Breaking News

വനിതാദിനത്തിലെ ചിന്തനീയ വിഷയങ്ങള്‍

വനിതാദിനത്തിലെ ചിന്തനീയ വിഷയങ്ങള്‍

ഐക്യരാഷ്ട്ര സഭ ഈ വനിതാ ദിനത്തില്‍ ലോകത്തിനു നല്കിയിരിക്കുന്ന ആപ്തവാക്യം I am Generation Equality: Realizing Women’s Rights അതായത് ‘തലമുറയുടെ അവകാശം സ്ത്രീ എന്ന രീതിയില്‍ എനിക്കും അര്‍ഹതപ്പെട്ടതാണ്’ എന്നു പറയുമ്പോള്‍ ഈ തലമുറയുടെ അവകാശം എനിക്ക് മാത്രം അവകാശപ്പെട്ടതാണ് എന്നല്ല പറയുന്നത്. എനിക്കും അര്‍ഹതപ്പെട്ടതാണ് എന്നാണ്. അതാണ് ശരിയായ വാക്യവും. എല്ലാവര്‍ഷവും യുഎന്‍ ഞങ്ങള്‍ വനിതകള്‍ക്ക് ആവേശവും പ്രചോദനവും നല്കുന്ന ഓരോ ആപ്തവാക്യങ്ങള്‍ നല്കാറുണ്ട്. അതിന്റെ ചുവടുപിടിച്ചാണ് മിക്കവാറും അതാതു വര്‍ഷങ്ങളില്‍ വനിതാദിന പരിപാടികള്‍ സംഘടിപ്പിക്കുക.
1995ല്‍ ബെയ്ജിംഗില്‍ ഇന്ത്യയുള്‍പ്പെടെ 189 രാജ്യങ്ങളിലെ പ്രതിനിധികള്‍ പങ്കെടുത്ത സമ്മേളനത്തിന്റെ 25-ാം വാര്‍ഷികം ആഘോഷിക്കുന്ന മഹത്തായ വര്‍ഷം കൂടിയാണ് 2020. 25 വര്‍ഷങ്ങള്‍ക്കുമുമ്പും സ്ത്രീ സമത്വത്തിനുവേണ്ടി വാദിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു. ഇന്നും അത് നിര്‍ബാധം തുടരുന്നു. എവിടെ, ഏതുതലത്തില്‍ നമ്മള്‍ ഉയര്‍ത്തിയ വാദങ്ങള്‍ക്കും മുദ്രാവാക്യങ്ങള്‍ക്കും ശരിയായ അര്‍ഥത്തില്‍ നീതി ലഭിച്ചു എന്നു ചിന്തിക്കേണ്ട സമയമാണ്.
ഈ ബെയ്ജിംഗ് സമ്മേളനത്തിന്റെ പരിഗണനയ്ക്കായി അന്ന് പരിശുദ്ധ സിംഹാസനത്തില്‍നിന്നും നല്കിയ ലേഖനത്തില്‍ ഇങ്ങനെ പറയുന്നു: ‘സ്ത്രീയുടെ ജീവിതം പുരുഷന്റേതിനെക്കാള്‍ അനിശ്ചിതത്വവും കൂടുതല്‍ ദുര്‍ബലവുമായി തുടരുന്നു.’ ബെയ്ജിംഗില്‍ നടന്ന ഈ നാലാമത് ലോക വനിതാ സമ്മേളനത്തിന്റെ മുന്നോടിയായി ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പാ ലോകത്തിലുള്ള എല്ലാ സ്ത്രീകളെയും അഭിസംബോധന ചെയ്തുകൊണ്ട് 1995 ജൂണ്‍ 29-ാം തീയതി എഴുതിയ കത്തില്‍ ഇങ്ങനെ പറയുന്നു.:”സ്ത്രീ-പുരുഷ സമത്വം മനുഷ്യവ്യക്തിയുടെ മഹത്വത്തില്‍ അധിഷ്ഠിതമായിരിക്കണം. ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലും രൂപപ്പെടുത്തിയിട്ടുള്ള ദൈവസൃഷ്ടികളായ ഇരുവരും ഒരേപദവിയുള്ള മനുഷ്യരാണ.് സ്ത്രീയും പുരുഷനും’മാതൃത്വം പിതൃത്വം എന്നീ പരസ്പര പൂരകങ്ങളായ ചുമതലകള്‍ ഒഴികെയുള്ള എല്ലാ കാര്യങ്ങളിലും തുല്യമായ അവകാശങ്ങളും ചുമതലകളുമാണ്.’ എത്ര അര്‍ഥവത്തായ സന്ദേശമാണ് പാപ്പാ ഇതിലൂടെ നമുക്ക് നല്‍കിയിരിക്കുന്നത്.
നമ്മള്‍ ഈ വനിതാദിനത്തില്‍ ചില ചിന്തകള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും പ്രാധാന്യം നല്‌കേണ്ടതാണെന്നാണ് എനിക്ക് തോന്നുന്നത്. സ്ത്രീകള്‍ ആര്‍ജ്ജിച്ചിട്ടുള്ള സമ്പന്നമായ അനുഭവങ്ങള്‍ അന്യോന്യം പങ്കുവയ്ക്കാനുള്ള വേദികള്‍ ഒരുക്കുക, അതുവഴി സ്ത്രീകളുടെ അന്തസിന് ശക്തിപകരുക, തുല്യത നിലനിര്‍ത്താനാവശ്യമായ പക്വമായ പ്രവര്‍ത്തനശൈലി രൂപപ്പെടുത്തുക, സ്ത്രീയെ ഒരു രണ്ടാംതരം പൗരയായി കണക്കാക്കുന്നതിനെതിരെ പ്രതികരിക്കുക, സ്ത്രീകളുടെ സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ അവസ്ഥകളെക്കുറിച്ച് പഠനം നടത്തി ആവശ്യമായ പരിവര്‍ത്തനങ്ങള്‍ക്ക് വിധേയരാകുക, വീടുകളിലും സമൂഹത്തിലും ജോലിസ്ഥലങ്ങളിലും പീഡിപ്പിക്കപ്പെടുന്ന സ്ത്രീകള്‍ക്ക് മാനസികവും നിയമപരവുമായ പിന്തുണ നല്‍കുക, സ്ത്രീകള്‍ക്ക് എതിരെയുള്ള എല്ലാ അക്രമവാസനകളെയും ചെറുക്കുക, ലിംഗഭേദം കൂടാതെ സ്ത്രീകള്‍ക്ക് സാമൂഹ്യനീതി ഉറപ്പാക്കുക, വാര്‍ത്താമാധ്യമങ്ങളില്‍ സ്ത്രീയുടെ അന്തസ് ഉയര്‍ത്തിക്കാട്ടുക, രാഷ്ട്രീയരംഗത്തും ഭരണരംഗത്തും സ്ത്രീകളുടെ നേതൃപാടവം അംഗീകരിക്കുക, പ്രശ്‌നപരിഹാരത്തിനും ഉചിതമായ തീരുമാനമെടുക്കുന്നതിനും സ്ത്രീകള്‍ക്ക് പ്രത്യേക പരിശീലനം നല്കുക, സ്ത്രീകള്‍ക്ക് തുല്യ അന്തസും തുല്യ ഉത്തരവാദിത്വബോധവും ഉണ്ടാക്കിയെടുക്കുക, ഭരണഘടനാപരമായി സ്ത്രീകള്‍ക്ക് ലഭിക്കേണ്ട അവകാശങ്ങളെപ്പറ്റി ബോധവല്ക്കരണം നടത്തുക എന്നീ ചിന്തകള്‍ക്കും ആശയങ്ങള്‍ക്കും പ്രാധാന്യംകൊടുത്ത് പ്രവര്‍ത്തനനിരതരാകേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
പ്രിയപ്പെട്ട കൂട്ടുകാരെ, നമുക്ക് പുത്തന്‍ ചിന്തകളും പുത്തന്‍ ആശയങ്ങളും പുത്തന്‍ പ്രവര്‍ത്തനശൈലിയുമായി ഈ 2020ലെ വനിതാദിനം, ലോകമെമ്പാടുമുള്ള വനിതാ പ്രവര്‍ത്തകര്‍ക്കൊപ്പം ആഘോഷിക്കാം. അങ്ങനെ ഈ വനിതാദിനം തുടങ്ങിവച്ച നമ്മുടെ പൂര്‍വികരോട് നമുക്ക് ചേര്‍ന്നുനിന്ന് അവരാഗ്രഹിച്ച സമത്വത്തിലേയ്ക്ക്, നീതി പൂര്‍വകമായ കാലഘട്ടത്തിലേയ്ക്ക് നമ്മുടെ തലമുറയെ നയിക്കാം. ഈ പുതിയ നൂറ്റാണ്ട് വനിതകളുടേതായി തീരട്ടെ. അങ്ങനെ മഹത്തായ ഇന്ത്യന്‍ ഭരണഘടനയുടെ രചനാവേളയില്‍ അതില്‍ പങ്കുകാരായ 15 വനിതകളുടെ അറിവും പാണ്ഡിത്യവും നമുക്ക് അനുഭവിക്കാന്‍ ഇന്നത്തെ തലമുറയെ പ്രാപ്തരാക്കാം. അതിലെ മലയാളികളായ അമ്മുസ്വാമിനാഥനെയും, ദാക്ഷായണി വേലായുധനെയും, ആനിമസ്‌ക്രീനെയും നമുക്ക് നെഞ്ചോടു ചേര്‍ക്കാം. അത് ഒരാവേശമായി നമ്മില്‍ പടര്‍ന്നു പന്തലിക്കട്ടെ.


Related Articles

അതിഥി തൊഴിലാളികള്‍ക്കായി സ്‌പെഷ്യല്‍ ട്രെയിന്‍

തിരുവനന്തപുരം: കേരളത്തിലെ അതിഥി തൊഴിലാളികള്‍ക്കായി സ്‌പെഷ്യല്‍ ട്രെയിന്‍. ആലുവയില്‍നിന്ന് ഭുവനേശ്വറിലേക്കാണ് സര്‍വീസ് ആരംഭിക്കുന്നത്. ട്രെയിന്‍ ഇന്ന് രാത്രിയോടെ പുറപ്പെടും. 1200 പേരെയാണ് ഈ ട്രെയിനില്‍ കൊണ്ടുപോകുന്നത്. പെരുമ്പാവൂര്‍,

മൗനം കുറ്റകരമാണ്

പ്രക്ഷുബ്ധമാണ് രാജ്യം. മതത്തിന്റെ പേരില്‍ ജനങ്ങളെ വിഭജിക്കുന്ന പൗരത്വനിയമ ഭേദഗതിക്കെതിരെ അലയടിക്കുന്ന യുവജന, ബഹുജന മുന്നേറ്റങ്ങളെ ഭരണകൂടത്തിന്റെ പ്രത്യക്ഷവും പരോക്ഷവുമായ ഭീഷണിയിലൂടെയും അമിതാധികാരപ്രയോഗത്തിലൂടെയും അടിച്ചമര്‍ത്താനുള്ള ശ്രമങ്ങള്‍ രാജ്യത്തെ

ഇന്ന് നാമഹേതുക തിരുനാൾ ആഘോഷിക്കുന്ന അഭിവന്ദ്യ വിൻസെന്റ് സാമുവൽ പിതാവിന് ജീവനാദം കുടുംബത്തിന്റെ പ്രാർത്ഥനാശംസകൾ…

ഇന്ന് നാമഹേതുക തിരുനാൾ ആഘോഷിക്കുന്ന നെയ്യാറ്റിൻകര മെത്രാൻ അഭിവന്ദ്യ വിൻസെന്റ് സാമുവൽ പിതാവിന് ജീവനാദം കുടുംബത്തിന്റെ പ്രാർത്ഥനാശംസകൾ… Related

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*