വരാപ്പുഴ: കര്‍മ്മലീത്താ മിഷണറിമാരുടെ കേന്ദ്രം

വരാപ്പുഴ: കര്‍മ്മലീത്താ മിഷണറിമാരുടെ കേന്ദ്രം

ഡോ. ഫ്രാന്‍സിസ് പേരേപ്പറമ്പില്‍ ഒസിഡി

1599-ല്‍ ഗോവ മെത്രാപ്പോലീത്തയുടെ നേതൃത്വത്തില്‍ നടന്ന ഉദയംപേരൂര്‍ സൂനഹദോസിനുശേഷം കേരളസഭയില്‍ ഏറെ പരിവര്‍ത്തനങ്ങള്‍ നടന്നു. അതുവരെ ഹൈന്ദവ ആചാരാനുഷ്ഠാനങ്ങളില്‍ മുങ്ങിക്കിടന്നിരുന്ന കേരള ക്രൈസ്തവരെ യഥാര്‍ത്ഥ ക്രൈസ്തവ ജീവിതത്തിലേക്ക് കൊണ്ടുവരാനുള്ള ഒരു ആസൂത്രിത തന്ത്രമായിരുന്നു ഈ സൂനഹദോസ്. 12-ാം നൂറ്റാണ്ടോടുകൂടി ഇവിടെ നടന്ന ബ്രാഹ്‌മണ കുടിയേറ്റത്തോടെ സവര്‍ണാവര്‍ണ ഭേദം ഹൈന്ദവരോടൊപ്പം ക്രൈസ്തവരിലും അടിച്ചേല്‍പ്പിക്കപ്പെട്ടപ്പോള്‍ കേരള ക്രൈസ്തവര്‍ സവര്‍ണ ഭാഗത്തെത്തി. വിശ്വാസത്തില്‍ നെസ്‌തോറിയന്‍ പാഷണ്ഡതയും ആചാരങ്ങളില്‍ ഹൈന്ദവത്വവും പുലര്‍ത്തിയിരുന്ന കേരള ക്രൈസ്തവരെ റോമാസഭയുടെ കീഴില്‍ കൊണ്ടുവരാനുള്ള അശ്രാന്ത പരിശ്രമമാണ് പാശ്ചാത്യ മിഷണറിമാര്‍ ചെയ്തത്. പാഷണ്ഡതയും പ്രാകൃതാചാരങ്ങളും ഉന്മൂലനം ചെയ്യാനുള്ള ഇവരുടെ ശ്രമങ്ങള്‍ ദോഷൈകദൃഷ്ടിയോടെ വീക്ഷിച്ചിരുന്ന ഒരു വിഭാഗം കേരള ക്രൈസ്തവര്‍ പാശ്ചാത്യ മിഷണറിമാര്‍ക്കെതിരെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. അതിന്റെ പരിണതഫലമായിരുന്നു 1653-ല്‍ നടന്ന ‘കൂനന്‍കുരിശു ശപഥം.’ ഇതിന്റെ ഫലമായുണ്ടായ വിഭജനത്തില്‍ ഒരു വിഭാഗം റോമിന്റെ മേല്‍ക്കോയ്മ അംഗീകരിക്കുകയും മറ്റേ വിഭാഗം പൗരസ്ത്യ പാത്രിയാര്‍ക്കീസിനോട് വിധേയത്വം പ്രഖ്യാപിക്കുകയും ചെയ്തു.
ഈ സാഹചര്യത്തിലാണ് റോം കേരളസഭാ പ്രശ്‌നങ്ങളില്‍ നേരിട്ടിടപെടുന്നത്. അന്ന് കേരള ക്രൈസ്തവരുടെ പ്രാദേശിക തലവന്‍ ‘ജാതിക്കു കര്‍ത്തവ്യന്‍’ അല്ലെങ്കില്‍ ആര്‍ച്ച്ഡീക്കന്‍ ആയിരുന്നു. കേരള സഭാ പ്രശ്‌നങ്ങളെക്കുറിച്ച് അദ്ദേഹം റോമിലേക്കെഴുതിയ പരാതികളില്‍ കര്‍മ്മലീത്താ സഭാംഗങ്ങളെക്കുറിച്ച് പ്രത്യേകം പരാമര്‍ശിച്ചിരുന്നു. അതിനാല്‍ സഭാപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് കര്‍മ്മലീത്താ ഒന്നാം സഭ മിഷണറിമാരെ കേരളത്തിലേക്കയക്കാന്‍ 1656-ല്‍ പ്രൊപ്പഗാന്താ തിരുസംഘം തീരുമാനിക്കുകയും അന്നത്തെ പാപ്പായായിരുന്ന അലക്‌സാണ്ടര്‍ ഏഴാമന്‍ രണ്ട് അപ്പസ്‌തോലിക് കമ്മീസറികളെ രണ്ടു മാര്‍ഗങ്ങളിലൂടെ കേരളത്തിലേക്ക് അയയ്ക്കുകയും ചെയ്തു. ഒന്നാമത്തെ സംഘം ഫാ. ഹൈസിന്ത് ഓഫ് സെന്റ് വിന്‍സെന്റിന്റെ നേതൃത്വത്തില്‍ ലിസ്ബണ്‍, ഗോവ വഴിയും രണ്ടാമത്തെ സംഘം ഫാ. ജോസഫ് ഓഫ് മേരി (സെബസ്ത്യാനി)യുടെ നേതൃത്വത്തില്‍ സിറിയ, ഇറാക്ക് വഴിയും ഭാരതത്തിലേക്ക് യാത്രതിരിച്ചു. ഏറെ നീണ്ടതും സാഹസികവുമായ യാത്രയ്ക്കുശേഷം സെബസ്ത്യാനിയും സംഘവും 1657 ഫെബ്രുവരിയില്‍ കേരളത്തില്‍ ആദ്യം എത്തിച്ചേര്‍ന്നു. ഏറെ നാളത്തെ ഊര്‍ജസ്വലവും കര്‍മ്മോദ്യുക്തവുമായ പ്രവര്‍ത്തനത്തിന്റെ ഫലമായി, വിഘടിച്ചുനിന്ന ഭൂരിഭാഗം ക്രിസ്ത്യാനികളെയും റോമിന്റെ കീഴിലേക്കു തിരികെകൊണ്ടുവരാന്‍ അവര്‍ക്ക് സാധിച്ചു. 1658 ജനുവരിയില്‍ സെബസ്ത്യാനി റോമിലേക്ക് തിരിച്ചുപോവുകയും കേരളത്തിലെ തന്റെ പ്രവര്‍ത്തനഫലങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. ഏറെ താമസിയാതെ അദ്ദേഹത്തെ കേരള ക്രൈസ്തവരുടെ മെത്രാനായി വാഴിച്ച് പാപ്പാ കേരളത്തിലേക്ക് തിരിച്ചയച്ചു. അങ്ങനെ മൂന്നു നൂറ്റാണ്ടോളം നീളുന്ന കര്‍മ്മലീത്താ മിഷണറി പ്രവര്‍ത്തനങ്ങള്‍ക്ക് കേരളത്തില്‍ ആരംഭം കുറിച്ചു (1).
കര്‍മ്മലീത്താ മിഷണറിമാര്‍ കേരളത്തില്‍ എത്തിച്ചേര്‍ന്നതിനുശേഷം 15 വര്‍ഷത്തോളം അവര്‍ക്ക് പ്രത്യേക ആസ്ഥാനമോ ആശ്രമമോ ഉണ്ടായിരുന്നില്ല. വിഘടിച്ചുനിന്ന കേരള ക്രൈസ്തവരുടെ പുനരൈക്യപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന അവര്‍ കേരളത്തിലങ്ങോളമിങ്ങോളം യാത്ര ചെയ്യുകയും പോര്‍ച്ചുഗീസുകാരുടെയും സുറിയാനിക്കാരുടെയും ദേവാലയങ്ങളില്‍ താമസിക്കുകയും ചെയ്തു. 1662-ല്‍ ഡച്ചുകാര്‍ കൊച്ചിയും മറ്റ് പോര്‍ച്ചുഗീസ് അധീനസ്ഥലങ്ങളും കൈവശപ്പെടുത്തുന്നതുവരെ കര്‍മ്മലീത്താ മിഷണറിമാര്‍ കേരളത്തിലുടനീളം ചുറ്റിനടന്ന് പുനരൈക്യപ്രവര്‍ത്തനങ്ങള്‍ സുഗമമായി നടത്തിപ്പോന്നു. എന്നാല്‍ ഡച്ചുകാര്‍ കത്തോലിക്കാ വിരുദ്ധരായ പ്രൊട്ടസ്റ്റന്റ് മതഭ്രാന്തന്മാരായിരുന്നതുകൊണ്ട് യൂറോപ്യന്‍ മിഷണറിമാര്‍ക്ക് വളരെ വിഷമങ്ങളും വിഘ്‌നങ്ങളും നേരിടേണ്ടിവന്നു. തല്‍ഫലമായി ബിഷപ് സെബസ്ത്യാനിക്ക് യൂറോപ്പിലേക്ക് മടങ്ങിപ്പോകേണ്ടതായി വന്നു. തിരിച്ചുപോകുന്നതിനു മുമ്പ് നാട്ടുവൈദികനായ പറമ്പില്‍ ചാണ്ടിയെ മെത്രാനായി വാഴിക്കുകയും മിഷന്റെ മേലധികാരിയായി ഫാദര്‍ മത്തേവൂസ് ഓഫ് സെന്റ് ജോസഫ് എന്ന കര്‍മ്മലീത്താ മിഷണറിയെ നിയമിക്കുകയും ചെയ്തു. സസ്യശാസ്ത്രത്തില്‍ വളരെ നിപുണനായിരുന്ന ഫാ. മത്തേവൂസ് ഇതേ ശാസ്ത്രശാഖയില്‍ ഏറെ പരിജ്ഞാനമുണ്ടായിരുന്ന കൊച്ചിയിലെ ഡച്ച് ഗവര്‍ണര്‍ ഹെന്‍ഡ്രിക് ആഡ്രിയാന്‍ വാന്‍ റീഡിന്റെ സ്‌നേഹാദരവും നേടിയെടുത്തു. തല്‍ഫലമായി എറണാകുളത്തിനടുത്തുള്ള ചാത്യാത്ത് ഒരു പള്ളി പണിയിക്കുവാനുള്ള അനുവാദം ഡച്ച് ഗവര്‍ണര്‍ ഇദ്ദേഹത്തിനു നല്‍കി. അന്നത്തെ വികാര്‍ അപ്പസ്‌തോലിക് ആയിരുന്ന പറമ്പില്‍ ചാണ്ടി മെത്രാന്‍ ഈ ദേവാലയത്തെ തന്റെ അധികാരപരിധിയില്‍ നിന്ന് ഒഴിവാക്കുകയും കര്‍മ്മലീത്താ മിഷണറിമാരുടെ പൂര്‍ണ മേല്‍നോട്ടത്തില്‍ വിടുകയും ചെയ്തു. അങ്ങനെ 1673-ല്‍ കര്‍മ്മലീത്താ മിഷണറിമാരുടെ ആദ്യത്തെ ദേവാലയം ചാത്യാത്ത് നിലവില്‍ വന്നു.
മിഷണറിമാരുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാന്‍ അന്നത്തെ സാഹചര്യത്തില്‍ ചാത്യാത്തിനെക്കാള്‍ ഉചിതമായ സ്ഥലം വരാപ്പുഴയായിരിക്കും എന്ന് ഫാ. മത്തേവൂസ് മനസിലാക്കുകയും 1673-ല്‍ തന്നെ മറ്റൊരു ദേവാലയം പണിയുകയും ചെയ്തു. താമസിയാതെ ഈ ദേവാലയത്തോടനുബന്ധിച്ച് ഒരാശ്രമം പണിയുകയും ഇത് കേരളത്തിലെ കര്‍മ്മലീത്താ മിഷണറിമാരുടെ കേന്ദ്രസ്ഥാനമായി മാറുകയും ചെയ്തു. 1675-ല്‍ ഒരു സെമിനാരിയും ഇവിടെ സ്ഥാപിക്കപ്പെട്ടു. ഈ സെമിനാരിയാണ് പില്‍ക്കാലത്ത് പുത്തന്‍പള്ളിയിലേക്ക് മാറ്റുകയും പിന്നീട് ഇന്നത്തെ ആലുവാ സെമിനാരിയായി പരിണമിക്കുകയും ചെയ്തത്.
 വരാപ്പുഴ ദേവാലയ സ്ഥാപനത്തെക്കുറിച്ച് വ്യത്യസ്തമായ അഭിപ്രായങ്ങളാണ് ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുള്ളത്. പൗളിനോസ് പാതിരിയുടെ ‘ഇന്ത്യ ഓറിയെന്താലിസ് ക്രിസ്ത്യാന’ എന്ന ഗ്രന്ഥത്തില്‍ എഴുതിയിരിക്കുന്നത് ‘ നിഷ്പാദുക കര്‍മ്മലീത്താസഭാ സന്ന്യാസികള്‍ കൊച്ചിയില്‍ നിന്ന് ഏകദേശം 15 കി.മീ വടക്കുകിഴക്കായി സ്ഥിതിചെയ്യുന്ന വരാപ്പുഴയില്‍ (ബൊറാ പൊലിയത്ത്) കൊല്ലവര്‍ഷം 850-ല്‍ അതായത് ക്രിസ്തുവര്‍ഷം 1675-ല്‍ തട്ടാരശ്ശേരിപറമ്പ് എന്നറിയപ്പെടുന്ന തെങ്ങുകള്‍ ഇടതൂര്‍ന്നുവളരുന്ന ഒരു വളപ്പില്‍ മറ്റൊരു ദേവാലയവും സെമിനാരിയും നിര്‍മ്മിക്കുകയുണ്ടായി” (2)  എന്നാണ്. കൊച്ചി രാജാവിന്റെ അധീനതയിലുണ്ടായിരുന്ന ഈ തട്ടാരശ്ശേരി പറമ്പിലെ എല്ലാ കരനികുതികളില്‍ നിന്നും മറ്റ് ബാധ്യതകളില്‍ നിന്നും ഒഴിവാക്കിക്കൊണ്ട് രാജാവുതന്നെ കല്പന പുറപ്പെടുവിച്ചിട്ടുണ്ടെന്ന് മറ്റൊരു ഗ്രന്ഥത്തില്‍ പൗളിനോസ് പാതിരി രേഖപ്പെടുത്തിയിട്ടുണ്ട് (3). മലയാളഭാഷാ നിപുണനും ചരിത്രകാരനുമായിരുന്ന മര്‍സലീനോസ് മെത്രാന്‍ തന്റെ ‘കേരളരാജ്യത്തിലെ സത്യവേദചരിത്രം’ എന്ന ഗ്രന്ഥത്തില്‍ 1673-ല്‍ ചാത്യാത്ത് ദേവാലയ നിര്‍മ്മാണത്തെക്കുറിച്ച് വിവരിച്ചതിനുശേഷം വരാപ്പുഴ ദേവാലയത്തെക്കുറിച്ച് രേഖപ്പെടുത്തിയിരിക്കുന്നത് ഇപ്രകാരമാണ്: ”മേല്‍ ചൊല്ലിയ ആണ്ടില്‍ത്തന്നെ വരാപ്പുഴ പള്ളിയും സെമിനാരിയും പണിയിച്ചു” (4). എന്നാല്‍ 1923-ല്‍ എറണാകുളം ഐ.എസ് പ്രസ്സില്‍ നിന്നു പുറത്തിറക്കിയ ‘വരാപ്പുഴ പള്ളി ചരിത്ര സംക്ഷേപം” എന്ന ഗ്രന്ഥത്തില്‍ വരാപ്പുഴ പള്ളി വയ്ക്കുന്നതിന് ഡച്ച് ഗവര്‍ണര്‍ അനുവദിച്ചെഴുതിക്കൊടുത്ത ഒരു ചെമ്പേടിന്റെ പകര്‍പ്പും സ്ഥലത്തെ ഇടപ്രഭുവായിരുന്ന രാമന്‍ കുമാരകൈമള്‍ എന്നയാളുടെ രേഖാമൂലം നല്‍കിയ അനുവാദത്തിന്റെ പകര്‍പ്പും രേഖപ്പെടുത്തിയിട്ടുണ്ട് (5). ഗവര്‍ണര്‍ ചെപ്പേടില്‍ രേഖപ്പെടുത്തിയിരിക്കുന്നത് ”’പ്രെ മത്തെസ കര്‍മ്മലീത്ത പാതിരിക്ക ബരാപ്പുഷ അലച്ചാന്ത്രിടെ വീടിന്റെ ചെരെ ഉള്ള കുന്നുംപുറത്ത ഒരു പള്ളി വെച്ചുകൊള്ളുമാറു തക്കവെണ്ണം നാം സമ്മതിച്ച പ്രകാരം സാധനവും തന്നു”’ എന്നാണ്. എന്നാല്‍ രാമന്‍ കുമാരക്കയ്മളുടെ ചെമ്പുപട്ടയത്തില്‍ ”’വരാപ്പുഴ ദേശത്തെ താക്കരശ്ശെരി പറമ്പിന്”’ എന്നാണ് കാണുന്നത്.
പ്രസിദ്ധ കേരളസഭ ചരിത്രകാരനായിരുന്ന വാരെക്കാട്ട് ആന്റണി പാസ്‌ക്കള്‍ തന്റെ ‘The Latin and Syrian Hierarchies of Malabar’ എന്ന ഗ്രന്ഥത്തില്‍ ഈ ചെപ്പേടുകളുടെ സത്യാവസ്ഥയെ ചോദ്യം ചെയ്യുന്നുണ്ട്. ഇതിന് അദ്ദേഹം രേഖപ്പെടുത്തുന്ന കാരണങ്ങള്‍ പലതാണ്: 1. പൗളിനോസ് പാതിരി തന്റെ ഗ്രന്ഥത്തില്‍ ചാത്യാത്ത് പള്ളി പണിയുന്നതിന് ഡച്ച് ഗവര്‍ണര്‍ വാന്‍ റീഡിന്റെയും വികാര്‍ അപ്പസ്‌തോലിക് പറമ്പില്‍ ചാണ്ടിയുടെയും അനുവാദരേഖകളെക്കുറിച്ച് എഴുതുന്നുണ്ടെങ്കിലും വരാപ്പുഴ പള്ളിയെക്കുറിച്ച് ഇപ്രകാരമുള്ള ഏതെങ്കിലും രേഖയെക്കുറിച്ച് പരാമര്‍ശിക്കുന്നില്ല. മര്‍സലീനോസ് മെത്രാനും വരാപ്പുഴയെക്കുറിച്ച് പ്രത്യേകമായൊന്നും പ്രതിപാദിക്കുന്നില്ല. 2. 1923-ല്‍ പ്രസിദ്ധം ചെയ്ത ലഘുലേഖയില്‍ കൊടുത്തിരിക്കുന്ന ചെപ്പേടില്‍ അനുവാദം കൊടുത്ത ഗവര്‍ണറുടെ പേരോ ഒപ്പോ ഓഫീസ് മുദ്രയോ കാണുന്നില്ല. 3. ചാത്യാത്ത് ദേവാലയം പണിയുന്നതില്‍ ഡച്ച് ഗവര്‍ണറുടെ അനുവാദം ആവശ്യമായിരുന്നു. കാരണം ചാത്യാത്ത് ഡച്ച് അധീനതയിലായിരുന്ന ‘അഞ്ചിക്കൈമള്‍’ എന്നു വിളിക്കപ്പെട്ടിരുന്ന എറണാകുളത്തിന്റെ ഭാഗമാണ്. എന്നാല്‍ വരാപ്പുഴ അന്ന് ഡച്ച് അധീനപ്രദേശങ്ങളില്‍ ഉള്‍പ്പെട്ടിരുന്നില്ലെന്ന് അന്നത്തെ രേഖകളില്‍ കാണുന്നു (6). അങ്ങനെയെങ്കില്‍ വരാപ്പുഴ പള്ളി പണിയുന്നതിന് ഡച്ച് ഗവര്‍ണറുടെ അധികാരം ആവശ്യമില്ലാതെ വരുന്നു. 4. പൗളിനോസ് പാതിരി രേഖപ്പെടുത്തുന്നത് വരാപ്പുഴയിലെ തട്ടാരശ്ശേരി പറമ്പെന്നു പറയുന്ന തെങ്ങുംവളപ്പിലാണ് ദേവാലയം നിര്‍മ്മിച്ചതെന്നാണ്. രാമന്‍ കുമാര കൈമളിന്റെ ആധാരത്തില്‍ ”താക്കരശ്ശെരി” പറമ്പെന്നും. എന്നാല്‍ വാന്‍ റീഡിന്റേതായി കാണിക്കുന്ന ചെപ്പേടില്‍ പറഞ്ഞിരിക്കുന്നത് ”കുന്നുംപുറത്ത്” പള്ളി പണിയാന്‍ അനുവാദം ലഭിച്ചു എന്നാണ്. വരാപ്പുഴ അന്നും ഇന്നും സമതലപ്രദേശമാണ് എന്നതാണ് സത്യം. ഇക്കാരണങ്ങള്‍ കൊണ്ടാണ് വരാപ്പുഴ പള്ളി പണിയുന്നതിന് ഡച്ച് ഗവര്‍ണര്‍ നല്‍കി എന്നു പറയുന്ന ചെപ്പേടിനെക്കുറിച്ച് വി.എ പാസ്‌ക്കള്‍ സംശയം പ്രകടിപ്പിച്ചിരിക്കുന്നത് (7).
മറ്റൊരു കാര്യം കൂടി ഇവിടെ ഓര്‍ക്കേണ്ടതുണ്ട്. ഒരു പുതിയ ദേവാലയം പണിയുന്നതിന് സ്ഥലത്തെ മെത്രാന്റെ അനുവാദം അത്യന്താപേക്ഷിതമാണ്. ചാത്യാത്ത് ദേവാലയം പണിയുന്നതിന് മെത്രാന്‍ പറമ്പില്‍ ചാണ്ടിയുടെ രേഖാമൂലമായ അനുവാദം ഫാ. മത്തേവൂസ് നേടിയിരുന്നു. എന്നാല്‍ വരാപ്പുഴ ദേവാലയം പണിയുന്നതിന് മെത്രാന്റെ അനുവാദം ആവശ്യമില്ലായിരുന്നു എന്നു മനസിലാക്കുന്നതാണ് അനുയുക്തം. എന്നുവച്ചാല്‍, കര്‍മ്മലീത്താ മിഷണറിമാര്‍ വരാപ്പുഴയില്‍ വരുമ്പോള്‍ അവിടെ ഒരു ദേവാലയമോ കപ്പേളയോ ഉണ്ടായിരുന്നിരിക്കണം. 1961-ല്‍ വരാപ്പുഴ ഇടവകക്കാര്‍ സഭാധികാരികള്‍ക്കെഴുതിയ ‘മെമ്മോറിയലില്‍’ എഴുതിയിരിക്കുന്നത് വെല്ലൂര്‍ തരകന്‍ എന്നൊരാള്‍ സംഭാവന ചെയ്ത ഒരു പറമ്പില്‍ 16-ാം നൂറ്റാണ്ടില്‍ത്തന്നെ ഒരു പള്ളി നിര്‍മ്മിച്ചു എന്നാണ് (8). വരാപ്പുഴയിലുണ്ടായിരുന്ന ഈ ദേവാലയം ഇടപ്പള്ളി പള്ളിയുടെ കീഴിലായിരുന്നിരിക്കണം. അന്ന് ഇടപ്പള്ളി ഇടവക വളരെ വിസ്തൃതമായ ഒന്നായിരുന്നു. ഇന്നത്തെ സുറിയാനി ഇടവകകളായ കിഴക്കമ്പലം, ചുണങ്ങംവേലി, ആലുവ, പുത്തന്‍പള്ളി എന്നിവ കൂടാതെ ചാത്യാത്ത്, പോണേല്‍, പൊറ്റക്കുഴി, മൂലംപിള്ളി, കോതാട്, ചേരാനല്ലൂര്‍, മുട്ടിനകം, കൂനമ്മാവ്, മാഞ്ഞാലി, കോട്ടുവള്ളി, കൊങ്ങോര്‍പ്പിള്ളി, പാനിയിക്കുളം, കുറ്റിക്കാട്ടുകര, മഞ്ഞുമ്മല്‍, ആലുവ മുതലായ ലത്തീന്‍ ഇടവകകളും ഇടപ്പള്ളിയുടെ കീഴിലായിരുന്നു (9). മുകളില്‍ കൊടുത്തിട്ടുള്ള മിക്കവാറും എല്ലാ സ്ഥലങ്ങളിലും കപ്പേളകളോ ചെറിയ പ്രാര്‍ത്ഥനാലയങ്ങളോ ഉണ്ടായിരുന്നു. വരാപ്പുഴയെ സംബന്ധിച്ച് മിഷണറിമാര്‍ ചെയ്തത് അവിടെ നേരത്തെ തന്നെ ഉണ്ടായിരുന്ന പ്രാര്‍ത്ഥനാലയം പുതുക്കിപ്പണിത് വിപുലീകരിച്ചു എന്നുവേണം കരുതുവാന്‍. കൂനന്‍കുരിശു ശപഥത്തിനുശേഷം വിഘടിച്ചുനിന്നവരെ പുനരൈക്യപ്പെടുത്തുന്നതിനുവേണ്ടി കര്‍മ്മലീത്താ മിഷണറിമാര്‍ തങ്ങളുടെ പ്രവര്‍ത്തനം ആദ്യം ആരംഭിക്കുന്നതും ഇടപ്പള്ളിയില്‍ വച്ചാണെന്നോര്‍ക്കുക.
ദേവാലയ നിര്‍മ്മാണത്തിനുള്ള അനുവാദത്തിന്റെ പ്രസക്തിയെക്കുറിച്ചോ ചെപ്പേടിന്റെ സത്യാവസ്ഥയെക്കുറിച്ചോ അഭിപ്രായവ്യത്യാസങ്ങള്‍ എന്തൊക്കെയായാലും ഫാ. മത്തേവൂസ് എന്ന മിഷണറി 1673-ല്‍ വരാപ്പുഴയില്‍ ഒരു ദേവാലയം പണിതു എന്നത് അവിതര്‍ക്കിതമായ ഒരു കാര്യമാണ്. അന്ന് അനേക ചതുരശ്ര നാഴിക വിസ്തീര്‍ണത്തിലുള്ള പ്രദേശങ്ങളില്‍ ചിന്നിച്ചിതറി താമസിച്ചിരുന്ന ക്രിസ്ത്യാനികളുടെ ആവശ്യത്തിനുതകുന്ന ഒരു ദേവാലയം അദ്ദേഹം പണികഴിപ്പിച്ചു എന്നുവേണം ഊഹിക്കുവാന്‍. എന്നാല്‍ അന്നു നിര്‍മ്മിച്ച ദേവാലയം ഇന്നു കാണുന്ന ദേവാലയത്തെക്കാള്‍ വളരെ ചെറിയ ഒന്നായിരുന്നു. 60 അടി നീളവും 38 അടി വീതിയുമാണ് ഈ ദേവാലയത്തിനുണ്ടായിരുന്നത്. പിന്നീട് ചില കൂട്ടിച്ചേര്‍ക്കലുകള്‍ നടന്നിട്ടുണ്ടാകണം. 1801-ല്‍ ഈ ദേവാലയം തകര്‍ന്നുവീഴുകയുണ്ടായി. ആ സമയത്ത് ഈ പള്ളിയുടെ നീളം ഏകദേശം 100 അടിയും വീതി ഏറ്റവും കുറഞ്ഞ ഭാഗത്ത് 38 അടിയും വീതികൂടിയ ഭാഗത്ത് 46 അടിയും ഉണ്ടായിരുന്നു. 1739-ല്‍ മെത്രാനായിരുന്ന ജോണ്‍ ബാപ്റ്റിസ്റ്റ് മുള്‍ത്തേദി പഴയ പള്ളിയുടെ മുഖപ്പ് മാറ്റി പുതിയ മുഖപ്പ് പണിയിച്ചിരുന്നു. ഈ മുഖപ്പാണ് 1920-ല്‍ രണ്ടാമത് ദേവാലയം തകര്‍ന്നുവീഴുന്നതു വരെ നിലനിന്നത്.
കാലക്രമേണ കത്തോലിക്കരുടെ സംഖ്യ വര്‍ദ്ധിക്കുകയും ഞായറാഴ്ചകളിലും ആഘോഷ ദിവസങ്ങളിലും ഇടവകക്കാര്‍ക്ക് നില്‍ക്കാന്‍ പള്ളിയില്‍ സ്ഥലം തികയാതെ വരികയും ചെയ്തതിനാല്‍ ഫാ. പൊളിക്കാര്‍പ്പ് എന്ന മിഷണറി പള്ളിയുടെ ഇരുവശങ്ങളിലും വരാന്തപോലെ പാര്‍ശ്വഭാഗങ്ങള്‍ പണിയിച്ച് ദേവാലയത്തെ കൂടുതല്‍ വിശാലമാക്കി. 1673-ല്‍ ഫാ. മത്തേവൂസ് പണിയിപ്പിച്ച പള്ളിയിന്മേല്‍ അടുത്ത രണ്ടര നൂറ്റാണ്ടിനിടെ പല കൂട്ടിച്ചേര്‍ക്കലുകളും പൊളിച്ചുമാറ്റലുകളും മറ്റും നടന്നു. ഇതിന്റെ ഫലമായി വര്‍ഷകാലത്ത് മഴവെള്ളം മതിലിനുള്ളില്‍ കടക്കാന്‍ ഇടയാവുകയും കെട്ടിടത്തിന് ബലക്ഷയം ഉണ്ടാവുകയും ചെയ്തു. അങ്ങനെ 1920-ല്‍ പള്ളി തകര്‍ന്നുവീഴുകയും അന്നത്തെ മെത്രാപ്പോലീത്തയായിരുന്ന മോണ്‍. എയ്ഞ്ചല്‍ മേരിയുടെ പ്രത്യേക പരിപാലനത്താല്‍ മനോഹരമായ പുതിയ ദേവാലയം പടുത്തുയര്‍ത്തുകയും ചെയ്തു.
1659-ല്‍ മലബാര്‍ വികാരിയാത്ത് സ്ഥാപിച്ചപ്പോള്‍ അന്നത്തെ വികാര്‍ അപ്പസ്‌തോലിക് ആയിരുന്ന മോണ്‍. ജോസഫ് സെബസ്ത്യാനിക്ക് ഒരു കത്തീഡ്രല്‍ ദേവാലയം ഉണ്ടായിരുന്നില്ല. ഡച്ചുകാരുടെ എതിര്‍പ്പുമൂലം അദ്ദേഹത്തിന് യൂറോപ്പിലേക്ക് തിരിച്ചുപോകേണ്ടതായി വന്നപ്പോള്‍ അദ്ദേഹത്തിന്റെ പിന്‍ഗാമിയായി വാഴിച്ചത് ഏതദ്ദേശീയ വൈദികനായ പറമ്പില്‍ ചാണ്ടിയെ (Alexander de Campo) ആയിരുന്നു. മെത്രാഭിഷേക കര്‍മ്മങ്ങള്‍ നടത്തിയത് കടുത്തുരുത്തി ദേവാലയത്തില്‍ വച്ചായിരുന്നു. ചാണ്ടി മെത്രാനും പ്രത്യേകമായ കത്തീഡ്രല്‍ ദേവാലയം ഉണ്ടായിരുന്നില്ല. തണ്ണീര്‍മുക്കത്തിനെതിര്‍ഭാഗത്ത് കൊടവച്ചൂര്‍ എന്ന സ്ഥലത്താണ് ചാണ്ടി മെത്രാന്‍ തന്റെ ഭരണകാലം ചെലവഴിച്ചത്. അദ്ദേഹത്തിന്റെ പിന്‍ഗാമിയായി അഭിഷേകം ചെയ്യപ്പെട്ട റാഫേല്‍ ഫിഗ്വെരാദൊ സല്‍ഗാദോയ്ക്കും കത്തീഡ്രല്‍ ദേവാലയം ഉണ്ടായിരുന്നില്ല (11).
1673-ല്‍ ചാത്യാത്തും വരാപ്പുഴയും രണ്ട് ദേവാലയങ്ങള്‍ കര്‍മ്മലീത്താ മിഷണറിമാര്‍ നിര്‍മ്മിച്ചെങ്കിലും ഒരു കൊച്ചു ദ്വീപായ വരാപ്പുഴയാണ് ഈ മിഷണറിമാര്‍ അവരുടെ ആസ്ഥാനമായി (headquarters) തെരഞ്ഞെടുത്തത്. പെരിയാറിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന വരാപ്പുഴയുടെ ഗ്രാമീണ ശാന്തതയും ശാലീന സൗന്ദര്യവും ധ്യാനനിരതമായ ആശ്രമജീവിതത്തിന് ഏറ്റവും അനുയോജ്യമായതുകൊണ്ടായിരിക്കാം ഈ സ്ഥലം അവര്‍ തെരഞ്ഞെടുത്തത്. മാത്രമല്ല, ആ നാളുകളില്‍ നാടിന്റെ വിവിധ ഭാഗങ്ങളുമായി എളുപ്പം ബന്ധപ്പെടാനുള്ള ഗതാഗതമാര്‍ഗം നദികളായിരുന്നു. വരാപ്പുഴയില്‍ നിന്നു പെരിയാറിന്റെ കൈവഴികള്‍ പലതായി തിരിഞ്ഞ് നാടിന്റെ നാനാഭാഗങ്ങളിലേക്കും ചെന്നെത്താന്‍ പറ്റുന്ന ജലപാതകളായിരുന്നതുകൊണ്ടും ഈനാട് ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. ഇക്കാരണങ്ങളാല്‍ ദേവാലയനിര്‍മ്മാണം കഴിഞ്ഞ് ഏറെ താമസിയാതെ തന്നെ ഇവിടെ ഒരാശ്രമവും പടുത്തുയര്‍ത്തപ്പെട്ടു. ഈ ആശ്രമം കേന്ദ്രമാക്കിക്കൊണ്ടാണ് മിഷണറിമാര്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരുന്നത്.
കര്‍മ്മലീത്താ മിഷണറിയായിരുന്ന ജോസഫ് സെബസ്ത്യാനിക്കുശേഷം ഏതദ്ദേശീയനായ പറമ്പില്‍ ചാണ്ടി മെത്രാന്‍ 1663 മുതല്‍ 1677 വരെയും പോര്‍ച്ചുഗീസ്-ഇന്ത്യന്‍ വംശജനായിരുന്ന റാഫേല്‍ ഫിഗ്വെരാദോ സല്‍ഗാദോ മെത്രാന്‍ 1672 മുതല്‍ 1695 വരെയും മലബാര്‍ വികാരിയാത്ത് ഭരിച്ചിരുന്നപ്പോള്‍ അവര്‍ക്ക് പ്രത്യേക ആസ്ഥാനമോ കത്തീഡ്രല്‍ ദേവാലയമോ ഉണ്ടായിരുന്നില്ലെന്ന് നേരത്തെ സൂചിപ്പിച്ചുവല്ലോ. 1695 മുതല്‍ 1700 വരെ വികാരിയാത്ത് ഭരിക്കാന്‍ മെത്രാന്മാര്‍ ആരുംതന്നെ ഉണ്ടായിരുന്നില്ല. ഈ അഞ്ചുവര്‍ഷക്കാലം കര്‍മ്മലീത്താ മിഷണറിമാരാണ് വരാപ്പുഴ കേന്ദ്രമാക്കി ഭരണം നടത്തിയിരുന്നത്.
1674ല്‍ നാലു കര്‍മ്മലീത്താ മിഷണറിമാര്‍ വരാപ്പുഴയില്‍ എത്തിച്ചേര്‍ന്നു. ഇവരില്‍ ഒരാളായിരുന്ന വിശുദ്ധ തെരേസയുടെ ആഞ്ചെലൂസ് ഫ്രാന്‍സിസ് അച്ചനെ 1700 ഫെബ്രുവരി 21ന് മെറ്റല്ലോപ്പൊളിസിന്റെ സ്ഥാനിക മെത്രാനും മലബാറിന്റെ വികാര്‍ അപ്പസ്‌തോലിക്കയുമായി പരിശുദ്ധ പാപ്പാ നിയമിച്ചു. ഇദ്ദേഹത്തിന്റെ കാലം മുതല്‍ വരാപ്പുഴ കര്‍മ്മലീത്താ ആശ്രമം മെത്രാന്റെ ഭരണകേന്ദ്രവും വരാപ്പുഴ ദേവാലയം അദ്ദേഹത്തിന്റെ കത്തീഡ്രലും ആയി ഉപയോഗിക്കാന്‍ തുടങ്ങി. ആഞ്ചെലൂസ് ഫ്രാന്‍സിസ് മെത്രാന്‍ ഭരണം തുടങ്ങിയ 1700-ാം ആണ്ടു മുതല്‍ 1870ല്‍ ലെയോനാര്‍ദൊ മെല്ലാനോ മെത്രാപ്പോലീത്ത തന്റെ താമസം മഞ്ഞുമ്മലേക്കു മാറ്റുന്നതുവരെയുള്ള എല്ലാ കര്‍മ്മലീത്താ മേലദ്ധ്യക്ഷന്മാരും വരാപ്പുഴയില്‍ താമസിച്ചുകൊണ്ടാണ് വികാരിയാത്തിന്റെ ഭരണം നടത്തിയിരുന്നത്. 1870 മുതല്‍ 1897-ല്‍ മരിക്കുന്നതുവരെ ലെയോനാര്‍ദൊ മെല്ലാനോ മെത്രാപ്പോലീത്ത മഞ്ഞുമ്മല്‍ കര്‍മ്മലീത്താ ആശ്രമത്തോടനുബന്ധിച്ചുള്ള കെട്ടിടത്തില്‍ താമസിച്ചുകൊണ്ടാണ് ഭരണം നടത്തിയിരുന്നത്.
അദ്ദേഹത്തിന്റെ പിന്‍ഗാമി ബര്‍ണാര്‍ഡ് അര്‍ഗുയിന്‍സോണിസ് മെത്രാപ്പോലീത്ത തന്റെ മെത്രാസനമന്ദിരം എറണാകുളത്തേക്ക് മാറ്റാന്‍ തീരുമാനിക്കുകയും അനുവാദത്തിനായി പ്രൊപ്പഗാന്താ ഫീദെയ്ക്ക് എഴുതുകയും ചെയ്തു. പ്രൊപ്പഗാന്താ തിരുസംഘത്തിന്റെ ശുപാര്‍ശപ്രകാരം പത്താം പീയൂസ് പാപ്പാ ഇതിനുവേണ്ട അനുവാദം നല്‍കുകയും 1904 ഡിസംബര്‍ 29ന് പുറപ്പെടുവിച്ച പേപ്പല്‍ ഡിക്രി വഴി അതിന് നിയമസാധുത നല്‍കുകയും ചെയ്തു (12). അങ്ങനെ 1904 മുതല്‍ വരാപ്പുഴ അതിരൂപതയുടെ മെത്രാസനമന്ദിരം എറണാകുളത്തേക്കു മാറ്റി. ലെയോനാര്‍ദൊ മെത്രാപ്പോലീത്ത വരാപ്പുഴയില്‍ നിന്ന് മഞ്ഞുമ്മലേക്കും ബര്‍ണാര്‍ഡ് മെത്രാപ്പോലീത്ത മഞ്ഞുമ്മല്‍ നിന്ന് എറണാകുളത്തേക്കും മെത്രാസനമന്ദിരം മാറ്റിയെങ്കിലും 1936ല്‍ എറണാകുളത്തെ വിശുദ്ധ ഫ്രാന്‍സിസ് അസീസി ദേവാലയം അതിരൂപതയുടെ കത്തീഡ്രല്‍ ദേവാലയമായി ഉയര്‍ത്തുന്നതുവരെ വരാപ്പുഴ ദേവാലയം കത്തീഡ്രല്‍ ദേവാലയം ആയിതന്നെ തുടര്‍ന്നു. ആ വര്‍ഷമാണ് വരാപ്പുഴ ആശ്രമത്തോടനുബന്ധിച്ചുണ്ടായ ചില വസ്തുവകകളുടെ ഉടമസ്ഥാവകാശത്തെക്കുറിച്ച് ആശ്രമാധികാരികളും അതിരൂപതാധികാരികളും തമ്മില്‍ ചില തര്‍ക്കങ്ങള്‍ ഉടലെടുക്കുന്നതും പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി റോമിലെ പരിശുദ്ധ സിംഹാസനം ഒരു വിസിറ്ററെ നിയമിക്കുന്നതും. വിസിറ്ററുടെ തീരുമാനപ്രകാരം വരാപ്പുഴ കത്തീഡ്രല്‍ ദേവാലയവും അതിനോടനുബന്ധിച്ചുള്ള എല്ലാ സ്ഥാവരജംഗമവസ്തുക്കളും കര്‍മ്മലീത്താ സഭയ്ക്ക് അവകാശപ്പെട്ടതാണെന്നു വിധിച്ചു. അങ്ങനെ ആ വര്‍ഷം മുതല്‍ വരാപ്പുഴ ദേവാലയത്തിന്റെ കത്തീഡ്രല്‍ പദവി എടുത്തുമാറ്റപ്പെടുകയും കേവലം ഒരു ഇടവക പള്ളിയായി മാത്രം പ്രവര്‍ത്തനം തുടരുകയും ചെയ്തു (13).
1659-ല്‍ പ്രൊപ്പഗാന്ത തിരുസംഘത്തിന്റെ കീഴില്‍ മലബാര്‍ വികാരിയാത്ത് സ്ഥാപിക്കുന്ന കാലത്ത് കേരളത്തില്‍ പോര്‍ച്ചുഗീസ് പാദ്രൊവാദോയുടെ അധികാരത്തിന്‍ കീഴില്‍ രണ്ടു രൂപതകളുണ്ടായിരുന്നു – കൊച്ചിയും കൊടുങ്ങല്ലൂരും. എന്നാല്‍ ഈ രണ്ടു രൂപതകളും ഡച്ച് അധീനപ്രദേശത്തിന്റെ കീഴില്‍ വന്നതിനാല്‍ പോര്‍ച്ചുഗീസ് മെത്രാന്മാര്‍ക്ക് ഈ രൂപതകളില്‍ പ്രവര്‍ത്തിക്കുവാന്‍ സാധിക്കുമായിരുന്നില്ല. കാലക്രമേണ ഡച്ച് അധികാരശക്തി ക്ഷയിക്കുകയും പാദ്രൊവാദോ അധികാരികള്‍ മലബാറില്‍ വീണ്ടും പ്രത്യക്ഷപ്പെടാന്‍ തുടങ്ങുകയും ചെയ്തതോടെ പ്രൊപ്പഗാന്ത, പാദ്രൊവാദോ അധികാരത്തിനു കീഴിലുള്ളവര്‍ തമ്മില്‍ തര്‍ക്കങ്ങളും പ്രശ്‌നങ്ങളും ഉടലെടുത്തു. ഈ അധികാര വടംവലി മിഷണറി പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുവാന്‍ തുടങ്ങിയപ്പോള്‍ ഗ്രിഗറി പതിനാറാമന്‍ പാപ്പാ ‘മുള്‍ത്താ പ്രക്ലാരെ’ എന്ന തിരുവെഴുത്തിലൂടെ പാദ്രൊവാദൊ അധികാരം ഗോവ അതിരൂപതയില്‍ മാത്രമായി ഒതുക്കുകയും കേരളത്തില്‍ തെക്ക് കന്യാകുമാരി മുതല്‍ വടക്ക് മംഗലാപുരം വരെയുള്ള സ്ഥലങ്ങള്‍ വരാപ്പുഴ ആസ്ഥാനമായ മലബാര്‍ വികാരിയാത്തിന്റെ അധികാരത്തിന്‍ കീഴില്‍ കൊണ്ടുവരികയും ചെയ്തു (14).
ഇങ്ങനെ വരാപ്പുഴ വികാരിയാത്തിന്റെ അധികാരപരിധി വളരെ വിസ്തൃതമായതുകൊണ്ട് പ്രവര്‍ത്തനങ്ങളെ അതു പ്രതികൂലമായി ബാധിച്ചു. തല്‍ഫലമായി റോം വീണ്ടും ഇടപെടുകയും 1845-ല്‍ വരാപ്പുഴ വികാരിയാത്തിനെ മൂന്നായി വിഭജിക്കുകയും ചെയ്തു – മധ്യത്തില്‍ വരാപ്പുഴയും, തെക്ക് കൊല്ലവും, വടക്ക് മംഗലാപുരവും. അങ്ങനെ 1659-ല്‍ സ്ഥാപിതമാവുകയും അന്നുവരെ മലബാര്‍ വികാരിയാത്ത് എന്നറിയപ്പെടുകയും ചെയ്ത ഈ സഭാസമൂഹത്തെ (ഘടകത്തെ) വരാപ്പുഴ എന്ന ചെറിയ ഗ്രാമത്തെ ആസ്ഥാനമാക്കി ഭരണം നടത്തിയിരുന്നതുകൊണ്ട് ആ ഗ്രാമത്തിന്റെ നാമം വികാരിയാത്തിനു കൈവന്നു. ഇന്ന് അതിരൂപതയുടെ ഭരണകേന്ദ്രവും കത്തീഡ്രലും എറണാകുളത്താണ് സ്ഥിതിചെയ്യുന്നതെങ്കിലും വരാപ്പുഴ എന്ന പേരില്‍ത്തന്നെ അതിരൂപത അറിയപ്പെടുന്നതിന്റെ കാരണം കേരളസഭയുടെ വളര്‍ച്ചയ്ക്ക് ഈ നാട് വഹിച്ച ചരിത്രപ്രധാനമായ പങ്കാണ്.
രണ്ടര നൂറ്റാണ്ടു കാലത്തോളം കര്‍മ്മലീത്താ മിഷണറിമാരുടെ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രസ്ഥാനമായിരുന്നു ഈ ആശ്രമവും ദേവാലയവും. ജനിച്ചു വളര്‍ന്ന നാടും വീടും വിട്ട് ക്രിസ്തുവിനുവേണ്ടി ആത്മാക്കളെ നേടാന്‍ ഇറങ്ങിപ്പുറപ്പെട്ട അനേകം മിഷണറിമാര്‍ പ്രവര്‍ത്തനനിരതമായ തങ്ങളുടെ ജീവിതം അന്ത്യം വരെ ചെലവഴിച്ച് ഈ ദേവാലയത്തോടനുബന്ധിച്ചുള്ള ആശ്രമ സെമിത്തേരിയില്‍ അന്ത്യവിശ്രമം കൊള്ളുന്നുണ്ട്. മെത്രാന്മാരും മെത്രാപ്പോലീത്തമാരുമായി പതിനാലോളം പേര്‍ തങ്ങളുടെ സഭാഭരണത്തിന്റെ ചുക്കാന്‍ പിടിച്ചിരുന്നത് ഈ ആശ്രമത്തില്‍ താമസിച്ചുകൊണ്ടാണ്. ഇവരില്‍ പലരും മരിച്ച് അന്ത്യവിശ്രമം കൊള്ളുന്നതും ഈ ആശ്രമസെമിത്തേരിയില്‍ തന്നെയാണ്. അവരുടെ പൂജ്യാവശിഷ്ടം ദേവാലയത്തിന്റെ മധ്യഭാഗത്ത് ഇന്നും സൂക്ഷിച്ചിട്ടുണ്ട്. ഈ ആശ്രമത്തിന്റെ ആരംഭം മുതല്‍ തന്നെ വര്‍ഷം തോറും ഏകദേശം 400 പേരെ ക്രിസ്തീയ വിശ്വാസസത്യങ്ങള്‍ പഠിപ്പിച്ച് ക്രിസ്തുമാര്‍ഗത്തിലേക്ക് കൊണ്ടുവരുന്നതിന് സ്ഥാപിതമായ പ്രധാന ‘കാറ്റക്യുമനേറ്റ്’ ഈ ദേവാലയത്തോടനുബന്ധിച്ചായിരുന്നു (15). അങ്ങനെ കേരള ക്രൈസ്തവ സഭയ്ക്ക് നവജീവന്‍ നല്‍കിയ കര്‍മ്മലീത്താ മിഷണറിമാരുടെ കേന്ദ്രസ്ഥാനമായിരുന്നു വരാപ്പുഴ എന്ന ചരിത്ര യാഥാര്‍ത്ഥ്യം ഈ ദേവാലയം മൈനര്‍ ബസിലിക്കയായി ഉയര്‍ത്തപ്പെടുമ്പോള്‍ ഒരിക്കലും വിസ്മരിക്കാനാവില്ല.

End Notes
1. Joseph Sebastiani, Prima Spedizione All’ India Orientali, Rome 1666.
2. Paulinus a Sancto Bartholomaeo, India Orientalis Christiana, Rome 1796. p. 89
(പരിഭാഷ: ഫാ. ജോണ്‍ പള്ളത്ത്, പൗരസ്ത്യഭാരതത്തിലെ ക്രൈസ്തവമതം, കളമശ്ശേരി, 1988, പേജ് 94)
3. Paulinus a. S. Bartholomaeo, Systema Brahmanicum Liturgicum, Mythologicum, Civile Ex Monumentis Indicis Musei Borgiani Velitris, Rome 1791. p.23.
4. Marcellinus Berardi a Sancta Theresa, കെരള രാജ്യത്തിലെ സത്യവേദചരിത്രം, കൂനംമാവ്, 1872, p.220
5. വരാപ്പുഴ പള്ളി ചരിത്രസംക്ഷേപം, എറണാകുളം 1923, പേജ് 46.
6. Visscher, Letter fron Malabar, 1862, pp. 42-43
7. V. A  Pascal, The Latin and Syrian Hierachchies of Malabar, Eranakulam 1937, pp. 76-84
8. Cfr. Memorial of Verapoly Parishioners to Ecclesiastical Authorities, Dated 9 April, 1961
9. V. A Pascal, op.cit.p 63
10. കേരള പിറവിക്കു മുന്‍പ് മലയാളനാടിനെ വിദേശികള്‍ വിളിച്ചിരുന്നത് ‘മലബാര്‍’ എന്നാണ്. അതുകൊണ്ട് ‘മലബാര്‍ വികാരിയാത്ത്’ എന്നു പറയുമ്പോള്‍ ഇന്നത്തെ മലബാര്‍ അല്ല വിവക്ഷിക്കുന്നത്. തെക്ക് കന്യാകുമാരി മുതല്‍ വടക്ക് സൗത്ത് കാനറവരെയുള്ള സ്ഥലത്തെ ഉള്‍ക്കൊള്ളിച്ചായിരുന്നു മലബാര്‍ വികാരിയാത്ത് അറിയപ്പെട്ടിരുന്നത്.
11. V. A Pascal, op.cit.pp. 72-73
12. Archives of the Sacred Congregation for the Propagation of Faith, Nuovo Serie, Vol. 326 (1905), Rubr. 128, ff. 376-381
13. Pylee L.M, St. Thomas Christians and the Archdiocese of Verapoly, Ernakulam 1977, p, 180
14. Cfr. Acta Gregorii XVI. Vol II. Ex Typographia Polyglotta S.C de Propaganda Fide, Romae 1901, pp. 256-258; also Bullarium Pontificium, S.C De Propaganda Fide, Romae 1841, Vol V, pp. 164-168
15. Relazoione delle Missione di Verapoly, scritta in Gennaio dell’anno 1883, in Archives of the Generalate of Discalced Carmelite Order, Rome, Plut 437.

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക


Related Articles

രാഷ്ട്രീയത്തിന്റെ ഗാന്ധിയന്‍ പാഠം

അധികാരം കൈയൊഴിയുമ്പോള്‍ നേതാവ് പിറക്കുന്നുവെന്ന ചൊല്ലുണ്ട്, അധികാരത്തെച്ചൊല്ലിയും രാജ്യത്ത് നേതൃസ്ഥാനത്തിരിക്കേണ്ടവരെച്ചൊല്ലിയും ഡല്‍ഹിയില്‍ ചൂടുപിടിച്ച ചര്‍ച്ചകളും ബഹളങ്ങളും നടന്നുകൊണ്ടിരുന്ന 1947 ന്റെ തുടക്കമാസങ്ങളില്‍ ഗാന്ധിജി എല്ലാറ്റില്‍ നിന്നും അകന്നുനിന്നു.

വണ്‍ ടു ത്രി തുര്‍ക്കി

ശരത് വെണ്‍പാല War is the wicked game of bastards യുദ്ധം തന്തയ്ക്കു പിറക്കാത്തവരുടെ തലതെറിച്ചവിനോദം വെറിപിടിച്ച കളി രണമാണ് അകമേയും പുറമേയും ഒരു സയറന്‍

യേശുവിന്റെ മഹാതീര്‍ത്ഥാടകര്‍

1999 നവംബര്‍ ഏഴിന് ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ ന്യൂഡല്‍ഹിയിലെ നെഹ്റു സ്റ്റേഡിയത്തില്‍ തടിച്ചുകൂടിയ എഴുപതിനായിരത്തോളം വരുന്ന ജനസഞ്ചയത്തിനോടൊപ്പം വിശുദ്ധബലി അര്‍പ്പിക്കുമ്പോള്‍ രാജ്യമെങ്ങും ദീപാലംകൃതമായിരുന്നു. ഉത്തരേന്ത്യയിലെ ഏറ്റവും

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*