വരാപ്പുഴപ്പള്ളി: ഒരു ചരിത്രക്കാഴ്ച

എന്റെ മാതൃ ഇടവകദേവാലയമായ സെന്റ് ജോസഫ് ആന്‍ഡ് മൗണ്ട് കാര്‍മ്മല്‍ പള്ളി ഒരു ബസിലിക്കയായി ഉയര്‍ത്തപ്പെടുന്നു എന്നറിഞ്ഞപ്പോള്‍, 40 വര്‍ഷക്കാലം വരാപ്പുഴ ഇടവകാംഗവും തുടര്‍ന്ന് 2000 ജനുവരി ഒന്നു മുതല്‍ വരാപ്പുഴയില്‍ നിന്ന് സ്വതന്ത്രമായ തുണ്ടത്തുംകടവ് ഇന്‍ഫന്റ് ജീസസ് ഇടവകക്കാരനുമായി മാറിയ എനിക്ക് അത് അത്യന്തം ആനന്ദം നല്കിയ വാര്‍ത്തയായി. വരാപ്പുഴയുടെ പ്രാധാന്യം തിരിച്ചറിയുന്തോറും ഇവിടെ ജനിച്ചു വളരാന്‍ സാധിച്ചതില്‍ അഭിമാനം തോന്നിയിരുന്നു. വരാപ്പുഴയുടെ ചരിത്രത്തിലേക്ക് ഞാന്‍ ഊളിയിട്ടിറങ്ങി. അതെന്നെ വല്ലാതങ്ങ് അത്ഭുതപ്പെടുത്തി. വരാപ്പുഴ കര്‍മ്മലീത്താ മിഷണറിമാര്‍ ഒരു നൂറ്റാണ്ട് മുമ്പ്, 1919-ല്‍, സ്ഥാപിച്ച ഒരു പള്ളിക്കൂടം തുണ്ടത്തുംകടവിലുണ്ട്. അവിടെയായിരുന്നു എന്റെ പ്രാഥമിക വിദ്യാഭ്യാസം. സ്കൂള്‍ ഉണ്ടായി 50 വര്‍ഷം കഴിഞ്ഞാണ്, 1970-ല്‍, അവര്‍ അവിടെ ഒരു ചെറിയ പള്ളിക്ക് തുടക്കം കുറിച്ചത്. അങ്ങനെ അത് സ്കൂള്‍ പള്ളിയെന്ന് അറിയപ്പെടാന്‍ തുടങ്ങി.
അപ്പനോടും അമ്മയോടുമൊപ്പം പത്തുവയസ്സുവരെ എല്ലാറ്റിനും വരാപ്പുഴ പള്ളിയിലാണ് ഞാന്‍ പോയിരുന്നത്. കൊച്ചുപയ്യനായ എന്നെ സംബന്ധിച്ചിടത്തോളം വരാപ്പുഴ ദേവാലയം ബ്രഹ്മാണ്ഡമായ ഒന്നു തന്നെയായിരുന്നു. അള്‍ത്താരയിലേക്കു നോക്കുമ്പോള്‍ സ്വര്‍ഗ്ഗീയമായൊരു അനുഭവമായിരുന്നു. വിശുദ്ധ യൗസേപ്പിതാവിന്റെയും മാതാവിന്റെയും മറ്റു വിശുദ്ധരുടെയും തിരുസ്വരൂപങ്ങള്‍, ലത്തീന്‍ ഭാഷയിലുള്ള ദിവ്യബലിക്ക് ചവിട്ടര്മോണിയം (ങമിൗമഹ ഛൃഴമി) വായിച്ച് ഗ്രിഗോറിയന്‍ സംഗീതത്തില്‍ പാടുന്ന ഗായകസംഘം, വിശേഷാല്‍ അവസരത്തില്‍ ഠല ഉലൗാ പാടുമ്പോഴുള്ള പ്രത്യേക അനുഭവം… എല്ലാമെല്ലാം വരാപ്പുഴ പള്ളിയുമായുള്ള എന്റെ ഓര്‍മ്മകളാണ്. വരാപ്പുഴ പള്ളിയില്‍ വച്ചാണ് ഗ്രിഗോറിയന്‍ സംഗീതം എന്റെ മനസ്സില്‍ നന്നായി പതിഞ്ഞത്.
വരാപ്പുഴയില്‍ ദൈവദാസി മദര്‍ ഏലീശ്വായുടെ മക്കളായ സി.ടി.സി സന്ന്യാസിനികള്‍ നടത്തുന്ന സെന്റ് ജോസഫ്സ് ഹൈസ്കൂളിലാണ് 5, 6, 7 ക്ലാസുകള്‍ ഞാന്‍ പഠിച്ചത്. ഞങ്ങളെ പലവട്ടം തൊട്ടടുത്തുതന്നെയുള്ള വരാപ്പുഴ പള്ളിയില്‍ സിസ്റ്റേഴ്സ് കൊണ്ടുപോകുമായിരുന്നു. കര്‍മ്മലീത്താ സിസ്റ്റേഴ്സിന്റെയും വൈദികരുടെയും സ്വാധീനം എന്റെ ദൈവവിളിക്ക് കാരണമായി. വരാപ്പുഴയില്‍ നിന്നു തുണ്ടത്തുംകടവില്‍ കുര്‍ബ്ബാനയ്ക്കും മറ്റും വന്നിരുന്ന പയസച്ചന് എന്നെ ആകര്‍ഷിച്ച ഒരു മാതൃകാവൈദികനും എന്റെ ദൈവവിളിക്ക് കാരണക്കാരനുമായിരുന്നു. അക്കാലത്ത് വരാപ്പുഴപ്പള്ളി എന്നെ സംബന്ധിച്ചിടത്തോളം ഒരു ഇടവകദേവാലയം മാത്രമായിരുന്നെങ്കില്‍ പിന്നീട് കാഴ്ചപ്പാടുകള്‍ക്കു മാറ്റം സംഭവിക്കുകയായിരുന്നു.
13-ാം നൂറ്റാണ്ടില്‍ കൊല്ലം കേന്ദ്രീകരിച്ച് മിഷന്‍പ്രവര്‍ത്തനത്തിനായി കടന്നുവന്ന ഫ്രാന്‍സിസ്കന്‍, ഡോമിനിക്കന്‍ മിഷണറിമാര്‍, തുടര്‍ന്ന് 1329-ല്‍ പേര്‍ഷ്യയിലെ സുല്‍ത്താനിയ അതിരൂപതയുടെ സാമന്ത രൂപതയായി രൂപം കൊണ്ട കൊല്ലം രൂപത, രൂപതയുടെ ആദ്യ മെത്രാന് ജോര്‍ദാനൂസ് കത്തലാനി, പോര്‍ച്ചുഗീസുകാരുടെ വരവോടുകൂടി കേരളത്തില്‍ വളരെ ശക്തമായി നടത്തപ്പെട്ട മിഷന്‍പ്രവര്‍ത്തനം, തുടര്‍ന്ന് ഗോവ അതിരൂപതയുടെ സാമന്തരൂപതയായി 1557-ല്‍ രൂപംകൊണ്ട കൊച്ചി രൂപത, സുറിയാനി കത്തോലിക്കര്‍ക്കുവേണ്ടി 1565-ല്‍ പാപ്പ സ്ഥാപിച്ച അങ്കമാലി അതിരൂപത – ഇതെല്ലാം സൂചിപ്പിക്കുന്നത് സുറിയാനി കത്തോലിക്കരുടെയും ലത്തീന്‍ കത്തോലിക്കരുടെയും ശക്തമായ സാന്നിധ്യം 16-ാം നൂറ്റാണ്ടിന്റെ അവസാനത്തോടെ കേരളത്തിലുണ്ടായിരുന്നു എന്നതാണ്. ഗോവ മെത്രാപ്പോലീത്ത അലെക്സിസ് മെനേസിസ് 1599-ല്‍ ഉദയംപേരൂരില്‍ നട
ത്തിയ സൂനഹദോസും തുടര്‍ന്ന് 1653-ല്‍ ഉണ്ടായ കൂനന്‍കുരിശു ശപഥവുമെല്ലാം വരാപ്പുഴയിലേക്ക് കര്‍മ്മലീത്തര്‍ വരുന്നതിന് ഇടയാക്കിയ സംഭവങ്ങളില്‍ പ്രധാനപ്പെട്ടവയാണ്. കര്‍മ്മലീത്താ മിഷണറിമാരെ അലക്സാണ്ടര്‍ ഏഴാമന് പാപ്പാ ഇങ്ങോട്ടയച്ചത് ഏതാണ്ട് പൂര്‍ണ്ണമായിത്തന്നെ കൊടുങ്ങല്ലൂര്‍ രൂപതയില്‍ നിന്നു പുറത്തുപോയ മാര്‍ത്തോമ്മാ ക്രിസ്ത്യാനികളെ തങ്ങളുടെ അജപാലകനായ കൊടുങ്ങല്ലൂര്‍ മെത്രാപ്പോലീത്ത ഗാര്സ്യയുമായി പുനരഞ്ജിപ്പിക്കുക എന്ന ദൗത്യവുമായിട്ടായിരുന്നു. പരിശുദ്ധ പാപ്പായുമായി നല്ലൊരു ശതമാനം പേരും അനുരഞ്ജനത്തിലായെങ്കിലും തിരിച്ച് കൊടുങ്ങല്ലൂര്‍ മെത്രാപ്പോലീത്തയുടെ കീഴിലായിരിക്കാന്‍ വിസമ്മതിച്ചതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് പാപ്പാ 1659 ഡിസംബര്‍ 3-ാം തീയതി മലബാര്‍ വികാരിയാത്ത് സ്ഥാപിക്കുകയും അതിന്റെ പ്രഥമ വികാരി അപ്പസ്തോലിക്കയും കൊടുങ്ങല്ലൂര്‍ അതിരൂപതയുടെ അപ്പസ്തോലിക അഡ്മിനിസ്ട്രേറ്ററുമായി സെബസ്ത്യാനിയെ നിയമിക്കുകയും ചെയ്തത്. ഡച്ചുകാര്‍ പോര്‍ച്ചുഗീസ് കൊച്ചി കീഴടക്കിയതും, ഡച്ചുകാരുടെ എതിര്‍പ്പിനെത്തുടര്‍ന്ന് ഏതദ്ദേശീയനായ ഫാ. പറമ്പില്‍ ചാണ്ടിയെ മെത്രാനാക്കി മലബാര്‍ വികാരിയാത്തിന്റെ ഉത്തരവാദിത്വമേല്‍പ്പിച്ച് സെബസ്ത്യാനി തിരിച്ചുപോയതും മറ്റൊരു ചരിത്രം.
വരാപ്പുഴ ദ്വീപിലും ചുറ്റുമുള്ള പ്രദേശങ്ങളിലുമായി അക്കാലത്ത് ഇടപ്പള്ളി ഇടവകക്കാരായ മാര്‍ത്തോമ്മാ ക്രിസ്ത്യാനികള്കൂടുതലായി താമസിച്ചിരുന്നുവെന്ന് ന്യായമായും നമുക്ക് അനുമാനിക്കാവുന്നതാണ്. കത്തോലിക്കാ മിഷണറിമാരോട് ഡച്ചുകാര്‍ക്കുള്ള വിരോധം കുറഞ്ഞപ്പോള്‍ ബിഷപ് സെബസ്ത്യാനിയുടെ സഹപ്രവര്‍ത്തകനും ഡച്ച് ഗവര്‍ണര്‍ വാന്‍ റീഡിന്റെ സുഹൃത്തുമായ ഫാ. മത്തേവൂസ് പാദ്രിയുടെ ശ്രമഫലമായി 1673-ല്‍ ചാത്യാത്തും വരാപ്പുഴയും ഓരോ ദേവാലയങ്ങള്‍ നിര്‍മ്മിക്കപ്പെട്ടു. വരാപ്പുഴയില്‍ കര്‍മ്മലീത്താ ആശ്രമവും 1675-ല്‍ സെമിനാരിയും പണിതു. തന്റെ അധികാര പരിധിയില്‍ നിന്ന് അവ ഒഴിവാക്കിക്കൊണ്ടാണ് പറമ്പില്‍ ചാണ്ടി മെത്രാന് അവ പണിയാനുള്ള അനുവാദം കര്മ്മലീത്തര്ക്കു നല്‍കിയത്. അന്ന് പോര്‍ച്ചുഗീസ് ശക്തികേന്ദ്രമായിരുന്നതും വികസിതവുമായ കൊച്ചിയും പരിസരപ്രദേശങ്ങളും തിരഞ്ഞെടുക്കാതെ ശാന്തവും സ്വസ്ഥവുമായ ഒരു ചെറുദ്വീപാണ് കര്‍മ്മലീത്തര്‍ തങ്ങളുടെ കേന്ദ്രസ്ഥാനമായി കണ്ടെത്തിയത്. അതു വരാപ്പുഴയുടെ പുണ്യമായി ഭവിച്ചു.
വരാപ്പുഴ: വികാരിയാത്തിന്റെ കേന്ദ്രം
ബിഷപ് സെബസ്ത്യാനിക്കുശേഷം നാട്ടുകാരായ മെത്രാന്മാരുടെ കൈകളില്‍ ഏല്പിക്കപ്പെട്ട മലബാര്‍ വികാരിയാത്തിന്റെ അധിപനായി 1700-ല്‍ ഒരു ഇറ്റാലിയന്‍ കര്‍മ്മലീത്ത വൈദികനും വരാപ്പുഴ സെമിനാരി റെക്ടറുമായിരുന്ന ആഞ്ചലോ ഫ്രാന്‍സിസിനെ പാപ്പാ നിയോഗിച്ചു. ബിഷപ് ആഞ്ചലോ ഫ്രാന്‍സിസാണ് വികാരിയാത്തിന്റെ ആസ്ഥാനം വരാപ്പുഴയിലേക്ക് മാറ്റുന്നത്. അതുവരെ വികാരി അപ്പസ്തോലിക്കമാര്‍ കുറവിലങ്ങാട്, മട്ടാഞ്ചേരി, ഇടക്കൊച്ചി, മുട്ടം തുടങ്ങിയ കേന്ദ്രങ്ങളില്‍ താമസിച്ചുകൊണ്ടാണ് വികാരിയാത്തിന്റെ ഭരണം നിര്‍വ്വഹിച്ചിരുന്നത്. മലബാര്‍ വികാരിയാത്ത് 1709-ല്‍ വരാപ്പുഴ വികാരിയാത്ത് എന്ന് പുനര്‍നാമകരണം ചെയ്യപ്പെടുകയും കൊടുങ്ങല്ലൂര്‍ അതിരൂപതയുടെ പ്രദേശങ്ങള്‍ വരാപ്പുഴ വികാരിയാത്തിന്റെ അധികാര പരിധിയില്‍ കൊണ്ടുവരികയും ചെയ്തു.
ഇന്ത്യയില്‍ പോര്‍ച്ചുഗീസ് പദ്രുവാദോ മിഷണറിമാരും പ്രൊപ്പഗാന്തയുടെ കീഴിലായിരുന്ന വികാരിയാത്തുകളിലെ മിഷണറിമാരും തമ്മില്‍ നിലനിന്നിരുന്ന കലഹങ്ങളും സംഘര്‍ഷങ്ങളും അധികാര തര്‍ക്കങ്ങളും എന്നന്നേക്കുമായി അവസാനിപ്പിക്കുന്നതിനുവേണ്ടി 1838-ല്‍ ചരിത്രപ്രസിദ്ധമായ ‘മുള്ത്ത പ്രെക്ലാരെ’ എന്ന പേരില്‍ പാപ്പാ ഒരു കല്പന പുറപ്പെടുവിച്ചു. അതുവഴിയായി കൊച്ചി, കൊടുങ്ങല്ലൂര്‍ രൂപതകള്‍ നിര്‍ത്തലാക്കുകയും തെക്ക് കന്യാകുമാരി മുതല്‍ വടക്ക് ദക്ഷിണ കാനറ വരെയും വരാപ്പുഴ വികാരിയാത്തില്‍ ലയിപ്പിക്കുകയും ചെയ്തു.
1845-ല്‍ അജപാലന ശുശ്രൂഷ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനുവേണ്ടി പാപ്പാ വരാപ്പുഴ വികാരിയാത്തിനെ മൂന്നു വികാരിയാത്തുകളായി വിഭജിച്ചു. വടക്കന്‍ പ്രദേശം മംഗലാപുരം ആസ്ഥാനമായും, തെക്കന്‍ പ്രദേശം കൊല്ലം ആസ്ഥാനമായും, മധ്യഭാഗം വരാപ്പുഴ കേന്ദ്രമാക്കിയും വിഭജനം നടന്നു. 1886-ല്‍ ഇന്ത്യയില്‍ ഹയരാര്‍ക്കി രൂപീകരിച്ചപ്പോള്‍ വരാപ്പുഴ വികാരിയാത്ത് അതിരൂപതയായിത്തീരുകയും, കൊല്ലം വരാപ്പുഴയുടെയും, കൊച്ചി വീണ്ടും ഗോവ അതിരൂപതയുടെയും സമാന്തരൂപതകളായി മാറുകയും ചെയ്തു. അങ്ങനെ ലെയൊണാര്‍ദോ മെല്ലാനോ വരാപ്പുഴ അതിരൂപതയുടെ ആദ്യ മെത്രാപ്പോലീത്തയായി.
സുറിയാനി കത്തോലിക്കര്‍ക്കുവേണ്ടി 1887-ല്‍ സ്ഥാപിതമായ കോട്ടയം, തൃശൂര്‍ വികാരിയാത്തുകള്‍ ഭരണപരമായി വരാപ്പുഴ അതിരൂപതയുടെ കീഴില്‍ തുടര്‍ന്നു. 1896-ല്‍ പാപ്പ ഈ വികാരിയാത്തുകളെ തൃശ്ശൂര്‍, ചങ്ങനാശ്ശേരി, എറണാകുളം എന്നിങ്ങനെ മൂന്നു വികാരിയാത്തുകളായി പുനഃസംഘടിപ്പിച്ചു. 1923 ഡിസംബര്‍ 21ന് 11-ാം പീയൂസ് പാപ്പാ സീറോ മലബാര്‍ പ്രോവിന്‍സ് രൂപീകരിച്ചുകൊണ്ട് സീറോ മലബാര്‍ ഹയരാര്‍ക്കി സ്ഥാപിച്ചു. അതോടെ വരാപ്പുഴ അതിരൂപതയുടെ അധികാര പരിധിയില്‍ നിന്നു സുറിയാനി കത്തോലിക്കരെ വേര്‍പെടുത്തിക്കൊണ്ട് എറണാകുളം വികാരിയാത്ത് അതിരൂപതയായും, തൃശ്ശൂര്‍, കോട്ടയം, ചങ്ങനാശ്ശേരി വികാരിയാത്തുകള്‍ സാമന്തരൂപതകളായും പ്രഖ്യാപിക്കപ്പെട്ടു.
വരാപ്പുഴപ്പള്ളിയും മാനമ്പാടി വരാപ്പുഴ പുത്തന്‍പള്ളിയും
കര്‍മ്മലീത്താ മിഷണറിമാര്‍ സ്ഥാപിച്ച വരാപ്പുഴപ്പള്ളി തുടക്കം മുതല്‍ വരാപ്പുഴയിലെയും പരിസരപ്രദേശങ്ങളിലെയും സുറിയാനി കത്തോലിക്കരുടെയും ലത്തീന്‍ കത്തോലിക്കരുടെയും ഇടവകപ്പള്ളി എന്ന നിലയിലാണ് പ്രവര്‍ത്തിച്ചിരുന്നത്. യഥാര്‍ത്ഥത്തില്‍ ഈ പ്രദേശങ്ങളിലെ സുറിയാനി കത്തോലിക്കര്‍ ഇടപ്പള്ളി സെന്റ് ജോര്‍ജ്ജ് പള്ളി ഇടവകക്കാരായിരുന്നു. യാത്രാക്ലേശം കൊണ്ടുകൂടിയാണ് അവര്‍ തൊട്ടടുത്തുള്ള വരാപ്പുഴപ്പള്ളിയില് ആധ്യാത്മിക ആവശ്യങ്ങള്‍ക്കായി പോയിരുന്നത്. വരാപ്പുഴയ്ക്ക് ചുറ്റുമുള്ള പ്രദേശങ്ങളായ കൂനമ്മാവ്, ചേരാനല്ലൂര്‍, കോതാട്, പിഴല, ചേന്നൂര്‍, ചെട്ടിഭാഗം, മുട്ടിനകം, പാനായിക്കുളം, നീറിക്കോട്, വള്ളുവള്ളി തുടങ്ങിയ പ്രദേശങ്ങളില്‍ തങ്ങളുടെ മിഷന്‍പ്രവര്‍ത്തനം കര്‍മ്മലീത്താ മിഷണറിമാര്‍ വരാപ്പുഴ ഇടവകയുടെ മിഷന് സ്റ്റേഷനുകള്‍ എന്ന നിലയില്‍ വ്യാപിപ്പിച്ചു. ഏഴു പതിറ്റാണ്ടുകള്‍ കഴിഞ്ഞപ്പോള്‍ കര്‍മ്മലീത്താ മിഷണറിമാരുടെ മിഷന് പ്രവര്‍ത്തനം മൂലവും ചരിത്രപരമായ മറ്റു കാരണങ്ങളാലും ലത്തീന്‍ കത്തോലിക്കാ വിശ്വാസികളുടെ സംഖ്യ വര്‍ധിക്കുകയും സുറിയാനി കത്തോലിക്കര്‍ വരാപ്പുഴയില്‍ ന്യൂനപക്ഷമാകുകയും ചെയ്തു. അക്കാലത്ത് വരാപ്പുഴ പള്ളിയുമായി ബന്ധപ്പെട്ട് ഉണ്ടായ ചില പ്രശ്നങ്ങളുടെ പശ്ചാത്തലത്തില്‍ സുറിയാനി കത്തോലിക്കരുടെ ഇടയില്‍ വരാപ്പുഴ കര്‍മ്മലീത്താ അധികാരികളോട് മാനസിക അകല്‍ച്ച ഉടലെടുത്തു. സ്വന്തമായി ഒരു പള്ളി എന്ന ആശയം അവര്‍ വച്ചുപുലര്ത്തുന്നുണ്ടായിരുന്നു. അതിനുള്ള ഒരു അവസരം വന്നുചേര്‍ന്നത് 1786-ല്‍ ആയിരുന്നു. പാറേമ്മാക്കല്‍ തോമാ കത്തനാര് കൊടുങ്ങല്ലൂര്‍ അതിരൂപതയുടെ അപ്പസ്തോലിക അഡ്മിനിസ്ട്രേറ്ററാകുന്നത് ആ വര്‍ഷമാണ്. കൊടുങ്ങല്ലൂര്‍ അതിരൂപതയുടെ വികാരി അപ്പസ്തോലിക്ക അപ്പോഴും വരാപ്പുഴ മെത്രാപ്പോലീത്തയായിരുന്നു. എന്നിരുന്നാലും സുറിയാനി കത്തോലിക്കാ പള്ളിക്കാരെല്ലാം അഡ്മിനിസ്ട്രേറ്ററുടെ ഭരണത്തിന് കീഴിലായി. അതോടെ വരാപ്പുഴ പ്രദേശത്ത് താമസിച്ചിരുന്നവരും വരാപ്പുഴ പള്ളി ഇടവകക്കാരുമായിരുന്ന സുറിയാനി കത്തോലിക്കര്‍ 1787-ല്‍ പാറേമ്മാക്കല്‍ ഗോവര്‍ണദോറെ സമീപിച്ച് തങ്ങളുടെ ആവലാതികള്‍ അറിയിച്ചു. അദ്ദേഹം കര്‍മ്മലീത്താ പാതിരിമാരുടെ കീഴില്‍ ആയിരിക്കാന്‍ ഇഷ്ടപ്പെടാതിരുന്ന സുറിയാനി കത്തോലിക്കര്‍ക്ക് ഞാറയ്ക്കല്‍ പള്ളിയില്‍ ഇടവക ചേര്‍ന്നുപ്രവര്‍ത്തിക്കാന്‍ അനുവാദം നല്കി. വരാപ്പുഴ പള്ളി സ്ഥാപിതമാകുന്നതിനു മുന്‍പ് വരാപ്പുഴയിലെ സുറിയാനിക്കാര്‍ ഇടപ്പള്ളി ഇടവകക്കാരായിരുന്നുവല്ലോ. ആ നിലയില്‍ ഇടപ്പള്ളിയിലേക്ക് തിരിച്ചുപോകാന്‍ ചിലര്‍ ആഗ്രഹിച്ചെങ്കിലും ചേരാനല്ലൂരിലും പരിസരപ്രദേശങ്ങളിലും ഉണ്ടായിരുന്ന മുഹമ്മദീയന്മാരുമായി സുറിയാനിക്കാര്‍ നല്ല ബന്ധത്തിലായിരുന്നില്ല എന്നതിനാലും, യാത്രാസൗകര്യം മുന്‍നിര്‍ത്തിയും അവര്‍ ഞാറയ്ക്കല്‍ പള്ളിയില്‍ ഇടവക ചേരുകയാണുചെയ്തത്. വീരന്പുഴയിലൂടെ വഞ്ചി യാത്ര ചെയ്തുവേണമായിരുന്നു വരാപ്പുഴക്കാര്‍ക്ക് ഞാറക്കലിലേക്ക് പോകാന്‍. വീരന്പുഴയിലൂടെയുള്ള യാത്ര ദുസ്സഹവും അപകടകരവുമായിരുന്നു. ഈ പശ്ചാത്തലത്തില്‍ വരാപ്പുഴ ദേശത്ത് തങ്ങളുടേതു മാത്രമായി ഒരു ദേവാലയം എന്ന അവരുടെ സ്വപ്നം അഡ്മിനിസ്ട്രേറ്ററെ അറിയിച്ചു. വരാപ്പുഴയിലെ മാനമ്പാടി എന്ന സ്ഥലത്ത് ജനങ്ങളുടെ അഭിപ്രായപ്രകാരം ഒരു ദേവാലയം സ്ഥാപിക്കുന്നതിന് ഗോവര്‍ണദോര്‍ അനുവാദം നല്കി.
1788-ല്‍ ഒരു താല്‍ക്കാലിക ദേവാലയം നിര്‍മ്മിച്ച് വരാപ്പുഴ ഇടവകയില്‍ നിന്ന് സുറിയാനിക്കാര്‍ സ്വതന്ത്രരായി. തങ്ങളുടെ യഥാര്‍ത്ഥ ഇടവകയായിരുന്ന ഇടപ്പള്ളി സെന്റ് ജോര്‍ജ്ജ് പള്ളിയുടെ മധ്യസ്ഥന്റെ പേരില്‍ പുതിയ ദേവാലയം തുടങ്ങാനാണ് തോമാ കത്തനാര് അവരോട് ആവശ്യപ്പെട്ടത്. എന്നാല്‍ സാക്ഷാല്‍ വരാപ്പുഴയിലെ കര്‍മ്മലീത്താ ദേവാലയത്തിന്റെ പേര് സുറിയാനി പള്ളിക്കും നല്കാന് അവര്‍ ആഗ്രഹിച്ചു. ‘പുതിയ’ എന്നര്‍ത്ഥം വരുന്ന ‘പുത്തന്‍’ എന്ന പദം വരാപ്പുഴയ്ക്കും പള്ളിക്കും ഇടയില്‍ ചേര്‍ക്കുകയായിരുന്നു. അങ്ങനെ വരാപ്പുഴ ചെട്ടിഭാഗത്തിനടുത്ത് അന്ന് മാനമ്പാടി എന്നറിയപ്പെട്ടിരുന്ന പ്രദേശത്ത് വരാപ്പുഴ പുത്തന്‍പള്ളി എന്ന പേരില്‍ സുറിയാനി കത്തോലിക്കര്‍ക്ക് ഒരു പുതിയ ഇടവകയുണ്ടായി.
വരാപ്പുഴയുടെ തന്നെ ഭാഗമാണ് ചെട്ടിഭാഗം. ‘കുടുംബികള്‍’ കൂടുതലായി താമസിച്ചിരുന്ന സ്ഥലത്തെയാണ് ചെട്ടിഭാഗം എന്നു വിളിച്ചിരുന്നത്. കാരണം വരാപ്പുഴ പ്രദേശത്ത് ‘കുടുംബികള്‍’ അറിയപ്പെട്ടിരുന്നത് ‘ചെട്ടികള്‍’ എന്ന പേരിലാണ്. ചെട്ടിഭാഗത്തിനു വടക്കുവശം നമ്പൂതിരിമാരുടെയും നായന്മാരുടെയും മനകളായിരുന്നു. മനകള്‍ക്ക് സമീപംപാടികളും (പാടി എന്നാല്‍ അങ്ങാടി). മനകളും പാടികളുമുണ്ടായിരുന്ന സ്ഥലത്തിനു ക്രമേണ സിദ്ധിച്ച പേരാണ് ‘മാനമ്പാടി.’ ഈ മാനമ്പാടിയുടെ കിഴക്കുഭാഗത്തുണ്ടായിരുന്ന വിശാലമായ സ്ഥലമാണ് സുറിയാനി കത്തോലിക്കര്‍ ദേവാലയനിര്‍മ്മാണത്തിന് അനുയോജ്യമായ സ്ഥലമായി കണ്ടെത്തിയത്. എന്റെ അമ്മൂമ്മയുടെ നാവില്‍ നിന്നാണ് ബാലനായ ഞാന്‍ മാനമ്പാടി എന്ന പേര് ആദ്യമായി കേള്‍ക്കുന്നത്. മാനമ്പാടിയിലെ വരാപ്പുഴ പുത്തന്‍പള്ളിയുടെ ഒരു കപ്പേള ഉണ്ണീശോയുടെ നാമത്തില്‍ ചെട്ടിഭാഗത്ത് 1913-ല്‍ സ്ഥാപിതമായിരുന്നു. ആ കപ്പേള 1967-ല്‍ പുനരുദ്ധരിച്ച് മൂന്നു നിലയുള്ള കപ്പേളയാക്കി മാറ്റി. ചെട്ടിഭാഗത്തുള്ള ഈ കപ്പേളയെപ്പറ്റിയാണ് മാനമ്പാടി കപ്പേളയെന്ന് അമ്മൂമ്മ എന്നോട് പറഞ്ഞത്. കടമക്കുടി സെന്റ് അഗസ്റ്റിന്‍സ്, തുണ്ടത്തുംകടവ് സെന്റ് മേരീസ്, വള്ളുവള്ളി സെന്റ് ആന്റണീസ്, ചേരാനല്ലൂര്‍ കോട്ടപ്പറമ്പ്, വരാപ്പുഴ സെന്റ് തോമസ്, കൊങ്ങോര്‍പ്പിള്ളി സെന്റ് ജോര്‍ജ്, ഏലൂര്‍ സെന്റ് ആന്‍സ്, പാതാളം സെന്റ് ജൂഡ് എന്നീ ദേവാലയങ്ങള്‍ പുത്തന്‍പള്ളിയില്‍ നിന്നു പല കാലങ്ങളിലായി പിരിഞ്ഞുപോയ പള്ളികളാണ്. മാനമ്പാടി വരാപ്പുഴ പുത്തന്പള്ളിയിരിക്കുന്ന സ്ഥലത്തിന്റെ പേരു തന്നെ മാറിപ്പോയി. ഇപ്പോള്‍ അത് പുത്തന്‍പള്ളിയെന്നാണ് അറിയപ്പെടുന്നത്. ഇടവകപ്പള്ളി സെന്റ് ജോര്‍ജ് പുത്തന്‍ പള്ളിയെന്നുമാണ് ഇപ്പോള്‍ ദൈവജനവും പൊതുസമൂഹവും പറയുക.
നന്ദിപൂര്‍വ്വം
അനുരഞ്ജന ദൗത്യം ഏല്‍പ്പിക്കപ്പെട്ട് കടന്നുവന്ന കര്‍മ്മലീത്താ മിഷണറിമാരെ താമസിയാതെ തന്നെ 1659-ല്‍ മലബാര്‍ വികാരിയാത്ത് സ്ഥാപിച്ചുകൊണ്ട് തദ്ദേശീയ കത്തോലിക്കാസഭയുടെ ഭരണസാരഥ്യം ഏല്പിച്ച അലക്സാണ്ടര്‍ ഏഴാമന് പാപ്പായുടെ ഇടപെടല്‍ വിശുദ്ധ പത്രോസിന്റെ ഇടപെടല്‍ തന്നെയായിരുന്നു. ഏല്പിക്കപ്പെട്ട ഉത്തരവാദിത്വം ഭംഗിയായി നിര്‍വ്വഹിച്ച് 175 വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ തെക്ക് കന്യാകുമാരി മുതല്‍ വടക്ക് ദക്ഷിണ കാനറ വരെയുള്ള കത്തോലിക്കരെ ഒരു കുടക്കീഴിലാക്കി വരാപ്പുഴ കേന്ദ്രമാക്കി ഭരിക്കുവാന്‍ കര്‍മ്മലീത്താ മിഷണറിമാരെ പ്രാപ്തരാക്കിയ ദൈവത്തിനു നന്ദി. 1700 മുതല്‍ മലബാര്‍ വികാരിയാത്തിന്റെയും 1709 മുതല്‍ വരാപ്പുഴ വികാരിയാത്തിന്റെയും 1886 മുതല്‍ 1936 വരെ വരാപ്പുഴ അതിരൂപതയുടെയും കത്തീഡ്രല്‍ ദേവാലയമായിരുന്നു സെന്റ് ജോസഫ് ആന്‍ഡ് മൗണ്ട് കാര്‍മ്മല്‍ ദേവാലയം. ചരിത്രബോധത്തോടെ നോക്കിയാല്‍ വികാരിയാത്തുകളുമായി ബന്ധപ്പെട്ട് വളര്‍ന്ന് ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ മിഷന്‍വേല ചെയ്യുന്ന ആഗോള സീറോ മലബാര്‍ സഭയ്ക്കും, കേരള ലത്തീന്‍ സഭയ്ക്കും, പരോക്ഷമായി സീറോ മലങ്കരസഭയ്ക്കും, കൊല്ലം രൂപതയില്‍ നിന്നു വിഭജിക്കപ്പെട്ട കോട്ടാര്‍, കുഴിത്തുറ രൂപതകള്‍ക്കും, മംഗലാപുരം രൂപതയ്ക്കുമൊക്കെ അഭിമാനിക്കാവുന്ന ഒരു മഹനീയ മുഹൂര്‍ത്തമാണ് 2021 മാര്‍ച്ച് 13 – അവരുടെ കത്തീഡ്രല്‍ ദേവാലയമായിരുന്ന ഈ ദേവാലയ മാതാവ് ഒരു ബസിലിക്കയായി ഉയര്‍ത്തപ്പെട്ടതിന്റെ ഔദ്യോഗിക പ്രഖ്യാപനം നടക്കുന്ന ദിനം.
ഇടവക തലത്തില്‍ ചിന്തിച്ചാല്‍ അവിഭക്ത വരാപ്പുഴ ഇടവകയുടെ ഭാഗമായിരുന്ന വരാപ്പുഴയുടെ ചുറ്റുപാടുമുള്ള എല്ലാ ഇടവകകള്‍ക്കും, മാനമ്പാടി അവിഭക്ത സെന്റ് ജോര്‍ജ് വരാപ്പുഴ പുത്തന്‍പള്ളി സുറിയാനി ഇടവകയ്ക്കും അഭിമാനത്തിന്റെ നിമിഷം കൂടിയാണിത്. വരാപ്പുഴ സെമിനാരി, പുത്തന്‍പള്ളി സെന്‍ട്രല്‍ സെമിനാരി – ഇവയ്ക്കൊക്കെ ഒത്തിരി കഥകളുണ്ടാകും പറയാന്‍. രണ്ടു സെമിനാരികളില്‍ നിന്നുമായി 167 വര്‍ഷം കൊണ്ട് 2,400 വൈദികരെ വാര്‍ത്തെടുക്കാനായി എന്നത് നിസ്സാര കാര്യമല്ല. അവര്‍ കേരള കത്തോലിക്കാസഭയെയും ഭാരതസഭയെയും ആഗോള കത്തോലിക്കാസഭയെയും വളര്‍ത്തി. 1932-ല്‍ ഇതിന്റെ തുടര്‍ച്ചയായി പുത്തന്‍പള്ളി സെമിനാരി മംഗലപ്പുഴയിലേയ്ക്ക് കൂടുമാറ്റം നടത്തിയപ്പോള്‍ അധികം താമസിയാതെ അത് ലോകത്തിലെ തന്നെ ഏറ്റവും വലിയ സെമിനാരികളിലൊന്നായി മാറി. 1932 മുതല്‍ 1998 വരെയുള്ള കാലങ്ങളില്‍ നാലായിരത്തിലേറെ വൈദികര്‍ ആലുവ സെന്റ് ജോസഫ് പൊന്തിഫിക്കല്‍ സെമിനാരിയില്‍ നിന്നു പുറത്തിറങ്ങി. റീത്തുവ്യത്യാസം കൂടാതെ സീറോ മലബാര്‍, ലത്തീന്‍, സീറോ മലങ്കര സഭകളിലെ വൈദികവിദ്യാര്‍ത്ഥികള്‍ ഒരുമിച്ച് ഒരു കൂരയ്ക്കു കീഴില്‍ വൈദികപരിശീലനം നേടിയിരുന്ന 20-ാം നൂറ്റാണ്ടു വരെയുള്ള ആ കാലം കര്‍മ്മലീത്താ മിഷന്റെ സുവര്‍ണ കാലമെന്നു പറയാം. വരാപ്പുഴ സെമിനാരിയെ കേരളം മുഴുവന്‍ പടര്‍ന്നുപന്തലിച്ച ഒരു വിശുദ്ധ വൃക്ഷത്തിന്റെ ചെറുവിത്ത് എന്നാണ് ദീര്‍ഘകാലം മംഗലപ്പുഴ സെന്റ് ജോസഫ് പൊന്തിഫിക്കല്‍ സെമിനാരിയുടെ പ്രൊക്കുറേറ്ററും മംഗലപ്പുഴ ഗോഥിക് ചാപ്പലിന്റെയും കര്‍മ്മലഗിരി സെമിനാരിയുടെയുമൊക്കെ ശില്പിയും സെമിനാരിയുടെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിക്കുകയും ചെയ്ത ബിഷപ് ഡോ. വിക്ടര്‍ സാന്‍ മിഗ്വല്‍ വാഴ്ത്തുന്നത്. ഈ സെമിനാരിയെ നയിച്ച ധന്യരും വിശുദ്ധരും വിജ്ഞാനികളുമൊക്കെയായ വൈദികരോടൊപ്പം, ഇവിടെ നിന്ന് പഠിച്ചിറങ്ങിയ മിഷന് തീക്ഷ്ണതയുള്ള വൈദികരോടൊപ്പം, സന്ന്യസ്തരോടൊപ്പം, വിശേഷിച്ച് വിദേശീയരും തദ്ദേശീയരുമായ കര്‍മ്മലിത്താ സന്ന്യസ്തരോടൊപ്പം, എല്ലാ അല്മായരോടുമൊപ്പം, ഈ മംഗളമുഹൂര്‍ത്തത്തില്‍ ഠല ഉലൗാ ഘമൗറമാൗ െഎന്ന ദൈവസ്തോത്രഗീതമാലപിച്ച് ദൈവത്തെ മഹത്വപ്പെടുത്താം.
Click to join Jeevanaadam Whatsapp Group
ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
Related
Related Articles
ജനസമക്ഷം ദിലീപിന്റെ വക്കീല്‍
ദിലീപ് നായകനായ ബി. ഉണ്ണികൃഷ്ണന് ചിത്രം’ കോടതി സമക്ഷം ബാലന് വക്കീല്‍’ മികച്ച കളക്ഷന്‍ നേടുന്നു. കോമഡിയും ആക്ഷനും സമന്വയിപ്പിച്ച സിനിമ ദിലീപിന്റെ തിരിച്ചുവരവിന് കളമൊരുക്കിയിരിക്കുകയാണ്. വിക്കനായ
ജപമാലയിലെ രഹസ്യങ്ങൾ
എന്തുകൊണ്ടാണ് ജപമാലയിലെ ആദ്യരഹസ്യങ്ങള്‍ സന്തോഷ രഹസ്യങ്ങളായി അറിയപ്പെടുന്നത്? രണ്ടു കാരണങ്ങളാണ് അതിന് നമുക്ക് കാണുവാന്‍ കഴിയുക. ആദത്തിന്റെ പാപംമൂലം സ്വര്‍ഗം നഷ്ടപ്പെട്ട മനുഷ്യ കുലത്തിന് ലഭിക്കാവുന്ന ഏറ്റവും
അമുദന്റെ ജീവിതപാഠങ്ങള്‍
ഒരു കാര്യം പതിവിലും സുന്ദരമാവുമ്പോള്‍ ‘നല്ലത്’ എന്ന് വിളിക്കാം. എന്നാല്‍ ഒരുപടികൂടി കടന്ന് അത് അതിസുന്ദരമാവുമ്പോള്‍ ‘ഹൃദ്യം’ എന്ന വാക്കാണ് കൂടുതല്‍ ഉചിതം. ചിലസിനിമകള്‍ അങ്ങനെയാണ് കണ്ണിന്