വത്തിക്കാന്‍ അത്ലറ്റിക് ടീം

വത്തിക്കാന്‍ സിറ്റി: ഡൊമിനിക്കന്‍ സന്യാസിനി സിസ്റ്റര്‍ മാരി തെയോ, ആഫ്രിക്കയില്‍ നിന്നുള്ള രണ്ടു യുവ അഭയാര്‍ഥികള്‍, സ്വിസ് ഗാര്‍ഡ്, വത്തിക്കാന്‍ അഗ്നിശമനസേനാംഗങ്ങള്‍, ജെന്‍ഡാര്‍മറി സുരക്ഷാഭടന്മാര്, മ്യൂസിയം ജീവനക്കാര്‍, സര്‍വീസ് ടെക്നീഷ്യന്മാര്, ഫാര്‍മസിസ്റ്റ്, അപ്പസ്തോലിക ലൈബ്രറിയിലെ അറുപത്തിരണ്ടുകാരനായ പ്രഫസര്‍, റോമന്‍ ക്യൂരിയ അംഗങ്ങള്‍ എന്നിവര്‍ ഉള്‍പ്പെടുന്ന 60 അംഗ അത്ലറ്റിക് ടീമിന് വത്തിക്കാന്‍ രൂപം നല്കി. ഇറ്റാലിയന്‍ നാഷണല്‍ ഒളിമ്പിക് കമ്മിറ്റിയുമായി അത്ലെത്തിക്ക വത്തിക്കാനാ എന്ന വത്തിക്കാന്റെ പ്രഥമ സ്പോര്‍ട്സ് സംഘടന ഉടമ്പടി ഒപ്പുവച്ചു.
വത്തിക്കാനില്‍ സേവനമനുഷ്ഠിക്കുന്ന സന്യസ്തരും വൈദികരും മറ്റു ജീവനക്കാരും അവരുടെ കുടുംബാംഗങ്ങളും അടങ്ങുന്ന ടീമില്‍ കാസ്തേല്നൂവോവോ ദി പോര്‍ത്തോ ഓക്സിലിയമില് അതിഥികളായി കഴിയുന്ന രണ്ട് ആഫ്രിക്കന്‍ കുടിയേറ്റക്കാരെ ഉള്‍പ്പെടുത്തിയത് സ്പോര്‍ട്സിലൂടെ ഏവരെയും ആശ്ലേഷിക്കാന്‍ കഴിയും എന്ന ഓര്‍മപ്പെടുത്തല്‍ കൂടിയാണ്. തത്കാലം മാരത്തണുകളിലും ഓട്ടമത്സരങ്ങളിലുമാകും ടീം പങ്കെടുക്കുക. 19 മുതല്‍ 62 വയസുവരെ പ്രായമുള്ളവര്‍ ടീമിലുണ്ട്. ഇനി റോമിലെ ‘വിയ പാച്ചിസ്’ ഹാഫ് മാരത്തണ്‍ ഓട്ടത്തിലും പാപ്പായുടെ ആതുരശുശ്രൂഷാദൗത്യങ്ങള്ക്കുള്ള ധനശേഖരണവുമായി ബന്ധപ്പെട്ട രാജ്യാന്തര മത്സരങ്ങളിലും വത്തിക്കാനെ പുതിയ ടീം പ്രതിനിധാനം ചെയ്യും.
‘ദീര്ഘദൂരഓട്ടക്കാരന്റെ പ്രാര്‍ഥന’ എന്ന പേരില്‍ അത്ലെത്തിക്കാ വത്തിക്കാനാ ടീമംഗങ്ങള്‍ ചിട്ടപ്പെടുത്തിയ പ്രാര്‍ഥന അറബി, സ്വാഹിലി എന്നിവ ഉള്‍പ്പെടെ 37 ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്ത് അവതരിപ്പിച്ചിട്ടുണ്ട്. റോമില്‍ മതപീഡനകാലത്ത് ആദിമക്രൈസ്തവര്‍ ഒളിവില്‍ കഴിഞ്ഞിരുന്ന നാലാം നൂറ്റാണ്ടിലെ ഭൂഗര്‍ഭ അറകളിലെ ഭിത്തികളിലൊന്നില് ചിത്രീകരിച്ചിരുന്ന അത്ലറ്റിന്റെ ചിത്രീകരണം സഹിതമുള്ള ഈ പ്രാര്‍ഥന കാര്‍ഡ് കായികമത്സരവേദികളില് വിതരണം ചെയ്യും. മത്സരങ്ങള്‍ക്കു മുന്‍പ് ദിവ്യബലി അര്‍പ്പണത്തിനും വത്തിക്കാന്‍ സംഘടന മുന്‍കൈയെടുക്കും.
മനുഷ്യാസ്തിത്വത്തിന്റെ അടിസ്ഥാന ഘടകങ്ങളിലൊന്നാണ് സ്പോര്ട്സെന്നും സാംസ്കാരിക ചരിത്രം എന്നും കായികരംഗവുമായും ബന്ധപ്പെട്ടതാണെന്നും സാംസ്കാരിക കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍ അധ്യക്ഷന്‍ കര്‍ദിനാള്‍ ജാന്‍ഫ്രാങ്കോ റവാസി വത്തിക്കാന്‍ ടീമിനെ അവതരിപ്പിച്ചുകൊണ്ടുള്ള വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വത്തിക്കാന്‍ അത്ലറ്റിക് താരങ്ങള്‍ ഒളിമ്പിക്സില്‍ പങ്കെടുക്കുന്ന ഒരു കാലം തങ്ങള്‍ സ്വപ്നം കാണുന്നുണ്ടെന്ന് കൗണ്‍സിലിന്റെ അണ്ടര്‍ സെക്രട്ടറി മോണ്‍. മെല്കോര് സാഞ്ചെസ് ദെ ടോക്കാ അലമേഡാ പറഞ്ഞു. ഒളിമ്പിക്സ് ഉദ്ഘാടനത്തില്‍ പരിശുദ്ധ സിഹാസനത്തിന്റെ പതാകവാഹകര്‍ അണിനിരക്കുന്ന കാലം അതിവിദൂരമല്ല.
ഇറ്റാലിയന്‍ ട്രാക്ക് അസോസിയേഷന് അംഗമെന്ന നിലയില്‍ വത്തിക്കാന്‍ ടീമിന് മെഡിറ്ററേനിയന്‍ ഗെയിംസിലും യൂറോപ്പില്‍ പത്തുലക്ഷത്തില്‍ താഴെ ജനസംഖ്യയുള്ള പരമാധികാര രാഷ്ട്രങ്ങളുടെ ഗെയിംസിലും പങ്കെടുക്കാനാകും. ഇറ്റാലിയന്‍ പാരാലിംപിക് കമ്മിറ്റിയിലും അത്ലറ്റിക് ഫെഡറേഷനുകളുടെ രാജ്യാന്തര അസോസിയേഷനിലും അംഗത്വത്തിന് വത്തിക്കാന്‍ ശ്രമിക്കും.
പരിശുദ്ധ സിംഹാസനത്തിന്റെ അടയാളമായ താക്കോലുകളുടെ മുദ്ര പതിച്ച മഞ്ഞ നിറത്തിലുള്ള വെസ്റ്റുകളും നീല ട്രാക്സ്യൂട്ടുമാണ് വത്തിക്കാന്‍ താങ്ങള് അണിയുക. കായിക രംഗത്ത് താല്പര്യമുള്ള സ്ത്രീപുരുഷന്മാരുടെ ഇടയിലേക്ക് ഇറങ്ങിച്ചെന്ന് ക്രൈസ്തവസാക്ഷ്യം നിറവേറ്റുകയാണ് വത്തിക്കാന്‍ കായികതാരങ്ങളുടെ ദൗത്യമെന്ന് ഔദ്യോഗിക പത്രക്കുറിപ്പില്‍ വ്യക്തമാക്കി.
Related
Related Articles
ദേശാഭിമാനി ന്യൂസ്എഡിറ്ററെ മര്‍ദിച്ച സിഐയെ സ്ഥലമാറ്റി
തിരുവനന്തപുരം: ദേശാഭിമാനി സീനിയര്‍ ന്യൂസ്എഡിറ്ററെ മര്‍ദിച്ചെന്ന പരാതിയില്‍ ആരോപണവിധേയനായ സിഐയെ സ്ഥലംമാറ്റി. കണ്ണൂര്‍ ചക്കരക്കല്‍ പൊലീസ് സ്റ്റേഷനിലെ സിഐ എ.വി.ദിനേശനെയാണ് വിജിലന്‍സിലേക്ക് സ്ഥലംമാറ്റിയത്. കെ.വി.പ്രമോദനാണ് പുതിയ ചക്കരക്കല്‍
ഇറാന് സംഘര്‍ഷം സംയമനത്തിന് പാപ്പായുടെ ആഹ്വാനം
വത്തിക്കാന്‍ സിറ്റി: ഇറാന് റവല്യൂഷണറി ഗാര്‍ഡിന്റെ അല്‍ഖുദ്സ് സേനാവിഭാഗത്തിന്റെ തലവനും രാജ്യത്തെ സമുന്നത നേതാവുമായ ജനറല്‍ ഖാസിം സുലൈമാനിയെ അമേരിക്ക ബാഗ്ദാദ് വിമാനത്താവളത്തിലെ ഡ്രോണ്‍ ആക്രമണത്തിലൂടെ വധിച്ചതിനെതുടര്‍ന്ന്
വിശുദ്ധ ചാവറയച്ചന് സത്യത്തിന്റെ പുന:പ്രതിഷ്ഠ
ആരുടെയെങ്കിലും ജീവിതത്തിലെയോ ഏതെങ്കിലും കാലഘട്ടത്തിലെയോ കാര്യങ്ങളും വിശേഷങ്ങളും വര്‍ണ്ണിക്കുന്നതാണ് ചരിത്രം. ചരിത്രം എന്ന പദത്തിനു സാമാന്യമായി നല്കുന്ന അര്‍ത്ഥം ഇതാണ്. ഇതിലെ വര്‍ണ്ണിക്കുക എന്ന പദത്തിന്