വത്തിക്കാന്‍ ചത്വരത്തില്‍ പുണ്യകീര്‍ത്തനങ്ങളുടെ നിറവില്‍

വത്തിക്കാന്‍ ചത്വരത്തില്‍ പുണ്യകീര്‍ത്തനങ്ങളുടെ നിറവില്‍

വാഴ്ത്തപ്പെട്ട ദേവസഹായത്തെ വിശുദ്ധപദത്തിലേക്ക് ഉയര്‍ത്തുന്ന തിരുകര്‍മങ്ങളില്‍ പങ്കെടുക്കുന്നവര്‍ ഞായറാഴ്ച രാവിലെ എട്ടുമണിയോടെ തന്നെ വത്തിക്കാന്‍ ചത്വരത്തില്‍ പ്രവേശിക്കണം എന്നാണ് ടിക്കറ്റില്‍ നിര്‍ദേശിച്ചിരുന്നത്. പത്തുമണിക്കാണ് കര്‍മങ്ങള്‍ ആരംഭിക്കുന്നതെങ്കിലും പങ്കെടുക്കുന്നവര്‍ രണ്ടു മണിക്കൂര്‍ മുമ്പെങ്കിലും സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ എത്തേണ്ടിയിരുന്നു.

കൊച്ചി രൂപതയിലെ വൈദികരെ പ്രതിനിധാനം ചെയ്ത് റവ. ഡോ. ഫ്രാന്‍സിസ് കുരിശിങ്കല്‍, ഫാ. ഇമ്മാനുവല്‍ പൊ
ള്ളയില്‍, ഫാ. ആന്റണി ഫ്രാന്‍സിസ് ഉറുളോത്ത്, ഫാ. പ്രിന്‍സ് പുത്തന്‍ചക്കാലക്കല്‍ എന്നിവര്‍ തിരുകര്‍മങ്ങളില്‍ പങ്കുചേര്‍ന്നു.വളരെ നേരത്തേ തന്നെ വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയവര്‍ വത്തിക്കാന്‍ ചത്വരത്തില്‍ പ്രവേശിച്ചു കാത്തിരുന്നു. വലിയ ഒരു സംഭവത്തിന് സാക്ഷ്യം വഹിക്കാന്‍ പോകുന്ന ആകാംക്ഷയോടെയാണ് ജനങ്ങളെല്ലാം സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ വിശാലമായ അങ്കണത്തില്‍, പരിശുദ്ധ പാപ്പായുടെ അപ്പസ്‌തോലിക അരമനയ്ക്കും ബെര്‍ണീനി സ്തൂപനിരകള്‍ക്കും മധ്യേ ഇരുന്നത്. പല സ്ഥലങ്ങളില്‍ നിന്നും വന്ന പരിചയക്കാരെയും സുഹൃത്തുക്കളെയും ഒക്കെ കണ്ട് വിവരങ്ങള്‍ അനേഷിക്കുകയും കുശലം പറയുകയും ചെയ്യുന്നവരെയും കാണാമായിരുന്നു.

പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് പാപ്പാ പത്തുപേരെയാണ് വിശുദ്ധരായി നാമകരണം ചെയ്തത്. അതില്‍ ഏക അല്മായന്‍ ഇന്ത്യക്കാരനായ വിശുദ്ധ ദേവസഹായം മാത്രം. ‘കര്‍ത്താവിന് ഒരു പുതിയ കീര്‍ത്തനം ആലപിക്കുവിന്‍’ എന്ന പ്രാരംഭ ഗാനം ആലപിക്കവേ, പരിശുദ്ധ പിതാവും സഹകാര്‍മികരും പ്രദക്ഷിണമായി ബസിലിക്കയുടെ പടവുകള്‍ക്കു മുമ്പില്‍ തുറന്ന വേദിയിലെ അള്‍ത്താരയിലേക്ക് എത്തി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ പാപ്പാ സാഘോഷ ദിവ്യബലി ആരംഭിച്ചു. ഗായകസംഘം ‘വേനി ക്രെയാത്തോര്‍ സ്പിരിത്തൂസ്’ എന്ന പരിശുദ്ധാത്മാവിനോടുള്ള ലത്തീന്‍ പ്രാര്‍ഥനാഗീതം ആലപിച്ചു. വിശുദ്ധരെ നാമകരണം ചെയ്യുന്ന കര്‍മങ്ങള്‍ ഇവിടെ നിന്നാണ് ആരംഭിച്ചത്.

വിശുദ്ധരുടെ നാമകരണത്തിനായുള്ള വത്തിക്കാന്‍ കാര്യാലയത്തിന്റെ അധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ച്ചെല്ലോ സെമെരാരോ പത്തു വാഴ്ത്തപ്പെട്ടവരുടെയും നാമകരണനടപടികള്‍ക്കു നേതൃത്വം വഹിച്ചിരുന്ന പോസ്റ്റുലേറ്റര്‍മാരുമായി അള്‍ത്താരയുടെ മുമ്പില്‍ വന്ന് വണങ്ങി. തുടര്‍ന്ന് ഓരോ വിശുദ്ധന്റെയും വിശുദ്ധയുടെയും പേര് എടുത്തുപറഞ്ഞ് വിശുദ്ധരുടെ ഗണത്തില്‍ അവരെ ഓരോരുത്തരെയും ചേര്‍ക്കണമെന്ന് പരിശുദ്ധ ഫ്രാന്‍സിസ് പാപ്പയോട് കര്‍ദിനാള്‍ സെമെരാരോ അപേക്ഷിക്കുകയും അവരുടെ ജീവചരിത്രം ഹ്രസ്വമായി വിവരിക്കുകയും ചെയ്തു.

മുഖ്യകാര്‍മികന്‍ ചെറിയ പ്രാര്‍ഥന നയിച്ചു. ഗായകസംഘം വിശുദ്ധരുടെ ലുത്തിനിയ ആലപിച്ചു. തുടര്‍ന്നാണ് വിശുദ്ധപദ പ്രഖ്യാപനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം. കര്‍ത്താവായ യേശുക്രിസ്തുവിന്റെ അധികാരത്താലും വിശുദ്ധ പത്രോസ് അപ്പോസ്തലന്റെയും വിശുദ്ധ പൗലോസ് അപ്പോസ്തോലന്റെയും അധികാരത്താലും പരിശുദ്ധ പിതാവ്, വാഴ്ത്തപ്പെട്ട ദേവ സഹായത്തെയും മറ്റ് ഒന്‍പത് വാഴ്ത്തപ്പെട്ടവരെയും സാര്‍വത്രിക റോമന്‍ കത്തോലിക്കാ സഭയുടെ വിശുദ്ധരുടെ ഗണത്തില്‍ ചേര്‍ത്തതായി പ്രഖ്യാപിച്ചു. സഭ മുഴുവനും ഈ വിശുദ്ധരെ പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ വണങ്ങണം എന്ന് ആഹ്വാനം ചെയ്യുകയും ചെയ്തു.

അള്‍ത്താരയുടെ വലതുവശത്ത് പ്രതിഷ്ഠിച്ചിരുന്ന വിശുദ്ധരുടെ തിരുശേഷിപ്പുകള്‍ക്കു മുമ്പില്‍ ഓരോ വിശുദ്ധരുമായി ബന്ധപ്പെട്ട ആളുകളുടെ പ്രതിനിധികള്‍ വന്ന് കുന്തുരുക്കം അര്‍പ്പിച്ചു. ഗായകസംഘം കര്‍ത്താവിനെ സ്തുതിച്ചുകൊണ്ട്
ഗാനമാലപിച്ചു. അവരോട് ചേര്‍ന്നുകൊണ്ട് ജനങ്ങളെല്ലാം ‘അല്ലേലൂയ്യ’ ഏറ്റുപാടി. തുടര്‍ന്ന് കര്‍ദിനാള്‍ മാര്‍ച്ചെല്ലോ സെമെരാരൊയും നാമകരണനടപടികള്‍ക്കു നേതൃത്വം വഹിച്ചിരുന്നവരും ഇവരെയെല്ലാം വിശുദ്ധരായി ഉയര്‍ത്തിയതിന് പരിശുദ്ധ പിതാവിന് നന്ദി അര്‍പ്പിച്ചു. ഇതോടെ നാമകരണ തിരുകര്‍മങ്ങള്‍ പൂര്‍ത്തിയായി.

‘അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം’ പാടിക്കൊണ്ട് കുര്‍ബാന തുടര്‍ന്നു. ഒന്നാം വായന ഇംഗ്ലീഷിലും പ്രതിവചന സങ്കീര്‍ത്തനം ഇറ്റാലിയനിലും രണ്ടാം വായന ഫ്രഞ്ചിലും ആയിരുന്നു. സുവിശേഷം മാത്രം രണ്ടു ഭാഷകളില്‍ – ലത്തീനിലും ഗ്രീക്കിലും – വായിക്കുകയുണ്ടായി.”പരസ്പരം സ്നേഹിക്കുക” എന്ന കര്‍ത്താവിന്റെ കല്പനയെ ആധാരമാക്കി പരിശുദ്ധ പിതാവ് പ്രസംഗിച്ചു. വിശ്വാസികളുടെ പ്രാര്‍ഥനാമാലയില്‍ ഒന്നാമത്തേത് ഫ്രഞ്ചിലും രണ്ടാമത്തേത് തമിഴിലും മൂന്നാമത്തേത് സ്പാനിഷിലും നാലാമത്തേത് ഡച്ചിലും അഞ്ചാമത്തേത് ഇറ്റാലിയനിലും ആയിരുന്നു. നവവിശുദ്ധരുമായി ബന്ധപ്പെട്ട ജനങ്ങളെ പ്രതിനിധാനം ചെയ്ത് ഓരോ മേഖലയില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട വ്യക്തികളാണ് കാഴ്ചവയ്പ്പില്‍ പങ്കെടുത്തത്.ദിവ്യബലിയുടെ സമാപനത്തില്‍ ഫ്രാന്‍സിസ് പാപ്പാ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ തിങ്ങിനിറഞ്ഞിരുന്ന ജനങ്ങളെ ആശീര്‍വദിക്കാന്‍ ഇറങ്ങി. ആദ്യം കര്‍ദിനാള്‍മാരെയും മെത്രാന്മാരെയും വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഔദ്യോഗിക പ്രതിനിധികളെയും നയതന്ത്രപ്രതിനിധികളെയും വ്യക്തിപരമായി കണ്ടു. അതിനു ശേഷം പേപ്പല്‍ വാഹനത്തിലാണ് പാപ്പാ ജനങ്ങളുടെ ഇടയിലേക്കു നീങ്ങിയത്. പോപ്പോമൊബീലില്‍ നിന്ന് പുറത്തിറങ്ങാതെ തന്നെ ജനങ്ങളെ ആശീര്‍വദിച്ചുകൊണ്ട് പാപ്പാ കടന്നുപോയി. കുഞ്ഞുങ്ങളെ കാണുമ്പോള്‍ വാഹനം നിര്‍ത്തുകയും അവരെ പാപ്പായുടെ അടുത്തേക്ക് കൊണ്ടുവരികയും അനുഗ്രഹിക്കുകയും ചെയ്യുന്നുണ്ടായിരുന്നു.

നാമകരണ തിരുകര്‍മത്തില്‍ പങ്കെടുക്കാനായി ഇന്ത്യയില്‍ നിന്നും യൂറോപ്പില്‍ നിന്നുമൊക്കെയായി ഒട്ടേറെ ഇന്ത്യന്‍ പൗരന്മാര്‍ വത്തിക്കാനില്‍ എത്തിച്ചേര്‍ന്നിരുന്നു. തമിഴ് നാട്ടില്‍ നിന്ന് ഉള്‍പ്പെടെ ഇന്ത്യന്‍ വൈദികരുടെയും സന്ന്യസ്ത
രുടെയും സാന്നിധ്യം ശ്രദ്ധേയമായിരുന്നു. വിവിധ ഭാഷകളില്‍ ദൈവസ്തുതിയും മാതൃകീര്‍ത്തനങ്ങളും ആലപിക്കു
ന്ന ഗ്രൂപ്പുകള്‍ പാപ്പായെ വരവേല്ക്കുന്നതു കാണാമായിരുന്നു. ഇടയ്ക്കിടെ പാപ്പായുടെ പേരുചൊല്ലിയുള്ള ജയ് വിളി
കളും ഉയര്‍ന്നു. വെയിലിന്റെ ചൂടും തളര്‍ച്ചയും എല്ലാം മറന്ന് തങ്ങളുടെ അടുക്കലേക്ക് പരിശുദ്ധ പാപ്പാ വരുവാന്‍ വേണ്ടി അതിരറ്റ ആഹ്ലാദത്തോടെയും പ്രതീക്ഷയോടെയും ആകാംക്ഷയോടെയും കാത്തിരിക്കുന്നവരായിരുന്നു എല്ലാവരും.

വത്തിക്കാനില്‍ മാത്രമല്ല, റോമാ നഗരത്തിലുള്ള ബസുകളിലും മെട്രോയിലും ട്രാമിലുമൊക്കെ വിശുദ്ധനാമകരണ ചടങ്ങില്‍ പങ്കെടുക്കുവാന്‍ എത്തിയവരുടെ തിരക്കായിരുന്നു. അങ്ങനെ വലിയൊരു ചരിത്രസംഭവത്തില്‍ ചെറിയ ഭാഗമാകാന്‍ കഴിഞ്ഞ സന്തോഷത്തില്‍ ഞങ്ങളും ഈ പുണ്യദിനത്തിന്റെ കൃപാപൂരിതമായ അനുഗ്രഹങ്ങളും ഓര്‍മകളുമായി താമസസ്ഥലങ്ങളിലേക്കു യാത്രതിരിച്ചു.

 

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക


Related Articles

നമ്പി ആരെന്നു ചോദിച്ചു നമ്പിയാരെന്നു ചൊല്ലിനേന്‍

മുന്നൂറു കൊല്ലം മുമ്പ് രസികന്‍ ശ്ലോകമെഴുതിയ കുഞ്ചന്‍നമ്പ്യാരെക്കുറിച്ചല്ല പറയുന്നത്. കോടതി വഴി ഉന്നത പൊലീസുകാരെ ക്ഷയും മയും പറയിപ്പിച്ച നമ്പി നാരായണനെക്കുറിച്ചാണ്, കരുണാകരനെക്കുറിച്ചും മക്കളെക്കുറിച്ചുമാണ്…തമ്പുരാക്കന്മാരെ പൊറുക്കേണം. എല്ലാം

“കിഴക്കഅമ്പലത്ത് ആര് വോട്ട് ചെയ്യണമെന്ന് ഞങ്ങൾ തീരുമാനിക്കും” വോട്ട് ചെയ്യാനെത്തിയ യുവാവിനെയും ഭാര്യെയെയും ആക്രമിച്ചവരെ അറസ്റ്റ് ചെയ്തു

കൊച്ചി: കിഴക്കഅമ്പലം കുമ്മനോട് വോട്ട് ചെയ്യാനെത്തിയ യുവാവിനെ ആക്രമിച്ച കേസില്‍ 9 പേരെ കുന്നത്തുനാട് പൊലീസ് അറസ്റ്റ് ചെയ്തു.   കുമ്മനോട് സ്വദേശികളായ തൈക്കൂട്ടത്തില്‍ അബ്ദുള്‍ അസീസ്

നാടാര്‍ സംവരണം സംബന്ധിച്ച ഉത്തരവിലെ അവ്യക്തതനീക്കണമെന്ന് കേരള ലാറ്റിന്‍ കത്തോലിക്ക് അസ്സോസ്സിയേഷന്‍.

കൊച്ചി- എസ്.ഐ.യു.സി, ലത്തീന്‍ കത്തോലിക്കര്‍ എന്നിവര്‍ ഒഴികെയുള്ള നാടാര്‍ ക്രൈസ്തവര്‍ക്ക് സംവരണം നല്കുമെന്നാണ് സര്‍ക്കാര്‍ വ്യക്താമാക്കിയിരുന്നത്.  എന്നാല്‍ ഇതു സംബ്നധിച്ച  ഉത്തരവിറങ്ങിയപ്പോള്‍ ഹിന്ദു, എസ്ഐ യു സി

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*