വരാപ്പുഴ, എന്റെ അതിരൂപത

വരാപ്പുഴ, എന്റെ അതിരൂപത

”തങ്ങളുടെ ചരിത്രം, ഉത്ഭവം, സംസ്‌കാരം എന്നിവയെക്കുറിച്ച് അറിവും അവബോധവും ഇല്ലാത്ത ഒരു ജനത വേരുകളില്ലാത്ത വൃക്ഷത്തെപ്പോലെ”യാണെന്നു നീഗ്രോ മുന്നേറ്റത്തിന്റെ നേതാവായിരുന്ന മാര്‍ക്കസ് ഗാര്‍വ്വി പറഞ്ഞിട്ടുണ്ട്. കേരളത്തിലെ ലത്തീന്‍ സമുദായാംഗങ്ങളുടെ വികസന മുരടിപ്പിന്റെയും പിന്നാക്കാവസ്ഥയുടെയും പശ്ചാത്തലം വിശകലനം ചെയ്യുമ്പോള്‍ ഈ പ്രസ്താവനയ്ക്ക് ഏറെ പ്രസക്തിയും പ്രാധാന്യവുമുണ്ടെന്നു കാണാം. ആധുനിക കേരളത്തിന്റെ രൂപീകരണത്തില്‍ അതുല്യവും അനന്യവുമായ പങ്കാളിത്തം വഹിച്ച ഒരു ചെറുസമൂഹമാണു കേരളത്തിലെ ലത്തീന്‍ കത്തോലിക്കര്‍. ദൗര്‍ഭാഗ്യവശാല്‍ വേണ്ടത്ര ചരിത്രബോധമില്ലായ്മ മൂലം വേരുകള്‍ ദുര്‍ബ്ബലമായ ഒരു വൃക്ഷത്തിനു സമാനമാണു ലത്തീന്‍ സമുദായത്തിന്റെ ഇന്നത്തെ അവസ്ഥ എന്നു പറയുന്നതില്‍ തെറ്റില്ലെന്നു തോന്നുന്നു. ചരിത്രബോധമില്ലായ്മ സാമൂഹിക പിന്നാക്കാവസ്ഥയുടെ സൂചകങ്ങളിലൊന്നായിട്ടാണു വിലയിരുത്തപ്പെടുന്നത്. ഈ സാഹചര്യത്തിലാണു ജോസഫ് മാനിഷാദ് മട്ടക്കല്‍ രചിച്ച ‘വരാപ്പുഴ എന്റെ അതിരൂപത: വരാപ്പുഴ അതിരൂപത ലഘുചരിത്രം’ എന്ന ചരിത്രഗ്രന്ഥത്തിന്റെ മഹിമയും പ്രാധാന്യവും വിലയിരുത്തപ്പെടേണ്ടത്.

ഉദയംപേരൂര്‍ സൂനഹദോസിനെ തുടര്‍ന്നുണ്ടായ കൂനംകുരിശ് ശപഥത്തിനു ശേഷം കേരള സഭയില്‍ രൂപപ്പെട്ട അനൈക്യത്തിന്റെയും പിളര്‍പ്പിന്റെയും കലുഷിതാവസ്ഥയില്‍ സാന്ത്വനത്തിന്റെയും സമാധാനത്തിന്റെയും സമന്വയത്തിന്റെയും സന്ദേശം പകരുന്നതിനായിട്ടാണ് റോമിലെ പരിശുദ്ധ സിംഹാസനം പ്രൊപ്പഗാന്ത തിരുസംഘത്തിന്‍ കീഴില്‍ മലബാര്‍ വികാരിയത്തിനു രൂപം നല്‍കിയത്. അന്നു മുതല്‍ 2020 വരെയുള്ള ചരിത്രമാണ് ഈ കൃതിയിലൂടെ വിവരിക്കപ്പെടുന്നത്. നാലു ഭാഗങ്ങളിലായി 36 അധ്യായങ്ങളിലായിട്ടാണ് ഈ ചരിത്രഗ്രന്ഥം പൂര്‍ണ്ണമാകുന്നത്.

ഈ ചരിത്രഗ്രന്ഥത്തിന് അനിതര സാധാരണമായ ചില സവിശേഷതകള്‍ ഉണ്ട്. സാധാരണമായി ചരിത്രപഠനങ്ങള്‍ ബുദ്ധിയുടെയും ജ്ഞാനത്തിന്റെയും അതിര്‍വരമ്പുകള്‍ക്കുള്ളില്‍ മാത്രം ഒതുക്കിനി
ര്‍ത്തപ്പെടുന്ന ഒന്നായിട്ടാണു കണ്ടുവരുന്നത്. എന്നാല്‍ ഈ പഠനം വ്യക്തിപരവും വൈകാരികവുമായ തലങ്ങളിലേക്ക് കൂടി വ്യാപിച്ചിട്ടുള്ളതായി കാണാം. ഈ കൃതിയുടെ പേരില്‍ തന്നെ (വരാപ്പുഴ എന്റെ അതിരൂപത) ആത്മബന്ധത്തിന്റെ അടരുകള്‍ കാണാവുന്നതാണ്. പക്ഷേ, ഈ പഠനത്തില്‍ ശാസ്ത്രീയതയുടെയും യുക്തിയുടെയും ഗവേഷണ രീതിശാസ്ത്രത്തിന്റെയും മാനദണ്ഡങ്ങള്‍ക്ക് ഒട്ടും വിട്ടുവീഴ്ച്ച വരുത്തിയിട്ടില്ലെന്നതാണ് ഇതിന്റെ കരുത്തും സൗകുമാര്യവും. ഈ രചനയ്ക്ക് പിന്നില്‍ പ്രതിജ്ഞാബദ്ധതയുടെയും കഠിനാധ്വാനത്തിന്റെയും സ്ഥിരോത്സാഹത്തിന്റെയും വിജയകഥകള്‍ കാണാന്‍ കഴിയും. അത്രയേറെ അന്വേഷണ-ഗവേഷണ-നിരീക്ഷണങ്ങള്‍ ഗ്രന്ഥകാരന്‍ നടത്തിയിട്ടുണ്ടെന്ന് ഈ കൃതിയിലൂടെ കടന്നുപോകുന്നവര്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കും. ഉന്നയിക്കുന്ന കാര്യങ്ങള്‍ സ്ഥാപിച്ചെടുക്കാന്‍ പ്രാഥമികവും ദ്വിതീയവുമായ ഉറവിടങ്ങളില്‍ നിന്നുള്ള തെളിവുകള്‍ ശാസ്ത്രീയമായി പക്വതയോടെ യുക്തിസഹമായി നിരത്താന്‍ ഗ്രന്ഥകാരന്‍ വിജയിച്ചിട്ടുണ്ട് എന്നു കാണാം. വിസ്താരഭയത്താല്‍ ചില ഉദാഹരണങ്ങള്‍ മാത്രം സൂചിപ്പിക്കട്ടെ.

ഇന്നത്തെ അതിരൂപതയ്ക്ക് ”മൂല കാരണക്കാരായ” രണ്ടു പ്രധാന വ്യക്തിത്വങ്ങളെ രചയിതാവ് സാദരം സ്മരിക്കുന്നുണ്ട് (പേജ് 181). അതില്‍ ആദ്യത്തെ ആള്‍ എല്ലാവര്‍ക്കും സുപരിചിതനായ ഭാഗ്യസ്മരണാര്‍ഹനായ വിശുദ്ധ യൗസേപ്പിന്റെ മത്തെയുസ് പാതിരിയാണ്. 1659 ഡിസംബര്‍ മൂന്നിനാണ് മലബാര്‍ വികാരിയത്ത് സ്ഥാപിക്കപ്പെടുന്നത്. 1663ല്‍ പോര്‍ച്ചുഗീസുകാരെ നിഷ്‌കാസനം ചെയ്തുകൊണ്ട് ഡച്ചുകാര്‍ കൊച്ചി പിടിച്ചടക്കുകയുണ്ടായി. അതിനെ തുടര്‍ന്ന് പാശ്ചാത്യ മിഷണറിമാര്‍ക്കും കൊച്ചി വിട്ടുപോകേണ്ടതായി വന്നു. പറമ്പില്‍ ചാണ്ടി മെത്രാന്‍ കുറവിലങ്ങാട് ആസ്ഥാനമാക്കിയാണ് പ്രവര്‍ത്തിച്ചിരുന്നത്. ഈ അവസരത്തിലാണ് മത്തെയുസ് പാതിരി തന്റെ സസ്യശാസ്ത്രത്തിലുള്ള വിജ്ഞാനവും പാടവവും വഴി ഡച്ച് ഗവര്‍ണറായിരുന്ന വാന്‍ റീഡിന്റെ വിശ്വാസം പിടിച്ചുപറ്റിയത്. ‘ഹോര്‍ത്തൂസ് മലബാറിക്കൂസ്’ എന്ന വിശ്വപ്രസിദ്ധമായ കൃതി പൂര്‍ത്തിയാക്കാന്‍ മത്തെയുസ് പാതിരി വാന്‍ റീഡിനെ സഹായിക്കുകയുണ്ടായി. ഒരര്‍ത്ഥത്തില്‍ ഈ കൃതിയുടെ രചനയില്‍ മുഖ്യപങ്കാളിത്തം വഹിച്ചത് മത്തെയുസ് പാതിരി തന്നെയായിരുന്നു. അതിനുള്ള കൃതജ്ഞതാ സമര്‍പ്പണമായിട്ടാണ് ചാത്യാത്ത്, വരാപ്പുഴ എന്നീ സ്ഥലങ്ങളില്‍ രണ്ടു ദേവാലയങ്ങള്‍ നിര്‍മ്മിക്കാന്‍ ഡച്ച് അധികാരികള്‍ മത്തെയുസ് പാതിരിക്ക് അനുമതി നല്‍കിയത്. മത്തെയുസ് പാതിരിയുടെ ഇടപെടല്‍ ഇല്ലായിരുന്നെങ്കില്‍ ഇന്നത്തെ വരാപ്പുഴ അതിരൂപത നിലവിലുണ്ടാകില്ലെന്നും ഗ്രന്ഥകര്‍ത്താവ് പറഞ്ഞുവയ്ക്കുന്നുണ്ട്. അത്രയേറെ മത്തെയുസ് പാതിരിയോട് നാം കടപ്പെട്ടിരിക്കുന്നു.

ഇന്നത്തെ അതിരൂപതയുടെ മൂലകാരണക്കാരനായ രണ്ടാമത്തെ വ്യക്തിയെന്നു വിശേഷിപ്പിക്കപ്പെടുന്നത് ഒരു ഹൈന്ദവ സഹോദരനാണ്. അക്കാലത്ത് വരാപ്പുഴ, ചാത്യാത്ത് എന്നീ പ്രദേശങ്ങള്‍ നാടുവാഴികളായിരുന്ന ചേരാനല്ലൂര്‍ കര്‍ത്താക്കന്മാരുടേതായിരുന്നു. രാമക്കുമാര കൈമളായിരുന്നു അന്നത്തെ നാടുവാഴി. അദ്ദേഹമാണ് രണ്ടു പള്ളികളും നിര്‍മ്മിക്കാനാവശ്യമായ സ്ഥലം സൗജന്യമായി നല്‍കിയത്. അതുകൊണ്ടാണ് രാമക്കുമാര കൈമളിനെ ഈ ഉന്നത സ്ഥാനത്തേക്ക് ഗ്രന്ഥകര്‍ത്താവ് ഉയര്‍ത്തിയിരിക്കുന്നത്. ചരിത്രത്തെ എത്ര നവീനതയോടെയും ആര്‍ജ്ജവത്തോടെയുമാണു ഗ്രന്ഥകര്‍ത്താവ് സമീപിക്കുന്നതെന്നു നോക്കുക. ഇതാണ് ഈ രചനയുടെ മൗലികത. സഭയുടെ സാര്‍വ്വത്രികതയുടെ നിദര്‍ശനം കൂടിയാണിത്.

മത്തെയുസ് പാതിരിയുടെ അന്യാദൃശവും അനിതര സാധാരണവുമായ സംഭാവനകളെ സംബന്ധിച്ച് ഈ കൃതിയുടെ രണ്ടാം ഭാഗത്തില്‍ ആറ് അദ്ധ്യായങ്ങളില്‍ വളരെ വിശദമായി ചര്‍ച്ച ചെയ്യുന്നുണ്ട്. ഹോര്‍ത്തൂസ് മലബാറിക്കൂസിന്റെ ഇംഗ്ലീഷിലേക്കും മലയാളത്തിലേക്കുമുള്ള പരിഭാഷകള്‍ കേരള യൂണിവേഴ്സിറ്റിയുടെ ആഭിമുഖ്യത്തില്‍ ഡോ. കെ. എസ്. മണിലാല്‍ നിര്‍വ്വഹിച്ച കാര്യം ഗ്രന്ഥത്തില്‍ വിവരിക്കുന്നുണ്ട്. എന്നാല്‍ ഈ കൃതിയുടെ രചനയില്‍ മത്തെയുസ് പാതിരി നിര്‍വ്വഹിച്ച നേതൃത്വപരമായ പങ്കാളിത്തം ബോധപൂര്‍വ്വമായി പാര്‍ശ്വവത്ക്കരിക്കപ്പെടുകയും വിസ്മരിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. 2003ല്‍ തന്നെ ഇതിനെതിരെ ഡോ. ജോണ്‍ ഓച്ചന്തുരുത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ വനരോദനങ്ങളായി മാറുകയാണുണ്ടായതെന്നു നമുക്കറിയാം. ഹോര്‍ത്തൂസ് മലബാറിക്കൂസിന്റെ രചനയുടെ മുഖ്യപങ്കാളിത്തം ഇട്ടി അച്ചുതന്‍ വൈദ്യരില്‍ നിക്ഷിപ്തമാക്കിക്കൊണ്ട് കാല്‍ ഡസന്‍ പുസ്തകങ്ങള്‍ എങ്കിലും മലയാളത്തില്‍ പ്രസിദ്ധീകൃതമായിട്ടുണ്ട്. എന്നാല്‍ അതിനെ വേണ്ട വിധത്തില്‍ വ്യാപകമായി പ്രതിരോധിക്കാന്‍ നമുക്കായിട്ടില്ല എന്നത് വസ്തുതയാണ്. (ഹെരിറ്റേജ് കമ്മീഷന്‍, കെ.എല്‍.സി.എച്ച്.എ. എന്നിവയുടെ നേതൃത്വത്തില്‍ നടത്തിക്കൊണ്ടിരിക്കുന്ന ഇടപെടലുകള്‍ ശ്ലാഘനീയങ്ങളാണ്). മത്തെയുസ് പാതിരി രചിച്ച ”വിരിദാരിയും ഓറിയാന്താലെ” എന്ന കൈപ്പുസ്തകത്തെ പരിചയപ്പെടുത്തിക്കൊണ്ട് എത്ര അനായാസമായിട്ടാണ് സ്ഥാപിത താത്പര്യക്കാരുടെ വാദമുഖങ്ങളുടെ മുന ഗ്രന്ഥകര്‍ത്താവ് ഒടിക്കുന്നത്. ഡോ. മണിലാലിന്റെ പരിഭാഷയില്‍ ഉണ്ടായിട്ടുള്ള സ്ഖലിതങ്ങള്‍ എത്ര ലാളിത്യത്തോടെയാണു ഗ്രന്ഥകാരന്‍ ചൂണ്ടിക്കാണിക്കുന്നത്. താപസ നിഷ്ഠയോടെ ഗ്രന്ഥകാരന്‍ നടത്തിയിട്ടുള്ള പഠനങ്ങളും ഇടപെടലുകളും അക്ഷുണ്ണങ്ങളാണ്.മൗലികമായ ഇത്തരം നിരവധി കാര്യങ്ങള്‍ ഈ കൃതിയില്‍ കാണാന്‍ സാധിക്കുമെങ്കിലും ഒരു കാര്യം കൂടി സൂചിപ്പിച്ചുകൊണ്ട് ഈ ആസ്വാദ്യക്കുറിപ്പ് ഉപസംഹരിക്കാമെന്നു കരുതുന്നു. ”പള്ളിക്കൊപ്പം പള്ളിക്കൂടം ഇടയലേഖനം” കേരളത്തിലെ സാംസ്‌കാരിക മണ്ഡലത്തില്‍ ഉണ്ടാക്കിയിട്ടുള്ള പുകിലുകള്‍ വിവരിക്കേണ്ട കാര്യമില്ലല്ലോ. ബെര്‍ണര്‍ദിന്‍ ബച്ചിനെല്ലി പി
താവ് ഈ സര്‍ക്കുലര്‍ 1857ല്‍ എഴുതിയതാണെന്ന കാര്യത്തില്‍ ആവശ്യമായ തെളിവ് ലേഖകന്‍ ഉദ്ധരിക്കുന്നുണ്ട് (പേജ് 133). ഇതിനു മുന്‍പ് 1856ല്‍ പിതാവ് വാക്കാല്‍ നല്‍കിയ കല്‍പ്പനയുടെ കാര്യവും ഈ സര്‍ക്കുലറില്‍ ഉണ്ട്. ഈ വസ്തുത കണ്ടെത്തിയതിനു നിമിത്തമായതിന്റെ അഭിമാനം ലേഖകന്‍ പങ്കുവയ്ക്കുന്നതോടൊപ്പം സിസ്റ്റര്‍ ലൂസി കിണറ്റിങ്കല്‍ സിറ്റിസിയുടെ പങ്കാളിത്തവും ഗ്രന്ഥകര്‍ത്താവ് സ്മരിക്കുന്നുണ്ട് (പേജ് 136). ഏതദ്ദേശീയ സന്ന്യാസിനി സമൂഹത്തിന്റെ സംസ്ഥാപനത്തിനു വേണ്ടി ബച്ചിനെല്ലി പിതാവും ദൈവദാസി മദര്‍ ഏലീശ്വാമ്മയും വഹിച്ച പങ്ക് ചരിത്ര രേഖകളുടെ പിന്‍ബലത്തില്‍ ബലവത്താക്കുന്നുണ്ട്. അസുലഭങ്ങളായ നിരവധി വിവരങ്ങള്‍ ചരിത്രത്തിന്റെ ഏടുകളില്‍ നിന്നും കണ്ടെത്തി പൊതുജനസമക്ഷം സമര്‍പ്പിക്കാന്‍ സാധിക്കുന്നു എന്നതാണു ഗ്രന്ഥകര്‍ത്താവിന്റെ വിജയം. സാധാരണക്കാരായവരില്‍ ചരിത്രബോധം രൂപപ്പെടുത്തുന്നതിനെ ലക്ഷ്യമാക്കിയാണ് ഈ കൃതി രചിച്ചിട്ടുള്ളത്.

ആര്‍ച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിലിന്റെ അവതാരികയും, മോണ്‍. ജോസഫ് പടിയാരംപറമ്പിലിന്റെ ആശംസയും ഈ കൃതിയിലുണ്ട്. സ്വന്തമായിട്ട് തന്നെയാണ് ഈ പുസ്തകം രചയിതാവ് പ്രസിദ്ധീരിച്ചിട്ടുള്ളത്. ചെറുകിട സംരംഭകനായ ജോസഫ് മാനിഷാദ് മഹാമാരി ഉണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധിയുടെ ഇക്കാലത്തും സാഹസികമായി ഈ ദൗത്യം ഏറ്റെടുത്തിരിക്കുന്നത് അദ്ദേഹത്തിന് ചരിത്രത്തോടും സത്യത്തോടുമുള്ള പ്രതിബദ്ധതയാലാണ്. അദ്ദേഹത്തിന് എല്ലാവിധ പ്രോത്സാഹനം നല്‍കുക എന്നത് നാമോരുത്തരുടെയും കടമയാണ്. ഈ ചരിത്രഗ്രന്ഥത്തിനു പ്രചുരപ്രചാരം സിദ്ധിക്കട്ടെയെന്ന് ആശംസിക്കുന്നു.


Related Articles

സുഗതകുമാരി ടീച്ചറിന്‍റെ ആകസ്മിക നിര്യാണത്തില്‍ അനുശോചനം അറിയിച്ച് ആർച്ച് ബിഷപ്പ് സൂസെപാക്യം

  പ്രശസ്ത കവിയത്രിയും പരിസ്ഥിതി പ്രവര്‍ത്തകയുമായ സുഗതകുമാരി ടീച്ചറിന്‍റെ ആകസ്മിക നിര്യാണത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. പ്രകൃതിയോടും മനുഷ്യരോടും കരുണയും സ്നേഹവും എന്നും ഹൃദയത്തില്‍ സൂക്ഷിച്ചിരുന്ന ടീച്ചറിന്‍റെ

പാവങ്ങളുടെ ദിനം ആചരിച്ചു

കൊച്ചി: ഫ്രാന്‍സിസ് പാപ്പയുടെ ആഹ്വാനം അനുസരിച്ച് ആഗോളതലത്തില്‍ നടത്തപ്പെടുന്ന പാവങ്ങളുടെ ദിനം കൊച്ചി രൂപത ആചരിച്ചു. ‘എളിയവന്‍ നിലവിളിച്ചു കര്‍ത്താവു കേട്ടു’ എന്ന ദൈവവചനമായിരുന്നു ഈ വര്‍ഷത്തെ

സംസ്ഥാനത്തെ സ്‌ക്കൂളുകള്‍ തുറക്കും: എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ മാര്‍ച്ച് 17 മുതല്‍

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌ക്കൂളുകള്‍ തുറക്കാന്‍ ഉന്നതതല യോഗത്തില്‍ ധാരണയായി. എസ്എസ്എല്‍സി, പ്ലസ്ടു ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌ക്കൂളുകളിലെത്താന്‍ യോഗത്തില്‍ തീരുമാനിച്ചു.ജനുവരി ഒന്നു മുതല്‍ സംസ്ഥാനത്ത് ഭാഗികമായി സ്‌ക്കൂളുകള്‍ക്ക് പ്രവര്‍ത്തിച്ചു

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*