Breaking News

വരാപ്പുഴ: കര്‍മലീത്താ പൈതൃകത്തിന്റെ പുണ്യസങ്കേതം

വരാപ്പുഴ: കര്‍മലീത്താ പൈതൃകത്തിന്റെ പുണ്യസങ്കേതം


ഒരു നാടിന്റെ നവോത്ഥാനത്തിനു പിന്നില്‍ പരിവ്രാജകരായ അനേക മഹത്തുക്കളുടെ മുറിവേറ്റ പതിഞ്ഞ കാല്പാടുകള്‍ കാണാം. കൂനന്‍ കുരിശു ശപഥത്തിനുശേഷം മലയാളക്കരയിലെ സഭയില്‍ നിലനിന്ന കലുഷിതാവസ്ഥയില്‍ റോമില്‍ നിന്ന് അനുരഞ്ജനദൗത്യത്തിനായുള്ള അപ്പസ്‌തോലിക കമ്മിസറിയായി നിയോഗിക്കപ്പെട്ട വിശുദ്ധ മറിയത്തിന്റെ ജോസഫ് സെബസ്ത്യാനി എന്ന ഇറ്റലിക്കാരനായ കര്‍മലീത്താ പ്രേഷിതന്‍ 1657 ഫെബ്രുവരി 22ന് മലബാറില്‍ എത്തിച്ചേര്‍ന്നു. മലബാര്‍ വികാരിയാത്തിന്റെ പ്രഥമ വികാരി അപ്പസ്‌തോലിക്കയും കൊടുങ്ങല്ലൂര്‍ രൂപതയുടെ അഡ്മിനിസ്‌ട്രേറ്ററുമായി അദ്ദേഹത്തെ അലക്‌സാണ്ടര്‍ ഏഴാമന്‍ പാപ്പാ നിയമിച്ചതോടെയാണ് കേരളത്തില്‍ റോമിലെ പരിശുദ്ധ സിംഹാസനത്തിന്റെ കീഴിലുള്ള പ്രൊപ്പഗാന്ത തിരുസംഘത്തിന്റെ കീഴില്‍ മൂന്നു നൂറ്റാണ്ടോളം നീണ്ട കര്‍മലീത്താ മിഷനറി സഭാമേലധ്യക്ഷന്മാരുടെ അജപാലനശുശ്രൂഷ തുടങ്ങുന്നത്.
കത്തോലിക്കരോട് കടുത്ത വിരോധം പ്രകടിപ്പിച്ചിരുന്ന പ്രൊട്ടസ്റ്റന്റുകാരായ ഡച്ചുകാര്‍ പോര്‍ച്ചുഗീസുകാരില്‍ നിന്നു കൊച്ചി പിടിച്ചെടുത്തതോടെ മോണ്‍. സെബസ്ത്യാനി ഉള്‍പ്പെടെ കത്തോലിക്കാ മിഷനറിമാര്‍ക്കും നാടുവിടേണ്ടിവന്നു. തദ്ദേശീയനായ പറമ്പില്‍ ചാണ്ടി കത്തനാരെ (അലക്‌സാണ്ടര്‍ ദെ കാംപോ) മെത്രാനും വികാരി അപ്പസ്‌തോലിക്കയുമായി വാഴിച്ചുകൊണ്ടാണ് സെബസ്ത്യാനി മടങ്ങിപ്പോയത്. തന്നോടൊപ്പം മലബാറിലെത്തിയ സംഘത്തിലുണ്ടായിരുന്ന നേപ്പിള്‍സ് സ്വദേശിയായ ഫാ. മത്തേവൂസ് ഓഫ് സെന്റ് ജോസഫ് എന്ന കര്‍മലീത്താ സന്ന്യാസിയെ മിഷന്റെ മേലധികാരിയും പറമ്പില്‍ ചാണ്ടി മെത്രാന്റെ ഉപദേഷ്ടാവുമായി നിയമിച്ചിരുന്നു. സസ്യശാസ്ത്രത്തില്‍ നിപുണനായിരുന്ന ഫാ. മത്തേവൂസ് ഇതേ ശാസ്ത്രശാഖയില്‍ ഏറെ തല്പരനായിരുന്ന കൊച്ചിയിലെ ഡച്ച് ഗവര്‍ണര്‍ ഹെന്‍ഡ്രിക് വാന്‍ റീഡിന്റെ സ്‌നേഹാദരങ്ങള്‍ക്കു പാത്രമായി. ആ സ്‌നേഹബന്ധത്തില്‍ നിന്ന് ഉടലെടുത്തതാണ് ‘ഹോര്‍ത്തൂസ് മലബാറിക്കൂസ്’ എന്ന 12 വാല്യങ്ങളുള്ള വിഖ്യാത സസ്യശാസ്ത്രഗ്രന്ഥം. ലത്തീന്‍ ഭാഷയില്‍ രചിച്ച് കേരളത്തിലെ ഔഷധസസ്യങ്ങള്‍ ഉള്‍പ്പെടെയുള്ള വൃക്ഷലതാദികളുടെ വിശദമായ ചിത്രങ്ങളും മലയാളം, അറബി, ദേവനാഗരി ഭാഷയിലുള്ള വിവരണങ്ങളും സഹിതം ഫാ. മത്തേവൂസ് സമര്‍പ്പിച്ച ബൃഹത്തായ രചന ആംസ്റ്റര്‍ഡാമിലാണ് അച്ചടിക്കപ്പെട്ടത്. ഗവര്‍ണര്‍ വാന്‍ റീഡ് നന്ദിസൂചകമായി ഫാ. മത്തേവൂസിന് ചാത്യാത്തും വരാപ്പുഴയിലും ദൈവാലയങ്ങള്‍ നിര്‍മ്മിക്കാന്‍ 1673-ല്‍ അനുമതി നല്കി. ഈ അനുവാദത്തിന്റെ ശാശ്വതസ്മാരകമായി നല്കപ്പെട്ട 11 ഇഞ്ച് നീളവും ഒന്നര ഇഞ്ച് വീതിയുമുള്ള ചെമ്പോട് ഇരുദൈവാലയങ്ങളിലും ഇന്നും സൂക്ഷിക്കപ്പെടുന്നു.
മലബാറിലെ കര്‍മലീത്താ മിഷനറി ശുശ്രൂഷയുടെ ആസ്ഥാനമായി മാറിയ വരാപ്പുഴ ദ്വീപില്‍ കര്‍മ്മലമാതാവിന്റെ നാമധേയത്തില്‍ നിര്‍മിച്ച ദൈവാലയത്തിന്റെ നീളം 60 അടിയും വീതി 38 അടിയുമായിരുന്നു. ദൈവാലയത്തോടനുബന്ധിച്ച് ഫാ. മത്തേവൂസ് കര്‍മലീത്താ ആശ്രമവും സെമിനാരിയും പണിതീര്‍ത്തു. പുഴയുടെ കരകളില്‍ ഒരേ വര്‍ഷം നിര്‍മ്മിതമായ രണ്ടു ദൈവാലയങ്ങള്‍ക്കും സ്ഥലം അനുവദിച്ചത് ചേരാനല്ലൂര്‍ കര്‍ത്താവാണ്.
1700 ഫെബ്രുവരി 21ന് മലബാറിന്റെ വികാരി അപ്പസ്‌തോലിക്കയായി വരാപ്പുഴ സെമിനാരി റെക്ടറായിരുന്ന ആഞ്ചലോ ഫ്രാന്‍സിസ് ഓഫ് സെന്റ് തെരേസ ഒസിഡിയെ പാപ്പാ നിയമിച്ചു. വരാപ്പുഴ ദൈവാലയം വികാരിയാത്തിന്റെ കത്തീഡ്രല്‍ ആവുകയും വരാപ്പുഴ കര്‍മ്മലീത്ത ആശ്രമം മെത്രാന്റെ ഭരണകേന്ദ്രവുമായി തീരുകയും ചെയ്തു. 1709-ല്‍ മലബാര്‍ വികാരിയത്ത് വരാപ്പുഴ വികാരിയത്തായി പുനര്‍നാമകരണം ചെയ്യപ്പെട്ടു.
ഒന്നരനൂറ്റാണ്ട് പിന്നിട്ട ദൈവാലയത്തിന്റെ താഴികക്കുടം കാലഹരണപ്പെട്ടതിനാല്‍ 1803-ല്‍ അത് നീക്കി കൂടുതല്‍ ഉയരവും വിസ്താരവുമുള്ള മറ്റൊരു താഴികക്കുടം പണികഴിപ്പിച്ചു. 1833ല്‍ വികാരിയായിരുന്ന മോണ്‍. ബെര്‍ണര്‍ദീന്‍ ബച്ചിനെല്ലി ഓഫ് സെന്റ് തെരേസ ഒസിഡി (പിന്നീട് വികാരി അപ്പസ്‌തോലിക്കയും മെത്രാപ്പോലീത്തയും) അള്‍ത്താരയുടെയും വളവുമച്ചിന്റെയും പുതുക്കല്‍ വിവിധ അലങ്കാരങ്ങളോടെയും ചിത്രപ്പണികളോടെയും നടത്തി. ഇടവകജനങ്ങളുടെ അംഗസംഖ്യ വര്‍ദ്ധിച്ചതോടെ വര്‍ഷങ്ങള്‍ക്കുശേഷം ഫാ. പൊലിക്കാര്‍പ് ഒസിഡി പള്ളിയുടെ പാര്‍ശ്വഭാഗങ്ങള്‍ക്ക് വീതികൂട്ടി. 1870ല്‍ ലെയൊണാര്‍ഡ് മെല്ലാനോ മെത്രാപ്പോലീത്ത തന്റെ താമസം മഞ്ഞുമ്മലേക്ക് മാറ്റുന്നതുവരെ 170 വര്‍ഷം 12 കര്‍മ്മലീത്താ മെത്രാന്മാരും വരാപ്പുഴയില്‍ താമസിച്ചുകൊണ്ടാണ് വികാരിയത്തിന്റെ ഭരണം നടത്തിയിരുന്നത്.
കാലപ്പഴക്കത്തിന്റെ ജീര്‍ണതയും കാലവര്‍ഷത്തിന്റെ കെടുതിയും മേല്‍ക്കൂരയിലെ വിള്ളലും നിമിത്തം 1920 ഓഗസ്റ്റ് 3-ാം തീയതി 10 മണിക്ക് അതിമനോഹരമായ ഈ ദൈവാലയം തകര്‍ന്നുവീണു. പുതിയ ദൈവാലയം പൂര്‍ത്തിയാകുന്നതുവരെ ആശ്രമദൈവാലയത്തിലായിരുന്നു ദിവ്യബലിയും മറ്റ് അനുഷ്ഠാനങ്ങളും നടത്തിയിരുന്നത്.
ലെയൊണാര്‍ഡ് മെല്ലാനോ മെത്രാപ്പോലീത്തയുടെ പിന്‍ഗാമിയായി 1896ല്‍ ചുമതലയേറ്റ ബര്‍ണാര്‍ഡ് അര്‍ഗുയിന്‍സോണിസ് മെത്രാപ്പോലീത്ത വരാപ്പുഴയിലെ മെത്രാസനമന്ദിരം എറണാകുളത്തേക്ക് മാറ്റാന്‍ തീരുമാനിക്കുകയും അനുവാദത്തിനായി പ്രൊപ്പഗാന്ത ഫീദെയ്ക്ക് എഴുതുകയും ചെയ്തു. പ്രൊപ്പഗാന്ത തിരുസംഘത്തിന്റെ ശുപാര്‍ശപ്രകാരം പത്താം പീയൂസ് പാപ്പാ 1904 ഡിസംബര്‍ 29നു പേപ്പല്‍ ഡിക്രി വഴി അതിന് അനുമതി നല്‍കി. അങ്ങനെ വരാപ്പുഴ അതിരൂപതയുടെ മെത്രാസനമന്ദിരം എറണാകുളത്തേക്ക് മാറ്റപ്പെട്ടു.
1921 ഡിസംബര്‍ 27ന് എയ്ഞ്ചല്‍ മേരി മെത്രാപ്പോലീത്ത വരാപ്പുഴയില്‍ പുതിയ ദൈവാലയത്തിന്റെ ശിലാസ്ഥാപനം നിര്‍വ്വഹിച്ചു. ശില്പശാസ്ത്രവിദഗ്ദ്ധനായ ബ്രദര്‍ ലിയോ ഒസിഡിയെ നിര്‍മ്മാണച്ചുമതല ഏല്പിച്ചു. 107 അടി നീളവും നാല്പത്തിയാറര അടി വീതിയുമുള്ള, ഇരുവശവും കോണ്‍ക്രീറ്റു തൂണുകളാല്‍ താങ്ങപ്പെട്ട ഈ ദൈവാലയത്തിന് അതിമനോഹരങ്ങളായ ഒന്‍പത് ഗോത്തിക്ക് ആര്‍ച്ചുകള്‍ ഉണ്ട്. ശില്പവൈദഗ്ദ്ധ്യത്തിന്റെ വൈശിഷ്ട്യം പ്രകീര്‍ത്തിക്കുന്നതാണ് ദൈവാലയത്തിന്റെ മുഖപ്പ്. മുഖവാരത്ത് മൂന്നടി പൊക്കമുള്ള ഒരു പീഠത്തിന്മേല്‍ ഉണ്ണീശോയെ കരത്തിലേന്തി നില്ക്കുന്ന ഒന്‍പത് അടി ഉയരമുള്ള വിശുദ്ധ യൗസേപ്പിതാവിന്റെ തിരുസ്വരൂപം വരാപ്പുഴ ഇടവകയെ മുഴുവനായും തന്റെ സംരക്ഷണത്തില്‍ നിലനിര്‍ത്തുന്നു.
1936ല്‍ എറണാകുളത്തെ സെന്റ് ഫ്രാന്‍സിസ് ഓഫ് അസീസി ദൈവാലയം അതിരൂപതയുടെ കത്തീഡ്രല്‍ ദൈവാലയമായി ഉയര്‍ത്തുന്നതുവരെ വരാപ്പുഴ ദൈവാലയം കത്തീഡ്രല്‍ ദൈവാലയമായിത്തന്നെ തുടര്‍ന്നു. പ്രൊപ്പഗാന്ത ഫീദെ 1922ല്‍ ഇറക്കിയ ഡിക്രിപ്രകാരം (ജൃീള. ചീ. 1603/21 ജനുവരി 4) വരാപ്പുഴ ദൈവാലയം സമ്പൂര്‍ണ നിയമസാധുതയോടെ (ുഹലിീ ഷൗൃല) കര്‍മ്മലീത്ത ആശ്രമത്തിന്റെ സ്വത്തായി പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നു. വസ്തുക്കള്‍ സംബന്ധമായി ജനങ്ങളും അതിരൂപതയും കര്‍മ്മലീത്താസഭയും തമ്മില്‍ തര്‍ക്കങ്ങള്‍ ഉയരുകയും അതിന്റെ തീര്‍പ്പിനായി റോം ഒരു വിസിറ്ററെ നിയമിക്കുകയും വിസിറ്ററുടെ തീരുമാനപ്രകാരം വരാപ്പുഴ കത്തീഡ്രല്‍ ദൈവാലയവും അതിനോടനുബന്ധിച്ചുള്ള എല്ലാ സ്ഥാവരജംഗമവസ്തുക്കളും കര്‍മ്മലീത്താസമൂഹത്തിന് അവകാശപ്പെട്ടതാണെന്ന് വിധിക്കുകയും ചെയ്തു. ഫാ. ബര്‍ണാര്‍ഡിന്‍ വിഗ്ല ഒസിഡിയായിരുന്നു വിസിറ്റര്‍. ചാത്യാത്തും കൊടുങ്ങല്ലൂരുമുള്ള സ്വത്തുക്കളെ സംബന്ധിച്ച് വിസിറ്റര്‍ തീര്‍പ്പു കല്പിച്ചു. അങ്ങനെ 236 വര്‍ഷം കത്തീഡ്രല്‍ ദൈവാലയമായി പരിലസിച്ച വരാപ്പുഴ ദൈവാലയം ആ വര്‍ഷം മുതല്‍ ഒരു ഇടവകപ്പള്ളിയായി മാറി. ഇന്ന് ഈ ഇടവക ദൈവാലയവും ആശ്രമവും അതുമായി ബന്ധപ്പെട്ട വസ്തുവകകളും കര്‍മ്മലീത്ത മഞ്ഞുമ്മല്‍ പ്രൊവിന്‍സിന്റെ സംരക്ഷണയിലും വരാപ്പുഴ ആശ്രമത്തിന്റെ നേതൃത്വത്തിലുമാണ്.
ചിരപുരാതനവും പാരമ്പര്യത്തിന്റെ മഹനീയതയും പ്രഘോഷിച്ച് തലയെടുപ്പോടെ നില്ക്കുന്ന ഈ ദൈവാലയത്തിന്റെ നവീകരണം ഇപ്പോള്‍ നടത്തിയിരിക്കുന്നത് പഴമ നിലനിര്‍ത്തിക്കൊണ്ടുതന്നെയാണ്. പൗരാണികതയുടെ പ്രൗഢിയും ആധുനികതയുടെ സ്വരലയനവും ഇഴുകിച്ചേര്‍ന്നപ്പോള്‍ സ്വര്‍ഗത്തിന്റെ സ്വപ്‌നം സാക്ഷാത്ക്കരിക്കപ്പെട്ട സന്തോഷപൂര്‍ണിമയിലാണ് ഇടവകമക്കള്‍. ഈ ദൈവാലയനവീകരണപ്രവര്‍ത്തനത്തിനായി മഞ്ഞുമ്മല്‍ പ്രൊവിന്‍സില്‍നിന്നു നിര്‍ലോപമായ ധനസഹായവും പിന്തുണയും ഇടവകജനങ്ങളുടെ കൂട്ടായ പരിശ്രമവും സംഭാവനയും ഏറെ ശ്ലാഘനീയംതന്നെ.
വിശുദ്ധജീവിതം നയിച്ച് ഇവിടെ നിത്യവിശ്രമംകൊള്ളുന്ന മെത്രാന്മാരുള്‍പ്പെടെ 28 മിഷണറിമാരുടെയും ഇവിടെ വന്ന് ക്രിസ്തീയവിശ്വാസം മാത്രമല്ല, മലയാളഭാഷക്കുതന്നെ സംഭാവനകള്‍ പകര്‍ന്ന മറ്റ് അനേകം മിഷണറിമാരുടെയും മങ്ങാത്ത ഓര്‍മ്മകള്‍ നമ്മെ വിശ്വാസതീക്ഷ്ണതയില്‍ വളരാന്‍ പ്രാപ്തമാക്കട്ടെ. കൃപാവരങ്ങളുടെ സമൃദ്ധി നിറഞ്ഞുനില്ക്കുന്ന ഈ ദൈവാലയം ഭാവിയില്‍ ഒരു ബസിലിക്കയായി ഉയരുമ്പോള്‍ വരാപ്പുഴ അതിരൂപതയുടെ ഖ്യാതി ഇനിയും ലോകമെങ്ങും പരക്കട്ടെ. കര്‍മ്മലീത്ത മിഷനറിമാരുടെ ത്യാഗോജ്ജ്വലമായ സേവനം പുതുതലമുറക്ക് വഴിവിളക്കാകട്ടെ.
സമ്പാദകന്‍
ഏയ്ഞ്ചല്‍ മേരി വരാപ്പുഴ


Related Articles

തൂത്തുക്കുടി വെടിവെപ്പിൽ കെ. ആർ.എൽ. സി. സി അപലപിച്ചു

ലത്തീൻ കത്തോലിക്കരായ മത്സ്യത്തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന തൂത്തുക്കുടിയിലെ സ്റ്റാർലൈറ്റ് ചെമ്പ് ശുദ്ധീകരണ ശാല പരിസ്ഥിതി മലിനീകരണത്തെ തുടർന്ന് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് പ്രതിഷേധിച്ചവർക്കുനേരെ പോലീസ് വെടിവെപ്പിൽ 12 പേർ കൊല്ലപ്പെട്ടിരുന്നു. രാഷ്ട്രപതിക്കും

ക്യാമ്പുകളുടെ നിയന്ത്രണം ജില്ലാ ഭരണകൂടം ഏറ്റെടുത്തു

തീവ്രശുചീകരണയത്‌നത്തിന് തുടക്കം കൊച്ചി: ജില്ലയില്‍ വിവിധ സ്ഥലങ്ങളിലായി തുറന്ന ദുരിതാശ്വാസ ക്യാമ്പുകളുടെ സമ്പൂര്‍ണ നിയന്ത്രണം ജില്ലാ ഭരണകൂടം ഏറ്റെടുത്തു. താലൂക്ക് തലത്തില്‍ തഹസില്‍ദാര്‍മാര്‍ക്കും വില്ലേജ്തലത്തില്‍ വില്ലേജ് ഓഫീസര്‍മാര്‍ക്കുമാണ്

”ചരിത്രവും സാംസ്‌കാരിക പൈതൃകവും നിലനില്പിന്റെ ഉപാധികള്‍”

എറണാകുളം: സംസ്ഥാനത്ത് നവോത്ഥാന ചരിത്രത്തിന് പുതിയ അവകാശികള്‍ ഉടലെടുത്തുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സഭയുടെയും സമുദായത്തിന്റെയും ചരിത്രവും സാംസ്‌കാരിക പൈതൃകവും കാത്തുപാലിക്കേണ്ടത് സാമൂഹിക നിലനില്പിനും സ്വത്വബോധത്തിന്റെ വളര്‍ച്ചയ്ക്കും അത്യന്താപേക്ഷിതമാണെന്ന് വരാപ്പുഴ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*