Breaking News

വയനാടും മണ്ണിടിച്ചിലും

വയനാടും മണ്ണിടിച്ചിലും

കേരളത്തിലെ, പ്രത്യേകിച്ച് വയനാട്ടിലെ, കാലാവസ്ഥാ വ്യതിയാനത്തെപ്പറ്റി ഇതിനകം ഒരുപാട് പഠനങ്ങള്‍ ഉണ്ടായിട്ടുണ്ട്. വയനാട്ടിലെ റൂറല്‍ ഏജന്‍സി ഫോര്‍ സോഷ്യല്‍ ആന്‍ഡ് ടെക്‌നോളജിക്കല്‍ ആക്ഷനും ബംഗളൂരുവിലെ പബ്ലിക്ക് അഫയേഴ്‌സ് സെന്ററും കൂടി നടത്തിയ പഠനം ഇതില്‍ ശ്രദ്ധേയമാണ്. ഇന്ത്യയിലെ മറ്റു ഗ്രാമങ്ങളെ പ്പോലെ തന്നെ വയനാടും ജീവിതോപാധികള്‍ക്കുവേണ്ടി അമിതമായി പ്രാദേശിക കാലാവസ്ഥകളെ ആശ്രയിക്കുന്നുണ്ടെന്നും അതുകൊണ്ടുതന്നെ കാലാവസ്ഥയിലുണ്ടാകുന്ന വളരെ ചെറിയ മാറ്റങ്ങള്‍ പോലും പ്രത്യക്ഷവും പരോക്ഷവുമായ സ്വാധീനങ്ങള്‍ വയനാടിന്റെ പാരിസ്ഥിതികാവസ്ഥകളിലും ഒപ്പം ജനജീവിതത്തിലും ചെലുത്തുന്നുണ്ടെന്നും ഈ പഠനം നിരീക്ഷിക്കുന്നുണ്ട്. രണ്ടു ദിവസത്തിനുള്ളില്‍ എട്ടു ജില്ലയിലായി എണ്‍പതോളം ഉരുള്‍പൊട്ടലുകളാണ് ഇത്തവണ ഉണ്ടായത്. മേപ്പാടി പുത്തുമല, നിലമ്പൂര്‍ പോത്ത്കല്ല്, കവളപ്പാറ, മുത്തപ്പന്‍മല, മലപ്പുറം കോട്ടക്കുന്ന് എന്നിവിടങ്ങളിലുണ്ടായ ഉരുള്‍പൊട്ടലുകള്‍ വന്‍ദുരന്തത്തിനു കാരണമായി. കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന പ്രകൃതിക്ഷോഭങ്ങള്‍ക്ക് ഉത്തമ ഉദാഹരണങ്ങളാണിവ.
കേരളത്തില്‍ സാധാരണ രീതിയില്‍ ലഭ്യമായിരുന്ന ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെ നീണ്ടുനില്‍ക്കുന്ന തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തെയും ഒക്ടോബര്‍ മുതല്‍ നവംബര്‍ വരെയുള്ള കിഴക്കന്‍ കാലവര്‍ഷത്തിനെയും അടിസ്ഥാനപ്പെടുത്തിയാണ് കുടിയേറ്റ കര്‍ഷകരുടെയും കര്‍ഷകത്തൊഴിലാളികളുടെയും ജീവിതാവസ്ഥകള്‍ ക്രമീകരിക്കപ്പെട്ടിരുന്നതും അവരുടെ സാമ്പത്തികവും സാമൂഹ്യവുമായ ആവശ്യങ്ങള്‍ നിറവേറ്റപ്പെട്ടിരുന്നതും. തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തിനും കിഴക്കന്‍ കാലവര്‍ഷത്തിനും സംഭവിച്ച വ്യതിയാനങ്ങള്‍ കാര്‍ഷിക ജീവിതത്തെ താറുമാറാക്കുക മാത്രമല്ല ജനങ്ങളുടെ സുരക്ഷിതത്വവും നഷ്ടപ്പെടുത്തി.
വയനാട്
താരതമ്യേന വരള്‍ച്ച അനുഭവപ്പെടുന്ന വടക്കേ വയനാടിനെ അപേക്ഷിച്ച് തെക്കേ വയനാട്ടില്‍ തണുപ്പ് അനുഭവപ്പെടുന്നത് മണ്ണില്‍ ഊന്നി ഉറച്ചുപോയ പാറക്കെട്ടുകളെ അടിസ്ഥാനപ്പെടുത്തിയുള്ള ഭൂമിശാസ്ത്രപരമായ പ്രത്യേകതകളാലാണ്. വയനാട് ജില്ലയുടെ വിവിധ മേഖലകളില്‍ വനനശീകരണവും ഉയര്‍ന്ന തോതിലുള്ള നിര്‍മാണങ്ങളും പാറമടകളും ഖനനവുമാണ് ദുരന്തങ്ങള്‍ക്കു കാരണമായത്. പാറകളെ തുരന്നും പൊട്ടിച്ചും പൊടിയാക്കിയും ഖനന വ്യവസായങ്ങള്‍ പ്രത്യക്ഷപ്പെടുന്നതിനു മുമ്പും, സര്‍വസന്നാഹങ്ങളുമുപയോഗിച്ച് ക്വാറി മാഫിയ പ്രദേശത്ത് ആധിപത്യം അരക്കിട്ടുറപ്പിക്കുന്നതു വരെയും കര്‍ഷകരുടെയും കര്‍ഷകത്തൊഴിലാളികളുടെയും പ്രധാന വരുമാന മാര്‍ഗങ്ങള്‍ നെല്‍കൃഷിയും കുരുമുളകുമായിരുന്നു. ഇതാകട്ടെ പ്രാദേശികമായി ലഭ്യമാകുന്ന മഴ, ജലലഭ്യത, മഞ്ഞ് തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനപ്പെടുത്തി മാത്രം നിലനില്‍ക്കുന്നവയായിരുന്നു. എന്നാല്‍ പ്രദേശത്തിന്റെ ഘടനാപരമായ പ്രത്യേകതകളെ പൂര്‍ണമായി നശിപ്പിച്ചില്ലാതെയാക്കും വിധമുള്ള ഖനനം മൂലം മഴയുടെ സ്വഭാവത്തില്‍ സംഭവിച്ച മാറ്റത്തില്‍ കുരുമുളകും നെല്‍കൃഷിയും ആശങ്കളുണര്‍ത്തുന്ന ചോദ്യചിഹ്നങ്ങളായി മാറി.
വളരെ കൃത്യമായ രീതിയില്‍ പെയ്യുമായിരുന്ന ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലവര്‍ഷവും തുടര്‍ന്നുള്ള കിഴക്കന്‍ കാലവര്‍ഷവും ഖനനത്തെ തുടര്‍ന്ന് നാമാവശേഷമായി. പകരം നേരവും കാലവുമില്ലാതെ കുറച്ചു സമയമോ ദിവസങ്ങളോ നീണ്ടുനില്‍ക്കുന്ന അതിശക്തമായ കനത്ത മഴയായി അത് മാറിയിരിക്കുന്നു എന്നതാണ് ഏതാനും വര്‍ഷങ്ങളായുള്ള അനുഭവം. കര്‍ഷകരുടെ മനക്കണക്കുകളില്‍ കുടുങ്ങിക്കിടന്നിരുന്ന മഴക്കാലങ്ങള്‍ അവരുടെ ഊഹങ്ങളില്‍ നിന്നും കൂട്ടിക്കിഴിക്കലുകളില്‍നിന്നും പിടികൊടുക്കാതെ തെന്നിമാറി. പിന്നീട് ഒട്ടും നിനച്ചിരിക്കാത്ത നേരത്ത് അസുരഭാവത്തില്‍ ആര്‍ത്തലച്ച് പെയ്യാന്‍ തുടങ്ങി. ഇതാകട്ടെ വയനാട്ടിലെ സാഹചര്യങ്ങള്‍ക്ക് ഒട്ടും ഭൂഷണമായിരുന്നില്ല. 

പ്രകൃതിദത്ത ജലരേഖകളെല്ലാം ഖനനത്തില്‍ ആദ്യമേ തേഞ്ഞുമാഞ്ഞ് പോയിരുന്നതിനാല്‍ ജനവാസ മേഖലകളിലേക്ക് ഒഴുകിയിറങ്ങാന്‍ പാതകളില്ലാതെ കനത്ത മഴയിലൂടെ ലഭ്യമായ വെള്ളം ഉപയോഗമില്ലാതെ പാറക്കുഴികളില്‍ നിറഞ്ഞ് കെട്ടികിടക്കുക പതിവായി. മഴക്കാലങ്ങളുടെ ക്രമം തെറ്റുകയും പെയ്യുന്ന മഴ ജലാവശ്യങ്ങളെ നിറവേറ്റാന്‍ ഒരുതരത്തിലും ഉപയോഗപ്രദമല്ലാതാവുകയും ചെയ്തതോടെ കാലവര്‍ഷത്തിലെ മഴപ്പെയ്ത്തിന് അനുസൃതമായി ചെയ്തുപോന്നിരുന്ന നെല്‍കൃഷിയുടെ തുടര്‍ച്ചകളറ്റു. ജൂണ്‍ മാസത്തില്‍ മാനം കറുത്തുകയറി പെയ്തിറങ്ങുമായിരുന്ന മഴയുടെ ജലസമൃദ്ധിയെ മാത്രം ആശ്രയിച്ചിരുന്ന നഞ്ച കൃഷി പാടെ നിലച്ചത് കൃത്യസമയത്ത് മഴയില്ലാത്തതിനാലും ചോലകളിലെ നീരൊഴുക്കുകള്‍ അപ്രത്യക്ഷമായതിനാലുമുണ്ടായ ജലക്ഷാമത്താലാണെന്ന് പ്രാദേശിക കര്‍ഷകരും പരിസ്ഥിതി പ്രവര്‍ത്തകരും സാക്ഷ്യപ്പെടുത്തുന്നുണ്ട്.
കുരുമുളകു കൃഷിയുടെ കാര്യത്തിലും സംഭവിച്ചത് മറ്റൊന്നല്ല. ജൂണ്‍ മാസത്തിലെ മഴ ആരംഭിക്കുമ്പോള്‍ നട്ടുപിടിപ്പിക്കുന്ന കുരുമുളകുവള്ളികള്‍ മഴ സജീവമാകുന്നതോടെ വേരുപിടിക്കുകയും ജൂലൈ മാസത്തിലെ കര്‍ക്കിടക മഴയോടെ ഉണ്ടാകുന്ന ഈര്‍പ്പവും തണുപ്പും നിറഞ്ഞ കാലാവസ്ഥയില്‍ തിരിയിടുകയുമായിരുന്നു പതിവ്. കര്‍ക്കടക മഴക്കിടെ കാലവര്‍ഷത്തിനുണ്ടാകുന്ന ഒരാഴ്ചയോളം ദൈര്‍ഘ്യമുള്ള മഴ ഒഴിവുകള്‍ ഇതിനനുകൂലമായ സാഹചര്യവുമായിരുന്നു. മഴ മുറിഞ്ഞതോടെ അനുകൂലമായ അന്തരീക്ഷവും കാലാവസ്ഥയുമില്ലാതെ കുരുമുളക് കൃഷിയും അവതാളത്തിലായി. കുടിയേറ്റ കര്‍ഷക കുടുംബങ്ങളില്‍ ഭൂരിഭാഗവും വര്‍ഷാന്ത്യങ്ങളില്‍ കുരുമുളകു പറിച്ചുവിറ്റ് മാത്രം വരുമാനത്തിന്റെ നല്ലൊരു പങ്ക് കണ്ടെത്തിയിരുന്ന കാലമുണ്ടായിരുന്നു. കാലാവസ്ഥയ്ക്ക് സംഭവിച്ച കടുത്ത വ്യതിയാനത്തില്‍ കുരുമുളക് തിരിയിടാതാകുകയും കുരുമുളക് വള്ളികള്‍ പൂര്‍ണമായും ഉപേക്ഷിക്കുകയും ചെയ്തതോടെ എല്ലാം ഭൂതകാലത്തിന്റെ തീക്ഷ്ണമായ ഓര്‍മകള്‍ കണക്കെ ഒരോ കര്‍ഷകന്റെയും ഉള്ളില്‍ തിടംവച്ച് കിടക്കുന്നുണ്ട്.
കര്‍ഷകരുടെ കണ്ണീര്‍വീണ പാടങ്ങളെല്ലാം ഇത്തവണത്തെ ഉരുള്‍പൊട്ടലില്‍ നാമാവശേഷമായി. കൂടെ കുറേ ജീവിതങ്ങളും. പ്രകൃതിയോട് നാം ചെയ്യുന്ന അതിക്രമങ്ങള്‍ക്ക് അതിരുണ്ടെന്നു മാത്രമേ പറയാന്‍ കഴിയൂ.


Related Articles

ചെല്ലാനത്തെ രക്ഷിക്കാൻ രാഷ്ട്രപതിക്ക് കത്തെഴുതി 14 കാരൻ എഡ്ഗർ സെബാസ്റ്റ്യൻ

ചെല്ലാനത്തെ 14 വയസ്സുകാരൻ എഡ്ഗർ സെബാസ്റ്റ്യൻ കാത്തിരിക്കുന്നു പ്രതീക്ഷയോടെ രാഷ്ട്രപതിയുടെ മറുപടിക്കായി…….ചെല്ലാനത്തെ ദുരന്തങ്ങൾ കണ്ണീരോടെ വിവരിച്ച് പത്താം ക്ലാസുകാരൻ രാഷ്ട്രപതിക്ക് ഇന്നലെ കത്തയച്ചു. എഡ്ഗറിൻ്റെ കത്ത് പൂർണ്ണരൂപത്തിൽ

 അംഗീകരിക്കാം പ്രോത്സാഹിപ്പിക്കാം: ആണ്ടുവട്ടത്തിലെ നാലാം ഞായർ

   അംഗീകരിക്കാം പ്രോത്സാഹിപ്പിക്കാം. ബന്ധിതര്‍ക്കു മോചനവും അന്ധര്‍ക്കു കാഴ്ചയും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കു സ്വാതന്ത്ര്യവും പ്രഖ്യാപിക്കുന്ന  ഏശയ്യാ പ്രവാചകന്റെ പുസ്തകത്തില്‍ നിന്നുള്ള വായന വായിച്ച ശേഷം നിങ്ങള്‍ കേട്ടിരിക്കെത്തന്നെ ഇന്ന്

“എന്താണ് എന്‍റെ ദൈവം”… ആണ്ടുവട്ടത്തിലെ മുപ്പത്തൊന്നാം ഞായർ

ആണ്ടുവട്ടത്തിലെ മുപ്പത്തൊന്നാം ഞായർ First Reading: Deuteronomy 6,2-6 Second Reading: Hebrews 7:23-28 Gospel: Mark 12:28-34 വിചിന്തനം:- സ്നേഹം മാത്രം (മർക്കോ 12:28 –

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*