദ്രങ്ങളില്‍ നിന്ന് സുരക്ഷാസേന മെത്രാന്മാരെയും വൈദികരെയും പിടിച്ചുകൊണ്ടുപോകുന്നു.
തിബറ്റിലെ ദലൈ ലാമയുടെ അനുയായികളെയും വടക്കുപടിഞ്ഞാറന്‍ സിന്‍ജിയാങ് പ്രവിശ്യയിലെ ഉയ്ഗൂര്‍ മുസ്ലിംകളെയും ഫലും ഗോങ് അടക്കമുള്ള രാജ്യത്തെ ന്യൂനപക്ഷ ആത്മീയ ഉപാസക വിഭാഗങ്ങളെയും മതവിശ്വാസത്തിന്റെ പേരില്‍ പീഡിപ്പിക്കുകയും ‘പുനര്‍വിദ്യാഭ്യാസത്തിനായി’ തടങ്കല്‍പാളയത്തില്‍ അടയ്ക്കുകയും സ്റ്റേഡിയങ്ങളില്‍ വിചാരണ നടത്തി കൂട്ടത്തോടെ വധശിക്ഷയ്ക്കു വിധിക്കുകയും ചെയ്യുന്നു എന്നതിന് ധാരാളം തെളിവുകളുണ്ട്. വത്തിക്കാനുമായുള്ള ബന്ധം മതസ്വാതന്ത്ര്യവും മനുഷ്യാവകാശങ്ങളും സംരക്ഷിക്കുന്നതിന് ചൈനയ്ക്ക് എത്രമാത്രം പ്രേരണ നല്‍കും എന്നത് കണ്ടറിയേണ്ടതുണ്ട്.
ഒളിസങ്കേതങ്ങളില്‍ ആധ്യാത്മികശുശ്രൂഷ നേടിവരുന്ന വിഭാഗക്കാരെ സര്‍ക്കാര്‍ അംഗീകരിച്ചാലും ചൈനീസ് കത്തോലിക്കാ സഭയില്‍ വത്തിക്കാന്‍ സ്വപ്നം കാണുന്ന ഐക്യം സാധ്യമാകുമെന്ന കാര്യത്തില്‍ പലര്‍ക്കും സംശയമുണ്ട്. ചെന്നായ്ക്കളുടെ വായിലേക്കാണ് അവര്‍ അജഗണത്തെ വലിച്ചെറിഞ്ഞുകൊടുക്കുന്നത് എന്നാണ് ഹോങ്കോംഗിലെ മുന്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ ജോസഫ് സെന്‍ എന്ന എണ്‍പത്താറുകാരന്‍ പറഞ്ഞത്. ചൈനയുമായി വത്തിക്കാന്‍ ഉണ്ടാക്കുന്ന രഹസ്യ കരാര്‍ ‘അവിശ്വസനീയമായ ചതി’ ആണെന്നാണ് അദ്ദേഹം കുറ്റപ്പെടുത്തിയത്. ചൈനയിലെ സഭ മാത്രമല്ല, സാര്‍വത്രിക സഭ മുഴുവനായും ഇതിന്റെ ദുരന്ത പ്രത്യാഘാതം അനുഭവിക്കേണ്ടിവരുമെന്നും അദ്ദേഹം പറയുന്നു.
താത്കാലിക ഉടമ്പടിയെക്കുറിച്ച് ചൈന ഗവണ്മെന്റ് പ്രസ്താവനയില്‍ പറഞ്ഞത് വത്തിക്കാനുമായുള്ള ആശയവിനിമയവും ഉഭയകക്ഷി ബന്ധങ്ങള്‍ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളും തുടരുമെന്നു മാത്രമാണ്. പ്രസിഡന്റ് ഷി ജിന്‍പിങ്ങിന്റെ പ്രതികരണം അറിവായിട്ടില്ല. താത്കാലിക കരാര്‍ പ്രാബല്യത്തില്‍ വരുമ്പോള്‍ എന്തെങ്കിലും പോരായ്മകള്‍ ഉണ്ടെങ്കില്‍ അവ വിലയിരുത്തി മുന്നോട്ടുനീങ്ങാം എന്നാണ് വത്തിക്കാന്റെ നിലപാട്. വത്തിക്കാന്‍ വക്താവ് ഗ്രെഗ് ബര്‍ക് സൂചിപ്പിക്കുന്നതുപോലെ, ഇത് അന്തിമമല്ല, തുടക്കം മാത്രമാണ്. അതുതന്നെയാണ് പ്രത്യാശയും.
Related
Related Articles
കോവിഡ്കാലത്ത് നിര്‍ദ്ധനര്‍ക്ക് സൗജന്യമായി ഭക്ഷണം വിളമ്പി വ്ളാത്താങ്കരയിലെ അമ്മ ഊണ് ; ദിനം പ്രതി എത്തുന്നത് 100 ലധികം പേര്
അനില്‍ ജോസഫ് നെയ്യാറ്റിന്‍കര ; കോവിഡ്കാലത്ത് സൗജന്യമായി നിര്‍ദ്ധനര്‍ക്ക് ഭക്ഷണം വിളമ്പി വ്ളാത്താങ്കരയിലെ അമ്മ ഊണ് ശ്രദ്ധ നേടുന്നു. പ്രസിദ്ധ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ വ്ളാത്താങ്കര
വനിതാ മതില് വിഭാഗീയ മതിലാക്കാനുള്ള നീക്കം ഒഴിവാക്കണമെന്ന് സിഎസ്എസ്
കൊച്ചി: വനിതാ മതില് വിഭാഗിയ മതില് ആക്കാനുള്ള നീക്കം ഒഴിവാക്കണമെന്ന് ക്രിസ്ത്യന്‍ സര്‍വീസ് സൊസൈറ്റി. കേരള നവോത്ഥാനത്തില്‍ ക്രിസ്ത്യന്‍ മുസ്ലിം സംഘടനകള്‍ക്ക് പങ്കില്ലെന്ന എസ്എന്‍ഡിപി യോഗം ജനറല്‍
ഷൈനച്ചൻ തിരക്കിലാണ് ഈ ലോക് ഡൗൺ കാലത്തും
കൊച്ചി : ” ഷൈനച്ചോ സുഖമാണോ ? എന്തൊക്കെയാണ് വിശേഷങ്ങൾ ? ഷൈനച്ചന്റെ കൂട്ടുകാരനായ വൈദീകൻ ഫോൺ വഴി വിശേഷങ്ങൾ അന്വഷിച്ചപ്പോൾ , ഷൈനച്ചൻ മരുന്നുമായി